നീതി നടപ്പാക്കേണ്ടത് തെരുവിലല്ല
ഈ സംഭവത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്നത് ഭരണകൂട മെഷിണറിയിലെ തന്നെ പലരും, അതുപോലെ വലിയൊരു ഭാഗം പൊതുമനസ്സാക്ഷിയും ഇതിനെ പിന്തുണക്കുന്നു എന്നതാണ്. അതുവഴി ഫാസിസത്തിനു വളരാന്‍ വളക്കൂറുള്ള മണ്ണാണ് അവരൊരുക്കുന്നത്.
നിയമം കയ്യിലെടുക്കുന്ന ആള്‍ക്കൂട്ടകൊലകളുടെ മറ്റൊരു രൂപം തന്നെയാണ് ഹൈദരാബാദില്‍ സംഭവിച്ചിരിക്കുന്നത്. അതിനെ ന്യായീകരിക്കുന്ന മനസ്സ് അപകടകരമാണ്. ആധുനികകാലത്ത് നീതി നടപ്പാക്കേണ്ടത് തെരുവിലല്ല. അതിനുള്ള സംവിധാനങ്ങള്‍ക്ക് ജനാധിപത്യ വ്യവസ്ഥിതി രൂപം നല്‍കിയിട്ടുണ്ട്. എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും ഭരണകൂടവും നീതിന്യായസംവിധാനവും കോടതികളും നിയമവാഴ്ചയുമൊക്കെ നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കേണ്ടത് നീതിന്യായസംവിധാനമാണ്. കോടതിയാണ്. അതിനുമുന്നെ തന്റെ ഭാഗം വാദിക്കാനുള്ള അവകാശം പ്രതിസ്ഥാനത്തു നില്‍ക്കുന്ന ആര്‍ക്കുമുണ്ട്. ആവശ്യമെങ്കില്‍ അവര്‍ക്ക് അഭിഭാഷകരെ വിട്ടുകൊടുക്കാന്‍ പോലും ഭരണകൂടം ബാധ്യസ്ഥമാണ്. അതിന്റെയെല്ലാം നിഷേധമാണ്, പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ പോലീസ് തന്നെ നിയമം കയ്യിലെടുത്ത് ഹൈദരാബാദില്‍ നടത്തിയ കൊലപാതകങ്ങള്‍. ഇവ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ തന്നെയെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിമാത്രം മതി. സകല സന്നാഹങ്ങലോടുകൂടി തെളിവെടുപ്പിനു കൊണ്ടുവന്ന നിരായുധരായ പ്രതികള്‍ പോലീസിനെ അക്രമിക്കുകയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു എന്നു പറയുമ്പോള്‍ യുക്തിബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ? ഒരുപക്ഷെ യഥാര്‍ത്ഥ പ്രതികളെയോ കൂടുതല്‍ രക്ഷപ്പെടുത്താനുള്ള നീക്കമല്ല ഇതെന്നു എങ്ങനെ പറയാനാകും? അതെല്ലാം പോലീസ് ചെയ്യുമെന്നതിനു എത്രയോ മുന്‍കാല സംഭവങ്ങള്‍ തെളിവാണ്.
ഈ സംഭവത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്നത് ഭരണകൂട മെഷിണറിയിലെ തന്നെ പലരും, അതുപോലെ വലിയൊരു ഭാഗം പൊതുമനസ്സാക്ഷിയും ഇതിനെ പിന്തുണക്കുന്നു എന്നതാണ്. അതുവഴി ഫാസിസത്തിനു വളരാന്‍ വളക്കൂറുള്ള മണ്ണാണ് അവരൊരുക്കുന്നത്. തങ്ങളുടെ ഏതുനിയമവിരുദ്ധ നടപടിക്കും കയ്യടിക്കുന്നവരെയാണല്ലോ ഫാസിസ്റ്റുകള്‍ക്കാവശ്യം. മറ്റൊന്ന് ഭയപ്പെടുത്തല്‍ തിയറിയാണ്. ഇത്തരത്തില്‍ പൊതുമനസ്സാക്ഷിക്കനുസരിച്ച് കയ്യോടെ കൊലക്കു കൊല എന്ന രീതിയില്‍ ശിക്ഷ നല്‍കിയാല്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്ന വാദം എത്രയോ നിഷ്‌കളങ്കമാണ്. ലോകത്തെവിടേയും അതിന് ഉദാഹരണമില്ല. വാസ്തവത്തില്‍ രാജ്യത്തെ നിയമങ്ങളും പൗരന്മാരും തമ്മിലുള്ള അകലം വര്‍ദ്ധിക്കുന്നതാണ് പ്രശ്‌നം. അതു കുറക്കുകയാണ് വേണ്ടത്. നിയമത്തെ കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന സോഷ്യല്‍ എഞ്ചിനിയറിംഗാണ് ഉണ്ടാകേണ്ടത്. ആ ദിശയിലുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു പകരം ഈ രീതിയിലുള്ള തന്ത്രങ്ങള്‍ വലിയ വിപത്തിലേക്കാണ് നമ്മെ നയിക്കുക. അതുപോലെ തന്നെയാണ് മുതലാളിത്ത വ്യവസ്ഥിതിയില്‍ ആഹ്ലാദവും ആനന്ദവുമൊക്കെ എന്താണെന്ന നിലവിലുള്ള ബോധവും അതിനായി എന്തും ചെയ്യാമെന്ന ധാരണയും പലതരത്തിലുമുള്ള വിലക്കുകളുമെല്ലാം. അതിനെയെല്ലാം മറികടക്കാനും നീതിയിലും തുല്ല്യതയിലും അധിഷ്ഠിതമായ ഒരു സാമൂഹ്യസംവിധാനം സൃഷ്ടിക്കാനും ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യമാണ്.
തീര്‍ച്ചയായും കേസുകള്‍ അനന്തമായി നീളുന്നതും വൈകി ലഭിക്കുന്ന നീതി നീതിയല്ല എന്ന വാദം പ്രസക്തം തന്നെയാണ്. അതു കുറക്കാനുള്ള നടപടിവേണം. പല കേസുകളിലും കൊടും കുറ്റവാളികള്‍ രക്ഷപ്പെടുന്നു എന്നതും ശരിയാണ്. പഴുതടച്ചുള്ള അന്വേഷണങ്ങളില്‍ പോലീസ് പരാജയപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. പലരീതിയിലുള്ള സ്വാധീനങ്ങളും കേസിന്റെ വഴി തിരിച്ചുവിടുന്നുമുണ്ട്. അങ്ങനെ പ്രതികള്‍ രക്ഷപ്പെടുന്ന സംഭവങ്ങളും ഈ ദിശയില്‍ ചിന്തിക്കാന്‍ നിരവധി പേരെ പ്രേരിപ്പിക്കുന്നുണ്ട്. അവക്കെല്ലാം പരിഹാരം കാണണം. എന്നാലത് നീതിന്യായസംവിധാനം ഏതു പ്രതിക്കും നല്‍കുന്ന അവകാശങ്ങള്‍ നിഷേധിച്ച്, നിയമം കയ്യിലെടുത്ത്, കൊലക്കു കൊല എന്ന പ്രാകൃതനീതി നടപ്പാക്കുന്നതിന് കയ്യടിക്കലിലൂടെയല്ല. നീതിന്യായസംവിധാനത്തെ കുറ്റമറ്റതാക്കിയാണ്, ആധുനികമാക്കിയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in