കേരളവും ജനാധിപത്യവും ജയിച്ചു. പക്ഷെ…..
തദ്ദേശ തെരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം
കേരളത്തിലെ ഇരുമുന്നണി സംവിധാനം ശക്തമായി തുടരുമെന്നതു തന്നെയാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന പ്രധാന സൂചന. തീര്‍ച്ചയായും ഇരുമുന്നണി സംവിധാനം കൊണ്ട് രാഷ്ട്രീയകേരളത്തിനു ഗുണകരമായ വശമുണ്ട്. ഓരോരോ സംസ്ഥാനങ്ങള്‍ വെട്ടിപിടിക്കുമ്പോഴും കേരളം പിടിക്കാന്‍ ബിജെപിക്കും എന്‍ഡിഎക്കും കഴിയാത്തത് ഈ സംവിധാനം നിലനില്‍ക്കുന്നതിനാലാണ്. മാത്രമല്ല ഇരുമുന്നണികളും മാറിമാറി അധികാരത്തിലെത്തുന്നതും ജനാധിപത്യപ്രക്രിയയില്‍ ഗുണകരമാണ്. ഒരു മുന്നണിയുടേയോ പാര്‍ട്ടിയുടേയോ വ്യക്തിയുടേയോ ആധിപത്യത്തിനു ഒരു പരിധിവരെ തടയിടാന്‍ അതിനാകും. മറുവശത്ത് പക്ഷെ കവി പാടിയ പോലെ ഇടതുകാലിലെ ചെളി വലതുകാലിലേക്കും വലതുകാലിലേത് ഇടതുകാലിലേക്കും മാറ്റുകയാണ് നമ്മള്‍. പുതിയൊരു രാഷ്ട്രീയപരീക്ഷണത്തിനുള്ള സാധ്യതകള്‍ ഈ മുന്നണി സംവിധാനം വിദഗ്ധമായി തടയുന്നു.
ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ കേരളവും ജനാധിപത്യവും ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചു എന്നു പറയാം. ഏറ്റവും അനുകീലസാഹചര്യമെന്ന് വിലയിരുത്തിയിട്ടും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ എന്‍ഡിഎക്കായില്ല എന്നതാണ് അങ്ങനെ പറയാന്‍ പ്രധാന കാരണം. മൂന്നാം മുന്നണി എന്നൊക്കെ പറയുമ്പോഴും ഇരുമുന്നണികളേക്കാള്‍ വളര ദൂരെയാണ് ഇന്നും എന്‍ഡിഎയുടെ സ്ഥാനം. ആ നില മെച്ചപ്പെടുത്തുമെന്നായിരുന്നു ബിജെപിയുടെ ഇത്തവണത്തേയും അവകാശവാദം. ബിജെപി പ്രസിഡന്റ് പദമേറ്റെടുത്ത കെ സുരേന്ദ്രനാകട്ടെ അതൊരു അഭിമാനപ്രശ്‌നവുമായിരുന്നു. തിരുവനന്തപുരെ കോര്‍പ്പറേഷന്‍ പിടിച്ചടക്കുമെന്നവര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനവര്‍ക്കായില്ല. കഴിഞ്ഞ തവണത്തെ അതേ അവസ്ഥയാണ് ഇത്തവണയും. വസ്തുതകളുമായി ഒരു ബന്ധവുമില്ല എന്നു വ്യക്തമായിട്ടും തൃശൂരും പിടിക്കുമെന്ന് ബിജെപി വലിയ വാചകമടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ബിജെപി വിജയിച്ച ഡിവിഷനില്‍ നേതാവ് ബി ഗോപാലകൃഷ്ണന്‍ പോലും തോല്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. അപ്പോഴും പലയിടത്തും മികച്ച പ്രകടനങ്ങള്‍ അവര്‍ കാഴ് വെച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ പലയിടത്തും പാലക്കാടും കൊടുങ്ങല്ലൂരുമൊക്കെ ഉദാഹരണം. ഇവിടങ്ങളില്‍ പലയിടത്തും യുഡിഎഫ് നാമമാത്രമായി പോയി. ഉദാഹരണമായി തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സിന് 10 സീറ്റാണുള്ളത്. കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫിന് 15ഉം എന്‍ഡിഎക്ക് 14ഉം യുഡിഎഫിന് ഒന്നും സീറ്റാണുള്ളത്. സംസ്ഥാനതലത്തില്‍ ഒരുപാടിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും എന്‍ഡിഎക്കായിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി ഗ്രാമപഞ്ചായത്ത് നേടിയെന്നൊക്കെ പറയുമ്പോഴും അത് കേവലം 24 മാത്രമാണ്. കണക്കുകള്‍ നിരത്തി കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി എന്നു സ്ഥാപിക്കാന്‍ സുരേന്ദ്രനും കൂട്ടര്‍ക്കും കഴിയുമായിരിക്കും. എല്‍ഡിഎഫ് – യുഡ്എഫ് ധാരണയെന്നും പ്രചരിപ്പിക്കാം. എന്നാല്‍ എതിരാളികള്‍ പോലും പ്രതീക്ഷിച്ചതിന്റെ അടുത്തൊന്നും അവര്‍ക്കെത്താനായിട്ടില്ല. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നതുതന്നെയാണ് സമീപകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ കടമ. അതിനാലാണ് ജനാധിപത്യവും കേരളവും ജയിച്ചു എന്നു പറയുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മുന്‍സിപ്പാലിറ്റികളിലും ഒരു പരിധിവരെ ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് അല്‍പ്പം നില മെച്ചപ്പെടുത്തിയതൊഴിച്ചാല്‍ ഏറെക്കുറെ അഞ്ചുവര്‍ഷം മുമ്പത്തെ തെരഞ്ഞെടുപ്പു ഫലത്തിനു സമാനമാണ് ഇത്തവണത്തെയും തെരഞ്ഞെടുപ്പുഫലം. നിയമസഭ – ലോകസഭ തെരഞ്ഞെടുപ്പുഫലങ്ങള്‍ മാറി മാറി വരുമ്പോഴും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പൊതുവില്‍ ഇടതുപക്ഷത്തെ ജയിപ്പിക്കുന്ന പാരമ്പര്യമാണ് കേരളത്തിന്റേത്. ഈ തെരഞ്ഞെടുപ്പില്‍ പലപ്പോഴും രാഷ്ട്രീയത്തേക്കാള്‍ പ്രാധാന്യം പ്രാദേശികവിഷയങ്ങള്‍ക്കാണല്ലോ ലഭിക്കാറുള്ളത്. രാജ്യതലസ്ഥാനത്ത് കര്‍ഷകസമരം ആളിക്കത്തുമ്പോള്‍ പോലും പ്രചാരണത്തില്‍ അതൊരു ഗൗരവമായ രാഷ്ട്രീയവിഷയമായി ഉന്നയിക്കാന്‍ സിപിഎമ്മോ കോണ്‍ഗ്രസ്സോ തയ്യാറായില്ല എന്നതു ശ്രദ്ധേയമാണ്. പ്രാദേശികവിഷയങ്ങള്‍ തന്നെയായിരുന്നു പ്രധാനമായും ഉന്നയിക്കപ്പെട്ടത്. മിക്കവാറും ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സുകാരേക്കാള്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരും പരിചിതരുമാണ് കമ്യൂണിസ്റ്റുകാര്‍. ഇത്തവണയാകട്ടെ പ്രളയസമയത്തും കൊവിഡ് സമയത്തുമൊക്കെ അവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. യുഡിഎഫ് ആണ് ഭരിച്ചിരുന്നതെങ്കില്‍ അങ്ങനെയുണ്ടാകുമായിരുന്നോ എന്ന ചോദ്യം പ്രസക്തമായിരിക്കും. പക്ഷെ അങ്ങനെയായാലും കോണ്‍ഗ്രസ്സുകാര്‍ സജീവമായി രംഗത്തുണ്ടാകില്ല എന്നതാണ് വാസ്തവം. സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പല അഴിമതി വിഷയങ്ങളും ഗൗരവമുള്ളതായിരുന്നിട്ടുകൂടി ഏശാതെ പോയതിനുള്ള പ്രധാന കാരണം അതായിരുന്നു. പിന്നീടാകട്ടെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ ഇടപെടലുകള്‍ തികച്ചും അവിശ്വസനീയമായിരുന്നു. മാസങ്ങളോളം അന്വേഷണപ്രഹസനങ്ങള്‍ നടത്തിയിട്ടും സര്‍ക്കാരിനെതിരെ കാര്യമായൊന്നും പുറത്തുകൊണ്ടുവരാന്‍ കഴിയാതായതോടെ ജനങ്ങള്‍ അവ തള്ളുകയായിരുന്നു. ഇക്കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ അവിഹിത ബന്ധം നിലനില്‍ക്കുന്നു എന്നു സ്ഥാപിക്കാന്‍ എല്‍ഡിഎഫിനു കഴിയുകയും ചെയ്തു. അതോടെ പ്രത്യക്ഷത്തില്‍ തന്നെ കഴമ്പുള്ള, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ അഴിമതി പോലും അപ്രസക്തമാകുകയായിരുന്നു. മറുവശത്ത് ലൈഫും പെന്‍ഷനുകളുമടക്കം നിരവധി ക്ഷേമപദ്ധതികള്‍ ഉയര്‍ത്തികാട്ടി പ്രചരണം നടത്താനും എല്‍ഡിഎഫിനായി.
തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന രാഷ്ട്രീയചോദ്യം ജോസ് കെ മാണിയോ പി ജെ ജോസഫോ എന്നതായിരുന്നു. അതിനുള്ള മറുപടി ജോസ് കെ മാണി എന്നു തന്നെ. മധ്യതിരുവിതാംകൂറില്‍ മികച്ച വിജയം ലഭിക്കാന്‍ എല്‍ഡിഎഫിനു സഹായകരമായ പ്രധാന ഘടകം ജോസ് കെ മാണിയുടെ സാന്നിധ്യം തന്നെയാണ്. ഒരു രാഷ്ട്രീയ നൈതികതയുമില്ലാത്ത ഒന്നായിരുന്നു ജോസ് കെ മാണിയുടെ ഇടത്തോട്ടുള്ള ചാട്ടം. സത്യത്തില്‍ കോണ്‍ഗ്രസ്സിനത് ഒഴിവാക്കാമായിരുന്നു. എന്നാല്‍ നേതാക്കളും അണികളും കൂടുതല്‍ ജോസഫിനൊപ്പമാണെന്നാണ് അവര്‍ ധരിച്ചത്. മാത്രമല്ല കോട്ടയത്ത് ഒന്നാം പാര്‍ട്ടിയാകാനുള്ള ഒരാഗ്രഹവും കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. എന്നാല്‍ പുതുപ്പള്ളി പഞ്ചായത്തു പോലും യുഡിഎഫിനു നഷ്ടപ്പെട്ടു. ചരിത്രത്തിലാദ്യമായി പാലയും. തൊടുപുഴയില്‍ പോലും ജോസഫ് വിഭാഗം തകര്‍ന്നടിഞ്ഞു.
മറുവശത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണയാകട്ടെ യുഡിഎഫിന് പ്രതീക്ഷിച്ച മെച്ചം നല്‍കിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫുമായിട്ടായിരുന്നു വെല്‍ഫെയറിന്റെ ധാരണ. എന്നിട്ടുപോലും യുഡിഎഫിന്റെ വെല്‍ഫെയര്‍ ബന്ധത്തെ വര്‍ഗ്ഗീയവും തീവ്രവാദവുമായി വ്യാഖ്യാനിക്കുന്നതില്‍ ഒരുപരിധി വരെ എല്‍ഡിഎഫ് വിജയിച്ചു. അതിനെ പ്രതിരോധിക്കു്‌നനതില്‍ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടു. മാത്രമല്ല, കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ ബന്ധം കാര്യമായ നേട്ടം ഉണ്ടാക്കിയതായും കാണുന്നില്ല. ആര്‍ എം പിയുമായുള്ള ബന്ധത്തെയാകട്ടെ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ തകര്‍ക്കുകയായിരുന്നു. അലന്റെ പിതാവിനെ പോലും പിന്തുണക്കാതെ മത്സരിച്ച് അവിടെ ജയിക്കുകയായിരുന്നു കോണ്‍ഗ്രസ്സ് ചെയ്തത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഷ്ട്രീയമായ പരീക്ഷണങ്ങള്‍ തടയുന്നതില്‍ കേരളത്തിലെ മുന്നണി സംവിധാനം വിജയിക്കുന്നതായി പറഞ്ഞല്ലോ. എത്രയോ വിഷയങ്ങളില്‍ വ്യത്യസ്ഥമായ നിലപാടെടുക്കുന്ന ചെറിയ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ആരവമടുക്കുമ്പോള്‍ അവയെല്ലാം ഓരങ്ങളിലേക്ക് മാറ്റപ്പെടുന്നു. മൂന്നു മുന്നണികളും ഒന്നിച്ചു പിന്തുണക്കുന്ന, ഭരണഘടനാ വിരുദ്ധമായ മുന്നോക്ക സംവരണം തന്നെ ഒരു ഉദാഹരണം. സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ ജനകീയ സമരപ്രതിനിധികള്‍ മത്സരിച്ചു. കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ പോലും വയല്‍ക്കിളികള്‍ക്ക് തങ്ങളുടെ ശബ്ദമുയര്‍ത്താനായില്ല എന്നത് ശ്രദ്ധിക്കുക. യുഎപിഎയും ഭരണകൂട ഭീകരതയും ഉന്നയിച്ചു മത്സരിച്ച അലന്റെ പിതാവ് ഷുഹൈബും തോറ്റുപോയി. കണ്ണൂരില്‍ മത്സരിച്ച സ്‌നേഹ എന്ന ട്രാന്‍സ് വുമണും ജയിച്ചില്ല. അപ്പോള്‍ പോലും മറ്റൊരു രാഷ്ട്രീയ അശ്ലീലത്തിനും ഈ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. കള്ളക്കടത്തുകേസില്‍ കുറ്റാരോപിതനായ കാരാട്ട് ഫെസല്‍ മുഴുവന്‍ ജനങ്ങളേയും ജനാധിപത്യത്തേയും വഞ്ചിച്ച് വിജയിച്ചതിനെയാണ് ഉദ്ദേശിച്ചത്. ഇടതുമുന്നണിയുടെ വിജയത്തിന്റെ മുഴുവന്‍ ശോഭയും ഈ സംഭവം നശിപ്പിച്ചു.
അതേസമയം രാഷ്ട്രീയമായ പരീക്ഷണങ്ങള്‍ അപ്രസക്തമാകുമ്പോഴും അരാഷ്ട്രീയ പരീക്ഷണങ്ങള്‍ വിജയിക്കുന്നതും കേരളം കാണുന്നു. കിഴക്കമ്പലത്തുനിന്ന് നാലു പഞ്ചായത്തുകളിലേക്ക് വിജയം വ്യാപിപ്പിക്കാന്‍ 20 – 20ക്കു കഴിഞ്ഞതുതന്നെ ഉദാഹരണം. രാഷ്ട്രീയക്കാരോടുള്ള ജനങ്ങളുടെ അതൃപ്തിയും അതിന്റെ ഫലമായ അരാഷ്ട്രീയത പ്രചരിക്കുന്നതുമാണ് ഇതിനുള്ള പ്രധാന കാരണം. രാഷ്ട്രീയപ്രബുദ്ധമെന്ന നമ്മുടെ അവകാശവദം തന്നെയാണ് ചോദ്യം ചെയ്യപ്പെടു്‌നനത്. അതുപോലെ തന്നെ കോര്‍പ്പറേറ്റുകളുമായി ബന്ധമില്ലാത്ത ചില ജനകീയ കൂട്ടായ്മകളും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കൊച്ചിയില്‍ വി ഫോര്‍ കൊച്ചി നടത്തിയ പ്രകടനം യുഡ്എഫിന്റെ തോല്‍വിയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഈ പ്രവണതയെ ഒരു പാഠമായി എടുത്താന്‍ നമ്മുടെ പ്രസ്ഥാനങ്ങള്‍ ഇനിയെങ്കിലും തയ്യാറാകണം. അല്ലെങ്കില്‍ കേരളീയ സമൂഹം പൂര്‍ണ്ണമായും അരാഷ്ട്രീയവല്‍ക്കരിക്കപ്പെടാന്‍ അധികം താമസമുണ്ടാകില്ല എന്നുറപ്പ്.
കേരളം നിയമസഭാതെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ഇനിയധികം താമസമില്ല. തീര്‍ച്ചയായും ഇനി വരുന്ന ദിവസങ്ങളില്‍ പാര്‍ട്ടികളും മുന്നണികളും കണക്കുകൂട്ടുകളിലും തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലായിരിക്കും. എന്നാല്‍ തന്ത്രം എന്ന വാക്ക് പൊതുവില്‍ നിര്‍വ്വഹിക്കപ്പെടുന്നത് നിഷേധാത്മക ചിന്തയെയാണല്ലോ. അതു മാറണം, രാഷ്ട്രീയത്തില്‍ നഷ്ടപ്പെടുന്ന മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് മെനയേണ്ടത്. ഒപ്പം ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അതില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാനും. ആ ദിശയിലൊരു ചിന്തക്ക് ഈ തെരഞ്ഞെടുപ്പു ഫലം കാരണമാകുമെന്നു കരുതാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Unmai puratchi
December 17, 2020 at 1:25 pm
Amazing article. Well analyzed and unbiased.