ജീര്‍ണ്ണിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ സജീവമായ ചില വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഈ കുറിപ്പെഴുതുന്നത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുും അടുത്തകാലംവരെ എസ് എഫ് ഐ നേതാവായിരുന്ന, ഇപ്പോഴും ഇടതുപക്ഷസഹയാത്രികയായ വിദ്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തന്നെയാണ് ഉദ്ദേശിച്ചത്.
വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിലാണ് കേരളം എന്ന അവകാശവാദം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും അതിനില്ല എന്നതാണ് വസ്തുത. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പൊതുവില്‍ മെച്ചപ്പെട്ട അവസ്ഥയാമെന്നു സമ്മതിക്കാം. അതുപോലും പൂര്‍ണ്ണമായും ശരിയല്ല. കെട്ടിടങ്ങളുടേയും മറ്റു സൗകര്യങ്ങളുടേയും കാര്യങ്ങളില്‍ അതു ശരിയാകാം. എന്നാല്‍ പഠനനിലാവരം കൊട്ടിഘോഷിക്കുന്നതുപോലെയൊന്നും മെച്ചമല്ല. എസ് എസ് എല്‍ സിക്കും പ്ലസ് ടുവിനും മറ്റും ഏറെക്കുറെ എല്ലാവരും ജയിക്കുന്നുണ്ട്. എന്നാല്‍ അവരില്‍ സ്വന്തം പേരു തെറ്റു കൂടാതെ എഴുതാനറിയാത്തവര്‍ പോലുമുണ്ടെന്ന വാസ്തവം അറിയാന്‍ ഏതെങ്കിലും അധ്യാപകരോട് ചോദിച്ചാല്‍ മതി. ചില സംസ്ഥാനങ്ങളില്‍ ഇതിനേക്കാള്‍ മോശം അവസ്ഥ ഉണ്ടാകാം. എന്നാല്‍ അതു നമ്മുടെ അവസ്ഥക്ക് ന്യായീകരണമല്ലല്ലോ.
ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക് വന്നാല്‍ കാര്യങ്ങള്‍ വളരെ പ്രകടമാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിലും കേരളത്തിനു കാര്യമായ നേട്ടമൊന്നുമുണ്ടായിട്ടില്ലല്ലോ. മുമ്പൊക്കെ യുവജനങ്ങള്‍ പഠിപ്പു കഴിഞ്ഞ് ജോലിക്കാണ് പുറത്തുപോകാറുള്ളത്. പിന്നീട് ബിരുദത്തിനും ബിരുദാനന്തരബിരുത്തിനും ശേഷമുള്ള പഠനങ്ങള്‍ക്കായി. ഇപ്പോള്‍ പ്രധാനമായും പ്ലസ് ടു കഴിഞ്ഞാല്‍ തന്നെ പുറത്തുപോയി പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടി വരുകയാണ്. തിരിച്ച് വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്നിലെന്നഹങ്കരിക്കുന്ന കേരളത്തിലേക്ക് പഠിക്കാനായി വരുന്നവര്‍ എത്രയോ തുച്ഛമാണ്. കാരണം തിരഞ്ഞ് എവിടേയും പോകേണ്ടതില്ല. Kerala’s decaying education scene and students leaving the state for higher education
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ സജീവമായ ചില വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ഈ കുറിപ്പെഴുതുന്നത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുും അടുത്തകാലംവരെ എസ് എഫ് ഐ നേതാവായിരുന്ന, ഇപ്പോഴും ഇടതുപക്ഷസഹയാത്രികയായ വിദ്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തന്നെയാണ് ഉദ്ദേശിച്ചത്. വീഴ്ച ആരുടേതുമാകാം, അതു കണ്ടെത്തട്ടെ, എന്നാല്‍ പൂജ്യം മാര്‍ക്കുകിട്ടിയ, ഏറ്റവും പ്രബലമായ വിദ്യാര്‍ത്ഥി സംഘടനയുടെ ഏറ്റവും വലിയ നേതാവിന് ജയിച്ചതായി സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്നത് നിസ്സാരകാര്യമല്ല. ഈ വാര്‍ത്ത പുറത്തുവന്നില്ലായിരുന്നെങ്കിലോ? ഇത്തരത്തില്‍ പുറത്തുവരാത്ത എത്രയോ സംഭവങ്ങള്‍ കാലങ്ങളായി ഇവിടെ ഉണ്ടായിരിക്കും. മറുവശത്ത് വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി അധ്യാപന ജോലി നേടാന്‍ ഒരാള്‍ക്ക് കഴിയുന്നു. അതും പല ഉന്നതരുടേയും സഹായമില്ലാതെ നടക്കുമോ? തികച്ചും യാദൃച്ഛികമായല്ലേ ആ വാര്‍ത്തയും പുറത്തുവന്നത്. ഇല്ലായിരുന്നെങ്കിലോ?
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കാമ്പസുകളില്‍ രാഷ്ട്രീയം വേണം എന്നുതന്നെയാണ് ഈ ലേഖകന്റെ നിലപാട്. എന്നാല്‍ അത് ഇന്നു കേരളത്തിലെ കാമ്പസുകളില്‍ കാണുന്നപോലെ, ഗുണ്ടാരാഷ്ട്രീയമെന്നു വിളിക്കാവുന്ന ഒന്നാകരുത്. കേരളത്തില്‍ രാഷ്ട്രീയം നിലവിലുള്ള കോളേജുകളില്‍ മഹാഭൂരിപക്ഷത്തിലും നടക്കുന്നത് ചുവപ്പുകോട്ട എന്നു നാമകരണം ചെയ്ത് എസ് എഫ് ഐയുടെ ഫാസിസമാണ്. മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ജനാധിപത്യാവകാശം പോലും മിക്കയിടത്തുമില്ല. ഏതാനും വര്‍ഷം മുമ്പ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവവികാസങ്ങളെ തുടര്‍ന്ന് ഇക്കാര്യം മുഖ്യധാരയില്‍ ചര്‍ച്ചാവിഷയമാകുകയും ചില ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്തു. എന്നാലും പരീക്ഷയെഴുതാതെ വിജയിക്കുന്നപോലെ, തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത നേതാവിനെ പോലും വിജയിച്ചതായി പ്രിന്‍സിപ്പാള്‍ക്ക് ഒപ്പിട്ടുകൊടുക്കേണ്ട അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. എ ഐ എസ് എഫ് വനിതാ പ്രവര്‍ത്തകയെ അക്രമിക്കുകയും ജാതിപരമായും ലിംഗപരമായും അദിക്ഷേപിക്കുകയും ചെയ്ത ഒരാളെതന്നെ സംസ്ഥാനസെക്രട്ടറിയാക്കുന്ന സംഘടന നല്‍കുന്ന സന്ദേശം അത്ര മെച്ചപ്പെട്ടതൊന്നുമല്ല. മികച്ച രീതിയില്‍ രാഷ്ട്രീയപ്രവര്‍ത്തനവും പഠനവും നടക്കുന്ന ജെ എന്‍ യു, എച്ച സി യു പോലുള്ള സ്ഥാപനങ്ങളെയാണ് സത്യത്തില്‍ നാം മാതൃകയാക്കേണ്ടത്. മറിച്ച് ഇപ്പോള്‍ നടക്കുന്ന രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനാലാണ് വിദ്യാര്‍ത്ഥികളില്‍ വലിയൊരു ഭാഗം അരാഷ്ട്രീയ്ക്കാരാകുന്നതും കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട എന്ന പൊതുബോധം ശക്തമാകുന്നതും. സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കളില്‍ തന്നെ വലിയൊരു ഭാഗവും തങ്ങളുടെ കുട്ടികളെ രാഷ്ട്രീയമില്ലാത്തിടങ്ങളിലാണ് പഠിപ്പിക്കുന്നത് എന്നതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണല്ലോ. കേരളത്തിലെ വിദ്യാഭ്യാസനിലവാരം താഴുന്നതില്‍ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം വലിയ പങ്കുവഹിക്കുന്നുണ്ട്.
രാഷ്ട്രീയമില്ലാത്ത സ്ഥാപനങ്ങളിലേയും സ്വാശ്രയ സ്ഥാപനങ്ങളിലേയും അവസ്ഥയും വളരെ പരിതാപകരമാണ്. ഭീകരമായ പീഡനങ്ങളായിരുന്നു സ്വാശ്രയകലാലയങ്ങളുടെ സുവര്‍ണകാലത്ത് വിദ്യാര്‍ത്ഥികള്‍ നേരിട്ടിരുന്നത്. ജിഷ്ണു പ്രണോയിയുടെ അനുഭവങ്ങളും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നു പുറത്തുവന്നിരുന്ന വാര്‍ത്തകളും മറക്കാറായിട്ടില്ലല്ലോ. ആ അവസ്ഥക്ക് കാര്യമായ മാറ്റമില്ലെന്നാണ് അമല്‍ ജ്യോതി കോളേജിലെ ശ്രദ്ധ സീതിഷ് എന്ന പെണ്‍കുട്ടിയുടെ മരണവും വ്യക്തമാക്കുന്നത്. ഇപ്പോഴിതാ സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു പറയുന്നു. നല്ലത്. എന്നാല്‍ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പൊതുസമൂഹത്തെ മുഴുവന്‍ ഭീകരരായി ചിത്രീകരിക്കാനാണ് സഭ ശ്രമിക്കുന്നത്. ആ കലാലയത്തെ മികച്ചതെന്നു വിശേഷിപ്പിക്കാന്‍ ഒരു മന്ത്രിപോലും തയ്യാരായി എന്നതും മറക്കാന്‍ പാടില്ലാത്തതാണ്. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ശത്രുക്കളെപോലെ ചിത്രീകരിക്കുന്ന ഇവര്‍ (അത്തരക്കാല്‍ എല്ലായിടത്തുമുണ്ടെന്നു മറക്കുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും. സ്വാശ്രയകലാലയങ്ങളില്‍ കൂടുതലാണെന്നു മാത്രം. കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയ മിഷണറിമാരുടെ സംഭാവന തന്നെയാണ് ഇതും) ഭാവി തലമുറയോടു ചെയ്യുന്നത് വലിയ ദ്രോഹമാണ്. ഒരിക്കല്‍ ബാംഗ്ലൂരിലെ ഒരു ഐ ടി മേധാവിയോട് മലയാളികളായ ജീവനക്കാരെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് രണ്ടുകാര്യങ്ങളില്‍ അവര്‍ പുറകിലാണെന്നാണ്. ഒന്ന് ഇംഗ്ലീഷ് സംസാരിക്കാന്‍. രണ്ട് ലിംഗഭേദം മറന്നുള്ള ഇടപെടല്‍. ഇതു രണ്ടും അവരുടെ കരിയറിനെ തന്നെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇക്കാലത്തും അധ്യയന മാധ്യമം മലയാളമാകണമെന്ന ഭാഷാമൗലികവാദം പറയുന്നവരും ആണ്‍കുട്ടി.യും പെണ്‍കുട്ടിയും മിണ്ടരുതെന്നു പറയുന്ന സദാചാരപോലീസും നമ്മുടെ നാട്ടില്‍ സുലഭമാണ്.
സംസ്ഥാനത്തെ അധ്യാപക നിയമനത്തിന്റെ കാര്യവും പറയാതിരിക്കുകയാണ് നല്ലത്. യോഗ്യതയില്ലാത്തവരെ കടത്തിവെട്ടി എത്രയോ പേര്‍ അധ്യാപകര്‍ മുതല്‍ വൈസ് ചാന്‍സലര്‍ വരെയാകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. അവരുടെ പ്രധാന യോഗ്യത പാര്‍ട്ടിക്കൂറല്ലാതെ മറ്റൊന്നുമല്ല. അതിനായി ഒരു വശത്ത് മെറിറ്റിനേയും മറുവശത്ത് ഭരണഘടനാവകാശമായ സംവരണത്തെയും അട്ടിമറിക്കുന്നു. എയ്ഡഡ് സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റുകളാകട്ടെ പണം വാങ്ങി നിയമനം നടത്തുന്നു. അത് പി എസ് സിക്കുവിടാനുള്ള ധൈര്യം ഒരു സര്‍ക്കാരിനുമില്ല. മിനിമം സര്‍ക്കാര്‍ വേതനം കൊടുക്കുമ്പോള്‍ സംവരണം പോലും പാലിക്കുന്നില്ല. അധ്യയനരംഗത്തും അധ്യാപനരംഗത്തും സംവരണം പാലിക്കാത്തത് ഒരു സമൂഹത്തിന്റെ തന്നെ വിദ്യാഭ്യാസ നിലവാരത്തെ പുറകോട്ടടിപ്പിക്കുകയാണ്. എന്നിട്ടും ഒരു ദളിത് അധ്യാപകന്‍ പോലുമി്ല്ലാത്ത കോളേജിനെ പ്രബുദ്ധ കോളേജെന്നു വിശേഷിപ്പിക്കുന്നവരാണ് നാം. സംവരണത്തിന്റെ രാഷ്ട്രീയത്തെ തന്നെ അട്ടിമറിക്കുന്ന സവര്‍ണ്ണ സംവരണം ആദ്യം നടപ്പാക്കിയതും നാം തന്നെ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉന്നതവിദ്യാഭ്യാസമേഖലയിലെ അധ്യാപകരുടെ യോഗ്യതകള്‍, അവര്‍ ചെയ്യുന്ന ജോലി, ഗവേഷണ മേഖലയിലെ പ്രശ്‌നങ്ങള്‍, യൂണിവേഴ്‌സിറ്റികളുടെ നിലവാരം ഉയരാത്തതിനുള്ള കാരണങ്ങള്‍, സിലബസ്, പരീക്ഷകളുടെ നിലവാരം തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ട്. തല്‍ക്കാലം അതിലേക്കൊന്നും കടക്കുന്നില്ല. എന്തായാലും തുടക്കത്തില്‍ പറഞ്ഞപോലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു കഴിയുമ്പോഴേക്കും പുറത്തുപോകാനുള്ള പ്രധാന കരണം വിദ്യാഭ്യാസനിലവാരമില്ലായ്മയും മുകളില്‍ സൂചിപ്പിച്ച മറ്റു പ്രശ്‌നങ്ങളും തന്നെയാണ്. അവരുടെ കുടിയേറ്റങ്ങളില്‍ വലിയൊരു ഭാഗം വിദേശത്തേക്കുമാണ്. കുടിയേറ്റം നമുക്ക് പുതിയ കാര്യമല്ലായിരിക്കാം. എന്നാല്‍ ഈ കുടിയേറ്റം മുന്‍ പ്രവാസങ്ങളില്‍ നിന്നു വ്യത്യസ്ഥമാകുന്നത്് ഈ പോകുന്നവര്‍ മിക്കവാറും അവിടങ്ങളിലെ പൗരന്മാരായി മാറുമെന്നതാണ്. പഠിപ്പിനൊപ്പം ജോലിചെയ്യും. പിന്നീട് സ്ഥിരജോലി കണ്ടെത്തും. മാത്രമല്ല കഴിയുന്നത്ര ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ അവര്‍ കൊണ്ടുപോകും. അവര്‍ക്കവിടെ വന്‍തുക വേനം ലഭിച്ചാലും അതിന്റെ വിഹിതമൊന്നും ഇങ്ങോട്ടുവരാന്‍ പോകുന്നില്ല. ഗള്‍ഫ് പ്രവാസത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരവസ്ഥയാണ് സംജാതമാകുന്നത് എന്നര്‍ത്ഥം. മാത്രമല്ല ഇപ്പോള്‍ തന്നെ പത്തനംതിട്ടയിലും മറ്റും ജനസംഖ്യയില്‍ കുറവുവരാന്‍ കാരണം ഇതുകൂടിയാണ്. പതുക്കെ പതുക്കെ ജനസംഖ്യയിലെ ചെറുപ്പക്കാരുടെ അനുപാതം കുറഞ്ഞുവരും. സാമാന്യം വിദ്യാഭ്യാസമുള്ള യുവജനങ്ങളാണ് ഇവിടെനിന്നു പോകുന്നത്. വന്‍തോതിലുള്ള മനുഷ്യവിഭവശേഷിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ഒപ്പം വന്‍തോതില്‍ പണവും. പകരം വിദേശത്തുനിന്നുപോയിട്ട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുപോലും ഇവിടേക്ക് പഠിക്കാനും ബുദ്ധിപരമായ തൊഴിലുകള്‍ക്കും കാര്യമായി ആരുമെത്തുന്നില്ല. വരുന്നത് ബംഗാള്‍, ഒറീസ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മാത്രമാണ്. അതുവഴി ബുദ്ധിപരവും വിദ്യാഭ്യാസപരവുമായ കഴിവുകള്‍ വേണ്ട മേഖലകള്‍ വികസിക്കാന്‍ പോകുന്നില്ല. ഇവിടത്തെ ആശുപത്രികളിലേക്ക് നഴ്സുമാരെപോലും കിട്ടാതായിരിക്കുന്നു എന്നതാണ് വസ്തുത. വിദ്യാഭ്യാസരംഗം ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ സമീപഭാവിയില്‍ തന്നെ കേരളത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്നു സാരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in