കര്‍ഷകരെ കൊലക്കയറെടുപ്പിച്ച ഹരിത വിപ്ലവം!

ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ദൈവീക പ്രക്രിയായി ഹരിതവിപ്ലവത്തെ വായ്ത്തുന്നവര്‍ അതിന്റെ യഥാര്‍ത്ഥ ചരിത്രവും പ്രത്യാഘാതങ്ങളും അറിയണമെങ്കില്‍ ശ്രീ അശോകകുമാര്‍ വി എഴുതിയ ‘ഹരിതവിപ്ലവം ദുര്‍ഭൂതങ്ങളുടെ വിഷക്കനി’യെന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും

നാം ഇന്ന് പ്രാദേശികമായി അനുഭവിക്കുന്ന കാര്‍ഷിക പ്രതിസന്ധികളെക്കുറിച്ച് കര്‍ഷകരുടെ വരുമാനത്തെപ്പറ്റി, ന്യായവിലയെപ്പറ്റി, വിപണിയെപ്പറ്റി, അതിനെ പരിഹരിക്കാനാവശ്യമായ സുസ്ഥിര സംവിധാനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴൊക്കെ ചിലര്‍ എപ്പോഴും പഴയ പട്ടിണിയെക്കുറിച്ചും കഷ്ടപ്പാടിനെക്കുറിച്ചും ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങളെക്കുറിച്ചുമൊക്കെ വാചാലാരാകും.

ഹരിത വിപ്ലവം പട്ടിണി മാറ്റിയോ ഇല്ലയോ എന്ന ചോദ്യത്തിലേക്ക് വരുന്നതിനു മുമ്പ് പ്രധാനപ്പെട്ട മറ്റൊരു ചോദ്യമുണ്ട്. ഹരിത വിപ്ലവം ഇന്ത്യയിലെ കര്‍ഷകരെ സംതൃപ്തരാക്കിയോ?

നമ്മുടെ നാട്ടിലെ കര്‍ഷകര്‍ സന്തുഷ്ടരാണോ? രാജ്യത്തിന് ഭക്ഷണം ഉത്പാദിപ്പിക്കുന്ന നെടും തൂണായ ബഹുഭൂരിഭാഗം വരുന്ന ഭാരതത്തിലെ കര്‍ഷകരുടെ അവസ്ഥയെന്താണിന്ന്? ഹരിത വിപ്ലവം മൂലം ഉത്പാദന വര്‍ദ്ധനവുണ്ടായെന്ന് അവകാശപ്പെടുന്നവര്‍ എന്തുകൊണ്ട് ഇന്ത്യയിലെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് കാണുന്നില്ല?

മറ്റു ജോലികള്‍ക്ക് പോയി വരുമാനം കണ്ടെത്തുന്നവര്‍ അറുപതുകളിലെയും എഴുപതുകളിലെയും അവരുടെ കഷ്ടപ്പാടുകളുടെ നാളുകളെ അയവിറക്കി ഹരിതവിപ്ലവത്തിന് നന്ദി പറയുമ്പോള്‍ മറന്നു പോകുന്നത് ഇന്നും ഇന്ത്യയില്‍ അനേകം കര്‍ഷകര്‍ ദാരിദ്ര്യത്തില്‍ കഴിയുന്നുണ്ട് എന്ന സത്യമാണ്! നബാര്‍ഡിന്റെ പുതിയ കണക്കനുസരിച്ച് 45 ശതമാനം വരുന്ന ഇന്ത്യന്‍ കര്‍ഷകരുടെ ശരാശരി ദിവസ വരുമാനം വെറും 150 രൂപയില്‍ താഴെയാണ്.

ഇന്ത്യയിലെ ചെറുകിട കര്‍ഷകരുടെ, കര്‍ഷക തൊഴിലാളികളുടെ ദാരിദ്ര്യത്തിനു കാരണം അസമത്വത്തിന്റെ കൃഷിരീതികള്‍ നടപ്പിലാക്കിയ ഹരിതവിപ്ലവമാണ്! കര്‍ഷകരെ ചൂഷണം ചെയ്തിട്ടാണോ രാജ്യത്തിന്റെ പട്ടിണി മാറ്റേണ്ടത്? കര്‍ഷകരെ കരുവാക്കി മറ്റു അനുബന്ധ മേഖലയിലിലുള്ളവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കി കൊടുക്കാന്‍ വേണ്ടിയായിരുന്നോ ഹരിത വിപ്ലവം നടപ്പിലാക്കിയത്? രാസവളക്കമ്പനികള്‍ വളര്‍ന്നു, കീടനാശിനിക്കമ്പനികള്‍ വളര്‍ന്നു, വിത്ത് കമ്പനികള്‍ വളര്‍ന്നു, കച്ചവടക്കാര്‍ വളര്‍ന്നു, കയറ്റുമതിക്കാര്‍ വളര്‍ന്നു കാര്‍ഷിക സ്ഥാപനങ്ങള്‍ വളര്‍ന്നു, കര്‍ഷകര്‍ മാത്രം ദുരിതം അനുഭവിക്കുന്നു.

ഓരോ അരമണിക്കൂറിലും ഒരു കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ! കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ മാത്രം നാല് ലക്ഷം കര്‍ഷകര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു.അതുകൊണ്ട് തന്നെ പുതുതലമുറ കൃഷിയിലേക്ക് വരാന്‍ മടിക്കുന്നു. വിത്തും വിജ്ഞാനവും വളവും കീടനാശിനികളും വില്‍ക്കുന്നവര്‍ തടിച്ചു വീര്‍ക്കുമ്പോള്‍ കര്‍ഷകര്‍ മാത്രം ആത്മഹത്യ ചെയ്യുന്നു. കാര്‍ഷിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. വരുമാനക്കുറവ് കാരണം ഇന്ത്യയില്‍ ഏതെങ്കിലും ഒരു കാര്‍ഷിക ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടുണ്ടോ? വിളവ് വര്‍ദ്ധിപ്പിക്കൂ വിളവ് വര്‍ദ്ധിപ്പിക്കൂ എന്ന് നിരന്തരം പറയുന്നവര്‍ എന്തു കൊണ്ട് കര്‍ഷകരുടെ വരുമാനം ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഹരിതവിപ്ലവം കര്‍ഷകരോട് ചെയ്‌തെന്താണെന്ന് നമ്മളറിയണം.

ഹരിതവിപ്ലവത്തിന്റെ ചരിത്രം

ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ദൈവീക പ്രക്രിയായി ഹരിതവിപ്ലവത്തെ വായ്ത്തുന്നവര്‍ അതിന്റെ യഥാര്‍ത്ഥ ചരിത്രവും പ്രത്യാഘാതങ്ങളും അറിയണമെങ്കില്‍ ശ്രീ അശോകകുമാര്‍ വി എഴുതിയ ‘ഹരിതവിപ്ലവം ദുര്‍ഭൂതങ്ങളുടെ വിഷക്കനി’യെന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും

1951- 55 ലെ ജെ സി കുമരപ്പയുടെ ഗാന്ധിയന്‍ ആശയത്തിലൂന്നിയ ഒന്നാം പഞ്ചവത്സര പദ്ധതി കാര്‍ഷിക മേഖലയെ മൊത്തം ഉയര്‍ത്തെഴുന്നേല്‍പിച്ചപ്പോള്‍ ഗ്രാമങ്ങളില്‍ ഉത്പാദന വര്‍ദ്ധനവ് ആരംഭിച്ചിരുന്നു. അന്‍പതുകളില്‍ 50 മില്യണ്‍ ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ ഉല്‍പാദിച്ചിരുന്ന സമയത്ത് അത് അറുപതാകുമ്പോഴേക്കും 82 മില്യണ്‍ ടണ്ണിലേക്കെത്തിയിരുന്നു. വിപുലമായ ജലസേചന സൗകര്യങ്ങളോ രാസവളങ്ങളോ അത്യുല്‍പാദന വിത്തുകളോ ഇല്ലാതെയാണ് ആ സമയത്ത് ഇത് സാധിച്ചത്! പലരും പ്രതീക്ഷിച്ച പോലെ സ്വാതന്ത്ര്യാനന്തരം വലിയ ക്ഷാമങ്ങള്‍ ഇന്ത്യയിലുണ്ടായില്ല! ബ്രിട്ടീഷ് ഭരണത്തിന്റെ കൊടുംചൂഷണത്തില്‍ നിന്ന് കരകയറിയ സ്വാതന്ത്ര്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഗ്രാമസ്വരാജില്‍ അടിയുറച്ച കാര്‍ഷിക മേഖലയിലൂന്നിയ ഒന്നാം പഞ്ചവത്സര പദ്ധതിയിലൂടെ ഭാരതീയ ഗ്രാമങ്ങള്‍ പതുക്കെ ജീവന്‍ വെച്ചു വരുകയായിരുന്നു.

സ്വയം പര്യാപ്തത്തിലധിഷ്ഠിതമായ ഇന്ത്യന്‍ ഗ്രാമങ്ങള്‍ മാറുന്നതിനെ ഭയന്ന് അറുപതുകളില്‍ അമേരിക്കയും ഫോര്‍ഡ് ഫൗണ്ടേഷനും നടത്തിയ ഇടപെടലുകള്‍ പിന്നീട് നടന്ന പഞ്ചവത്സര പദ്ധതികളുടെ ഉദ്ദേശലക്ഷ്യങ്ങളെ തന്നെ മാറ്റിമറിച്ചു. മാല്‍ത്തൂസ്യന്‍ തിയറി അടിസ്ഥാനമാക്കി, അറുപത്താറില്‍ ഇന്ത്യയില്‍ ഭക്ഷ്യക്ഷാമം വരുമെന്നവര്‍ പ്രവചിച്ചു (Report on India’s Food Crisis and Steps to Meet it).

വലിയ ഭക്ഷ്യ ക്ഷാമത്തിലേക്ക് ഇന്ത്യ കൂപ്പുകുത്താന്‍ പോകുകയാണെന്നവര്‍ ഭയപ്പെടുത്തി. പ്രാദേശികമായ സംഭരണ വിതരണ സംവിധാനങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതിന് പകരം അവരുടെ വാക്കുകള്‍ ചെവി കൊണ്ട ഭരണകര്‍ത്താക്കള്‍ പ്രത്യേക നിയമമുണ്ടാക്കി 1955 മുതല്‍ അമേരിക്കയില്‍ നിന്ന് സൗജന്യമായി ഗോതമ്പ് (PL-480) ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു.

പതുക്കെ പച്ച പിടിച്ചു കൊണ്ടിരുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയെ ഇത് ബാധിച്ചു. ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചിരുന്ന ഗോതമ്പിന്റെയും ഇതര ഭക്ഷ്യധാന്യങ്ങളുടെയും വിലയിടിക്കുന്നതിന് ഈ സൗജന്യ ഗോതമ്പ് കാരണമായി! മതിയായ വില കിട്ടാതെ വന്നപ്പോള്‍ കര്‍ഷകര്‍ കൃഷി ചെയ്യുന്നത് കുറച്ചു. അമേരിക്കയില്‍ നിന്ന് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നതിനാല്‍ പിന്നീടുണ്ടായ പഞ്ചവത്സര പദ്ധതികള്‍ കാര്‍ഷിക മേഖലയ്ക്ക് പകരം വ്യാവസായിക മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി.

1962 ല്‍ ഇന്ത്യ – ചൈന യുദ്ധം ആരംഭിച്ചു. അതില്‍ നിന്നും കരകയറുന്നതിനു മുമ്പ് തന്നെ അറുപത്തിയഞ്ചില്‍ ഇന്ത്യ – പാക് യുദ്ധം തുടങ്ങി. കൂനിന്‍മേല്‍ കുരു പോലെ അറുപ്പത്താറില്‍ വന്‍ വരള്‍ച്ചയുണ്ടായി. യുദ്ധവും വരള്‍ച്ചയും ഉണ്ടാക്കിയ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധി മുതലെടുത്ത് അമേരിക്ക തങ്ങളുടെ സൗജന്യ ഗോതമ്പ് (Ship to Mouth) വിതരണം തുടര്‍ന്നു. രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുവാനും അതിലൂടെ വൈദേശികമായ വിത്ത്, വളം, കീടനാശിനി, യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്ന തീര്‍ത്തും പരാശ്രിതമായ കാര്‍ഷിക രീതിയിലേക്ക് ഭാരതത്തെ കൊണ്ടെത്തിക്കാന്‍ ഇതുവഴി അവര്‍ക്ക് സാധിച്ചു.

1966-67ലാണ് ഹരിത വിപ്ലവം ആരംഭിച്ചത്. എഴുപതുകളിലാണ് അത് വ്യാപകമാകുന്നത്. അതേ സമയം തന്നെ കോടിക്കണക്കിന് രൂപ മുടക്കി 1950 കളില്‍ പണി തുടങ്ങിയ വലിയ ഡാമുകള്‍ പൂര്‍ത്തിയാകുന്നത് 1970 കളിലാണ്. ജലസേചന സംവിധാനം മെച്ചപ്പെട്ടതുവഴി മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ രണ്ട് തവണ കൃഷി ചെയ്യാമെന്നായി.

മറ്റൊരു പ്രധാനപ്പെട്ട കാര്യം 1965 ല്‍തന്നെ എഫ്.സി.ഐ (ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചു. സര്‍ക്കാര്‍ താങ്ങുവില നല്‍കി ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ തുടങ്ങി. 1970 കളില്‍ പൊതുവിതരണ സംവിധാനങ്ങള്‍ ശക്തിപ്പെട്ടു. മിക്ക സംസ്ഥാനങ്ങളിലും റേഷന്‍ കടകള്‍ വഴി അരിയും ഗോതമ്പും എത്താന്‍ തുടങ്ങി. അറുപതുകളില്‍ നടക്കേണ്ടിയിരുന്ന ഈ പ്രക്രിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ എഴുപതുകളിലാണ് നടപ്പിലായത്. അങ്ങിനെ ഇതെല്ലാം ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങളായി ആളുകള്‍ കണ്ടു!

എഴുപതുകളില്‍ രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്ന് മോചിതമായ ഇന്ത്യ ഹരിതവിപ്ലവത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു. കോടിക്കണക്കിനു രൂപ ചിലവഴിച്ചു വിത്തും വളവുമെല്ലാം ഇറക്കുമതി ചെയ്തു. സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനവും ഉണര്‍ന്നു പ്രവര്‍ത്തിച്ച് പരമാവധി ഊര്‍ജ്ജവും സമയവും സമ്പത്തും ചെലവഴിക്കപ്പെട്ടു. വിത്തിനും രാസവളങ്ങള്‍ക്കും സബ്‌സിഡി നല്‍കി. ജലസേചന സംവിധാനങ്ങള്‍ വിപുലീകരിച്ചു. രാസവളത്തിനു മാത്രമായി മന്ത്രിയും മന്ത്രാലയും സംവിധാനങ്ങളുമുണ്ടായി! ഇന്നും രാസവളക്കമ്പനികള്‍ക്ക് നല്‍കാന്‍ ഓരോ വര്‍ഷവും രണ്ട് ലക്ഷം കോടി രൂപയോളം കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നു.

രാസവളം വീണ മണ്ണില്‍ വളര്‍ന്ന നാടന്‍ വിത്തുകള്‍ അത് താങ്ങാന്‍ കഴിയാതെ മറിഞ്ഞു വീണപ്പോള്‍, മറിഞ്ഞു വീഴാത്ത പ്രത്യേകയിനം സങ്കരയിനം കുള്ളന്‍ വിത്തുകള്‍ കര്‍ഷകര്‍ക്ക് നല്‍കി! അത് പുതിയ രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കും കാരണമായി. അങ്ങിനെ വിത്ത് ഗവേഷണത്തിനും കീടരോഗ നിയന്ത്രണത്തിനു മാത്രമായി നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിതമായി. കര്‍ഷകര്‍ക്ക് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക സഹായത്തിന്റെ നല്ലൊരു പങ്കും അങ്ങിനെ വളക്കമ്പനികളും ഗവേഷണ സ്ഥാപനങ്ങളും കൊണ്ടുപോയി.

കൃഷി ചെലവേറിയതും സങ്കീര്‍ണവുമായി. വിത്തിനും വളത്തിനുമായി കീടനാശിനിക്കുമൊക്കെ ആദ്യകാലങ്ങളില്‍ കര്‍ഷകര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ പലയിടങ്ങളിലും വെട്ടിക്കുറച്ചു. സബ്‌സിഡിയില്ലാം കമ്പനികള്‍ക്ക് നേരിട്ടു നല്‍കുന്ന രീതിയിലായി. ഭൂമിയും പണവുള്ളവര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നായി മാറി ഈ അധികചെലവ് ചെയ്ത് അമിതോല്‍പാദനമുണ്ടാക്കുന്ന ഹരിതവിപ്ലവകൃഷി. മാര്‍ക്കറ്റില്‍ നിന്നും പണം മുടക്കി വിത്തും വളവും കീടനാശിനികളും മറ്റു സാമഗ്രികളും വാങ്ങാന്‍ കൈയില്‍ പണമില്ലെങ്കില്‍ , അതിനായി കാര്‍ഷിക വായ്പ ലഭിക്കണമെങ്കില്‍ ഭൂമി കൂടുതല്‍ ഈട് നല്‍കാന്‍ കഴിയുന്നവര്‍ക്കായിരുന്നു. ചെറുകിട കര്‍ഷകര്‍ക്കും പാട്ടകര്‍ഷകര്‍ക്കും ഇത് പ്രയാസമായിരുന്നു. ഏക്കറു കണക്കിന് ഭൂമിയുള്ളവരായിരുന്നു ഹരിത വിപ്ലവത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍. സര്‍ക്കാര്‍ സൗജന്യങ്ങളും വായ്പകളും ധാന്യത്തിനുള്ള താങ്ങുവിലയും ജലസേചന സൗകര്യങ്ങളും മറ്റു സബ്‌സിഡികളുമെല്ലാം അവര്‍ കൈവശപ്പെടുത്തി.

ജലസേചന സൗകര്യവും വളക്കൂറുമുള്ള മണ്ണില്‍ നെല്ലിലും ഗോതമ്പിലും ഹരിത വിപ്ലവം കേന്ദ്രീകരിച്ചപ്പോള്‍ പലയിടങ്ങളിലും മറ്റു ഭക്ഷ്യ വിളകള്‍ കുറയാന്‍ കാരണമായി. എഴുപതുകളില്‍ പതിനൊന്ന് ലക്ഷം ഹെക്ടര്‍ ചെറുധാന്യ കൃഷിയുണ്ടായിരുന്ന പഞ്ചാബില്‍ അത് വെറും രണ്ട് ലക്ഷം ഹെക്ടറായി കുറഞ്ഞു. ഇങ്ങനെ പല സംസ്ഥാനങ്ങളിലും ചെറുധാന്യങ്ങളും പയറുവര്‍ഗ്ഗ വിളകളും നെല്ലിനും ഗോതമ്പിനും വഴിമാറി!

പഞ്ചാബ് ഹരിയാന പോലെയുള്ള ജലസേചന സൗകര്യവും വളക്കൂറുമുള്ള പ്രദേശങ്ങളില്‍ ഹരിതവിപ്ലവം നെല്ലിലും ഗോതമ്പിലും കേന്ദ്രീകരിച്ചപ്പോള്‍ തങ്ങള്‍ക്കാവശ്യമായ മറ്റു ഭക്ഷ്യവസ്തുക്കള്‍ ദൂരനാടുകളില്‍ നിന്നത്തേണ്ടതായ സ്ഥിതി വിശേഷം വന്നു. കേരളത്തിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മറ്റു സംസ്ഥാനങ്ങളില്‍ നെല്ലുണ്ടാക്കാന്‍ സാധിക്കുമായിരുന്നതിനാല്‍ കേരളത്തിലെ നെല്‍കൃഷി ചെലവേറിയതായി. അതിനനുസരിച്ചുള്ള വില ലഭിക്കാത്തതിനാല്‍ ഇവിടെ നെല്‍കൃഷി കുറഞ്ഞു. അങ്ങിനെ ഭക്ഷ്യ വിളകളിലൂന്നിയ സമ്മിശ്ര കാര്‍ഷിക സംസ്‌കാരത്തെയാണ് ഹരിത ഏകവിളകേന്ദ്രീകൃതമാക്കി തകര്‍ത്തത്.

കര്‍ഷകരുടെ നിലനില്‌പെന്നത് അതിവിദൂരമുള്ള വിപണി കേന്ദ്രീകൃതവും അതേ സമയം എത്ര തന്നെ ഉല്‍പാദിപ്പിച്ചാലും ന്യായവില ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത, ഒട്ടും സാമ്പത്തിക സുരക്ഷിതത്ത്വമില്ലാത്ത മേഖലയായി മാറി. ഓരോ വര്‍ഷവും ചെലവേറിക്കൊണ്ടിരിക്കുകയും ചെയ്തു. കടം വാങ്ങാതെ കൃഷി ചെയ്യാന്‍ പറ്റാതെയായി. അങ്ങിനെ കടം കേറി ലോകത്തിലേറ്റവും കൂടുതല്‍ ചെറുകിട കര്‍ഷകര്‍ ആത്മഹത്യ ചെയ്ത രാജ്യമായി മാറി ഇന്ത്യ!

ഹരിത വിപ്ലവം പട്ടിണി മാറ്റിയോ?

യഥാര്‍ത്ഥത്തില്‍ ഹരിത വിപ്ലവം നമ്മുടെ പട്ടിണി മാറ്റിയോ? ഹരിതവിപ്ലത്തിന് ഇപ്പൊഴും ഇന്ത്യയിലെ പട്ടിണി പൂര്‍ണമായി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. നിരന്തരം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു അസത്യമാണ് ഹരിത വിപ്ലവം ഇന്ത്യയിലെ പട്ടിണി പൂര്‍ണ്ണമായി മാറ്റിയെന്ന്!

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിണി പാവങ്ങളുള്ള രാജ്യം ഇപ്പോഴും ഇന്ത്യ തന്നെയാണ് (194.6 Million People – SOFI report). ലോക പട്ടിണി സൂചികയില്‍ 105 ആം സ്ഥാനത്താണ് ഇന്ത്യ (GHI-2024). പിന്നെയെങ്ങനെ പട്ടിണി മാറിയെന്നു പറയും. മാത്രമല്ല ഇന്ത്യയില്‍ ഓരോ വര്‍ഷവും പോഷകാഹാരക്കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 332.3 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് മാത്രം മുപ്പത് മില്യണ്‍ ടണ്‍ ഭക്ഷ്യോല്‍പാദനം കൂടിയിട്ടുണ്ട്. ഓരോ വര്‍ഷവും ഇത് കൂടിക്കൊണ്ടിരിക്കുന്നു. ഭക്ഷ്യോല്‍പാദനം ഉണ്ടായിട്ടും നല്ലൊരു ശതമാനം ജനങ്ങളും ഇന്നും ഇന്ത്യയില്‍ പട്ടിണിയില്‍ കഴിയുന്നു. അതിലേറെയും കാര്‍ഷിക മേഖലയിലുള്ള കര്‍ഷകരും തൊഴിലാളികളുമാണ്.

എന്തുകൊണ്ടാണ് ഹരിതവിപ്ലവം ആരംഭിച്ചു അന്‍പത് വര്‍ഷം കഴിഞ്ഞിട്ടും, നമുക്കാവശ്യത്തിലധികമുള്ള ഭക്ഷ്യധാന്യങ്ങള്‍ ഇവിടെ ഉത്പാദിപ്പിച്ചിട്ടും ഇന്ത്യയിലെ പട്ടിണി പൂര്‍ണമായും മാറാത്തത്? ലോകത്തിന്റെ അവസ്ഥയും ഏകദേശം ഇതൊക്കെ തന്നെയാണ്. ആയിരം കോടി ജനങ്ങള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നു. മൂന്നിലൊന്ന് പാഴായി പോകുന്നു. 733 ദശലക്ഷം ജനങ്ങള്‍ ഇന്നും പട്ടിണിയില്‍ കഴിയുന്നു (UN).

നിലവിലുള്ള ഉത്പാദന വ്യവസ്ഥ ലോകം മുഴുവനുമുളള ജനങ്ങള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുന്നില്ല. ഭക്ഷ്യസുരക്ഷ എന്നാല്‍ ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നിര്‍വചനമനുസരിച്ച് ‘ക്രിയാത്മകവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സുരക്ഷിതവും പോഷകാഹാരപ്രദവുമായ ഭക്ഷണം ആവശ്യത്തിന് ആവശ്യമായ സമയത്ത് ജനങ്ങളുടെ ആഹാരരീതിക്കും ഭക്ഷണശീലങ്ങള്‍ക്കുമനുസരിച്ച് എല്ലാവര്‍ക്കും ലഭ്യമാകുന്ന സാമൂഹികവും സാമ്പത്തികവുമായ ലഭ്യത’ ആണ്. അമിതോല്‍പാദനം കൊണ്ട് മാത്രം പട്ടിണി മാറില്ല! ജനങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന പോഷകഗുണമുള്ള ഭക്ഷണം ലഭ്യമാക്കുന്ന സാഹചര്യമുണ്ടാകണം. അതിനാവശ്യമായ സംവിധാനങ്ങളൊരുക്കണം. ഹെക്ടര്‍ കണക്കിന് സ്ഥലത്ത് വെറും അരിയും ഗോതമ്പും കൃഷി ചെയ്താല്‍ ഭക്ഷ്യ സുരക്ഷയുണ്ടാകില്ല

ഇന്ന് കൃഷി ചെയ്താല്‍ ഭാവിയില്‍ വരുമാനം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ പഞ്ചാബിലെയു ഹരിയാനയിലെയും മറ്റു പല സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍, തങ്ങളുടെ കൈവശമുള്ള ഭൂമി വിറ്റ് മക്കളെ വിദേശങ്ങളിലേക്കയക്കുന്നു. ഈ ഭൂമി മുഴുവന്‍ ഇപ്പോള്‍ വലിയ കമ്പനികള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. അവര്‍ പുതിയ ‘മെച്ചപ്പെട്ട സാങ്കേതികവിദ്യകള്‍’ ഉപയോഗിച്ച് ഇനിയും ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. അതിനാവശ്യമായ നിക്ഷേപം നടത്താന്‍ അവരുടെ കൈയില്‍ പണമുണ്ട്. അവര്‍ തങ്ങളുടെ സ്വന്തം ഗോഡൗണില്‍ അത് സംഭരിച്ചു വെയ്ക്കും. തുടക്കത്തില്‍ അവര്‍ അത് വിലക്കുറച്ചു വില്ക്കും. അവശേഷിക്കുന്ന കര്‍ഷകരെയും അവതാളത്തിലാക്കാന്‍! അങ്ങിനെ ലക്ഷകണക്കിന് കര്‍ഷകര്‍ വീണ്ടും കൃഷിയിടങ്ങളില്‍ നിന്നും പാലായനം ചെയ്യേണ്ടി വരും!

ഹരിതവിപ്ലവം കാലാഹരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിന് ഇന്നത്തെ കാലിക പ്രശ്‌നങ്ങളെ, കാലാവസ്ഥാ വ്യതിയാനത്തെ, ഭക്ഷ്യ അസമത്വത്തെ, പ്രത്യേകിച്ച് പോഷകദാരിദ്ര്യത്തെ പരിഹരിക്കാന്‍ സാധിക്കില്ല. അത് കൊണ്ട് ലോകത്തിന്റെ പട്ടിണി മാറ്റാന്‍ ഇനിയൊരു അമിതോല്‍പാദനത്തിന്റെ ഹരിതവിപ്ലവം വേണമെന്ന് ആരും നിര്‍ദ്ദേശിക്കില്ല. പ്രാദേശിക ഭക്ഷ്യോല്‍പാദനത്തിന് മുന്‍ഗണന നല്‍കിയുള്ള സുസ്ഥിര കാര്‍ഷിക രീതികളാണ് ഇനി വേണ്ടതെന്ന് യു എന്‍ പോലും പറഞ്ഞു കൊണ്ടിരിക്കുന്ന കാലമാണിത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply