മധു : നിയമസഹായം നല്‍കാന്‍ മമ്മൂട്ടി വേഷമിടുമ്പോള്‍

2018 ഫെബ്രുവരി 22ന് പട്ടിണി വയറില്‍ മെലിഞ്ഞുണങ്ങിയ കൈകള്‍ ചേര്‍ത്ത് വെച്ച് മുഷിഞ്ഞു കീറിയ കച്ചത്തുണികൊണ്ട് വരിഞ്ഞുമുറുക്കി ക്രൂരമായി തല്ലിക്കൊല്ലപ്പെട്ട ആദിവാസി മധുവിനു വേണ്ടി നാലു കൊല്ലമായി ഭരണകൂടത്തിന് ഒരു സ്‌പെഷല്‍ പ്രോസിക്യൂട്ടറെ ഹാജരാക്കാന്‍ പോലും കഴിഞ്ഞില്ല. ഈ അവസ്ഥയില്‍ സിനിമാതാരമായ മമ്മൂട്ടി നിയമ സഹായം വാഗ്ദാനം ചെയ്ത് രംഗത്തുവന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റേറ്റിന്റെ നിരുത്തരവാദിത്വത്തിന്റെയും ദൗര്‍ബല്യത്തിന്റേയും ജീര്‍ണിച്ച വിടവിലേക്ക് പ്രശസ്തിയുടെയും പണത്തിന്റെയും നക്ഷത്രത്തിളക്കമുള്ള സിനിമാ താരം കടന്നുകൂടിയിരിക്കുന്നു എന്നത് അത്ര ലളിതമായി കാണാന്‍ കഴിയില്ല. കാരണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇത്തരം രക്ഷാധികാര സംഘങ്ങളുടെ കാരുണ്യ മുതലാളിത്ത (Philanthropic Capitalism) താല്പര്യങ്ങള്‍ അതിനിഗൂഢവും അദൃശ്യവുമാണ്.

വീരനായകത്വത്തിന്റെയും ധര്‍മ്മരക്ഷയുടെയും ആള്‍രൂപമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുകയും ആടുകയും പാടുകയും പല വേഷങ്ങളില്‍ അഭിനയിച്ച് സാമ്പത്തിക കുറ്റവാളികളെയും സ്ത്രീപീഡകരെയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന സിനിമാതാരം ജീവിതത്തില്‍ പുതിയ സംരക്ഷകന്റെ വേഷമണിയുന്നത് ഇപ്പോള്‍ മധുവിന്റെ കേസില്‍ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തെ സംരക്ഷിക്കാനാണെങ്കില്‍ പോലും, അതിന് സ്റ്റേറ്റ് വിരുദ്ധ സ്ഥാപന വിരുദ്ധ സ്വഭാവം കൈവരുന്നുണ്ട്.

ഫലത്തില്‍, ഭരണഘടനാ സംരക്ഷണമുള്ള മധു എന്ന ആദിവാസി യുവാവിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിട്ടും ഒരു വിചാരണ പോലുമില്ലാതെ സ്റ്റേറ്റ് പ്രകടിപ്പിക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിനും അനീതിക്കും പരിഹാരക്രിയ എന്ന നിലയിലാണ് സാധുജന സംരക്ഷകന്റെ വേഷത്തില്‍ മമ്മൂട്ടി രംഗപ്രവേശം ചെയ്യുന്നത്. ഒരര്‍ത്ഥത്തില്‍ സ്റ്റേറ്റിന്റെ ധര്‍മ്മരക്ഷ നിര്‍വഹിക്കുന്ന പഴയ ശ്രീകൃഷ്ണ രൂപത്തിന്റെ വിപരീതമാണ് ഇതെന്ന് മനസ്സിലാക്കേണ്ടി വരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇവിടെ സ്റ്റേറ്റ് അല്ലെങ്കില്‍ ദേശരാഷ്ട്രം എന്ന സ്ഥാപനം പ്രതിക്കൂട്ടിലാവുകയാണ്. വ്യവസ്ഥാപിത പോലീസ് സേനയില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും വഴി തെറ്റി വരുന്ന ഐപിഎസ്, ഐഎഎസ് നായകന്മാര്‍ രാഷ്ട്രീയ നേതൃത്വത്തെയും അതിന്റെ ഭരണകൂടത്തെയും വില്ലന്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന വീരനായക ധനകാര്യ സിനിമകള്‍ക്ക് സമാനമായ പ്രയോഗമാണ് മമ്മൂട്ടിയുടെ ഈ ഇടപെടലില്‍ നിന്ന് വായിച്ചെടുക്കേണ്ടത്.

സ്റ്റേറ്റിന് അതീതമായ, ജനാധിപത്യ – പ്രത്യയശാസ്ത്ര പരിഹാസ്യമായ ഒരു നായക രൂപം ജനങ്ങളുടെ/ആദിവാസികളുടെ രക്ഷകനായി ഇവിടെ അവതരിക്കപ്പെടുകയാണ് ചെയ്യുന്നത്. പഴയ തൊഴിലാളിവര്‍ഗ്ഗ സമരങ്ങളുടെ, അവകാശപ്പോരാട്ടത്തിന്റെ വ്യവസ്ഥാ നിഷേധത്തിന്റെ സ്ഥാനത്ത് വ്യവസ്ഥക്കുമതീതമായി വളര്‍ന്നു കയറുന്ന കള്ളക്കടത്തുകാരന്‍, ഐപിഎസുകാരന്‍ എന്‍ജിഒ, പത്രപ്രവര്‍ത്തകന്‍, ഐഎഎസ്സുകാരന്‍ തുടങ്ങിയ നായക രൂപങ്ങള്‍ സൃഷ്ടിക്കുന്ന മമ്മൂട്ടിയുടെ തന്നെ സിനിമകളുടെ പാരഡി ആയാണ് ഒരു രക്ഷാകര്‍ത്താവിന്റെ രൂപത്തിലുള്ള മമ്മൂട്ടിയുടെ ഈ രംഗപ്രവേശം.

മോണിറ്ററി ക്യാപിറ്റലിസവും സ്റ്റേറ്റും തമ്മിലുള്ള വൈരുദ്ധ്യത്തില്‍ നിന്നാണ് ഇത്തരം നായക രൂപങ്ങള്‍ പിറവിയെടുക്കുന്നത്. കോര്‍പ്പറേറ്റ് മുതലാളിത്തവും മൂലധനവും സ്റ്റേറ്റിനെ വകഞ്ഞുമാറ്റി സര്‍വ്വാധികാര ശക്തിയായി മാറുമ്പോള്‍ സ്റ്റേറ്റിനെ സങ്കോചിപ്പിക്കുന്ന, അതേസമയം അതിന്റെ അറപ്പുളവാക്കുന്ന ജീര്‍ണതകളെ മറച്ചുപിടിക്കുന്ന മമ്മൂട്ടിയെ പോലെയുള്ള ബലവാന്‍മാരായ അതികായന്മാര്‍ ഉണ്ടായി വരുന്നത് ധനകാര്യ കോളനീകരണത്തിനെതിരെയുള്ള മുന്നേറ്റങ്ങളെ സൗജന്യ ധനസഹായ സേവനം എന്ന മാരകമായ ആയുധമുപയോഗിച്ച് തകര്‍ക്കുന്നതിനു വേണ്ടിയാണ്. പഴയ കള്ളനും പോലീസും കളിയുടെ മാതൃകകള്‍ പൊളിഞ്ഞു പുറത്തുവരുന്ന മോണിറ്ററി ക്യാപിറ്റലിസത്തിന്റെ ഈ നവനായക ഉല്‍പ്പന്നങ്ങള്‍, യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റിനെ വെറും ഫെസിലിറ്റേറ്ററാക്കി നിര്‍ത്തി ധനകാര്യ പ്രതിസന്ധിയുടെ ഭാഗമായ സാമൂഹ്യ അരക്ഷിതത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നിഗൂഢ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്.

ലക്ഷക്കണക്കിന് വരുന്ന ആദിവാസി / ദളിത് ദരിദ്രരുടെയും ഭൂരഹിതരുടെയും ഭവനരഹിതരുടെയും ഇടയിലെ ഒന്നോ രണ്ടോ കുടിലുകളിലേക്ക് കയറിച്ചെന്ന് ഇത്തരം സിനിമാതാരങ്ങളും വ്യവസായികളും മറ്റും അവരുടെ സാമ്പത്തിക സംരക്ഷണ കവചമായ ട്രസ്റ്റുകള്‍, സന്നദ്ധ സേവാ സംഘങ്ങള്‍ എന്നിവയിലൂടെ സഹായ വാഗ്ദാനം ചെയ്തു് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ഇത്തരം നായക രൂപങ്ങള്‍ കൃത്യവും വ്യക്തവുമായ ഒരു ഐഡിയോളജി പ്രസാധനം ചെയ്യുന്നുണ്ട്. പുത്തന്‍ ധനകാര്യ മുതലാളിത്തത്തിന്റെ കാലത്ത് തങ്ങളുടെ കര്‍മ്മമണ്ഡലത്തില്‍ യാതൊരു സന്മാര്‍ഗ പ്രതിബദ്ധതയും പാലിക്കാതെ തന്നെ ആര്‍ക്കും ‘കാരുണ്യ’ പ്രവര്‍ത്തനത്തിലേക്കും അതിലൂടെ സാമൂഹ്യ അധികാരശ്രേണി യിലേക്കും കടന്നു വരാന്‍ കഴിയും എന്ന് ഇവര്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരു മണിക്കൂര്‍ കൊണ്ട് ഒരു കുടിലിനെ കൊട്ടാരമാക്കി കൊടുക്കുന്ന നിധി കുംഭങ്ങളായും ഇവര്‍ ചിലപ്പോള്‍ അവതരിക്കുന്നു. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വ്യവസായ മൂലധന നിക്ഷേപത്തിന് സഹായം ചെയ്തു കൊടുക്കുന്ന ഫെസിലിറ്റേറ്റര്‍ മാത്രമാണ് ഗവണ്‍മെന്റ് എന്ന് സംശയരഹിതമായി പറയാവുന്ന അവസ്ഥയാണ് കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നത്.

ഇങ്ങനെ മില്യണ്‍ ക്ലബ്ബ്/ ബില്യണ്‍ ക്ലബ്ബ് അംഗങ്ങളുടെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും ചാരിറ്റി സംരംഭങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പിന്നിലെ ആശയ രൂപീകരണവും അതിന്റെ ലക്ഷ്യങ്ങളും റോബര്‍ട്ട് ആര്‍നോവ് (Robert Arnove – Philanthropy and Cultural Imperialism) വിശദീകരിക്കുന്നുണ്ട്.

ലിബറല്‍ ദേശീയതക്കും സര്‍ക്കാരുകള്‍ക്കും അനുകൂലമാകുന്ന വിധത്തില്‍ പൊതുജനാഭിപ്രായം രൂപപ്പെടുത്തുക, വ്യത്യസ്ത ദേശ രാഷ്ട്രങ്ങളിലെ സ്ഥാപനങ്ങളില്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ഉപരിവര്‍ഗ്ഗത്തിന് രൂപം നല്‍കുക, ജനാധിപത്യത്തിലും, രാഷ്ട്ര വ്യവഹാരങ്ങളിലും ഇടപെടുകയും നവലിബറല്‍ പരിഷ്‌കാരങ്ങള്‍ വ്യാപകമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുക, തങ്ങളുടെ സാമ്പത്തിക – രാഷ്ട്രീയ ഇംഗിതങ്ങള്‍ക്കനുസരിച്ചുള്ള ആശയ രൂപീകരണത്തിനും പ്രയോഗത്തിനും ഉതകുന്ന വിധത്തില്‍ പൊതുജന ബോധത്തെ മയക്കിയെടുക്കുക എന്നിങ്ങനെ കൃത്യമായ ലക്ഷ്യത്തോടെയാണ് ഈ ലോകോപകാര സംഘം അവരുടെ കാരുണ്യ സ്പര്‍ശവുമായി പ്രത്യക്ഷപ്പെടുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അധികാര വര്‍ഗ്ഗത്തിന്റെ വ്യവസ്ഥിതിയുടെ അധാര്‍മ്മികമായ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാതെ, അതിന്റെ വേരുകളെ പിഴുതെറിയാതെ ‘സുസ്ഥിരമായ’ സാമൂഹ്യ സുരക്ഷ സാധിക്കുമെന്ന തെറ്റായ ധാരണ വളര്‍ത്തിയെടുക്കുകസ എന്നതും ഇവരുടെ കാരുണ്യ ട്രസ്റ്റുകളുടെ ലക്ഷ്യമാണ്. അങ്ങനെ ഭരണകൂടങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങള്‍ ഉണ്ടെന്നും അവിടെ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരും ധനകാര്യ ഉടമസ്ഥരുമായ തങ്ങള്‍ക്ക് ഇടപെടാന്‍ കഴിയുമെന്നും അതാണ് ഇനി വേണ്ടതെന്നും ജനങ്ങള്‍ക്കിടയില്‍ ആശയപ്രചാരണം നടത്തുകയും ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വ്യവസ്ഥാപരമായ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ വഴിതിരിച്ചു വിടുകയും ചെയ്യുന്നു.

ധനകാര്യ ഭീകരതയുടെ ഈ ആള്‍ രൂപങ്ങളെയും അവരുടെ പ്രിവിലേജിനേയും അധികാര ഘടനയെയും വെല്ലുവിളിക്കുന്ന രാഷ്ട്രീയ തിരിച്ചറിവ് ഇല്ലാതാക്കുകയും അതിലേക്കുള്ള രാഷ്ട്രീയ ചിന്തകളെത്തന്നെ ചിതറിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് ക്ഷതം സംഭവിക്കാത്ത പുതിയ ആശയങ്ങള്‍ അവര്‍ സമൂഹത്തില്‍ പടര്‍ത്തി വിടുന്നു..

ആദിവാസി മധുവിനെ സംരക്ഷിക്കാന്‍ സ്റ്റേറ്റ് ഇടപെടണം. ഭരണഘടനാപരമായ പ്രത്യേക അവകാശങ്ങളുള്ള ആദിവാസികള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ കോടതികള്‍ പോലും തയ്യാറാകാത്ത സാഹചര്യത്തില്‍ സ്റ്റേറ്റിന്റെ ഇടപെടലിനു വേണ്ടി ശക്തമായ പ്രക്ഷോഭം ഉണ്ടാകണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply