ജനാധിപത്യത്തെ ഉള്‍ക്കൊള്ളാത്തവരാണ് കേരളീയരാഷ്ട്രീയസമൂഹം
ജനാധിപത്യത്തോട് പൊതുിവില്‍ നിലനില്‍ക്കുന്ന വികലമായ നിലപാടാണ് കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നം. നമുക്ക് ജനാധിപത്യമെന്നാല്‍ ബൂര്‍ഷ്വാജനാധിപത്യം മാത്രമാണ്. ഇന്ത്യയിലെമ്പാടും അലയടിച്ച പല ജനാധിപത്യാവകാശസമരങ്ങളോടും പൊതുവില്‍ പുറം തിരിച്ചുനിന്ന് ചരിത്രമാണല്ലോ നമുക്കുള്ളത്. 1970കളില്‍ ഗുജറാത്തില്‍ നിന്നാരംഭിച്ച് ജെ പി പ്രസ്ഥാനമായി വളര്‍ന്ന വിദ്യാര്‍ത്ഥിപ്രക്ഷോഭം, അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടങ്ങള്‍, മണ്ഡല്‍ സമരകാലം, പൗരത്വഭേദഗതിക്കെതിരായ പ്രക്ഷോഭം തുടങ്ങിയ കാലമെല്ലാം ഉദാഹരണങ്ങള്‍. സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ, ഇടതുപക്ഷം എന്നു വിശേഷിക്കപ്പെടുന്ന നിലപാടില്‍ ജനാധിപത്യത്തിനു കാര്യമായ സ്ഥാനമൊന്നുമില്ല എന്നതാണ് ഈ നിഷേധാത്മകനിലപാടുകളുടെ അടിസ്ഥാനകാരണം. മറ്റു പ്രസ്ഥാനങ്ങളും അതിനെ പിന്തുടരാനാണ് ശ്രമിക്കുന്നത് – തിരുവോണനാളില്‍ പോലും കക്ഷിരാഷ്ട്രീയ കൊലകള്‍ നടക്കുന്ന സാഹചര്യത്തില്‍ വളരെ പ്രസക്തമായ നിരീക്ഷണം കെ വേണു
പൊതുസമൂഹത്തെ കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും ഇന്ത്യയുടെ വൈവിധ്യങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സങ്കിര്‍ണ്ണതകളും പരാമര്‍ശിക്കാതിരിക്കാനാവില്ല. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ലോകനിലവാരത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് ഇന്ത്യന്‍ ജനാധിപത്യം. ലോകജനസംഖ്യയുടെ അഞ്ചിലൊന്നുപേര്‍ അധിവസിക്കുന്ന ഭൂപ്രദേശം. അനവധി ജാതികളും മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഉണ്ടായിട്ടും വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ മെച്ചപ്പെട്ട രീതിയില്‍ തെരഞ്ഞെടുപ്പുകള്‍ കടന്നു പോകുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെയും ഫെഡറല്‍ ഘടനയേയും പല യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ മെച്ചമാണെന്നു വിലയിരുത്തുന്നവര്‍ നിരവധിയാണ്. തീര്‍ച്ചയായും അതെല്ലാം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. രണ്ടാം മോദി ഭരണത്തോടെ അതു രൂക്ഷമായിട്ടുമുണ്ട്. പൗരത്വ ഭേദഗതി നിയമം തന്നെ ഉദാഹരണം. പുതിയ വിദ്യാഭ്യാസനയത്തിനു പുറകിലും ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കമുണ്ട്. എന്നാല്‍ അത്രപെട്ടന്നൊന്നും തകര്‍ക്കാവുന്ന ഒന്നല്ല ഇന്ത്യുടെ വൈവിധ്യങ്ങള്‍. സൈനിക അട്ടിമറിക്കുള്ള നീക്കം പോലും നടക്കാത്തതിനു കാരണം ഈ കരുത്താണ്.
ഇനി കേരളത്തിലേക്കു വരാം. തീര്‍ച്ചയായും കേരളരാഷ്ട്രീയത്തില്‍ പല നല്ല വശങ്ങളും കാണാം. രാഷ്ട്രീയവല്‍കൃതമായ ഒരു ജനത തന്നെയാണ് നാം. എന്നാലതിനു നിഷേധാത്മകമായ പല വശങ്ങളുമുണ്ട്. അടിയന്തരാവസ്ഥക്കുശേഷം കോണ്‍ഗ്രസ്സിനു വന്‍ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച ഒരു സംസ്ഥാനമാണ് കേരളം. നമ്മുടെ ജനാധിപത്യബോധത്തിന്റെ തകരാറാണ് അതിനു കാരണം. ജനാധിപത്യത്തെ കൃത്യമായി തിരിച്ചറിയാന്‍ നമുക്കാവുന്നില്ല. അതിനു പ്രധാന കാരണമാകട്ടെ കപടമായ ഇടതുപക്ഷ അവബോധം തന്നെയാണ്. സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് സങ്കല്‍പ്പത്തിലൊന്നും ജനാധിപത്യത്തിനു വലിയ സ്ഥാനമില്ലല്ലോ. ജനാധിപത്യമെന്നുവെച്ചാല്‍ നമുക്ക് ബൂര്‍ഷ്വാജനാധിപത്യമാണ്. അതിനപ്പുറം ജനാധിപത്യത്തെ കുറിച്ച് നമുക്കറിയില്ല. അടിയന്തരാവസ്ഥകാലത്ത് സിപിഐക്കാരനായിരുന്നല്ലോ മുഖ്യമന്ത്രി. പ്രതിപക്ഷത്തായിരുന്ന സിപിഎം കാര്യമായ പ്രക്ഷോഭമൊന്നും നടത്തിയിരുന്നില്ല. അതിന്റെ കാരണം ജനാധിപത്യത്തോടുള്ള ഈ നിലപാടാണ്. ഇടതുസംഘടനകള്‍ക്കു മാത്രമല്ല, കോണ്‍ഗ്രസ്സുകാര്‍ക്കും ഒരു പരിധിവരെ ഈ നിലപാടു കാണാം. തങ്ങളും സോഷ്യലിസ്റ്റുകളാണെന്നഭിമാനിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ നിരവധിയാണല്ലോ. മലയാളികളുടെ ജനാധിപത്യത്തോടുള്ള ഈ വികലമായ നിലപാടാണ് കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നം.
ഇന്ത്യയിലെമ്പാടും അലയടിച്ച പല ജനാധിപത്യാവകാശസമരങ്ങളോടും പൊതുവില്‍ പുറം തിരിച്ചുനിന്ന് ചരിത്രവും നമുക്കുണ്ട്. 1970കളില്‍ ഗുജറാത്തില്‍ നിന്നാരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം ഒരുദാഹരണം. അത് പിന്നീട് അഖിലേന്ത്യാതലത്തില്‍ ജെ പി പ്രസ്ഥാനമായൊക്കെ വളര്‍ന്നു. എന്നാലതിന്റെ അലയൊലികള്‍ കാര്യമായി കേരളത്തിലുണ്ടായില്ല. അന്ന് അതേകുറിച്ച് ഇഎം എസ് പറഞ്ഞത് നമുക്കങ്ങനെ അരാജകരീതിയിലുള്ള സമരങ്ങള്‍ ചെയ്യാനാകില്ല എന്നാണ്. എല്ലാം പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ അച്ചടക്കത്തോടെ ചെയ്യുക എന്നതാണല്ലോ കമ്യൂണിസ്റ്റ് നയം. ജനങ്ങളുടെ മുന്‍കൈയിലുള്ള ജനാധിപത്യപോരാട്ടങ്ങളെ എന്നും സംശയത്തോടെയാണ് അവര്‍ കാണുന്നത്. പിന്നീട് മണ്ഡല്‍ സമരകാലത്തും നാമിത് കണ്ടു. പൗരത്വഭേദഗതി പ്രക്ഷോഭവും കേരളത്തില്‍ നാമമാത്രമായിരുന്നല്ലോ. സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ, ഇടതുപക്ഷം എന്നു വിശേഷിക്കപ്പെടുന്ന നിലപാടില്‍ ജനാധിപത്യത്തിനു കാര്യമായ സ്ഥാനമൊന്നുമില്ല എന്നതാണ് ഈ നിഷേധാത്മകനിലപാടുകളുടെ അടിസ്ഥാനകാരണം.
പൊതുസമൂഹ രൂപീകരണത്തെ തടയുന്ന മറ്റൊരു പ്രധാന ഘടകം വോട്ടുബാങ്കുകളാണ്. ജനാധിപത്യത്തില്‍ അധികാരം പ്രധാനം തന്നെയാണ്. എന്നാലതിനായി തത്വദീക്ഷയില്ലാത്ത പ്രവര്‍ത്തനം പാടില്ല. അധികാരം നേടുക എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട് തങ്ങളുടെ വോട്ടുബാങ്കുകള സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടികളും മത്സരിക്കുന്നു. അതാണ് ജനാധിപത്യത്തെ ജീര്‍ണ്ണിപ്പിക്കുന്ന ഒരു ഘടകം. മുമ്പ് എം എല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്റെയൊക്കെ പ്രസംഗം കേള്‍ക്കാന്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ വന്നിരുന്നു. എന്നാല്‍ പലരും പ്രസംഗം കഴിഞ്ഞ് ഇങ്ങനെ ചോദിക്കാറുണ്ട്. നിങ്ങള്‍ പറയുന്നതു പലതും ശരിയായിരിക്കാം. എന്നാല്‍ അതുകൊണ്ട് ഞങ്ങള്‍ക്കെന്തു പ്രയോജനം. സാധാരണജനങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപ്രവര്‍ത്തകരുടെ ആവശ്യം ഭരണകൂട സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുള്ള ഇടനിലക്കാര്‍ എന്ന നിലയിലാണ്. പോലീസ് സ്‌റ്റേഷനുമായി ഇടപെടല്‍, ലോണുകള്‍ ശരിയാക്കല്‍, സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ നടത്തല്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. അങ്ങനെയൊക്കെയാണ് വോട്ടുബാങ്കുകള്‍ നിലനിര്‍ത്തുന്നത്. കൂടാതെ ജാതിയും മതവും മറ്റനവധി ഘടകങ്ങളും വോട്ടുബാങ്കുകളെ സൃഷ്ടിക്കുന്നു. അവിടെ തത്വാധിഷ്ഠിത രാഷ്ട്രീയത്തിന് എന്തു പ്രസക്തി?
ഒരു ചെറുസമൂഹം മാത്രമാണ് പൊതുസമൂഹമെന്ന പേരിനര്‍ഹരായി കേരളത്തിലുള്ളത്. മറ്റെല്ലാവരും പാര്‍ട്ടികള്‍ക്കു പുറകിലാണ്. സ്വന്തം പാര്‍ട്ടി തെറ്റു ചെയ്താല്‍ പോലും ഇവരതിനെ ന്യായീകരിക്കും. മറ്റെല്ലായിടത്തും ഈ പ്രവണത കാണാം. കേരളത്തില്‍ പക്ഷെ അതു കൂടുതലാണ്. അതിനുള്ള പ്രധാന കാരണവും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാ ചട്ടക്കൂടും പ്രവര്‍ത്തന ശൈലിയുമാണ്. മറ്റുള്ളവരും അതനുകരിക്കാന്‍ ശ്രമിക്കുന്നു. ഉത്തരേന്ത്യയിലും മറ്റും തെരഞ്ഞെടുപ്പുവേളകളിലാണ് ജനങ്ങള്‍ അമിതമായി രാഷ്ട്രീയ തല്‍പ്പരരാകുന്നത്. ഇവിടെയത് എന്നുമാണ്. അതില്‍ ഗുണങ്ങളുണ്ടാകാം. എന്നാല്‍ ജനങ്ങളെ പാര്‍ട്ടികളെല്ലാം പങ്കിട്ടിരിക്കുകയാണ്. ഒരു പാര്‍ട്ടിയില്‍ നി്‌ന്നൊരാളെ മറ്റൊരു പാര്‍ട്ടിക്ക് പിടിച്ചെടക്കാന്‍ എളുപ്പമല്ല. പിന്നെങ്ങിനെ കക്ഷിരാഷ്ട്രീയത്തെ മറികടക്കുന്ന ഒരു പൊതുസമൂഹം ഇവിടെയുണ്ടാകും? വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഈ നീരാളിപിടുത്തം നമ്മുടെ ജനാധിപത്യബോധത്തെ തകിടം മറക്കുന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു എന്നതാണ് പ്രശ്‌നം.
നമ്മുടെ ജനാധിപത്യബോധം എത്രമാത്രം പുറകിലാണെന്നതിനു തെളിവായി സമീപകാലസംഭവങ്ങളും എത്രവേണമെങ്കിലും ചൂണ്ടികാട്ടാം. ലഘുലേഖകള്‍ കൈവശം വെച്ചതിനു അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി എന്‍ഐഎക്കു കൈമാരിയ സംഭവം തന്നെ നോക്കുക. ഇത്തരം സംഭവങ്ങള്‍ അഖിലേന്ത്യാതലത്തില്‍ നടക്കുമ്പോള്‍ ശക്തമായി എതിര്‍ക്കുന്ന ഒരു പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ഭരണത്തിലാണ് ഇതു നടക്കുന്നത്. അതുപോലെതന്നെ രണ്ടുതവണയായി നടത്തിയ വ്യാജഏറ്റുമുട്ടല്‍ കൊലകളും. ഏതെങ്കിലും ജനാധിപത്യസമൂഹത്തിനു അംഗീകരിക്കാവുന്നതല്ല ഈ രണ്ടു സംഭവങ്ങളും. എന്നിട്ടും ശക്തമായ പ്രതിഷേധമൊന്നും കേരളത്തിലുണ്ടായില്ല എന്നതാണ് വസ്തുത. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും പുരോഗമനവാദികള്‍. അതിനേക്കാള്‍ പുരോഗമനവാദികളെന്നവകാശപ്പെടുന്നവരെ അംഗീകരിക്കാന്‍ മാത്രമല്ല, പ്രവര്‍ത്തിക്കാന്‍ പോലും അവരനുവദിക്കില്ല. അതാണ് ബിജെപിക്കാരോടു ചെയ്യാത്ത തരത്തിലുള്ള മനുഷ്യാവകാശലംഘനങ്ങള്‍ മാവോയിസ്റ്റുകളോടു ചെയ്തത്. ടി പി ചന്ദ്രശേഖരന്‍ കൊലയിലും ഈ ഘടകം കാണാം. എങ്ങനെയെല്ലാം എതിര്‍ക്കുന്നു എന്നു സിപിഎമ്മിന്റേതാണ് പുരോഗമന നിലപാടെന്നു വിശ്വസിക്കുകയും തങ്ങളും ഇടതുപക്ഷമാണെന്ന് കരുതുകയും ചെയ്യുന്ന കോണ്‍ഗ്രസ്സുകാരും ഇത്തരം നടപടികളെ അതിശക്തമായി എതിര്‍ക്കാന്‍ തയ്യാറാവുന്നില്ല എന്നു കാണാം. ഇടതുപക്ഷം സൃഷ്ടിച്ച കപടാവബോധം തന്നെയാണ് അവരേയും നയിക്കുന്നത്. അതാകട്ടെ ജനാധിപത്യത്തെ സത്യസന്ധമായി അംഗീകരിക്കുന്നതല്ല എന്നതാണ് വസ്തുത.
സിപിഎം എന്ന പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ രഹസ്യവും ഇതുമായി ചേര്‍ത്തുവായിക്കേണ്ടത്. തികച്ചും ജനാധിപത്യവിരുദ്ധമായ സംഘടനാചട്ടക്കൂടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടേത്. സിപിഎം അക്കാര്യത്തില്‍ വളരെ മുന്നിലുമാണ്. മറുവശത്ത് ബംഗാളിലടക്കം പാര്‍ട്ടി തകര്‍ന്നടിഞ്ഞിട്ടും കേരളത്തില്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കാറുണ്ട്. അതിന്റെ പ്രധാന കാരണം ഇന്ന് ഒരു വന്‍ സാമ്പത്തിക സ്ഥാപനമായി പാര്‍ട്ടി മാറി കഴിഞ്ഞു എന്നതാണ്. സ്വന്തമായി തന്നെ വന്‍ സ്ഥാപനങ്ങള്‍, കൂടാതെ ആയിരകണക്കിനു സഹകരണസംഘങ്ങളടക്കം നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണം, വന്‍ നിക്ഷേപങ്ങള്‍, ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള കഴിവ്, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങഴള്‍ മുതല്‍ സംസ്ഥാനഭരണം അധികാരത്തിലെ വന്‍നിയന്ത്രണം തുടങ്ങിയവയെല്ലാം അതിനു കാരണമാണ്. അതു തകരുക അത്ര എളുപ്പമല്ല. സിപിഎമ്മും അതിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന മറ്റുപാര്‍ട്ടികളും ശക്തമായി നിലനില്‍ക്കുന്നിടത്തോളം ഇതിനെയെല്ലാം മറികടന്നൊരു ജനാധിപത്യമുന്നേറ്റം എളുപ്പമല്ല. അത്രമാത്രം കരുത്തുള്ള ഒരു പൊതുസമൂഹം ഇവിടെയില്ല. അതുണ്ടാകാതെ കേരളീയസമൂഹം ശരിയായ അര്‍ത്ഥത്തില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുമെന്ന് കരുതാനാവില്ല.
(അരിമ്പൂര്‍ പാഠശാല സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in