മഹാത്മാ കാവാരികുളം കണ്ടന്‍ കുമാരന്‍ : കേരളം മറന്ന പോരാളി

വൈകുണ്ഠ സ്വാമി, പൊയ്കയില്‍ അപ്പച്ചന്‍, മഹാത്മാ അയ്യങ്കാളി, ശ്രീനാരായണ ഗുരു, വേലുക്കുട്ടി അരയന്‍, പണ്ഡിറ്റ് കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, ടി. കെ മാധവന്‍ തുടങ്ങിയ സാംസ്‌കാരിക നവോത്ഥാന നായകരെ കുറിച്ചും സാമൂഹീക അടിമത്തത്തില്‍ നിന്നും, ജാതി വിവേചനങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നുമുള്ള സമൂഹത്തിന്റെ മോചനത്തിന് വേണ്ടി അവര്‍ നടത്തിയ ഐതിഹാസികങ്ങളായ പ്രവര്‍ത്തങ്ങളെ കുറിച്ചും വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കേരളീയ സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിപ്പെടാതെ പോയ ഒരു നാമധേയത്തിനുടമയാണ് മഹാത്മാ കാവാരികുളം കണ്ടന്‍ കുമാരന്‍.എന്ത് കൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കുമ്പോഴാണ് നാം തിരിച്ചറിയുന്നത് ഇന്നും നമ്മുടെ സാംസ്‌കാരിക ചരിത്ര പഠന ശാഖയുടെ സഞ്ചാരം ഉപരിവര്‍ഗ്ഗ പരിസരങ്ങളിലൂടെയാണ് എന്ന യാഥാര്‍ത്ഥ്യം.

ലോക ചരിത്രത്തില്‍ തന്നെ അടിമത്തത്തിനെതിരായ പോരാട്ടങ്ങളെയെല്ലാം അധീശവര്‍ഗ്ഗം നിഷ്‌ക്കരുണം അടിച്ചമര്‍ത്തപ്പെട്ടതായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷെ അതാത് കാലങ്ങളില്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധീഷണാശാലികളായ വ്യക്തിത്വങ്ങള്‍ നടത്തിയ ധീരതയോടെയുള്ള ചെറുത്ത് നില്‍പ്പിന്റെയും ത്യാഗങ്ങളുടെയും ഫലമായി അവയെയെല്ലാം തകര്‍ത്തെറിഞ്ഞു കൊണ്ട് മുന്നേറുന്ന കാഴ്ചയും നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ലോകമെമ്പാടും നടന്ന അടിമത്തത്തിനെതിരായ വിജയിച്ച പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെയെല്ലാം തന്നെ കൊന്നു കളഞ്ഞതായും ചരിത്രം രേഖപ്പെടുത്തുന്നു. അമേരിക്കയില്‍ നാല് സംവത്സരങ്ങള്‍ നീണ്ടു നിന്ന അടിമത്തിനെതിരായ പോരാട്ടം, അടിമത്തം അവസാനിപ്പിച്ചു കൊണ്ടുള്ള നിയമ നിര്‍മ്മാണത്തിന് വഴി തെളിച്ച ആഭ്യന്തര യുദ്ധത്തിന് നേതൃത്വം നല്‍കിയ എബ്രഹാം ലിങ്കണ്‍ വധിക്കപ്പെടുകയായിരുന്നു.അടിമത്തം അവസാനിച്ചെങ്കിലും വര്‍ണ്ണ വിവേചനം തുടര്‍ന്നു. അതിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മാര്‍ട്ടിന്‍ ലൂഥര്‍ കിങും വധിക്കപ്പെടുകയായിരുന്നു. മഹാത്മാ കാവാരികുളം കണ്ടന്‍ കുമാരനെ പോലെയുള്ളവര്‍ ശാരീരികമായ വധത്തിന് വിധേയമായില്ലെങ്കിലും, അതിനേക്കാള്‍ നീചമായ വിധത്തില്‍ ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും നിഷ്‌ക്കരുണം തുടച്ചു നീക്കപ്പെട്ടു. അതില്‍ നിന്നും അവരെ പോലെയുള്ളവരുടെ സ്മരണകളെ മോചിപ്പിച്ചു പൊതു മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് സാമൂഹ്യ പുരോഗതിയോടും ചരിതത്തോടും നീതി പുലര്‍ത്തണമെന്ന് ചിന്തിക്കുന്ന ആഗ്രഹിക്കുന്ന പുതിയ തലമുറയുടെ മുന്‍പിലുള്ള കര്‍ത്തവ്യം.

ഐതീഹ്യമാലയിലൂടെയും അല്ലാതെയും മലയാളികള്‍ക്ക് ഏറെ സുപരിചിതരായ പറയിപെറ്റ പന്തിരുകുലത്തിലെ ശ്രദ്ധേയനായ കഥാപാത്രം പാക്കനാരുടെ പിന്മുറക്കാരനായി ജനിക്കുകയും, മുഖ്യധാര സാമൂഹ്യ ജീവിതത്തിന്റെ വഴിത്താരകളില്‍ നിന്നൊക്കെ ആട്ടിയകറ്റി പാര്‍ശ്വവത്കൃതരാക്കപ്പെട്ട, അജ്ഞതയിലും അന്ധകാരത്തിലുമായി കഴിഞ്ഞിരുന്ന പറയര്‍.വനങ്ങളില്‍ നിന്നും ഈറ്റ വെട്ടി കുട്ട, വട്ടി, മുറം തുടങ്ങിയ ഗൃഹോപകരണങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുക എന്നതായിരുന്നു ഈ സമൂഹത്തിന്റെ പ്രധാനപ്പെട്ട പരമ്പരാഗത തൊഴിലും ഉപജീവന മാര്‍ഗ്ഗവും. അധഃ സ്ഥിത ജനവിഭാഗത്തിന്റെ മോചനത്തിനായി പോരാടിയ കേരളീയ നവോഥാന നായകരുടെ നിരയില്‍ ആദരണീയ സ്ഥാനം നല്‍കി ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യക്തിത്വമാണ് മഹാത്മാ കാവാരികുളം കണ്ടന്‍ കുമാരന്‍. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ എണ്‍പത്തിയേഴാം വാര്‍ഷിക ദിനമായിരുന്നു ഒക്ടോബര്‍ 16. നൂറ്റി അന്‍പത്തിയേഴാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്.

മധ്യതിരുവിതാംകൂറില്‍,പഴയ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന തിരുവല്ല താലൂക്കില്‍ മല്ലപ്പള്ളിക്കടുത്ത ഗ്രാമമായ പെരുമ്പട്ടിയില്‍ കാവാരിക്കുളത്ത് വീട്ടില്‍ മാണിയുടെയും കണ്ടന്റെയും മകനായി (1039 തുലാം മാസം 10ന് )1863 ഒക്ടോബര്‍ 25 നാണ് കാവാരികുളം കണ്ടന്‍ കുമാരന്റെ ജനനം.അധഃസ്ഥിത സമൂഹങ്ങളിലെ അംഗങ്ങള്‍ക്ക് അക്ഷരാഭ്യാസത്തിന് പോലും അവസരം നിഷേധിച്ചിരുന്ന ഒരു കാലഘട്ടം പിന്നിട്ടു 1866 മുതല്‍ അവര്‍ക്കും വിദ്യാഭ്യാസ അവസരം അനുവദിച്ചു തുടങ്ങി. അങ്ങനെയുള്ള വിദ്യാലയങ്ങള്‍ അടിമ സ്‌കൂള്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.ദേവര്‍കാട് അടിമ സ്‌കൂളില്‍ നാല് വര്‍ഷം അക്ഷരം പഠിക്കുവാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടായി. അക്ഷരജ്ഞാന സമ്പാദനത്തോടൊപ്പം കായീകശേഷി കൂടി വര്‍ധിപ്പിച്ചില്ലയെങ്കില്‍ ജാതി മേധാവിത്വത്തിനെതിരായ പോരാട്ടത്തിന് നിലനില്‍പ്പ് ഉണ്ടാവുകയില്ല എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പഠനത്തോടൊപ്പം കായികാഭ്യാസ പരിശീലനവും നേടിയിരുന്നു.നന്നെ ചെറുപ്പത്തില്‍തന്നെ കുടുംബം പോറ്റാനായി പരമ്പരാഗത തൊഴിലായ കാടുകളില്‍ നിന്നും ഈറ്റ വെട്ടി തലച്ചുമടായി കരയ്ക്ക് എത്തിക്കുക എന്ന തൊഴിലില്‍ അദ്ദേഹം ഏര്‍പ്പെട്ടു. തിരുവിതാംകൂറിന്റെ ആധുനികവല്‍ക്കരണത്തിനു വഴിയൊരുക്കിയ സാംബവനായ ‘മഹാരാസ’നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്റെ സമൂഹത്തിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ മുന്നേറ്റത്തിനായി 1911 ആഗസ്റ്റ് 29 ന് ആര്യാട്ട് ഊപ്പ എന്നയാളുടെ വസതിയില്‍ ചേര്‍ന്ന സമുദായ സ്‌നേഹികളായ ഒന്‍പത് പേര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ചു കാവാരികുളം കണ്ടന്‍ കുമാരന്‍ സ്ഥാപക പ്രസിഡന്റായും ആര്യാട്ട് ഊപ്പ സെക്രട്ടറിയായും ‘ബ്രഹ്മ പ്രത്യക്ഷ സാധുജന പറയ പരിപാലന സംഘ’ ത്തിന് അദ്ദേഹം രൂപം നല്‍കി. പറയര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സമുദായത്തിന്റെ പേര് തമിഴ്‌നാട്ടിലെ ശിവഭക്തരായ പറയ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്തിരുന്ന ‘സാംബവര്‍’ എന്ന പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ശ്രീമൂലം പ്രജാസഭ മുമ്പാകെ നിവേദനം കൊടുക്കുന്നതിനു വേണ്ടിയുള്ള പ്രമേയം പാസാക്കിയത് ഈ യോഗത്തില്‍ വച്ചാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1915 മുതല്‍ 1920 വരേയും,1923ലും,1926 മുതല്‍ 1932 വരെയും ശ്രീമൂലം പ്രജാസഭ അംഗമായിരുന്ന കാവാരികുളം കണ്ടന്‍ കുമാരന്‍.മഹാത്മ അയ്യന്‍ കാളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം പ്രജാസഭാ സാമാജികനായിരുന്നുത് ഇദ്ദേഹമായിരുന്നു. ശ്രീമൂലം പ്രജാസഭയില്‍ ‘ഞങ്ങള്‍ക്ക് പട്ടികേറാത്ത കൊട്ടില് വേണമെന്ന് ‘ആവശ്യപ്പെട്ട് ദളിതരുടെ പാര്‍പ്പിട പ്രശ്‌നത്തിന് പരിഹാരം നേടിയെടുത്ത് കൊടുത്ത ഇദ്ദേഹം പറയസഭയുടെ ഉടമസ്ഥതയില്‍ ഹോസ്‌ററല്‍ സൗകര്യത്തോട് കൂടിയ 52 ഓളം ഏകാദ്ധ്യാപക സ്‌കൂളുകള്‍ സ്ഥാപിച്ചു. തന്റെ പ്രജാസഭ പ്രവര്‍ത്തന കാലയളവില്‍ സമുദായ അംഗങ്ങളുടെ പരമ്പരാഗത തൊഴിലിന്റെ ആവശ്യത്തിനായി ഈറ്റ ലഭ്യതയുടെ പ്രശ്‌നം ഉന്നയിക്കുകയും വനാന്തരങ്ങളി ല്‍ നിന്നും ഈറ്റ വെട്ടിയെടുക്കുന്നതിനുള്ള ഈറ്റ പാസ് സമ്പ്രദായം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു.പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുക, സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി നല്‍കുക, അര്‍ഹരായവര്‍ക്ക് 10 രൂപ ശമ്പളത്തില്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തി. 1934 ല്‍ ശ്രീമൂലം പ്രജാസഭ ശ്രീമൂലം അസംബ്ലിയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മഹാത്മ അയ്യങ്കാളിയോടൊപ്പം മഹാത്മ കാവാരികുളം കണ്ടന്‍ കുമാരനും നിയമസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

ജ്ഞാനം കൊണ്ട് മനസ്സിനേയും, കായികാഭ്യാസം കൊണ്ട് ശരീരത്തേയും ശക്തിപ്പെടുത്തുവാന്‍ അദ്ദേഹം സമുദായാംഗങ്ങളെ ആഹ്വാനം ചെയ്തു. ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും പിന്തുടര്‍ന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ പാതയിലൂടെയായിരുന്നു കാവാരികുളം കണ്ടന്‍ കുമാരന്റെ പ്രവര്‍ത്തന പഥം. സ്വസമുദായത്തിലെ ആവാസ കേന്ദ്രങ്ങള്‍ തേടിപ്പിച്ചു, അവരിലേക്ക് ആധുനീക ജീവിത ശൈലിയുടെ ബാലപാഠങ്ങള്‍ തൊട്ട് ആരംഭം കുറിക്കേണ്ട ബാധ്യതയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്ന ത്.അടിസ്ഥാന വിഭാഗങ്ങളുടെ അപരിഷ്‌കൃതമായ ഭക്ഷണശീലം,വൃത്തിയില്ലായ്മ,ദിശാബോധരാഹിത്യമായ ജീവിതം എന്നിവയ്ക്ക് അന്ത്യം കുറിച്ചു അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കണ്ടന്‍കുമാരന്‍ ലക്ഷ്യമിട്ടത്.ജ്ഞാനം കൊണ്ട് മനസ്സിനേയും, കായികാഭ്യാസം കൊണ്ട് ശരീരത്തേയും ശക്തിപ്പെടുത്തുവാന്‍ അദ്ദേഹം സമുദായാംഗങ്ങളെ ആഹ്വാനം ചെയ്തു.സ്വയം പരിഷ്‌കരണം കൊണ്ടു മാത്രം നടക്കുന്നതല്ല അധ:സ്ഥിത അവസ്ഥയില്‍ കഴിയുന്ന സമൂഹങ്ങളുടെ മോചനം. സമ്പത്ത് ഇല്ലായ്മ ഒരു വലിയ പ്രശ്‌നമായിരുന്നു. അതിന് വേണ്ടി പരമ്പരാഗതമായ ഈറ്റവെട്ട് തൊഴിലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സാമ്പത്തികമായ ഉയര്‍ച്ച പ്രദാനം മറ്റ് തൊഴിലുകളില്‍ കൂടി വ്യാപൃതരാകുവാനും അദ്ദേഹം സമുദായ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു.അക്കാലത്ത് സമ്പത്ത് കേന്ദ്രീകരിച്ചിരുന്നത് ഭൂമിയിലായിരുന്നു.അതു മനസ്സിലാക്കിയാണ് അദ്ദേഹം ‘സര്‍ക്കാര്‍ ഭൂമി,ദാനപ്പതിവിലൂടെ’ എന്ന ആശയത്തിന് രൂപം നല്‍കുന്നത്. ആ ആശയം യാഥാര്‍ഥ്യമാക്കാനുള്ള കഠിനാധ്വാനമായിരുന്നു കണ്ടന്‍കുമാരന്റെ ജീവിതാന്ത്യം വരെ അദ്ദേഹം നടത്തിയത്. ഇന്ന് തിരുവിതാംകൂര്‍ ഭാഗത്തുള്ള അടിസ്ഥാന വിഭാഗങ്ങളുടെ ആവാസ മേഖലകളില്‍ പലതും അത്തരത്തിലുള്ള അദ്ദേഹത്തിന്റെ ശ്രമഫലമായി ലഭിച്ചതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൂത്തമകന്‍ പി കെ കുമാരന്റെ കൂടെ ചെങ്ങന്നൂരിലായിരുന്നു അദ്ദേഹത്തിന്റെ ജീവിത സായാഹ്നം. ഒരു തിരുവനന്തപുരം യാത്ര കഴിഞ്ഞു വന്നപ്പോള്‍ പിടിപെട്ട ചെറിയ പനി കലശലാവുകയും മാവേലിക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പനിക്കൊപ്പം കാസരോഗവും കലശലാവുകയായിരുന്നു. നാല്പത് ദിവസത്തെ ആശുപത്രി വാസവും ചികിത്സയും കാര്യമായ ശമനം നല്‍കിയില്ല. അവസാനനാളുകളില്‍ അതിസാരം കൂടി പിടിപെട്ടതിനെ തുടര്‍ന്ന് രോഗത്തിന്റെ കാഠിന്യമോ രോഗി യുടെ അനുവാദമൊ പരിഗണിക്കാതെ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കുകയാണ് ഉണ്ടായത്. മക്കളും കുടുംബവും താമസിക്കുന്ന പെരുമ്പട്ടിയിലേക്ക് തന്നെ പോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. എന്നാല്‍ വാഹന സൗകര്യം അപര്യാപ്തമായ ആ കാലത്ത് മാവേലിക്കരയി ല്‍ നിന്ന് മലയോര പ്രദേശമായ പെരുമ്പട്ടിയിലേക്കുള്ള യാത്ര ദുഷ്‌കരമേറിയതായിരുന്നു. എങ്കിലും അ ദ്ദേഹത്തിന്റെ അനുയായികള്‍ അതിനു തയ്യാറായി. ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ എത്തിയപ്പോഴേക്കും അസ്വസ്ഥത വര്‍ദ്ധിക്കുകയും അവിടെ അമ്മൂമ്മേത്തു എന്ന കുടുംബത്തില്‍ തങ്ങി വിശ്രമിച്ചു. വെളുപ്പിനു തന്നെ പെരുമ്പട്ടിക്കുള്ള യാത്ര തുടര്‍ന്നെങ്കിലും ആറാട്ടുപുഴയില്‍ എത്തുമ്പോഴേക്കും രോഗം വീണ്ടും മൂര്‍ച്ഛിക്കുകയും യാത്ര തുടരാനാവാതെ നല്ലുമല എന്ന കുടുംബത്തില്‍ അദ്ദേഹത്തെ എത്തിച്ചു. 1934 ഒക്ടോബര്‍16 ലെ സ ര്യോദയത്തിന് മുന്‍പ് തന്നെ തന്റെ എഴുപത്തിയൊന്നാമത്തെ വയസ്സില്‍ സംഭവബഹുലമായ ആ കര്‍മ്മ തേജസ്സിന്റെ പ്രകാശം എന്നേക്കുമായി അണഞ്ഞു. കുടുംബാംഗങ്ങളുടെ സാന്നിധ്യം പോലുമില്ലാതെ സംസ്‌കാരം ആറാട്ടുപുഴയില്‍ നടന്നു. വാര്‍ത്ത നാട്ടിലെത്തിയത് ദിവസങ്ങള്‍ക്കു ശേഷം മാത്രം.

ഇന്ന് അദ്ദേഹത്തിന്റെ നൂറ്റിഅന്‍പത്തിയേഴാം ജന്മവാര്‍ഷിക ദിനത്തില്‍, എക്കാലവും സാംസ്‌കാരിക കേരളത്തിന്റെ ഓര്‍മ്മകളില്‍ ആദരവോടെ തെളി ഞ്ഞു ജ്വലിക്കേണ്ട ആ മഹാത്മാവിനെ, നവോഥാന നായക പരമ്പരയില്‍ നക്ഷത്ര ശോഭയോടെ തെളി യേണ്ട ആ മഹാത്മാവിനെ ലോഹ്യ ദര്‍ശന വേദി അത്യാദരവോടെ ഓര്‍മ്മിക്കുന്നു, ഒരു പക്ഷെ, കഴിഞ്ഞു പോയ കാലങ്ങളില്‍ കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിലനിന്നിരുന്ന ആശാസ്യമല്ലാത്ത അനാരോഗ്യകരമായ പ്രവണതകളുടെ ഫലമായി തമസ്‌ക്കരണത്തിന്റെ ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക് നിഷ്‌ക്കരുണം ചവുട്ടി താഴ്ത്തപ്പെട്ട,ആ നവോഥാന നായകനെ അഭിമാനപൂര്‍വ്വം സാംസ്‌കാരിക കേരളത്തിന്റെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply