കുട്ടന്‍ പിള്ളയും അര്‍ജുവും പരിണമിക്കുന്നത് നോയല്‍ ജോര്‍ജുമാരിലേക്കാണ്.

സമീപകാലത്തുണ്ടായ മൂന്നു ഐക്കണുകളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. ആദ്യത്തേത് കേരളപോലീസിലെ റോസ്റ്റിംഗ് ഐക്കണ്‍ കുട്ടന്‍ പിള്ള. രണ്ടാമത്തേത് രജിത് ആര്‍മി അംഗം അര്‍ജു. മൂന്നാമത്തേത് സിപിഎം സൈബര്‍ വാര്യര്‍ നോയല്‍ ജോര്‍ജ്. മൂന്ന് ഐക്കണുകളും കേരളത്തിലെ നിലവില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ മേഖലകളിലെ പല വിഷയങ്ങളെക്കുറിച്ചും ഓഡിറ്റിംഗ് നടത്തിയവരാണ്.

ലോകത്തൊട്ടാകെയുള്ള സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ഒരു ഭരണകൂട സംവിധാനമായ പോലീസ് വകുപ്പ് തന്നെ പൗരജനങ്ങളെ ഓഡിറ്റ് ചെയ്യാനും ആക്ഷേപഹാസ്യം എന്ന ടാഗില്‍ ചാലിച്ച് സ്ത്രീ വിരുദ്ധതയും ജാതിവെറിയും വിളമ്പുന്നു എന്നുള്ളതും പ്രശ്‌നവത്കരിക്കേണ്ടതാണ്. ഇത് കേരളത്തിലെ സാമൂഹിക സ്വഭാവവുമായി ബന്ധപെട്ടതാണ്. പോലീസിനുവരെ സാമൂഹിക – രാഷ്ട്രീയ – നിരീക്ഷണ – വിമര്‍ശന താല്പര്യങ്ങളുണ്ടാകുന്നു എന്നത് ലോകത്ത് മറ്റെവിടെയും കാണാത്തതാണ്. കേരളത്തിലൊട്ടാകെ സാമൂഹിക വിഷയങ്ങളെക്കുറിച്ചു സംസാരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവര്‍ക്ക് വലിയ ശ്രദ്ധകിട്ടുകയും ചെയ്യാറുണ്ട്. ഇതുകൊണ്ടാണ് പോലീസ് വകുപ്പിന് പോലും ഇത് വളരെ രസകരമായി തോന്നുന്നത്.

രജത് ആര്‍മി അര്‍ജുവിന് ആദ്യ വീഡിയോകളില്‍ വലിയ രീതിയില്‍ സ്വീകാര്യത ലഭിക്കുവാന്‍ ഇത് കാരണമായിട്ടുണ്ട്. അയാളുടെ പ്രൊഫൈലിലേക്ക് ആദ്യ ക്രൗഡ് പുള്‍ സംഭവിച്ചത് സ്ത്രീ പക്ഷ ചിന്തകള്‍ അയാളില്‍ ഉണ്ടായിരുന്നു എന്ന ധാരണയിലാണ്. എന്നാല്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും മറിച്ചാണ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന ടിക്ക് ടോക്ക് താരത്തെ സ്ത്രീ വിരുദ്ധമായി അക്രമിച്ചുകൊണ്ട് അയാളുടെ അടുത്ത വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

സമൂഹത്തിലെ അധീശത്വ ഘടനയുടെ മുഴുവന്‍ അടിച്ചമര്‍ത്തലും അതിരൂക്ഷമായി നിലനില്‍കുകയും സാമൂഹിക ഘടനയെ അതുപോയോഗിച്ചു നിരന്തരം ആക്രമിക്കുകയും ചെയുന്ന ഒരു ഭരണകൂട സംവിധാനമാണ് പോലീസ് വകുപ്പ്. അത് പുറത്തേക്ക് വമിപ്പിക്കുന്ന ജാതിവെറിയുടെയും സ്ത്രീ വിരുദ്ധതയുടെയും ഹിന്ദുത്വത്തിന്റെയും വളരെ മടങ്ങ് അധികമാണ് വകുപ്പിനകത്ത് നിലനില്‍ക്കുന്നത്. ദളിതുകളും ആദിവാസികളും ആയ ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം വകുപ്പില്‍ സംഭവിക്കുന്നുണ്ട്. കീഴുദ്യോഗസ്ഥരെകൊണ്ട് തൊഴിലിന്റെ മാന്യതക്ക് നിരക്കാത്ത ജോലികള്‍ ചെയ്യിക്കുക, അടിമസബ്രദായം നിലനില്‍ക്കുക, വനിതാ ഉദ്യോഗസ്ഥരോട് തികഞ്ഞ ചൂഷണ സ്വഭാവം നിലനിര്തുക എന്നിവയൊക്കെ ആ വകുപ്പിനകത്ത് പലമടങ്ങ് അധികമാണ്. പുറത്തേക്ക് വമിപ്പിക്കുന്ന വിഷത്തിനും പലമടങ്ങ് അധികമാണ് അകത്ത്. ആ നിലക്കുള്ള അധികാര രൂപം എന്ന നിലക്ക് പോലീസ് വകുപ്പില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം ഓഡിറ്റിംഗുകള്‍ മുളയിലേ വിമര്ശിക്കപ്പെട്ടില്ലെങ്കില്‍ അധീശത്വത്തിനെതിരെ ഓണ്‍ലൈന്‍ മേഖലയിലെങ്കിലും നിലനില്‍ക്കുന്ന അല്പാല്പമായി പ്രതിരോധങ്ങളെ ദുരബലപ്പെടുത്തുന്നതായിരിക്കും. ആ വകുപ്പില്‍ നിന്ന് സാമൂഹിക നീതിക്ക് നിരക്കാത്ത ഒന്നും പ്രതീക്ഷ വെക്കേണ്ടതില്ല എങ്കിലും അവരുടെ അടിച്ചമര്‍ത്തലിനെ എക്കാലത്തും നാം പ്രതിരോധിച്ചതുപോലെ നിയമപരമായും രാഷ്ട്രീയ പ്രചാരണത്തിലൂടെയും പ്രതിരോധിക്കേണ്ടതുണ്ട്.

പോലീസ് വകുപ്പില്‍ നിന്ന് വിഭിന്നമായി അര്‍ജുവില്‍ വളരെ സൂക്ഷമായി നമുക്ക് തിരിച്ചറിയാന്‍ കഴിയുന്ന പ്രതീക്ഷകളുണ്ട്. അര്‍ജു എന്ന വ്യക്തിയുടെ ആദ്യകാല വീഡിയോകളില്‍ ഒന്നില്‍ സമയം വൈകിയതിന് സഹോദരിയെ വഴക്ക് പറയുന്ന ഒരു സഹോദരനെ പരിഹസിക്കുന്നുണ്ട്. സ്ത്രീകളുടെ സമയം നിയന്ത്രിക്കാന്‍ പുരുഷന് അവകാശമില്ലെന്നൊക്കെ ഉള്ള അര്‍ത്ഥത്തില്‍ സ്ത്രീപക്ഷമായി അയാള്‍ സംസാരിക്കുന്നത് വലിയ സ്വീകാര്യത അന്ന് നേടിക്കൊടുത്തു. ലോകത്തൊട്ടാകെയുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെ ഫലമായി അയാളെപ്പോലെയുള്ള ഒരു സ്ത്രീ വിരുദ്ധന് ഈ സമയത്തെകുറിച്ചെങ്കിലും ബോധ്യം വന്നതില്‍ നമ്മള്‍ സ്വയം കൃതജ്ഞത ഉള്ളവരായിരിക്കണം.

ഇതാണ് പ്രതീക്ഷ. പോലീസ് വകുപ്പിനും അര്‍ജുവിനും ഉള്ള ഈ സവിശേഷതകളെ തിരിച്ചറിഞ്ഞാല്‍ മാത്രമേ നമുക്ക് സിപിഎംന്റെ അള്‍ത്താരപയ്യനായ നോയല്‍ ജോര്‍ജിലേക്ക് എത്താനാകു. കേരളാപോലീസ് മുഴുവന്‍ അധീശത്വ ഘടനയുടെയും അടിച്ചമര്‍ത്തലിന്റെയും ബിംബം ആണ് നമുക്കതില്‍ മാറ്റത്തിനു പ്രതീക്ഷയില്ല. എന്നാല്‍ അര്‍ജു ഇവിടത്തെ മുഖ്യധാരാ സവര്‍ണ പ്രിവിലേജ്ഡ് ആണ്‍ കൂട്ടങ്ങളിലെ ഒരാളാണ്. അയാളുടെ ബോധം കേരളത്തിന്റെ ബോധമാണ്. അവനടക്കമുള്ള ആളുകള്‍ വിദ്യാസമ്പന്നമായ മധ്യവര്‍ഗ കേരളത്തെയാണ് പ്രതിനിധീകരിക്കുന്നത്. സ്ത്രീവിരുദ്ധതയും സവര്ണതയും ദളിത് ആദിവാസി വിരുദ്ധതയും അതിന്റെ നട്ടെല്ലാണെങ്കില്‍ പോലും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ലഭ്യമായിട്ടുള്ള സമയത്തെക്കുറിച്ച് അവനെ കണ്‍ഫ്യൂസ് ചെയ്യിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.

ഒരിക്കല്‍ പ്രസിദ്ധ റാപ്പറും അംബേദ്കറൈറ്റുമായാ സുമീത് സാമോസ് സവര്‍ണ പുരുഷന്മാരുടെ സാമൂഹ്യ രാഷ്ട്രീയ പ്രതിബദ്ധതയെകുറിച്ച് പറയുകയുണ്ടായി. പാട്ടുപാടുന്നതുപോലെയോ ചിത്രം വരക്കുന്നതുപോലെയോ നൃത്തം പോലെയോ ഒക്കെയുള്ള ഒരു പഠ്യേതര പ്രവര്‍ത്തനമാണ് (Extracurricular) അവര്‍ക്ക് രാഷ്ട്രീയ പ്രതിബദ്ധത എന്നാണ് സുമീത് വ്യക്തമാക്കിയത്. ഹിന്ദുത്വ സാമൂഹിക ഘടനയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സവര്‍ണ പുരുഷന്മാര്‍ക്ക് അവരുടെ വ്യക്തിജീവിതത്തിലേക്ക് അനുഭവപ്പെടാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് സുമീത് ഉദ്ദേശിക്കുന്നത്. അര്‍ജു എന്ന യു ട്യൂബ് താരത്തിന്റെ സാമൂഹിക ഓഡിറ്റിംഗുകള്‍ ഈ നിലക്ക് നോക്കുമ്പോള്‍ സുമീതന്റെ നിരീക്ഷണം വളരെ കൃത്യമാണ്. അര്‍ജു എന്ന വ്യക്തി സാമൂഹിക ഘടനയുടെ ഒരു അടിച്ചമര്‍ത്തലും അനുഭവിക്കുന്നില്ല. ഹിന്ദുത്വ സാമൂഹിക ഘടനക്ക് ഘടനാപരവും വ്യക്തിപരവുമായ രണ്ടു തരത്തിലെ അടിച്ചമര്‍ത്തലുകള്‍ ഉണ്ട്. എന്നാല്‍ രണ്ടിനെക്കുറിച്ചും അയാള്‍ക്ക് ധാരണയില്ല. അനുഭവപരമായും ഘടനപരമായും അയാള്‍ക്ക് സമൂഹത്തിലെ ഒരു പ്രശ്‌നവും അറിയാന്കഴിഞ്ഞിട്ടില്ല. എന്നാല്‍ സ്ത്രീ സമൂഹത്തില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തിന്റെയും മുന്നേറ്റങ്ങളുടെയും ഫലമായി സ്ത്രീകള്‍ നേരിടുന്ന സമയക്രമത്തിന്റേതായ അടിച്ചമര്‍ത്തല്‍ അര്‍ജുനെപോലെയുള്ള സ്ത്രീ വിരുദ്ധന്മാരെ മനസിലാക്കിക്കാന്‍ നമുക്ക് കഴിഞ്ഞു. കൂടുതല്‍ സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ചും ദളിത് ആദിവാസി ജീവിത സാഹചര്യങ്ങളെക്കുറിച്ചും അര്‍ജുവിനെപോലെ ഉള്ള സവര്‍ണ കേരളത്തെ ഇനിയും നാം ബോധിപ്പിക്കേണ്ടി ഇരിക്കുന്നു.

നാം അതിന്റെ പണി എടുക്കുന്നുണ്ട്. അത് വളരെ പതുക്കെയാണ് പോകുന്നത് അനേകമനേകം ദൂരമിനിയും പോകേണ്ടതുണ്ട്. സര്‍ക്കാരുകളെ മെച്ചപ്പെട്ട നയങ്ങളെടുപ്പിക്കാനും സവര്‍ണ പുരുഷാധിപത്യ ഘടനയുടെ അധികമൂല്യം തകര്‍ക്കാനും നമ്മള്‍ ഇനിയും പണിയെതുക്കേണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവര്‍ ഇനിയുമിനിയും ഐക്യപ്പെടേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ വേണം നോയല്‍ ജോര്‍ജ് എന്ന സിപിഎം അള്‍ത്താര പയ്യനിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കാന്‍. ഇന്ത്യയിലെ ഹിന്ദുത്വ സാമൂഹത്തിലെ ഘടനാപരമോ വ്യക്തിപരമോ ആയ ഒരു തരത്തിലുള്ള അടിച്ചമര്‍ത്തലും നേരിടാത്ത ഒരു പ്രിവിലേഡ്ജ്ഡ് സവര്‍ണ പുരുഷന്‍ എന്ന നിലക്ക് നോയല്‍ നാം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ മനസിലാക്കാന്‍ തക്ക എക്‌സ്ട്രാ ക്യാരിക്കുലര്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നുണ്ട്.

ആ നിലക്ക് വേണം അഞ്ജന ഹരീഷ് എന്ന വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട നോയല്‍ ജോര്‍ജ് എന്ന വ്യക്തിയുടെ ഓഡിറ്റിംഗിനെയും നമുക്ക് കാണാന്‍. അഞ്ജനയുടെ മരണത്തെച്ചാരി നോയല്‍ ജോര്‍ജ് കേരളത്തിലെ മുഴുവന്‍ ലൈംഗിക ന്യൂനപക്ഷ മുന്നേറ്റങ്ങളെയും ഓഡിറ്റ് ചെയുകയും സാന്മാര്ഗികതയും കുടുംബ അധീശത്വ വ്യവസ്ഥിതിയെക്കുറിച്ചുള്ള മുഴുവന്‍ വൈകാരികതകളും ഉപയോഗിച്ച് ഈ മുന്നേറ്റങ്ങളെ സംശയത്തിന്റെ മുള്‍മുനയില്‍ നിറുത്തുകയും ചെയ്തു. വലിയ സ്വീകാര്യതയാണ് ഇടതുപക്ഷ ഇടതുപക്ഷേതര ലിബറല്‍ ഘടകങ്ങളില്‍ നിന്നും നോയല്‍ ജോര്‍ജിന് ലഭിച്ചത്. കേരളത്തിലെ ലൈംഗിക ന്യൂനപക്ഷ മുന്നേറ്റങ്ങളിലെ ശക്തമായ സാന്നിധ്യമായ ശീതള്‍ ശ്യാം അടക്കം വിഷയത്തില്‍ ശക്തമായി ഇടപെടുകയും വിമര്‍ശിക്കുകയും ചെയ്തതോടെ നോയല്‍ ജോര്‍ജ് ഉള്‍വലിയുകയും മൗനം ആചരിക്കുകയും ചെയ്തു.

കേരളത്തിലെ സാമൂഹിക മുന്നേറ്റ ചരിത്രത്തില്‍ ചടുലമായ മാറ്റങ്ങള്‍ക്കും നയപരമായ ഇടപെടലിനും സാധ്യതയുണ്ട് എന്ന് തെളിയിച്ച ഒന്നായിരുന്നു രണ്ടായിരത്തി ഒന്‍പതിന് ശേഷം ശക്തമായ എല്‍.ജി.ബി.ടി മുന്നേറ്റങ്ങള്‍. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ നിലനിന്ന ദളിത് ആദിവാസി പോരാട്ടത്തിനേക്കാള്‍ വേഗത്തില്‍ എല്‍.ജി.ബി.ടി മുന്നേറ്റങ്ങള്‍ കേരളത്തില്‍ ശക്തമാകുകയും പത്തുവര്ഷത്തിനകത് ഒരു ട്രാന്‍സ് ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് രൂപീകരിക്കാനും ട്രാന്‍സ് ജന്‍ഡര്‍ നയം സ്വീകരിക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തില്‍ ആ മുന്നേറ്റം വളര്‍ന്നു. വളരെ പെട്ടെന്ന് കേരളത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദൃശ്യത വര്‍ധിച്ചു. മാധ്യമങ്ങളിലും തിരഞ്ഞെടുപ്പിലും വരെ സമുദായ അംഗങ്ങള്‍ പങ്കെടുത്തു. ഈ മുന്നേറ്റങ്ങളെ മുഴുവന്‍ റദ്ദ് ചെയ്തുകൊണ്ടാണ് നോയല്‍ ജോര്‍ജ് എന്ന വ്യക്തി സാന്മാര്ഗികതയും കുടുംബ ഘടനയെയും പൊക്കിപിടിച്ചുകൊണ്ട് ഇടപെട്ടത്. അഞ്ജന ഹരീഷ് എന്ന വ്യക്തി ബൈസെക്ഷ്വല്‍ ആണെന്ന് സ്വയം ക്ലെയിം ചെയ്തതും അതിനെത്തുടര്‍ന്നാണ് കുടുംബത്തില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടതെന്നും സ്വയം ലൈവ് വീഡിയോ യില്‍ വ്യക്തമാക്കിയതുമാണ്. കേരളത്തിലെ ഈ മുന്നേറ്റങ്ങളില്‍ ഉണ്ടായിരുന്ന അഞ്ജനയുടെ സുഹൃത്തുക്കളെ അപരവത്കരിച്ചുകൊണ്ടാണ് നോയല്‍ ജോര്‍ജ് നിരന്തരം ഇടപെട്ടുകൊണ്ടിരുന്നത്. സമൂഹത്തില്‍ പ്രബലമായ ബോധമായ കുടുംബ വ്യവസ്ഥയെ പരിലാളിക്കുകയും അതിന്റെ വൈകാരികതകളില്‍ പിടിച്ചുകൊണ്ട് അഞ്ജനയുടെ സുഹൃത്തുക്കളെ വളരെ പൈശാചികമായി അയാള്‍ പൊതു സമൂഹത്തിനു മുന്നില്‍ ചിത്രീകരിക്കുകയും ചെയ്തു. സിപിഎം എന്ന ശക്തികേന്ദ്രത്തിന്റെ തികഞ്ഞ മൗനാനുവാദത്തോട് കൂടിയാണ് ഇത് നടപ്പാക്കപ്പെട്ടത്. സാധാരണക്കാരായ ആളുകളിലേക്ക് വരെ നോയല്‍ ജോര്‍ജിന്റെ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എത്തുകയും എല്‍ജിബിടി മുന്നേറ്റങ്ങളെ മുഴുവന്‍ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ ഇതുവഴി സാധിക്കുകയും ചെയ്തു. നാളിതുവരെ ഈ മുന്നേറ്റങ്ങളിലുള്ളവര്‍ പോരാടി നേടിയെടുത്ത അല്പാല്പമായി ദൃശ്യത തകര്‍ക്കാനാണ് അയാള്‍ ശ്രമിച്ചത്. കേരള പോലീസിന്റെയും അര്‍ജുനവിന്റെയും ഓഡിറ്റിംഗില്‍ നിന്ന് നോയല്‍ ജോര്‍ജിന്റെ ഓഡിറ്റിംഗ് കുറച്ചുകൂടി അപകടകരമാകുന്നത് ഇതുകൊണ്ടാണ്. കുടുംബ ഘടന, പുരുഷാധിപത്യം, ദളിത് ആദിവാസി വിരുദ്ധത, സ്ത്രീ വിരുദ്ധത, ഹോമോ ഫോബിയ തുടങ്ങിയവ കുട്ടന്‍പിള്ളയിലും അര്‍ജുവിലും ഉള്ളതുപോലെ നോയല്‍ ജോര്‍ജിലും ഉണ്ടായിരുന്നു.

നോയല്‍ ജോര്ജിന്റേതായ ഓഡിറ്റിംഗിന് ഒരു ഇടതുപക്ഷ സ്വീകാര്യതയുണ്ട് കേരള പോലീസിനും അര്‍ജു എന്ന വ്യക്തിക്കും ഈ സ്വീകാര്യതയില. വളരെയധികം സാധാരണക്കാരായ ആളുകള്‍ അര്‍ജുവിലേക്കും കേരള പൊലീസിലേക്ക് എത്തിയിരിക്കാം. എന്നാല്‍ നോയല്‍ ജോര്‍ജ് ഇടപെടുന്നത് കേരളത്തിലെ രാഷ്ട്രീയമായി ചിന്തിക്കുന്നു എന്ന് കരുതുന്ന മധ്യവര്‍ഗ ഇടതുപക്ഷത്തിനകത്താണ്. ലിജിബിടി മുന്നേറ്റം ഇടതുപക്ഷത്തിനകത്ത് പോലും ശക്തമായ സ്വാധീനം ആയി മാറിയിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്.

കേരളത്തില്‍ ഉയര്‍ന്നുവന്ന സ്വത്വ രാഷ്ട്രീയ ജനകീയ മുന്നേറ്റങ്ങളില്‍ സിപിഎം അപ്രോപ്രിയേറ്റ് ചെയ്യാന്‍ ഏറെ ശ്രമിച്ചിട്ടും സമുദായ അംഗങ്ങളുടെ ശക്തമായ പ്രതിരോധം മൂലം നടക്കാതെ പോയ ഒന്നുമാണ് എല്‍.ജി.ബി.ടി മുന്നേറ്റം. സമൂഹത്തിലെ സവര്‍ണ ഹിന്ദുത്വ പുരുഷാധിപത്യ ഘടനയെ മധ്യവര്‍ഗത്തിനിടക്ക് കുറച്ചുകൂടി വേഗത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു ഈ മുന്നേറ്റത്തിന്റെ സവിശേഷത. സമൂഹത്തില്‍ സാമ്പത്തിക അടിച്ചമര്‍ത്തലിനേക്കാള്‍ പൊള്ളിക്കുന്ന സ്വത്വ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു സവര്‍ണ്ണ കേരളത്തിലെ ഉയര്‍ന്ന മധ്യവര്‍ഗം സ്വയം അംഗീകരിച്ചത് എല്‍ജിബിടി മുന്നേറ്റങ്ങള്‍ കൂടി ശക്തമായതോടെയാണ്. ദളിത് ആദിവാസി മുസ്ലിം മുന്നേറ്റങ്ങളോടൊപ്പം എല്‍ജിബിടി മുന്നേറ്റങ്ങള്‍ ഐക്യപ്പെട്ടത് കേരളത്തില്‍ സ്വത്വ രാഷ്ട്രീയത്തിന്റേതായ പുതിയൊരു പൗര സമൂഹത്തെ സൃഷ്ടിച്ചു. ലിബറല്‍ ഇടതുപക്ഷം അടക്കം ഈ പ്രബലമായ സ്വത്വ രാഷ്ട്രീയ വിഭാഗത്തിനോട് രാഷ്ട്രീയ ഇടപെടല്‍ നടത്തേണ്ടതായ വന്നു.പല ധാരകളും പുതിയ ഓണ്‍ലൈന്‍ സ്‌പേസുകളും ചര്‍ച്ചകളും ഏകമാനമായ ഒരു രാഷ്ട്രീയ ഇടതുപക്ഷം എന്ന സിപിഎം സ്വപ്നം തകര്‍ത്തുകളഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ സ്വത്വ രാഷ്ട്രീയം മുന്നോട്ട് വക്കുന്നവര്‍ക്കെതിരെ സിപിഎം നടത്തുന്ന ആള്‍ക്കൂട്ട ആക്രമണത്തിന്റെ മറ്റൊരു വശം മാത്രമാണ് നോയല്‍ ജോര്‍ജ് എന്ന അള്‍ത്താരപയ്യന്‍. അത് കേരള പോലീസ് നടത്തുന്നതുപോലെയോ അര്‍ജു നടത്തുന്നതുപോലെയോ ഉള്ള ഓഡിറ്റിങ് മാത്രമല്ല. അതിന്റെ ലക്ഷ്യം മുഴുവന്‍ സ്വത്വ രാഷ്ട്രീയം പറയുന്ന ജനകീയ മുന്നേറ്റങ്ങളെയും പൗരസമൂഹത്തിനു മുന്നില്‍ അപരവത്കരിക്കുക എന്നതുകൂടി ആണ്. നാം അതില്‍ ജാഗരൂകരായിരിക്കണം.

ഹിന്ദു സാമൂഹിക ഘടനയിലെ പ്രശ്‌നങ്ങള്‍ ഘടനപരമോ വ്യക്തിപരമോ ആയി ബാധിക്കാത്ത ആളുകളെ ജാതി അടിച്ചമര്‍ത്തലും സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലും മനസിലാക്കിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉള്ള അടിച്ചമര്‍ത്തല്‍ മനസിലാക്കിക്കാം. അതുകുറച്ചുകൂടി ദൃശ്യമായിരുന്നു. സമൂഹത്തിന്റെ സ്വത്വപരമായ ഘടനയും അടിച്ചമര്‍ത്തലും കുറച്ചുകൂടി എളുപ്പത്തില്‍ മനസിലാക്കിക്കാന്‍ ഈ എല്‍ജിബിടി മുന്നേറ്റങ്ങള്‍ക്ക് കഴിയും എന്നതും സിപിഎംനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. സ്വത്വപ്രശ്‌നങ്ങളെ ബോധ്യപ്പെട്ടു തുടങ്ങുന്നതോടെ സിപിഎംനകത്ത് ഖനീഭവിച്ചിരിക്കുന്ന ഹിന്ദു സവര്‍ണ നേതൃത്വത്തെയും അതിന്റെ നയപരമായ താല്പര്യങ്ങളെയും തിരിച്ചറിയാനാകും. സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര ധാരണകള്‍ തന്നെ സമൂഹത്തിലെ സ്വത്വപരമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഒരു പ്രശ്നവും ചര്‍ച്ചക്ക് വക്കാന്‍ പോലും പര്യാപ്തമല്ല എന്ന ബോധ്യമാണ് ഒരര്‍ത്ഥത്തില്‍ സിപിഎം ന്റെ സൈബര്‍ വാര്യര്‍മാര്‍ സ്വത്വ മുന്നേറ്റങ്ങളെ ആക്രമിക്കുന്നത്. ഈ നിലക്ക് പരിശോധിക്കുകയാണെങ്കില്‍ കേരള പോലീസിന്റെ കുട്ടന്‍ പിള്ളയും അര്‍ജുവും പരിണമിക്കുന്നത് നോയല്‍ ജോര്‍ജുമാറിലേക്കാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply