ICHR ന്റേത് ‘താലിബാന്‍ ഉമ്മാക്കി’യുടെ ഹിന്ദുത്വപ്രയോഗം : പി ജെ ജെയിംസ്
സവര്‍ക്കറും ഗോള്‍വല്‍ക്കറുമെല്ലാം ബ്രിട്ടീഷ്‌കാര്‍ക്കെതിരെ സമരം ചെയ്ത് സമയം പാഴാക്കരുതെന്ന് ആഹ്വാനം ചെയ്ത നാളുകളില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ദേശാഭിമാനികള്‍ തന്നെയാണ് ‘മാപ്പിള കലാപകാരികള്‍’. ആന്തമാന്‍ ജയിലില്‍ നിന്നും ബ്രിട്ടിഷുകാര്‍ക്കു മാപ്പെഴുതിക്കൊടുത്ത് പുറത്ത് വന്നയാളാണ് സവര്‍ക്കറെങ്കില്‍, മാപ്പപേക്ഷിച്ചാല്‍ മെക്കയിലേക്ക് നാടുകടത്താമെന്ന ബിട്ടീഷ് വാഗ്ദാനം വലിച്ചെറിഞ്ഞ് രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനിയാണ് കുഞ്ഞഹമ്മദ് ഹാജി.
സാമ്രാജ്യത്വത്തിന്റെ ഭൗമ-രാഷ്ടീയ അജണ്ടക്കനുസൃതമായി പെട്രോ ഡോളറും അത്യന്താധുനിക ആയുധങ്ങളും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പൊളിറ്റിക്കല്‍ ഇസ്ലാമിനെ ‘മുജാഹിദുകളി’ലൂടെ അഫ്ഗാന്‍ പഷ്തൂണ്‍ ഗോത്രവിഭാഗങ്ങളിലേക്ക് അമേരിക്ക സന്നിവേശിപ്പിച്ചതിന്റെ ഉപോല്പന്നമാണ് താലിബാന്‍. അതായത്, പ്രാകൃത ഗോത്രവാദ (tribalism) ത്തെ സാമ്രാജ്യത്വത്തിന്റെ നവ ലിബറല്‍ അജണ്ടക്കനുസൃതമായി ആഫ്രിക്കയിലും മറ്റും കൂടുതല്‍ പ്രതിലോമപരവും ഗോത്രഭീകരതയില്‍ ഊന്നുന്നതുമായ നവ ഗോത്രവാദ (neotribalism) മാക്കി വളര്‍ത്തിയ സാമ്രാജ്യത്വ പരീക്ഷണം അഫ്ഗാനിസ്ഥാനിലെ ചരിത്ര-വര്‍ത്തമാന പ്രവണതകള്‍ക്കനുസൃതമായി അമേരിക്ക പ്രയോഗവല്‍കരിച്ചതിലൂടെയാണ് താലിബാന്‍ രൂപം കൊണ്ടത്. ഇനിയും ഒരു ‘ഗവേണന്‍സ് സ്ട്രക്ചര്‍’ ആവിഷ്‌കരിക്കാനായിട്ടില്ലാത്ത ഈ പ്രതിലോമ പ്രസ്ഥാനത്തെയും അതിന്റെ ഗോത്ര ഭീകരതയെയും കേന്ദ്ര സ്ഥാനത്തു നിര്‍ത്തുകയും, അതിന്റെ സൃഷ്ടാവായ അമേരിക്കയെയും അതിന്റെ സാമ്രാജ്യത്വ മൂലധന – രാഷ്ട്രീയ സാമ്പത്തിക വിവക്ഷകളെയും അവഗണിക്കുകയും ചെയ്യുന്ന ചര്‍ച്ചകളാണ് പല ഇടതു പ്രൊഫൈലുകളിലും കണ്ടുവരുന്നത്. അതേസമയം, താലിബാനെ മുന്നില്‍ നിര്‍ത്തി ലെഫ്റ്റ് ലിബറലുകളും ക്രി സംഘികളും മുതല്‍ മജോറിറ്റേറിയന്‍ പരിവാര്‍ ബുദ്ധിജീവികള്‍ വരെ ഭീകരവല്‍കരിക്കുന്ന ഇസ്ലാമോഫോബിയയെ ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസം ഉപയോഗപ്പെടുത്തുന്നതിന്റെ സൂചനകളും ഇപ്പോള്‍ പ്രകടമായിത്തുടങ്ങിയിരിക്കുന്നു. അതിന്‍ പ്രകാരം, മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അലി മുസലിയാരും അടക്കമുള്ള 387 ‘മാപ്പിള രക്തസാക്ഷികളു’ ടെ പേര് ‘സ്വാതന്ത്ര്യ സമര രക്തസാക്ഷികളു’ ടെ നിഘണ്ടുവില്‍ നിന്ന് വരുന്ന ഒക്ടോബര്‍ മാസത്തോടെ നീക്കം ചെയ്യപ്പെടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചി (ICHR) ലെ മൂന്നംഗ സമിതിയുടേതാണ് തീരുമാനം. മാപ്പിള ലഹളയെ നയിച്ചത് ‘താലിബാന്‍ മനോഘടന’ ആയിരുന്നുവെന്ന് മുതിര്‍ന്ന ആര്‍ എസ് എസ് നേതാവായ റാം മാധവ് ഈയിടെ പ്രസ്താവിച്ചിരുന്നു എന്നതു കൂടി ഈയവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
തീര്‍ച്ചയായും, ഗൗരവുള്ള വിഷയമാണിത്. കൊളോണിയല്‍ കാലത്ത് സാമ്രാജ്യത്വ മേധാവിയായിരുന്ന ബ്രിട്ടനും രണ്ടാം ലോകയുദ്ധാനന്തരം ലോക പോലീസായ അമേരിക്കക്കും പാദസേവ ചെയ്തു പോരുന്ന ചരിത്രമാണ് ഹിന്ദുത്വവാദികളുടേത്. സവര്‍ക്കറും ഗോള്‍വല്‍ക്കറുമെല്ലാം ബ്രിട്ടീഷ്‌കാര്‍ക്കെതിരെ സമരം ചെയ്ത് സമയം പാഴാക്കരുതെന്ന് ആഹ്വാനം ചെയ്ത നാളുകളില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ദേശാഭിമാനികള്‍ തന്നെയാണ് ‘മാപ്പിള കലാപകാരികള്‍’. ആന്തമാന്‍ ജയിലില്‍ നിന്നും ബ്രിട്ടിഷുകാര്‍ക്കു മാപ്പെഴുതിക്കൊടുത്ത് പുറത്ത് വന്നയാളാണ് സവര്‍ക്കറെങ്കില്‍, മാപ്പപേക്ഷിച്ചാല്‍ മെക്കയിലേക്ക് നാടുകടത്താമെന്ന ബിട്ടീഷ് വാഗ്ദാനം വലിച്ചെറിഞ്ഞ് രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനിയാണ് കുഞ്ഞഹമ്മദ് ഹാജി. അപ്രകാരമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാളികളെ രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കി അവരുടെ ഉജ്ജ്വലമായ ചരിത്രം മറയ്ച്ച് സ്വന്തം നാണക്കേട് ഒളിപ്പിച്ചു വെക്കാനാണ് ഇന്ന് അമേരിക്കന്‍ പാദസേവകര്‍ കരുക്കള്‍ നീക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഒറ്റപ്പെട്ട ഒരു സംഭവമല്ല ഇത്. അടുത്ത കാലത്ത്, നവ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ അധികാരമേറ്റ പലയിടത്തും ഈ പ്രവണത പ്രകടമാണ്. ചരിത്രത്തെ തങ്ങള്‍ക്കനുകൂലമാക്കി അവതരിപ്പിക്കുകയെന്ന ഒരു പുതിയ ഫാസിസ്റ്റ് ചരിത്ര രചനാ (new history writing) രീതി തന്നെയാണത്. അതിന്റെ ഭാഗമായി ഹിറ്റ്‌ലറെയും മുസ്സോളിനിയെയും വെള്ളപൂശാനും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ഇകഴ്ത്താനുമുള്ള ശ്രമങ്ങള്‍ യൂറോപ്പില്‍ ജര്‍മ്മനിയിലും ഇറ്റലിയിലും മറ്റും കൊണ്ടു പിടിച്ചു നടക്കുന്നുണ്ട്. അന്ന് മുസ്സോളിനിയും ഹിറ്റ്‌ലറുമായി ബാന്ധവം സ്ഥാപിച്ചിരുന്ന സംഘപരിവാര്‍ ഇന്ത്യയിലും സമാനമായ നീക്കങ്ങള്‍ ചരിത്രരചനാ രംഗത്തു നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ സംഘിനിയന്ത്രണത്തിലുള്ള ICHR ന്റെ ഈ നീക്കം.
ഇന്ത്യയിലെ കൊളോണിയല്‍ – സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഓര്‍മ്മകള്‍ സംഘപരിവാറിന്റെ ഉറക്കം കെടുത്തുക സ്വഭാവികം മാത്രമാണ്. ബ്രീട്ടീഷ് ഭരണകൂടം നേരിട്ട് ഇന്ത്യ ഭരിച്ചു തുടങ്ങുന്നതിനും മുന്പ് ഈസ്റ്റ് കമ്പനിയുടെ കാലം മുതല്‍ പോരാട്ടമാരംഭിച്ച ചരിത്രമാണ് ഇന്ത്യന്‍ മുസ്ലീംകളുടേത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ സൂത്രധാരകര്‍ മുസ്ലീംകളാണെന്നു കണ്ടെത്തിയ (സംശയുള്ളവര്‍ Hunter സായപ് എഴുതിയ Indian Mussalmans എന്ന പുസ്തകം കാണുക) ബ്രിട്ടീഷുകാരുടെ കൊടിയ ക്രൂരതകള്‍ക്കും കൂട്ടക്കൊലകള്‍ക്കും തുടര്‍ന്നും അവര്‍ വിധേയരാകുകയുണ്ടായി. അതോടൊപ്പം, ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന തന്ത്രത്തിന്റെ ഭാഗമായി ഹിന്ദു – മുസ്ലീം വൈരുധ്യം വളര്‍ത്താനും കൊളോണിയലിസ്റ്റുകള്‍ കരുക്കള്‍ നീക്കി. എന്നാല്‍, ഈ കെണിയില്‍ വീഴാതെ, 20ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ കൊളോണിയല്‍ മേധാവികളുടെ ഉറക്കം കെടുത്തിയതിനൊപ്പം, ഹിന്ദു -മുസ്ലിം ഐക്യത്തിലൂന്നുന്ന ദേശീയ പ്രസ്ഥാനത്തിനു ദിശാബോധം നല്‍കുന്നതിനുമാണ് ഇന്ത്യന്‍ മുസ്ലീംകള്‍ ശ്രമിച്ചത്. ആ ചരിത്രത്തിന്റെ കൂടി ഭാഗമാണ് കേരളത്തിലെ ബ്രിട്ടീഷ് വിരുദ്ധ മാപ്പിള കലാപങ്ങള്‍.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹത്തായ ആ പോരാട്ടം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘ പരിവാര്‍ കേന്ദ്രങ്ങള്‍ മുമ്പേ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് ഇപ്പോള്‍ താലിബാനുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുള്ള ഇസ്ലാമോഫോബിയ അനുകൂലമാക്കുന്നതിന്റെ ഭാഗമാണ് ICHR വഴി പുറത്തുവന്നിട്ടുള്ള മേല്‍ സൂചിപ്പിച്ച റിപ്പോര്‍ട്ട്. താലിബാനെ കേന്ദ്രീകരിച്ചും അതിന് രൂപം നല്‍കിയ സാമ്രാജ്യത്വ രാഷ്ട്രീയത്തെ അവഗണിച്ചും ഇപ്പോള്‍ നവലിബറല്‍ കേന്ദ്രങ്ങളും അവരുടെ പേനയുന്തികളും ഇന്ത്യയിലടക്കം ഉയര്‍ത്തിക്കൊണ്ടു വന്നിട്ടുള്ള പോസ്റ്റ് ട്രൂത്ത് കാമ്പയിന് പല അജണ്ടകളുമുണ്ടെന്ന് തിരിച്ചറിയുക.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in