കര്‍ക്കടകത്തിലെ ചൂഷണക്കഞ്ഞി

മലയാളനാടു കര്‍ക്കടകത്തില്‍ അനുഭവിച്ച ഭൂതകാല ദുരിതത്തിന്റെ ദുരന്തചിത്രം ഇന്നും നമ്മുടെ മനസ്സുകളിലെ വേദനാജനകമായൊരു ദുഃഖമാണ്. പേമാരിയുടെയും പ്രളയത്തിന്റെയും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പകര്‍ച്ചവ്യാധിയുടെയും മരണത്തിന്റെയും ഭീകരദൃശ്യങ്ങള്‍ ഇന്നും പഴയ തലമുറയുടെ മങ്ങാത്ത ഓര്‍മ്മയാണ്. കള്ളക്കര്‍ക്കടകത്തിലെ പഞ്ഞം മലയാളിയുടെ സാമൂഹിക ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നതിന്റെ തെളിവാണു വാമൊഴി സാഹിത്യത്തിലെ ‘കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു’; ‘കര്‍ക്കടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുത്’ തുടങ്ങിയ പഴഞ്ചൊല്ലുകള്‍. ആ സമയത്തെ ദാരിദ്ര്യം മറികടക്കാന്‍ നമ്മുടെ മുത്തശ്ശിമാര്‍ ജീവിതാനുഭവത്തിലൂടെ നിരവധി അതിജീവന വഴികള്‍ കണ്ടെത്തിയിരുന്നു. അത്തരമൊരു ശീലമാണു കര്‍ക്കടകക്കഞ്ഞി എന്നതിന്റെ തെളിവാണു ‘കര്‍ക്കടകത്തില്‍ പത്തില കഴിക്കണം’ എന്ന പഴമൊഴി.

മനുഷ്യനു ജീവഭയം ജനിക്കുന്ന സാഹചര്യങ്ങളില്‍ നിന്നു രക്ഷപ്പെടാനോ, അതിനെതിരായി പ്രതിരോധം ഒരുക്കാനോ അവന്‍ കഠിനമായി പരിശ്രമിക്കുന്നതു സ്വാഭാവികമാണ്. ഈ സന്ദര്‍ഭത്തില്‍ ‘യുക്തിയുളള മൃഗമെന്ന’ തന്റെ അഹങ്കാരം പൂര്‍ണ്ണമായി മാറ്റിവെച്ചു വികാരങ്ങള്‍ക്ക് അടിപ്പെടുക എന്നതും സഹജവുമാണ്. ഈ സാധ്യതയാണ് ആയുര്‍വ്വേദത്തിന്റെ കപട വേഷമണിഞ്ഞെത്തുന്ന ചില ‘കമ്പനി വൈദ്യന്മാര്‍’ ചൂഷണം ചെയ്യുന്നത്. പരമ്പരാഗത ചികിത്സകളെക്കുറിച്ച് ആധികാരികമായി പഠച്ചിട്ടുള്ള വിദഗ്ദ്ധര്‍ കണ്ടെത്തിയ അറിവുകളുടെ വെളിച്ചത്തില്‍ ഒരു സാമ്പത്തിക ചൂഷണത്തിലുപരി കര്‍ക്കടകക്കഞ്ഞിക്കു ബഹുജനാരോഗ്യപരമായ മാനം കൂടിയുണ്ടെന്നു വ്യക്തമാണ്. ‘കഞ്ഞി പ്രചാരകരുടെ’ അതിരുകടന്ന അവകാശവാദങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ടു ‘പ്രതിരോധ ശക്തിയില്‍’ ഉള്ള അമിതവിശ്വാസം മൂലം സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമായ ചികിത്സ സ്വീകരിക്കാന്‍ പലപ്പോഴും നാം മടിക്കും. ഇതു വഴി ഒരു സാമൂഹിക ആരോഗ്യ പ്രതിസന്ധിയായി കര്‍ക്കടകക്കഞ്ഞി മാറിയെന്നു / മാറിക്കൊണ്ടിരിക്കുന്നെന്നു നാം തിരിച്ചറിയണം.

ആയുര്‍വ്വേദത്തിന്റെ മറവില്‍ കര്‍ക്കടകക്കഞ്ഞി വിറ്റു സാധാരണക്കാരെ ചൂഷണം ചെയ്യുന്നവര്‍ ഉത്തരമേകേണ്ട പല കാര്യങ്ങളുമുണ്ട്.

കര്‍ക്കടകക്കഞ്ഞിയുടെ പഴമയെക്കുറിച്ചു വാചാലരാകുന്നവര്‍ ഏതു പരമ്പരാഗത ആയുര്‍വ്വേദ ഗ്രന്ഥത്തിലാണു ഇതിനെ സംബന്ധിച്ചു പ്രതിപാദിക്കുന്നതെന്ന് ആദ്യം വ്യക്തമാക്കണം. ആയുര്‍വ്വേദ ചികിത്സയുടെ ഫലപ്രാപ്തിയില്‍ സംശയം ഉണ്ടാകാതിരിക്കാന്‍ പൊതുവേ പറയുന്നതു നൂറ്റാണ്ടുകള്‍ക്ക് അല്ലെങ്കില്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ആയുര്‍വ്വേദാചാര്യന്മാര്‍ കണ്ടെത്തിയ ഔഷധ സംയുക്തങ്ങളാണു തങ്ങള്‍ ഉപയോഗിക്കുന്നത് എന്നാണ്. പൊതുവേ, പഴമയുടെ നൊസ്റ്റാള്‍ജിയ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മനുഷ്യന് ഈ വാദം കണ്ണടച്ചു വിശ്വസിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. കര്‍ക്കടകക്കഞ്ഞിയുടെ ആധാരം പുരാതനമായ ആയുര്‍വ്വേദ ഗ്രന്ഥങ്ങളിലാണു കുടികൊള്ളുന്നതെന്നു സാധാരണ ജനം തെറ്റിദ്ധരിക്കാറുണ്ട്. പക്ഷേ, ആധികാരികമായ ആയുര്‍വ്വേദ ഗ്രന്ഥങ്ങളിലൊന്നും മഴക്കാലത്തെ ഈ ‘ഔഷധക്കഞ്ഞിയുടെ’ ചേരുവകളെ കുറിച്ചോ രോഗ പ്രതിരോധശക്തിയെ കുറിച്ചോ യാതൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നതാണു വസ്തുത.

നൂറ്റാണ്ടുകള്‍ക്കു മുമ്പേ ആയുര്‍വ്വേദ ആചാര്യന്മാര്‍ കണ്ടെത്തിയതും നാം കാലങ്ങളായി പ്രതിരോധ ശക്തിക്കും ദീര്‍ഘായുസ്സിനുമൊക്കെ വേണ്ടി ഉപയോഗിച്ചിരുന്നതുമാണു കര്‍ക്കടകക്കഞ്ഞിയെന്ന അവകാശവാദം കേള്‍ക്കുമ്പോള്‍ കേരളത്തിലെ പഴമക്കാര്‍ ദീര്‍ഘകാലം ജീവിച്ചവരായിരുന്നു എന്ന മിഥ്യാബോധവും നമുക്കുണ്ടാകും. നമ്മുടെ പൂര്‍വ്വികര്‍ക്ക് ഉണ്ടായിരുന്ന ദീര്‍ഘായുസ്സ് നാം തിരിച്ചു പിടിക്കേണ്ടതാണെന്ന ബോധം കൂടിയാണു കര്‍ക്കിടകക്കഞ്ഞിക്കു പുറകേ പായാന്‍ ജനങ്ങളെ േ്രപരിപ്പിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കു പണ്ടു ദീര്‍ഘായുസ്സ് ഉണ്ടായിരുന്നോ എന്നതു പരിശോധിക്കേണ്ടതാണ്. 1911-20 കാലഘട്ടത്തില്‍ കേരളത്തിലെ ജനങ്ങളില്‍ പുരുഷന്മാര്‍ക്കു 25.5 ഉം സ്ത്രീകള്‍ക്കു 27.4 ഉം ശരാശരി ആയുസ്സ് ഉണ്ടായിരുന്നതായാണു രേഖകള്‍. അത് 2006-10 കാലഘട്ടത്തില്‍ 71.5 ഉം 76.9 ഉം ആയി ഉയര്‍ന്നിട്ടുണ്ട്. ഇതാണു വസ്തുത. ഇനി കര്‍ക്കടകക്കഞ്ഞിയെ ന്യായീകരിക്കാന്‍ വേണമെങ്കില്‍ ‘പരശുരാമന്‍ മഴുവെറിഞ്ഞു’ മലയാളമണ്ണു സൃഷ്ടിച്ച കാലത്തെ കണക്കുകള്‍ ഇല്ലല്ലോ എന്നു വാദിക്കാം. അത്തരക്കാരോടു സ്വന്തം പോക്കറ്റു കാലിയാക്കിക്കൊണ്ടു കര്‍ക്കിടക്കഞ്ഞിയെന്ന അമൃതിനു പിന്നാലെ അമരത്വത്തിനായി പാഞ്ഞു കൊള്ളൂ എന്നു മാത്രമാണു ലേഖകനു പറയാനുള്ളത് (1,2).

കര്‍ക്കടകക്കഞ്ഞിയെ സംബന്ധിച്ചു പുരാതന ഗ്രന്ഥങ്ങളിലൊന്നും വിശദീകരിക്കുന്നില്ല എന്നതിനു മറ്റൊരു തെളിവാണു വിവിധ ആയുര്‍വ്വേദ ഔഷധശാലകള്‍ പുറത്തിറക്കുന്ന കഞ്ഞിക്കിറ്റുകളില്‍ വ്യത്യസ്തമായ ചേരുവകള്‍ കാണുന്നത്. പൊതുവേ, ആയുര്‍വ്വേദ ഔഷധങ്ങള്‍ ശാര്‍ങ്ഗധരസംഹിത മുതലായ ഏതു പരമ്പരാഗത ആയുര്‍വ്വേദ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണു തയ്യാറാക്കിയിരിക്കുന്നതെന്നു വ്യക്തമാക്കും. മരുന്നിന്റെ പുറംചട്ടയില്‍ ആണതു രേഖപ്പെടുത്തുക. ഔഷധക്കൂട്ടെന്നു പറഞ്ഞ് ഇന്നു വിപണിയില്‍ വരുന്ന കര്‍ക്കടകക്കഞ്ഞി കിറ്റുകളില്‍, ലേഖകന്‍ പരിശോധിച്ചവയില്‍ ഒന്നില്‍പ്പോലും ഏതു ഗ്രന്ഥത്തെ ആധാരമാക്കിയാണത് ഒരുക്കിയതെന്നു വ്യക്തമാക്കിയിട്ടില്ലെന്നതു തികച്ചും ആശ്ചര്യകരമാണ്.

ഉലുവ, നെല്ലിക്കാത്തട്, ചെറുതിപ്പലി, പനച്ചി, വിഷ്ണുക്രാന്തി, കയ്യോന്നി, ചങ്ങലംപെരണ്ട, കുറുന്തോട്ടി, തൊട്ടാവാടി, കറിവേപ്പ്, കുടങ്ങല്‍, നെയ്വള്ളി, തിരുതാളി, കീഴാര്‍നെല്ലി തുടങ്ങി നാല്പതിനും അറുപത്തിയേഴിനും ഇടയില്‍ മരുന്നുകള്‍ തങ്ങളുടെ ഔഷധക്കൂട്ടിന്റെ ഭാഗമായി ചേര്‍ക്കുന്നുണ്ടെന്നാണ് വിവിധ കമ്പനികളുടെ അവകാശവാദം. ഇവരൊക്കെത്തന്നെ തങ്ങള്‍ ആധികാരികമായും പ്രാചീന വിധിപ്രകാരവുമാണ് കഞ്ഞിക്കൂട്ടു തയ്യാറാക്കിയിരിക്കുന്നതെന്നു പ്രഖ്യാപിക്കുകയും ചെയ്യും. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഔഷധസസ്യങ്ങളില്‍ കിഡ്‌നി, കരള്‍ തലച്ചോറ്, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ക്കൊക്കെ ഹാനികരമാകുന്ന മെര്‍ക്കുറി, ആഴ്‌സനിക്, ലെഡ്, േ്രകാമിയം മുതലായ ഖനലോഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് (3). അവ പോഷക ധാതുക്കളുടെ ജൈവപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനും കാരണമാകാം. ഉദാഹരണത്തിനു, നാം നിത്യം ഉപയോഗിക്കുന്ന കറിവേപ്പിലയില്‍ കാഡ്മിയം, േ്രകാമിയം, ലെഡ്, ആഴ്‌സനിക്, മെര്‍ക്കുറി എന്നീ ഖനലോഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പലതും അനുവദനീയ പരിധിയില്‍ കൂടുതലുണ്ടായിരുന്നു എന്നാണു പഠനങ്ങള്‍ (4). മറ്റു പല ഔഷധസസ്യങ്ങളുടെയൂം കാര്യവും വ്യത്യസ്തമല്ല എന്നാണ് അന്വേഷണത്തില്‍ മനസ്സിലാകുന്നത്. ഇത്തരം ഖനലോഹങ്ങളുടെ ദോഷങ്ങള്‍ ദീര്‍ഘകാലം കഴിഞ്ഞേ നമുക്കു തിരിച്ചറിയാന്‍ സാധിക്കൂ എന്നതാണു മറ്റൊരപകടം. നാം ഇതു തിരിച്ചറിയുമ്പോളേക്കും പലപ്പോഴും ശരീരത്തിനു സ്ഥായിയായ നാശം വന്നിട്ടുമുണ്ടാകും.

മനോഹരമായ വര്‍ണ്ണ പാക്കറ്റുകളില്‍ അണിഞ്ഞൊരുങ്ങി വിപണിയില്‍ എത്തുന്ന കര്‍ക്കടകക്കഞ്ഞിയുടെ മഹത്വം വിവരിച്ചു കര്‍ക്കടക മാസത്തില്‍ വെറും കച്ചവട താല്‍പര്യം മാത്രം നോക്കി ലേഖനങ്ങളും അഭിമുഖങ്ങളും നല്കുന്ന ആയുര്‍വ്വേദ വൈദ്യന്മാരും തങ്ങളുടെ പരസ്യവരുമാനത്തിനായി മാത്രം അവ പ്രസിദ്ധീകരിക്കുന്ന പത്ര-ദൃശ്യമാധ്യമങ്ങളും യഥാര്‍ത്ഥത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇവരുടെ അവകാശവാദങ്ങളൊന്നും വസ്തുനിഷ്ഠമല്ല. കഞ്ഞിയുടെ പ്രചാരകര്‍, സാധാരണക്കാരന്‍ നിത്യജീവിതത്തില്‍ കേള്‍ക്കാത്ത കഠിനപദങ്ങളിലൂടെ പല കാര്യങ്ങളും വിശദീകരിച്ച് അവ ദുര്‍ഗ്രാഹ്യമാക്കും. ഇവര്‍ മിക്കവാറും ലേഖനങ്ങളില്‍ അഗ്‌നിദീപ്തിയെന്ന പദം പ്രയോഗിക്കാറുണ്ട്. പലരും കര്‍ക്കടകക്കഞ്ഞി ‘വര്‍ദ്ധിപ്പിക്കുന്ന’ അഗ്‌നിദീപ്തി എന്തെന്നറിയാന്‍ തലപുകയ്ക്കും. ഇതു നമ്മുടെ പാവം ദഹനശക്തിയാണെന്നു ഡിക്ഷ്‌ണെറിയാണു ലേഖകനെ പഠിപ്പിച്ചത്. നിഗൂഡമായതിനെ ‘പ്രണയിക്കാനുള്ള’ മനുഷ്യതാല്‍പര്യം ചൂഷണം ചെയ്യുക എന്നതാണിതിനു പിന്നിലെ ‘ബുദ്ധി’.

ആയുര്‍വ്വേദ സംയുക്തങ്ങളുടെ ഫലസിദ്ധിക്കു കാരണം അവയിലെ ഔഷധഘടകങ്ങള്‍ തമ്മിലുള്ള സവിശേഷമായ പരസ്പര പ്രവര്‍ത്തനം ആണെന്നാണു വൈദ്യന്മാരുടെ പൊതു അവകാശവാദം. ഈ ഗുണത്തിന്റെ സങ്കീര്‍ണ്ണത മൂലമാണ് ആധുനിക ശാസ്ത്രത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കു തങ്ങളുടെ ഔഷധങ്ങള്‍ വഴങ്ങാത്തതെനും അവര്‍ പറയുന്നു. അങ്ങനെയെങ്കില്‍, കഞ്ഞിയിലെ ഘടകങ്ങള്‍ വ്യത്യസ്തമാകുമ്പോള്‍ ‘പ്രതിരോധം വര്‍ദ്ധിപ്പിക്കാനുള്ള ശക്തി’ കര്‍ക്കടകക്കഞ്ഞിക്കു നഷ്ടപ്പെടില്ലേ എന്ന ചോദ്യത്തിനു കഞ്ഞിയുടെ പ്രചാരകര്‍ക്ക് എന്തു മറുപടിയാണു നല്കാനുണ്ടാകുക?

ഇന്ന് ആയുര്‍വ്വേദമായാലും ഹോമിയോയാലും സമാന്തര ചികിത്സകരെല്ലാം രോഗാവസ്ഥ നിര്‍ണ്ണയിക്കാന്‍ പ്രധാനമായി ആശ്രയിക്കുന്നത് ആധുനിക ശാസ്ത്രം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച ഉപകരണങ്ങള്‍ തന്നെയാണ്. പനി നോക്കാന്‍ തെര്‍മോമീറ്ററും ഹൃദയമിടിപ്പ് അറിയാന്‍ സ്‌റ്റെതസ്‌കോപും പ്രമേഹം കണ്ടെത്താന്‍ ലാബിലെ പരിശോധനയും ഒക്കെ അവര്‍ ഉപയോഗിക്കുന്നു. ജനനം മുതല്‍ മരണം വരെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ശാസ്ത്രത്തെ അംഗീകരിക്കും അവര്‍. പക്ഷേ, രോഗാവസ്ഥയില്‍ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ആധുനിക ശാസ്ത്രം അംഗീകരിക്കുന്നവര്‍ തങ്ങളുടെ ഔഷധം ശരീരത്തില്‍ ഉണ്ടാക്കുന്ന ഗുണഫലങ്ങള്‍ മാത്രം തിരിച്ചറിയാന്‍ ശാസ്ത്രം വളര്‍ന്നിട്ടില്ല എന്നാണു പറയുക. അതിനവര്‍ വായുകോപം, ത്രിദോഷം, മയാസം, ജീവശക്തി മുതലായ നിഗൂഢ ശക്തികളെയും സിദ്ധാന്തങ്ങളെയും കൂട്ടുപിടിക്കും. ഇത്തരം സിദ്ധാന്തങ്ങള്‍ ഭാവനയില്‍ മാത്രം നിലനില്ക്കുന്ന ‘പ്രതിഭാസങ്ങളാണ്’. ലോകാവസാനം വരെ മുന്നേറിയാലും അവയെക്കുറിച്ചു പഠിക്കാനുള്ളൊരു വഴി ചിന്തയിലൂടെ പോലും ആവിഷ്‌കരിക്കാന്‍ ശാസ്ത്രത്തിനു കഴിയില്ലെന്നു ഇത്തരം സിദ്ധാന്തങ്ങളെ ഇന്നു ന്യായീകരിക്കുന്നവര്‍ക്ക് അറിയാം. ശാസ്ത്രം ക്‌ളിനിക്കല്‍ പരിശോധനയില്‍ വിലയിരുത്തുന്നതു സമാന്തര വൈദ്യങ്ങളിലെ സിദ്ധാന്തങ്ങളെയല്ലെന്നും ഏതൊരു സാധാരണ മനുഷ്യന്റെയും ബുദ്ധിയില്‍ ഒതുങ്ങുന്ന ശാരീരിക വ്യതിയാനങ്ങളെ ആണെന്നുമുള്ള സുപ്രധാന വസ്തുത അവര്‍ ‘ബുദ്ധിപരമായി’ മറച്ചുവയ്ക്കും. ഏതു കുഞ്ഞിനും തിരിച്ചറിയാവുന്ന ശാരീരിക ലക്ഷണങ്ങള്‍ മരുന്നു കഴിക്കുമ്പോള്‍ കാണാതിരിക്കുന്നതു കൊണ്ടു മാത്രമാണു സിദ്ധാന്തം തെറ്റെന്നു പറയുന്നത്. ഇത് സമാന്തര വൈദ്യന്മാരുടെ ശാസ്ത്രത്തെ അംഗീകരിക്കില്ലെന്ന നിലപാടുകളുടെ കാപട്യം വെളിവാക്കുന്നു.

ആയുര്‍വ്വേദം അടക്കമുള്ള ഹെര്‍ബല്‍ മരുന്നുകളില്‍ മിക്കപ്പോഴും ഇരുപതും മുപ്പതും സസ്യഭാഗങ്ങള്‍ സമൂലം ഉപയോഗിക്കുന്നു. ഇതുമൂലം, ഹാനികരമായ നിരവധി രാസവസ്തുക്കള്‍ അനാവശ്യമായി ശരീരത്തിലെത്തും. ആധുനിക വൈദ്യം ഒന്നോ രണ്ടോ രാസസംയുക്തങ്ങള്‍ ഉപയോഗിച്ച് ഓരോ രോഗവും ചികിത്സിക്കുമ്പോളാണു സമാന്ത വൈദ്യത്തിലെ ഈ വൈരുദ്ധ്യം. പരമ്പരാഗത വൈദ്യത്തിലെ പല മരുന്നുകള്‍ക്കും രോഗം മാറ്റാന്‍ കഴിവില്ല എന്നതു തെളിഞ്ഞിട്ടുണ്ട്. ഫലമുള്ള ഓരോ മരുന്നിലെയും ഒന്നോ രണ്ടോ രാസഘടകങ്ങള്‍ക്കു മാത്രമാണു യഥാര്‍ത്ഥ രോഗശമന ശക്തിയുള്ളത്. ഈ വസ്തുത ആധുനിക വൈദ്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പരമ്പരാഗത ഔഷധസസ്യങ്ങളില്‍ നിന്നു രോഗശമന ശേഷിയുള്ള രാസഘടകങ്ങള്‍ ഇന്നു വേര്‍തിരിച്ചെടുത്തിട്ടുണ്ട്. അവ സുരക്ഷിതമായി ആധുനിക വൈദ്യം ഇന്നു വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. ശവനാറി ചെടിയില്‍ നിന്നു കണ്ടെത്തിയ വിങ്ബ്‌ളാസ്റ്റിന്‍, വിങ്ക്രിസ്റ്റിന്‍ മുതലായ രാസവസ്തുക്കള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കു പ്രയോജനപ്പെടുത്തുന്നത് ഇതിനുള്ള വ്യക്തമായ തെളിവാണ്.

ആധുനിക ശാസ്ത്രം കോടിക്കണക്കിനു രൂപ ചെലവഴിച്ചു നിരന്തര ഗവേഷണം നടത്തിയിട്ടും ഇന്നും മുഴുവനായി വരുതിലാക്കാന്‍ സാധിക്കാത്ത മനുഷ്യന്റെ ‘പ്രതിരോധ ശക്തി’ കര്‍ക്കടകക്കഞ്ഞിയിലൂടെ വര്‍ദ്ധിപ്പിക്കാമെന്ന അവകാശവാദത്തിന് അടിസ്ഥാനമായ തെളിവുകള്‍ എന്താണ്? യാതൊന്നുമില്ല. മനുഷ്യന്റെ ശാരീരിക പ്രതിരോധം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതു സംബന്ധിച്ചു സൂക്ഷ്മമായ ധാരാളം അറിവുകള്‍ നാം സ്വായത്തമാക്കിയിട്ടുണ്ട്. ഇമ്മ്യൂണോളജി എന്ന ശാസ്ത്രശാഖ തന്നെ ഇതിന്റെ ഫലമായി വികസിച്ചു വന്നിട്ടുണ്ട്. രോഗപ്രതിരോധത്തിന്റെ മുന്നണി പോരാളികളായ വെളുത്ത രക്താണുക്കളുടെയും അനുബന്ധ ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചു സൂക്ഷ്മതലത്തില്‍ തന്നെ ഈ ശാഖ പഠിച്ചിട്ടുണ്ട്. എന്നാലും, ശാരീരിക പ്രതിരോധമെന്ന ‘അത്ഭുത പ്രതിഭാസത്തിന്റെ’ എല്ലാ വശങ്ങളും സമഗ്രമായി മനസ്സിലാക്കിയെന്ന് അഹങ്കരിക്കാന്‍ ഇന്നും ശാസ്ത്രത്തിനു ധൈര്യമില്ല. എങ്കിലും, രോഗപ്രതിരോധശക്തി ഒരു പരിധിയില്‍ കൂടിയാല്‍ സ്വന്തം ശരീരത്തിനു തന്നെ ഗുരുതരമായ അപകടം ക്ഷണിച്ചു വരുത്തുമെന്നു ചില അലര്‍ജി രോഗങ്ങളെയും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളെയും കുറിച്ചുള്ള പഠനം നമ്മെ പൂര്‍ണ്ണമായും ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധശക്തി ഒരു പരിധിയില്‍ അധികം കൂടുകയോ കുറയുകയോ ചെയ്യാന്‍ പാടില്ല. ഇതാണ് അടിസ്ഥാന വസ്തുത. സുസ്ഥിതിയില്‍ ആരോഗ്യകരമായി ജീവിക്കാന്‍ ശരിയായ രീതിയിലുള്ള സമീകൃതാഹാരവും മതിയായ വ്യായാമവും ആവശ്യമായ വിശ്രമവും അടങ്ങുന്ന ശരിയായ ജീവിതരീതി നയിക്കുക എന്നതു മാത്രമാണ് ആവശ്യം. അല്ലാതെ, അഞ്ചിരട്ടി വിലയില്‍ കര്‍ക്കടകക്കഞ്ഞി കിറ്റ്, ഹോര്‍ലിക്‌സ്, ബൂസ്റ്റു് മുതലായവ വാങ്ങി കാശു കളയേണ്ട യാതൊരു ആവശ്യവും നമുക്കില്ല. ‘ദേശീയതയുടെ’ ഈ കാലത്തു രാഷ്ട്രത്തിന്റെ സാമ്പത്തിക വികസനത്തിനായി കച്ചവടം പരിപോഷിപ്പിച്ചു സര്‍ക്കാരിന്റെ നികുതി വര്‍ദ്ധിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു മാത്രം വേണമെങ്കില്‍ അതൊക്കെയാകാം; അല്ലാതെ ആരോഗ്യ സംരക്ഷണത്തിനാകരുത്.

കര്‍ക്കടകക്കഞ്ഞി കൂട്ടിലെ ഒരൗഷധവും മനുഷ്യശരീരത്തില്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകം പോലും ഉല്‍പാദിപ്പിക്കുന്നതിനു സഹായിക്കില്ല. കൂടാതെ, കഞ്ഞികുടി മൂലം രോഗാണുക്കള്‍ക്ക് എതിരായി പ്രത്യേക ആന്റിബോഡികള്‍ ശരീരത്തില്‍ നിര്‍മ്മിക്കുന്നുമില്ല. ഈ പശ്ചാത്തലത്തില്‍, എന്തിന്റെ അടിസ്ഥാനത്തിലാണു പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുമെന്ന് കഞ്ഞിയുടെ പ്രചാരകര്‍ അവകാശപ്പെടുന്നതെന്നു മനസ്സിലാകുന്നില്ല.

വര്‍ഷകാലത്തു മനുഷ്യശരീരത്തിന്റെ പ്രതിരോധം ദുര്‍ബ്ബലമാകും എന്നാണു മറ്റൊരു വാദം. ഇതിനു ശാസ്ത്രീയമായ തെളിവുകള്‍ എന്താണുള്ളത്? സാധാരണ മനുഷ്യരില്‍ മരണഭയം ജനിപ്പിച്ചു കഞ്ഞിക്കിറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിക്കാനുള്ള ഒരു സൂത്രപ്പണി മാത്രമാണിത്. ഈ ചിന്ത സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സാമ്പത്തിക താല്‍പര്യം മാത്രമാണുള്ളത്. നമ്മുടെ നാട്ടിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ തന്നെ തള്ളിക്കളയാവുന്ന വാദമാണിത്. മനുഷ്യന്റെ ആന്തരിക സമസ്ഥിതി കാലാവസ്ഥയ്ക്കതീതമായി സ്വയം കാത്തുസൂക്ഷിക്കും. കൊടുംചൂടില്‍ ജീവിക്കുന്ന ആഫ്രിക്കന്‍ വംശജനും മിതോഷ്ണമേഖലയില്‍ പാര്‍ക്കുന്ന യൂറോപ്യനും കൊടുംതണുപ്പില്‍ താമസിക്കുന്ന എക്‌സിമോയും കാലദേശങ്ങള്‍ക്ക് അനുസൃതമായ സമസ്ഥിതിയില്‍ ആരോഗ്യത്തോടെ ജീവിക്കുന്നു. അതതു മനുഷ്യരുടെ പ്രതിരോധ വ്യവസ്ഥയ്ക്കു കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത മഹാമാരിയോ മറ്റോ വരുമ്പോഴാണു മനുഷ്യനു സാധാരണയായി പകര്‍ച്ചവ്യാധികള്‍ പിടിപെടുന്നത്. ഇത്തരം രോഗാണുക്കള്‍ പൊതുവേ കര്‍ക്കടകമാസത്തില്‍ വര്‍ദ്ധിക്കുന്നതുകൊണ്ടു മാത്രമാണ് ഈ സമയത്തു പകര്‍ച്ചപ്പനിയും മറ്റും കൂടുന്നത്. അല്ലാതെ, അതിനു മനുഷ്യന്റെ പ്രതിരോധശക്തി കുറയുന്നതുമായി യാതൊരു ബന്ധവുമില്ല. ‘പ്രതിരോധം വര്‍ദ്ധിപ്പിച്ചാലും’ സ്വാഭാവികമായി മഹാമാരികളില്‍ നിന്നു രക്ഷപെടാന്‍ പലപ്പോഴും സാധിക്കില്ല എന്നതും എയ്ഡ്‌സു പോലുള്ള രോഗങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്.

കര്‍ക്കടകക്കഞ്ഞിയുടെ കൂടെ അനാവശ്യമായി ശരീരത്തിലെത്തുന്ന ആല്‍ക്കലോയ്ഡുകളും ഖനലോഹങ്ങളും മറ്റു രാസസംയുക്തങ്ങളും കഡ്‌നി, കരള്‍ മുതലായ ആന്തരിക അവയവങ്ങളെ ദോഷകരമായി ബാധിക്കാന്‍ എല്ലാ സാധ്യതയുണ്ട്. പൊതുവേ കിഡ്‌നി/കരള്‍ രോഗികള്‍ ലളിത ഭക്ഷണം കഴിക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും. രോഗാവസ്ഥ സങ്കീര്‍ണമാകാതെ നോക്കാനാണ് ഈ മുന്‍കരുതല്‍. പലപ്പോഴും, പയര്‍ പോലും അധികം കഴിക്കാന്‍ അവര്‍ക്കു സാധിക്കാറില്ല. ഈ സാഹചര്യത്തില്‍ ശര്‍ക്കരയും തേങ്ങാപ്പാലും വളരെയധികം ഇലച്ചെടികളും ഉള്‍ക്കൊള്ളുന്ന കഞ്ഞി വളരെ ചെറിയ അളവിലാണെങ്കില്‍ പോലും കിഡ്‌നി, കരള്‍ രോഗികളുടെ ജീവന്‍ അപകടത്തിലാക്കും. മരുന്നിലൂടെ രോഗം ഒരു പരിധിവരെ നിയന്ത്രിക്കുന്ന രോഗികള്‍ വരെ ഡയാലിസിസിലേക്കോ അവയവ മാറ്റത്തിലേക്കോ ഒക്കെ മാറേണ്ട സ്ഥിതിയും ഇതുമൂലം സംജാതമാകാം.

കര്‍ക്കടകക്കഞ്ഞി സാധാരണ ജീവിതശൈലി രോഗങ്ങള്‍ക്കു ചികിത്സയിലിരുന്ന രോഗികളെയും ദോഷകരമായി ബാധിക്കാം. പലപ്പോഴും, പ്രമേഹം പോലുള്ള രോഗങ്ങള്‍ കര്‍ക്കശമായ ഭക്ഷണ നിയന്ത്രണത്തിലൂടെ ആയിരിക്കും നിയന്ത്രിച്ചു പോകുന്നത്. ഈ കഞ്ഞി കഴിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്ന തേങ്ങാപ്പാലും ശര്‍ക്കരയും ഒക്കെ രോഗനിയന്ത്രണം അവതാളത്തിലാക്കും. പ്രമേഹ നിയന്ത്രണത്തിനു സഹായകരമാകുമെന്ന വാക്കു വിശ്വസിച്ചായിരിക്കും രോഗി കഞ്ഞി സേവിക്കുക. ഇതുവഴി പ്രമേഹരോഗി തന്റെ കണ്ണുകള്‍ അടക്കം എല്ലാ ആന്തരിക അവയവങ്ങളെയും അപകടത്തിലാക്കുകയാണെന്നു തിരിച്ചറിയുന്നു പോലുമില്ല.

മറ്റൊരു പ്രശ്‌നം രോഗികള്‍ കഴിക്കുന്ന ആധുനിക വൈദ്യ മരുന്നുകളുമായി കര്‍ക്കിടകക്കഞ്ഞിയിലെ രാസസംയുക്തങ്ങള്‍ പ്രതിപ്രവര്‍ത്തിക്കാനുള്ള സാധ്യതയാണ്. ഇതുമൂലം അവയുടെ വീര്യം കൂടുകയോ കുറയുകയോ ചെയ്യാം. ഇതു രോഗനിയന്ത്രണത്തെ അവതാളത്തിലാക്കും. ‘ചികിത്സാ നീതി’ എന്ന ജനാരോഗ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ പരിചയപ്പെട്ട ആരോഗ്യ മേഖലയിലെ സുഹൃത്തുക്കള്‍ കര്‍ക്കടകക്കഞ്ഞി കഴിച്ച കിഡ്‌നി / കരള്‍ രോഗികളുടെ അവയവ പ്രവര്‍ത്തന പരിശോധനകളില്‍ പ്രകടമായ വ്യതിയാനം കണ്ടിട്ടുണ്ടെന്നു ലേഖകനോടു സൂചിപ്പിച്ചിട്ടുണ്ട്.

സസ്യജന്യ ഔഷധങ്ങള്‍ കഴിക്കുന്ന രോഗികളില്‍ ശസ്ത്രക്രിയയ്ക്കു മുന്നോടിയായുള്ള അനസ്തീഷ്യയില്‍ ഉദ്ദിഷ്ട ഫലം ലഭ്യമാകാത്തതായി പഠനങ്ങള്‍ നിലവിലുണ്ട്. കൂടാതെ, സസ്യൗഷധങ്ങളിലെ രാസസംയുക്തങ്ങളുടെ പ്രതിപ്രവര്‍ത്തനം മൂലം അനസ്തീഷ്യ ലഭിക്കുന്ന രോഗിക്കു ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസതടസ്സം മുതലായ അപകടങ്ങളും ഉണ്ടാകാം. പലപ്പോഴും, ശസ്ത്രക്രിയയ്ക്കു മുമ്പു തങ്ങള്‍ ഉപയോഗിക്കുന്ന ഇതര ഹെര്‍ബല്‍ മരുന്നുകളും മറ്റും സംബന്ധിച്ചു രോഗികള്‍ മുന്‍കൂട്ടി ഡോക്ടറെ അറിയിക്കാതിരിക്കുന്നതു മൂലം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാറുണ്ട്. രോഗിക്കു ശരിയായ മയക്കം ലഭിക്കുന്നതിന് ആവശ്യമായ അളവിലുള്ള മരുന്നു നിശ്ചയിക്കാന്‍ അനസ്തീഷ്യ നല്കുന്ന ഡോക്ടര്‍ക്കു സാധിക്കില്ല എന്നതാണ് ഇവിടത്തെ പ്രശ്‌നം. രൂക്ഷമായ കിഡ്‌നി/കരള്‍ രോഗമുള്ളവര്‍ ഏതു സന്ദര്‍ഭത്തിലും ശസ്ത്രക്രിയ പോലുള്ള കാര്യങ്ങള്‍ക്കു വിധേയരാകാം എന്നതും ഓര്‍ക്കേണ്ടതുണ്ട് (5).

ഇത്തരം വസ്തുതകള്‍ പരിഗണിച്ചാണു ലോകാരോഗ്യ സംഘടന സമാന്തര വൈദ്യം ഉപയോഗിക്കുന്ന രോഗികള്‍ അവരുപയോഗിക്കുന്ന മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം സംബന്ധിച്ചു കൃത്യമായ ധാരണ ഉള്ളവരാകണമെന്ന മുന്നറിയിപ്പു നല്കിയിരിക്കുന്നത് (6). സമാന്തര വൈദ്യത്തിനെതിരേ എന്തെങ്കിലും ഗൂഢാലോചന നടത്തി ആധുനിക വൈദ്യം എന്ന ‘അധിനിവേശ ചികിത്സാപദ്ധതി’ മൂന്നാം ലോകരാജ്യങ്ങളില്‍ അടിച്ചേല്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായല്ല അവര്‍ ഇത്തരം മുന്നറിയിപ്പുകള്‍ ഇറക്കുന്നതെന്നു നാം മനസ്സിലാക്കണം. ആധുനിക ശാസ്ത്രം വികസിപ്പിച്ച തെളിവ് അധിഷ്ഠിത ചികിത്സയില്‍ വിശ്വസിക്കുന്ന പരമ്പരാഗത ചികിത്സകരും ഹെര്‍ബല്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ അവ മറ്റു മരുന്നുകളുമായി പ്രതിപ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് എന്നതടക്കമുള്ള നിരവധി മുന്നറിയിപ്പുകള്‍ നല്കുന്നുണ്ട് (7).

രോഗികളെ മാത്രമല്ല ആരോഗ്യമുള്ള വ്യക്തികളെയും കര്‍ക്കടകക്കഞ്ഞിയുടെ ദീര്‍ഘകാല ഉപയോഗം അപകടത്തിലാക്കും. ഇതു കഴിക്കുമ്പോള്‍ ഉള്ളിലെത്തുന്ന ഖനലോഹങ്ങളുടെ അളവുദീര്‍ഘകാലം കൊണ്ടു ശരീരത്തില്‍ വര്‍ദ്ധിച്ചു ആന്തരിക അവയവങ്ങളെയും നാഡികളെയും ഒക്കെ കുഴപ്പത്തിലാക്കാം.

കര്‍ക്കടകക്കഞ്ഞിയില്‍ മനുഷ്യന് ആവശ്യമായ സൂക്ഷ്മപോഷകഘടകങ്ങളെല്ലാം ഉണ്ടോ എന്ന ചോദ്യത്തിനും അങ്ങനെ യാതൊരു തെളിവുമില്ല എന്നാണുത്തരം. സാധാരണ കഞ്ഞിയിലുള്ള പോഷകഗുണങ്ങളൊക്കെ മാത്രമേ ഔഷധ കഞ്ഞിയിലുമുള്ളൂ; അതിനപ്പുറം ഉള്ളതെല്ലാം വെറും അവകാശവാദം മാത്രം! വിറ്റാമിനുകള്‍ അടക്കമുളള സൂക്ഷ്മമൂലകങ്ങളുടെ ശുഷ്‌കമായ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. മാത്രമല്ല, കൂടിയ അളവില്‍ ഔഷധ ചേരുവകള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നു ശരീരത്തിനു ഹാനികരമായ ആല്‍ക്കലോയ്ഡുകളും ആഫ്‌ളോടോക്‌സിനും ഒക്കെ ബോണസായി ലഭിക്കാനും സാധ്യതയുണ്ട്.

കര്‍ക്കടകക്കഞ്ഞി കിറ്റകളെക്കുറിച്ചുള്ള മറ്റൊരു പ്രധാന ചിന്താ വിഷയം അവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടതാണ്. പൊതുവേ, സാങ്കേതികമായി ഇതൊരു ‘ഫുഡ് സപ്ലിമെന്റ്’ ആയാണു നിയമത്തിന്റെ മുമ്പില്‍ നില്ക്കുന്നതെങ്കിലും സാധാരണ മനുഷ്യനു മുന്നിലേക്ക് അതൊരു ‘സര്‍വ്വരോഗ സംഹാരി’ ആയാണ് അവതരിക്കുന്നത്. ആധുനിക വൈദ്യത്തിലെ മരുന്നു നിര്‍മ്മാണത്തിനു കര്‍ശനമായ ഗുണനിലവാര പരിശോധനയും നിയന്ത്രണവുമുണ്ട്. ‘ആയുഷിനു’ കീഴില്‍ അംഗീകാരം എടുത്ത സമാന്തര വൈദ്യങ്ങളിലെ ഔഷധങ്ങള്‍ നിര്‍മ്മിക്കുന്നതിനു നിയന്ത്രണങ്ങളിലും ഗുണപരിശോധനകളിലും കാര്യമായ ഇളവുകളുണ്ട്. പരിമിതമായ ഈ നിയന്ത്രണങ്ങള്‍ കൂടി മറികടക്കാനാണു യഥാര്‍ത്ഥത്തില്‍ കര്‍ക്കടകക്കഞ്ഞി കിറ്റുകള്‍ ഫുഡ് സപ്ലിമെന്റായി വേഷമിടുന്നത്. ഇതുമൂലം അവയുടെ നിര്‍മ്മാണവേളയില്‍ ധാരാളം പാകപ്പിഴകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു പൊതുജനാരോഗ്യം അപകടപ്പെടുത്തും എന്നതില്‍ സംശയമില്ല.

വേറൊരു പ്രധാന പ്രശ്‌നം, കേരളത്തിലുള്ള കമ്പനികള്‍ക്കൊക്കെ ആവശ്യമായ ഔഷധച്ചെടികള്‍ നിശ്ചിത അളവില്‍ ഈ കാലഘട്ടത്തില്‍ എവിടെ നിന്നു ലഭിക്കും എന്നതാണ്. അന്താരാഷ്ട്ര പ്രശസ്തമായ ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണ കമ്പനികള്‍ക്കു വരെ തങ്ങളുടെ മരുന്നുകള്‍ക്കു വേണ്ട അസംസ്‌കൃത വസ്തുക്കള്‍ ശുദ്ധമായ അളവില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ കാലത്തു കര്‍ക്കടകക്കഞ്ഞി നിര്‍മ്മാണ യൂണിറ്റുകള്‍ ഇവയൊക്കെ എവിടെ നിന്നു സംഘടിപ്പിക്കുമെന്ന ഒറ്റ ചോദ്യത്തിനുള്ള ഉത്തരം മാത്രം മതി കഞ്ഞിയുടെ തട്ടിപ്പു തിരിച്ചറിയാന്‍.

കേരളത്തില്‍ സുപ്രസിദ്ധ ആയുര്‍വ്വേദ കമ്പനികള്‍ മുതല്‍ ചെറുവരുമാനത്തിനായി കുടുംബശ്രീ അംഗങ്ങള്‍ വരെ കര്‍ക്കിടകക്കഞ്ഞി കിറ്റുണ്ടാക്കി വിതരണം ചെയ്യാറുണ്ട്. ഇവരില്‍ ധാരാളം വ്യക്തികള്‍ക്കു കഞ്ഞിയിലെ സസ്യഘടകങ്ങളും ധാന്യങ്ങളും, വൃത്തിയായും സൂക്ഷ്മമായും സൂക്ഷിക്കാനോ സംരക്ഷിക്കാനോ ഉള്ള കഴിവും സൗകര്യവും ഉണ്ടാകാറില്ല. ഇതുമൂലം ഔഷധക്കൂട്ടുകള്‍ വളരുന്ന പൂപ്പലുകളുടെ പ്രവര്‍ത്തനംമൂലം അവയില്‍ കാന്‍സറിനും മറ്റും കാരണമായേക്കാവുന്ന അഫ്‌ളോടോക്‌സിനുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കര്‍ക്കടകക്കഞ്ഞിയിലൂടെ ലഭിക്കുമെന്നു പറയുന്ന ‘പ്രതിരോധശക്തി’ വര്‍ഷം മുഴുവന്‍ നിലനില്ക്കുമെന്നതിനു തെളിവുകള്‍ കാര്യമായില്ല. അങ്ങനെയെങ്കില്‍, ഈ ദിവ്യൗഷധം കഴിച്ച വ്യക്തികള്‍ക്കു യാതൊരു അസുഖവും പ്രസ്തുത വര്‍ഷം പിടിപെടാന്‍ പാടില്ല. അത്തരമൊരു അനുഭവം കേരളത്തില്‍ കാണുന്നില്ല എന്നതാണ് വസ്തുത. കേരളജനത ആഘോഷമായി ഈ കഞ്ഞി കഴിച്ചതിനുശേഷം വരുന്ന മാസങ്ങളില്‍ ഒന്നുംതന്നെ ആശുപത്രികളില്‍ ആനുപാതികമായി രോഗികളുടെ എണ്ണം കുറയുന്നില്ല എന്നതാണു കഞ്ഞി പ്രതിരോധത്തിന്റെ പൊള്ളത്തരത്തിനെതിരായ ഏറ്റവും വലിയൊരു തെളിവ്.

ജനം തങ്ങളുടെ വഴിയേ വരുമെന്നു മനസ്സിലാക്കിയ ചില കര്‍ക്കടകക്കഞ്ഞി പ്രചാരകര്‍ കൊല്ലം മുഴുവന്‍ ഇതു കഴിച്ചാല്‍ വളരെ നല്ലതാണെന്നു പറയുന്നുമുണ്ട് വര്‍ഷം മുഴുവന്‍ പ്രതിരോധം ലഭിക്കുമെങ്കില്‍ ഇങ്ങനെ പറയേണ്ട കാര്യമെന്താണ്? ഇതും ഔഷധകഞ്ഞിയിലൂടെ വര്‍ഷം മുഴുവന്‍ പ്രതിരോധം ലഭിക്കുമെന്ന വാദത്തിനെതിരാണ്.

ഏറ്റവും നല്ല ബ്രാന്‍ഡുകളുടെ അരി കിലോയ്കു 40 രൂപയ്ക്കു ലഭിക്കുമ്പോള്‍ 500 ഗ്രാം പാക്കറ്റിന് 200 രൂപ മുതല്‍ ചെലവാക്കേണ്ട കര്‍ക്കടകക്കഞ്ഞി കിറ്റുമൂലം മനുഷ്യന്റെ കീശകാലിയാകല്‍ അല്ലാതെ ആനുപാതികമായി യാതൊരു ഗുണവുമില്ല. കഞ്ഞി കിറ്റുകളുടെ അസാധാരണ വിലനിലവാരം തന്നെ ഇതു ലക്ഷണമൊത്തൊരു ചൂഷണമാണെന്നു ബോധ്യപ്പെടുത്തുന്നു. വര്‍ഷാവര്‍ഷം സ്വര്‍ണ്ണ മേഖലയില്‍ അരങ്ങേറുന്ന ‘അക്ഷയ തൃതീയ’ വില്പന മാമാങ്കം പോലെ ആരോഗ്യമേഖലയിലെ ഒരു വാര്‍ഷിക ചൂഷണാഘോഷമായി ഇന്നു കര്‍ക്കടകക്കഞ്ഞി കച്ചവടം മാറിയിട്ടുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ആയുര്‍വ്വേദത്തിന്റെ കുപ്പായമണിഞ്ഞു വരുന്നതുകൊണ്ട് ആരോഗ്യമേഖലയിലെ ഈ കൊടിയ ചൂഷണത്തിനെതിരേ ഏതാനും ചില സ്വതന്ത്ര ചിന്തകര്‍ ഒഴിച്ച് ആരും തന്നെ ശക്തമായ നിലപാട് എടുക്കുന്നില്ല എന്നതു ഖേദകരമാണ്.

നൂറു ശതമാനം സ്വദേശിയായ ആധുനിക ഭാരതീയ വൈദ്യം വികസിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവരും സാമ്രാജ്യത്വത്തിനെതിരായ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായി ആധുനിക വൈദ്യം ബഹിഷ്‌കരിച്ചു സ്വദേശി സസ്യൗഷധങ്ങള്‍ ഉപയോഗിക്കുന്നവരും ഒരു പ്രധാന കാര്യം തിരിച്ചറിയണം. തങ്ങള്‍ കഴിക്കുന്ന ഹെര്‍ബല്‍ മരുന്നും കര്‍ക്കടകക്കഞ്ഞിയുമൊക്കെ 100 % സ്വദേശിയാണോ അല്ലയോ എന്നൊന്നും വേര്‍തിരിച്ചറിയാനുള്ള ബുദ്ധി പാവം ശരീരത്തിനില്ലെന്ന വസ്തുതയാണത്. സ്വദേശി മരുന്നിനു ദേശഭക്ത ഭാരതീയന്റെ കിഡ്‌നിയും കരളുമൊന്നും തിരിച്ചറിയാനും കഴിയില്ല. മരുന്നില്‍ വിഷമയമായ വസ്തുക്കള്‍ ഉണ്ടെങ്കില്‍ സ്വദേശി ആണെങ്കിലും വിദേശി ആണെങ്കിലും ശരീരത്തിനു ഹാനികരം തന്നെ. അത്തരം വസ്തുക്കള്‍ പരമാവധി ഇല്ലാതിരിക്കുക എന്നതാണ് ആവശ്യം. ഈ വസ്തുത ഉള്‍ക്കൊണ്ടു വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ‘അധിനിവേശ’ സാങ്കേതികവിദ്യയായ ഫേസ്ബുക്കും മറ്റുമുപയോഗിച്ചു കിഡ്‌നി, കരള്‍ മാറ്റിവയ്ക്കലിനു സമൂഹത്തോടു സഹായം അഭ്യര്‍ത്ഥിക്കേണ്ടിവരും എന്നു മാത്രമാണ് പറയാനുള്ളത്.

കര്‍ക്കടകക്കഞ്ഞി ഉയര്‍ത്തുന്ന മറ്റൊരു സുപ്രധാന രാഷ്ട്രീയ പ്രശ്‌നവുമുണ്ട്. തികച്ചും അടിസ്ഥാനരഹിത കാര്യങ്ങള്‍ക്കു വേണ്ടി അനാവശ്യമായി പ്രകൃതിയെ നശിപ്പിക്കുന്നു എന്നതാണത്. ആഗോളതാപനത്തിനെതിരേ ഭൂമിയുടെ സംരക്ഷണത്തിനു മനുഷ്യന്‍ കോടിക്കണക്കിനു രൂപ ഇന്നു ചെലവിടുന്നു. ജൈവവൈവിധ്യം നിലനിറുത്തല്‍ ഈ പ്രവര്‍ത്തനത്തിലെ ഒരു സുപ്രധാന ഭാഗമാണ്. ഇങ്ങനെ സംരക്ഷിക്കുന്ന സസ്യസമ്പത്തു യഥാര്‍ത്ഥത്തില്‍ മാനവരാശിയ്ക്കു ഗുണപ്രദമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടതാണ്. അവയെ കച്ചവടക്കാരുടെ ചൂഷണത്തിനു വിട്ടുനല്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല.

പ്രകൃതിജന്യമായതൊക്കെ പൂര്‍ണ്ണമായും സുരക്ഷിതവും ഗുണപ്രദവുമായിരിക്കും എന്ന തെറ്റായ യുക്തിയില്‍ നിന്നാണു മനുഷ്യന്‍ കര്‍ക്കടകക്കഞ്ഞി പോലുള്ള വസ്തുക്കളുടെ പുറകേ പായുന്നത് (8). നമ്മുടെ തലച്ചോറിനു ‘പ്രകൃതിയും പാരമ്പര്യവും’ വളരെ പ്രിയപ്പെട്ടതാണ്. നാളിതുവരെ നാം കൈവരിച്ച പുരോഗതിയെല്ലാം തന്നെ അടിസ്ഥാനം പ്രകൃതിയിലെ നമ്മുടെ ക്രിയാത്മകമായ ഇടപെടലാണ്. ഈ ‘കൈകടത്തല്‍’ അമിതമായാല്‍ അതു നമുക്കുതന്നെ ദോഷമാണെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഈ ചിന്ത ആഗോള രാഷ്ട്രീയത്തെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. സുസ്ഥിരമായ രീതിയില്‍, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും അതില്‍ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടും ഏവരുടെയും പുരോഗതി സാധ്യമാക്കുക എന്നതാണ് ഇന്ന് ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ചിന്ത. ഈ പുതിയ കാഴ്ചപ്പാടിന് എതിരാണു കര്‍ക്കടകക്കഞ്ഞി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം. അതു പാരമ്പര്യത്തെയും അശാസത്രീയതയെയും മുറുകെ പിടിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഈ മനോഭാവം തന്നെയാണു ഫാഷിസത്തെയും അമിത ദേശീയതയെയും ഒക്കെ നിലനിറുത്തണമെന്ന നമ്മുടെ ചിന്തയുടെയും ആധാരം. പരമ്പര്യത്തിലും അശാസ്ത്രീയതയിലും മാത്രം ഊന്നുന്നതും തെളിവുകള്‍ക്കു വിരുദ്ധമായി നില്ക്കുന്നതുമായ തെറ്റായ നിരവധി ‘മൂല്യങ്ങള്‍’ നാം പിന്തുടരുന്നുണ്ട്. ഈ മൂല്യബോധത്തില്‍ നിന്നു പുറത്തു വരേണ്ടതു ജനാധിപത്യ ഇന്ത്യയുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയ മനോഭാവം പരിപോഷിപ്പിക്കണമെന്ന ചിന്ത ഇന്ത്യയില്‍ ഭരണഘടനാപരമായി നിലനില്ക്കുന്നു. അതുകൊണ്ടു തന്നെ കര്‍ക്കടകക്കഞ്ഞിക്കെതിരായ നിലപാട് ഒരു ശരിപക്ഷ രാഷ്ട്രീയമായി സമകാലിക ഇന്ത്യയില്‍ മാറുന്നുണ്ട്.

റഫറന്‍സ്

1.https://www.ncbi.nlm.nih.gov/pmc/articles/PMC4028815/#!po=0.581395
2.https://www.google.com/url?sa=t&source=web&rct=j&url=https://censusindia.gov.in/vital_statistics/SRS_Based/Introduction.pdf&ved=2ahUKEwiuybTXiP7qAhVUfisKHX8nATsQFjANegQIBBAB&usg=AOvVaw2JSaNNPlvBMDV39eA8uL8F&cshid=1596424786624
3.https://www.ncbi.nlm.nih.gov/pmc/articles/PMC3113373/
4.https://www.researchgate.net/publication/283087085_Heavy_Metal_Deposition_and_Phytochemical_Characterization_of_Curry_Leaves_Murraya_koenigii
5.https://www.ncbi.nlm.nih.gov/pmc/articles/PMC3665191/
6.https://www.who.int/mediacentre/news/releases/2004/pr44/en/
7.https://www.hindawi.com/journals/ecam/2015/316706/#references
8.https://www.karger.com/Article/Fulltext/334488

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കര്‍ക്കടകത്തിലെ ചൂഷണക്കഞ്ഞി

  1. Avatar for റെന്‍സണ്‍ വി എം

    Dr. V. Sasi Kumar

    “ഇന്ന് ആയുര്‍വ്വേദമായാലും ഹോമിയോയാലും സമാന്തര ചികിത്സകരെല്ലാം രോഗാവസ്ഥ നിര്‍ണ്ണയിക്കാന്‍ പ്രധാനമായി ആശ്രയിക്കുന്നത് ആധുനിക ശാസ്ത്രം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച ഉപകരണങ്ങള്‍ തന്നെയാണ്. പനി നോക്കാന്‍ തെര്‍മോമീറ്ററും ഹൃദയമിടിപ്പ് അറിയാന്‍ സ്‌റ്റെതസ്‌കോപും പ്രമേഹം കണ്ടെത്താന്‍ ലാബിലെ പരിശോധനയും ഒക്കെ അവര്‍ ഉപയോഗിക്കുന്നു.” എന്നു് ലേഖകൻ പറയുന്നു. ഒന്നാമതായി, ഇന്നത്തെ ചില വൈദ്യന്മാർ ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ടാവാം. എന്നാൽ പണ്ടുകാലത്തു് അവയല്ലല്ലോ ഉപയോഗിച്ചിരുന്നതു്. പഴയരീതിയിൽ നാഡി നോക്കി മാത്രമോ വെറുതെ രോഗിയെ കണ്ടു മാത്രമോ രോഗനിർണ്ണയം നടത്തുന്ന വൈദ്യന്മാർ ഇന്നുമുണ്ടു് എന്നറിയാൻ ലേഖകനു് താൽപ്പര്യമില്ലായിരിക്കും. ഇനി അതുപോകട്ടെ, ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ എന്താണു് തെറ്റു്? അവ ചിലർക്കു മാത്രമായി വികസിപ്പിച്ചതാണോ? ആധുനികവൈദ്യശാസ്ത്രത്തിന്റെ ഉത്ഭവംതന്നെ ആയുർവ്വേദത്തിൽനിന്നായിരിക്കാം എന്നതിനു് തെളിവുകളുള്ളപ്പോൾ, ആയുർവ്വേദത്തിൽനിന്നു് പലതും പഠിച്ചു് ആധുനിക വൈദ്യശാസ്ത്രം സ്വന്തമാക്കുകയും ഏതോ യൂറോപ്യന്മാരാണു് അവ കണ്ടുപിടിച്ചതു് എന്നു് അവകാശപ്പെടുകയും ചെയ്യുന്നതിൽ ലേഖകനു് ഒരു പ്രശ്നവുമില്ല എന്നു തോന്നുന്നു. പണ്ടൊരിക്കൽ തിരുവനന്തപുരം മെഡിക്കൽകോളജിലെ വിദ്യാർത്ഥികൾ “തങ്ങളുടെ” സർജറി ആയുർവ്വേദവിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനെതിരെ നടത്തിയ സമരം ഓർമ്മവരുന്നു. ബഹുമാന്യനായ വലിയത്താൻസാർ ശുശ്രുതസംഹിത തർജ്ജമ ചെയ്തതിനുശേഷമെങ്കിലും അത്തരം അവകാശവാദം ഉന്നയിക്കാതിരിക്കാമായിരുന്നു.

Leave a Reply