കെ വി തോമസ് – ജനാധിപത്യത്തിന്റെ ജീര്‍ണ്ണതയുടെ മുഖം

സമ്പത്ത് ഈ പദവിയിലിരുന്നു എന്താണ് നേടിയെടുത്തത് എന്നതിനുള്ള മറുപടി ഇന്നോളം ഒരാളും പറഞ്ഞു കേട്ടിട്ടില്ല. മാത്രമല്ല ഏറ്റവും അനിവാര്യമായിരുന്ന കൊവിഡ് കാലത്ത് അദ്ദേഹം കേരളത്തിലായിരുന്നു. ഇപ്പോഴാകട്ടെ ഈ ലക്ഷ്യത്തോടെ ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ഡെല്‍ഹിയിലുണ്ട് താനും. എന്നിട്ടും വാര്‍ദ്ധക്യത്തില്‍ അധികാരത്തിനായി കാലുമാറിവന്ന ഒരാള്‍ക്കായി വന്‍തുക പൊതുഖജനാവില്‍ നിന്ന് ചിലവാക്കുന്നത്.

മുന്‍ കോണ്‍ഗ്രസ്സ് നേതാവും കേന്ദ്രമന്ത്രിയും വയോധികനുമായ കെ വി തോമസിനെ ഡെല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതാണല്ലോ കഴിഞ്ഞ ദിവസത്തെ പ്രധാന രാഷ്ട്രീയ (?) വാര്‍ത്ത. ക്യാമ്പിനറ്റ് റാങ്കോടെയാണ് നിയമനം. കെ വി തോമസ് ഒരിക്കലും വഴിയാധാരമാകില്ല എന്ന കോടിയേരിയുടെ വാക്കുകളാണ് ഈ വാര്‍ത്തക്കൊപ്പം ദേശാഭിമാനി ഓര്‍മ്മിപ്പിക്കുന്നത് ഇതേസമയത്തുതന്നെയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി 42കാരിയായ ജസിന്‍ഡ ആര്‍ഡേണ്‍ തന്റെ രാജി പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് രാജിവെച്ചിട്ടും അധികകാലമായിട്ടില്ല. ന്യൂസിലന്റ്, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം എത്രമാത്രം ശൈശവാവസ്ഥയിലാണെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ഏറെക്കുറെ തന്റെ സുദീര്‍ഘമായ ജീവിതം മുഴുവന്‍ അധികാരത്തിന്റെ രുചി നുകര്‍ന്ന നേതാവാണ് കെ വി തോമസ്. എന്നിട്ടും ഈ വാര്‍ദ്ധക്യത്തില്‍ ഉന്നതസ്ഥാനങ്ങള്‍ കിട്ടാത്തതിന്റെ പേരില്‍ പതിറ്റാണ്ടുകള്‍ ആര്‍ക്കെതിരെ പോരാടിയോ അവര്‍ക്കൊപ്പം പോകുകയാണ് ഇദ്ദേഹം ചെയ്തത്. രാഷ്ട്രീയ നൈതികതയുടെ ഒരംശമെങ്കിലും ഉള്ളവര്‍ ചെയ്യാത്ത പ്രവര്‍ത്തി. സിപിഎം ചെയ്തതോ? അധികാരമില്ലാതെ ജീവിക്കാനാകില്ല എന്ന ഒറ്റ കാരണത്താല്‍ ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിവിട്ടുവന്ന തോമസിനു ചുവന്ന പരവതാനി വിരിച്ചു കൊടുക്കുകയായിരുന്നു അവര്‍. പാര്‍ട്ടി കോണ്‍ഗ്രസ്സിലെ സെമിനാറില്‍ പങ്കെടുത്തത് കൃത്രിമമായി സൃഷ്ടിച്ച ഒരു നിമിത്തം മാത്രമായിരുന്നു. തിരുത മീന്‍ സോണിയക്കു നല്‍കിയാണ് ഇദ്ദേഹം അധികാരസ്ഥാനങ്ങള്‍ കയ്യടിക്കിയിരുന്നതെന്ന വംശീയചുവയുള്ള ആരോപണണമായിരുന്നു സിപിഎം എന്നും തോമസിനെതിരെ ഉന്നയിച്ചിരുന്നത് എന്നതും മറക്കാറായിട്ടില്ല.

നേരത്തെ തെരഞ്ഞെടുപ്പില്‍ തോറ്റ നേതാവ് സമ്പത്തിനെ കുടിയിരുത്തിയതും ഇത്തരമൊരു, അനിവാര്യമല്ലാത്ത പോസ്റ്റിലായിരുന്നല്ലോ. കേന്ദ്രത്തോട് പോരാടിയും വിലപേശിയും അവകാശങ്ങള്‍ നേടിയെടുക്കണം എന്നതില്‍ സംശയമില്ല. എംപിമാരുടെ സഹായത്തോടെയാണ് സര്‍ക്കാരത് ചെയ്യേണ്ടത്. അല്ലാതെ ലക്ഷങ്ങള്‍ ചിലവഴിച്ച് ഒരു പോസ്റ്റ് സൃഷ്ടിച്ചല്ല. സമ്പത്ത് ഈ പദവിയിലിരുന്നു എന്താണ് നേടിയെടുത്തത് എന്നതിനുള്ള മറുപടി ഇന്നോളം ഒരാളും പറഞ്ഞു കേട്ടിട്ടില്ല. മാത്രമല്ല ഏറ്റവും അനിവാര്യമായിരുന്ന കൊവിഡ് കാലത്ത് അദ്ദേഹം കേരളത്തിലായിരുന്നു. ഇപ്പോഴാകട്ടെ ഈ ലക്ഷ്യത്തോടെ ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ ഡെല്‍ഹിയിലുണ്ട് താനും. എന്നിട്ടും വാര്‍ദ്ധക്യത്തില്‍ അധികാരത്തിനായി കാലുമാറിവന്ന ഒരാള്‍ക്കായി വന്‍തുക പൊതുഖജനാവില്‍ നിന്ന് ചിലവാക്കുന്നത്. ജനങ്ങള്‍ക്കിടിയല്‍ ഇദ്ദേഹത്തിന് എത്ര സ്വാധീനമുണ്ടെന്ന് തൃക്കാക്കര തെരഞ്ഞെടുപ്പില്‍ എല്ലാവരും കണ്ടതാണ്. പാര്‍ട്ടിക്കു വേണ്ടപ്പെട്ടവര്‍ക്ക് അന്യായമായി തൊഴിലും വന്‍വേതനവും നല്‍കുന്ന രീതി സമീപകാലത്ത് രൂക്ഷമായിരിക്കുകയാണല്ലോ. അതിന്റെ ഭാഗമായി തന്നെ വേണം ഈ സംഭവത്തേയും കാണാന്‍. അധികാരമോഹം ജനാധിപത്യത്തെ തകര്‍ക്കുന്നതിനു മികച്ച ഉദാഹരണമാണ് ഈ സംഭവം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇവിടെയാണ് ന്യൂസിലാന്റിലേയും ബ്രിട്ടനിലേയും മുകളില്‍ സൂചിപ്പിച്ച സംഭവങ്ങള്‍ പ്രസക്തമാകുന്നത്. അഞ്ചര വര്‍ഷം പദവിയില്‍ തുടര്‍ന്ന ശേഷമാണ്ജസിന്‍ഡ ആര്‍ഡേണിന്റെ പടിയിറക്കം. ലോകത്ത് തീവ്രവലതുപക്ഷം ശക്തിപ്രാപിക്കുന്ന ഘട്ടത്തില്‍ മധ്യ ഇടതുപക്ഷത്തുനിന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ച് ലോകശ്രദ്ധ നേടിയ നേതാവാണവര്‍. കൃത്യമായ പ്രതിരോധം തീര്‍ത്ത് 18 മാസക്കാലം കോവിഡ് മഹാമാരിയെ രാജ്യത്ത് പ്രവേശിപ്പിക്കാതിരിക്കാന്‍ ജസിന്‍ഡയ്ക്കായി. 2019 മാര്‍ച്ചില്‍ വെളുത്ത വംശജനായ അക്രമി ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മോസ്‌കുകളിലായി 51 പേരെ വെടിവച്ച് കൊന്നതിനെ തുടര്‍ന്ന് ജസിന്‍ഡ നടത്തിയ ഇടപെടലുകളും ശ്രദ്ധേയമായി. ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യുഎന്‍ പൊതുസഭായോഗത്തില്‍ കൈക്കുഞ്ഞുമായതും വാര്‍ത്തയായിരുന്നു. രാജിക്ക് കൃത്യമായ കാരണമൊന്നും അവര്‍ പറഞ്ഞില്ല. മറിച്ച് പ്രധാനമന്ത്രിപദം വെല്ലുവിളി നിറഞ്ഞതാണെന്നും അതിനോട് ഇനി നീതി പുലര്‍ത്താനാകില്ലെന്നും മാത്രമാണ് വിശദീകരണം. എപ്പോള്‍ നയിക്കണെന്ന് അറിയണമെന്നപോലെ എപ്പോള്‍ പിന്മാറണമെന്നതും ഉത്തരവാദിത്തമാണ് എന്നും അവര്‍ പറഞ്ഞു. പങ്കാളിയായ ക്ലര്‍ക്ക് ഗേഫോര്‍ഡുമായി വിവാഹിതയാകുമെന്നും കുടുംബജീവിതം നയിക്കുമെന്നും അവര്‍ സൂചിപ്പിച്ചു. ഞാന്‍ മനുഷ്യനാണ്, രാഷ്ട്രീയക്കാര്‍ മനുഷ്യരാണ് എന്നുമവര്‍ കൂട്ടിചേര്‍ത്തിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജിയും ശ്രദ്ധേയമാണ്. അധികാരമേറ്റ് 45ാം ദിവസമായിരുന്നു രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ജനാഭിലാഷത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞാണ് അവര്‍ രാജിവെച്ചത്. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ലിസ് ട്രസ് വ്യതിചലിച്ചതായി ആരോപിച്ച് മന്ത്രിസഭയുടെ രാജിക്കായി പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് പദവിയില്‍ നിന്ന് ഒഴിവാകാന്‍ അവര്‍ നിശ്ചയിച്ചത്. എന്തായാലും ഇത്തരത്തില്‍ സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറഞ്ഞ് സ്ഥാനമൊഴിയാന്‍ ഏതു നേതാവ് കേരളത്തിലും ഇന്ത്യയിലും തയ്യാറാകും?

ജനാധിപത്യമെന്ന സാമൂഹ്യ – രാഷ്ട്രീയ സംവിധാനത്തെ മറ്റു സംവിധാനങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നതുതന്നെ അതില്‍ അന്തര്‍ലീനമായിരിക്കുന്ന മാറ്റമാണ്. മിക്ക ജനാധിപത്യ രാഷ്ട്രങ്ങളിലും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു പദവിയില്‍ തുടരാനുള്ള കാലയളവ് അഞ്ചുവര്‍ഷമാണ്. പല രാജ്യങ്ങളിലും അതിനിടയില്‍ തന്നെ തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇന്ത്യയിലെന്താണ് നടക്കുന്നത്? അഞ്ചുവര്‍ഷ കാലാവധി തന്നെയാണ് ഇവിടേയും നിലനില്‍ക്കുന്നത്. എന്നാല്‍ തുടര്‍ന്നും അതേ വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും അധികാരത്തില്‍ തുടരാന്‍ കഴിയുന്ന സംവിധാനമാണ് ഇവിടെ നിലനില്‍ക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി തന്നെ നോക്കൂ. എത്രയോ വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി 10 വര്‍ഷം തികയാന്‍ പോകുകയാണ്. ഇനിയുമൊരു അങ്കത്തിനു തയ്യാറെടുക്കുക കൂടിയാണ് അദ്ദേഹം. മൂന്നു പതിറ്റാണ്ടില്‍ പരം കാലം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സിപിഎമ്മിന് അവിടെ എന്താണ് സംഭവിച്ചതെന്ന് ഇന്നു നമുക്കറിയാം.

വൈവിധ്യങ്ങളുടെ അനന്തമായ കലവറയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി എന്നു പറയാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യം ഇപ്പോഴും പരിപക്വമായി എന്നു പറയാനാകില്ല. വര്‍ഗ്ഗീയതക്കും ജാതീയതക്കുമൊക്കെ ജനാധിപത്യത്തേയും മതേതരത്വത്തേയും മറികടക്കാനും അധികാരത്തിലെത്താനും കഴിയുന്നത് അതിനാലാണ്. തീര്‍ച്ചയായും അതിനു ചരിത്രപരമായ കാരണങ്ങളുണ്ട്. ജനങ്ങളെ ജാതീയശ്രേണിയായി വിഭജിച്ച, അനൗദ്യോഗിക ഭരണഘടനയായ മനുസ്മൃതിമൂല്യങ്ങളെ മറികടക്കാന്‍ ലോകത്തെ വളരെ മഹത്തായ ഒരു ഭരണഘടനയുണ്ടായിട്ടും ഇതുവരേയും നമുക്കായിട്ടില്ല. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. മറിച്ച് കെ വി തോമസ് വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ അധികാര കേന്ദ്രീകരണം വ്യക്തിയേയും സമൂഹത്തേയും ജനാധിപത്യത്തേയും നശിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു എന്നു സൂചിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മുകളില്‍ സൂചിപ്പിച്ചപോലെ മാറ്റമെന്ന ജനാധിപത്യത്തിന്റെ സുപ്രധാനമൂല്യമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.

സത്യത്തില്‍ ഈ പ്രവണത സ്വാതന്ത്ര്യാനന്തരകാലത്തുതന്നെ ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിനുേ നേതൃത്വം നല്‍കിയ രാഷ്ട്രീയമൂലധനവുമായി അധികാരത്തിലെത്തിയ കോണ്‍ഗ്രസ്സിന് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണത്തുടര്‍ച്ച കിട്ടിയത് സ്വാഭാവികമായിരുന്നു. മിക്കയിടത്തും അധികാരസ്ഥാനത്തുള്ള വ്യക്തികള്‍ക്കും പാര്‍ട്ടി നേതൃത്വത്തിനും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല. തുടര്‍ന്ന് അത് കുടുംബപാരമ്പര്യത്തിലേക്കും വഴിമാറി. കോണ്‍ഗ്രസ്സിന്റെ ഈ വഴിതന്നെയാണ് മിക്കവാറും എല്ലാപാര്‍ട്ടികളും പിന്തുടര്‍ന്നത്. ഒരിക്കല്‍ അധികാരത്തിലെത്തിയാല്‍ അതില്‍ അളളിപിടിച്ചിരിക്കാനുള്ള പാര്‍ട്ടികളുടേയും വ്യക്തികളുടേയും തന്ത്രങ്ങളുടെ ആവിഷ്‌കാരങ്ങളായി തെരഞ്ഞെടുപ്പുകള്‍ മാറി. അന്തസത്തയില്‍ ജനാധിപത്യം അതല്ലാതായി മാറുകയും രാജഭരണത്തിന്റെ മൂല്യങ്ങള്‍ക്ക് അടിമയായി മാറുകയും ചെയ്യുന്നു. അതിന്റെ ഭാഗമാണ് കെ വി തോമസിന്റെ സ്ഥാനാരോഹണവും. കൊച്ചുകേരളത്തില്‍ നടന്ന ചെറിയൊരു സംഭവമായി ഇതിനെ ലഘൂകരിച്ചുകാണാനാവില്ല എന്നര്‍ത്ഥം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അധികാരം മനുഷ്യനെ ദുഷിപ്പിക്കുമെന്നു പറഞ്ഞത് ബറ്റ്‌റന്റ് റസ്സലാണ്. ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളവും അത് ശരിയാണ്. ജനാധിപത്യ സംവിധാനത്തോടെയാണെങ്കിലും ഭരണത്തുടര്‍ച്ച ഈ ജീര്‍ണ്ണതയെ കൂടുതല്‍ രൂക്ഷമാക്കും. അതിനാല്‍ തന്നെ അനന്തമായി തുടരുന്ന അധികാര തുടര്‍ച്ചയെ തടയാനുള്ള സംവിധാനം അനിവാര്യമാണ്. അതാകട്ടെ ഈ വ്യവസ്ഥക്കുള്ളില്‍ തന്നെ അന്തര്‍ലീനമാകുകയും വേണം. അത്തരത്തിലുള്ള ശ്രമങ്ങള്‍ കാര്യമായി ഉണ്ടാകുന്നില്ല എന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളി. വിവരാവകാശനിയമവും സേവനാവകാശനിയമവും ലോക്പാലും തിരിച്ചുവിളിക്കാനുള്ള അവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകളും മറ്റും ആ ദിശയിലുള്ളചലനങ്ങളാണെന്നു പറയാമെങ്കിലും ലക്ഷ്യം നേടുന്നില്ല. മാത്രമല്ല, അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. വ്യക്തികളുടേയും പ്രസ്ഥാനങ്ങളുടേയും തുടര്‍ഭരണത്തിനു തടയിടുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കാനാണ് ജനാധിപത്യവിശ്വാസികള്‍ ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ നഷ്ടപ്പെടുക ജനാധിപത്യത്തിലുള്ളസ ജനവിശ്വാസമായിരിക്കും. അതെവിടെയാണ് നമ്മെ എത്തിക്കുക എന്ന് പ്രത്യേകിച്ച് പറയേണ്ടതിലില്ലല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply