ആദിവാസി പ്രശ്‌നത്തിന് രാഷ്ട്രീയപരിഹാരം കാണണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ മുത്തങ്ങയിലെ ആദിവാസികളോട് മാപ്പ് പറയാനും ആദിവാസി പ്രശനത്തിന് രാഷ്ട്രീയപരിഹാരം കാണാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണമെന്ന് എം ഗീതാനന്ദന്‍

മുത്തങ്ങ വെടിവെപ്പുമായി ബന്ധപ്പെട്ട് ശ്രീ എ.കെ ആന്റണി ഖേദം പ്രകടിപ്പിക്കുകയും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും പറഞ്ഞതിനോട് കേരളത്തിലെ ഇടത് – വലത് മുന്നണി നേതൃത്വങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറാകണം. 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തുന്ന ഒരു ഖേദപ്രകടനം കൊണ്ടുമാത്രം ജനാധിപത്യ കേരളത്തിലെ രക്തപങ്കിലമായ ആ അദ്ധ്യായത്തെ തിരുത്താന്‍ സാധ്യമല്ല. അത്രത്തോളം പൈശാചികവും വംശീയവുമായ വിദ്വേഷത്തോടെ നടത്തിയ നരവേട്ടയുടെ അനുഭവങ്ങള്‍ മനുഷ്യമനസ്സുകളില്‍ നിന്നും മാഞ്ഞുപോകില്ല. ശ്രീ. എ.കെ ആന്റണി വ്യക്തമാക്കിയ മറ്റൊരു കാര്യം മുത്തങ്ങ സംഭവത്തിന് ശേഷം കക്ഷിരഷ്ട്രീയ, ഭേദമന്യേ രാഷ്ട്രീയ നേതൃത്വങ്ങള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയെന്നാണ്. ഇത് വസ്തുതാ പരമായ ഒരു കാര്യമാണ്. മുത്തങ്ങയിലെ കിരാതമായ നരവേട്ടയുടെ ഉത്തരവാദിത്തം മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യൂ.ഡി.എഫിനും, ഇടതു മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.എം.നും പോലീസ് -വനംവകുപ്പ് കൈകാര്യം ചെയ്തിരുന്ന എക്സിക്യൂട്ടീവിനും ഉണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍ പോലീസ് നടപടിയിലൂടെ ആദിവാസികളെ കുടിയിറക്കാന്‍ കാബിനറ്റില്‍ തീരുമാനമെടുക്കുന്ന കാര്‍മ്മികത്വം നിര്‍വ്വഹിച്ചത് ശ്രീ. എ.കെ. ആന്റണി ആണ്. എന്നാല്‍ അങ്ങേയറ്റം മനുഷ്യത്വരഹിതമായി ഹര്‍ത്താലും ബന്ദും സൃഷ്ടിച്ച് മുത്തങ്ങയില്‍ ആദിവാസികളെ ഒറ്റപ്പെടുത്തുന്നതില്‍ സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് പങ്കുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെയും, പോലീസ് സേനയേയും അക്രമാസക്തമാക്കി മാറ്റുന്നതില്‍ അന്നത്തെ വനംവകുപ്പുമന്ത്രി കെ.സുധാകരന് ശക്തമായ പങ്കുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മുത്തങ്ങയിലെ ആദിവാസി കുടിലുകളും ആദിവാസികളുടെ ജീവനോപാധികളും അവശേഷിച്ച പച്ചപ്പുകളും ചുട്ടെരിച്ചത് ആരാണ്? 6000 ഏക്കറോളം വനമേഖല ചാമ്പലാക്കിയത് അന്വേഷിക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടോ? കുട്ടികളെയും സ്ത്രീകളെയും ആക്രമിച്ച് ജയിലിലടക്കുക, സ്ത്രീകളെ ബലാല്‍സംഗം ചെയ്യുക, പ്രായം ചെന്നവരെ ഉള്‍പ്പെടെ മര്‍ദ്ദിച്ച് ജയിലലടക്കുക, കറുത്തവരെ എവിടെ കണ്ടാലും അറസ്റ്റ് ചെയ്യുക, ആദിവാസി ഊരുകളില്‍ ആക്രമണം നടത്തുക, ആദിവാസികളെ ആട്ടിയോടിക്കുക, വര്‍ഷങ്ങളോളം തൊഴില്‍ നിഷേധിക്കുക, നേതാക്കളെ തെരഞ്ഞുപിടിച്ച് വകവരുത്താന്‍ പദ്ധതിയിടുക. നൂറുകണക്കിന് ആദിവാസികള്‍ക്കെതിരെ കള്ള കേസെടുക്കുക, കോടികള്‍ മുടക്കി ഇപ്പോഴും ആദിവാസികള്‍ക്കെതിരെ കേസ് നടത്തുക (40 പേര്‍ മരിച്ചുകഴിഞ്ഞു) തുടങ്ങിയവയെല്ലാം ക്രമസമാധാനം ഉറപ്പുവരുത്താനോ? ആദിവാസികള്‍ക്കെതിരെ വനം കയ്യേറി എന്ന പേരില്‍ ഒരു കേസും നിലനിന്നില്ല എന്നിട്ടും വനംകയ്യേറിയതിന്റെ പേരിലാണ് ഇപ്പോഴും വിചാരണ നടക്കുന്നത്. ടൂറിസത്തിന് വേണ്ടി ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ മീറ്റില്‍ മുത്തങ്ങ വില്‍പനക്ക് വെച്ചിരുന്നു എന്ന വസ്തുത ശ്രീ. എ.കെ ആന്റണി ആത്മ കഥയില്‍ പറയുമോ? ഫെബ്രുവരി 19 വരെ ആദിവാസികള്‍ക്കെതിരെ ഒരു പെറ്റിക്കേസുപോലും ഉണ്ടായിട്ടില്ല. ഏതെങ്കിലും പോലീസ് റിപ്പോര്‍ട്ട് ഇല്ല. കേന്ദ്രത്തിന്റെ എന്ത് സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്? ആദിവാസിഭൂമിയുള്‍പ്പെടെ കുടിയേറ്റക്കാര്‍ കയ്യേറിയപ്പോള്‍ ഇല്ലാത്ത വനസംരക്ഷണ ബോധം മുത്തങ്ങയില്‍ മാത്രം എങ്ങിനെ ഉണ്ടായി? മുത്തങ്ങയെ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും സി.ബി.ഐ സമര്‍പ്പിച്ചിട്ടില്ല.ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് (എന്‍.എച്ച്.ആര്‍.സി.) സമഗ്രമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചത്. അത് അട്ടിമറിക്കാന്‍ ആദിവാസികള്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ അന്വേഷിക്കാന്‍ ആരും ആവശ്യപ്പെടാതെ കൈമാറിയത് ആന്റണി സര്‍ക്കാരും ഉന്നത പോലീസ് മേധാവികളുമാണ്. സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചത് ആദിവാസികള്‍ക്കെതിരെയുള്ള കുറ്റപത്രം മാത്രമാണ്. മനുഷ്യാവകാശകമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ മരണം ഇപ്പോഴും അന്വേഷിക്കപ്പെട്ടിട്ടില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വര്‍ഗ്ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉടനടി നഷ്ടപരിഹാരം നല്‍കിയിരുന്നു. ജോഗിയുടെ കുടുംബത്തിനോ, കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്കോ നഷ്ട പരിഹാരം കൊടുത്തിട്ടില്ല. എ.കെ. ആന്റണി പറയുന്ന ഒരു കാര്യം ശരിയാണ്. അദ്ദേഹ ത്തിന്റെ ഭരണകാലത്ത് ഏറ്റെടുത്ത ഭൂമിയും പുനരധിവാസ പദ്ധതികളും മാത്രമാണ് ഇപ്പോഴും നിലവിലുള്ളു. അത് ദുര്‍ബലപ്പെടുത്തുന്നതില്‍ മറ്റ് ഭരണപരമായ കാരണങ്ങളോടൊപ്പം മുത്തങ്ങയിലെ പോലീസ് നടപടി കൂടി കാരണമായി എന്നതാണ് വസ്തുത. മുത്തങ്ങ സമരത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ വനഭൂമി വിട്ടുനല്‍കാന്‍ തയ്യാറായ സാഹചര്യത്തില്‍ ഗോത്രമഹാസഭ വനഭൂമിയില്‍ കുടില്‍കെട്ടിയിട്ടില്ല എന്നത് ശരിയാണ്. എന്നാല്‍ വയനാട്ടിലെ ഭൂവിതരണവും അട്ടിമറിക്കപ്പെട്ടു. വയനാട്ടില്‍ ഭൂരഹിതര്‍ക്ക് നല്‍കേണ്ട ഭൂമിയിലെല്ലാം (ഏതാണ്ട് 4500 ഏക്കര്‍) സി.പി.എം. നേതൃത്വത്തിലുള്ള സംഘടനകളും വെറ്റിനറി യൂണിവേഴ്സിറ്റി, കിര്‍ടാഡ്സ് മ്യൂസിയം തുടങ്ങിയ പദ്ധതികള്‍ക്കായി സര്‍ക്കാരും കയ്യേറുകയാണുണ്ടായത്, മുത്തങ്ങ സംഭവത്തെക്കുറിച്ചും, ആദിവാസി ഭൂപ്രശ്‌നത്തെ സംബന്ധിച്ചും സത്യസന്ധമായ ഒരു ധവളപത്രം പുറത്തുവിടാനുള്ള ജനാധിപത്യ മര്യാദ രാഷ്ട്രീയ സമൂഹം പ്രകടിപ്പിക്കണമെന്നാണ് ആദിവാസി സംഘടനകളുടെയും ജനാധിപത്യവാദികളുടെയും നിലപാട്.

(വാര്‍ത്താസമ്മേളനത്തില്‍ പി.ജി ജനാര്‍ദ്ദനന്‍ (ജനറല്‍ സെക്രട്ടറി,AGMS), സി.എസ്. ജിയേഷ് (AGMS), സി.ജെ.തങ്കച്ചന്‍ (ആദി ജനസഭ) തുടങ്ങിയവരും പങ്കെടുത്തു)

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply