മേവാനിയുടേത് വംശീയ ഉന്മൂലനത്തിനെതിരായ ഉറച്ച ശബ്ദം

സംഘ് പരിവാറിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ സംഘിയല്ലാത്ത എല്ലാവരും ഒത്തുചേര്‍ന്ന് ഒരു വിശാലസഖ്യം ഒരുക്കിയെടുക്കുക എന്ന മേവാനിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് തടയിടാന്‍ മോഡിയ്ക്കും സംഘത്തിനും മുന്നില്‍ അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി അകത്തിടുകയല്ലാതെ മറ്റു വഴികളില്ല എന്നതാണ് സത്യം. സാമൂഹ്യനീതിയ്ക്കും സാഹോദര്യത്തിനും അധഃകൃതരുടെ വിമോചനത്തിനുമായി പ്രതീക്ഷയുടെ ശുഭവാണികളായി മാറേണ്ട നിരവധി ശബ്ദങ്ങള്‍ ഇന്ന് ഇന്ത്യയിലെ പല കാരാഗ്രഹങ്ങളിലായി ഉരുള്‍മൂടിക്കിടക്കുന്നത് നമുക്ക് അറിവുള്ളതാണ്.

ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിനുള്ള സംഘ പരിവാറിന്റെ തീവ്രയത്‌നങ്ങള്‍ക്ക് സമകാലീന ഇന്ത്യയില്‍ ഏറ്റവും ശക്തമായ പ്രതിബന്ധങ്ങളായി നില്‍ക്കുന്നത് രണ്ട് ജനവിഭാഗങ്ങളാണ് – ദളിതരും മുസ്ലീമുകളും. എണ്ണത്തില്‍ ദുര്‍ബ്ബലരും പൊതുവെ അസംഘടിതരുമായ ക്രൈസ്തവസമൂഹത്തിലെ വരേണ്യവര്‍ഗ്ഗം പലപ്പോഴും സംഘ് പരിവാര്‍ എറിയുന്ന അപ്പക്കഷണങ്ങളില്‍ ഭ്രമിച്ച് വര്‍ഗ്ഗതാല്പര്യങ്ങള്‍ ബലികൊടുക്കുന്നവരായി വാലാട്ടി നില്‍ക്കാറുള്ളതിനാല്‍ അവരെ നേരിടാന്‍ തങ്ങള്‍ തീറ്റിപ്പോറ്റുന്ന തെരുവുഗുണ്ടകളായ വാനരസംഘങ്ങള്‍ തന്നെ ധാരാളം എന്ന് സംഘ് പരിവാര്‍ തിരിച്ചറിയുന്നു.

എന്നാല്‍, പ്രലോഭനങ്ങളില്‍ വീഴാത്ത, പ്രതിസന്ധികളില്‍ തങ്ങളുടെ സ്വത്വാഭിമാനത്തെ വര്‍ദ്ധിത വീര്യത്തോടെ അസ്സേര്‍ട്ട് ചെയ്യുന്ന ദളിത്-മുസ്ലിം ദ്വന്ദ്വത്തെ മറികടക്കാന്‍ ബുള്‍ഡോസറുകള്‍ക്കും വെടിയുണ്ടകള്‍ക്കുമൊന്നും ഒരു പരിധിയ്ക്കപ്പുറം ഒന്നും ചെയ്യാനാവില്ല എന്നും അവര്‍ക്കറിയാം. അവിടെയാണ് കള്ളക്കേസുകളും കരിനിയമങ്ങളും റേഷ്യല്‍ ഷേയ്മിങ്ങും ഉപയോഗിച്ച് ഈ വിഭാഗങ്ങളിലെ ഭീഷണസ്വരങ്ങളെ അമര്‍ച്ച ചെയ്യുക എന്ന കിരാതബുദ്ധി സംഘ് പരിവാര്‍ പ്രയോഗിയ്ക്കാറുള്ളത്.

പറഞ്ഞു വന്നത് ഗുജറാത്തില്‍ നിന്നുള്ള നിയമസഭാംഗമായ ജിഗ്‌നേഷ് മേവാനിയുടെ അര്‍ദ്ധരാത്രിയിലെ അറസ്റ്റിനെക്കുറിച്ചാണ്. ആസ്സാമിലെ ഹേമന്ത് ബിശ്വാസ് ശര്‍മ്മയുടെ സംഘ് പരിവാര്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചത് സംഘികളുടെ കുലദൈവമായ നരേന്ദ്ര മോദിയെ ഗോഡ്‌സേ ഭക്തന്‍ എന്ന് സംബോധന ചെയ്ത് മേവാനി ട്വിറ്ററില്‍ കുറിച്ച ട്വീറ്റാണ്. ആരാണ് കൂടുതല്‍ മികച്ച മോദീദാസന്‍ എന്ന ബി.ജെ.പി. നേതാക്കന്മാര്‍ക്കിടയിലെ കിടമത്സരത്തില്‍ ചിലര്‍ ബുള്‍ഡോസറുമായി നിരത്തിലിറങ്ങുമ്പോള്‍ ഹേമന്ത ശര്‍മ്മയ്ക്ക് തോന്നിയ പുതിയ ഒരാശയം എന്ന മട്ടില്‍ നമുക്കിത് തള്ളിക്കളയാനാവില്ല. മാത്രമല്ല, സംഘ് പരിവാറിന്റെ ബുള്‍ഡോസറും കള്ളക്കേസുകളുമെല്ലാം എപ്പോഴും ലക്ഷ്യമിടുന്നത് ഒന്നുകില്‍ മുസ്ലീമുകളെ അല്ലെങ്കില്‍ ദളിതരെയാണ് എന്ന നിയതിയിലെ കൗതുകകവും നാം കാണാതെ പോകരുത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയില്‍ ഇന്ന് ആര്‍.എസ്.എസ്സിന്റെ വംശീയ ഉന്മൂലനപദ്ധതികള്‍ക്കെതിരെ വിരളമായി മാത്രം ഉയര്‍ന്നു കേള്‍ക്കാറുള്ള ഉറച്ച ശബ്ദമാണ് ജിഗ്‌നേഷ് മേവാനിയുടേത്. ദളിത് കുടുംബത്തില്‍ ജനിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ന്ന് കര്‍ഷക ആത്മഹത്യകള്‍ക്കും ദളിതര്‍ക്കെതിരെയുള്ള സവര്‍ണ്ണ-സംഘ അതിക്രമങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി പൊതുരംഗത്തേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാരന്‍. ഹിന്ദുത്വഗുണ്ടകള്‍ ഉനായില്‍ ഏഴ് ദളിതരെ പശുസംരക്ഷണത്തിന്റെ മറവില്‍ തല്ലിച്ചതച്ചതിനെതിരെ അഹമ്മദാബാദില്‍ ദളിത് മഹാസഭ സംഘടിപ്പിച്ചതിലൂടെയാണ് മേവാനി രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമാവുന്നത്. ശുചീകരണ തൊഴിലാളികളും പാട്ടയും കുപ്പിയും പെറുക്കി വിറ്റ് ഉപജീവനം കഴിയ്ക്കുന്നവരും ഭൂരഹിതരായ തൊഴിലാളികളുമടങ്ങുന്ന പതിനായിരക്കണക്കിന് ദളിതരെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ മഹാസഭയ്ക്ക് ഗുജറാത്തിലെ സംഘ് പരിവാര്‍ സര്‍ക്കാര്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിയ്ക്കുകയായിരുന്നു.

ദളിതരും മുസ്ലീമുകളും സംഘടിച്ചാല്‍ ദേശസുരക്ഷ തന്നെ അവതാളത്തിലാവുമെന്ന പൊതുബോധ നിര്‍മ്മിതി വിജയകരമായി നടപ്പിലാക്കാന്‍ ഇതിനോടകം സംഘ് പരിവാറിന് സാധിച്ചിട്ടുണ്ടല്ലോ. ഡല്‍ഹിയില്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി വീണത് പോലെ സംഘികള്‍ക്ക് മേവാനിയുടെ നേതൃത്വത്തിലുള്ള ദളിത് പ്രതിരോധത്തിന് മുന്നിലും അന്ന് കീഴടങ്ങേണ്ടി വന്നിരുന്നു. അപ്പോഴും തീണ്ടാപ്പാടകലെ മാത്രം നിര്‍ത്തേണ്ട ദുഷിതവൃത്തികള്‍ ചെയ്തു ജീവിതം പുലര്‍ത്തുന്ന ദളിതര്‍ക്ക് സമ്മേളനത്തിനായി സംഘി സര്‍ക്കാര്‍ വിട്ടു നല്‍കിയത് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ വൃത്തിഹീനമായ ഒരു പ്രദേശമായിരുന്നു എന്നതും നാം ശ്രദ്ധിയ്ക്കേണ്ടതുണ്ട്.

സവര്‍ണ്ണ ഹിന്ദുക്കളുടെ അതിക്രമങ്ങള്‍ സഹിയ്ക്കാനാവാതെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത നെയ്ത്തുകാരായ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി മേവാനി നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തെ മോദിയുടെയും ആര്‍.എസ്.എസ്സിന്റെയും കണ്ണിലെ കരടാക്കി മാറ്റിയ മറ്റൊരു മുന്നേറ്റം. മാലിന്യസംസ്‌കരണ തൊഴിലാളികള്‍ക്കായി കന്‍ഹയ്യ കുമാറുമായി ചേര്‍ന്ന് നടത്തിയ സമരങ്ങളില്‍ മേവാനി മുഴക്കിയ പ്രധാന മുദ്രാവാക്യം സ്വച്ഛഭാരത് അഭിയാന്‍ എന്ന പേരില്‍ സ്വന്തം ചിത്രം പ്രദര്‍ശിപ്പിച്ചു കൈയ്യടി നേടാനുള്ള മോദിയുടെ ഗീര്‍വാണങ്ങളുടെ ചെകിട്ടത്തു വീണ പ്രഹരമായി മാറുകയായിരുന്നു. നിസ്സാര വേതനത്തിന് ദളിതരെക്കൊണ്ട് മാലിന്യസംസ്‌കരണ ജോലികള്‍ ചെയ്യിയ്ക്കുന്ന സര്‍ക്കാര്‍ അവരുടെ സേവന വ്യവസ്ഥകള്‍ പരിഷ്‌കരിയ്ക്കാത്ത പക്ഷം മോദിയും സ്വച്ഛഭാരത് അഭിയാന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ സിനിമാനടന്മാരും ചേര്‍ന്ന് നഗരം വൃത്തിയാക്കട്ടെ എന്നതായിരുന്നു മേവാനിയുടെ പക്ഷം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഘ് പരിവാറിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ സംഘിയല്ലാത്ത എല്ലാവരും ഒത്തുചേര്‍ന്ന് ഒരു വിശാലസഖ്യം ഒരുക്കിയെടുക്കുക എന്ന മേവാനിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് തടയിടാന്‍ മോഡിയ്ക്കും സംഘത്തിനും മുന്നില്‍ അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കി അകത്തിടുകയല്ലാതെ മറ്റു വഴികളില്ല എന്നതാണ് സത്യം. സാമൂഹ്യനീതിയ്ക്കും സാഹോദര്യത്തിനും അധഃകൃതരുടെ വിമോചനത്തിനുമായി പ്രതീക്ഷയുടെ ശുഭവാണികളായി മാറേണ്ട നിരവധി ശബ്ദങ്ങള്‍ ഇന്ന് ഇന്ത്യയിലെ പല കാരാഗ്രഹങ്ങളിലായി ഉരുള്‍മൂടിക്കിടക്കുന്നത് നമുക്ക് അറിവുള്ളതാണ്. ജനാധിപത്യ-മതേതര ഇന്ത്യ എന്ന സങ്കല്‍പം ഒരു മരീചികയായി കണ്മുന്നില്‍ നിന്ന് മറയാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവാത്ത ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റത്തിനുള്ള കാഹളങ്ങളും പ്രവര്‍ത്തനങ്ങളും ഇനി ഉയരേണ്ടത് നീതിബോധമുള്ള ഇനിയും വിലങ്ങുകള്‍ വീഴാത്ത കണ്ഠങ്ങളിലും കരങ്ങളിലും നിന്നാണ്.

ഇപ്പറഞ്ഞതിനര്‍ത്ഥം മേവാനിയെയും ചെയ്യാത്ത തെറ്റിന് ഇപ്പോള്‍ ജയിലറകള്‍ക്കുള്ളില്‍ നരകിയ്ക്കുന്ന ഭാവി ഇന്ത്യയുടെ മറ്റെല്ലാ പ്രതീക്ഷാ മുകുളങ്ങളെയും തടവറയ്ക്കുള്ളില്‍ തന്നെകിടന്ന് വാടിക്കരിയാന്‍ നാം വിട്ടുകൊടുക്കണം എന്നല്ല. ഗുജറാത്തില്‍ നിന്നുള്ള സ്വന്തം എം.എല്‍.എ.യെ സര്‍വ്വമര്യാദകളും ചട്ടങ്ങളും കാറ്റില്‍ പറത്തി, അസാമില്‍ നിന്ന് പറന്നിറങ്ങിയ പോലീസ് അര്‍ദ്ധരാത്രിയില്‍ വിലങ്ങ് വെച്ച് സംസ്ഥാനം കടത്തിക്കൊണ്ട് പോയിട്ടും സഹജമായ നിസ്സംഗതയില്‍ നിന്ന് ഇനിയും ഉണരാത്ത കോണ്‍ഗ്രസില്‍ എത്ര മാത്രം പ്രതീക്ഷ അര്‍പ്പിയ്ക്കാനാവുമെന്ന് നിശ്ചയമില്ല. സംഘ് പരിവാറിന്റെ ബുള്‍ഡോസറിന് മുന്നില്‍ ഉയര്‍ന്ന കമ്മ്യുണിസ്റ്റ് പ്രതിരോധത്തിന്റെ മാതൃകയില്‍ ഇന്ത്യയുടെ പൊതുനിരത്തുകളില്‍ ഉയര്‍ന്നു വരേണ്ട ഒരു പാന്‍-പൊളിറ്റിക്കല്‍ ആക്ടിവിസം മാത്രമാണ് രാജ്യം ഇന്നകപ്പെട്ടിട്ടുള്ള സംഘ് പരിവാര്‍ ചക്രവ്യൂഹത്തില്‍ നിന്നുള്ള ഏക രക്ഷാദ്വാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply