കെ വേണുവിന്റേത് അവസരവാദത്തിന്റെ ജനാധിപത്യ സങ്കല്പം
ഒരു കാലത്ത് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് പവര്‍ത്തിച്ചിരുന്ന കെ വേണു തന്റെ അവസരവാദ നിലപാടുകളെ തുടര്‍ന്ന് സംഘടന പിരിച്ചു വിടുകയും ജനാധിപത്യ അന്വേഷണങ്ങളുമായി മുന്നോട്ടു പോവുകയാണെന്നുമാണ് ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്. കുറെ കാലങ്ങളായി ജനാധിപത്യത്തെ സംബന്ധിച്ച് വേണു എടുക്കുന്ന നിലപാടുകളും അഭിപ്രായങ്ങളും അദ്ദേഹത്തിന്റെ ജനാധിപത്യ അന്വേഷണം എത്തിച്ചേര്‍ന്ന ആശയവാദ സമീപനത്തെയും രാഷ്ട്രീയ പാപ്പരത്തതെയും അവസരവാദത്തെയും തുറന്നുകാട്ടുന്നതാണ്. 2020 ആഗസ്റ്റ് 31 ന് ദി ക്രിട്ടിക്കില്‍ വന്ന, കെ വേണു അരിമ്പൂര്‍ പാഠശാലയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍ എന്ന ലേഖനം, 2013, 2015 വര്‍ഷങ്ങളിലായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനങ്ങള്‍, അദ്ദേഹത്തിന്റെ യുക്തിവാദിസംഘം, സ്വതന്ത്രചിന്തകര്‍ തുടങ്ങിയവരുടെ വേദികളില്‍ നടത്തിയ പ്രഭാഷണങ്ങള്‍, ജനത ജനാധിപത്യം സ്വാതന്ത്ര്യം തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ അവസരവാദത്തെ തുറന്നു കാണിക്കുന്നു.
അരിമ്പൂര്‍ പ്രസംഗത്തില്‍ പരിമിതികള്‍ എന്തൊക്കെ ഉണ്ടെങ്കിലും ലോകനിലവാരത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് നമ്മുടെ ജനാധിപത്യം എന്നു പ്രസ്താവിച്ചു കൊണ്ടാണ് തന്റെ പ്രഭാഷണം വേണു ആരംഭിക്കുന്നത്. ജനാധിപത്യത്തിന്റെ ഈ പരിമിതിയെ മാര്‍ക്‌സിസം വിമര്‍ശന വിധേയമാക്കുകയും ബദല്‍ വ്യവസ്ഥ വിഭാവനം ചെയ്യുകയും ചെയ്യുന്നു. എന്താണ് ആ പരിമിതി എന്നു പരിശോധിക്കുന്നതിന് പകരം വേണു ജനാധിപത്യത്തെ മഹത്വവല്‍ക്കരിച്ച് അതിന്റെ ഭരണകൂടത്തെയും പരിമിതിയെയും മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. അതിനാല്‍ തന്നെ മുതലാളിത്തത്തെ ന്യായികരിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. ലോകജനസംഖ്യയില്‍ അഞ്ചിലൊന്ന് ജനത വിവിധ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുന്ന മഹത്തായ ജനാധിപത്യമാണ് നമ്മുടേതെന്ന് തുടര്‍ന്ന് വേണു പ്രഭാഷണത്തില്‍ പറയുന്നു. അതായത് ജനാധിപത്യത്തിന്റെ ആഴവും പരപ്പും
നിര്‍ണയിക്കുന്നതിന് വേണു അടിസ്ഥാനമാക്കുന്നത് വോട്ടെടുപ്പിലെ പങ്കാളിത്തത്തെയും എണ്ണത്തെയും കണക്കാക്കി ആണെന്ന് നമുക്ക് മനസ്സിലാക്കാം. വേണു പറഞ്ഞു കൊണ്ടിരിക്കുന്ന ജനാധിപത്യത്തിന്റെ പുരോഗമനവശവും അന്തസത്തയും തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെയാണ് അടിസ്ഥാനമാക്കുന്നത് എന്ന് കാണാം. തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ ആര്‍ എസ് എസ് നേതൃത്വത്തിലുള്ള മോദിസര്‍ക്കാര്‍ ഇന്ത്യയുടെ വൈവിധ്യത്തെ തകര്‍ക്കാനും ഫാസിസം നടപ്പിലാക്കാനും ശ്രമിച്ചിട്ടും അതിന് സാധിക്കാതെ പോകുന്നത് ഇന്ത്യയുടെ വൈവിധ്യവും ജനാധിപത്യത്തിന്റെ കരുത്തും കാരണം ആണെന്ന് വേണു പറഞ്ഞു വെക്കുന്നുണ്ട്. വര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ ജനാധിപത്യവും അതിന്റെ ഘടകമായ തിരഞ്ഞെടുപ്പ് പ്രക്രീയയും വര്‍ഗ്ഗ ചൂഷണത്തെയാണ്, ഭരണ വര്‍ഗ്ഗങ്ങളുടെ താല്പര്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അതുവഴിയാണ് ആധുനീക ഫാസിസം വളരുന്നതും പ്രവര്‍ത്തിക്കുന്നതെന്നുമുള്ള യാഥാര്‍ഥ്യം വേണു മറച്ചുവയ്ക്കുകയാണ്. ഫാസിസം എന്ന പ്രതിഭാസത്തെ സംബന്ധിച്ച വേണുവിന്റെ വികലമായ കാഴ്ചപ്പാട് ഇവിടെ വെളിപ്പെടുന്നു.
വ്യക്തികളുടെ സ്വാതന്ത്ര്യവും അവകാശബോധവും അതോടൊപ്പം സാമൂഹിക
ഉത്തരവാദിത്വവും സന്തുലിതാവസ്ഥയില്‍ എത്തിക്കാനുള്ള സാമൂഹിക പ്രക്രിയ ജനാധിപത്യത്തിന്റ ഉള്ളടക്കങ്ങളില്‍ ഒന്നാണ് എന്ന് 2013 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ വേണു വാദിക്കുന്നുണ്ട്. ആ ലേഖനത്തില്‍ ഇത്രയും പറഞ്ഞതിനുശേഷം തന്റെ സങ്കല്പത്തിലെ ജനാധിപത്യത്തെയും കേരളീയരുടെ ജനാധിപത്യ ബോധത്തെയും താരതമ്യം ചെയ്യുകയാണ് വേണു അന്ന് ചെയ്തത്. അരിമ്പൂര്‍ പ്രസംഗത്തിലും വേണു ഇതു തന്നെ ചെയ്യുന്നു. ജനാധിപത്യം എന്നാല്‍ ബൂര്‍ഷ്വാ ജനാധിപത്യം എന്ന് മാത്രം മനസ്സിലാക്കുന്ന മന്ദബുദ്ധികള്‍ ഏറെയുള്ള നമ്മുടെ നാട്ടില്‍ ഇത്തരം ചര്‍ച്ചക്ക് എന്ത് പ്രസക്തി എന്ന് 2013 ആത്മഗതം ചെയ്ത വേണു, ഇപ്പോള്‍ കുറച്ചു കൂടി മയപ്പെടുത്തി ; ജനാധിപത്യം എന്നാല്‍ നമുക്ക് ബൂര്‍ഷ്വാ ജനാധിപത്യം മാത്രമാണെന്നും അതിനപ്പുറമുള്ള ജനാധിപത്യത്തെക്കുറിച്ച് നമുക്ക് അറിയില്ല എന്നും വിലപിക്കുകയാണ്. വേണുവിന് അറിയുന്ന ജനാധിപത്യം ഇവിടെയുള്ള സാധാരണക്കാര്‍ക്ക് അറിയില്ല എന്നും അതുകൊണ്ടുതന്നെ അവരെല്ലാം മന്ദബുദ്ധികളും ആണ് എന്നാണു പറഞ്ഞത്. എന്നാല്‍ വേണു തന്നെ ജനാധിപത്യത്തിന്റെ മേന്മയും സാധ്യതയും അളക്കുന്നതിന് ഇന്ത്യയില്‍ നിലനിന്നു കൊണ്ടിരിക്കുന്ന ജനാധിപത്യസംവിധാനത്തിനെയും അതിന്റെ ഘടനയെയും പ്രയോഗത്തെയും ആണ് അടിസ്ഥാനം ആക്കുന്നത് എന്ന് മറന്നു പോകുന്നത് എന്തുകൊണ്ടാണ്. ഈ ഒരു സാഹചര്യത്തില്‍ വേണുവിനെ പോലെ ബുദ്ധിമാന്മാര്‍ അല്ലാത്ത നമ്മള്‍ സാധാരണക്കാര്‍ ജനാധിപത്യമെന്നാല്‍ ബൂര്‍ഷ്വാ ജനാധിപത്യം ആണെന്ന് തെറ്റിദ്ധരിച്ചാല്‍ അതില്‍ എങ്ങനെയാണ് തെറ്റ് കാണാന്‍ കഴിയുക. അത് എന്തെങ്കിലുമാകട്ടെ, 2013 ല്‍ വേണു നടത്തിയ മന്ദബുദ്ധികള്‍ എന്ന പ്രയോഗം കേരളീയരെ സംബന്ധിച്ചിടത്തോളം പരിഹാസത്തിന്റെ പാരമ്യമാണ്. ഞാന്‍ പറയുന്നത് ഒന്നും തന്നെ ഇവിടെയുള്ള സാധാരണക്കാര്‍ക്ക് മനസ്സിലാകുന്നില്ല , ഞാന്‍ മറ്റുള്ളവരെക്കാളും ബുദ്ധിമാനാണ് എന്നുള്ള തന്റെ അഹംബോധത്തില്‍ നിന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വേണു ഇത്തരത്തിലൊരു ആക്ഷേപത്തിലേക്ക് എത്തിച്ചേരുന്നത്. അത് ഇവിടെയും അരിമ്പൂര്‍ പ്രഭാഷണത്തിലും ആവര്‍ത്തിക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജനാധിപത്യത്തിന്റെ വര്‍ഗ്ഗവും വര്‍ഗേതരതലവും, വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുന്നതിന് ജനാധിപത്യത്തിന്റെ ഉദയം അതുപോലെതന്നെ ജനാധിപത്യത്തിന്റെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തത് നമ്മുടെ രാഷ്ട്രീയ പിന്നോക്കാവസ്ഥയുടെ പ്രതിഫലനമായി കാണാം. അതൊന്നും നമ്മുടെ ആരുടേയും കുറ്റമല്ല. ജനങ്ങളുടെ മുന്‍ കൈയിലുള്ള പോരാട്ടങ്ങളെ സംശയത്തോടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നതെന്ന് ആരോപിക്കുന്ന വേണുവിന് ഉണ്ടായിരുന്നതുപോലെ എല്ലാവര്‍ക്കും പഠിക്കാനും ബൗദ്ധികമായി ഉയര്‍ന്നുവരാനുമുള്ള സാഹചര്യമുണ്ടായിരുന്നില്ല. അത് നമ്മുടെ ഒരു കുറവാണ്, കുറ്റമല്ല. ഇതേ ജനങ്ങള്‍ തന്നെയാണ് മറ്റൊരു സാഹചര്യത്തില്‍ പുതിയ ജനാധിപത്യ സമരങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും വിപ്ലവങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ഇന്ന് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തത്. ഇന്ന് കാണുന്ന വേണുവിന് ജന്മം നല്‍കിയതും ഇതേ ജനങ്ങളാണ് എന്ന് തിരിച്ചറിയാതിരിക്കുന്നയിടത്താണ് വേണുവിന്റെ ആശയവാദം ഒളിഞ്ഞിരിക്കുന്നത്. തന്റെ ജനാധിപത്യ അന്വേഷണത്തിലൂടെ മാര്‍ക്‌സിസം തെറ്റാണെന്നും അതുകൊണ്ടുതന്നെ, ജനങ്ങളാണ് ചരിത്രം രചിക്കുന്നത് എന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകളെക്കാള്‍ എത്രയോ മുന്നിലാണ് താന്‍ എന്നും അതിനാല്‍ തന്നെ ജനങ്ങളോട് പുച്ഛത്തോടെയും പരിഹാസത്തോടെയും പെരുമാറുന്ന മാനസികാവസ്ഥയിലേക്ക് അദ്ദേഹം എത്തി ചേര്‍ന്നതായും നമുക്ക് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.
സന്തുലനം നടപ്പിലാക്കുന്നതിനുള്ള സാമൂഹിക പ്രക്രിയ ആണ് ജനാധിപത്യം എന്ന് പറയുന്ന വേണു ഭരണകൂടം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സന്തുലനം നടപ്പിലാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ് എന്നകാര്യം ബോധപൂര്‍വ്വം മറക്കുകയാണ്. വര്‍ഗ്ഗവിഭജിത സമൂഹത്തില്‍ അവകാശവും സ്വാതന്ത്ര്യവും ഉത്തരവാദിത്വവും എല്ലാം നിര്‍ണയിക്കുന്നത് ഭരണവര്‍ഗവും അവരുടെ ഭരണകൂടവും ആയിരിക്കും. അത്തരമൊരു സമൂഹത്തില്‍ ജനാധിപത്യത്തിന് സ്വയം തന്നെ ഈ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. വേണു പറയുന്നപോലെ ജനാധിപത്യം സ്വയം തന്നെ അത്തരമൊരു സന്തുലനം സാധ്യമാകുന്നുണ്ട് എന്ന് കരുതുക ജാതി മതം വംശം സംസ്‌കാരം തുടങ്ങിയ പലതരത്തിലുള്ള വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അത് എത്തരത്തിലാണ് സാധ്യമാവുക എന്നുള്ളതും പരിശോധിക്കപ്പെടേണ്ടതാണ്.
ജനാധിപത്യം വികസിച്ചു കൊണ്ടിരിക്കുകയും ഇത്തരം വൈരുദ്ധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മാത്രമേ വികസനം സാധ്യമാകൂ എന്നും ആണെങ്കില്‍ ജനാധിപത്യം അസമത്വവും അനീതിയും ആണെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. സന്തുലനം എന്നാല്‍ സമന്വയത്തെയും അനുരഞ്ജനത്തിന്റെയും വഴിയാണ് അല്ലാതെ ശത്രുതയുടെയും സംഘര്‍ഷത്തിന്റെയും ആകാന്‍ സാധിക്കില്ല. വേണു തന്റെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും ജനാധിപത്യം നിലനിന്നിരുന്നു നിലനില്‍ക്കുന്നു എന്ന് പറയുന്ന കാലഘട്ടങ്ങളില്‍ എല്ലാം തന്നെ സംഘര്‍ഷങ്ങളും ശത്രുതയും നിലനിന്നിരുന്നു. അതായത് ജനാധിപത്യത്തിന് സ്വയമേവ സന്തുലനം സാധ്യമാക്കാന്‍ സാധിക്കില്ല. ജനാധിപത്യത്തിന്റെ വികാസ ചരിത്രത്തില്‍ ഉടനീളം ജനാധിപത്യം ഏതെങ്കിലുമൊരു വര്‍ഗത്തിന്റെ ഉപകരണമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് . തുടര്‍ന്ന് അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ ഇത്തരം ശത്രുതാപരമായ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ഭരണകൂടം നിലനില്‍ക്കുകയും വര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുകയും ചെയ്യും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വേണു പ്രസംഗത്തില്‍ സൂചിപ്പിച്ചപോലെ പോലെ കേരളീയര്‍ക്ക് രാഷ്ട്രീയ അവകാശബോധം ഉണ്ട് . പണിയെടുക്കുന്നവര്‍ക്ക് കൂലി ലഭിക്കണമെന്നും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭിക്കണമെന്നും ഉള്ള അവകാശബോധം ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ വേണു പറയുന്ന സ്വതന്ത്രമായ ജനാധിപത്യം എന്തുകൊണ്ടാണ് ഇത്തരം ആവശ്യങ്ങള്‍ പരിഹരിക്കാത്തത് ? ഇവിടെ ആവശ്യത്തിലധികം ഭൂമിയും സമ്പത്തും ഉണ്ട്. എന്നാല്‍ വിശക്കുന്നവനു മുന്നില്‍ അപ്പമായും ഭൂരഹിതന്റെ മുന്നില്‍ ഭൂമിയായും എന്തുകൊണ്ടാണ് വേണുവിന്റെ ജനാധിപത്യം പ്രത്യക്ഷപ്പെടാത്തത്. ഇത്തരത്തില്‍ അധികാരം കൈയാളുന്നവരുടെയും സമ്പന്നന്റെയും മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തെ കുറിച്ച് സാധാരണക്കാരന്‍ ബൂര്‍ഷ ജനാധിപത്യം എന്നു വിളിച്ചാല്‍ അതില്‍ എന്താണ് തെറ്റുള്ളത് ? യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലാതെ മറ്റ് എങ്ങനെയാണ് ഈ ജനാധിപത്യത്തെ നാം മനസ്സിലാക്കേണ്ടത്. ബൂര്‍ഷാ ജനാധിപത്യത്തിന് അപ്പുറം നില്‍ക്കുന്ന വേണുവിന്റെ ജനാധിപത്യം ഈ പ്രശ്‌നങ്ങള്‍ എങ്ങനെയാണ് പരിഹരിക്കുക എന്നുള്ളതും വേണു ചിന്തിക്കേണ്ടതുണ്ട്. ജനങ്ങളുടെ ഈ ബോധ്യത്തെ ആണ് കപട ഇടതുപക്ഷ ബോധം എന്നുപറഞ്ഞ് വേണു പരിഹസിക്കുന്നത്.
തന്റെ ഭൗതികവാദത്തില്‍ ഒരു വിട്ടുവീഴ്ചയും ഇതുവരെയും ചെയ്തിട്ടില്ലെന്ന് കെ വേണു ഒരഭിമുഖത്തില്‍ പ്രസ്താവിക്കുന്നുണ്ട്. മാര്‍ക്‌സിസത്തിനെ വിമര്‍ശിക്കാന്‍ വേണു തന്റെ പഠനങ്ങളിലൂടെ എത്തിച്ചേര്‍ന്നു എന്നു പറയുന്ന അടിസ്ഥാന ആശയങ്ങളില്‍ ഒന്ന് അധ്വാനമല്ല, ഭാഷയാണ് മനുഷ്യ സമൂഹത്തെ മാറ്റിമറിച്ചത് എന്നാണ്. എന്നാല്‍ മസ്തിഷ്‌ക്കത്തിനകത്ത് ജീനുകളില്‍ തനിയെ സംഭവിച്ച മാറ്റമാണ് ഭാഷ സാധ്യമാക്കിയത് എന്നു പറയുമ്പോള്‍ നൂറ്റാണ്ടുകള്‍ നീണ്ട അധ്വാനത്തിന്റെ ഭൗതികമായ അനിവാര്യതയുടെ ഉല്പന്നമായി ഭാഷയെ തിരിച്ചറിയുന്നതിനു പകരം , പെട്ടെന്ന് ഒരു ദിനം ദൈവം നല്‍കിയ വരദാനം എന്ന പോലെയാണ് ഭാഷയുടെ രൂപീകരണത്തെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. മാറ്റം സാവധാനത്തിലും എന്നാല്‍ പെട്ടെന്നും സംഭവിക്കുന്ന ഒന്നാണ്. സാവധാനം വികാസം പ്രാപിക്കുകയും വൈരുദ്ധ്യങ്ങളുടെ പാരമ്യത്തില്‍ പുതിയ ഒന്നായി പൊട്ടിത്തെറിച്ച് പുറത്തുവരുന്നു എന്നുമുള്ള വികാസ നിയമം മനുഷ്യന്റെ ഭാഷയ്ക്കും ചിന്തയ്ക്കും എല്ലാത്തിനും തന്നെ ബാധകമാണ്. ഭാഷ ഒരു കേവല യാദര്‍ഛികത ആണെന്ന ധാരണ ആശയവാദത്തിന്റേതാണ്. ദീര്‍ഘകാലത്തെ അധ്വാനവും സഹവര്‍ത്തിത്വവും ആണ് ആശയവിനിമയത്തെ അനിവാര്യമാക്കി തീര്‍ത്തത്. ചെറിയ നിലയില്‍ ഉള്ള അബോധപൂര്‍വ്വമായ ആശയ വിനിമയങ്ങള്‍ കൂട്ടായി ജീവിക്കുന്ന ജീവജാലങ്ങളില്‍ കാണാവുന്നതാണ്. അധ്വാനത്തിലേക്കു കടന്ന മനുഷ്യന് കാലക്രമേണ ചിന്താശേഷിയും സങ്കീര്‍ണ്ണവും വിശാലവുമായ ഭാഷാ രൂപീകരണവും സാധ്യമായി. ഇതു ജൈവീകമായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനെ കാലദൈര്‍ഘ്യത്തിന്റെ അളവുകോല്‍ വെച്ചു തൂക്കിനോക്കാന്‍ ശ്രമിക്കുകയും ഭാഷയുടെ രൂപീകരണത്തില്‍ അധ്വാനത്തിന്റെ പങ്കിനെ തള്ളിക്കളയാന്‍ വിഫല ശ്രമം നടത്തുകയും ചെയ്യുന്നതിലൂടെ ആശയവാദത്തിന്റെ വഴിയിലേക്കാണ് ചേക്കേറുന്നത്. യാദര്‍ച്ഛികതയും അനിവാര്യതയും തമ്മിലുള്ള വൈരുദ്ധ്യാധിഷ്ഠിത ബന്ധത്തെ ഭാഷാരൂപീകരണത്തില്‍ പ്രയോഗിക്കുന്നതിനു പകരം തന്റെ ആശയവാദത്തിനു ശാസ്ത്രത്തെ കൂട്ടുപിടിച്ച് കണക്കുകളുടെ മറയൊരുക്കാനാണ് ജനത ജനാധിപത്യം സ്വാതന്ത്ര്യം തുടങ്ങിയ പുസ്തകങ്ങളിലൂടെ ശ്രമിക്കുന്നത്. 40 ലക്ഷം വര്‍ഷത്തെ അധ്വാന ജീവിതം സാധ്യമാക്കിയ 2 ലക്ഷം വര്‍ഷം മുമ്പുള്ള ഭാഷയുടെ ഉത്ഭവത്തിലേക്കുള്ള തലച്ചോറിന്റെ വികാസവും ജനിതകമാറ്റമായുള്ള അതിന്റെ പരിണാമവും തിരിച്ചറിയുകയും അതില്‍ വിട്ടുപോയ തെളിവുകളെ അന്വേഷിക്കുകയും ചെയ്യുന്നതിന് പകരം തന്റെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ പാത ശരിയെന്നു സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ അദ്ദേഹം തന്റെ തന്നെ ഭൗതികവാദത്തെ കൈയ്യൊഴിയുകയാണ് ചെയ്യുന്നത്.
ജനാധിപത്യത്തെ കുറിച്ചു വേണു പറയുന്ന അടിസ്ഥാന ആശയം അതൊരു ഭരണകൂട രൂപമല്ല എന്നുള്ളതാണ്. ഇന്നോളം നിലനിന്ന , നിലനില്‍ക്കുന്ന ജനാധിപത്യത്തില്‍ ഒരു ഭരണകൂട രൂപമായല്ലാതെ ജനാധിപത്യത്തെ ജനങ്ങള്‍ക്ക് അനുഭവവേദ്യമായിട്ടില്ല. വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കാനാണ് ജനാധിപത്യം ഉണ്ടായി വന്നതെന്നും നിരന്തരം അത് അതിന്റെ കടമ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുകയാണെന്നും ചുരുക്കി കാണുന്ന വേണു പൊതുവായതിനെ – ജനാധിപത്യമെന്ന ആശയത്തെ – കാണുകയും സവിശേഷമായതിനെ വര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്നു എന്നു സമ്മതിക്കുന്ന അദ്ദേഹം – ജനാധിപത്യത്തിന്റെ വര്‍ഗ്ഗ സ്വഭാവം കാണാതെ പോവുകയും ചെയ്യുന്നു. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ മാത്രമേ ചില വ്യക്തികള്‍ അനുഭവിക്കുന്ന സവിശേഷതകളും പദവികളും , മറ്റു ചിലര്‍ അനുഭവിക്കുന്ന ചൂഷണവും തിരിച്ചറിയാനും ജനാധിപത്യത്തിന്റെ പോരായ്മ മനസ്സിലാക്കാനും സാധിക്കുകയുള്ളു. ഒരു കേവല ജീവിതക്രമമായി മാത്രം ജനാധിപത്യത്തെ കണക്കാക്കുന്നത് വസ്തുനിഷ്ഠമായ വിലയിരുത്തലിന്റെ അഭാവത്തെ കാണിക്കുന്നു. സമൂഹത്തില്‍ പലതരത്തില്‍ ഉള്ള മര്യാദ്ദകളും പരസ്പര ബഹുമാനങ്ങളും നിലവിലുണ്ട്. അവ പാലിക്കണോ വേണ്ടയോ എന്നുള്ളത് വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രമാണ്. എന്നാല്‍ ജനാധിപത്യ അവകാശങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതലയും അധികാരകേന്ദ്രവും വര്‍ഗ്ഗ സമൂഹത്തില്‍ ഭരണകൂടങ്ങളാണ്. നികുതി നല്‍കിയില്ലെങ്കില്‍ ജനാധിപത്യം നിയമ നടപടി സ്വീകരിക്കും. അതേസമയം മറ്റു ചിലര്‍ക്ക് വലിയ തോതില്‍ നികുതിയിളവുകളും നല്‍കുന്നു. ജനാധിപത്യം എന്നുള്ളതല്ല,. ഭരണകൂട രൂപമാണെന്നു മാത്രമല്ല, അത് വര്‍ഗ്ഗാധിപത്യം കൂടിയാണെന്ന് ഈ ചെറിയ ഉദാഹരണത്തിലൂടെ നമുക്ക് കാണാം.
ഗോത്ര കാലം മുതല്‍ ഇങ്ങോട്ട് വേണു പറയുന്ന ജനാധിപത്യം ഇതേ രീതിയില്‍ ആണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഗില്‍ഡുകളിലെ അടിമയ്ക്ക് എന്തു തൊഴിലും ചെയ്യാന്‍ സാധിക്കുമ്പോള്‍ ഇവിടെ ജാതി വ്യവസ്ഥ ആ സ്വാതന്ത്ര്യത്തെ തടയിടുന്നതാണ് പ്രശ്‌നം എന്നും വേണു പറയുന്നു. ഗില്‍ഡുകളുടെ കാലഘട്ടത്തില്‍ നിന്നിരുന്ന അസമത്വത്തെ മറച്ചു വെച്ച് ജനാധിപത്യത്തെ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ഈ ഉദാഹരണം തന്നെ ബാലിശമാണ്. ബുദ്ധ കാലഘട്ടത്തിലെ ജനപഥങ്ങളിലെ അസമത്വത്തെയും മറച്ചു വെച്ചു കൊണ്ടാണ് ജനാധിപത്യം മെച്ചപ്പെട്ട നിലയില്‍ നിലനിന്നിരുന്നു എന്ന് വാദിക്കുന്നത്. രാജാധികാരത്തെയും അല്ലെങ്കില്‍ ജനസഭയുടെയും
അധികാരത്തിനു കീഴിലാണ് ജനപഥങ്ങളില്‍ ജനാധിപത്യം നിലന്നിരുന്നത്. തെളിവുകള്‍ കൂടുതലായി ലഭ്യമല്ലെങ്കിലും അധികാര കേന്ദ്രം അനുവദിക്കുന്നതായിരുന്നു അന്നും ജനാധിപത്യം. ഭരണകൂടരൂപമായി ജനാധിപത്യം പ്രവര്‍ത്തിക്കുന്ന കാലത്തോളം അതായത് വര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം ജനാധിപത്യം സ്വതന്ത്രമായിരിക്കുകയില്ല. അത കൊണ്ട് തന്നെ ഭരണകൂട രൂപമായല്ലാതെ ജനാധിപത്യം ഒരു കാലത്തും നിലനിന്നിട്ടില്ലെന്നും കാണാം.
മാവോയിസ്റ്റുകള്‍ക്ക് ജനാധിപത്യത്തോട് സംവദിക്കാന്‍ കഴിയില്ല എന്ന ലേഖനത്തില്‍ ജനാധിപത്യം ഭരണകൂട രൂപമാണെന്നും വേണു പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന് മാവോയിസ്റ്റ് വേട്ടയ്ക്ക് സൈദ്ധാന്തിക ഭാഷ്യം ചമയ്ക്കുന്നതിനാണ് അന്ന് വേണു ഭരണകൂട ജനാധിപത്യത്തെ
കുറിച്ചെഴുതിയത്. ആ ലേഖനത്തില്‍ വേണു പറഞ്ഞത് ജനാധിപത്യം ഒരു അമൂര്‍ത്തമായ സങ്കല്‍പ്പമല്ല, സമൂര്‍ത്തമായി പ്രയോഗിക്കപ്പെടുന്ന ഒരു പ്രക്രീയയാണ് എന്നാണ്. അതായത് ഒരു വര്‍ഗ്ഗ സമൂഹത്തില്‍ സമൂര്‍ത്തമായി പ്രയോഗിക്കപ്പെടുന്ന ഏതൊരു ശ്രമവും ഒരു ഭരണകൂട രൂപമാണ്. വര്‍ഗ്ഗങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഭരണകൂടത്താല്‍ അല്ലാതെ ഒരു ക്രമവും പ്രയോഗിക്കാന്‍ സാധിക്കില്ല. സമൂര്‍ത്തമായി പ്രയോഗിക്കപ്പെടുന്ന ഇന്നത്തെ ജനാധിപത്യം ബൂര്‍ഷ്വാസിയുടെ സര്‍വ്വാധിപത്യമാണെന്നതും പകരം തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിലൂടെ മാത്രമേ ഭൂരിഭാഗം ജനങ്ങള്‍ക്കും ജനാധിപത്യ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കു എന്നുള്ളതുമാണ് മാര്‍ക്‌സിസത്തിന്റെ നിലപാടും വിമര്‍ശനവും . മാര്‍ക്‌സിസ്റ്റുകള്‍ ഭരണകൂട ജനാധിപത്യത്തെ കുറിച്ചു പറയുമ്പോള്‍ എല്ലാം വേണു തന്റെ വര്‍ഗേതര ജനാധിപത്യത്തെ എഴുന്നള്ളിക്കുകയാണ് പതിവ്. എന്നാല്‍ 2015 ല്‍ നടന്ന ചര്‍ച്ചയില്‍ ഭരണകൂടത്തിനു വേണ്ടി മാവോയിസ്റ്റ് വേട്ടയില്‍ സിദ്ധാന്തം നിര്‍മ്മിക്കുന്നതിന് വേണു ജനാധിപത്യത്തിന്റെ വര്‍ഗ്ഗതലത്തെ ഉയര്‍ത്തിപ്പിടിച്ചു. ഇപ്പോള്‍ വീണ്ടും വര്‍ഗേതര ജനാധിപത്യത്തിലേക്ക് കാലുമാറിയിരിക്കുകയാണദ്ദേഹം. വേണു തന്റെ പുസ്തകത്തിലൂടെ പറയുന്നത് ജനാതിപത്യ അവകാശത്തിന്റെ വികാസ ചരിത്രം മാത്രമാണ്. അതിന് അടിസ്ഥാനമാക്കുന്നത് ആധുനികമായ ജനാധിപത്യം എന്ന് വിശേഷിപ്പിക്കുന്ന ഇന്ന് കാണുന്ന ജനാധിപത്യ ഭരണകൂടത്തെയാണ്. ആ അര്‍ത്ഥത്തില്‍ ജനാധിപത്യ മൂല്യങ്ങളുടെ ബീജരൂപങ്ങള്‍ മുന്‍കാല സാമൂഹ്യ രൂപങ്ങളില്‍ പല വിധത്തില്‍ നിലനിന്നിരുന്നു എന്ന് അംഗീകരിക്കാം. എന്നാല്‍ ജനാധിപത്യം പ്രത്യേകമായും ഒരു ഭരണകൂട രൂപമാകുന്നത് പാര്‍ലമെന്ററി വ്യവസ്ഥയുടെ ആരംഭത്തോടെയാണ്. ഒരു വര്‍ഗ്ഗം അതില്‍ അധിപത്യം പുലര്‍ത്തുന്നു എന്നുള്ളതാണ്. മുതലാളിത്തത്തിന്റെ ആരംഭത്തോട് കൂടിയാണ് ആധുനിക ജനാധിപത്യത്തിന്റെ വികാസമെന്നു വേണു അംഗീകരിക്കുന്നു. ശരിയാണ് ജനാധിപത്യം പുരോഗമനപരമാണ്. അത് നാടുവാഴിത്തത്തെ അല്ലെങ്കില്‍ മുന്‍കാല വ്യവസ്ഥകളെ അപേക്ഷിച്ചു മാത്രമാണ്. ഇന്നലകളെ ഇന്നുമായി താരതമ്യം ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇന്നിനെ പുതുക്കി പണിയാന്‍ നാളെയെ കുറിച്ചും ഇന്നിനെ കുറിച്ചും മുന്നിട്ട ധാരണകള്‍ ആവശ്യമാണ്. നിലവിലെ ബൂര്‍ഷ്വാസിയുടെ സര്‍വ്വാധിപത്യമായ ജനാധിപത്യത്തെ വര്‍ഗേതര ജനാധിപത്യമായും അതിനപ്പുറം മറ്റൊന്നും ഇല്ലെന്നും വേണുവിന് കരുതാം. എന്നാല്‍ അസമത്വം നിറഞ്ഞ ഈ വ്യവസ്ഥയുമായി മുന്നോട്ടു പോകാന്‍ മര്‍ദ്ദിതര്‍ക്കു സാധിക്കില്ല. ആയതിനാല്‍ ഈ ജനാധിപത്യം ഒരു ഭരണകൂട രൂപമായെ മനുഷ്യര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുകയുള്ളു എന്നുള്ളത് ഒരു വര്‍ഗ്ഗസത്യമായി തന്നെ നിലനില്‍ക്കുന്നു.
(പുരോഗമന യുവജന പ്രസ്ഥാനം പ്രസിഡന്റാണ് ലേഖകന്‍ ഫോണ് : 9496969445)
alos read
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in