കേരളത്തിനാവശ്യം ഫാത്തിമ തഹലിയമാരാണ്, നൂര്‍ബിന റഷീദുമാരല്ല

മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എം എസ് എഫിലെ സംഭവവികാസങ്ങളാണല്ലോ സമീപദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഒന്ന്. സാധാരണനിലയില്‍ പാര്‍ട്ടിയിലൊതുങ്ങുമായിരുന്ന ഒരു വിഷയമാണ് ഇത്തരത്തില്‍ ആളിപ്പടര്‍ന്നത്. കേരളീയത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മാത്രമല്ല, മുഴുവന്‍ സമൂഹവും ഏറ്റെടുക്കേണ്ട വിഷയമാണ് ഈ വിവാദവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടത്.

പൊതുവില്‍ ഒരു പുരുഷാധിപത്യപാര്‍ട്ടിയായാണല്ലോ ലീഗ് അറിയപ്പെടുന്നത്. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലേ ഉള്ളു എങ്കിലും ലീഗാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പഴി കേല്‍ക്കാറ്. ലീഗിന്റെ നേതൃത്വത്തിലും ജനപ്രതിനിധികളിലും മറ്റുമുള്ള സ്ത്രീകളുടെ എണ്ണം ആനുപാതികമായി മറ്റു പാര്‍ട്ടികളേക്കാള്‍ കുറവാണെന്നതാണ് അതിനു പ്രധാന കാരണം. കൂടാതെ മുസ്ലിം മതം തന്നെ കൂടുതല്‍ സ്ത്രീവിരുദ്ധമാണെന്ന പൊതുബോധവും ശക്തമാണല്ലോ. അത്തരമൊരു സാഹചര്യത്തിലാണ് എംഎസ് എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പെണ്‍കുട്ടികള്‍ നടത്തികൊണ്ടിരിക്കുന്ന പോരാട്ടം കൂടുതല്‍ പ്രസക്തമാകുന്നത്.

സംസ്ഥാനത്ത് നിരവധി പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ലൈംഗികപീഡനങ്ങളുടേയും ലൈംഗികാധിക്ഷേപങ്ങളുടേയും വാര്‍ത്തകള്‍ പിുറത്തുവരുന്നുണ്ട്. അവിടെയെല്ലാം പൊതുവില്‍ കാണുന്ന തെറ്റായ നിലപാടിനെയാണ് ഹരിത ചോദ്യം ചെയ്യുന്നത്. ക്രിമിനല്‍ കുറ്റങ്ങളായ അവയെല്ലാം സംഘടന അന്വഷിച്ച് നടപടയെടുക്കുമെന്നതാണത്. സമീപകാലത്ത് ഈ നിലപാട് നാം ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് സ്ത്രീപക്ഷപാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മില്‍ നിന്നുതന്നെയാണ്. ഇപ്പോള്‍ എം എസ് എഫിലുണ്ടായപോലുള്ള എത്രയോ സംഭവങ്ങള്‍ സിപിഎമ്മും പോഷകസംഘടനകളുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. അവയെല്ലാ്ം പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കും, നടപടി എടുത്തു ന്നെ ഉത്തരങ്ങളാണ് നാം കേള്‍ക്കാറ്. മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്‌സന്‍ പോലും പാര്‍ട്ടിയാണ് കോടതി എന്നു പറഞ്ഞത് കുപ്രസിദ്ധമാണല്ലോ. നിലവിലെ നീതിന്യായവ്യവസ്ഥയില്‍ ക്രിമിനല്‍ കുറ്റമായ സംഗതിയെയാണ് പാര്‍ട്ടി കോടതി അന്വേഷിച്ച് നടപടിയെടുക്കുമെന്നു പറയുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരം സംഭവങ്ങളിലെ ഇരകളും വാദികളുമായവര്‍ മിക്കപ്പോഴും പാര്‍ട്ടി കോടതി വിധി അംഗീകരിച്ച് പിന്മാറുന്നതുമാണ് കാണാറുള്ളത്.

ഏറെക്കുറെ സമാനമായ സംഭവമാണ് എം എസ് എഫുമായി ബന്ധപ്പെട്ട് ഉണ്ടായത്. തങ്ങള്‍ക്കെതിരെ സംഘടനാനേതൃത്വത്തിലെ ചിലര്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിതയിലെ നേതൃത്വത്തിലെ ചില പെണ്‍കുട്ടികള്‍ ഉന്നയിച്ചിരിക്കുന്ന പരാതി. പതിവുപോലെ അവര്‍ ഇക്കാര്യത്തില്‍ എം എസ് എഫിലും ലീഗിലും പരാതി നല്‍കി. എന്നാല്‍ ഒരു മാസത്തില്‍ കൂടുതല്‍ കാത്തിരുന്നിട്ടും പ്രതികരണമില്ലാതായപ്പോഴാണ് വനിതാകമ്മീഷന് പരാതി നല്‍കിയത്. അതോടെയാണ് ഉറക്കം നടിച്ചവരെല്ലാം എണീറ്റത്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനായിരുന്നില്ല, പരാതി നല്‍കിയവരെ കൊണ്ട് അത് പിന്‍വലിപ്പിക്കാനാണ് ശ്രമം നടന്നത്. അതിന കീഴടങ്ങാന്‍ ഹരിത തയ്യാറായില്ല എന്നു കണ്ടപ്പോള്‍ സംഘടനയെതന്നെ മരവിപ്പിക്കുന്ന തീരുമാനമാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്. ലൈംഗികാധിക്ഷേപത്തിനെതിരെ പരാതി നല്‍കിയതിന് സംഘടനയെതന്നെ മരവിപ്പിക്കുക എന്ന തലതിരിഞ്ഞ നീതിയാണ് പാര്‍ട്ടി കോടതി നടപ്പാക്കിയത്. എന്തായാലും ഇതെഴുതുന്ന സമയം വരെ ഈ വിധി അംഗീകരിക്കാനോ പരാതി പിന്‍വലിക്കാനോ ഹരിത നേതൃ8ത്വം തയ്യാറായിട്ടില്ല എന്നതാണ് ആശ്വാസകരം. ഏറ്റവും സ്ത്രീവിരുദ്ധമാണെന്നു കരുതപ്പെടുന്ന ഒരു പാര്‍ട്ടിയിലാണ് ഈ ചെറുത്തുനില്‍പ്പെന്നത് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതിനിടയിലാണ് രണ്ടു വാര്‍ത്താസമ്മേളനങ്ങള്‍ കാണാനിടയായത്. ഒന്ന് ഹരിത നേതാവ് ഫാത്തിമ തഹലിയയുടെ. രണ്ട് വനിതാലീഗ് നേതാവ് നൂര്‍ബിന റഷീദിന്റെ. ആധുനികകാലത്തെ ഒരു വനിതാ നേതാവ് എങ്ങനെയാകണം എന്നതിനുദാഹരണമായി ഫാത്തിമയും ആകരുത് എന്നതിനു ഉദാഹരണമായി നുര്‍ബീനയും മാറുന്ന കാഴ്ചയാണ് കണ്ടത്. പാര്‍ട്ടിയാണ് വലുതെങ്കിലും നേതാക്കള്‍ ചെറുതല്ല എന്നും പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്നും ഫാത്തിമ തുറന്നടിച്ചപ്പോള്‍ പാര്‍ട്ടിതീരുമാനം കണ്ണടച്ച് അംഗീകരിക്കണമെന്നാണ് നുര്‍ബീന പറഞ്ഞത്. എംഎസ്എഫിനോട് ലീഗ് നേതൃത്വം കാണിച്ച നീതി ഹരിതയോട് കാണിച്ചില്ലെന്ന് ഫാത്തിമ തഹലിയ തുറന്നടിച്ചു. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് കമ്മിറ്റി മരവിപ്പിച്ചത്. നടപടിയില്‍ സ്വാഭാവിക നീതിയുണ്ടായില്ല എന്നുമവര്‍ ആരോപിച്ചു.

മറുവശത്ത് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ വനിതാകമ്മീഷനില്‍ പറയരുത്, അത് പാര്‍ട്ടി വേദികളില്‍ പറയണമെന്നാണ് വനിതാ ലീഗ് നേതാവു കൂടിയായ നുര്‍ബീന റഷീദ് പറഞ്ഞതെന്നതാണ് വൈരുദ്ധ്യം. കഴിഞ്ഞില്ല, ഹരിത പ്രവര്‍ത്തകര്‍ കാമ്പസിനകത്തു മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും അവര്‍ കൂട്ടിചേര്‍ത്തു. ലോകത്തും ഇന്ത്യയിലും നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ അരിയുന്ന ആരും പറയാത്ത വാചകമാണത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിലെ മുഖ്യശക്തി മുസ്ലിം പെണ്‍കുട്ടികളായിരുന്നു എന്നതുപോലും അവര്‍ വിസ്മരിച്ചു. ഹരിത എന്ന സംഘടന വേണോ എന്നുപോലും അവര്‍ക്കു സംശയമാണത്രെ. ഏറ്റവും വലിയ തമാശ മറ്റൊന്നാണ്. ലീഗിലെ വനിതാ പ്രവര്‍ത്തകര്‍ മാത്രമല്ല, കേരളത്തിലെ എത്രയോ സ്ത്രീകളുടെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ ഒരു സീറ്റു നല്‍കാന്‍ പാര്‍ട്ടി തയ്യാറായതെന്നതുപോലും അവര്‍ മറന്നു എന്നതാണത്.

വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയോടോ സ്ത്രീസമൂഹത്തോടോ ആദ്യ പ്രതിബദ്ധത എന്ന ചോദ്യം തന്നെയാണ് പ്രധാനം. എല്ലാ പാര്‍ട്ടികളും പുരുഷാധിപത്യപാര്‍ട്ടികളായതിനാല്‍ സ്ത്രീസമൂഹത്തോട് എന്നായിരിക്കണം ഉത്തരം. എന്നാല്‍ ആ നിലയിലെത്താന്‍ നാമിനിയും കാത്തിരിക്കണം. അതുകൊണ്ടാണല്ലോ നിരവധി അനുഭവങ്ങള്‍ക്കുശേഷവും പുതിയ വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സനായി വനിതാ നേതാവിനെ തന്നെ തെരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാകുന്നത്. രസകരമായ മറ്റൊരു വാര്‍ത്ത കൂടി ഇതെഴുതുമ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സ്ത്രീപീഡനകേസ് നല്ലരീതിയില്‍ തീര്‍ക്കണമെന്നു പറഞ്ഞ മന്ത്രിക്കെതിരെ കേസെടുക്കില്ല എന്നതാണത്. കാരണമാണ് രസകരം. നല്ല രീതിയില്‍ എന്നതിന് നല്ല അര്‍ത്ഥമാണത്രെ ഭാഷാ നിഘണ്ടുവിലുള്ളത്. ഒരു പ്രയോഗം കൊണ്ട് ഒരാള്‍ ഉദ്ദേശിക്കുന്നത് എന്താണെന്നത് തീരുമാനിക്കുക സാഹചര്യമോ നിഘണ്ടുവിലെ അര്‍ത്ഥമോ? പണ്ട്് നിഘണ്ടുവില്‍ ശുംഭന്‍ എന്ന പദത്തിന് സൂര്യനെ പോലെ പ്രകാശിക്കുന്നവന്‍ എന്നാണര്‍ത്ഥം എന്നു വാദിച്ചവരും ഉണ്ടല്ലോ. ഈ നിയമോപദേശം നല്‍കിയവും അതംഗീകരിക്കുന്നവരും ഇതുവഴി പ്രഖ്യാപിക്കുന്നത് തങ്ങള്‍ എന്തു മാത്രം സ്ത്രീവിരുദ്ധരാണെന്നാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തിലാണ് ഫാത്തിമയുടെ വാക്കുകള്‍ ഏറെ പ്രസക്തമാകുന്നത്. തങ്ങളുടെ മാതൃക ഇ എം എസ് അല്ല ഗൗരിയമ്മയാണെന്നും അവര്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്നത് മറ്റൊരു സാഹചര്യത്തില്‍ കൂടിയാണ്. അഫ്ഗാനിലെ താലിബാന്റെ തിരിച്ചുവരവ് അവിടെ മാത്രമല്ല, ലോകമാകെ തന്നെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ടല്ലോ. കേരളത്തില്‍ തന്നെ ഇക്കാര്യം വലിയ ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഫാത്തിമയുടെ വാക്കുകള്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കു മാത്രമല്ല, മുഴുവന്‍ സ്ത്രീസമൂഹത്തിനും നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ഒരുപക്ഷെ ഈ പോരാട്ടത്തില്‍ അവര്‍ പരാജയപ്പെട്ടെന്നും വരാം. എന്നാല്‍ സ്ത്രീസമൂഹത്തിന്റെ വരുംകാലപോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജ സ്രോതസ്സായി ഹരിതയും ഫാത്തിമയും മാറുമെന്നതില്‍ സംശയമില്ല.

വാല്‍ക്കഷ്ണം – സാഹിത്യഅക്കാദമിയുടെ വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം ടി കെ ആനന്ദിയുടെ ‘മാര്‍ക്‌സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം’ എന്ന പുസ്‌കത്തിനാണ്. സ്ത്രീസ്വാതന്ത്ര്യ ആശയങ്ങളേയും അതിനായി നിലനില്‍ക്കുന്ന പ്രസ്ഥാനങ്ങളേയും മാര്‍ക്സിസവുമായി ബന്ധിപ്പിക്കാനും അങ്ങനെയല്ലാത്തവയെ അക്രമിക്കാനുമാണ് പുസ്തകത്തിലൂടെ ആനന്ദി ശ്രമിക്കുന്നത്. സ്വാതന്ത്ര്യ ആശയങ്ങള്‍ മറ്റൊരു ആശയത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ വാലല്ല എന്ന ചരിത്രസത്യമാണ് ഇതിലൂടെ നിഷേധിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply