ഓര്‍ക്കാം ഇരിങ്ങാലക്കുടയിലെ നവോതാഥാനപോരാട്ടം കുട്ടംകുളം സമരം

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തില്‍ ഈഴവനായ ബാലു എന്ന യുവാവിനെ കഴകക്കാരനായി നിയമിച്ചതിനെതിരെ തന്ത്രിമാര്‍ രംഗത്തിറങ്ങുകയും ബാലുവിനെ പ്രസ്തുത പദവിയില്‍ നിന്നു മാറ്റുകയു ചെയ്ത സംഭവം ബ്രാഹ്മണ്യത്തിന്റെ കടന്നാക്രമണത്തിന്റേയും ജാതിവിവേചനത്തിന്റേയും അയിത്തത്തിന്റെയും മറ്റൊരു ഉദാഹരണമാണ്. കേരളം എങ്ങോട്ടാണ് പോകുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ക്ഷേത്രപരിസരത്തെ നിരത്തുകളില്‍ കൂടി എല്ലാവര്‍ക്കും നടക്കാനുള്ള അവകാശത്തിനായി നടന്ന കുട്ടംകുളം സമരത്തെ ഓര്‍ക്കുകയാണ് ഈ ലേഖനത്തില്‍.

1946ലായിരുന്നു കുട്ടംകുളം സമരമെന്ന പേരില്‍ ഐതിഹാസികമായ പ്രക്ഷോഭം ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്ര പരിസരത്ത് അരങ്ങേറിയത്. ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുവഴികളിലൂടെ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു പ്രക്ഷോഭം. ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവുമൊക്കെ അതിനകം സംഭവിച്ചുകഴിഞ്ഞിരുന്നു.

പൊതുനിരത്തുകളിലൂടെ വഴിനടക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട് തൊട്ടുകൂടാത്തവരും അടുത്തുവരാന്‍ പാടില്ലാത്തവരും കണ്‍വെട്ടത്ത് കാണാന്‍ പാടില്ലാത്തവരുമായി, മേല്‍ജാതിക്കാര്‍ വരുമ്പോള്‍ തോട്ടിലേക്കോ മുള്‍പടര്‍പ്പുകളിലേക്കോ മാറേണ്ടി വരുന്ന ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി സംഘടിതമായി നടന്ന ആദ്യത്തെ സമരം അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ബാലരാമപുരത്ത് ചാലിയത്തെരുവില്‍ നടന്നതാണ്. അയ്യങ്കാളിയും സഹപ്രവര്‍ത്തകരും പ്രവേശനം നിഷേധിക്കപ്പെട്ട ചാലിയത്തെരുവിന് പ്രവേശിക്കുകയും സവര്‍ണ്ണര്‍ എതിര്‍ക്കുകയും സംഘട്ടനം തന്നെ നടക്കുകയും ഉണ്ടായതിനുശേഷമാണ് അവിടം എല്ലാവര്‍ക്കും വഴി നടക്കാമെന്നുള്ള അവസ്ഥ ഉണ്ടായത്. ഈ സംഭവം 1907ലായിരുന്നു. അതിനുശേഷം നാല്‍പ്പതാം വര്‍ഷത്തിലായിരുന്നു കുട്ടംകുളം സമരം. അപ്പോഴേക്കും തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനവിളംബരം കഴിഞ്ഞ് ഒരു ദശകവും പിന്നിട്ടിരുന്നു. അപ്പോഴായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി, എസ് എന്‍ ഡി പി, പുലയമഹാസഭ, പ്രജാമണ്ഡലം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കുട്ടംകുളം സമരം നടന്നത്. കോണ്‍ഗ്രസ്സ് നിരോധിക്കപ്പെട്ടിരുന്നതിനാല്‍ കോണ്‍ഗ്രസ്സുകാര്‍ സമരത്തില്‍ പങ്കെടുത്തത് പ്രജാമണ്ഡലത്തിന്റെ ബാനറിലായിരുന്നു.

അതിക്രൂരമായ നരനായാട്ടായിരുന്നു പ്രക്ഷോഭകര്‍ക്കെതിരെ ബ്രിട്ടീഷ ഭരണകൂടം നടത്തിയത്. പക്ഷെ അതുകൊണ്ടൊന്നും തടയാവുന്ന ഒന്നായിരുന്നില്ല പ്രക്ഷോഭവീര്യം. ചരിത്രത്തില്‍ ചോര കൊണ്ടെഴുതിയ കുട്ടംകുളം പ്രക്ഷോഭത്തിന്റെ വാര്‍ഷികം ജൂലായ് ആറിന് ആചരിക്കാനിരിക്കെയാണ്, പ്രക്ഷോഭം മൂലം തുറന്നു കൊടുത്ത ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡ് യാതൊരു കാരണവുമില്ലാതെ ദേവസ്വം ബ്ലോക്ക് ചെയ്തിരിക്കുന്നത്. നടക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ദശകങ്ങളായി ബൈക്കുകളും ഓട്ടോകളും ചെറിയ കാറുകളുമെല്ലാം പോയിരുന്ന പൊതുവഴിയാണ് യാതൊരു വിശദീകരണവുമില്ലാതെ അടച്ചിരിക്കുന്നത്. നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് ഇതുമൂലം കിലോമീറ്ററുകള്‍ വളഞ്ഞു പോകേണ്ട ഗതികേടാണ്. ക്ഷേത്രത്തിനു തെക്കു – പടിഞ്ഞാറുഭാഗത്തെ പെരുവല്ലിപാടത്തെ ദളിത് കുടുംബങ്ങളാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. അതേസമയം അമ്പലവാസികളും സവര്‍ണ്ണവിഭാഗങ്ങളും കൂടുതലായി പാര്‍ക്കുന്ന വടക്കു പടിഞ്ഞാറും ഭാഗത്തെ റോഡുകള്‍ വളച്ചു കെട്ടിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

ഇരിങ്ങാലക്കുടയുടെ സാംസ്‌ക്കാരിക സാമ്യൂഹ്യ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് കുട്ടംകുളം എന്നത്. പേരു സൂചിപ്പിക്കുന്നപോലെ ഇതൊരു കുളം തന്നെയാണ്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തില്‍ കുലിപനി മഹര്‍ഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികര്‍മ്മങ്ങള്‍ നിര്‍വഹിച്ചു എന്നും പറയപ്പെടുന്നു. മഹര്‍ഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളില്‍ ഒന്നാണ് കുലിപനിതീര്‍ത്ഥങ്ങളില്‍ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീര്‍ത്ഥക്കുളത്തില്‍ ഉണ്ട് എന്നാണ്‍ വിശ്വാസം. യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹര്‍ഷി വരമായി ആവശ്യപ്പെട്ടത്. മഹര്‍ഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാന്‍ അരുളിചെയ്ത് അനുഗ്രഹിച്ചു. ഗംഗ, യമുന, സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി ‘കുലീപിനി’ എന്ന പേരില്‍ ഒരു തീര്‍ത്ഥം സൃഷ്ടിച്ചു. പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിര്‍മ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം. കേരളത്തില്‍ അപൂര്‍വ്വമായ ഭരതക്ഷേത്രങ്ങളില്‍ ഏറ്റവും പ്രമുഖമായ കൂടല്‍മാണിക്യക്ഷേത്രത്തിന്റെ കിഴക്കെ നടയിലെ വലിയ കുളമാണ് കുട്ടംകുളം. ക്ഷേത്രത്തിന്റെ കിഴക്കേ വാര്യത്തുള്ള കുട്ടന്‍വാരിയര്‍ നിര്‍മ്മിച്ച കുളം എന്ന പേരിലാണ് കുട്ടംകുളം എന്ന പേരു വന്നത്. ഒരിക്കലും നിഴല്‍ വീഴാത്ത കുളം എന്ന പ്രത്യേകതയാണ് കുട്ടം കുളത്തിനുള്ളത്. ദീര്‍ഘചതുരാകൃതിയില്‍ നിര്‍മ്മിച്ച കുളത്തിന്റെ സവിശേഷത കേട്ടറിഞ്ഞ അന്നത്തെ കൊച്ചിരാജാവ് കുളം നിര്‍മ്മിച്ച ആളിന്റെ പേരു തന്നെ കുളത്തിനു നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സൂര്യന്റെ ചാക്രിക ചലനത്തിന് അനുസരിച്ച് രേഖാംശ അക്ഷാംശ രേഖകളെ കണക്കാക്കിയാണ് കുളത്തിന്റെ നിര്‍മ്മാണം എന്നതിനാലാണ് പകല്‍ സമയങ്ങളില്‍ ഇവിടെ നിഴല്‍ വീഴാത്തത്. ഗണിത ശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യമായിരുന്നു കുട്ടന്‍ വാര്യര്‍ക്കുണ്ടായിരുന്നത്.

കുട്ടംകുളത്തിന്റ കിഴക്കെ കുളക്കരയുടെ മതിലിനോട് ചേര്‍ന്ന് ഒരു ‘തീണ്ടല്‍പ്പലക’ ഉണ്ടായിരുന്നു. അതില്‍ ഒരു അറിയിപ്പുണ്ടായിരുന്നു. ചരിത്രരേഖകളില്‍ നമുക്കിത് ഇങ്ങനെ വായിക്കാം:
‘കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്ട് മജിസ്ട്രേട്ട് കോടതിയില്‍ നിന്ന് ക്രിമിനല്‍ നടപടി 125ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാല്‍, കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതില്‍ക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയില്‍കൂടിയും ഹിന്ദുക്കളില്‍ തീണ്ടല്‍ ജാതിക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ക്ഷേത്രവും അതിനകത്തുള്ള തീര്‍ഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാല്‍ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാല്‍ മേല്പറഞ്ഞ വഴികളില്‍കൂടി തീണ്ടല്‍ ജാതിക്കാര്‍ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാല്‍ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു’.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1946 ജൂലായ് മാസത്തിലാണ് കുട്ടംകുളം സമരം നടക്കുന്നത്. ഇന്നത്തെ നഗരസഭാ ഓഫീസിനു മുമ്പിലുള്ള പ്രശസ്തമായ അയ്യങ്കാവു മൈതാനത്തുനിന്നുമാണ് കുട്ടംകുളം സമരത്തിനു തുടക്കമാകുന്നത് .എസ്്.എന്‍.ഡി.പി യോഗത്തിന്റേയും പ്രജാമണ്ഡലത്തിന്റേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പുലയമഹാസഭയുടേയും പ്രവര്‍ത്തകര്‍ ജൂലായ് ആറിന് അയ്യന്‍ങ്കാവില്‍ യോഗം കൂടി കൂടല്‍മാണിക്യത്തിന്റെ കിഴക്കേ നടവഴിയിലേക്ക് ജാഥ നടത്തുവാന്‍ തീരുമാനിച്ചു. തിരുവാതിര ഞാറ്റുവേലക്കിടയിലെ തെളിഞ്ഞ പകലായിരുന്നു അത്. പ്രജാമണ്ഡലം പ്രതിനിധി പുതൂര്‍ അച്യുതമേനോനായിരുന്നു അധ്യക്ഷന്‍. പ്രാസംഗകരായി കമ്യൂണിസ്റ്റ് നേതാവും എസ് എന്‍ ഡി പി സംഘാടകനുമായിരുന്ന പി ഗംഗാധരനും പിന്നീട് ഇ എം എസ് മന്ത്രിസഭയില്‍ അംഗമായ കമ്യൂണിസ്റ്റും പുലയമഹാസഭാ നേതാവുമായിരുന്ന പി കെ ചാത്തന്‍മാസ്റ്ററും. കുട്ടംകുളത്തിന് സമീപം സാരിധരിച്ച് പ്രകടനം നടത്തിയ പുലയ യുവതികളെ സവര്‍ണര്‍ മുറുക്കിത്തുപ്പിയതായിരുന്നു പെട്ടന്നുള്ള പ്രകോപനം. പച്ചയും മഞ്ഞയും ചുവപ്പുമായ കൊടികള്‍. എസ്.എന്‍.ഡി.പി ക്കാര്‍, പുലയമഹാസഭക്കാര്‍ ഇവരെല്ലാം ശാഖകളായി യോഗത്തിന് എത്തിയിരുന്നു. ബീഡിത്തൊഴിലാളി യൂണിയന്‍ ബെല്‍ മെറ്റല്‍ തൊഴിലാളി യൂണിയന്‍, മുന്‍സിപ്പല്‍ തൊഴിലാളി യൂണിയന്‍, കര്‍ഷകസംഘം, വിദ്യാര്‍ത്ഥി ഫെഡറേഷന്‍ എല്ലാവര്‍ക്കും കൊടികള്‍ എല്ലാവരുടേയും വളണ്ടിയര്‍മാര്‍.. തൊഴിലാളി സഹോദരസംഘത്തിന്റെ കലാവിഭാഗക്കാര്‍ ‘സ്വതന്ത്ര ഭാരത നൂതന ചരിതം, സ്വന്തം ചോരയില്‍ എഴുതുന്ന വരേ, എന്ന ഗാനം പാടി. ദേശീയ പതാകയും പാറിയിരുന്നു. പി. ഗംഗാധരന്‍ യോഗസ്ഥലത്തെത്തിയപ്പോള്‍ ദിഗന്തങ്ങള്‍ മുഴങ്ങുമാറുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. അദ്ദേഹം പ്രസംഗിച്ചില്ല. രണ്ട് വാക്ക് പറഞ്ഞു. ‘ കുട്ടംകുളം അതിര്‍ത്തിയില്‍ അയിത്തകല്‍പ്പന റദ്ദാക്കിയതാണെന്നാണ് നേതാക്കന്മാര്‍ പറയുന്നത്. അത് പഴയ 1086ലെ വിളംബരം പ്രകാരമാണത്രെ. ഇന്നതിന് നിയമ പ്രാബല്യമില്ല എന്തായാലും അതിലൂടെ വഴിനടക്കുന്നതിന് ആരെങ്കിലും തടയുമോ എന്ന് നമുക്കവിടെ ചെന്ന് ഒന്ന് നോക്കിയിട്ടുവരാം. ഇവിടെ ക്ഷേത്രപ്രവേശനത്തിനു വേണ്ടിയും ഉത്തരവാദ ഭരണത്തിനു വേണ്ടിയും നമ്മളെല്ലാം ഒന്നിച്ച് സമരം ചെയ്യുന്നവരാണ്. നമുക്കതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാനും പാടില്ല. കൊച്ചി രാജ്യത്തിനി അയിത്തം വെച്ചു പുലര്‍ത്താന്‍ ഒരു ശക്തിക്കും സാദ്ധ്യമല്ല.’ കുട്ടംകുളം റോഡില്‍ നിരോധനമുണ്ടോ എന്നറിയാന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം പ്രകടനമായി കുട്ടംകുളത്തേക്ക് നീങ്ങുകയാണെന്ന് പി ഗംഗാധരന്‍ പ്രഖ്യാപിച്ചു. നിയമലംഘനത്തെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ് പുതൂര്‍ അച്യുതമേനോനും ചില പ്രജാമണ്ഡലം പ്രവര്‍ത്തകരും പിന്മാറി. കമ്യൂണിസ്റ്റ് പാര്‍ടി നേതാവായിരുന്ന കെ വി ഉണ്ണിയുടെയും പി ഗംഗാധരന്റെയും നേതൃത്വത്തില്‍ ആയിരങ്ങള്‍ പ്രകടനമായി നീങ്ങി. കുട്ടംകുളത്തിനു കിഴക്കു ഭാഗത്ത വച്ച് ജാഥ പോലീസ് തടഞ്ഞു. ചുവന്ന തൊപ്പിക്കാരായ പോലീസുകാര്‍ അവിടെ തോളോടുതോളുരുമ്മി നിന്നു. അയിത്തപ്പിശാചിന്റെ ഒരു കോട്ട കെട്ടിയിരുന്നു കയ്യില്‍ ചൂരലും തോളില്‍ ലാത്തിയുമായി മജിസ്ട്രേറ്റും ഡി വൈ എസ് പിയും സിവില്‍ ഗാര്‍ഡുകളും തയ്യാറായി നിന്നിരുന്നു. ഗംഗാധരന്‍ ഒറ്റക്കാണ് ആദ്യം ചെന്നത്. തനിക്ക് പൊതു വഴിയിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമുണ്ടോ എന്നറിയണമെന്ന് ഗംഗാധരന്‍ ഉദ്യോഗസ്ഥന്മാരോട് ആവശ്യപ്പെട്ടു. മറുപടിയായി ഒരു പോലീസുദ്യോഗസ്ഥന്‍ സഖാവിനെ പിറകോട്ടു തള്ളുകായയിരുന്നു.. പോലീസ് വലയം ഭേദിച്ച് മുമ്പോട്ട് നീങ്ങാന്‍ ജാഥ നടത്തിയവര്‍ ശ്രമിച്ചു. സി ഐ സൈമണ്‍ മാഞ്ഞൂരാന്റെയും ഇന്‍സ്പെക്ടര്‍ ശങ്കുണ്ണിയുടെയും നേതൃത്വത്തില്‍ എംഎസ്പിക്കാരുള്‍പ്പെടെ പൊലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞു. നിരോധന ഉത്തരവ് കാണിക്കണമെന്ന് സമരക്കാരും ആവശ്യപ്പെട്ടു. തര്‍ക്കത്തിനിടെ പോലീസ് സമരക്കാരെ വളഞ്ഞിട്ട് തല്ലി. പലരും അടിയേറ്റ് വീണു. വഴിനീളെ ചോരയൊഴുകി. മര്‍ദ്ദനമേറ്റ് സഹികെട്ട കെ വി ഉണ്ണി പൊലീസിനെ തിരിച്ചടിച്ചു. അതോടെ മര്‍ദ്ദനത്തിന്റെ ശക്തികൂടി. വളണ്ടിയര്‍മാര്‍ ചിതറിയോടുന്നതിനിടെ ഉണ്ണിയും പി ഗംഗാധരനും താഴെ വീണു. ഇരുവരേയും കുളത്തിനടുത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിയാണ് പൊലീസ് കലിയൊടുക്കിയത്. പലരും മര്‍ദ്ദനമേറ്റ് ചിതറിയോടി. കുറച്ച് പേരെ പോലീസ് പിടികൂടി ഇരിങ്ങാലക്കുട ജയിലില്‍ എത്തിച്ചു.അവിടേയും ഇവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. മര്‍ദ്ദനത്തിന് പേരുകേട്ട കേന്ദ്രമായിരുന്നു അന്ന് ഇരിങ്ങാലക്കുട സബ്ബ് ജയില്‍. കമ്മ്യൂണിസ്റ്റുകാരെ തല്ലാന്‍വേണ്ടിമാത്രം പ്രത്യേകം പോലീസ് സംഘം ജയിലില്‍ സംഘടിപ്പിച്ചിരുന്നു. തല്ലുകൊടുക്കേണ്ടവരെ അവിടേക്ക് എത്തിക്കുകയായിരുന്നു. അങ്ങനെ എത്തിപ്പെട്ടവരായിരുന്നു വി വി രാഘവനും ഇ ഗോപാലകൃഷ്ണമേനോനും കെ കെ വാര്യരും സി ജനാര്‍ദ്ദനനും കെ വി ഉണ്ണിയും ജോര്‍ജ്ജ് ചടയംമുറിയും ആര്‍ വി രാമന്‍കുട്ടിവാര്യരുമൊക്കെ. കെ വി ഉണ്ണിയെ ലോക്കപ്പിലിട്ട് കൊല്ലാനായിരുന്നു പോലീസ് നീക്കം. എന്നാല്‍ ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അതറിഞ്ഞ് ലോക്കപ്പിന്റെ താക്കോല്‍ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. അങ്ങനെയാണ് സമരത്തിലെ ഇന്നും ജീവനോടെയുള്ള ഏകപോരാളി രക്ഷപ്പെട്ടത്. അടുത്ത ദിവസം സമരനേതാക്കളായിരുന്ന എം കെ തയ്യിലിനേയും പി കെ ചാത്തന്‍ മാസ്റ്ററേയും അറസ്റ്റ് ചെയ്തു. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെ വി കെ വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനുനേരെയും ലാത്തിച്ചാര്‍ജുണ്ടായി. ഇരുവര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. കെവികെ വാര്യരെ രാജ്യദ്രോഹകുറ്റം ചുമത്തി നാലുമാസം ജയിലിലിട്ടു.

ജൂലായ് ആറിന്റെ സംഭവവികാസത്തെ തുടര്‍ന്ന് കൊച്ചിരാജ്യം തിളച്ചുമറിഞ്ഞു. കേരളമാകെ ഇളകി. മലബാറില്‍ നിന്ന് ഛലോ ഇരിങ്ങാലക്കുട എന്നു വിളിച്ച് ജാഥ പുറപ്പെട്ടു. രാജ്യമാകെ കുട്ടംകുളം റോഡ് സമരത്തിന് വളണ്ടിയര്‍മാര്‍ സംഘടിക്കപ്പെട്ടു. പോലീസ് നരനായാട്ട് തുടര്‍ന്നു. ജയിലറകള്‍ പൊതു പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. ജനങ്ങളുടെ മുന്നേറ്റം പ്രജാമണ്ഡലം നേതൃത്വത്തെ ചലിപ്പിച്ചു. ഉടനടി ക്ഷേത്രപ്രവേശനവും ഉത്തരവാദ ഭരണവും അനുവദിക്കാത്ത പക്ഷം സമര നേതൃത്വം പ്രജാമണ്ഡലം ഏറ്റെടുക്കുന്നതാണെന്ന് മഹാരാജാവിന് താക്കീത് നല്‍കപ്പെട്ടു. അയ്യന്‍കാവ് പ്രതിഷേധ മഹാസമ്മേളനത്തില്‍ സഹോദരന്‍ അയ്യപ്പനാണ് കര്‍ക്കിടകം 13ന്റെ സമര പ്രഖ്യാപനം നടത്തിയത്. കൊച്ചിരാജ്യത്ത് ചരിത്ര പ്രസിദ്ധമായ രാഷ്ട്രീയ ഹര്‍ത്താല്‍ ആചരിക്കപ്പെട്ടു. അധികം വൈകാതെതന്നെ ക്ഷേത്ര പ്രവേശന തീയ്യതി നിശ്ചയിക്കാമെന്ന് രാജാവ് പ്രഖ്യാപിച്ചു. ചിങ്ങമാസത്തില്‍ പ്രജാമണ്ഡലം നേതാവ് പനമ്പിളളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ മന്ത്രിസഭ കൊച്ചി രാജ്യത്ത് രാജാവിന്റെ കീഴില്‍ സ്ഥാനമേറ്റു. കേരളത്തിലെ ഏറ്റവും വലിയ ഒരു രാഷ്ട്രീയ സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു. ക്ഷേത്രപ്രവേശനത്തോടെ സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടു.

ജാതിവ്യവസ്ഥയുടെ നിയമങ്ങള്‍ക്കും ജാതിമേധാവിത്വത്തിന്റെ കാര്‍ക്കശ്യത്തിനും എതിരെ അപമാനിക്കപ്പെടുന്നവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് കുട്ടംകുളം സമരത്തില്‍ കാണുന്നത്. പൊതുവായൊരു ലക്ഷ്യത്തിനുവേണ്ടി കക്ഷി സംഘടന വ്യത്യാസം പെരുപ്പിക്കാതെ എല്ലാവരും ഒന്നിച്ചുനിന്നതാണ് കട്ടംകുളം സമരത്തിന്റെ പ്രത്യേകത. മാത്രമല്ല ആരാണോ വഴിനടക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടവര്‍ അവരുടെ സജീവ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. സത്യത്തില്‍ അവര്‍ക്കായിരുന്നു സമരനേതൃത്വം. സവര്‍ണ്ണവിഭാഗങ്ങളിലെ വലിയൊരുവിഭാഗം സമരത്തില്‍ സജീവമായി പങ്കെടുത്തു.

1946ല്‍ ആദ്യം തന്നെ സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷികം ഇരിങ്ങാലക്കുട സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പി.കെ. കുമാരന്റെയും ചാത്തന്‍ മാഷുടെയും മുന്‍കൈയ്യില്‍ നടന്നപ്പോള്‍ ആ സമ്മേളനം അംഗീകരിച്ച മുഖ്യ പ്രമേയങ്ങളിലൊന്ന് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടംകുളത്തെ നിരോധനം ലംഘിക്കും എന്നായിരുന്നു. സഹോദരനയ്യപ്പനാണ് ഈ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചത്. അന്നു തന്നെ പുലയ യുവാക്കളുടെ സൈക്കിള്‍ റാലി നടന്നിരുന്നു. ഇതിനാവശ്യമായ സൈക്കിളുകള്‍ എറണാകുളത്തുനിന്നും തീവണ്ടിയിലെ 3 ബോഗികളിലായാണ് കൊണ്ടുവന്നത്. അവരാണ് ആദ്യമായി നിരോധനം ലംഘിച്ച് ക്ഷേത്രനടയില്‍ മുദ്രാവാക്യം വിലിച്ചത്. എന്‍.പി. വേലായുധനായിരുന്നു സൈക്കിള്‍ ജാഥയുടെ ക്യാപ്റ്റന്‍. ഈ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആയിരം പുലയവനിതകള്‍ ശുഭ്രവസ്ത്രധാരികളായി ഇരിങ്ങാലക്കുട നഗരത്തില്‍ വാളണ്ടിയര്‍ മാര്‍ച്ച് നടത്തിയതും അധസ്ഥിതരില്‍ ആവേശം വിതറിയിരുന്നു.

കെ വി കാളി (പിന്നീട് ചാത്തന്‍മാസ്റ്റര്‍ വിവാഹം കഴിച്ചു) കെ കെ അയ്യപ്പന്റെ ഭാര്യ കാളി, കെ കെ ചക്കി, പി സി കറുമ്പ എന്നിവരടങ്ങിയ സമ്മേളന പ്രചരണ സംഘത്തിന്റെ നേര്‍ക്ക് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുവെച്ച് സവര്‍ണ്ണര്‍ മുറുക്കിത്തുപ്പി. പുലയസ്ത്രീകള്‍ സാരി ധരിച്ചതാണ് സവര്‍ണ്ണരെ പ്രകോപിപ്പിച്ചത്. പുലയ യുവാക്കളുടെ സൈക്കിള്‍റാലിക്ക് നേരെയും കൈയേറ്റം ഉണ്ടായി. നാടെങ്ങും പ്രതിഷേധം ഇരമ്പി. പി കെ കുമാരന്റെ നേതൃത്വത്തില്‍ ജനം കുട്ടംകുളം റോഡിലേക്ക് മാര്‍ച്ച് ചെയ്തു. ജാഥാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചു. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തെ റോഡുകളില്‍ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന 1086ലെ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ കല്പനയ്ക്ക് നിയമസാധുതയില്ലെന്നും ഇപ്രകാരമൊരു ശാശ്വത നിരോധനം നല്കുവാന്‍ ഗവര്‍മെന്റിന് അധികാരമില്ലെന്നും പ്രജാമണ്ഡലം പാര്‍ട്ടി ലീഡര്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ ദിവാനെ സന്ദര്‍ശിച്ച് ധരിപ്പിച്ചു. ക്ഷേത്രപ്രവേശന പ്രക്ഷോഭം ശക്തമാക്കണമെന്ന് എസ് എന്‍ ഡി പിയും തീരുമാനമെടുത്തു. തുടര്‍ന്നായിരുന്നു ജൂലായ് ആറിന്റെ സംഭവങ്ങള്‍ അരങ്ങേറിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനിടയില്‍ ഇരിങ്ങാലക്കുടയിലെത്തിയ ഗാന്ധിജിക്കെതിരേയും പ്രതിഷേധമുണ്ടായി. ഗാന്ധിയുടെ ഹരിജനോദ്ധാരണ മുദ്രാവാക്യം തന്നെ കാരണം. പട്ടികജാതിക്കാര്‍ക്കായി നടത്തിയിരുന്ന നിശാപാഠശാലയിലേക്കായിരുന്നു ഗാന്ധി എത്തിയത്. ചെളിയംപാടത്ത് ഷെഡ് വെച്ചുകെട്ടി ഗാന്ധിയെ സ്വീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സ്വീകരണത്തിനു രണ്ടുദിനം മുമ്പ് ഷെഡ് കത്തിച്ചു. അതുകൊണ്ടൊന്നും കറുത്തവര്‍ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല. വീണ്ടും ഷെഡ് നിര്‍മ്മിക്കുകയും സ്വീകരണപരിപാടി നടക്കുകയും ചെയ്തു.

വഴി നടക്കാനുള്ള അവകാശം ലഭിച്ചെങ്കിലും അമ്പലക്കുളത്തില്‍ കുളിക്കാനും അമ്പലത്തില്‍ കയറാനും അധസ്ഥിതര്‍ക്ക് വീണ്ടും കാത്തിരിക്കേണ്ടിവന്നു. അതിനും വേണ്ടിവന്നു പ്രക്ഷോഭം. വിലക്കുലംഘിച്ച് 11 ദളിതര്‍ കുട്ടംകുളത്തിലിറങ്ങി കുളിച്ചതും ചരിത്രസംഭവം.

ഗുരുവായൂര്‍ സത്യാഗ്രഹം പോലേയോ വൈക്കം സത്യാഗ്രഹം പോലേയോ കുട്ടംകുളം സമരത്തിന് കേരളചരിത്രത്തില്‍ സ്ഥാനം ലഭിച്ചില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ്സ് സജീവമായി ഇല്ലാതിരുന്നതാണ് അതിനു പ്രധാന കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്. കമ്യൂണിസ്റ്റുകാര്‍ക്കാകട്ടെ നവോത്ഥാനസമരങ്ങള്‍ മുഖ്യ അജണ്ടയായിരുന്നില്ല. വര്‍ഗ്ഗസമരത്തെ പുഷ്ടിപ്പെടുത്താനായിരുന്നു അവര്‍ക്ക് നവോത്ഥാന സമരങ്ങള്‍. അതിനാല്‍തന്നെ പിന്നീട് ഈ സമരചരിത്രം അര്‍ഹിക്കുന്ന വിധത്തില്‍ രേഖപ്പെടുത്തപ്പെട്ടില്ല. കമ്യൂണിസ്റ്റിനൊപ്പം ഗാന്ധിയനുമായിരുന്ന കെവികെ വാര്യരുടെ ഇരിങ്ങാലക്കുടയെ കുറിച്ചുള്ള പുസ്തകത്തിലാണ് കാര്യമായ പരാമാര്‍ശമുള്ളത്. ഇടക്കാലത്ത് സമരത്തില്‍ പങ്കെടുത്തവര്‍ക്ക് താമ്രപത്രം നല്‍കണമെന്ന നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ വേണ്ടത്ര രേഖകള്‍ ലഭിക്കാത്തതിനാല്‍ അതു നടന്നില്ല. ഗോമതി പത്രമായിരുന്നു സമരത്തെ കുറിച്ച് കാര്യമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാലതിന്റെ കോപ്പികളും ലഭിച്ചില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply