കേരളം അതിവേഗം ചലിക്കുന്നു – പുറകോട്ടാണെന്നു മാത്രം
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നല്ലോ അന്നം തരുന്നവനാണ് ദൈവം, അതിനാല്‍ പിണറായി വിജയനാണ് കേരളത്തിന്റെ ദൈവമെന്ന ബോര്‍ഡ്. ആര്‍ക്ക്, എന്ത് അന്നമാണ് പിണറായി വിജയന്‍ നല്‍കുന്നതെന്നറിയില്ല. അറിയാവുന്നത് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളസര്‍ക്കാര്‍ 500 രൂപക്കു താഴെ വില വരുന്ന, ചില നിത്യോപയോഗ സാധനങ്ങള്‍ എല്ലാവര്‍ക്കും നല്‍കുന്നുണ്ട് എന്നു മാത്രമാണ്. മാസം ലക്ഷങ്ങള്‍ വരുമാനമുള്ളവര്‍ക്കും 5000 പോലും വരുമാനമില്ലാത്തവര്‍ക്കും ഒരുപോലെ നല്‍കുന്നു. റേഷന്‍ കാര്‍ഡുപോലും ഇല്ലാതെ തെരുവിലലയുന്നവര്‍ക്ക് കിട്ടുന്നുണ്ടോ എന്നറിയില്ല. ഈ മഹാമാരി കാലത്ത് ഒരാളുടെ ന്യായമായ അവകാശത്തേക്കാള്‍ എത്രയോ ചെറുതാണ് ഈ കിറ്റ്. തൊട്ടടുത്ത തമിഴ്‌നാടുപോലും അതിനേക്കാള്‍ എത്രയോ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു. അവസാനം കഴിഞ്ഞ ദിവസം ലോണുകള്‍ക്കും വാടകക്കും മറ്റും കുറെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാംനല്‍കുന്നത് പിണറായി വിജയനോ അത് നല്‍കാന്‍ ബാധ്യസ്ഥമായ ജനാധിപത്യസര്‍ക്കാരോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ.
ഇവിടെ ഉയര്‍ന്നുവരുന്ന പ്രധാന വിഷയം നിരവധി സാമൂഹ്യ – രാഷ്ട്രീയ മാറ്റങ്ങളിലൂടെ കടന്നുപോയി, ജനാധിപത്യത്തിലെത്തിയിരിക്കുന്ന നാം വ്യക്തിപൂജയിലേക്കും രാജഭരണത്തിനു സമാനമായ അവസ്ഥയിലേക്കും തിരിച്ചുപോകുന്നു എന്നതാണ്. അതില്‍ രാഷ്ട്രീയപാര്‍ട്ടി ഏതെന്നതിന് വലിയ പ്രസക്തിയില്ല. മറ്റു പല പാര്‍ട്ടികളിലും ഇതേ അവസ്ഥയാണ്. വ്യക്തിയല്ല, പാര്‍ട്ടിയാണ് പ്രധാനം എന്നഹങ്കരിക്കുന്ന സിപിഎമ്മുമായി ബന്ധപ്പെട്ടു ഇത്തരം വാര്‍ത്ത വരുമ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു മാത്രം. ഇതാകട്ടെ ഒറ്റപ്പെട്ട സംഭവവുമല്ല. 2016ല്‍ പിണറായിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ആരംഭിച്ച വ്യക്തിപൂജയാണ് ഇന്ന് ദൈവമെന്ന അഭിസംബോധനയില്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായിയുടെ സമ്പൂര്‍ണ്ണ ആധിപത്യമാണ് എന്നത് പരസ്യമായ രഹസ്യവുമാണ്.
ഇവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയം മറ്റൊന്നാണ്. അത് മലയാളിയുടെ പുറകോട്ടുള്ള യാത്രമാണ്. നിരവധി നവോത്ഥാന മുന്നേറ്റങ്ങളിലൂടേയും ദേശീയ പ്രസസ്ഥാനത്തിലൂടേയും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടേയും മിഷണറി പ്രവര്‍ത്തനങ്ങളുടേയും മറ്റും നമ്മള്‍ നേടിയെടുത്ത ജനാധിപത്യമൂല്യങ്ങളാണ് ഇപ്പോള്‍ നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പ്രതിനിധി മാത്രമാണ് മുഖ്യമന്ത്രി എന്നതില്‍ നിന്ന് അന്നം തരുന്ന ദൈവമാണ് മുഖ്യമന്ത്രി എന്ന അവസ്ഥയിലേക്ക് ഒരു വിഭാഗമെങ്കിലും എത്തുന്നത്. ജനാധിപത്യമൂല്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശക്തമാകേണ്ട കാലത്താണ് അതെല്ലാം കൈവിട്ട് നാം പിന്നോട്ടു നടക്കുന്നത്. ഇതാകട്ടെ ഒറ്റപ്പെട്ട വിഷയവുമല്ല. കഴിഞ്ഞ ദിവസങ്ങളിലെ മാത്രം ഏതാനും വാര്‍ത്തകളെടുത്ത് പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. പലവട്ടം ജനപ്രതിനിധികളായിട്ടും വീണ്ടും മത്സരിക്കാനവസരം നല്‍കാത്തതില്‍ കെറിവു കാണിച്ച വളരെ സീനിയറായ നേതാക്കള്‍ക്കെതിരെ ഇതേപാര്‍ട്ടിക്കുപോലും എടുക്കേണ്ടി വരുകയാണല്ലോ.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കഴിഞ്ഞ ദിവസങ്ങളിലെ ഒരു പ്രധാന വാര്‍ത്ത തന്നെ സ്ത്രീധനം വാങ്ങിയിട്ടില്ല, വാങ്ങുകയില്ല എന്നു എല്ലാവരും സത്യവാങ്ങ് മൂലം നല്‍കണമെന്നതായിരുന്നില്ല. തീര്‍ച്ചയായും ഇന്നത്തെ അവസ്ഥയില്‍ അത് അനിവാര്യം തന്നെ. എന്നാല്‍ അതിലൂടെ വെളിവാകുന്നത് മുകളില്‍ സൂചിപ്പിച്ച നമ്മുടെ പുറകോട്ടുള്ള യാത്രയല്ലാതെ മറ്റെന്താണ്? സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും സ്ത്രീധനപീഡനങ്ങളുടേയും കൊലകളുടേയും ആത്മഹത്യകളുടേയും വാര്‍ത്തകള്‍ പുറത്തു വരുന്നു. ഇനി പീഡനവും മരണവുമില്ലെങ്കില്‍ പോലും ഇന്ത്യയില്‍ സ്ത്രീധനം വാങ്ങുന്നതില്‍ ഒന്നാം സ്ഥാനം കേരളമാണെന്ന പഠനങ്ങള്‍ വന്നു കഴിഞ്ഞു. അതുമൂലം തകര്‍ന്നു പോകുന്ന കുടുംബങ്ങള്‍ നിരവധിയാണ്. ലിംഗനീതിയേയും സ്ത്രീപക്ഷ കേരളത്തേയും കുറിച്ച് ഒരുപാട് കൊട്ടിഘോഷിക്കപ്പെടുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നതാണ് ദുരന്തം. കഴിഞ്ഞില്ല, പീഡനകേസ് ”നല്ല” രീതിയില്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട മന്ത്രിയെ നിയമസഭയില്‍ മുഖ്യമന്ത്രി വെള്ളപൂശുന്നതും കേരളം കണ്ടല്ലോ. നീതിക്കായി നിലകൊണ്ടതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിയുടെ പീഡനപരമ്പര തുടരുന്നു. മഠത്തില്‍ താമസിക്കാനായി അവര്‍ പോരാട്ടം തുടരുന്നു. കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ സഭ ആവശ്യപ്പെടുന്നു. ഭിന്നശേഷിക്കാരുടെ പെണ്‍മക്കളെ വിവാഹം ചെയ്തയക്കാനായി ധനസഹായം നല്‍കുന്നു എന്ന കഴിഞ്ഞ ദിവസം പുറത്തുവന്ന സാമൂഹ്യനീതി വകുപ്പിന്റെ പരസ്യം തന്നെ നോക്കൂ. പരസ്യത്തോടൊപ്പം സ്വര്‍ണ്ണവളകളണിഞ്ഞ കൈകളുടെ ചിത്രവുമുണ്ട്. വിവാഹം ചെയ്തയക്കുക എന്ന പദം തന്നെ എത്രയോ സ്ത്രീവിരുദ്ധമാണ്. വിവാഹത്തിനുപകരം വിദ്യാഭ്യാസത്തിനല്ലേ സഹായം നല്‍കേണ്ടത് ട്രാന്‍സ് സൗഹൃദ സംസ്ഥാനമെന്നു വിശേഷിക്കപ്പെടുമ്പോഴും നീതിക്കായി പോരാടി പരാജയപ്പെട്ട് ഒരു ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടേയും സുഹൃത്തിന്റേയും ആത്മഹത്യക്കും കഴിഞ്ഞ ദിവസം കേരളം സാക്ഷ്യം വഹിച്ചല്ലോ. ഇതെല്ലാം പുറകോട്ടുള്ള യാത്രയുടെ ലക്ഷണമല്ലാതെ മറ്റെന്താണ്? അവസാനമിതാ സൗഹൃദത്തില്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞതിന് പെണ്‍കുട്ടിയെ വെടിവെച്ചുകൊന്നയാളെ പരോക്ഷമായി ന്യായീകരിക്കുകയും പെണ്‍കുട്ടിയെ വിമര്‍ശിക്കുകയും ചെയ്ത് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. മറുവശത്ത് വര്‍ഷങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത തന്നെ പീഡിപ്പിച്ച പെണ്‍കുട്ടിക്ക് പ്രതിയായ വൈദികനെ തന്നെ വിവാഹം കഴിക്കേണ്ടിവരുന്നു. പൗരോഹിത്വത്തെ വെല്ലുവിളിച്ച കന്യാസ്ത്രീയെ തെരുവിലിറക്കാനുള്ള നീക്കം ശക്തമാകുന്നു. കൂടുതല്‍ പ്രസവിക്കുന്നവര്‍ക്ക് വലിയ സമ്മാനങ്ങള്‍ ഓഫര്‍ ചെയ്യുന്നു.
ലിംഗനീതിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റുമേഖലകളും വ്യത്യസ്ഥമല്ല. നവോത്ഥാനമുന്നേറ്റങ്ങളുടേയും ഇടതുപക്ഷത്തിന്റേയും പ്രവര്‍ത്തനഫലമായി ജാതിബോധം ഇല്ലാത്തവരാണ് നമ്മളെന്നല്ലോ വെപ്പ്. ജാതിബോധം കുറയുന്നുണ്ടോ എന്നതിന് ഏറ്റവും എളുപ്പമായ പരിശോധന മിശ്രവിവാഹങ്ങളുടെ കണക്കെടുക്കുന്നതാണല്ലോ. കേരളത്തില്‍ മിശ്രവിവാഹങ്ങളുടെ എണ്ണം കുറയുന്നതായ കണക്കുകളും അടുത്ത ദിവസം തന്നെ പുറത്തുവന്നു. നടക്കുന്നവയില്‍ തന്നെ ഭൂരിഭാഗവും പ്രണയവിവാഹം. മറുവശത്ത് കമ്യൂണിറ്റി മാട്രിമണികളുടെ പരസ്യങ്ങളുടെ പ്രളയമാണ്. ശബരിമലയിലെ മേല്‍ശാന്തിയായി മലയാളി ബ്രാഹ്മണന്‍ തന്നെ വേണമെന്ന സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തുവന്നല്ലോ. അല്ലാത്തവരുടെ അപേക്ഷകള്‍ തള്ളുകയും ചെയ്തു. അയ്യപ്പന്റെ മുന്നില്‍ പോലും ജാതി – ലിംഗ വിവേചനം തുടരുന്നു. വൈക്കത്തൊരു ക്ഷേത്രത്തില്‍ ചുമതലയേറ്റ മേല്‍ശാന്തി ഈഴവനായതിനാല്‍ പരസ്യമായി അധിക്ഷേപിക്കുകയും ബ്രാഹ്മണ മേല്‍ശാന്തി ചുമതല കൈമാറിതിരിക്കുകയും ചെയ്ത വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനവും പരിശോധിക്കുക. വെറും 12 വര്‍ഷം മുമ്പ് നടന്ന ബീമാപള്ളി വെടിവെപ്പിന്റെ ചരിത്രം വളച്ചൊടിച്ച് മുസ്ലിംജനതയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു സിനിമയാണല്ലോ ഇപ്പോള്‍ കേരളം ആഘോഷിക്കുന്നത്. ഇതെല്ലാം പുറകോട്ടുള്ള യാത്രയുടെ സൂചനയല്ലാതെ മറ്റെന്താണ്?
ജനാധിപത്യത്തെ തകര്‍ക്കുന്ന മറ്റൊരു വിഷയം കൂടി പരാമര്‍ശിക്കാം. അത് മറ്റൊന്നുമല്ല, അഴിമതി തന്നെ. കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നാണല്ലോ സഹകരണസംഘങ്ങളും സഹകരണബാങ്കുകളും. അത്തരമൊരു ബാങ്കിലാണ് 300 കോടിയുടെ അഴിമതി വാര്‍ത്ത പുറത്തുവന്നത്. തീര്‍ച്ചയായും ഇതാദ്യത്തെ സംഭവമൊന്നുമല്ല. എന്നാല്‍ തുകയുടെ വലുപ്പം കൊണ്ട് ഏറെ ശ്രദ്ധേയമായി എന്നു മാത്രംം. ഓരോ നാട്ടിലേയും പ്രമുഖ രാഷ്ട്രീയക്കാരാണ് സഹകരണപ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടാകുക എന്നറിയാം. കഴിഞ്ഞില്ല. മിക്കവാറും ജീവനക്കാര്‍ അവരുടെ ബന്ധുക്കളുമാണ്. പലയിടത്തും ജോലിക്കുള്ള മാനദണ്ഡംതന്നെ അതാണ്, യോഗ്യതയല്ല., അവരാണ് ഇതുപോലെ അഴിമതി നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. കരുവന്നൂരിലെ വിഷയമാകട്ടെ തുടങ്ങിയിട്ട് മൂന്നുവര്‍ഷമായിട്ടും വാര്‍ത്ത പുറത്തുവരുന്നതുവരെ ഒളിച്ചുവെച്ചിരിക്കുകയായിരുന്നു. അല്ലെങ്കില്‍ കൃത്യമായ ഓഡിറ്റിങ്ങോ കെ വൈ എസോ ഇല്ലാതെ ആരുടേയും കള്ളപ്പണം സൂക്ഷിക്കാവുന്ന നിലയിലാണ് പല സഹകരണബാങ്കുകളും. വായ്പയെടുക്കുന്ന പാവപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്ന പലിശയാകട്ടെ മറ്റെല്ലാ ബാങ്കുകളേക്കാള്‍ കൂടുതലും. ഇപ്പോഴിതാ പല ബാങ്കുകളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ പുറത്തുവരുന്നു. സഹകരണമേഖലയാകെ കൈപിടിയിലൊതുക്കാന്‍ കേന്ദ്രം കരുനീക്കം നടത്തുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ എന്നതാണ് ഏറ്റവും പ്രധാനം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തീര്‍ച്ചയായും അഴിമതി ഒരു പാര്‍ട്ടിയുടെ മാത്രം കുത്തകയല്ല. തെരഞ്ഞെടുപ്പിന് കുഴല്‍പണമിറക്കി എന്ന ആരോപണമാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നേരിടുന്നത്. മരംവെട്ടും സ്വര്‍ണ്ണകടത്തുമൊക്കെ കഴിഞ്ഞ് അധികദിവസമായില്ലല്ലോ. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള യുഡിഎഫിലെ നിരവധി നേതാക്കളും അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുന്നവരാണ്. അഴിമതി വര്‍ദ്ധിക്കുന്തോറും ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ജനങ്ങള്‍ക്ക് നഷ്ടപ്പെടുക ഇന്നത്തെ കാലത്ത് ജനാധിപത്യത്തിനേല്‍ക്കുന്ന ഏതൊരു ക്ഷതവും കേരളീയസമൂഹത്തെ പുറകോട്ടല്ലേ നയിക്കുക? നിയമസഭാംഗങ്ങള്‍ക്കുള്ള പ്രത്യേക പരിരക്ഷ കുറ്റകൃത്യങ്ങള്‍ നടത്താനല്ല എന്ന് സുപ്രിംകോടതി തന്നെ ഓര്‍മ്മിപ്പിക്കുന്ന അവസ്ഥയിലും നാമെത്തിയല്ലോ.
ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ചാണല്ലോ പറഞ്ഞുവരുന്നത്. കേരളം പോലീസ് രാജിലേക്കു പോകുകയാണോ എന്നു സംശയം തോന്നിപ്പിക്കുന്ന വാര്‍ത്തകളും ധാരാളമായി പുറത്തുവരുന്നു. കൊവിഡ് കാലത്ത് മനുഷ്യത്വവിരുദ്ധര്‍ മാത്രമല്ല, നിയമവിരുദ്ധരുമായി പോലീസ് മാറുകയാണോ? തെറ്റിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിക്കെതിരെ കള്ളകേസെടുക്കുന്നതും ജീവിക്കാനായി മീന്‍വില്‍പ്പന നടത്തിയ വൃദ്ധയുടെ മാന്‍ ഒന്നടങ്കം നിയമം ലംഘിച്ച് കാനയിലൊഴുക്കിയതും ഏക ഉപജീവനമാര്‍ഗ്ഗമായ പശുവിന് പുല്ലരിഞ്ഞതിന്റഎ പേരില്‍ 2000 രൂപ ഫൈന്‍ ചുമത്തിയതും യൂണിഫോമില്ലാത്ത ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചതുമൊക്കെ ഇക്കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകളാണ്. കൊവിഡ് ദുരന്തം മൂലം 20നടുത്തുപേര്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞ സാഹചര്യത്തിലാണ് പാവപ്പെട്ടവര്‍ക്കുനേരെ, മുഴുവന്‍ നിയമസംവിധാനത്തേയും വെല്ലുവിളിച്ച് പോലീസിന്റെ ഗുണ്ടായിസം. അത്തരം പോലീസിനെ നിയന്ത്രീക്കാന്‍ സര്‍ക്കാരിന് ആവുന്നുമില്ല.
അടുത്ത ദിവസങ്ങളിലെ മാത്രം ഏതാനും സംഭവങ്ങളാണ് ഇവിടെ ചൂണ്ടികാട്ടിയത്. തീര്‍ച്ചയായും ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഭീതിദമായ ഒരവസ്ഥയാണിത്. അതിനേക്കാള്‍ ഭീതിദമായ മറ്റൊന്നു കൂടിയുണ്ട്. അതു മറ്റൊന്നുമല്ല, ഇതിനെയെല്ലാം ന്യായീകരിക്കാന്‍ ഓരോ പ്രസ്ഥാനത്തിനും ചാവേറുകളുണ്ടെന്നതാണത്. അവനരുടെ അടിമമനസ്സാണ് തുടക്കത്തില്‍ സൂചിപ്പിച്ച ബോര്‍ഡിലൂടെ പുറത്തുവരുന്നത്. അവരെ നയിക്കുന്നത് ജനാധിപത്യബോധമല്ല, മറിച്ച് ഫാസിസ്റ്റ് ചിന്തകളും അടിമ മനസ്സുമാണ്. അവര്‍ നയിക്കുമ്പോള്‍ നമുക്ക് പുറകോട്ടല്ലാതെ മുന്നോട്ടു ചലിക്കാനാവില്ലല്ലോ. അതിനൊരു യു ടേണ്‍ ഉണ്ടാക്കി വീണ്ടും മുന്നോട്ടു ചലിക്കാനുള്ള രാഷ്ട്രീയമാണ് ജനാധിപത്യവിശ്വാസികള്‍ പ്രകടിപ്പിക്കേണ്ടത്. അതു സാധ്യമാകുമോ എന്നതാണ് ഇന്നിന്റെ പ്രസക്തമായ ചോദ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in