കെ ദാമോദരന്‍ : അറിവുകളെ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരന്തരം പുതുക്കിപ്പണിത കമ്യൂണിസ്റ്റ്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, കോണ്‍ഗ്രസിനോടുള്ള സമീപനം, ദേശീയ പ്രസ്ഥാനത്തോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്, സാഹിത്യം, ക്വിറ്റിന്ത്യാ സമരം, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം, സ്റ്റാലിന്‍, സ്വാതന്ത്ര്യസമരകാലത്ത് എടുത്ത നിരവധി സമീപനങ്ങള്‍, സോവിയറ്റ് റഷ്യ ദൂപ് ചെക്കിനെ അധികാര ഭ്രഷ്ട്ടനാക്കിയ പ്രാഗ് വസന്തം സംബന്ധിച്ച്, ഒന്നാം കേരള സര്‍ക്കാരിന്റെ തൊഴിലാളികളെ വെടിവെച്ചു കൊന്നത് സംബന്ധിച്ച് ഉള്‍പ്പെടെ സഖാവ് ദാമോദരന്‍ എടുത്ത നിലപാടുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം മാത്രമല്ല കേരള ചരിത്രവും സാഹിത്യചരിത്രവും ഇന്ത്യന്‍ തത്വചിന്ത സംബന്ധമായും പഠിക്കാന്‍ ആഗ്രഹിക്കുന്നവരും ഗൗരവപൂര്‍വ്വം സമീപിക്കേണ്ടുന്ന വിഷയങ്ങളാണ്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്ന ആദ്യത്തെ മലയാളി, കേരള മാര്‍ക്സ് എന്നറിയപ്പെട്ട കെ ദാമോദരന്‍. ദാമോദരന്റെ ചരമ ദിനമാണിന്ന്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച നാല്‍വര്‍ സംഘത്തില്‍ ഒരാള്‍.
കേരളം കണ്ട ഏറ്റവും വലിയ മാര്ക്‌സിസ്റ്റ് ചിന്തകരില്‍ പ്രധാനി. ബഹുഭാഷാ പണ്ഡിതന്‍, വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ കൃതികളുടെ കര്‍ത്താവ്.

ബോംബെയെപ്പോലെ വ്യവസായവല്‍കൃതമല്ലാത്ത കേരളത്തില്‍ എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായതെന്ന ചോദ്യത്തിന് കെ.ദാമോദരന്‍ നല്‍കുന്ന മറുപടി, ”1930-33 കാലഘട്ടത്തില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്ലായിരുന്നു” എന്നാണ്. പത്രപ്രവര്‍ത്തകന്‍ താരിഖ് അലിയുമായുള്ള വിഖ്യാത അഭിമുഖത്തില്‍ സഖാവ് ദാമോദരന്‍ ഇത്തരമൊരു അഭിപ്രായം പങ്കുവെക്കുന്നത്.

കോഴിക്കോട്ട് പാളയത്തുള്ള ഒരു പച്ചക്കറി പീടികയുടെ മുകളില്‍ വളരെ രഹസ്യമായി പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട്, കെ ദാമോദരന്‍, എന്‍ സി ശേഖര്‍, എസ് വി ഘാട്ടെ എന്നിവര്‍ ചേര്‍ന്ന് അഖിലേന്ത്യാ പാര്‍ട്ടിയുടെ ഉപഘടകമെന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടി രൂപീകരിക്കുന്നത് 1937ല്‍ ആണ്. അതിനും രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കെ ദാമോദരന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി കഴിഞ്ഞിരുന്നു.

‘ഏകാന്തവും പരിത്യക്തവുമായിരുന്നു ദാമോദരന്റെ ജീവിതാന്ത്യം.’ എന്ന് സുനില്‍ പി ഇളയിടം പറയുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസര്‍ കെ എന്‍ പണിക്കരുടെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ അബോധാവസ്ഥയില്‍ വീണു കിടക്കുകയായിരുന്ന ദാമോദരനെക്കുറിച്ച് പണിക്കര്‍ ഇങ്ങനെ പറയുന്നു:
‘ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ജീവിതം മുഴുവന്‍ ഉപയോഗിച്ച് കെട്ടിപ്പടുക്കാന്‍ ശ്രമിച്ച പ്രസ്ഥാനത്തില്‍ നിന്ന് ദാമോദരന്‍ ഒട്ടേറെ ഒറ്റപ്പെട്ടു പോയിരുന്നു. അതില്‍ വളരെ ദുഃഖിതനും നിരാശനുമയിരുന്നു അദ്ദേഹം. മുന്‍ സഹപ്രവര്‍ത്തകരും അനുയായികളും ആരാധകരും എല്ലാം അദ്ദേഹത്തെ കൈവെടിഞ്ഞുവെങ്കിലും ആ സന്ദര്‍ഭത്തിലും കാലുഷ്യമില്ലാത്ത മനസ്സുമായി ശുഭാപ്തി വിശ്വാസത്തോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൂതകാലം തിട്ടപ്പെടുത്തി ആഖ്യാനം ചെയ്യുന്നതിലും ഭാവിയെ കരുപ്പിടിപ്പിക്കുന്ന സൈദ്ധാന്തിക ചിന്തയിലും അദ്ദേഹം മുഴുകി.

ഒരാഴ്ചയിലേറെ ദാമോദരന്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടന്നു. അദ്ദേഹത്തിന്റെ മുന്‍കാല സഹപ്രവര്‍ത്തകരും ശിഷ്യന്മാരും അനുചരന്മാരും ഒക്കെ ദല്‍ഹിയില്‍ ധാരാളമുണ്ടായിരുന്നു. കേരളത്തിലെ ഭരണം ഇടതുപക്ഷ നേതൃത്വത്തില്‍ ആയിരുന്നു. അവരില്‍നിന്നു പോലും അര്‍ഹിക്കുന്ന ശ്രദ്ധ ഉണ്ടായില്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അനിഷേധ്യമായ സംഭാവന നല്‍കിയ ഈ ധിഷണാശാലി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ ഒരുപക്ഷേ ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ തന്റെ പത്‌നിയുടെ മാത്രം സാന്നിധ്യത്തില്‍ വിടവാങ്ങി’ എന്ന് കെ എന്‍ പണിക്കര്‍ കുറിക്കുകയുണ്ടായി.

ദാമോദരന്റെ ജീവിതത്തിന് ഒരു ദുരന്ത കഥയുടെ സ്വഭാവമാണുള്ളതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ ആമുഖത്തില്‍ ഗോവിന്ദപ്പിള്ള എഴുതുന്നുണ്ട്. നിരന്തരവും വഴങ്ങാത്തതുമായ വിമര്‍ശനാവബോധമാണ് ദാമോദരന്റെ ജീവിതത്തിന് ഇത്തരമൊരു ദുരന്തശോഭ നല്‍കിയത്. ജീവിതകാലത്തുടനീളം ഈ വിമര്‍ശനാവബോധവും വിമതതത്വവും ദാമോദര നൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് നിന്നിടങ്ങളില്‍ നിന്നെല്ലാം ദാമോദരന്‍ പുറത്താക്കപ്പെട്ടുകൊണ്ടിരുന്നുവെന്നും മെരുങ്ങാത്ത ഈ ജീവിതാവബോധത്തിന് നല്‍കേണ്ടി വരുന്ന വില ഇതാണെന്നാവുമോ ജീവിതം നല്‍കുന്ന പാഠം എന്നും സുനില്‍ പി ഇളയിടം കൂട്ടിച്ചേര്‍ക്കുന്നു.

ആധുനിക കേരളീയ ജീവിതത്തിലെ മഹാ സംരംഭങ്ങളിലെല്ലാം തുടക്കക്കാരന്‍ ദാമോദരന്‍ തന്നെയായിരുന്നു. കേരള വിദ്യാര്‍ഥിസംഘം രൂപംകൊണ്ടപ്പോള്‍ അതിന്റെ സെക്രട്ടറി. ഈ കാലയളവില്‍ തന്നെയാണ് തന്റെ പത്തൊമ്പതാമത്തെ വയസ്സില്‍ ദാമോദരന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവചരിത്രം എഴുതുന്നത്. ദേശീയ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ ദാമോദരന്‍ ഉണ്ടായിരുന്നു.

പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നേതാവും സൈദ്ധാന്തികനുമായി ദാമോദരന്‍ വളര്‍ന്നുവന്നു. കേരള നാടക വേദിയുടെ ചരിത്രത്തിലെ ആദ്യ ചുവടുവെപ്പ് ‘പാട്ടബാക്കി’ മുതല്‍ മാര്‍ക്‌സിസ്റ്റ് വിജ്ഞാന ചരിത്ര ശാഖകള്‍ക്ക് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ എഴുതപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങള്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രാസംഗികന്‍ ഇംഗ്ലീഷ് റഷ്യന്‍ ഫ്രഞ്ച് ഹിന്ദി സംസ്‌കൃതം തെലുങ്ക് തമിഴ് തുടങ്ങി അനേകം ഭാഷകള്‍ കൈകാര്യം ചെയ്തിരുന്ന പണ്ഡിതന്‍. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യ വിവര്‍ത്തകന്‍ കെപിസിസി ജനറല്‍ സെക്രട്ടറി aicc അംഗം. നിരവധി പത്രങ്ങളുടെ പത്രാധിപര്‍ . ദാമോദരന്‍ ആദ്യ കൃതി കേരള വിദ്യാര്‍ത്ഥി സംഘം ആണ് പ്രസിദ്ധീകരിക്കുന്നത്. അതിനു അവതാരിക എഴുതിയത് കോളേജ് പ്രിന്‍സിപ്പല്‍ കുട്ടികൃഷ്ണമേനോന്‍.

18 വയസ്സ് തികഞ്ഞതിനുശേഷം ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത ദാമോദരന്‍ അറസ്റ്റിലായി. അതിനുമുമ്പും അദ്ദേഹം അറസ്റ്റിലായിരുന്നു. 18 വയസ്സ് തികയാത്ത കാരണം മടക്കി അയക്കുകയായിരുന്നു. ജയിലില്‍ നിന്നും പരീക്ഷ പാസാകുന്നു . കാശി വിദ്യാപീഠത്തില്‍… സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായ ആചാര്യ നരേന്ദ്ര ദേവ് ദാമോദരന്റെ അധ്യാപകനായിരുന്നു. പില്‍ക്കാലത്ത് പ്രധാനമന്ത്രിയായ ലാല്‍ ബഹദൂര്‍ ശാസ്ത്രി സഹപാഠിയും. അവിടെ നിന്ന് ഗാന്ധിയന്‍ ആശയങ്ങളുമായ വേര്‍പെട്ടു ദാമോദരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം ആകുന്നു. പഠനം പൂര്‍ത്തിയാക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദൗത്യവുമായി കേരളത്തിലേക്ക്.

എഐസിസി അംഗമായിരിക്കെ 1940ല്‍ പൂനാസമ്മേളനത്തില്‍ ഗാന്ധിയുടെ പ്രമേയത്തിനെതിരെ ദാമോദരന്‍ ഭേദഗതി അവതരിപ്പിക്കുകയും നെഹ്‌റു അതിനെ പിന്തുണയ്ക്കുകയും ചെയ്ത അനുഭവം പറയുന്നുണ്ട് ദാമോദരന്‍.. കേരളത്തിലെത്തി കോഴിക്കോട് പ്രവര്‍ത്തനകേന്ദ്രമാകുന്നു. ഓട്ടുതൊഴിലാളി ബീഡിത്തൊഴിലാളി പണിമുടക്ക് ഉള്‍പ്പെടെ നിരവധി സമരങ്ങള്‍. കോഴിക്കോട് രാത്രി കാലങ്ങളില്‍ കടത്തിണ്ണകളില്‍ ഉറങ്ങുന്നവര്‍ ലൈംഗിക തൊഴിലാളികള്‍ കുറ്റിച്ചിറയിലെ ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിതത്തെക്കുറിച്ചും മറ്റും ദാമോദരന്‍ നടത്തിയ പഠനം പുതിയൊരു പ്രവര്‍ത്തനരീതി തന്നെയായി മാറി. പിണറായി പാറപ്പുറം സമ്മേളനത്തിനുശേഷം ദാമോദരന്‍ അറസ്റ്റിലായി.

ആദ്യകാലത്ത് സ്റ്റാലിന്റെ നയങ്ങളോട് അനുഭാവമുണ്ടായിരുന്ന ദാമോദരന്‍ പില്‍ക്കാലത്ത് അതില്‍ നിന്ന് വേര്‍പിരിയുന്നുണ്ട്.

തിരൂരിലെ 7 പ്രഭു കുടുംബങ്ങളില്‍ ഒന്നായിരുന്ന ഒരു തറവാട്ടില്‍ പിറന്ന് പ്രതിവര്‍ഷം 4500 രൂപ നികുതി അടക്കുന്ന വീട്ടില്‍ ജനിച്ച ദാമോദരന് അവസാനകാലം മകന്റെ ഫീസ് അടക്കാന്‍ പോലും പൈസ തികഞ്ഞില്ല എന്ന് ജീവചരിത്രം വെളിപ്പെടുത്തുന്നു. യഥാര്‍ത്ഥ മാര്‍ക്‌സിന് ഉണ്ടായ അനുഭവം കേരള മാര്‍ക്‌സിനും ഉണ്ടായി എന്നാണ് സുനില്‍ പി ഇളയിടം പറയുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബുദ്ധിജീവിയായ പാര്‍ട്ടി സെക്രട്ടറിമാരില്‍ ഒരാളായിരുന്ന പി സി ജോഷിയോടൊപ്പം 1970 ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ദാമോദരന്‍ അന്തരിക്കുന്നത്. അറിവുകളെ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരന്തരം പുതുക്കിപ്പണിതുകൊണ്ടിരുന്ന അദ്ദേഹത്തിന് സംഘടനയുടെ ഔപചാരിക ധാരണകളുമായി പരിപൂര്‍ണമായി ഒത്തുപോകാന്‍ കഴിഞ്ഞില്ല.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതിനും ഒരു വര്‍ഷം മുമ്പാണ് ദാമോദരന്‍ മാനിഫെസ്റ്റോ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത്. മലബാറിലെ പ്രധാന പ്രസ്സുകള്‍ ഒന്നും ഈ പുസ്തകം അച്ചടിക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബാണ് അച്ചടിച്ചു കൊടുത്തത്. സമഷ്ടിവാദ വിജ്ഞാപനം എന്ന പേരിലാണ് അത് പ്രസിദ്ധീകരിച്ചത്. പ്രസ്സുകാര്‍ ഭയപ്പെടാതിരിക്കാന്‍ കമ്മ്യൂണിസം എന്ന വാക്കുതന്നെ ഒഴിവാക്കിയതായി ദാമോദരന്‍ പറയുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, കോണ്‍ഗ്രസിനോടുള്ള സമീപനം, ദേശീയ പ്രസ്ഥാനത്തോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്, സാഹിത്യം, ക്വിറ്റിന്ത്യാ സമരം, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം, സ്റ്റാലിന്‍, സ്വാതന്ത്ര്യസമരകാലത്ത് എടുത്ത നിരവധി സമീപനങ്ങള്‍, സോവിയറ്റ് റഷ്യ ദൂപ് ചെക്കിനെ അധികാര ഭ്രഷ്ട്ടനാക്കിയ പ്രാഗ് വസന്തം സംബന്ധിച്ച്, ഒന്നാം കേരള സര്‍ക്കാരിന്റെ തൊഴിലാളികളെ വെടിവെച്ചു കൊന്നത് സംബന്ധിച്ച് ഉള്‍പ്പെടെ സഖാവ് ദാമോദരന്‍ എടുത്ത നിലപാടുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം മാത്രമല്ല കേരള ചരിത്രവും സാഹിത്യചരിത്രവും ഇന്ത്യന്‍ തത്വചിന്ത സംബന്ധമായും പഠിക്കാന്‍ ആഗ്രഹിക്കുന്നവരും ഗൗരവപൂര്‍വ്വം സമീപിക്കേണ്ടുന്ന വിഷയങ്ങളാണ്.

ഇന്ത്യയുടെ ആത്മാവ് ഭാരതീയ ചിന്ത തുടങ്ങി അനേകം കൃതികള്‍ ഉള്‍പ്പെടെ വിവിധ വിജ്ഞാനശാഖകളില്‍ പരന്നുകിടക്കുന്ന നാല്‍പ്പതിലധികം കൃതികള്‍. ഇന്ത്യയുടെ ദാര്‍ശനിക ചരിത്രത്തിലെ മാര്‍ക്‌സിസ്റ്റ് ഇടപെടലുകള്‍ ദാമോദരനിലൂടെ അര്‍ത്ഥവത്തായി തീരുന്നുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇക്കാര്യം ഇന്ത്യയിലെയോ കേരളത്തിലെ പോലുമോ ഇടതുപക്ഷ വിചാരങ്ങളില്‍ കാര്യമായി പരിഗണിക്കപ്പെട്ടില്ല എന്നും സുനില്‍ പി ഇളയിടം കൂട്ടിച്ചേര്‍ക്കുന്നു.

താരിഖ് അലിയുമായുള്ള അഭിമുഖത്തില്‍ താന്‍ കണ്ട എക്കാലത്തെയും വലിയ കമ്മ്യൂണിസ്റ്റ് നേതാവ് വിയറ്റ്‌നാമിലെ ഹോചിമിന്‍ ആയിരുന്നു എന്നു പറയുന്നുണ്ട്. ചൈനീസ് റഷ്യന്‍ വിയറ്റ്‌നാം ഫ്രഞ്ച് ഇംഗ്ലീഷ് സ്പാനിഷ് എന്നീ ഭാഷകളില്‍ അദ്ദേഹം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചത് തന്നെ അത്ഭുതപ്പെടുത്തിയതായി ദാമോദരന്‍ വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത് സംബന്ധിച്ച ചോദ്യത്തിന് ഹോച്ചിമിന്‍ നല്‍കുന്ന വിഖ്യാത മറുപടി ‘അവിടെ നിങ്ങള്‍ക്ക് മഹാത്മാഗാന്ധി ഉണ്ടായിരുന്നു. ഇവിടെ ഞാനാണ് മഹാത്മാഗാന്ധി’

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അണികള്‍ സൈദ്ധാന്തികമായി കൈവരിക്കുന്ന ഉയര്‍ച്ചയും സംവാദങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള കെല്‍പ്പും നേടാന്‍ കഴിയുന്നതുവരെ പ്രസ്ഥാനത്തിന് വളര്‍ച്ച ഉണ്ടാകില്ല എന്നു പറഞ്ഞാണ് കെ ദാമോദരന്‍ താരിഖ് അലിയുമായുള്ള സംഭാഷണം അവസാനിപ്പിക്കുന്നത്.

(‘ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പ്’ ‘സുനില്‍ പി ഇളയിടത്തിന്റെ ‘അലയടിക്കുന്ന വാക്ക്’ എന്നീ ഗ്രന്ഥങ്ങളാണ് ഈ കുറിപ്പിന് ആധാരം. സുനില്‍ കെ ദാമോദരനെ സമഗ്രമായി വിലയിരുത്തുന്നുണ്ട്)

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply