പ്രവാസികളോടും സംരഭകരോടും കേരളം ചെയ്യുന്നത്

ഉള്ളു പൊള്ളയായ വികസനത്തിന് ഏറെ കാലം നിലനില്‍പ്പില്ല എന്നറിഞ്ഞിട്ടും കേരള മോഡല്‍ പലരും ഉയര്‍ത്തിപിടിച്ചിട്ടുണ്ട്. ഒട്ടേറെ പരിമിതികളുണ്ടെങ്കിലും ചില നേട്ടങ്ങളെല്ലാം നമുക്ക് നേടാന്‍ സാധിച്ചത് തങ്ങളുടെ ഭരണനേട്ടമായി പലരും അവകാശപ്പെടുന്നുമുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? ഒരു ഘട്ടത്തില്‍ തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരള സമ്പദ് ഘടനയെ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്തിയത് പ്രവാസികളായിരുന്നു എന്നതാണ് വസ്തുത. അവരോടാണ് നാമിന്ന് ഇത്തരത്തില്‍ പെരുമാറുന്നത്. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍, നേതാക്കള്‍, ഇടതുപക്ഷം, ഭൂപരിഷ്‌കരണം, സാക്ഷരതായജ്ഞം എന്നിവയെ കുറിച്ചെല്ലാം വാചാലരാകുന്ന നാം പക്ഷെ അവരെ കാര്യമായി ഓര്‍ക്കാറില്ല.

ഓഡിറ്റോറിയത്തിന് ലൈസന്‍സ് നല്‍കാത്തതില്‍ മനംനൊന്ത് പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് ആതുര്‍ നഗരസഭാ ചെയര്‍ പേഴ്സന്‍ പി കെ ശ്യാമള രാജിവെച്ചെന്നും എന്നാല്‍ പാര്‍ട്ടിയത് നിരസിച്ചെന്നും വാര്‍ത്ത വന്നിരിക്കുന്നു. അതേസമയം 4 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുമുണ്ട്. ചെയര്‍പേഴ്സനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാവശ്യപ്പെട്ട് മുന്നോട്ടുപോകാനാണ് മരിച്ച സാജന്റെ ഭാര്യയുടേയും വീട്ടുകാരുടേയും തീരുമാനം. സംഭവത്തില്‍ തനിക്ക് പങ്കില്ല എന്നാണ് പികെ ശ്യാമള പറയുന്നത്.

നസീര്‍ വധശ്രമത്തിലും ബിനോയ് വിഷയത്തിലും പ്രതിസന്ധിയിലായിരിക്കുന്ന പാര്‍ട്ടിക്ക് കനത്ത പ്രഹരമാണ് ഈ സംഭവം ഏല്‍പ്പിച്ചിരിക്കുന്നത്. അതോടൊപ്പം പാര്‍ട്ടിക്കകത്തെ ഗ്രൂപ്പിസമാണ് വിഷയത്തിനു പുറകിലെന്ന ആരോപണവും ശക്തമാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എം വി ഗോവിന്ദന്റെ ഭാര്യയുമായ നഗരസഭാ ചെയര്‍പേഴ്സന്റെ വൈരാഗ്യമാണ് കോടികള്‍ മുടക്കി പണിത കെട്ടിടത്തിന് അനുമതി കൊടുക്കാത്തതിന് പിന്നിലെന്ന് സാജന്റെ ഭാര്യ ബീന ആരോപിക്കുന്നു. നിസാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭ നിര്‍മ്മാണത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും ബില്‍ഡിംഗ് നമ്പറും നിഷേധിക്കുകയായിരുന്നുവെന്നാണ് സാജന്റെ ബന്ധുക്കളുടെ ആരോപണം.
ഒന്നര പതിറ്റാണ്ടോളം നൈജീരിയയില്‍ ജോലി ചെയ്ത സാജന്‍ മൂന്ന് വര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തി കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ കണ്‍വന്‍ഷന്‍ സെന്ററിനെതിരേ നഗരസഭ പലവിധ തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പി ജയരാജന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സമീപിച്ചതോടെ വിരോധം ശക്തമായി. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍, സെക്രട്ടറി, നഗരസഭാ എഞ്ചിനീയര്‍ എന്നിവരെ ലൈസന്‍സ് ആവശ്യത്തിനായി നിരന്തരം സമീപിച്ചെങ്കിലും നിഷേധാത്മക സമീപനമാണ് ഇവര്‍ സ്വീകരിച്ചത്. ഇതില്‍ മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്തയാലും സംഭവത്തില്‍ സ്വമേധയാ കേസെടുക്കാനാണ് ഹൈക്കോടതി തീരുമാനം. അന്തൂര്‍ നഗരസഭയില്‍ സമാനമായ ഒരു പാട് പരാതിക്കള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും പറയുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭാ ഓഫീസിലെത്തുന്ന ആളുകളെ ഇല്ലാത്ത കാരണങ്ങള്‍ കണ്ടെത്തി മടക്കുകയാണത്രെ ചെയ്യുന്നത്. അതേസമയം പിന്നാമ്പുറത്ത്കൂടി എത്തുന്നവരെ നിയമങ്ങള്‍ കാറ്റില്‍ പറത്തി സഹായിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
മെയ് അവസാനവാരത്തിലാണ് ഓഡിറ്റോറിയത്തിന് അനുമതി തേടി കൊണ്ടുള്ള ഫയര്‍ സെക്രട്ടറിക്ക് മുന്നിലെത്തിയതെന്നും നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നും പി കെ ശ്യാമള പറയുന്നു. ഓഡിറ്റോറിയത്തിനെതിരെ അനധികൃത നിര്‍മ്മാണം എന്ന പരാതിയുണ്ടായിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട അപേക്ഷ ഭരണസമിതിക്ക് മുന്‍പില്‍ വന്നിട്ടില്ല. കഴിഞ്ഞ എപ്രില്‍ 12-നാണ് സാജന്‍ കെട്ടിട്ടത്തിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. അപേക്ഷയില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അവ പരിഹരിക്കണമെന്ന് സാജനോട് പിന്നീട് ആവശ്യപ്പെടുകയും ചെയ്തു. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ തന്നെ ഈ ഓഡിറ്റോറിയത്തില്‍ വിവാഹ പരിപാടികള്‍ നടന്നിരുന്നുവെന്നും ഒരു വിവാഹത്തില്‍ താന്‍ നേരിട്ട് പങ്കെടുത്തതാണെന്നും പികെ ശ്യാമള പറഞ്ഞു.
സത്യമെന്തായാലും വളരെ ദുഖകരമായ സംഭവമാണിത്. കേരളം നിക്ഷേപസൗഹൃദ സംസ്്ഥാനമാണെന്നും അതിനാല്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസികളടക്കമുള്ളവര്‍ രംഗത്തുവരണമെന്നും നിരന്തരമായി സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴാണ് അതിനു തയ്യാറായ ഒരു പ്രവാസിക്ക് ഈ ദുരന്താനുഭവം ഉണ്ടായിരിക്കുന്നത്. അധികാരമേറ്റയുടന്‍ നിങ്ങളുടെ മുന്നിലുള്ള ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി ഭരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നതാണ് ഏറെ ദുഖകരം. അതും ജീവിതത്തിന്റെ വലിയൊരു ഭാഗം വിദേശത്തുജീവിച്ച് നാട്ടിലൊരു സംരംഭം തുടങ്ങാനാഗ്രഹിച്ച ഒരാളോട്.
തീര്‍ച്ചയായും പ്രവാസികള്‍ നേരിടുന്ന രൂക്ഷമായ വിഷയങ്ങള്‍ തന്നെയാണ് ഇവിടെ മുഖ്യമായും ഉയരുന്നത്. കേരളം ഏറെ വികസിതമാണെന്ന് സ്വയം ഉദ്‌ഘോഷിക്കുന്നവരാണ് നാം. പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ ചില മേഖലകള്‍ ചൂണ്ടികാട്ടിയാണ് പലരും ഈ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. കാര്‍ഷിക – വ്യവസായിക മേഖലകള്‍ തകര്‍ന്നു തരിപ്പണമായിട്ടും എങ്ങനെ കുറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കേരളത്തിനായി എന്ന് ലോകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഉള്ളു പൊള്ളയായ വികസനത്തിന് ഏറെ കാലം നിലനില്‍പ്പില്ല എന്നറിഞ്ഞിട്ടും കേരള മോഡല്‍ പലരും ഉയര്‍ത്തിപിടിച്ചിട്ടുണ്ട്. ഒട്ടേറെ പരിമിതികളുണ്ടെങ്കിലും ചില നേട്ടങ്ങളെല്ലാം നമുക്ക് നേടാന്‍ സാധിച്ചത് തങ്ങളുടെ ഭരണനേട്ടമായി പലരും അവകാശപ്പെടുന്നുമുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? ഒരു ഘട്ടത്തില്‍ തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരള സമ്പദ് ഘടനയെ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്തിയത് പ്രവാസികളായിരുന്നു എന്നതാണ് വസ്തുത. അവരോടാണ് നാമിന്ന് ഇത്തരത്തില്‍ പെരുമാറുന്നത്. സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍, നേതാക്കള്‍, ഇടതുപക്ഷം, ഭൂപരിഷ്‌കരണം, സാക്ഷരതായജ്ഞം എന്നിവയെ കുറിച്ചെല്ലാം വാചാലരാകുന്ന നാം പക്ഷെ അവരെ കാര്യമായി ഓര്‍ക്കാറില്ല.
മലയാളിയുടെ പ്രവാസം നൂറ്റാണ്ടിനു മുമ്പെ ആരംഭിച്ചിട്ടുണ്ട്. മലേഷ്യ, സിംഗപ്പൂര്‍, സിലോണ്‍, കറാച്ചി എന്നിങ്ങനെയായിരുന്നു അതിന്റെ ആദ്യഘട്ടങ്ങള്‍. പിന്നീട് മുംബൈ, കല്‍ക്കട്ട, ചെന്നൈ പോലുള്ള ഇന്ത്യയിലെ വന്‍ നഗരങ്ങള്‍. എന്നാലതൊക്കെ കുറെ കുടുംബങ്ങളെ രക്ഷിച്ചു എ്ന്നല്ലാതെ നമ്മുടെ സമ്പദ് ഘടനയില്‍ കാര്യമായ മാറ്റമുണ്ടാക്കിയില്ല. അതുണ്ടായത് 1970കളോടെ ആരംഭിച്ച ഗള്‍ഫിലേക്കുള്ള പ്രവാസത്തോടെയായിരുന്നു. അതിഭയാനകമായ തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോളായിരുന്നു ഈ പ്രവാസം ശക്തമായത്. തുടര്‍ന്നുള്ള പതിറ്റാണ്ടുകള്‍ ഇവിടെക്കെത്തിയ ഗള്‍ഫ് പണമാണ് കേരളത്തെ വന്‍തകര്‍ച്ചയില്‍ നിന്നു പിടിച്ചുനിര്‍ത്തിയത്. തീര്‍ച്ചയായും വളരെ മോശം പ്രണതകളും ഇക്കാലത്ത് വളര്‍ന്നിട്ടുണ്ട്. കൊട്ടാരസദൃശ്യമായ വീടുകളും വാഹനങ്ങളും മറ്റും മാന്യതയുടെ പ്രതീകമാകുന്നതിലും ആഡംബരവിവാഹങ്ങളും വിദ്യാഭ്യാസവും ചികിത്സയും മറ്റും വ്യാപകമായതിലും ഭൂമിയും പാടങ്ങളും റിയല്‍ എസ്റ്റേറ്റിനായി മാറിയതിലുമൊക്കെ ഈ മാറ്റത്തിന് വലിയ പങ്കുണ്ട്. എന്നാലും ഈ പ്രവാസമില്ലായിരുന്നെങ്കിലത്തെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. പിന്നീട് യൂറോപ്പ്ിലേക്കും അമേരിക്കയിലേക്കും മറ്റുമുള്ള കുടിയേറ്റങ്ങളും വ്യാപകമായി. ഇവരില്‍ മഹാഭൂരിപക്ഷവും സാധാരണക്കാരായിരുന്നു. വളരെ ബുദ്ധിമുട്ടിയായിരുന്നു അവരുടെ ജീവിതം. അതില്‍ നിന്നു ബാക്കിപിടിച്ചാണ് അവര്‍ പലരും മടങ്ങിയെത്തി അവസാനകാലം പിറന്ന നാട്ടില്‍ തന്നെ ജീവിക്കാനാഗ്രഹിച്ച് ഇത്തരം സംരംഭങ്ങള്‍ക്ക് ശ്രമിക്കുന്നത്. ഏതാനും പേര്‍ക്ക് തൊഴിലും നല്‍കാന്‍ ഇതുവഴി കഴിയുമെന്നത് മറ്റൊരു വശം. തീര്‍ച്ചയായും ഇത്തരം സംരംഭങ്ങളില്‍ പാരിസ്ഥിതികാഘാതം പോലുള്ളവ ഗൗരവമായി പരിശോധിക്കണം. എന്നാല്‍ അതല്ല മിക്കവാറും സംഭവിക്കുന്നത്. അനാവശ്യമായ സാങ്കേതിക വിഷയങ്ങള്‍ പറഞ്ഞാണ് പദ്ധതികള്‍ വൈകിപ്പിക്കുന്നത്. കൈക്കൂലി നല്‍കിയാല്‍ പല തടസ്സങ്ങളും മാറിക്കിട്ടുമെന്നും ആര്‍ക്കുമറിയാം. സംഘടിതരല്ല എന്നതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് നിവേദനങ്ങളും ആവശ്യങ്ങളും സമര്‍പ്പിക്കാമെന്നല്ലാതെ ശക്തമായ പ്രക്ഷോഭങ്ങളിലേക്കിറങ്ങാന്‍ പ്രവാസികള്‍ക്കാവുന്നുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് നിസ്സഹായനും നിരാാശനുമായിരുന്ന സാജന്റെ ആത്മഹത്യ നടന്നിരിക്കുന്നത്. പ്രവാസികളോടും സംരംഭകത്വത്തോടുമുള്ള നമ്മുടെ സമീപനങ്ങള്‍ തിരുത്താന്‍ ഈ സംഭവമെങ്കിലും കാരണമായാല്‍ ഭാവിയില്‍ കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala, Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply