കേരള സ്‌റ്റോറി – സംഘപരിവാര്‍ ഹേറ്റ് കാമ്പയിന്‍ ഫാക്ടറിയിലെ അടുത്ത ഉല്‍പ്പന്നം
നിര്‍ഭാഗ്യവശാല്‍ ഇസ്ലാമോഫോബിയ അതിശക്തമായ പശ്ചാത്തലത്തില്‍ ഏതു നുണയും വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ടെന്നതും പച്ചയായ യാഥാര്‍ത്ഥ്യമാണ്. അവരില്‍ മതേതര പുരോഗമന വാദികള്‍ എന്ന് സ്വയം വിശ്വസിക്കുന്നവരുമുണ്ട് എന്നതാണ് ഏറ്റവും ഖേദകരം.
ഹേറ്റ് കാമ്പയിന്‍ എന്ന ലക്ഷ്യത്തോടെ പുറത്തിറങ്ങിയ, ലോകമാകെ ചര്‍ച്ചയായ കാശ്മീര്‍ ഫയല്‍സ് എന്ന സിനിമക്കുശേഷമിതാ കേരളത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ഹേറ്റ് കാമ്പയിന്‍ സിനിമ കൂടി പുറത്തുവരുന്നു. പലവുരു ആവര്‍ത്തിച്ചാല്‍ പച്ചക്കള്ളത്തെ സത്യമാക്കാന്‍ കഴിയുമെന്ന ഗീബല്‍സിയന്‍ തന്ത്രംതന്നെയാണ് ഈ സിനിമയുടെ പിന്നണിയിലുള്ളവര്‍ പയറ്റിയിരിക്കുന്നത് എന്നാണ് പുറത്തുവന്നിരിക്കുന്ന ട്രെയിലറില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. മെയ് 5 ന് സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രഖ്യാപനം. സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധ ഹേറ്റ് കാമ്പയിന്‍ ഫാക്ടറിയലെ അടുത്ത ഉല്‍പ്പന്നമാണ് ഈ സിനിമയെന്നു വ്യക്തമാണ്. ഒപ്പം കേരളത്തിനെതിരായ ഹേറ്റ് കാമ്പയിനിന്റേയും.
ഇതര മതസ്ഥരായ പതിനായിരക്കണക്കിന് യുവതികളെ മുസ്ലീം ചെറുപ്പക്കാര്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിലെത്തിച്ചു എന്ന പെരും നുണയാണ് സിനിമയുടെ പ്രമേയം. എന്നാലിതൊരു സാങ്കല്‍പ്പിക കഥയാകുമെന്നു കരുതുന്നവര്‍ക്കുതെറ്റി. സംഭവ കഥയെന്ന പേരിലാണ് സിനിമയിലിത് അവതരിപ്പിക്കുന്നതത്രെ. മാത്രമല്ല, വരുന്ന 20 വര്‍ഷത്തിനുള്ളില്‍ കേരളമൊരു ഇസ്ലാമിക രാജ്യമായി മാറുമെന്നും സിനിമ പറയുന്നു. ഇതില്‍ നിന്നു കാര്യങ്ങള്‍ വളരെ വ്യക്തം. സംഘപരിവാറിനു ഇനിയും പിടികൊടുക്കാത്ത കേരളത്തേയും ഇവിടത്തെ മുസ്ലിം ജനതയേയും രാജ്യദ്രോഹികളായി ചിത്രികരിക്കുക എന്നതുതന്നെ.. അടുത്ത വര്‍ഷം ലോകസഭാതെരഞ്ഞെടുപ്പു ആസന്നമായ വേളയില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രകടമാണ്. ഒരുവശത്ത് കേരളത്തിന്റെ വികസനത്തിനാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നു സ്ഥാപിക്കാന്‍ വലിയ വലിയ നാടകങ്ങള്‍ നടത്തുക. മറുവശത്ത് ഒരു ന്യൂനപക്ഷത്തെ കൂട്ടുപിടിച്ച്, മറ്റൊരു ന്യൂനപക്ഷത്തെ ശത്രുക്കളായി ചിത്രീകരിച്ച് വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ ഏതാനും സീറ്റുകള്‍ കൈക്കലാക്കുക. ഈ സാഹചര്യത്തില്‍ മതേതര ജനാധിപത്യവിശ്വാസികള്‍ക്ക് എങ്ങനെയാണ് അടങ്ങിയിരിക്കാനാകുക?
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് തെളിവുണ്ടെന്നാണത്രെ നിര്‍മ്മാതാവ് വിപുല്‍ അമൃത് ലാല്‍ ഷാ പറയുന്നത്. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ പെണ്‍കുട്ടികളെ കാണാതായതായി പതിനായിരകണക്കിനു മാതാപിതാക്കള്‍ കൊടുത്ത കേസുകള്‍ നിലവിലുണ്ടോ? അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കോടതികളും സര്‍ക്കാരും എന്തിന് കേന്ദ്രസര്‍ക്കാര്‍ പോലും തള്ളിക്കളഞ്ഞ ഒന്നാണ് ലൗ ജിഹാദ് എന്നതാണ് വസ്തുത. ഏരെ വിവാദമായ ഹാദിയ കേസ് മറക്കാറായിട്ടില്ലല്ലോ. പരാതികളുടെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ലൗ ജിഹാദ് എന്ന ഒന്ന് നിലവിലില്ലെന്നാണ് ഹൈകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതും അതുതന്നെ. 2020 ഫെബ്രുവരിയില്‍ ബിജെപിയുടെ കേന്ദ്ര ആഭ്യന്തര മന്ത്രി കിഷന്‍ റെഡ്ഡി തന്നെ പാര്‍ലമെന്റില്‍ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും സംഘപരിവാറും ചില സാമുദായിക – രാഷ്ട്രീയ നേതാക്കളും പുരോഹിതരും ലവ് ജിഹാദ് എന്ന കള്ളക്കഥ പ്രചരിപ്പിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ ലാഭത്തിനും വേണ്ടിയാണെന്നത് വ്യക്തം. പ്രത്യേകിച്ച് ഒരു ന്യൂനപക്ഷത്തിനെതിരെ മറ്റൊരു ന്യൂനപക്ഷത്തെ കൂട്ടുപിടിച്ച് അധികാരത്തിലെത്താനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തില്‍. അതുതന്നെയാണ് സത്യവുമായി പുലബന്ധമില്ലാത്ത ഈ സിനിമ നല്‍കുന്ന വിപല്‍ സൂചനയും.
നിര്‍ഭാഗ്യവശാല്‍ ഇസ്ലാമോഫോബിയ അതിശക്തമായ പശ്ചാത്തലത്തില്‍ ഏതു നുണയും വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ടെന്നതും പച്ചയായ യാഥാര്‍ത്ഥ്യമാണ്. അവരില്‍ മതേതര പുരോഗമന വാദികള്‍ എന്ന് സ്വയം വിശ്വസിക്കുന്നവരുമുണ്ട് എന്നതാണ് ഏറ്റവും ഖേദകരം. എത്രയോ രാഷ്ട്രീയ നേതാക്കളും യുക്തിവാദികള്‍ പോലും ഇസ്ലാമോഫോബിയയുടെ വക്താക്കളായി രംഗത്തുവന്നിരിക്കുന്നു. എന്തിനേറെ, മുഖ്യമന്ത്രിയായിരുന്നപ്പോല്‍ വി എസ് അച്ചുതാനന്ദന്‍ എന്തോ രാഷ്ട്രീയ നേട്ടത്തിനായി കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന എന്ന പ്രസ്താവന നടത്തിയിരുന്നു. അത് ഈ സിനിമയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന വാര്‍ത്തയും കണ്ടു. നവോത്ഥാനത്തിന്റെ പുതിയ നായകനായി അവതരിപ്പിക്കപ്പെട്ട വെള്ളാപ്പള്ളി നടേശനും ലൗ ജിഹാദിനെ കുറിച്ച് വാചാലനാണല്ലോ. കൂടുതലെന്ത് പറയാന്‍? ഇവിടത്തെ ലവ് ജിഹാദ് വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ സംസ്ഥാന സര്‍ക്കാരുകള്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പാസാക്കിയതെന്നും ഓര്‍ക്കേണ്ടതാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഘപരിവാര്‍ കാലങ്ങളായി പറയുന്ന, ഭീകരവാദികളെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നൊരു സംസ്ഥാനമായി കേരളത്തെ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണിതെന്നു വ്യക്തം. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് സിനിമയുടെ ടീസര്‍ ഇറങ്ങിയ സമയത്ത് ഒരു ഇടപെടല്‍ നടത്തിയിരുന്നത്രെ. സിനിമക്കെതിരെ കേസെടുക്കാന്‍ ഡി ജി പി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അന്ന് വാര്‍ത്ത വന്നിരുന്നു. സംസ്ഥാനത്തിന്റെ ഹൈടെക് സെല്ലിന്റെ പ്രാഥമികാന്വേഷണത്തില്‍ സിനിമയുടെ ടീസറില്‍ നിയമ വിരുദ്ധമായ ഉള്ളടക്കമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഡി ജി പി യുടെ നടപടി. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തു നിന്ന് തുടര്‍ നടപടികള്‍ പിന്നീടുണ്ടായതായി അറിയില്ല. സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ നിയമനടപടികളുടെ സാധ്യത തിരയുന്നതായി പറഞ്ഞിട്ടുണ്ട്. പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്രത്തിനു പരാതി കൊടുത്തിട്ടുമുണ്ട്. എന്നാല്‍ ആവിഷ്‌കാരസ്വാതന്ത്ര്യ നിഷേധം ജനാധിപത്യ ധ്വംസനമായി കാണുന്ന സാഹചര്യത്തില്‍ ഈ നടപടികള്‍ ഗുണമാണോ ദോഷമാണോ ചെയ്യുക എന്നറിയില്ല. അതിനാല്‍ തന്നെ കേരളത്തിനും മുസ്ലിം സമൂഹത്തിനും എതിരായ ഹേറ്റ് കാമ്പയിന്‍ എന്ന ലക്ഷ്യത്തോടെ വരുന്ന ഈ സിനിമക്കെതിരെ രാഷ്ട്രീയവും സാംസ്‌കാരികവും മതേതരവുമായ പ്രതിരോധമുയര്‍ത്താനാണ് നാം ശ്രമിക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in