കേരളം ചര്‍ച്ച ചെയ്യേണ്ടത് ചെറുവള്ളി എസ്‌റ്റേറ്റ്…

സ്വര്‍ണ്ണ – കറന്‍സി വിവാദങ്ങള്‍ തുടരുമ്പോള്‍ മറച്ചുവെക്കപ്പെടുന്നത് ബിലീവേഴ്‌സ് ചര്‍ച്ചും കെ പി യോഹന്നാനും ചെറുവള്ളി എസ്‌റ്റേറ്റുമൊക്കെയായി ബന്ധപ്പെട്ട, ഉയര്‍ന്നു വന്ന വിഷയങ്ങളാണ്. കെ പി യോഹന്നാന്റെ നിയന്ത്രണത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് മുഖ്യമന്ത്രിയുടെ ബിനാമിയാണന്നും മുഖ്യമന്ത്രിയുടയും കോടിയേരിയുടെയും സമ്പാദ്യം ബിലീവേഴ്‌സ് ചര്‍ച്ചിന്റെ FCRA വഴി മുഖ്യമന്ത്രി റിവേഴ്‌സ് ഹവാല നടത്തിയെന്നുമുള്ള ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തുനില്‍ക്കുന്ന ഷാജ് കിരണ്‍ തന്നെയാണ്. അതാണിപ്പോള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്.

സ്വര്‍ണ്ണകടത്തും കറന്‍സി കടത്തുമായി ബന്ധപ്പെട്ട ആരോപണ – പ്രത്യാരോപണങ്ങള്‍ കേരളരാഷ്ട്രീയത്തെ കലുഷിതമാക്കിയിരിക്കുകയാണല്ലോ. സോളാര്‍ കാലത്തിനു സമാനമായ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അന്നത്തെ സരിതയുടെ സ്ഥാനത്ത് ഇപ്പോള്‍ സ്വപ്‌ന. അന്ന് യുഡിഎഫ് പറഞ്ഞതും ചെയ്തതുമൊക്കെ ഇന്നു എല്‍ഡിഎഫ് പറയുന്നു, ചെയ്യുന്നു. തിരിച്ചും. മാധ്യമങ്ങള്‍ അന്നു സരിതക്കു പിന്നാലെ പാഞ്ഞപോലെ ഇന്നു സ്വപ്നക്കു പിന്നാലെ പായുന്നു. അന്നൊരു സിഡിക്കുപിന്നാലെ പോയപോലെ ഇപ്പോള്‍ ശബ്ദരേഖകള്‍ക്കുപിന്നാലെ. അങ്ങനെ ചെയ്യാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കാകില്ല. കാരണം ജനങ്ങള്‍ അതെല്ലാം കാണാനാഗ്രഹിക്കുന്നു, കേള്‍ക്കാനാഗ്രഹിക്കുന്നു എന്നതുതന്നെ. മറുവശത്ത് കറുത്ത മാസ്‌കു ധരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് ജനങ്ങള്‍ എത്തിയിരിക്കുന്നു. മാത്രമല്ല, പൗരന്റെ അവകാശമായ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു.

വിവാദങ്ങള്‍ തുടരുന്ന ഈ വിഷയത്തെ കുറിച്ച് വിശദീകരിക്കാനല്ല ഈ കുറിപ്പ്. മറിച്ച് ഈ വിവാദങ്ങള്‍ക്കിടിയില്‍ മറച്ചുവെക്കപ്പെടുന്ന മറ്റൊന്ന് സൂചിപ്പിക്കാനാണ്. പലപ്പോഴും ചര്‍ച്ച ചെയ്യുന്നതാണെങ്കിലും ഇനിയും ശക്തമായ നടപടികളെടുക്കാന്‍ ഒരു സര്‍ക്കാരും തയ്യാറാകാത്ത വിഷയം. മറ്റൊന്നുമല്ല, സര്‍ക്കാരും ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് കെ പി യോഹന്നാന്‍ എന്ന ആത്മീയ – ഭൂമി – സാമ്പത്തിക ഇടപാടുകാരനുമായുള്ള ബന്ധത്തെ കുറിച്ചാണത്. ഇപ്പോഴത്തെ വിവാദത്തിലും ഈ വിഷയം പരാമര്‍ശിക്കപ്പെട്ടെങ്കിലും പ്രതിപക്ഷമോ മാധ്യമങ്ങളോ മറ്റാരുമോ അതധികം മുന്നോട്ടുകൊണ്ടുപോകുന്നില്ല. കെ പി യോഹന്നാന്റെ നിയന്ത്രണത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് മുഖ്യമന്ത്രിയുടെ ബിനാമിയാണന്നും മുഖ്യമന്ത്രിയുടയും കോടിയേരിയുടെയും സമ്പാാദ്യം ബിലീവേഴ്‌സ് ചര്‍ച്ചിന്റെ FCRA വഴി മുഖ്യമന്ത്രി റിവേഴ്‌സ് ഹവാല നടത്തിയെന്നുമുള്ള ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തുനില്‍ക്കുന്ന ഷാജ് കിരണ്‍ തന്നെയാണ്. അതാണിപ്പോള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്.

കോടികളുടെ തട്ടിപ്പാണ് ചെറുവള്ളി എസ്‌റ്റേറ്റിന്റെ പേരില്‍ നടന്നത്, ഇപ്പോഴും നടക്കുന്നത് എന്നു വേണം കരുതാന്‍. സര്‍ക്കാര്‍ ഭൂമി അനധികൃത മാര്‍ഗത്തിലൂടെ സ്വന്തമാക്കിയശേഷം അത് സര്‍ക്കാരിനുതന്നെ വില്‍പന നടത്തി കോടികള്‍ കൊള്ളയടിക്കാനാണ് .യോഹന്നാന്റെ നീക്കമെന്നു വ്യക്തമാണ്. ഇക്കാര്യം അറിഞ്ഞുതന്നെയാണ് സര്‍ക്കാരും മുന്നോട്ടുപോകുന്നത്. സര്‍ക്കാര്‍ ഭൂമിയാണിതെന്ന് സര്‍ക്കാര്‍ തന്നെ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതാണ് മറച്ചുവെക്കുന്നത്. മാത്രമല്ല, 2200 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഇത്തരത്തില്‍ ഏറ്റെടുത്താല്‍ ഇതുപോലെതന്നെ തോട്ടം എന്ന പേരില്‍ വന്‍കിടക്കാര്‍ കൈവശപ്പെടുത്തി വച്ചിരിക്കുന്ന അഞ്ച് ലക്ഷത്തോളം ഏക്കര്‍ ഭൂമിയും സര്‍ക്കാരിന് നഷ്ടപ്പെടും. ഇതിലൂടെയുണ്ടാകുന്ന നഷ്ടമാകട്ടെ 25,000 കോടിയിലധികം വരുിമെന്നാണ് കണക്ക്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് ഏറ്രവുമധികം തോട്ടം ഭൂമി കൈവശം വെച്ചിരിക്കുന്നത് ഹാരിസണാണ്. അതുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 2013 ഫെബ്രുവരി 28ന് ഹാരിസണിന്റെ കൈവശമുള്ള ഭൂമി റവന്യൂ ഭൂമിയാണെങ്കില്‍ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം ഏറ്റെടുക്കാവുന്നതാണെന്നും രണ്ടു മാസത്തിനകം അതിന്റെ നടപടി തുടങ്ങണമെന്നും വിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ ഓഫിസറും എറണാകുളം ജില്ലാ കളക്ടറുമായ എം.ജി.രാജമാണിക്യം ഹാരിസണിന്റെ ഭൂമിക്ക് കൈവശാവകാശ, പ്ലാന്റേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കരുതെന്നും മരം മുറിക്കരുതെന്നും ഭൂമി കൈമാറ്റം ചെയ്യരുതെന്നുമുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തി. കേരളത്തിലെ നാലു ജില്ലകളിലായി ഹാരിസണിന്റെ 25,000 ഏക്കര്‍ ഭൂമിയെ സംബന്ധിച്ച് സ്പെഷല്‍ ഓഫീസര്‍ സ്ഥലപരിശോധന നടത്തുകയും ഹാരിസണിനെതിരേ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. നാലു ജില്ലകളിലായി പരിശോധന നടത്തിയ സ്പെഷ്യല്‍ ഓഫീസര്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന 29,185 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നാണ് അവര്‍ വിറ്റ ഭൂമികള്‍ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

2005ലാണ് ഹാരിസണ്‍ മലയാളം ചെറുവള്ളി എസ്റ്റേറ്റ് കെ.പി.യോഹന്നാന് വിറ്റത്. വില്‍പ്പന നിയമവിരുദ്ധമാണെന്നുകണ്ട് കോട്ടയം ജില്ലാ കലക്ടര്‍ എസ്റ്റേറ്റിന്റെ പോക്കുവരവ് റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് ഗോസ്പല്‍ ഫോര്‍ ഏഷ്യ ഹൈക്കോടതിയെ സമീപിച്ചു. ഭൂമി വില്‍ക്കാനുള്ള അവകാശം ഹാരിസണ്‍ മലയാളം കമ്പനിക്കില്ലെന്നു കാണിച്ച് റവന്യൂ വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അവകാശം തെളിയിക്കാന്‍ കെ.പി.യോഹന്നാന്‍ ഹാജരാക്കിയ രേഖകള്‍ വസ്തുതാപരമായി ശരിയല്ലെന്നും ഭൂമിയുടെ സ്ഥിരിവിവര കണക്ക് ഇതില്‍ വ്യക്തമല്ലെന്നും കോടതി നിിരീക്ഷിച്ചു. തുടര്‍ന്ന് ഹാരിസണും കോടതിയെ സമീപിച്ചു. ഭൂമി ഏറ്റെടുക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമുണ്ടോയെന്നു സര്‍ക്കാര്‍ തെളിയിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. അതുവരെ തല്‍സ്ഥിതി തുടരണമെന്നും പറഞ്ഞിട്ടുണ്ട്.

അതേ സമയം ഹാരിസണ്‍, കോടതി വ്യവഹാരങ്ങളിലൂടെ ഏറ്റെടുക്കല്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കി മുഴുവന്‍ ഭൂമിയും തിരിച്ചു പിടിക്കണമെന്ന് റവന്യൂ വകുപ്പിനു വേണ്ടി സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹാരിസണും കെ.പി.യോഹന്നാനും അനുകൂലമാകുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയത്. എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം പണിയാനും അതില്‍ കെ.പി.യോഹന്നാന് പങ്കാളിത്തം നല്‍കാനുമുള്ള നീക്കത്തിലൂടെ യോഹന്നാന്റെ കൈവശമുള്ള ഭൂമിയുടെ ഉടമാവകാശം സര്‍ക്കാര്‍തന്നെ സമ്മതിച്ചുകൊടുക്കുകയാണ് ചെയ്തത്.. തുടക്കത്തില്‍ സൂചിപ്പിച്ചതിലൂടെ ഈ നടപടിയിലൂടെ അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമിയുടെ ഉടമാവകാശം സര്‍ക്കാരിന് നഷ്ടപ്പെടുകയും ചെയ്യും. ഇക്കാര്യത്തി്നായി സര്‍ക്കാര്‍ ഉപയോഗിക്കുന്നത് ശബരിമലയാണെന്നതാണ് കൗതുകകരം. ശബരിമലയുടെ വികസനത്തിന് ചെറുവള്ളി വിമാനത്താവളം സഹായിക്കുമത്രെ.

സ്വാഭാവികമായും ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയത് ദളിത് ആദിവാസി വിഭാഗങ്ങള്‍ തന്നെയാണ്. കേരളത്തില്‍ വിദേശ തോട്ടം കുത്തകകള്‍ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി കൈവശം വെച്ചു കൊണ്ടിരിക്കുന്ന അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ച് തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയില്‍ പുന:സംഘടിപ്പിക്കാനും മണ്ണില്‍ പണിയെടുക്കുന്ന ദലിത് – ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും കൃഷിഭൂമി വിതരണം ചെയ്തു കൊണ്ട് കേരളത്തിന്റെ സ്വാശ്രിതമായ വികസനത്തിനും കാര്‍ഷിക പുരോഗതിക്കും അടിത്തറയിടാന്‍ കഴിയുമാറ് കാര്‍ഷിക-ഭൂ പരിഷ്‌കരണ നടപടികള്‍ മുന്നോട്ട് കൊണ്ടു പോകണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബ്രട്ടീഷ് കൊളോണിയല്‍ ആധിപത്യ കാലത്ത് രാജ്യത്ത് വിദേശകമ്പനികള്‍ കൈവശം വെച്ച് കൊണ്ടിരിക്കുന്ന തോട്ടങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്വാതന്ത്ര്യാനന്തരം അതാത് സംസ്ഥാന / കേന്ദസര്‍ക്കാറുകളില്‍ നിക്ഷിപ്തമാക്കുന്ന ഇന്‍ഡ്യന്‍ ഇന്റിപെന്റഡ് ആക്ട്. നിലനില്‍ക്കുമ്പോഴാണ് ഈ അട്ടിമറി നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഭരണഘടനയുടെ പരിരക്ഷയുള്ള ഈ നിയമമനുസരിച്ചു നാടു വാഴിത്ത / രാജവാഴ്ചക്കാലത്ത് തിരുവിതാംകൂര്‍, കൊച്ചി, പഴയ മലബാറിലെ നാട്ടുരാജ്യങ്ങള്‍ എന്നിവയില്‍ നിന്നും ബ്രിട്ടീഷ് ഈസ്റ്റിന്ത്യ കമ്പനിയും അവരുടെ തോട്ടം കമ്പനികളും ദീര്‍ഘകാല പാട്ടത്തിനെടുത്തതോ അല്ലാതേയോ കൈവശം വച്ചുവരുന്നതായ മുഴുവന്‍ സമ്പത്തുക്കളുടെയും ഉടമസ്ഥാവകാശം അതാത് സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ്. ഇത്തരം സ്വത്തുകള്‍ വില്പന നടത്തുന്നതോ കൈമാറ്റം ചെയ്യന്നതോ നിയമവിരുദ്ധമണ്. എന്നാല്‍ ടാറ്റ, ഗോയങ്ക തുടങ്ങിയ ഇന്ത്യന്‍ കുത്തകളുടെ കമ്പനികളെ ബിനാമികളാക്കി തോട്ട ഭൂമി മുഴുവന്‍, നിയമവിരുദ്ധമായി രാജ്യത്തിലെ ഭരണഘടനാപരിരക്ഷയുള്ള നിയമങളെ പോലും കാറ്റില്‍ പറത്തി കൊണ്ട് , കൈവശം വെച്ച് കൊണ്ടിരിയ്ക്കയായിരുന്നു വിദേശതോട്ടം കമ്പനികള്‍. പ്രസ്തുത നിയമം നടപ്പായില്ല എന്നു മാത്രമല്ല ഭൂപരിഷ്‌കരണ നിയമത്തില്‍ പോലും തോട്ട ഭൂമിയെ ഒഴിവാക്കുകയായിരുന്നു.

ഹാരിസണ്‍ മലയാളം എന്ന വിദേശ കമ്പനി R P ഗോയങ്കെ എന്ന ബിനാമിയെ വച്ചാണ് ഏഴ് ജില്ലകളിലായി ഒരു ലക്ഷത്തില്‍പ്പരം ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പലതും നിയമവിരുദ്ധമായി മുറിച്ച് വില്പന നടത്തി. TR & T, AVT തുടങ്ങിയ കമ്പനികളും കേരള ഭൂപരിഷ്‌കരണ നിയമങള്‍, കേരള ഭൂസംരക്ഷണ നിയമങ്ങള്‍, ഗവ: ഓഫ് ഇന്ത്യാ ആക്ട്, ഫെറ നിയമങ്ങള്‍, വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടങ്ങള്‍ തുടങ്ങി നിരവധി നിയമങ്ങളെ മറികടന്നു കൊണ്ട്് സംസ്ഥാനത്തെ ജനങ്ങള്‍ക്കവകാശപ്പെട്ട ഭൂമി കൈവശം വെച്ച് കൊണ്ടിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം Dr. MG രാജമാണിക്യം IAS 2016 ജൂണ്‍ 4 ന് മുഖ്യമന്ത്രിക്ക് ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. അതിനുമുമ്പെ സംസ്ഥാന ലാന്റ് ബോര്‍ഡ് സ്പെഷ്യല്‍ ഗവ: പ്ലീഡര്‍ സുശീല ആര്‍.ഭട്ട്, തോട്ടത്തില്‍ സി.രാധാകൃഷ്ണന്‍ വി പി രാമകൃഷ്ണപ്പിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് 2013 ഫെബ്രുവരി 28നു് ഹാരിസണ്‍ മലയാളം കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു് ഉത്തരവിട്ടിരുന്നു. എന്നാല്‍ നടന്നില്ല, ഇനിയും നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഷാജ് കിരണ്‍ ഉന്നയിച്ച ആരോപണം പ്രസക്തമാകുന്നത്. എന്നാല്‍ അതല്ല കേരളം ചര്‍ച്ച ചെയ്യുന്നത് എന്നതാണ് ഖേദകരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply