ഇടതുപക്ഷ വികസനവും ശശി തരൂരിന്റെ വരാഹ അവതാരവും

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ‘CHANGING KERALA: LUMBERING JUMBO TO A LITHE TIGER’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തില്‍, ശശി തരൂര്‍ കേരളത്തിന്റെ ‘കുതിച്ചുയരുന്ന’ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പ്രശംസിക്കുന്നത്, യാതൊരു അടിസ്ഥാനവുമില്ലാതെ, നോട്ട് ഇരട്ടിപ്പിന്റെയും ആളിരട്ടിപ്പിന്റെയും ഇടപാടുകള്‍ പോലെ പെരുങ്കള്ളത്തിന്റെ ഒളിത്താവളങ്ങളില്‍ ഇരുന്നുകൊണ്ടാണ്.

വിനാശ കാലങ്ങളില്‍ ധര്‍മ്മരക്ഷയ്ക്കായി ഭഗവാന്‍ വരാഹത്തിന്റെ രൂപത്തില്‍ അവതരിക്കുന്നു എന്ന് ഹിന്ദുത്വ പൗരാണിക മതബോധം പറയുന്നു. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭയാനകമായ അപചയകാലത്ത്, രക്ഷയ്ക്കായി ശശി തരൂര്‍ വരാഹത്തിന്റെ രൂപത്തില്‍ അവതരിച്ചിരിക്കുകയാണ്.

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ‘CHANGING KERALA: LUMBERING JUMBO TO A LITHE TIGER’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനത്തില്‍, ശശി തരൂര്‍ കേരളത്തിന്റെ ‘കുതിച്ചുയരുന്ന’ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പ്രശംസിക്കുന്നത്, യാതൊരു അടിസ്ഥാനവുമില്ലാതെ, നോട്ട് ഇരട്ടിപ്പിന്റെയും ആളിരട്ടിപ്പിന്റെയും ഇടപാടുകള്‍ പോലെ പെരുങ്കള്ളത്തിന്റെ ഒളിത്താവളങ്ങളില്‍ ഇരുന്നുകൊണ്ടാണ്.

2021 ജൂലൈയ്ക്കും 2023 ഡിസംബറിനും ഇടയില്‍ ആഗോള ശരാശരിയായ 46% വുമായി താരതമ്യം ചെയ്യുമ്പോള്‍, കേരളത്തിന്റെ 254% ആണ് സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR – Compound Annual Growth Rate) എന്ന് കേരളത്തിന്റെ പശ്ചാത്തലത്തില്‍ വെച്ചുള്ള യാതൊരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ അദ്ദേഹം പ്രസ്താവിക്കുന്നു.കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വളര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഒന്നുകൂടെ കടന്ന് ശശി തരൂര്‍ പ്രസ്താവിച്ചിരിക്കുന്നു. കേരളത്തിന്റെ വ്യവസായ വികസനത്തെ കുറിച്ചും ശശി വാചാലനാകുന്നുണ്ട്.

ചുരുക്കത്തില്‍ മോദിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് നിഷ്പക്ഷതയുടെ മാസ്‌ക് ധരിച്ച് മോദിക്ക് മംഗള പത്രം എഴുതിയ അതേ കൈകൊണ്ട് ശശി തരൂര്‍ എന്ന ഉദ്യോഗസ്ഥ പ്രഭുത്വത്തിന്റെ ധര്‍മ്മ വിഗ്രഹം സാമൂഹ്യ സുരക്ഷ, തൊഴില്‍, പരിസ്ഥിതി, സാമ്പത്തിക, സാംസ്‌കാരിക, പുരോഗമന മുഖം പൂര്‍ണ്ണമായി നഷ്ടപ്പെട്ട പിണറായി വിജയന്‍ സര്‍ക്കാരിന്റെ ‘ചാരിത്ര്യശുദ്ധിക്ക് ‘ കയ്യൊപ്പ് വെച്ചു കൊടുത്തിരിക്കുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അമേരിക്കന്‍ കോര്‍പ്പറേറ്റ് ധനകാര്യ അധിനിവേശത്തെ, ഇന്ത്യയില്‍ ആണിയടിച്ച് ഉറപ്പിക്കാന്‍ വേണ്ടി മോദി നടത്തിയ അമേരിക്കന്‍ യാത്രയും, ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ചയും, വലിയ അത്ഭുത വിദ്യയായി ഇതിനകം ശശി തരൂര്‍ വിലയിരുത്തി പ്രസ്താവന നടത്തിയത് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.

കേരളീയന്റെ മധ്യവര്‍ഗ്ഗ മനസ്സിനെയും അതില്‍ അന്തര്‍ലീനമായ അഭിജാത വര്‍ഗ്ഗ ബഹുമാനത്തേയും തന്റെ മാനേജ്മെന്റ് കൗശലവും പണവും ഉപയോഗിച്ച് കബളിപ്പിച്ച് രണ്ടുതവണ പാര്‍ലമെന്റിലേക്ക് വിജയിച്ചതിനുശേഷം, ഗുജറാത്തി കച്ചവടക്കാരായ അംബാനി – അദാനിമാരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ആദായ രാഷ്ട്രീയം കളിക്കുകയായിരുന്നു ശശി തരൂര്‍. ശശിയുടെ ആഭിജാത ഗരിമയോടെയുള്ള ഉറഞ്ഞു തുള്ളലുകള്‍ക്ക് കേരളീയ മധ്യവര്‍ഗ്ഗം നല്‍കുന്ന പിന്തുണയും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നും നമ്മള്‍ ഈ വിഷയം വിശകലനം ചെയ്യുമ്പോള്‍ മുന്‍കരുതലോടെ ഓര്‍ക്കേണ്ടതുണ്ട്.

കേരള വികസനവും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവും

ഇനി ശശി തരൂരിന്റെ ലില്ലിപ്പുട്ട് ചിന്തയില്‍ നിന്ന് പുറത്തുവന്ന കേരളത്തിലെ ലോകോത്തര സ്റ്റാര്‍ട്ടപ്പ് മേഖലയെ ഒന്ന് പരിശോധിക്കാം. അങ്ങനെ പരിശോധിക്കുമ്പോള്‍, സിപിഎമ്മിന്റെ സഖാക്കള്‍ സംഘി സൈബര്‍ സെല്ലുകള്‍ക്ക് സമാനമായി പുറത്തുവിടുന്ന വ്യാജ ക്യാപ്‌സ്യൂളുകള്‍ അതുപോലെ പകര്‍ത്തിയെടുത്ത് ആവര്‍ത്തിച്ചിരിക്കുകയാണ് ശശി തരൂര്‍ എന്ന വിശ്വപുരുഷന്‍ എന്ന് പ്രാഥമികമായി നമുക്ക് മനസ്സിലാകും.

കേരളം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ വളര്‍ച്ചയാണ് നേടിയിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത്. നമ്മുടെ ഭാവനയെ തന്നെ നടുക്കുന്ന, അത്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ പെട്ടിക്കട പോലെ പടര്‍ന്നു പന്തലിക്കുന്ന അമേരിക്ക, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന കൂടി ഉള്‍പ്പെട്ട ലോകത്തിന്റെ പശ്ചാത്തലത്തില്‍ വച്ചാണ്, കേരളത്തില്‍ ലോകത്തെ അതിശയിപ്പിക്കുന്ന ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ച നേടുന്നു എന്ന അസത്യം തന്റെ രാഷ്ട്രീയ പരിപാവന നിഷ്പക്ഷത ആവര്‍ത്തിച്ചുകൊണ്ട് ശശി തരൂര്‍ പറയുന്നത്.

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലോകത്തെ ശരാശരി വളര്‍ച്ചയുടെ അഞ്ച് മടങ്ങ് കേരളത്തില്‍ സംഭവിച്ചു എന്നാണ് തന്റെ രാഷ്ട്രീയ പാവന ഹൃദയത്തെ മുന്‍നിര്‍ത്തി അദ്ദേഹം കേരളത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മൂല്യനിര്‍ണ്ണയം ഇപ്പോള്‍ 1.7 ബില്യണ്‍ ഡോളറാണത്രേ..! എവിടെ നിന്നാണ് ഈ കണക്ക് കിട്ടിയത് എന്ന് ശശി തരൂര്‍ രേഖപ്പെടുത്തുന്നില്ല. അതുകൊണ്ടുതന്നെ മിക്കവാറും സിപിഎം ക്യാപ്‌സൂള്‍ നുണകളില്‍ നിന്നാണ് എന്നുറപ്പിക്കാവുന്നതാണ്.

ഇനി 1.7 ബില്യണ്‍ ആണെന്ന വ്യാജവാര്‍ത്ത നമുക്ക് ശരിയാണെന്ന് കല്‍പ്പിക്കാം. എന്നാല്‍, പിന്നീട് ശശി തരൂര്‍ പറയുന്നത്, ‘ഇതു കാണിക്കുന്നത് ഒരു വര്‍ഷം 254 ശതമാനം വളര്‍ച്ച നേടി’ എന്നാണ്. ഇവിടെയാണ് ശശി തരൂര്‍ എന്ന വിശ്വപുരുഷന് ലോകത്തെ സ്റ്റാര്‍ട്ടപ്പ് വികാസത്തെക്കുറിച്ച് ഒന്നും അറിയില്ല എന്ന് മാത്രമല്ല; പരിഹാസ്യമായി സിപിഎം വ്യാജ ക്യാപ്‌സൂള്‍ പകര്‍ത്തി വെച്ചതാണ് എന്ന് ഒരിക്കല്‍ കൂടി കൃത്യമായി നമുക്ക് മനസ്സിലാവുക. അതെന്തെന്നാല്‍, ലോകത്ത് തന്നെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ 46% വളര്‍ച്ച മാത്രം രേഖപ്പെടുത്തുമ്പോള്‍, കേരളത്തില്‍ അത് 254% ആണ് എന്നാണ് അദ്ദേഹം പറയുന്നത്.

കോര്‍പ്പറേറ്റ് രാഷ്ട്രീയ ലീലയുടെ വിഡ്ഢി വേഷം കെട്ടിച്ചിറക്കിയ ശശി തരൂര്‍, സൈബര്‍ തട്ടിപ്പുകാരെകാള്‍ വിലകുറഞ്ഞ സ്വാധീന മന:ശാസ്ത്രമാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടി വരുന്നു. ഇത്തരം സൈബര്‍ തട്ടിപ്പിന് സമാനമായ കള്ള പ്രസ്താവനകള്‍ ഇറക്കിയാല്‍ ആഗോള നിക്ഷേപകര്‍ ഓടി വരും എന്നാണോ ഇടതുപക്ഷത്തിലെ പുത്തന്‍ ശശി തരൂര്‍മാര്‍ വിശ്വസിച്ചു പോരുന്നത്?

ഇനിയും ഇങ്ങനെ സിപിഎം സൈബര്‍ ക്യാപ്‌സൂളുകളില്‍ നിന്ന് കിട്ടുന്ന കള്ളക്കഥകള്‍ പറഞ്ഞു പ്രചരിപ്പിക്കുമ്പോള്‍, കേരളത്തില്‍ കോര്‍പ്പറേറ്റ് ബ്രാഹ്മണ്യ അനുകൂല പൊതുബോധം സൃഷ്ടിക്കുന്ന ശശി തരൂര്‍, താഴെപ്പറയുന്നതുകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതായത് സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ 254% വളര്‍ന്നു എന്ന പൊളിവചനം നോക്കിയാല്‍ തന്നെ, 1.7 ബില്യണ്‍ മാത്രമായിരിക്കുമോ മൊത്തം മൂല്യം..? അത് കണക്കുകൂട്ടാന്‍ പോലും അറിയാത്ത, യുക്തി ശൂന്യമായ ചിത്ത വൈകല്യങ്ങളാണ് ശശി തരൂര്‍ എന്ന മാധ്യമങ്ങള്‍ ആഘോഷിച്ച ആഗോള പുരുഷനില്‍ നിന്ന് പുറത്തുവരുന്നത്.

സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ കേരളത്തിന്റെ സ്ഥാനം :

നിലവില്‍ മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പുകളുടെ വാലുവേഷന്‍ മാത്രം ഏകദേശം അഞ്ചു ബില്യണ്‍ വരും എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം തമിഴ് നാടിന്റെ 27 ബില്യണ്‍ ആണ്! അത് ബംഗളൂരുവിലെത്തുമ്പോള്‍ 72 ബില്യണ്‍.! ഇതൊന്നും മനസ്സിലാക്കാതെയാണ്, ലജ്ജയേതുമില്ലാതെ, മുമ്പ് പരശുരാമജയന്തി ആഘോഷിക്കാന്‍ പറഞ്ഞ ശശി തരൂര്‍ ഇപ്പോള്‍ പരശുരാമന്റെ മഴുവിനു പകരം നുണയെറിഞ്ഞ് പിണറായി വിജയന്‍ സര്‍ക്കാരിനെ കേരളത്തില്‍ വിജയിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.

ചുരുക്കത്തില്‍, സാങ്കേതിക മേഖലയില്‍ കേരളത്തേക്കാള്‍ വന്‍ മുന്നേറ്റം നടത്തിയ മറ്റു സംസ്ഥാനങ്ങളിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തെ അപേക്ഷിച്ച് ഏറ്റവും പിന്നോക്കവും തുച്ഛവുമായ പുരോഗതി മാത്രം സാധ്യമായ കേരളത്തില്‍ നിന്നുകൊണ്ടാണ് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ കേരളം ലോകനിലവാരം പുല്‍കി എന്ന് അദ്ദേഹം പറയുന്നത്.

254% എന്ന ഇല്ലാത്ത വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍, എത്ര പേര്‍ക്ക് ജോലി ലഭിച്ചു എന്ന ഇന്‍ഫോര്‍മേഷന്‍ സിപിഎം ക്യാപ്‌സൂളില്‍ നിന്ന് ശശി തരൂരിന് കിട്ടിയില്ലേ..? എത്രായിരം കോടിയുടെ നിക്ഷേപം ഐടി മേഖലയില്‍ കേരളത്തിലേക്ക് എത്തിച്ചേര്‍ന്നു..? സാങ്കേതിക മേഖല ഉള്‍പ്പെടെ, സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ വലിയ കുതിപ്പ് നടത്തിയ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എത്ര ആഗോള വന്‍കിട ഐടി കമ്പനികള്‍ കേരളത്തില്‍ സ്ഥാപിതമായിട്ടുണ്ട്..? പേരുകള്‍ പറയാമോ മിസ്റ്റര്‍ തരൂര്‍.? കേരളത്തില്‍ നിന്നുള്ള ഐടി മേഖലയുടെ കയറ്റുമതി (IT export) എത്രയാണെന്ന് പോലും വിശ്വ ഗുരുവായ മോദിയുടെ ശിഷ്യന്‍ ആകുവാന്‍ ശ്രമിക്കുന്ന ശശി തരൂരിന് അറിയില്ല എന്ന് വ്യക്തം.

എ ഐ, ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ,മെഷീന്‍ ലേണിങ് എന്നിവ ഉള്‍പ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനം പുതിയ വിഞ്ജാനാധിഷ്ഠിത വ്യവസായ നയം നടപ്പിലാക്കിയിട്ടുണ്ടെന്നും ശശിതരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതൊക്കെ എവിടെയാണ്, എന്താണ് എന്നോ ആര്‍ക്കൊക്കെ അതില്‍ തൊഴില്‍ ലഭിച്ചുവെന്നോ ഗീബല്‍സിയന്‍ പ്രൊപ്പഗണ്ടാ നുണകള്‍ പ്രചരിപ്പിക്കുന്ന ശശി പറയുന്നില്ല. രാത്രി 9 മണിക്ക് ശേഷം സ്ത്രീകള്‍ ഭയത്തോടെ മാത്രം പുറത്തുപോകുന്ന കേരളത്തെക്കുറിച്ചാണ് സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് കേരളം നല്‍കുന്ന പിന്തുണയെപ്പറ്റി അദ്ദേഹം വാചാലനാകുന്നത്..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫിനാന്‍ഷ്യല്‍ കൊളോണിയലിസത്തിന്റെ ഇരകളായ, ആള്‍ദൈവങ്ങള്‍ മുതല്‍ സൈബര്‍ തട്ടിപ്പുകള്‍ക്ക് വരെ നിരന്തരം കീഴ്‌പ്പെട്ടുപോകുന്ന മലയാളിക്ക് പങ്കുചേരാന്‍ ഏറ്റവും പറ്റിയ പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിനെ കൃത്യമായി മുന്നോട്ടുവയ്ക്കുകയാണ് ശശി തരൂര്‍ ചെയ്യുന്നത്.

നിലവില്‍ 70% സ്വാശ്രയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടക്കുന്ന കേരളത്തില്‍, തൊഴില്‍ രഹിതരായ ബിരുദധാരികളെ പടച്ചുവിടുന്ന വിദ്യാഭ്യാസ ഫാക്ടറികള്‍ സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ എന്ന പേരില്‍ വന്‍ മൂലധന കൊയ്ത്തു നടത്താന്‍ കേരളത്തില്‍ കൊണ്ടുവരാന്‍ പദ്ധതികള്‍ നടക്കുമ്പോള്‍, തീര്‍ച്ചയായും അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ധര്‍മ്മരക്ഷയ്ക്കായി ശശി തരൂര്‍ അവതരിക്കും എന്ന കാര്യത്തില്‍ അയാളെ മനസ്സിലാക്കിയിട്ടുള്ള ആര്‍ക്കും സംശയമുണ്ടാകാന്‍ ഇടയില്ല.

കേരള കോര്‍പ്പറേറ്റ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ‘ചെങ്കാവിക്കൊടി’ (Red & Saffron flag) ത്തുമ്പില്‍ പിടിച്ച് തന്റെ ആഗോള മൂലധന രാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിച്ചെടുക്കുവാന്‍ കഴിയും എന്നാണ് ശശി തരൂര്‍ തീര്‍ച്ചയായും ചിന്തിക്കുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply