മൂലധനത്തിന്റെ 158-ാം വാര്‍ഷികം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

2025 സെപ്റ്റംബര്‍ 14-ന്, ലോക രാഷ്ട്രീയ – സാമൂഹ്യ – സാമ്പത്തിക – താത്വിക രംഗത്തെ അടിമുടി ഉടച്ചുവാര്‍ത്ത മാര്‍ക്‌സിയന്‍ ചിന്തയുടെ മഹാകൃതിയായ കാള്‍ മാര്‍ക്‌സിന്റെ മൂലധനം (Das Kapital) 158-ാം വാര്‍ഷികത്തിലേക്കു കടക്കുന്നു. മനുഷ്യ ഉല്ലാദന ശക്തിയിലെ മുഖ്യ ഘടകമായ മൂലധനം മനുഷ്യരാശിയുടെ പൊതുസമ്പത്ത് (common wealth) ആക്കി മാറ്റാതെ, അത് ചൂഷണത്തിന്റെ ഉപാധിയാക്കി നിലനിര്‍ത്തുന്ന മുതലാളിത്തത്തിന്റെ സ്വഭാവം മാര്‍ക്‌സിന്റെ അസാധാരണവും ഗഹനവുമായ വിശകലനത്തിലൂടെ വെളിവാക്കപ്പെട്ടതാണ്. മുതലിന്റെ ഇന്നത്തെ സ്വരൂപത്തെ ഇല്ലാതാക്കാനായി രചിക്കപ്പെട്ട ‘മൂലധനം’ എന്ന കൃതി, ഇപ്പോഴും മുതലാളിത്തത്തിന്റെ നിലനില്‍പ്പിലൂടെ പ്രസക്തമായി തുടരുന്നു. മുതലാളിത്തത്തിന്റെ സ്വതന്ത്ര മത്സര വിപണി കാലത്ത് രചിച്ച ആ ബൃഹത്തായ രചന, ഇന്ന് മുതലാളിത്തത്തിന്റെ കുത്തകവല്‍ക്കരണവും, സാമ്രാജ്യത്വവും, കൊളോണിയലിസവും, പുത്തന്‍ കോളണിയല്‍ വ്യവസ്ഥയും, ഉദാരീകരണവും, ഭൗഗോളീകരണവും കടന്ന്, ഉല്‍പ്പാദന ശക്തികളുടെ അന്തിമ വികാസമെന്നു പറയാവുന്ന ”നിര്‍മ്മിത ബുദ്ധി”യില്‍ എത്തിനില്‍ക്കുന്നു.

രണ്ടു മഹായുദ്ധങ്ങളിലൂടേയും, ലോകത്തെ പിടിച്ചു കുലുക്കിയ രണ്ടു പ്രധാന സാമൂഹ്യ വിപ്ലവങ്ങളിലൂടേയും ഒട്ടനവധി വിമോചന സമരങ്ങളിലൂടെയുമാണ് ലോകം കടന്നുപോയിട്ടുള്ളത്. വികസിത മുതലാളിത്ത രാജ്യങ്ങള്‍ സാമ്രാജ്യത്വ-കൊളോണിയലിസ്റ്റ് പാതയില്‍ ശേഖരിച്ച കൊള്ളസമ്പത്ത്, ആ രാജ്യങ്ങളിലെ ജീവിത നിലവാരം ഉയര്‍ത്തിയത്, മാര്‍ക്‌സിന്റെ വിലയിരുത്തലില്‍ പറഞ്ഞിരുന്ന ”വികസിത മുതലാളിത്ത രാജ്യങ്ങളില്‍ വിപ്ലവങ്ങള്‍ നടക്കുമെന്നത് ‘കോളനികളിലേക്ക് തിരിഞ്ഞു പോയി എന്നതൊഴിച്ചാല്‍, അദ്ദേഹം വിലയിരുത്തിയ എല്ലാ മുതലാളിത്ത പ്രത്യാഘാതങ്ങളും അക്ഷരംപ്രതി ശരിയായി തീര്‍ന്നിരിക്കുന്നു്. എന്നാല്‍ ഇന്ന് ബഹു ധ്രൂവ ലോകം സംജാതമായതോടെ പശ്ചാത്യലോകത്തിന് കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തി കൊണ്ട് വിപ്ലവാത്മകമായ സാമൂഹ്യക സാഹചര്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത് മാര്‍ക്‌സിന്റെ ആദ്യകാല പ്രവചനം ശരിവെക്കുന്നതിലേക്ക് എത്തി നില്‍ക്കുന്നു.

സാമ്പത്തിക രംഗത്ത് മുതലിന്റെ കേന്ദ്രീകരണവും വികേന്ദ്രീകരണവും, തുടര്‍ച്ചയായ ചേരിതിരിവുകളും, മൂല്യമില്ലാത്ത വിനിയോഗങ്ങളും ഓഹരി കബോളവും കോര്‍പ്പറേറ്റ് മൂലധനവും ഉണ്ടാക്കിയ മൗലിക മാറ്റങ്ങള്‍ക്കുശേഷവും, മൂലധനത്തിന്റെ പിടി ലോകവ്യാപകമായി ഇന്നും നിലനില്‍ക്കുന്നു. അതു കൂടാതെ തന്നെ, മുതലിന്റെ തനതായ സ്വഭാവം – അത് ലോക ജനസംഖ്യയുടെ ഒരു ചെറിയ ശതമാനക്കാരുടെ കൈകളില്‍ അടിഞ്ഞുകൂടുന്നതിനാല്‍ – അസമത്വം അതിശക്തമായി വര്‍ദ്ധിച്ചിരിക്കുന്നു എന്നത്, മാര്‍ക്‌സിനെ പിന്‍തുടര്‍ന്ന്, ’21-ാം നൂറ്റാണ്ടിലെ മൂലധനം’എന്ന തന്റെ പുസ്തകത്തില്‍ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി വിശദമായി രേഖപ്പെടുത്തിയിട്ടുള്ളത് മാര്‍ക്‌സിനെ ശരിവെച്ചു കൊണ്ടാണ്. ‘സമ്പത്തിന്റെ അസമത്വം എന്നത് മുതലാളിത്തത്തിന്റെ ആന്തരിക ഘടനയില്‍ അന്തര്‍ലീനമായതാണ്. അതായത് അത് ‘the rate of return on capital (r) consistently exceeds the rate of economic growth (g), by the equation r>g. ‘ ഇന്ന് ലോക സമ്പത്തിന്റെ 60% വരുന്ന സിംഹഭാഗവും രണ്ടു രാജ്യങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടികാണിക്കുമ്പോള്‍, ആ യഥാര്‍ത്ഥ്യം കൂടുതല്‍ വ്യക്തമായി തീരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1867 സെപ്റ്റംബര്‍ 14-ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ മൂലധനത്തിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍, അത് വെറും സാമ്പത്തികശാസ്ത്ര ഗ്രന്ഥമല്ലായിരുന്നു – ലോകചരിത്രത്തിന്റെ ചക്രവാളത്തെ പ്രകമ്പനം കൊള്ളിച്ച ഒരു ബൗദ്ധിക ഭൂകമ്പമാണ് അത് ഉളവാക്കിയത്. 1848-ലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ലോക ജനതയുടെ രാഷ്ട്രീയബോധത്തെ സ്വാധീനിച്ചുവെങ്കില്‍, മൂലധനം മനുഷ്യജീവിതത്തിന്റെ സമസ്ത സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളെയും സമൂലമായി സ്പര്‍ശിച്ചു. ഭൗതികശാസ്ത്രത്തില്‍ ഐന്‍സ്‌റ്റൈന്റെ കണ്ടെത്തലുകള്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുല്യമായിരുന്നു രാഷ്ട്രീയ-സാമൂഹിക മീമാംസയില്‍ മാര്‍ക്‌സിന്റെ മൂലധനം കൊണ്ടുവന്ന നവ്യബോധം.

ഈ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച മൂലധനം എന്ന കൃതി, പിന്നെയങ്ങോട്ട് ചരിത്രഗതി മാറ്റിമറിക്കുന്നതില്‍ ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും കഴിയാത്ത, നാളിതുവരെ നിലനിന്നിരുന്ന ഭരണ വ്യവസ്ഥകളെ മാറ്റിമറിക്കുന്നതില്‍, അതുവരെ മനുഷ്യരാശിയെ സ്വാധീനിച്ചിരുന്ന മതഗ്രന്ഥങ്ങളില്‍ നിന്നും, ‘ക്ലാസിക്’ സാമ്പത്തികശാസ്ത്ര പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമായി, മനുഷ്യരാശി നേരിട്ടിരുന്ന മൗലികമായ സാമൂഹ്യ-സാമ്പത്തിക ജീവിത ചുറ്റുപാടിലേക്ക് ഒരു ബൗദ്ധിക ചരിത്രസംഭവമായി എത്തുകയായിരുന്നു. അത് ആധുനിക സാമ്പത്തിക ബന്ധങ്ങളെ അനാവരണം ചെയ്ത് മേല്‍ പറഞ്ഞതുപോലെ, ലോക ചിന്താമണ്ഡലത്തില്‍ വിപ്ലവപരമായ ചലനങ്ങള്‍ സൃഷ്ടിച്ച്, സാമ്പത്തികശാസ്ത്രത്തെ തിരുത്തി കുറിക്കുകയായിരുന്നു..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1867, 1885, 1894 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച മൂന്ന് വാല്യങ്ങളും ഇന്നും ക്യാപിറ്റലിസത്തിന്റെ ഏറ്റവും പ്രധാന വിമര്‍ശനമായി നിലകൊള്ളുന്നു. ക്ലാസ്സ് റൂമുകളിലും തൊഴിലാളി പഠന ഗ്രൂപ്പുകളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ക്യാപിറ്റല്‍ ഇന്നും പ്രചോദനം പകരുന്നു. ചര്‍ച്ചകള്‍ക്കും വെല്ലുവിളികള്‍ക്കും വഴിതെളിക്കുന്നു, സങ്കീര്‍ണ്ണമായ സാമ്പത്തിക കുരുക്കുകള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുന്നു.

ഒരു ഹേഗേലിയന്‍ അതിഭൗതികവാദ-ആശയവാദിയായി തുടക്കം കുറിച്ച യുവ മാര്‍ക്‌സ്, ഹേഗല്‍ കണ്ടെത്തിയ പ്രകൃതിയുടെ വൈരുദ്ധ്യാത്മക ചലനനിയമത്തെ സാമൂഹ്യ പ്രശ്‌നങ്ങള്‍ അനാവരണം ചെയ്യാനുള്ള രീതി-ശാസ്ത്രമായി അവലംബിച്ചതോടെ, തത്വചിന്താരംഗത്ത് നിലനിന്നിരുന്ന ആശയകുഴപ്പങ്ങള്‍ക്കും ദുരൂഹതകള്‍ക്കും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയുണ്ടായി. സാമ്പത്തിക-സാമൂഹ്യ അടിത്തറയില്‍ വന്നു ചേരേണ്ട ഏതു മാറ്റവും കൃത്യമായ ആശയങ്ങളുടെ അടിസ്ഥാനത്തിലും, ചരിത്രപരമായ അനുഭവപശ്ചാത്തലത്തിലും, സാമൂഹ്യ-സാമ്പത്തിക ബന്ധങ്ങളുടേയും ഉല്‍പ്പാദന ശക്തികളുടെ വികാസഗതികളുടേയും അടിസ്ഥാനത്തിലുമാകണമെന്നു നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യ സ്വാതന്ത്ര്യം ഉല്‍പ്പാദന ശക്തികളുടെ വികാസത്തിലും അതിന്റെ പൊതു നിയന്ത്രണത്തിലും, പ്രകൃതിയെ നശിപ്പിക്കാതെയും ആകണമെന്ന മാര്‍ക്‌സിയന്‍ നിലപാട്, മറ്റെല്ലാ സാമൂഹ്യശാസ്ത്രങ്ങളെയും അപ്രസക്തവും നിഷ്ഫലവുമാക്കി. ഈ തിരിച്ചറിവ് ലോക ചിന്താ മണ്ഡലത്തിലെ തന്നെ ആദ്യത്തേതും, മനുഷ്യരാശിയുടെ പുരോഗതിയിലെ ഏറ്റവും നിര്‍ണ്ണായകവു മായ സാമൂഹ്യക വിപ്ലവവുമാകുകയായിരുന്നു.

എന്നാല്‍, ക്യാപിറ്റല്‍ വെറും സാമ്പത്തിക ശാസ്ത്ര ഗ്രന്ഥമല്ല, മറിച്ച്, അത് ദാര്‍ശനികത, ചരിത്രം, വിപ്ലവ രാഷ്ട്രീയം എന്നിവയുടെ കൂട്ടായ്മയുമാണ്. റിക്കാര്‍ഡോയും, ആദം സ്മിത്തും അപരിഹാര്യാമായ വൈരുദ്ധ്യമായി മുന്നോട്ടു വെച്ച മൂല്യ നിയമവും, ലാഭ നിയമവും തമ്മിലുള്ള ബന്ധം മാര്‍ക്‌സിനു പരിഹരിക്കാനായതു വര്‍ഗ്ഗ പക്ഷപാതപരമായ നിലപാടും, അതിനു ഉപോല്‍ബലമായി തീര്‍ന്ന വൈരുദ്ധ്യങ്ങളുടെ ഐക്യവും സമരവും എന്ന പ്രകൃതി നിയമവുമായിരുന്നു.

പ്രസിദ്ധീകരണ ചരിത്രം

ക്യാപിറ്റല്‍ തയ്യാറാക്കാന്‍ മാര്‍ക്‌സ് ഇരുപത് വര്‍ഷത്തിലധികം ചെലവഴിച്ചു. ആകെ നിരവധി വാല്യങ്ങളായി പ്രതിപാദിക്കാനുദ്ദേശിച്ചിരുന്നെങ്കിലും, ആദ്യ വാല്യം മാത്രമാണ് മാര്‍ക്‌സിന്റെ ജീവകാലത്ത് പുറത്തിറങ്ങിയത്.

വാല്യം -I (1867) – സാധനങ്ങള്‍, പണം, അധിക മൂല്യം, മൂലധന സമാഹരണം എന്നിവയെ കുറിച്ച്.

വാല്യം II (1885) – മാര്‍ക്‌സിന്റെ മരണത്തിന് ശേഷം എംഗല്‍സ് പ്രസിദ്ധീകരിച്ചു. മൂലധനത്തിന്റെ ചലനവും പുനരുത്പാദനവും, കേന്ദ്രീകരണവും പ്രതിപാദിക്കുന്നു.

വാല്യം III (1894) – എംഗല്‍സ് തന്നെ പ്രസിദ്ധീകരിച്ചത്. ലാഭം, മത്സരം, കടം, ലാഭനിരക്കിന്റെ ഇടിവ് തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്നു.

ഈ മൂന്ന് വാല്യങ്ങളും കൂടി ക്യാപിറ്റലിസത്തിന്റെ ഘടന, നിയമങ്ങള്‍, വൈരുധ്യങ്ങള്‍ എന്നിവയുടെ സമഗ്രമായ പഠനമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പ്രധാന ആശയങ്ങള്‍

1.അധികമൂല്യം (Surplus Value)

ക്യാപിറ്റലിസ്റ്റ് ലാഭത്തിന്റെ അടിസ്ഥാനം തൊഴിലാളികളുടെ ചൂഷണം ആണെന്ന് മാര്‍ക്‌സ് വിശദീകരിച്ചു. തൊഴിലാളികള്‍ വിറ്റഴിക്കുന്നത് അവരുടെ തൊഴില്‍ ശേഷിയാണ്; എന്നാല്‍ അവര്‍ സൃഷ്ടിക്കുന്ന മൂല്യം, ലഭിക്കുന്ന കൂലിയെക്കാള്‍ കൂടുതലാണ്. അതിനിടയിലുള്ള വ്യത്യാസമാണ് അധിക മൂല്യം അഥവാ മിച്ചമൂല്യം.

2.സാധനോപാസന (Commodity Fetishism)

ക്യാപിറ്റലിസത്തില്‍, മനുഷ്യര്‍ക്കിടയിലെ സാമൂഹികബന്ധങ്ങള്‍ സാധനങ്ങള്‍ / ചരക്കുകള്‍ക്കിടയിലെ (commodities) ബന്ധങ്ങളായി പ്രകടമാകുന്നു. ഇതിലൂടെ ചൂഷണം മറച്ചുവയ്ക്കപ്പെടുകയും, സാമ്പത്തിക പ്രക്രിയകള്‍ സ്വാഭാവികവും മാറ്റാനാവാത്തതുമായതായി തോന്നിക്കുകയും ചെയ്യുന്നു.

3.മൂലധന സമാഹരണവും പ്രതിസന്ധികളും

ക്യാപിറ്റലിസം, സമ്പത്ത് കുറച്ചു പേരുടെ കയ്യില്‍ കേന്ദ്രീകരിക്കുകയും, അസമത്വം വര്‍ധിപ്പിക്കുകയും, ആവര്‍ത്തിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നു മാര്‍ക്‌സ് തന്റെ ഗഹനമായ മിച്ചമൂല്യ പഠനങ്ങളിലൂടെ തെളിയിച്ചു.

4.ചരിത്രത്തില്‍ ഭൗതികവാദത്തിന്റെ പ്രയോഗത്തിലൂടെ

മൂലധനത്തെ (മുതലാളിത്തത്തെ ) ചരിത്രപരമായ ഒരു ഘട്ടമായി കാണുന്നു. ജന്മിത്വ വ്യവസ്ഥ ക്യാപിറ്റലിസമായി മാറിയതുപോലെ, മുതലാളിത്തവും ഭാവിയില്‍ മറ്റൊരു വ്യവസ്ഥയിലേക്ക്, കൂടുതല്‍ ജനാധിപത്യപരമായ, കമ്മ്യൂണിസത്തിലേക്ക് മാറുമെന്ന് മാര്‍ക്‌സ് വാദിച്ചു. ഇന്ന് ലോക ജനതയുടെ രാഷ്ട്രിയ താല്പര്യങ്ങള്‍ മറിച്ചാണന്ന് ആര്‍ക്കും കരുതനാവില്ല.

സ്വീകാര്യതയും പാരമ്പര്യവും

പ്രസിദ്ധീകരണ സമയത്ത് ക്യാപിറ്റല്‍ കുറച്ചു പേരുടെ കൈകളിലാണ് എത്തിയത്; പക്ഷേ ഉടന്‍ തന്നെ അത് അന്താരാഷ്ട്ര സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ കേന്ദ്ര ഗ്രന്ഥമായി. 19-ാം നൂറ്റാണ്ടിന്റെ അവസാനം, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട മൂലധനം , ലോകമെമ്പാടുമുള്ള തൊഴിലാളി പ്രസ്ഥാനങ്ങളെയും വിപ്ലവകാരികളെയും സ്വാധീനിച്ചു. ലെനിന്‍, റോസ ലുക്സംബര്‍ഗ്, സ്റ്റാലിന്‍, മാവോ സേതൂങ്, ഫിഡല്‍ കാസ്റ്റോ,ചെ ഗുവേര, നോം ചൗക്ക്സ്സി, അറ്റോണിയോ ഗ്രാംചി, തുടങ്ങി, നിരവധി സാമ്പത്തിക വിദഗ്ദരും ചിന്തകരും മാര്‍ക്‌സിന്റെ ചിന്തയില്‍ നിന്ന് പ്രചോദനം നേടി. സാമ്പത്തികശാസ്ത്രം, സമൂഹൃ ശാസ്ത്രം, ചരിത്രം തുടങ്ങിയ മേഖലകളില്‍ ക്യാപിറ്റല്‍ അക്കാദമിക പഠനങ്ങളുടെ വഴിതെളിച്ചു.

ഇന്നത്തെ പ്രസക്തി

158 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ക്യാപിറ്റല്‍ എന്ന ഗ്രന്ഥം ഇപ്പോഴും ശക്തമായ പ്രസക്തി നിലനിര്‍ത്തുന്നു. ചൂഷണം, അസമത്വം, ആഗോളീകരണം, കോളോണിയലിസം, വ്യാപാര യുദ്ധം, സാമൂഹ്യക പ്രതിസന്ധികള്‍, അന്യവല്‍ക്കരണം, കമ്പോള മാന്ദ്യം, പ്രക്രുതി നാശം എന്നിവയെ കുറിച്ചുള്ള മാര്‍ക്‌സിന്റെ വിശകലനം ഇന്നത്തെ ലോകത്തില്‍ കൂടുതല്‍ മാര്‍ക്‌സിയന്‍ അവലോകനങ്ങള്‍ ശരിവെച്ചു കൊണ്ട് ഏറെ തെളിഞ്ഞു നില്‍ക്കുന്നു.

ആഗോള അസമത്വം

ഇന്നത്തെ ശത കോടിശ്വര വര്‍ഗ്ഗവും കോര്‍പ്പറേറ്റ് കുത്തക കയ്യ് കോര്‍ക്കുന്ന പിന്‍തിരിപ്പന്‍ ഏകാധിപത്യങ്ങളും മാര്‍ക്‌സിന്റെ മുന്നറിയിപ്പുകള്‍ ഓര്‍മ്മപ്പെടുത്തുന്നു.

തൊഴില്‍ ചൂഷണം

ഗിഗ് ജോലികള്‍, അനൗപചാരിക തൊഴില്‍, കുടിയേറ്റ തൊഴിലാളികള്‍ – എല്ലാം അധിക മൂല്യ ചൂഷണത്തിന്റെ തുടര്‍ച്ചയാണന്ന് മാര്‍ക്‌സ് ചൂണ്ടി കാണിച്ചു തരുന്നു.

പ്രതിസന്ധി പ്രവണതകള്‍

2008ലെ കമ്പോള മാന്ദ്യം വരുത്തിവെച്ച സാമ്പത്തിക ഇടിവ് മുതല്‍ കൊറോണാനന്തര കാലത്തെ പ്രതിസന്ധികളില്‍ തൊട്ട്, ട്രംപിന്റെ വ്യാപാര തീരുവ യുദ്ധം വരെ ലോകം എത്തി നില്‍ക്കുമ്പോള്‍, ക്രാന്തദര്‍ശിയായ മാര്‍ക്‌സിന്റെ മുന്‍കൂറായി ചെയ്ത വിശകലനങ്ങള്‍ എല്ലാം അക്ഷരം പ്രതി യാഥാര്‍ത്ഥ്യമായി തെളിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളും രാഷ്ട്രിയ പ്രവര്‍ത്തകരും, ഗവേഷകരും ഇന്ന് ക്യാപിറ്റല്‍ വീണ്ടും വായിക്കുന്നത്, ക്യാപിറ്റലിസത്തിന്റെ രോഗനിര്‍ണയത്തിനും സാമൂഹിക മാറ്റത്തിനുമായുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയാണ്. മാര്‍ക്‌സിസത്തിന്റെ നട്ടെല്ലായി മാറിയ മൂലകൃതിയായ ദാസ് ക്യാപിറ്റല്‍, പൊതുനന്മക്കും മനുഷ്യസമൂഹത്തിന്റെ പൊതുവായ ഉന്നമനത്തിനും ലക്ഷ്യമിടാന്‍ എക്കാലവും നമ്മെ പ്രാപ്തരാക്കുമെന്ന് പ്രത്യാശിക്കാം.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply