സ്ത്രീകളുടെ സവര്‍ണ്ണ സാംസ്‌കാരികതയ്‌ക്കെതിരായുള്ള പോരാട്ട ചരിത്രങ്ങള്‍ക്ക് മേല്‍ ബ്രാഹ്മണ്യത്തിന്റെ മറക്കുട പിടിക്കരുത്

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സഖാവ് സി എസ് സുജാതയ്ക്ക് ഒരു തുറന്ന കത്ത് ..

വിഷയം .. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അവതരിപ്പിച്ച തിരുവാതിരക്കളി സംബദ്ധിച്ച് …

പ്രിയപ്പെട്ട സഖാവേ അഭിവാദ്യങ്ങള്‍ നേരുന്നു ..

അതി സങ്കീര്‍ണ്ണമായ ഈ ഹിന്ദുത്വ ഫാസിസ്റ്റ് കാലഘട്ടത്തില്‍ വാ പിളര്‍ത്തി നില്‍ക്കുന്ന സവര്‍ണ്ണ സാംസ്‌കാരിക ദേശീയതയ്‌ക്കെതിരേയും , അതുത്പാദിപ്പിക്കുന്ന പുരുഷ മേധാവിത്വത്തിനെതിരേയും ചിന്തിക്കുന്ന,പൊളിടിക്കല്‍ ഹിന്ദുത്വയോട് മാത്രമല്ല സാംസ്‌കാരിക ഹിന്ദുത്വയോടും നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീ എന്ന നിലയിലും ആ ചിന്തകള്‍ക്ക് പ്രചോദനം നല്‍കുന്ന നിരവധി ഇടപെടലുകള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ട ചരിത്രത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന ബോധ്യം ഉള്ളതുകൊണ്ടുമാണ് ഇങ്ങനെയൊരു കത്ത് താങ്കള്‍ക്കെഴുതണം എന്ന് തീരുമാനിച്ചത് ..

ഒരു മതേതര വിശ്വാസിയായ സ്ത്രീ എന്ന നിലയില്‍ വളരെ അസ്വസ്ഥതയോടെയാണ് ഞാനീ കത്തെഴുതുന്നത്

എന്റെ അസ്വസ്ഥത ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയാ കമ്മറ്റി സംഘടിപ്പിച്ച തിരുവാതിരക്കളിയാണ് … പലരും ചൂണ്ടിക്കാണിക്കുന്നത് പോലെ തിരുവാതിരക്കളിയിലെ പിണറായി വിജയനെ കുറിച്ചുള്ള സ്തുതിയല്ല എന്റെ അസ്വസ്ഥതയ്ക്ക് കാരണം .. 2015 ല്‍ ആലപ്പുഴയില്‍ നടന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്ന് ഇപ്പോഴും ഇടതുപക്ഷ സ്ത്രീകള്‍ അവതരിപ്പിച്ച തിരുവാതിര എന്ന ആഭാസത്തിന് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ചോര്‍ത്താണ് എന്റെ അസ്വസ്ഥത. ആ അസ്വസ്ഥതയാണ് എന്നെ ഇങ്ങനെ ഒരു തുറന്ന കത്തെഴുതാന്‍ പ്രേരിപ്പിച്ചത്

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളസമൂഹത്തിന്റെ പരിഷ്‌കരണ ശ്രമത്തിന്റെ ചരിത്രം അഥവാ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതലുള്ള ആധുനികതയിലേക്കുള്ള ചുവടുവയ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകുന്നതാണല്ലോ അതിന്റെ ആദ്യ ചുവടു വയ്പ് ബ്രാഹ്മണ്യം നിലനിര്‍ത്തി പോന്നിരുന്ന ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെയായിരുന്നു എന്നുള്ളത് ….അഥവാ ആധുനിക കേരളത്തിന്റെ അടിത്തറ എന്നാല്‍ സവര്‍ണ്ണ സംസ്‌കാരികതയ്ക്കെതിരെയുള്ള പോരാട്ടമായിരുന്നു എന്ന് സാരം .,…

കേരളത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും,ജാതി മേധാവിത്വത്തിനും പുരുഷ മേധാവിത്വത്തിനും,തൊട്ടു കൂടായ്മയ്ക്കും, തീണ്ടിക്കൂടായ്മയ്ക്കും എതിരെ ശക്തമായ പോരാട്ടങ്ങള്‍ നടത്തിക്കൊണ്ടാണ് സാമൂഹ്യ സമത്വം ലക്ഷ്യം വച്ച് അക്കാലത്ത് നവോത്ഥാന മുന്നേറ്റങ്ങള്‍ നിലകൊണ്ടത് എന്നത് ചരിത്രം പകരുന്ന പാഠമാണ് …

എന്നാല്‍ ഈ പോരാട്ടത്തിന് അഥവാ ആധുനികതയിലേക്കുള്ള കുതിപ്പിന് ഏറ്റവും വലിയ തടസമായി നിന്നത് ജാതീയതയും സ്ത്രീകളുടെ സാമൂഹ്യാവസ്ഥയുമായിരുന്നു എന്നത് ചരിത്ര യാഥാര്‍ഥ്യമാണ് സവര്‍ണ്ണ ഹിന്ദുക്കള്‍ക്കിടയിലെ സ്ത്രീകളുടെ അവസ്ഥ കേരളത്തിന്റെ നവോത്ഥാന ചരിത്രം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട് … ഫ്യൂഡല്‍ കാലഘട്ടത്തിലെ മുഴുവന്‍ ദുരന്തവും അവര്‍ പേറിയിരുന്നു ….

ജാതി – പുരുഷ മേല്‍ക്കോയ്മ സമ്മാനിച്ച പാരതന്ത്ര്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ വിമോചന പോരാട്ടങ്ങള്‍ക്ക് ഇടതുപക്ഷ ചിന്തകള്‍ വഹിച്ച പങ്ക് ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് … ആ തിളക്കത്തെ എന്നന്നേക്കുമായി കെടുത്തിക്കളയുന്ന രാഷ്ട്രീയ സമീപനമാണ് സി പി ഐ എം സമ്മേളനങ്ങളോടനുബന്ധിച്ച് 2015ല്‍ ആലപ്പുഴയിലും ഇപ്പോഴിതാ 2022ല്‍ തിരുവനന്തപുരത്തെ പാറശാലയിലും ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിരക്കളി …

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചാതുര്‍വര്‍ണ്യത്തിനെതിരെയുള്ള നവോത്ഥാന മുന്നേറ്റങ്ങള്‍ സമ്മാനിച്ച വിപ്ലവ ചിന്തകളില്‍ ആകൃഷ്ടരായി അന്തപുരങ്ങളില്‍ ആചാരാനുഷ്ടാനങ്ങള്‍ വലിച്ചെറിഞ്ഞു കൊണ്ട് ഇടതു പക്ഷ പ്രസ്ഥാനങ്ങളിലേക്ക് കടന്നു വന്ന കുടുംബങ്ങളെ കുറിച്ച് ഞാന്‍ സഖാവിനോട് വിശദീകരിക്കേണ്ടതില്ലല്ലോ ആര്യാ പള്ളത്തിന്റെ മകള്‍ സഖാവ് ദേവകി വാര്യരുടെ ചരിത്രമൊക്കെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മറന്നാലും അനാചാരങ്ങള്‍ക്കെതിരേയും ജെന്‍ഡര്‍ ജസ്റ്റിസിന് വേണ്ടിയും നിലകൊള്ളൂന്ന ചരിത്ര ബോധമുള്ള മനുഷ്യര്‍ക്ക് മറക്കാന്‍ കഴിയില്ല … ബ്രാഹ്മണ്യം സ്ത്രീകളോട് കാണിച്ച ഹിംസയെ അഡ്രസ് ചെയ്ത, അതിനോട് പോരാടിച്ച സഖാവ് ദേവകി വാര്യര്‍ പില്‍ക്കാലത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രസിഡന്റായി മാറി … ഇന്ന് അതേ സ്ഥാനത്ത് സഖാവ് സി എസ് സുജാതയിരിക്കുമ്പോള്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ തിരുവാതിരക്കളിയിലൂടെ സാംസ്‌കാരിക ഹിന്ദുത്വയെ പുല്‍കുന്നു …

എന്തൊരു വിരോധാഭാസമാണിത് …

സ്ത്രീകളുടെ രാഷ്ട്രീയവത്കരണത്തിന് സുപ്രധാന പങ്ക് വഹിച്ച ഒരു ഇടതുപക്ഷ പാര്‍ട്ടി സവര്‍ണ്ണ പുരുഷാധിപത്യത്തിന്റെ സംഭാവനയായ സാംസ്‌കാരിക ഹിന്ദുത്വയിലേക്ക് സ്ത്രീകളെ നയിക്കുന്നത് എന്ത് രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്?..

കേരള നവോത്ഥാനം സവര്‍ണ്ണ സംസ്‌കാരികതയെ എത്ര ആഴത്തിലാണ് മുറിവേല്പിച്ചതെന്ന് ചരിത്രം സാക്ഷിയാണ് ..ആ മുറിവ് ഉണക്കുക എന്ന നെറികെട്ട പണിയാണ് ഇടതുപക്ഷമിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ..

ജനാധിപത്യ മഹിളാ അസോസിയേഷനെ പോലെ സ്ത്രീ മുന്നേറ്റ ചരിത്രമുള്ള ഒരു പ്രസ്ഥാനം സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരും സാംസ്‌കാരിക ഹിന്ദുത്വയുടെ നടത്തിപ്പു കാരുമാകുന്നത് എത്രമാത്രം ഹീനകരമാണ് …?അത് സ്വന്തം ചരിത്രത്തെ തന്നെ തള്ളിപ്പറയുന്നതല്ലേ? …

നമ്പൂതിരിയെ മനുഷ്യനാക്കണമെന്ന പ്രഖ്യാപനം നടത്തിയത് സഖാവ് ഇ എം എസ് ആയിരുന്നു അക്കാലത്താണ് സവര്‍ണ്ണ സ്ത്രീകള്‍ സംഘടിച്ച് ബ്രാഹ്മണ്യത്തിന്റെ പുഴുത്തു നാറിയ ആചാരങ്ങള്‍ക്കെതിരെ അന്തപുര വിപ്ലവം തുടങ്ങിയത് അന്ന് വലിച്ചെറിഞ്ഞതൊക്കെ ഇന്ന് ആഹ്ലാദാരവങ്ങളോടെ നടപ്പിലാക്കി സാംസ്‌കാരിക ഹിന്ദുത്വയ്ക്ക് ശക്തി പകരാന്‍ പുരോഗമന വിപ്ലവ പ്രസ്ഥാനം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന് യാതൊരു മനസാക്ഷിക്കുത്തുമില്ലേ?

നിങ്ങള്‍ എവിടേക്കാണ് കേരളത്തെ നയിക്കുന്നത്? തിരുവാതിരക്കളിയിലൂടെ നിങ്ങള്‍ എന്ത് സ്ത്രീപക്ഷ രാഷ്ട്രീയ സന്ദേശമാണ് കേരളത്തിന് നല്‍കിയിരിക്കുന്നത് …? ബ്രാഹ്മണിക്കല്‍ പ്രത്യയ ശാസ്ത്രത്തിന്റെ ഇരുട്ടറകളിലേക്ക് കേരളത്തെ നയിക്കുക വഴി നവോത്ഥാനത്തിലൂടെ വീണു കിട്ടിയ വെളിച്ചത്തെ തന്നെയാണ് നിങ്ങള്‍ രാഷ്ട്രീയമായി റദ്ദ് ചെയ്തിരിക്കുന്നത് .. ഒരിക്കലും ഇത് നോക്കി മൗനം പാലിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു തുറന്ന കത്ത് എഴുതിയെങ്കിലും പ്രതിഷേധിക്കണം എന്ന് തീരുമാനിച്ചത് …

ഒരേ ഒരു അഭ്യര്‍ത്ഥന മാത്രം ഈ കത്തിലൂടെ നടത്തുകയാണ്.. ദയവായി കേരളത്തിലെ സ്ത്രീകളുടെ സവര്‍ണ്ണ സാംസ്‌കാരികതയ്‌ക്കെതിരായുള്ള പോരാട്ട ചരിത്രങ്ങള്‍ക്ക് മേല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ബ്രാഹ്മണ്യത്തിന്റെ മറക്കുട പിടിക്കരുത് അത് കൊടും അനീതിയാണ് രാഷ്ട്രീയ അധാര്‍മ്മികതയാണ് …

അഭിവാദ്യങ്ങളോടെ
ശ്രീജ നെയ്യാറ്റിന്‍കര.,

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply