കാവിയണിഞ്ഞ പോലീസ് സേന
ഇപ്പോഴത്തെ നിലപാടിലൂടെ താല്‍ക്കാലികമായി ചില തെരഞ്ഞെടുപ്പ് വിജയങ്ങള്‍ CPMന് ലഭിച്ചേക്കാമെങ്കിലും അത്യന്തികമായി സംഘ്പരിവാര്‍ ആയിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍ എന്നതില്‍ സംശയമില്ല
കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഫാസിസത്തെ കുറിച്ച് പറഞ്ഞത് നമ്മുടെ ഓര്‍മയിലുണ്ട്. ആര്‍എസ്എസ് അധികാരത്തില്‍ വരുന്നത് വരെ നമുക്ക് ഹിന്ദുത്വ എന്നത് ഒരു ഗുഹ്യരോഗമായിരുന്നു എന്നാണ്. അധികാരത്തില്‍ വന്നശേഷം കുഷ്ഠരോഗമായി മാറി. ഇതുതന്നെയാണ് ഇപ്പോള്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ കേരളത്തിലെ ആഭ്യന്തര വകുപ്പിലെ ആര്‍എസ്എസ് വല്‍ക്കരണത്തെ കുറിച്ച് വിളിച്ചു പറഞ്ഞപ്പോള്‍ സംഭവിച്ചത്. അഥവാ ആഭ്യന്തരവകുപ്പിലെ ആര്‍എസ്എസ് വല്‍ക്കരണം ഒരു ഗുഹ്യരോഗമായി ഒളിപ്പിച്ചു നിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയും അന്‍വറിന്റെ വെളിപ്പെടുത്തലോടുകൂടി കുഷ്ഠരോഗമാണെന്ന് തിരിച്ചറിയുകയും ചെയ്തിരിക്കുന്നു.
അന്‍വറിന്റെ വിളിച്ചുപറയലിലൂടെ നന്നെ ചുരുങ്ങിയത് പോലീസ് വകുപ്പ് ആര്‍എസ്എസ് വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം പൊതുസമൂഹത്തിനും ബോധ്യപ്പെട്ടു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അഥവാ വളരെ രഹസ്യമായി ആര്‍എസ്എസ് ചെയ്തുകൊണ്ടിരിക്കുന്ന പണികള്‍ കയ്യോടെ പിടിക്കപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥം. പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന തരത്തില്‍ ആരും പ്രവര്‍ത്തിക്കരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടയ്ക്കിടെ പ്രസ്താവന നടത്താറുണ്ട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആര്‍എസ്എസ് നേതാക്കള്‍ പറയുന്നതും പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന തരത്തില്‍ ആരും പ്രവര്‍ത്തിക്കരുത് എന്നാണ്. എന്ന് മാത്രമല്ല പോലീസ് ഏറ്റവും നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും ആര്‍എസ്എസ് പറഞ്ഞുവെക്കുന്നു. കൂടാതെ അന്‍വറിനെതിരെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയപ്പോള്‍ അതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ഹിന്ദു ഐക്യവേദി നേതാക്കളെയും നാം കാണുന്നു. ഇപ്പോള്‍ പ്രശ്‌നം അത് ഉന്നയിച്ച അന്‍വറാണ് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തിരിക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വിദ്യാഭ്യാസത്തിലെ കാവിവല്‍ക്കരണം അഥവാ ഹിന്ദുത്വ വിദ്യാഭ്യാസ പദ്ധതി മനസ്സിലാക്കുവാനും അതിനെതിരെ പ്രതിരോധിക്കുവാനും നമുക്ക് സാധിച്ചെന്നു വരാം. എന്നാല്‍ പോലീസ് വകുപ്പില്‍ ആര്‍എസ്എസ് നടത്തുന്നത് എന്താണ് എന്ന് മനസ്സിലാക്കുവാന്‍ അത്ര എളുപ്പമല്ല .വളരെ ശാന്തമായി പോലീസിന്റെ വ്യത്യസ്ത വകുപ്പുകളില്‍ തിരുകി കയറ്റപ്പെട്ട ആര്‍എസ്.എസുകാരായ പോലീസ് മേധാവികളിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നമ്മുടെ അനുഭവം എന്ന് പറയുന്നത് സെന്‍കുമാറും ജേക്കബും തുടങ്ങി ഇപ്പോഴും ജോലിയില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ സംഘ്പരിവാറില്‍ നിന്ന് മെമ്പര്‍ഷിപ്പ് സ്വീകരിക്കുന്ന പോലീസ് മേധാവികളുടേതുമാണ്. എന്താണ് ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന പദ്ധതികള്‍ എന്ന് മനസ്സിലാകാത്തവരല്ല കേരളീയ സമൂഹം. അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ ഉള്ളടക്കമുള മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഒരു രാജ്യത്തെ വിഭാവന ചെയ്യുന്ന ഹിംസാത്മക ഗ്രൂപ്പാണ് ആര്‍.എസ്.എസ്. തട്ടുകളായി വിഭജിച്ച് നിലനിര്‍ത്തപ്പെട്ട, വിത്യസ്ത ജാതിസമൂഹമായി നിലനില്‍ക്കുന്ന ഹിന്ദു സമൂഹത്തെ ജാതി നിലനിര്‍ത്തി കൊണ്ട് ഐക്യപ്പെടുവാനുള്ള ഒരു പദ്ധതിയാണ് മുസ്ലിം വിരുദ്ധത.
മനുസ്മൃതിയിലെ വിഭജിക്കപ്പെട്ട മനുഷ്യരെ താല്‍ക്കാലികമായി ഒരുമിച്ച് നിര്‍ത്താന്‍ അവര്‍ക്ക് ഒരു ശത്രുവിനെ വേണം. ആ ശത്രു ഇന്ത്യയിലെ മുസ്ലീങ്ങളാണ് എന്നത് ആര്‍എസ്എസ് എഴുതിവെച്ച ഒരു സത്യവുമാണ്. വിചാരധാരയിലെ ഈ ശത്രുവിനെ നിഷ്‌കാസനം ചെയ്യുവാന്‍ ഉള്ള പദ്ധതികള്‍ ഒരു നൂറ്റാണ്ട് മുമ്പ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം അപരവല്‍ക്കരണം എന്നത് ഒരു ആര്‍എസ്എസ് പദ്ധതിയാണ് . ഈ അപരവത്കരണത്തിന് മുസ്ലിം സമൂഹത്തെ കുറ്റവാളി സമൂഹമായി ചിത്രീകരിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള അനിവാര്യതയില്‍ നിന്നാണ് മലപ്പുറത്തെ പ്രശ്‌നവല്‍ക്കരിക്കുക എന്ന ശ്രമം ഇവര്‍ നടത്തി കൊണ്ടിരിക്കുന്നത്. പാലക്കാട് ഒരു ആന ചരിഞ്ഞ വാര്‍ത്തയെ മലപ്പുറത്തെ ഭീകരവല്‍ക്കരിക്കാന്‍ സംഘ്പരിപാര്‍ നടത്തിയ ശ്രമങ്ങള്‍ കേരളീയ സമൂഹം മറന്നിട്ടില്ല. ഇപ്പോള്‍ മലപ്പുറം കേന്ദ്രീകരിച്ച് ക്രൈമുകളുടെ എണ്ണം കൂട്ടുന്ന പദ്ധതിയിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അഥവാ ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ ക്രൈം ചാര്‍ജ് രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു ജില്ലയായി മാറ്റി തീര്‍ക്കുന്നതിനുള്ള ആസൂത്രിത പദ്ധതികള്‍ നടന്നിരിക്കുന്നു എന്നര്‍ത്ഥം .
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരത്തിലുള്ള ഒരു കുറ്റവാളി സമൂഹം ആണ് മുസ്ലിങ്ങള്‍ എന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ അവര്‍ക്കെതിരെ വെറുപ്പ് ഉല്പാദിപ്പിച്ച് സമൂഹത്തിലെ മറ്റ് ഇതര സാമൂഹിക വിഭാഗങ്ങളെയും കൂട്ടിച്ചേര്‍ത്തുകൊണ്ട് മുസ്ലിം ഭീതി ഉല്‍പാദിപ്പിക്കാം എന്നാണ് ആര്‍.എസ്.എസ് പദ്ധതി. ഇത്തരത്തില്‍ കുറ്റവാളിസമൂഹം തീവ്രവാദികളുടെ പ്രദേശം തുടങ്ങി ഒരു പ്രദേശത്തെയും ജനതയെയും ചാപ്പയടിച്ചു കഴിഞ്ഞാല്‍ അപരവത്കരണം പൂര്‍ണമായി. അപരവല്‍ക്കരണത്തിന് എന്തിനാണ് ഇടതുപക്ഷം കൂട്ടുനില്‍ക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. അഥവാ ഇതിനെല്ലാം നേതൃത്വം നല്‍കുന്ന ഒരു എ.ഡി.ജി.പിയെ എന്തിനാണ് CPM സംരക്ഷിച്ചു നിര്‍ത്തുന്നത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ഈ എ.ഡി.ജി.പി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്താറുണ്ട് എന്ന് ബോധ്യപ്പെട്ടിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി അദ്ദേഹത്തെ ഇത്രയും കാലം മാറ്റി നിര്‍ത്തിയില്ല എന്ന ചോദ്യം അന്തരീക്ഷത്തില്‍ ഇപ്പോഴും മുഴങ്ങിനില്‍ക്കുന്നു പക്ഷേ ആ ചോദ്യത്തിന് ഉത്തരം നല്‍കാതെ എന്തിനാണെന്നുപോലും പറയാതെ പേരിനൊരു നടപടി എടുത്തിരിക്കുകയാണ്. നിയമപരമായി ആര്‍.എസ്.എസുമായി സംസാരിച്ചതിനെ നടപടി എടുക്കാന്‍ സാധ്യമല്ല എന്നിരിക്കെ RSS മായി ചങ്ങാത്തത്തിലായ ഒരു പോലീസ് ഓഫീസറെ എന്തിന് താങ്ങി നിര്‍ത്തണം എന്ന രാഷ്ട്രീയ ചോദ്യം അവിടെ ബാക്കിയാവുകയാണ്. ഈ ചോദ്യം കേരളീയ പൊതുസമൂഹത്തോടൊപ്പം CPIയും ചോദിച്ച് കൊണ്ടിരിക്കുന്നു എന്നതും സി.പി.എമ്മിന് മനസ്സിലായിട്ടില്ല. ഇനി സാമൂഹ്യ സമ്മര്‍ദ്ദ ഫലമായി എ.ഡി.ജി.പിയെ മാറ്റി നിര്‍ത്തിയാല്‍ തന്നെ ഈ ഹിന്ദുത്വ പ്രൊജക്ടിനെ പ്രതിരോധിക്കാനുള്ള ഒരു നടപടിയും അഭ്യന്തര വകുപ്പില്‍ നിന്ന് ഉണ്ടാവുന്നില്ല എന്ന സത്യം അവിടെ നിലനില്‍ക്കുകയാണ്.
ഇവിടെയാണ് കഴിഞ്ഞ കുറച്ച് കാലമായി CPM നടത്തി കൊണ്ടിരിക്കുന്ന ഹിന്ദുത്വ സമീപനമാണ് ഇത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ തകര്‍ത്തെറിഞ്ഞ മൃദുഹിന്ദുത്വ സമീപനം ഇപ്പോള്‍ cpm ഏറ്റെടുത്തിരിക്കുകയാണ്. താല്‍ക്കാലികമായി ചില തെരഞ്ഞെടുപ്പ് വിജയങ്ങള്‍ CPMന് ലഭിച്ചേക്കാമെങ്കിലും അത്യന്തികമായി സംഘ്പരിവാര്‍ ആയിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍ എന്ന് അവര്‍ മനസ്സിലാക്കുന്നത് പാര്‍ട്ടിക്കും കേരളീയ സമൂഹത്തിനും നല്ലത് എന്ന് ഓര്‍മപ്പെടുത്താന്‍ ആ പാര്‍ട്ടിയില്‍ ആളുണ്ടാവും എന്ന് പ്രതീക്ഷിക്കാം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in