അഴിമതിയുടെ പെരുമഴകാലം

”ന ഖാവുംഗാ, ന ഖാനേ ദൂംഗാ”
(തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല)

.2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് നല്‍കിയ വാഗ്ദാനങ്ങളിലൊന്ന് ഇതായിരുന്നു. തന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ താനോ തനിക്ക് ചുറ്റുമുള്ളവരെയോ അഴിമതി നടത്താന്‍ അനുവദിക്കില്ല എന്നായിരുന്നു മോദി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? റഫാല്‍ പ്രതിരോധ വിമാന കരാര്‍ തൊട്ട് ഇലക്ടറല്‍ ബോണ്ടുവരെയുള്ള അഴിമതികളില്‍ തങ്ങളൊഴിച്ച് മറ്റൊരാളെയും തിന്നാന്‍ അനുവദിച്ചില്ലെന്നതാണ് മോദി ഭരണത്തില്‍ ബിജെപിയുടെ പ്രത്യേകത.

റഫാല്‍ അഴിമതി

126 പോര്‍വിമാനങ്ങള്‍ രാജ്യത്തിനായി വാങ്ങാനുള്ള മുന്‍ ഗവണ്‍മെന്റിന്റെ തീരുമാനത്തെ 36 എണ്ണമായി ചുരുക്കിയത് മോദി സര്‍ക്കാരായിരുന്നു. ഒരു വിമാനത്തിന് 563 കോടി രൂപ എന്ന നിരക്കില്‍ 126 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനായി ഇന്ത്യ സര്‍ക്കാര്‍ ഏതാണ്ട് അന്തിമ ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ ഒരു വിമാനത്തിന് 1000 കോടി രൂപയിലേറെ കൂടുതല്‍ ചെലവാക്കിക്കൊണ്ട്, ഒരു വിമാനത്തിന് 1660 കോടി രൂപ എന്ന നിരക്കില്‍ 36 വിമാനങ്ങള്‍ വാങ്ങാനുള്ള പുതിയൊരു കരാറായിരുന്നു മോദി സര്‍ക്കാര്‍ ഉണ്ടാക്കിയത്. ഏതാണ്ട് 95%വും ധാരണയിലെത്തിയ കരാറായിരുന്നു റദ്ദാക്കപ്പെട്ടത്. അനില്‍ അംബാനിയുടെ കമ്പനിക്ക് വേണ്ടി, പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിനെ കരാറില്‍ നിന്ന് പുറത്താക്കി, ഫ്രാന്‍സിലെ ദാസ്സോ ഏവിയേഷന് നിര്‍മ്മാണക്കരാര്‍ നല്‍കി.

പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയത് മാത്രമല്ല, പൊതുപണം ചെലവഴിക്കുമ്പോള്‍ പാലിക്കേണ്ട സുതാര്യത പൂര്‍ണ്ണമായും ഇല്ലാതാക്കി. റഫാല്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) രൂപീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. ഫ്രാന്‍സില്‍ നടക്കുന്ന അന്വേഷണത്തിന് സഹായകമാകുന്നതരത്തില്‍ ഔദ്യോഗിക രേഖകള്‍ നല്‍കുന്നതില്‍ മോദി ഭരണകൂടം തടസ്സങ്ങള്‍ സൃഷ്ടിച്ചു. റഫാല്‍ അഴിമതി കരാര്‍ വഴി ദേശീയ ഖജനാവിന് മേല്‍ വന്ന മൊത്തം ചെലവ് 60,000 കോടി രൂപ!

മോദാനി എന്റര്‍പ്രൈസസ്

2002ല്‍ കേവലം 3741കോടി രൂപ വാര്‍ഷിക വിറ്റുവരവ് ഉണ്ടായിരുന്ന അദാനി എന്റര്‍പ്രൈസസ് 2014 ആയപ്പോഴേക്കും 75,659 കോടി രൂപ വിറ്റുവരവുള്ള വ്യവസായ സ്ഥാപനമായി ഉയര്‍ന്നതും മോദി പ്രധാനമന്ത്രിയായിരുന്ന ഒരു ദശകക്കാലയളവില്‍ അത് 32 ബില്യണ്‍ അമേരിക്കന്‍ ഡോളറായി കുതിച്ചുയര്‍ന്നതിനും പിന്നില്‍ അഴിമതിയുടെ നീണ്ട കഥകളുണ്ട്. ഖനനം, ഊര്‍ജ്ജം, തുറമുഖങ്ങള്‍, വിമാനത്താവളം, ഭക്ഷ്യസംസ്‌കരണം, പശ്ചാത്തല പദ്ധതികള്‍, പ്രതിരോധം, ഡാറ്റാ ശേഖരണം, ആരോഗ്യം, വിനോദം തുടങ്ങി ഓരോ മേഖലകളിലും അദാനിക്ക് അനുയോജ്യമായ രീതിയില്‍ നിയമ നിര്‍മ്മാണങ്ങളും ഓര്‍ഡിനന്‍സുകളും പാസാക്കി. എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെന്‍സ്, സ്റ്റോക് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ-സെബി, സിബിഐ തുടങ്ങിയ സകല സ്വതന്ത്ര അന്വേഷണ ഏജന്‍സികളെയും റഗുലേറ്ററി ഏജന്‍സികളെയും അദാനിയുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് മടിയേതുമുണ്ടായിരുന്നില്ല. ഒരൊറ്റ ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒഡീഷയിലെ ധാംമ്ര തുറമുഖത്തോട് ചേര്‍ന്നുള്ള എല്‍എന്‍ജി ടെര്‍മിനല്‍ ഉപയോഗിക്കാന്‍ അദാനി ഗ്രൂപ്പുമായി 46,500 കോടി രൂപയ്ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഗെയ്ലും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പൂര്‍ണ്ണമായും അഴിമതി നിറഞ്ഞതായിരുന്നു. ഈ കരാറിലൂടെ രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്ന് 40,000 കോടി രൂപയായിരുന്നു ഗൗതം അദാനിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത്.

36 കല്‍ക്കരി ഖനികള്‍ സ്വകാര്യവല്‍ക്കരിച്ചതില്‍ 12 എണ്ണവും ലഭിച്ചത് അദാനിക്കായിരുന്നു. വിമാനത്താവളങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച ടെണ്ടര്‍ കരാറുകളില്‍ പങ്കെടുക്കുന്ന ഇതര കമ്പനികളില്‍ സിബിഐ, ഇഡി എന്നിവയെ ഉപയോഗിച്ച് റെയ്ഡുകള്‍ നടത്തിച്ചും അദാനിക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്യുന്നതടക്കമുള്ള നിരവധി ഇടപെടലുകള്‍ ഇക്കാലയളയില്‍ മോദി സര്‍ക്കാര്‍ നടത്തുകയുണ്ടായി.

ഇലക്ടറല്‍ ബോണ്ട്

രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും വലിയ ആസൂത്രിത തട്ടിപ്പ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണെന്ന് നാം കണ്ടു. തെരഞ്ഞെടുപ്പ് ഫണ്ടിംഗ് സുതാര്യമാക്കാനെന്ന പേരില്‍ ആരംഭിച്ച ബോണ്ട് പദ്ധതി വഴി 2018 മുതല്‍ 2024 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 8,252.8 കോടി രൂപയാണ് ബിജെപി നേടിയത്. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അന്വേഷണം നേരിടുന്ന 41ഓളം കമ്പനികളില്‍ നിന്നായി 2,471 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി വാങ്ങിയത്. ഗവണ്‍മെന്റ് കരാറുകള്‍ നല്‍കിയും നിരവധി സ്ഥാപനങ്ങളില്‍ നിന്ന് സംഭാവനകള്‍ കൈപ്പറ്റിയത് സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മേഘ എഞ്ചിനീയറിംഗ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വന്‍കിട നിര്‍മ്മാണ കരാറുകള്‍ നല്‍കിയതിന്റെ പ്രത്യുപകാരമായി 966 കോടി രൂപ സംഭാവനയായി വാങ്ങിയത് ഉദാഹരണം. സുപ്രീം കോടതിയുടെ ഇടപെടല്‍ ഇല്ലാതിരുന്നുവെങ്കില്‍ ഇത്രയും വലിയൊരു അഴിമതി പുറംലോകം കാണാതെ പോകുമായിരുന്നു.

മധ്യപ്രദേശിലെ വ്യാപം അഴിമതി തൊട്ട് ബിജെപി നേതാവ് വസുന്ധര രാജെ പങ്കാളിയായ ഐപിഎല്‍ അഴിമതി വരെയുള്ള ഒരു അഴിമതി കേസും അന്വേഷിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നുമാത്രമല്ല, മുന്‍കാലത്ത്, ബിജെപി തന്നെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയ ഇതര പാര്‍ട്ടികളിലെ നേതാക്കളെയും സിബിഐ കേസുകള്‍ നിലനില്‍ക്കുന്നവരെയും ബിജെപിയിലേക്ക് ആനയിക്കുന്ന കാഴ്ചയും നാം കണ്ടുകൊണ്ടിരിക്കുകയാണ്. അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, റെഡ്ഡി സഹോദരന്മാര്‍ തുടങ്ങി നിരവധി അഴിമതി വീരന്മാര്‍ ഇന്ന് ബിജെപിയില്‍ അംഗത്വം നേടിക്കഴിഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply