തുടങ്ങാം നമുക്ക് ഗാഡ്ഗിലില്‍ നിന്ന് – ജോണ്‍ പെരുവന്താനം
കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ ഏതാണ്ട് 14600 ച. കി.മി പ്രദേശം അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയുള്ള സ്ഥലങ്ങളാണ്. പ്രകൃതിദത്തമായി തന്നെ ഫാള്‍ട്ട് സോണുകളാണ് ഈ പ്രദേശം, 36000 ത്തോളം ഉരുള്‍പൊട്ടല്‍ മേഖലകളാണ് പശ്ചിമഘട്ടത്തില്‍ ഉള്ളത്.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ 20 വര്‍ഷത്തിനുള്ളില്‍ കേരളം വാസയോഗ്യമല്ലാത്ത ഇടമായി മാറി തീരും. ഭൗമസദാചാരത്തിന്റെ പ്രകടനപത്രികയാണ് ഗാഡ്ഗില്‍ കമ്മീറ്റി റിപ്പോര്‍ട്ട്. ജിഡിപി അടിസ്ഥാനപ്പെടുത്തിയുള്ള എക്കണോമിക്കല്‍ ഗവര്‍ണന്‍സില്‍ നിന്നും പ്രകൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പരിപ്രേക്ഷ്യത്തിലേക്ക് മാറണം എന്നാണ് പ്രാഥമികമായി അത് പറയുന്നത്. രണ്ടാമത്തെ കാര്യം ജനാധിപത്യ സംവിധാനത്തെക്കുറിച്ചുള്ളതാണ്. അതായതു അഞ്ചുവര്‍ഷത്തേക്ക് ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെടുന്നതുകൂടാതെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനങ്ങളെക്കൂടി ഉള്‍കൊള്ളിച്ചുകൊണ്ട് ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചു തീരുമാനമെടുക്കുന്ന തുടര്‍ച്ചയുള്ള ജനാധിപത്യസംവിധാനം ഉണ്ടാകേണ്ടതുണ്ട് എന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നത്.
കേരളത്തെ മാത്രം സംബന്ധിച്ച് പരിശോധിക്കുമ്പോള്‍ പല പ്രതലങ്ങളിലായി പശ്ചമഘട്ട മലനിരകള്‍ക്കും അതിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂപ്രദേശത്തിനും വരുത്തി വച്ച ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇനിയും കണക്കാക്കിത്തിരിക്കുവാന്‍ ആകില്ല. കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍ ഏതാണ്ട് 14600 ച. കി.മി പ്രദേശം അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയുള്ള സ്ഥലങ്ങളാണ്. പ്രകൃതിദത്തമായി തന്നെ ഫാള്‍ട്ട് സോണുകളാണ് ഈ പ്രദേശം, 36000 ത്തോളം ഉരുള്‍പൊട്ടല്‍ മേഖലകളാണ് പശ്ചിമഘട്ടത്തില്‍ ഉള്ളത്. ഇത്തരം മേഖലകളില്‍ ഇനി മനുഷ്യ വാസം സാധ്യമാകില്ല. മുന്‍കാലങ്ങളില്‍ ക്വാറിയിങ് ഉള്‍പ്പടെയുള്ള മൈനിംഗുകള്‍ നടക്കാതിരുന്നതുകൊണ്ടാണ് അവിടെ വാസം സാധ്യമായിരുന്നത്. കഴിഞ്ഞ 20 വര്‍ഷമായി പശ്ചിമഘട്ടത്തിലെ പല മേഖലകളിലും മൈനിംഗുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് 8000 ലധികം ക്വാറികള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പശ്ചിമഘട്ടത്തിന്റെ മുഴുവന്‍ മേഖലകളിലേക്കും ഇവക്കുള്ളിലെ ഉഗ്ര സ്ഫോടനങ്ങള്‍ ആഘാതം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മണ്ണും പാറകളും തമ്മിലുള്ള ബന്ധം വേര്‍പെട്ട് നില്‍ക്കുന്ന സ്ഥിതിയാണ്. ഇതുകൊണ്ടാണ് ചെറിയ മഴയെപോലും താങ്ങുവാന്‍ മണ്ണിനു ശേഷിയില്ലാത്തത്. അപ്പോള്‍ ഇക്കാണുന്നതുപോലെയുള്ള വലിയ മഴ പെയ്താലുള്ള സാഹചര്യം വലിയ ദുരന്തങ്ങള്‍ തന്നെയാകും സൃഷ്ടിക്കുക.
കേരളത്തിലെ ഭൂപ്രകൃതിയില്‍ പാലക്കാടുള്ള പശ്ചിമഘട്ടത്തിന്റെ വിടവിനു വടക്കുഭാഗം രൂപപ്പെട്ടു 200 കോടി വര്‍ഷങ്ങള്‍ക്ക് ശേഷമാണു തെക്കുഭാഗം രൂപപ്പെട്ടത്. അതുകൊണ്ടു തന്നെ ഈ ഭൂപ്രദേശം ഭൂമിശാസ്ത്രപരമായി ദുര്‍ബലമായ ഭൂഗര്‍ഭഘടനയുള്ള പ്രദേശമാണ്. ഇവിടെ പ്രകൃതിക്ക് ആഘാതമായ ഒരു പ്രവര്‍ത്തനവും നടത്താന്‍ പാടില്ലാത്തതാണ്. ഇത്തരം പ്രദേശങ്ങളില്‍ പ്രകൃതിക്ക് ആഘാതമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ കൂടിയും പ്രകൃതി സ്വയമേവ ഇടിഞ്ഞുവീഴുന്ന ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന, മണ്ണിടിച്ചില്‍ ഉണ്ടാകുന്ന പ്രദേശമാണ്. അത്തരം പ്രദേശങ്ങളിലാണ് വലിയ അണക്കെട്ടുകളുപ്പെടെയുള്ള വന്‍കിട നിര്‍മിതികള്‍ നടക്കുന്നത്. കേരളത്തിന്റെ ശരാശരി വീതി എന്ന് പറയുന്നത് 35 കിലോമീറ്റര് മാത്രമാണ്. ഈ ചെറിയ സ്സ്ട്രിപ്പുപോലെയുള്ള പ്രദേശത്തു ഈ ചെങ്കുത്തായ മലനിരകളെ വെട്ടിത്തുരന്നു രണ്ടര ലക്ഷം കിലോമീറ്റര് റോഡുകളാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നത് ഇവിടുത്തെ പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണമാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ കേരളത്തിന്റെ ഭൂവിസ്തൃതിയുടെ അകെ 10 ശതമാനം സ്ഥലം ടാറിട്ടിരിക്കുകയാണ്. ഇതിന്റെ തന്നെ വീതികൂടാനാണ് ഇനിയും സര്‍ക്കാര്‍ ആലോചിക്കുന്നത്. 30-40 മീറ്ററായി ഇതുയര്‍ത്തുമ്പോള്‍ ഈ കണക്കിന്റെ ഇരട്ടിയോളം ഭൂമി ടാറിട്ട നികത്തപ്പെടും. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും അതിന്റെ ജൈവ ആവാസ വ്യവസ്ഥയെയും പരിഗണിക്കാതെ നടത്തുന്ന മുഴുവന്‍ കോണ്‍ക്രീറ്റ് കാടാക്കുന്ന ഈ വികസനം അപകടകരമാണ്. കേരളത്തിന്റെ ഭൂപ്രകൃതിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണിത്.
ഈ ഉരുള്‍പൊട്ടല്‍ മേഖലകളെ പരിശോധിക്കുമ്പോള്‍ റോഡുകളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചില പ്രദേശങ്ങളില്‍ ഭൂമി തകര്‍ന്നിരിക്കുന്നത് എന്നുകാണാം. അശാസ്ത്രീയമായ റോഡ് നിര്‍മാണം പശ്ചിമഘട്ടത്തിന്റെ നിലനില്‍പിന് തന്നെ അപകടമാണ്. കേരളത്തിന്റെ നിലനില്‍പിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ കാര്യം പശ്ചിമ ഘട്ടത്തിന്റെ പരിസ്ഥിതി പുനഃസ്ഥാപനമാണ്. അതല്ലാതെ പുതിയ എക്‌സ്പ്രസ്സ് ഹൈവേയോ അതിവേഗ റെയില്‍ ഉണ്ടാക്കുന്നതോ വ്യവസായ ഇടനാഴി ഉണ്ടാക്കുന്നതോ അതല്ലെങ്കില്‍ പുതിയ വിമാനത്താവളങ്ങള്‍ ഉണ്ടാകുന്നതോ ഒന്നുമല്ല കേരളത്തിന്റെ വികസനം. കേരളത്തിന്റെ ജനങ്ങള്‍ക്ക് ജീവിക്കാനാവശ്യമായ ഒരു ആവാസവ്യവസ്ഥയെ പുനര്‍നിര്‍മിക്കുക എന്നതാണ് അടിയന്തിരമായി ചെയ്യണ്ട കാര്യം. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ കഴിഞ്ഞ നാല്പതു വര്‍ഷത്തിനിടക്ക് കേരളത്തിലെ 7 ലക്ഷം ഹെക്ടര്‍ വനഭൂമിയാണ് വെട്ടിനശിപ്പിച്ചത്. ഈ വനഭൂമിക്ക് പട്ടയം കൊടുക്കുന്ന നടപടിയാണ് സര്‍ക്കാരുകള്‍ ചെയ്തത്. അതായത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി വനഭൂമി നശിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രകൃതി ക്ഷോഭത്തില്‍ ഈ രാഷ്ട്രീയ മത നേതൃത്വങ്ങളെ കൊലക്കുറ്റത്തിന് കേസെടുത്തു കുറ്റവിചാരണ ചെയേണ്ടതാണ്. അവരെ ഈ കുറ്റത്തില്‍ നിന്ന് ഒഴിവാക്കാവുന്നതല്ല.
നമ്മുടെ സമൂഹത്തെക്കുറിച്ചു പഠിക്കുമ്പോള്‍ മനസിലാക്കുന്നത് അകെ മൂന്നരക്കോടി ജനങ്ങള്‍ മാത്രമുള്ള കേരളത്തില്‍ ഒരു കോടി മുപ്പതു ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു ലക്ഷം വാഹങ്ങള്‍ ജെ സി ബി ആണ് ഇരുപത്തെണ്ണായിരം വാഹനങ്ങള്‍ ടിപ്പര്‍ ലോറികളാണ്. ഇവ കേരളത്തില്‍ പണിയെടുക്കാന്‍ തുടങ്ങിയാല്‍ പശ്ചിമഘട്ട മലനിരകള്‍ തന്നെ ഇല്ലാതാക്കാന്‍ പോകുന്ന ഒരു സാഹചര്യമാണ് ഉള്ളത്. നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് നമ്മള്‍ എന്തുചെയ്യും എന്നാണ് ഇതിനു എതിര്‍വാദം പറയുന്നവരുടെ വാദം. എന്നാല്‍ ഇവിടുത്തെ കെട്ടിട നിര്‍മ്മാണ രംഗത്തെ കണക്കുകള്‍ നമ്മള്‍ പരിശോധിച്ചാല്‍ മനസിലാകുന്നത് 64 ലക്ഷത്തോളം കെട്ടിടങ്ങള്‍ അനാവശ്യമായി നിര്മിച്ചിട്ടിരിക്കുന്നു എന്നതാണ് സ്ഥിതി. ആള്‍താമസമില്ലാത്ത 12 ലക്ഷത്തോളം വീടുകള്‍ അടച്ചിട്ടിരിക്കുന്നു എന്നതാണ് സ്ഥിതി. നിര്‍മിച്ചിട്ട് വാങ്ങാനും വില്‍ക്കാനും ആളില്ലാതെ നില്‍ക്കുന്ന 28 ലക്ഷം കടമുറികള്‍. അത്തരത്തില്‍ 64 ലക്ഷം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടിരിക്കുന്നു എന്നതാണ് വസ്തുത. ഇതൊന്നും പോരാതെ വീണ്ടും ഈ പാറപൊട്ടിക്കല്‍ തുടരുകയും ഫ്‌ളാറ്റ്, റിസോര്‍ട്ട് സമുച്ചയങ്ങളും, ഷോപ്പിങ് കോംപ്ലെക്‌സുകളും ഉണ്ടാക്കികൊണ്ടിരിക്കുകയുമാണ്. ഇതൊരുവിധത്തിലും ന്യായീകരിക്കാവുന്നതല്ല. കെട്ടിട നിര്‍മാണത്തിന് കൃത്യമായ ഒരു ചട്ടമില്ല എന്നത് ഇതിനോട് അനുബന്ധിച്ചു വരുന്ന പ്രധാനപ്രശ്‌നമാണ്. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിനു താമസിക്കാന്‍ 1000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കാന്‍ അനുവദിക്കാന്‍ പാടില്ല. കേരളത്തിലെ ഉപരിവര്‍ഗം പ്രാമാണ്യത്തം കാണിക്കുന്നതിനുവേണ്ടി 5000 മുതല്‍ 10000 സ്‌ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണമുള്ള വീടുകളാണ് പണിതുണ്ടാക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ടാക്‌സ് കൂടുതല്‍ വാങ്ങുന്നു എന്നതുകൊണ്ട് എത്രവലിയ നിര്‍മ്മിതിയും അവര്‍ക്ക് സാധ്യമാണ് എന്നത് ന്യായീകരിക്കാവുന്നതല്ല. പ്രകൃതി വിഭവങ്ങള്‍ക്ക് പരിമിതയുണ്ട് എന്ന് മനസിലാക്കികൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നതാണ് പ്രധാനം. കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടുള സാധാരണ മതിലുകളുടെ കണക്കു പോലും നമ്മളെ ഞെട്ടിക്കുന്നതാണ്. 30 ലക്ഷം കിലോമീറ്റര്‍ മതിലാണ് കേരളത്തില്‍ ഉള്ളത്. ഓരോ അഞ്ചു സെന്റ് ഭൂമിക്ക് ചുറ്റും 20 മീറ്റര്‍ എന്ന കണക്കില്‍ മുപ്പതു ലക്ഷം കി മി മതിലാണ് കേരളത്തില്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് നിര്‍മ്മിക്കുന്നതിനാവശ്യമായ ഇഷ്ടികയും കല്ലും കമ്പിയും പാറയുമടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും വീടുകള്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നു.
ഇത്തരത്തില്‍ പല പ്രതലങ്ങളില്‍ നില്‍ക്കുന്ന അനേകം പ്രശനങ്ങളിലേക്കാണ് ഈ പ്രളയലകാലം വിരല്‍ ചൂണ്ടുന്നത്. ഇനി കേരളത്തിന് വേണ്ടത് നമ്മുടെ ജൈവവൈവിധ്യത്തെ നിലനിര്‍ത്താന്‍ കഴിയുന്ന പരിസ്ഥിതിയെ സംരക്ഷിക്കാന്‍ കഴിയുന്ന വികസനമാണ്. കാര്‍ഷിക മേഖല അതില്‍ വളരെ പ്രധാനമാണ്. ഇതിന്റെയെല്ലാം തുടക്കമായി ഗാഡ്ഗി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ ഭാവി വികാസപ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ഒരു മാതൃക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Saheer Paralath
August 14, 2019 at 10:53 am
Fixit before worst