ഉല്‍പ്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാത്ത, ഉപയോഗിക്കുന്നതൊന്നും ഉല്‍പ്പാദിപ്പിക്കാത്ത കേരളമോഡല്‍
1990 കളുടെ മദ്ധ്യത്തോടെ കേരള വികസനമാതൃകയിലെ വിള്ളലുകളും ദൗര്‍ബല്യങ്ങളും പ്രകടമാകാന്‍ തുടങ്ങി. ആദിവാസികളും ദളിതരുമടക്കമുള്ളവര്‍ ഇപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഏറ്റവും ശക്തമായി ഉയര്‍ന്നത്.
കേരള വികസന മാതൃക എന്ന സങ്കല്‍പം ഉരുത്തിരിയുന്നത് 1970 കളുടെ ആദ്യത്തിലാണ്. സാമൂഹ്യ വികസന സൂചകങ്ങളായ സാക്ഷരത, ശരാശരി ആയുസ്സ്, ശിശു മരണനിരക്ക്, പ്രസവത്തില്‍ മരിക്കുന്ന സ്ത്രീകളുടെ ശതമാനം, സ്ത്രീകളുടെ വിദ്യാഭ്യാസം തുടങ്ങി പലതും ഇതില്‍ ഉള്‍പ്പെടുന്നു. വികസിതര്‍ എന്ന് വിളിക്കപ്പെടുന്ന മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ഈ സൂചകങ്ങള്‍ വളരെ ഉയര്‍ന്നവയായിരിക്കും. ആളോഹരി വരുമാനം കുറഞ്ഞിരിക്കുന്ന രാജ്യങ്ങളില്‍ ഈ സൂചകങ്ങളും താഴെ ആയിരിക്കും. എന്നാല്‍ മൂന്നാം ലോകത്തിന്റെ ഈ തുണ്ടില്‍ നടന്ന പഠനങ്ങളില്‍ കാണുന്നത് സാമൂഹ്യ വികസന സൂചകങ്ങളില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് സംസ്ഥാനം എന്നാണ്.
ശരാശരി ആളോഹരി വരുമാനത്തില്‍ വരുമാനം താഴ്ന്നിരിക്കുമ്പോഴും സാമൂഹ്യ വികസനത്തില്‍ മുന്നിലെങ്ങനെ എത്തി എന്ന അന്വേഷണങ്ങള്‍ ഒട്ടനവധി നടന്നു. ഇത് വികസന മാതൃക എന്നു പറയാന്‍ കഴിയില്ലെന്നും മറിച്ച് ഒരു അനുഭവം മാത്രമാണെന്നും അമര്‍ത്യസെന്‍ പറഞ്ഞിട്ടുണ്ട്. മാതൃകയെങ്കില്‍ മറ്റെവിടെയെങ്കിലും കഴിയണം. ഇവിടെ അതില്ല എന്നതാണ് കാരണം. ഇത് ഒരു പ്രത്യേകാനുഭവം മാത്രം. അതെന്തായാലും കേരളത്തിന്റെ ഈ പ്രത്യേകതക്ക് ഒരു പശ്ചാത്തലം ഉണ്ടാകണം. അമര്‍ത്യ സെന്‍ തന്നെ പറയുന്നത് കേരളത്തില്‍ നടന്ന പൊതുപ്രവര്‍ത്തനം ( പബ്ലിക് ആക്ഷന്‍ ) ആണ് കാരണം എന്നാണ്.
ഒന്നര നൂറ്റാണ്ടിലേറെക്കാലം നീണ്ട നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് കേരള വികസന മാതൃകയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നത്. പൊയ്കയില്‍ അപ്പച്ചന്‍, വൈകുണ്ഠസ്വാമി, ശ്രീനാരായണ ഗുരു, മഹാത്മാ അയ്യങ്കാളി , ഡോ. പല്‍പു , പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ മഹാമനീഷികളും അവര്‍ മുന്നോട്ടു വച്ച ആശയങ്ങളും രൂപം നല്‍കിയ പ്രസ്ഥാനങ്ങളും കേരളത്തിലെ പൊതു മണ്ഡലത്തിന് അടിത്തറപാകി. കേരളത്തിലെ ആദ്യ പൊതുവഴി ഉണ്ടാകുന്നത് മഹാത്മാ അയങ്കാളി തന്റെ വില്ലുവണ്ടി ഓടിച്ചപ്പോഴാണ്. പഞ്ചമി എന്ന ദളിത് പെണ്‍കുട്ടിക്ക് പ്രവേശനം ലഭിക്കുമ്പോഴാണ് പൊതു വിദ്യാലയങ്ങള്‍ ഉണ്ടാകുന്നത്. സമുദായങ്ങള്‍ തമ്മിലുള്ള വിടവ് ഇല്ലാതാക്കുന്നതിനൊപ്പം സമുദായങ്ങള്‍ക്കകത്ത് സ്ത്രീപുരുഷ തുല്യതക്കായും പോരാട്ടങ്ങള്‍ നടന്നു. തിരുവിതാംകൂറിലെ രാജഭരണവും ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനവും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും ഈ അടിത്തറ ബലപ്പെടുത്തി.
തുടര്‍ന്ന് കേരളത്തില്‍ വളര്‍ന്നു വന്ന ദേശീയ പ്രസ്ഥാനങ്ങളും കര്‍ഷകരുടേയും തൊഴിലാളികളുടേയും പോരാട്ടങ്ങളും അതില്‍ നിന്നും രൂപം കൊണ്ട ഇടതുപക്ഷ പുരോഗമന രാഷ്ട്രീയവുമെല്ലാം കേരളത്തെ പ്രത്യേകതയുള്ള സമൂഹമാക്കി. ഗ്രന്ഥശാലകളും കലാ കായിക സമിതികളുമെല്ലാം ഇതിന് ശക്തിയേകി. ഭൂമിക്ക് മേല്‍ നില നിന്ന ജന്മിത്ത ബന്ധങ്ങളെ തകര്‍ക്കുകയെന്നത് പ്രസ്ഥാനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായി. ഐക്യകേരളം രൂപപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ അത്ഭുതത്തിനും കേരളം സാക്ഷിയായി. തുടര്‍ന്ന് ജന്മിത്തം അവസാനിപ്പിക്കുന്ന ഭൂപരിഷ്‌ക്കരണത്തിനും പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും വിപുലീകരിക്കുന്ന നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങി. പിന്നീട് ഭരണ മാറ്റങ്ങള്‍ ഉണ്ടായി എങ്കിലും ഏറിയും കുറഞ്ഞും എല്ലാവരും ഇതേ നയം തന്നെ പിന്തുടര്‍ന്നു. നാണ്യവിളകള്‍ നല്‍കിയ അധിക വരുമാനവും പ്രവാസികളായി പോയവര്‍ അയച്ച പണവും കേരളത്തെ ഒരു സമ്പന്ന മുഖമുള്ള സംസ്ഥാനമാക്കി നിര്‍ത്തി. അങ്ങനെ രൂപപ്പെട്ട സേവന സുരക്ഷാ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളാണ് ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിനുമുള്ള നിലപാട് തറയാക്കുന്നത്.
എന്നാല്‍ 1990 കളുടെ മദ്ധ്യത്തോടെ കേരള വികസനമാതൃകയിലെ വിള്ളലുകളും ദൗര്‍ബല്യങ്ങളും പ്രകടമാകാന്‍ തുടങ്ങി. ആദിവാസികളും ദളിതരുമടക്കമുള്ളവര്‍ ഇപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യമാണ് ഏറ്റവും ശക്തമായി ഉയര്‍ന്നത്. ഭൂപരിഷ്‌ക്കരണത്തില്‍ പരിധിയില്‍ നിന്നും ഒഴിവാക്കിക്കൊടുത്ത എസ്റ്റേറ്റുകള്‍ തകര്‍ന്നു തുടങ്ങി, ഭൂരഹിതര്‍ക്ക് മിച്ചഭൂമിയായി വിതരണം ചെയ്യപ്പെടേണ്ട ആ സര്‍ക്കാര്‍ ഭൂമി പാട്ടക്കരാറുകാര്‍ നിയമ വിരുദ്ധമായി മുറിച്ചു വിറ്റു കൊണ്ടിരുന്നപ്പോള്‍ ഭരണകൂടങ്ങള്‍ അവര്‍ക്ക് ഒത്താശ ചെയ്യുന്നവരായി. ഭൂമിക്കും പ്രകൃതിവിഭവങ്ങള്‍ക്കും മേല്‍ നാം നടത്തിവന്ന കയ്യേറ്റ രീതികള്‍ തിരിച്ചടി ക്കാന്‍ തുടങ്ങി. ഇവ കേവല പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കപ്പുറം നിലനില്‍പിനു തന്നെ ഭീഷണിയാകുന്ന രീതിയിലേക്കു വളര്‍ന്നു. അധികാരവികേന്ദ്രീകരണമെന്ന മുദ്രാവാക്യം മറ്റു പല രീതിയിലും വികസന മാതൃകയുടെ പരിമിതികള്‍ തുറന്നു കാട്ടി. നഗരങ്ങള്‍ മാത്രമല്ല ഗ്രാമങ്ങള്‍ പോലും മാലിന്യം കൊണ്ട് മൂടി. ഭൂമി പല രീതിയിലും രാഷ്ട്രീയ വിഷയമായി.
നിപ്പയേയും കൊറോണയേയും ധീരമായി നേരിട്ടു (?) എന്നവകാശപ്പെടുമ്പോഴും ഡെങ്കുവും ചിക്കന്‍ ഗുനിയയും ജപ്പാന്‍ ജ്വരവും മറ്റും ശക്തമായ ഭീഷണി ഉയര്‍ത്തുന്നു. കേരളത്തിലെ വിദ്യാഭ്യാസവും ആരോഗ്യവും അങ്ങേയറ്റം സ്വകാര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി കേരളത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാന നിരീക്ഷണമായി ഞാന്‍ കരുതിപ്പോരുന്നത് ‘ ‘നമ്മള്‍ ഉണ്ടാക്കുന്നതൊന്നും ഉപയോഗിക്കാത്തവരും ഉപയോഗിക്കുന്നതൊന്നും ഉണ്ടാക്കാത്തവരുമാണ്’ എന്നാണു.നമ്മള്‍ ഉത്പാദിപ്പിക്കുന്ന എല്ലാ നല്ല വസ്തുക്കളും ( കശുവണ്ടി, ഏലം, കുരുമുളക്, റബ്ബര്‍, കാപ്പി, തേയില, മല്‍സ്യം, കയര്‍…തുടങ്ങിയവയില്‍ ഒന്നാം ക്വാളിറ്റി) നാം കയറ്റി അയക്കുന്നു. എന്തിനേറെ നമ്മുടെ മിടുക്കരായ കുട്ടികളെ നാം വളര്‍ത്തുന്നത് കയറ്റി അയക്കാന്‍ ആണല്ലോ. നമുക്ക് വേണ്ടതെല്ലാം ( ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങി വലിയ തോതില്‍ തൊഴിലാളികളെ വരെ) നാം ഇറക്കുമതി ചെയ്യുന്നു. നാം ഉണ്ടാക്കുന്നവയുടെയും ഉപയോഗിക്കുന്നവയുടെയും വില നിയന്ത്രിക്കുന്നത് പുറത്തുള്ളവരാണ്. ഉദാഹരണം : റബ്ബര്‍, അതുകൊണ്ടുടാക്കുന്ന ടയര്‍.
ഈ അവസ്ഥയുടെ മറ്റൊരു പ്രധാന ദോഷം മണ്ണില്ലാതെയും ജീവിക്കാം എന്ന ബോധം മലയാളിയില്‍ ഉണ്ടായി എന്നതാണ്. ഭൂമി എന്നാല്‍ കുഴിച്ചും നികത്തിയും മുറിച്ചും മറിച്ചും വില്‍ക്കാനുള്ള ചരക്കു മാത്രം. ഭക്ഷണം മുതല്‍ ഒന്നിനും ഭൂമി വേണ്ട. മണ്ണ് കച്ചവടച്ചരക്കാകുമ്പോള്‍ അതിന്റെ വില നിര്‍ണ്ണയിക്കുന്നത് ജൈവമൂല്യമല്ല എന്ന് വരുന്നു. ഒരേക്കര്‍ നെല്‍പാടത്തിന്റെ വില അത് നികത്തിവിട്ടാല്‍ കിട്ടുന്ന കോടികള്‍ ആകുന്നു. അതുണ്ടാക്കുന്ന ഭക്ഷണമോ അത് ശേഖരിക്കുന്ന മഴവെള്ളമോ അല്ലാതാകുന്നു. കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം നമുക്ക് നഷ്ടമായത് നെല്‍പ്പാടങ്ങളും 75 ശതമാനത്തിലേറെയാണ്.
ഒരിടത്ത് കൃഷി ഭൂമിക്കായി സമരം നടക്കുന്നു. നമ്മള്‍ കൊയ്യും വയലെല്ലാം നമുടേതാകും പൈങ്കിളിയേ എന്ന മുദ്രാവാക്യത്തില്‍ വിശ്വസിച്ചവര്‍ വഞ്ചിക്കപ്പെട്ടു എന്നു തിരിച്ചറിയുന്നു. മറുവശത്ത് കൊയ്യാനാളില്ല എന്ന രോദനവും കേള്‍ക്കുന്നു. കൊയ്യാന്‍ കഴിയുന്നവര്‍ക്ക് ഭൂമി കിട്ടിയില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. കേരള വികസന മാതൃകയില്‍ ആരെങ്കിലും അഭിമാനം കൊള്ളുന്നു എങ്കില്‍ ഇത്തരം പ്രതിസന്ധികള്‍ മറികടക്കാനും അവര്‍ ശ്രമിക്കണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in