ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം, തീരപ്രദേശം സംരക്ഷിക്കണം

കേരളത്തിന്റെ തീരപ്രദേശത്ത് നടക്കുന്ന പരിസ്ഥിതിവിരുദ്ധവും നിയമവിരുദ്ധവും ജനവിരുദ്ധവുമായ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്നും കേരളത്തിന്റെ തീരമേഖല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും തീരദേശനിവാസികളും മത്സ്യത്തൊഴിലാളികളും മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരിക്കുന്നു. തീരദേശവും അതിനെ ആശ്രയിച്ചുജീവിക്കുന്ന ലക്ഷകണക്കിനു മത്സ്യത്തൊഴിലാളികളും പരിപൂര്‍ണ്ണമായ നാശത്തിന്റെ വക്കിലാണെന്ന് നിവേദനത്തില്‍ ചൂണ്ടികാണിക്കുന്നു.

കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരമേഖലയില്‍ തികച്ചും മനുഷ്യസൃഷ്ടമായ ഇടപെടലിലൂടെയാണ് തീരശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടികാണിക്കുന്നു. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലും ആലപ്പുഴ ജില്ലയിലെ ആറാട്ട് പുഴ പഞ്ചായത്തിലും, പുറക്കാട് പഞ്ചായത്തിലും കേന്ദ്രീകരിച്ചു ഐ ആര്‍. ഈ, KMML തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന മണല്‍ ഖനനം വളരെ കൂടിയ തോതില്‍ കടലേറ്റം ഉണ്ടാകാന്‍ കാരണമായിട്ടുണ്ട്. നിരവധി പേരുടെ വീടുകള്‍ തകര്‍ന്നു പോകുകയും ഒട്ടനവധി പേര്‍ ദുരിതശ്വാസ ക്യാമ്പുകളിലും വാടക വീടുകളിലുമാണ്. ഇങ്ങനെ വീട് നഷ്ടപ്പെട്ട കൂട്ടത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസവും താറുമാറാകുകയും കുടുംബങ്ങള്‍ തൊഴില്‍പരമായും പ്രതിസന്ധികള്‍ അനുഭവിക്കുന്നതായും ചൂണ്ടികാട്ടപ്പെടുന്നു.

ചവറമുതല്‍ അമ്പലപുഴ വരെയുള്ള ഏകദേശം 70 കിലോമീറ്റര്‍ കടലോര മേഖല കായലിനും കടലിനുമിടയില്‍ ഒരു വരമ്പ് പോലെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണ്. പശ്ചിമതീര ദേശീയ ജലപാതയും (ടി. എസ് കനാല്‍) സമുദ്രവും തമ്മില്‍ വേര്‍തിരിച്ചു നില നിര്‍ത്തിയിരിക്കുന്നത് ഈ മണല്‍ വരമ്പ് പോലെയുള്ള പ്രദേശമാണ്. മണല്‍ ഖനനം മൂലം ഇതിലെ ചില പ്രദേശങ്ങള്‍ കേവലം 10 മീറ്റര്‍ വരെയായി ചുരുങ്ങിയിട്ടുണ്ട്. ആലപ്പാട് പഞ്ചായത്തിലെ 17 കിലോമീറ്ററില്‍ ഏറിയ ഭാഗവും മണല്‍ ഖനനം തുടര്‍ന്നാല്‍ ഏത് സമയവും കടലും കായലും കൂട്ടി മുട്ടുന്ന അവസ്ഥയിലാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടനാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന വെള്ളപ്പൊക്കത്തിന് അറുതി വരുത്തേണ്ടതുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ തോട്ടപള്ളി അഴിമുഖത്ത് ആഴം കൂട്ടാന്‍ എന്ന പേരില്‍ നടത്തുന്ന മണല്‍ ഖനനം കൊല്ലം -ആലപ്പുഴ ജില്ലകളിലെ കടലോര മേഖലയില്‍ തീവ്രമായ നിലയില്‍ തീരശോഷണത്തിന് കാരണമായിട്ടുണ്ട്. എത്ര ആഴം കൂട്ടിയാലും സമുദ്രനിരപ്പ് ഉയര്‍ന്നിരിക്കുമ്പോള്‍ അതിനേക്കാള്‍ ജലനിരപ്പ് ഉയരുമ്പോള്‍ മാത്രമേ വെള്ളം കടലിലേക്ക് ഒഴുകി പോകൂ എന്നും നിവേദനത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. കടല്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുമ്പോള്‍ തോട്ടപ്പള്ളി അഴിമുഖത്തിലൂടെ കൂടുതലായി സമുദ്രജലം തോട്ടപള്ളി സ്പില്‍ വേയിലേക്ക് തള്ളിക്കയറുകയും അങ്ങനെയുള്ളപ്പോള്‍ പൊഴി സ്വാഭാവികമായി അടഞ്ഞു കിടക്കുകയുമാണ് പതിവ്. വെള്ളപൊക്കം ഉണ്ടാകുമ്പോള്‍ പൊഴി തൊഴിലാളികളെ കൊണ്ട് വെട്ടി തുറന്നുവിടുന്ന നടപടിയാണ് സമീപകാലത്ത് വരെ നടന്നിട്ടുള്ളത്. ഇപ്പോള്‍ തോട്ടപ്പള്ളിയില്‍ തീരമേഖലയോട് യാതൊരു സാമൂഹ്യ ഉത്തരവാദിത്വങ്ങളും പാലിക്കാതെ നിയമവിരുദ്ധമായി പരിസ്ഥിതി വിരുദ്ധമായി ഖനനം നടത്തിയിട്ടുള്ള രണ്ട് സ്ഥാപനങ്ങളെ ദുരന്തനിവാരണത്തിന് എന്ന പേരില്‍ മണല്‍ തുരക്കാന്‍ പറഞ്ഞയച്ച സര്‍ക്കാര്‍ നടപടിയില്‍ തീരദേശ ജനതക്ക് ശക്തിയായ പ്രതിക്ഷേധം ഉണ്ട്.

ഖനനം മൂലം നശിച്ചു പോയ ഈ പ്രദേശങ്ങളുടെ നാശം കേവലം കുറേ തീര ദേശഗ്രാമങ്ങളിലെ ജീവിതങ്ങളെ മാത്രമല്ല ബാധിക്കാന്‍ പോകുന്നത്, മധ്യതിരുവിതാം കൂറിലെ സമുദ്രനിരപ്പിന് താഴെയുള്ള മുഴുവന്‍ പ്രദേശങ്ങളേയും ആഘാതങ്ങള്‍ കൂടിയ തോതില്‍ ബാധിക്കും. അതിന്റെ വ്യാപ്തി ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ പഠന വിധേയമാക്കേണ്ടതാണ്. ഭൂമിയിലെ നരവംശ സമ്മര്‍ദ്ദങ്ങള്‍ ഇല്ലാത്ത മനുഷ്യ വികസനമാണ് മാനവികതയുടെ അടുത്ത അതിര്‍ത്തി. അതുകൊണ്ടുതന്നെ പ്രകൃതിയുമായുള്ള സമന്വയത്തിലാണ് നാം പ്രവര്‍ത്തിക്കേണ്ടത്, അതിനെതിരെയല്ല എന്നാണ് ഐക്യരാഷ്ട്രസഭാ വികസനപദ്ധതി 2000 ത്തിലെ വാര്‍ഷിക പതിപ്പ് പറയുന്നതെന്നും നിവേദനം ഓര്‍മ്മിപ്പിക്കുന്നു.

തീരത്ത് മണല്‍ ഖനനം നടത്തിയാല്‍ മത്സ്യസമ്പത്ത് നശിക്കുമെന്നും മീന്‍പിടിച്ചു ഉപജീവനം നടത്തുന്ന തീരദേശത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകുമെന്നും ചാകര എന്ന പ്രതിഭാസം അവസാനിക്കുമെന്നും ഫിഷറീസ് വകുപ്പ് നേരത്തെ മനസ്സിലാക്കിയിരുന്നതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. പ്രസ്തുത വകുപ്പ് മണല്‍ ഖനനം നിരോധിക്കണം എന്ന് തറപ്പിച്ചു പറഞ്ഞതായും തീരദേശ മണല്‍ ഖനന നിരോധനം ലോകത്ത് പുത്തരിയല്ലെന്നും ജമൈക്ക, ഗയാന, ജപ്പാന്‍, മാള്‍ട്ട തുടങ്ങിയ തുടങ്ങിയ കടല്‍തീര രാജ്യങ്ങള്‍ മണല്‍ ഖനനം നിരോധിച്ചിട്ടുണ്ടെന്നും ഇന്തോനേഷ്യ, മലേഷ്യ, ഫിലിപൈന്‍സ്, വിയറ്റ്‌നാം, ബ്രിട്ടണ്‍, ഫ്രാന്‍സ്, ന്യൂസിലണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ മണല്‍ ഖനനത്തെ ശക്തിയായി നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്. തീരദേശഖനനം നടത്തിയ രാജ്യങ്ങളിലെ മത്സ്യസമ്പത്ത് നശിക്കുകയും പ്രകൃതിക്ഷോഭങ്ങളില്‍ ചെറുദ്വീപുകള്‍ മുങ്ങുകയും ചെയ്തിരുന്നതായും 2005ല്‍ മുഖ്യമന്ത്രി തന്നെ പുറത്തിറക്കിയ ‘ഇടതുപക്ഷം ചെയ്യേണ്ടത്,, എന്ന പുസ്തകത്തില്‍ സൂചിപ്പിച്ച കാര്യവും ഓര്‍മ്മിപ്പിക്കുന്നു. യാഥാര്‍ഥ്യങ്ങള്‍ ഇത്രയും കണ്മുന്നില്‍ ഉള്ളപ്പോള്‍ അതേ മുഖ്യമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്ന ഭരണസംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ കേരളത്തിന്റെ തീരഗ്രാമങ്ങളെ സമുദ്രജലത്തിലും പ്രളയജലത്തിലും മുക്കി കൊല്ലുന്ന തരത്തില്‍ ഖനനം നടത്തുന്നത് ശരിയല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഡോ : ബിജു കുമാര്‍, ഡോ :കെ. വി. തോമസ്, ഡോ : അജയകുമാര്‍ വര്‍മ്മ, ഡോ : ടി. വി. സജീവ്, ഡോ : ഷാജി. ഇ തുടങ്ങിയ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ തയ്യാറാക്കിയ കേരളത്തിന്റെ തീരശോഷണം :അവലോകനവും കര്‍മ്മപദ്ധതികളും ഇതിനകം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടുകാണും എന്നും നിവേദനം ചൂണ്ടികാട്ടുന്നു. പാരിസ്ഥിതികമായും സാമ്പത്തികമായും ഏറ്റവും അധികം സേവനങ്ങള്‍ മാനവരാശിക്ക് ഉറപ്പ് വരുത്തുന്ന ആവാസവ്യവസ്ഥകളാണ് തീരപ്രദേശങ്ങളും സമുദ്രങ്ങളും. തീരസംരക്ഷണം, പോഷക ചംക്രമണം, ചരക്ക് ഗതാഗതം, ഊര്‍ജ്ജലഭ്യത, ജല കൃഷി, ജൈവവിഭവങ്ങളും ധാതുക്കളും ഖനിജങ്ങളും ഔഷധങ്ങളും മറ്റ് ആവശ്യവസ്തുക്കളും ലഭ്യമാക്കല്‍, വിനോദസഞ്ചാരം പരിപോഷിക്കല്‍, കാലാവസ്ഥ സംരക്ഷണം എന്നിങ്ങനെ പോകുന്നു തീരദേശ ആവാസ വ്യവസ്ഥകള്‍ നല്‍കുന്ന സേവനങ്ങള്‍. ഇത്തരം സേവനങ്ങളുടെ സാമ്പത്തിക മൂല്യങ്ങള്‍ വനമേഖലയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ അധികമാണെന്നും തീരസംസ്ഥാനമായ കേരളത്തിലെ ജനങ്ങളുടെ ആഹാരവ്യവസ്ഥയിലെ മാംസ്യത്തിന്റെയും പോഷക സുരക്ഷയുടെയും ഉറവിടം കടല്‍ തന്നെയാണെന്നും കേരളത്തില്‍ പ്രത്യക്ഷമായി ആറു ലക്ഷത്തില്‍ അധികം വരുന്ന ജനങ്ങളുടെ ഉപജീവനത്തിന്റെ വഴിയാണ് കടലും തീരവുമെന്നും ഈ ശാസ്ത്രഅവലോകനം പറയുന്നുണ്ട്. ഈ അവലോകനവും പഠനങ്ങളും ഒപ്പം മുഖ്യമന്ത്രിതന്നെ 2005 ല്‍ പുറത്തിറക്കിയ പുസ്തകത്തിലും അക്കമിട്ട് നിരത്തുന്നത് വസ്തുതകളാണെന്നും അതിനൊക്കെ വിഘാതങ്ങള്‍ വരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് തീരത്ത് നടക്കുന്നതെന്നും അതിനറുതിവരുത്തണമെന്നുമാണ് നിവേദനം ആവശ്യപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply