കാന്തപുരവും കള്‍ച്ചറല്‍ ഇസ്ലാമും

ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തങ്ങളുടെ നയമല്ല എന്നതോടൊപ്പം ഭരണകൂടത്തിന് വിനീത വിധേയരായി നില്‍ക്കുക എന്ന തത്വ ശാസ്ത്രമാണ് തങ്ങളുടെ അനുയായികളെ ഇവര്‍ പഠിപ്പിച്ചത്. അതുകൊണ്ട് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിരോധം തീര്‍ക്കുവാന്‍ സാധ്യമാവാതെ ഫാസിസത്തിന് പാദസേവ ചെയ്യേണ്ടുന്ന ഒരു ഗതികേടില്‍ ഇവര്‍ എത്തിപ്പെട്ടത്.

നല്ലമുസ്ലിംചീത്ത മുസ്ലിം എന്ന ബൈനറി സാമ്രാജ്യത്വം ഉല്പാദിപ്പിച്ചതാണ്. സാമ്രാജ്യത്വം നിര്‍മിച്ച ഈ ബൈനറികളിലാണ് ലോകം, മുസ്ലിം സമൂഹത്തെ മനസ്സിലാക്കുന്നത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചിട്ട് കാര്യമില്ല. തങ്ങളുടെ നയങ്ങളോട് അനുതാപമുള്ളവര്‍ നല്ല മുസ്ലിം അതിനെതിരെ പ്രതിഷേധിക്കുന്നവര്‍ ചീത്ത മുസ്ലിം എന്നതാണ് നിര്‍ണ്ണയവാദ സിദ്ധാന്തം essentialist theory മുന്നോട്ട് വെക്കുന്നത്. അഥവാ പോസിറ്റീവിസം എന്ന് വിളിക്കുന്ന ഈ ആശയത്തെ സാമ്രാജ്യത്വം ലോകത്തുള്ള വിത്യസ്തങ്ങളായ കൊട്ടാരം പണ്ഡിതന്‍മാരെ വിലക്കെടുത്ത് പ്രചരണം നടത്തുകയാണ്. ഈആശയത്തെയാണ് ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ നമ്മുടെ കേരളത്തില്‍ നല്ല മുസ്ലിമിനെയും ചീത്ത മുസ്ലിമിനെയും സൃഷ്ടിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ നാം കാണുന്നു. അഥവാ നല്ല മുസ്ലിം ചീത്ത മുസ്ലിം എന്ന ദ്വന്ദ്വ നിര്‍മിതി ഇസ്ലാമോഫോബിയയുടെ ഭാഗമാണ്. പാര്‍ട്ടി നടത്തുന്ന ഇത്തരത്തിലുള്ള ഇസ്ലാമോഫോമിക് പ്രചരണങ്ങളെ പിന്തുണക്കാന്‍ മുസ്ലിം സമൂഹത്തിലെ ഒരു നവയാഥാസ്ഥിതിക സംഘം മുന്നോട്ടുവരുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്.

1987ല്‍കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഈ സംഘം നിലവില്‍ വന്നത്.. അതിന് ശേഷം മുസ്ലിം സമുദായത്തില്‍ നിന്ന് വേറിട്ട ഒരു സ്വത്വമായി നിലകൊള്ളാനായിരുന്നു ഇവര്‍ ശ്രമിച്ചത്. സമുദായത്തിനെതിരെ വരുന്ന വെല്ലുവിളികള്‍ക്കെതിരെ സംഘടനകള്‍ക്കതീതമായി ഒന്നിച്ച്‌നിന്ന് പ്രതിരോധം തീര്‍ത്ത സന്ദര്‍ഭത്തിലായിരുന്നു സംഘടന നിലവില്‍ വന്നത്.കമ്യൂണിസ്റ്റ് നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ നടത്തിയ ശരീഅത് വിരുദ്ധ പ്രചരണത്തിനെതിരെ മുസ്ലിം സമുദായത്തിലെ എല്ലാ സംഘടനകളും ഒന്നിച്ചിരുന്നത് ശരിയല്ല എന്ന നിലപാടില്‍ നിന്നാണ് ഈ യാഥാസ്ഥിതിക സംഘടനയുടെ പിറവി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശിര്‍വാദത്തോടെ തുടക്കം കുറിച്ച കാന്തപുരത്തിന്റെ സംഘടന പിന്നീട് അവരുടെ ഒരു ഉപഗ്രഹസംഘമായി മാറുന്ന കാഴ്ച നാം കണ്ടു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം ഒരുതരത്തിലുള്ള ഭരണകൂട വിധേയത്വം ദര്‍ശിക്കാവുന്നതാണ്. ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തങ്ങളുടെ നയമല്ല എന്നതോടൊപ്പം ഭരണകൂടത്തിന് വിനീത വിധേയരായി നില്‍ക്കുക എന്ന തത്വ ശാസ്ത്രമാണ് തങ്ങളുടെ അനുയായികളെ ഇവര്‍ പഠിപ്പിച്ചത്. അതുകൊണ്ട് ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിരോധം തീര്‍ക്കുവാന്‍ സാധ്യമാവാതെ ഫാസിസത്തിന് പാദസേവ ചെയ്യേണ്ടുന്ന ഒരു ഗതികേടില്‍ ഇവര്‍ എത്തിപ്പെട്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗുജറാത്ത് വംശഹത്യയെ കുറിച്ച് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ സംഘത്തിലെ ഏറ്റവും ഉന്നതമായ ഒരു നേതാവ് ഹകീം അസ്ഹരി പ്രതികരിച്ചത് അങ്ങനെയൊന്ന് നടന്നതായി ഞാന്‍ അറിയില്ല എന്നായിരുന്നു. അഥവാ അങ്ങനെ വല്ല അക്രമവും അവിടെ നടന്നിട്ടുണ്ടെങ്കില്‍ മുസ്ലിം സമുദായം അതിന് അര്‍ഹരാണ് എന്ന അര്‍ത്ഥത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ ഭരണകൂട ദാസ്യത ഇസ്ലാമിക സമൂഹത്തിന്റെ സ്വത്വപതിനിധാനത്തെ പോലും അപകടത്തില്‍ പെടുത്തുന്ന തരത്തിലുള്ളതാണ്. വിമോചനപരമായ ഉള്ളടക്കത്തെ മാറ്റിനിര്‍ത്തി ആചാര അനുഷ്ഠാന മതമായി ഇസ്ലാമിനെ ചുരുക്കിയതിന്റെ ഫലമായി രൂപ പെട്ടതാണ് ഭരണകൂടദാസ്യത. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പേര് പറഞ്ഞു എല്ലാത്തരം അന്ധവിശ്വാസങ്ങളെയും വിപണം ചെയ്യുന്ന ഒരു മതബോധമായിരുന്നു പ്രചരിപ്പിച്ചത്. അതിനാല്‍ സാമൂഹ്യശാസ്ത്രപരമായ ഒരു ചുരുങ്ങല്‍ ഇവരില്‍ ദര്‍ശിക്കാനാവും. ആചാര അനുഷ്ഠാനങ്ങളുടെ തടവറയില്‍ കിടന്ന് മതത്തിന്റെ വിമോചനശാസ്ത്രപരമായ അഥവാ സോഷ്യാ പൊളിറ്റിക്കല്‍ കണ്ടന്റുകളെ അവഗണിച്ച് ഭരണകൂടത്തിന് സ്തുതി പാടുന്ന ഒരു സംഘമായി മാറുകയായിരുന്നു.

രണ്ട് മാസംമുമ്പ് നടത്തിയമാനവ സഞ്ചാരം പരിപാടിയില്‍ ഒരുതരത്തിലും ഹിന്ദുത്വ ഫാസിസത്തെ പരാമര്‍ശിക്കാതിരിക്കാന്‍ ഇവര്‍ കാണിച്ച ജാഗ്രത കേരളീയ പൊതുസമൂഹം തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യന്‍ ജനത അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം ഹിന്ദുത്വതീവ്രവാദം ആണെന്ന് സാമൂഹ്യബോധമുള്ള ഏത് രാഷ്ട്രീയവിദ്യാര്‍ഥിക്കും അറിയാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ച് ഫാസിസ്റ്റ് ഭരണകൂടത്തെ പിന്തുണക്കുന്ന ഒരു സമീപനമാണ് കൈകൊണ്ടത്. അഥവാ ആര്‍.എസ്.എസിനെതിരെ ഒരു വാക്ക്‌പോലും ഉരിയാടാതെ നിങ്ങള്‍ക്കെങ്ങിനെയാണ് മാനവ സഞ്ചാരം നടത്താന്‍ സാധിക്കുക എന്ന ചോദ്യം ഇവരെ അലോസരപ്പെടുത്തുന്നില്ല. തങ്ങള്‍ക്ക് ചില സര്‍ക്കാര്‍ ബോഡികളിലുള്ള പ്രാതിനിധ്യവും ഭരണകൂടത്തില്‍ നിന്ന് തങ്ങളുടെ സ്ഥാപനത്തിന് ചില പിന്തുണയും ലഭിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ഹിന്ദുത്വത്തെയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുസ്ലിം വിരുദ്ധ പൊതുബോധ നിര്‍മിതിയെയും പിന്തുണക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിച്ചത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച മുസ്ലിം പൈശാചികവര്‍ക്കരണത്തെ ന്യായീകരിക്കാന്‍ മുന്‍പന്തിയില്‍ ഈ സംഘം ആണെന്ന് കാണാന്‍ കഴിയും.

സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മെക്_7നെതിരെ നടത്തിയ വര്‍ഗീയ പരാമര്‍ശത്തെ ഏറ്റെടുത്തത് ഈ സംഘത്തിലെ ഒരു യുവ നേതാവായിരുന്ന മുഹമ്മദലി കിനാലൂരായിരുന്നു.. പി. മോഹനന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തെക്കാള്‍ തീവ്രമായിരുന്നു യുവനേതാവ് നടത്തിയ പ്രസ്താവന. അഥവാ കായിക കൂട്ടായ്മയിലൂടെ തീവ്രവാദം ഒളിച്ചുകടത്താന്‍ ചില മുസ്ലിം സംഘടനകള്‍ ശ്രമിക്കുന്നു എന്ന നിരീക്ഷണമാണ് ഈ നേതാവ് നടത്തിയത് . ഒരു സമുദായത്തെ ഇത്തരത്തില്‍ ഭീകരവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമം മുസ്ലിം സമുദായവും കേരളീയ പൊതുസമൂഹവും തിരിച്ചറിഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തങ്ങള്‍ നല്ലവരാണ് എന്ന് സര്‍ട്ടിഫിക്കറ്റ്വാങ്ങാന്‍ ശ്രമിക്കുന്നത് എന്ന് അന്വേഷിക്കുമ്പോള്‍ മനസ്സിലാവുന്നത്, നേരത്തെ പറഞ്ഞ ചില ബോഡികളിലെ സ്ഥാനവും ഭരണകൂടത്തിന്റെ പിന്തുണയുമാണ് ഇവരുടെ മുന്‍ഗണന എന്നതിനാലാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതുപോലെ വയനാട് ലോകസഭാ മണ്ഡലത്തിലെ ജനങ്ങളില്‍ ഭൂരിഭാഗം മുസ്ലിം സമൂഹമാണ് എന്ന ഒറ്റക്കാരണത്താല്‍ അതില്‍ തീവ്രവാദം ആരോപിച്ച് കൊണ്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം. വിജയരാലവന്‍ നടത്തിയ പരാമര്‍ശം പച്ചവര്‍ഗീയതയാണ് എന്ന് എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. എന്ന് മാത്രമല്ല ഈ പരാമര്‍ശത്തെ കൂടുതല്‍ തീവ്രമായ ഭാഷയില്‍ സംഘ്പരിവാര്‍ ഉപയോഗിക്കുന്നതും നാം കണ്ടു. പിന്നീട് ഈ പ്രദേശം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന നടത്തിയത് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു മന്ത്രിയായിരുന്നു. അദ്ദേഹത്തിന് അങ്ങിനെ പ്രസ്താവന നടത്താന്‍ സാഹചര്യം ഒരുക്കിയത് സി.പി.എമ്മും. ഇത്തരത്തില്‍ മുസ്ലിം സമുദായത്തെയും കേരളത്തെ തന്നെയും ഭീകരവല്‍ക്കരിക്കാന്‍ സംഘ്പരിവാറിന് കണ്ടന്റ് വിതരണം നടത്തുന്ന ഒരു പണി ഏറ്റെടുത്ത് നടത്തുന്ന CPMനെയാണ് നാം കാണുന്നത്. അഥവാ മുസ്ലിം അപരവല്‍ക്കരണത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ CPM നേതാക്കളുടെ സമീപകാല പ്രസ്താവനകളില്‍ നിന്നും പുറത്ത് വരുന്നു.. ഇതിനെതിരെ മുസ്ലിം സമുദായവും കേരളീയ പൊതുസമൂഹവും പ്രതിരോധം തീര്‍ക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ മുസ്ലിം വിരുദ്ധതയുമായി സമരസപ്പെടുന്ന ഒരു സംഘമായിട്ടാണ് ഈ നവയാഥാസ്ഥിതിക സംഘത്തെ കാണുന്നത്. അഥവാ മുസ്ലിം സമുദായമൊ ഈ രാജ്യം തന്നെയൊ നശിച്ചാലും തങ്ങളുടെ സംഘത്തിന്റെ നിലനില്‍പ് എന്ന അശ്ലീലമായ ഒരു സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത് എന്ന് കാണാനാവും.

രാഷ്ട്രീയ ദുര്‍ബലതയുടെ ഉല്‍പന്നമായ ദോഷൈകദൃഷ്ടിയുള്ളവര്‍ എന്നാണ് ഇത്തരത്തിലുള്ള സമീപനങ്ങള്‍ സ്വീകരിക്കുന്നവരെ വിളിക്കേണ്ടത് എന്ന് സല്‍മാന്‍ സയ്യിദ് തന്റെ ഇസ്ലാം ഇസ്ലാമിസം ഖിലാഫത്തിനെ പുനര്‍വായിക്കുമ്പോള്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.. എല്ലാവര്‍ക്കും ഗുണപരമായ ഭാവി എന്നതിന് പകരം സ്വന്തം സംഘത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു പ്രതിഭാസത്തെയാണ് ദോഷൈകദൃഷ്ടി എന്നത്‌കൊണ്ട് അര്‍ഥമാക്കുന്നത്. അഥവാ സമൂഹിക പ്രശ്‌നങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കുകയും അവ ധാര്‍മിക വെല്ലുവിളിയായി ചുരുക്കുകയും ചെയ്യുന്ന ഒരു സമീപനം. അങ്ങനെ നല്ല സമൂഹത്തിന് വേണ്ടിയുള്ള അന്വേഷണങ്ങള്‍ മാറ്റിവെക്കുകയും സമൂഹമില്ലാതെ നല്ല മുസ്ലിമിന്റെ സൃഷ്ടി എന്ന പരികല്‍പനയിലേക്ക് അത് വികസിക്കുകയുംചെയ്യുന്നു എന്നാണ് സല്‍മാന്‍ സയ്യിദ് വിശദീകരിക്കുന്നത്.മതത്തിന്റെ സാമൂഹ്യ ഉള്ളടക്കം റദ്ദ് ചെയ്ത് ആത്മീയ ലോകത്തുള്ള ഒരു മതത്തെ അഥവാ ആചാരങ്ങളുടെ വലിയ ഭാണ്ഡം പേറുന്ന ഒരു സാംസ്‌കാരിക മതമായി ഇസ്ലാമിനെ ചുരുക്കുന്നു. അതിനാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് എല്ലാ പിന്തുണയും നല്‍കുന്ന ഹംസ യൂസുഫിനെ പോലുള്ള ആളുകള്‍ പ്രമോട്ട് ചെയ്യുന്ന സാംസ്‌കാരിക ഇസ്ലാമിന്റെ കേരളീയ പതിപ്പായിട്ടാണ് ഈ സംഘത്തെ അടയാളപ്പെടുത്താന്‍ സാധിക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply