വാളയാര്‍ : അട്ടിമറിയില്‍ സമരസമിതിക്കും പങ്കെന്ന് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം
ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ആവശ്യത്തെ അട്ടിമറിച്ച് സമരസമിതി എന്ന സേവാസംഘം ചുട്ടെടുത്തവരുടെ ചതിയുടെ കാലൊച്ചകളാണ് വാളയാര്‍ കേസ് പരിഗണിക്കവെ ഹൈക്കോടതി വരാന്തകളില്‍ നിന്നുപോലും കേട്ടത്. ‘സമരസമിതി ‘ എന്ന ഈ പൊളി വചനത്തിന്റെ കപട സാമൂഹ്യപ്രതിബദ്ധതയുടെ വീണ്‍വാക്ക് പറച്ചിലുകള്‍ ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു..
ഒരു നീലക്കുറിഞ്ഞി കാലം പോലും ജീവിക്കാന്‍ കഴിയാതെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ടെന്ന് കേരളം മുഴുവന്‍ വിശ്വസിക്കുന്ന വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പാക്കി അന്തിമ അട്ടിമറിയും നടന്നിരിക്കുന്നുവെന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാകുന്നത്. കുഞ്ഞുങ്ങള്‍ ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു.
ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറത്തിന്റെ വര്‍ഷം നീണ്ട പോരാട്ടത്തിനുശേഷം സിബിഐ അന്വേഷണം നടത്താന്‍ പിണറായി ഭരണകൂടം നിര്‍ബന്ധിതമായപ്പോള്‍ അത് സിബിഐ ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍ നായരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് സംശയമുണ്ടായിരുന്നു. സവര്‍ണ്ണ മേല്‍ക്കോയ്മയുടെ ചവിട്ടേറ്റ് ചതുപ്പുനിലങ്ങളില്‍ ആണ്ടുപോയ ജനതയെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്താന്‍ കരാറെടുത്ത ഭരണകൂടങ്ങളും അതിന്റെ വ്യവസ്ഥയുമാണ് ഇന്നും നിലനില്‍ക്കുന്നതെന്ന് ബോധ്യപ്പെടുത്തുന്നതാണ് സിബിഐ റിപ്പോര്‍ട്ട്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുള്ള കുഞ്ഞിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസ്സുള്ള കുഞ്ഞിനേയും ഇതേ നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതു വയസ്സുള്ള കുട്ടി.
ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും മക്കള്‍ക്കും പങ്കുണ്ടെന്നു പറയപ്പെട്ട കവിയൂര്‍ കേസ്, മലബാര്‍ സിമന്‍സിലെ ശശീന്ദ്രനും മക്കളും ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ കേസ്, ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ആരോപണ വിധേയനായ പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സമ്പത്ത് കേസ്, അമിത് ഷാ കുറ്റവിമുക്തനാക്കപ്പെട്ട ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് എന്നിങ്ങനെ രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ മാഫിയകളും നേതാക്കളും ഏറെ ആരോപണവിധേയമായ നിരവധി കേസുകള്‍ അട്ടിമറിച്ച ഉദ്യോഗസ്ഥനെന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച CBI എസ് പി നന്ദകുമാര്‍ നായരെ തന്നെ വാളയാര്‍ കേസിന്റെ കര്‍തൃത്വം ഏല്‍പ്പിച്ചപ്പോള്‍ വാളയാര്‍ കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന കൃത്യമായ ബോധ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ദളിതരും കൂലി വേലക്കാരുമായ, നേരിട്ട് കുറ്റകൃത്യം ചെയ്ത പ്രതികള്‍ക്കപ്പുറം പല ഉന്നതന്മാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തില്‍ കൃത്യമായ ആശങ്ക ഞങ്ങള്‍ അന്നുതന്നെ പങ്കുവെക്കുകയുണ്ടായി. ആദ്യം ഡിവൈഎസ്പി എം ജെ സോജനെ ഉപയോഗിച്ചാണ് വാളയാര്‍ കുഞ്ഞുങ്ങളുടെ നീതി മണ്ണു പുതപ്പിച്ചതെങ്കില്‍ ആ കുഴിച്ചുമൂടപ്പെട്ട നീതിയുടെ കുഴിമാടത്തിനു മുകളില്‍ ‘എസ് പി നന്ദകുമാര്‍ നായര്‍ ‘ എന്നുകൂടി എഴുതി വയ്ക്കുക മാത്രമാണ് ഭരണകൂടം ചെയ്തത്.
കുഞ്ഞുങ്ങളെ പരസ്യമായി അധിക്ഷേപിച്ചിട്ടു പോലും ഡിവൈഎസ്പി സോജനെതിരെ ഒരു നടപടിയുമുണ്ടായില്ല. കേരളത്തില്‍ സവര്‍ണ്ണ ഹിന്ദു വാദികള്‍ക്കും സിപിഎമ്മിനും കത്തോലിക്കാസഭയിലെ ഒരു വിഭാഗത്തിനും ഇടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമുദായ ഐക്യത്തിന്റെയും ദളിത് വിരുദ്ധതയുടെയും പുതിയ ഗവേഷണ ലബോറട്ടറിയായി പിണറായി ഭരണകൂടം പൂര്‍ണ്ണമായും മാറിയിരിക്കുന്നു എന്നുകൂടി ഇതില്‍ നിന്നും വ്യക്തമാവുകയാണ്.
കുഞ്ഞുങ്ങളുടെ ബലിരക്തത്തിന് വിലപേശുന്ന ‘വാളയാര്‍ സമരസമിതി ‘
ഐതിഹാസികമായ വാളയാര്‍ നീതിയാത്രയും അനുബന്ധ സെക്രട്ടേറിയേറ്റ് സത്യഗ്രഹ സമരവും അതിശക്തമായി പുരോഗമിക്കവേ, അതിന്റെ വിജയങ്ങളെ വേരോടെ പിഴുതെടുത്ത് തലങ്ങും വിലങ്ങും വലിച്ചെറിഞ്ഞ് സത്യം തമസ്‌കരിക്കാനായി ബഹുപാഠങ്ങള്‍ നിര്‍മ്മിച്ചവരാണ് ‘സമരസമിതി’ എന്ന അട്ടിമറി സംഘത്തിന്റെ നിര്‍മ്മാതാക്കള്‍. ദുര്‍മ്മരണപ്പെടുന്ന കുടുംബങ്ങളിലെ ഊഷരതയെപ്പോലും വില്‍പ്പനയ്ക്ക് വെക്കുന്ന, സ്വന്തം വര്‍ഗ്ഗത്തിന്റെ ഒറ്റുകാരനായ ഒരു ചണ്ഡാലനെ തന്നെ മുന്നില്‍ നിര്‍ത്തി കുഞ്ഞുങ്ങളുടെ നീതി സമരത്തെ അട്ടിമറിച്ചു. മോണിക്കയുടെ കിടക്ക വിരിയില്‍ നിന്ന് എയിഡ്‌സ് ബോധവല്‍ക്കരണം നടത്തുന്ന ഈ സാമൂഹ്യ പ്രവര്‍ത്തന ഭജന സംഘം സംഘപരിവാര്‍ കര്‍സേവകരെ കൂടി കൂട്ടുപിടിച്ചാണ് കേസ് അട്ടിമറിയുടെ ആഭാസചരിത്രം രചിച്ചത്.
ആദ്യം ഈ സമരസമിതി കോടതിയില്‍ ക്രിസംഘിയായ ഡിവൈഎസ്പി സോജനെതിരെയുള്ള ഓഡിയോ തെളിവുകള്‍ പോലും സമര്‍പ്പിക്കാതെ അയാളെ സംരക്ഷിച്ചു. കുറ്റം ഏറ്റെടുക്കാന്‍ ഡിവൈഎസ്പി സോജന്‍ തന്നെ നിര്‍ബന്ധിക്കുകയും, വിചാരണവേളയില്‍ സംരക്ഷിച്ചു കൊള്ളാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തുവെന്ന് കുഞ്ഞുങ്ങളുടെ അച്ഛന്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ വച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞ നിര്‍ണായകമായ വെളിപ്പെടുത്തല്‍ എന്തുകൊണ്ട് കോടതിയെ ബോധ്യപ്പെടുത്തിയില്ല? ഇത് സോജനെ ധാര്‍മ്മിക സ്വരൂപനാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് വിശ്വസിച്ചാല്‍ അതില്‍ തെറ്റു പറയാന്‍ കഴിയില്ല.
ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ആവശ്യത്തെ അട്ടിമറിച്ച് സമരസമിതി എന്ന സേവാസംഘം ചുട്ടെടുത്തവരുടെ ചതിയുടെ കാലൊച്ചകളാണ് പിന്നീട് വാളയാര്‍ കേസ് പരിഗണിക്കവെ ഹൈക്കോടതി വരാന്തകളില്‍ നിന്നുപോലും നാം കേട്ടത്. ‘സമരസമിതി ‘ എന്ന ഈ പൊളി വചനത്തിന്റെ കപട സാമൂഹ്യപ്രതിബദ്ധതയുടെ വീണ്‍വാക്ക് പറച്ചിലുകള്‍ ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു..
കുഞ്ഞുങ്ങളുടെ അമ്മയെ തല മുണ്ഡനം ചെയ്യിച്ചും പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചും നീതിക്ക് വേണ്ടിയുള്ള സമര ലക്ഷ്യത്തെ ചിതറിക്കുകയും സന്ദിഗ്ദ്ധമാക്കുകയും ചെയ്തു. ഇനിയും കുഞ്ഞുങ്ങളുടെ നീതിക്കുവേണ്ടി എന്നപേരില്‍ പുതിയ സാഹചര്യത്തെ മുതലെടുത്ത് കപട രോദനങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ത്തി അട്ടിമറികളും, ആഭിചാരക്രിയകളും ഈ സമരസമിതി തുടര്‍ന്നു പോരും എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ട് ദളിത് പിഞ്ചുകുഞ്ഞുങ്ങളുടെ കേസ് അട്ടിമറിക്കുന്നതില്‍ ആക്ടിവിസത്തിന്റെ ചില കളരി ഗുരുക്കന്മാര്‍ പങ്കാളികളായിരിക്കുന്നുവെന്ന് കേരളത്തിലെ മിക്കവാറും ജനാധിപത്യ വിശ്വാസികള്‍ക്ക് ഇന്നറിയാം. കീഴാള ജീവിതത്തിന്റെ ഉപ്പും ഉയിര്‍പ്പുമായിത്തീരേണ്ട ഒരു സമര പോരാട്ടത്തെയാണ് അവര്‍ അട്ടിമറിച്ചത്. ദളിത് കീഴാള വിരുദ്ധ അവസരവാദത്തിന്റെ ചതിക്കുഴിയില്‍ ഒളിപ്പിച്ച രാഷ്ട്രീയ അശ്ലീലമായ ഒരു വക്കീല്‍ വാളയാര്‍ അമ്മയെ ക്രൂരമായി അധിക്ഷേപിച്ചപ്പോഴും ഒന്ന് പ്രതികരിക്കാന്‍ പോലും സമരസമിതി തയ്യാറായില്ല. ലക്ഷ്യവഞ്ചകര്‍ (Renegades) എന്നാണ് കനത്ത അക്ഷരങ്ങളില്‍ ചരിത്രം ഇവരെ അടയാളപ്പെടുത്തുക..
ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം ആവശ്യപ്പെട്ടിട്ടുള്ളത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ്. എന്നാല്‍ കാര്യങ്ങളെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകള്‍ക്കനുസരിച്ച് ഉപജാപത്തിന്റെ സാമൂഹ്യ സേവകര്‍ ആ മുദ്രാവാക്യങ്ങളെല്ലാം കൈവെടിഞ്ഞു. അതിന്റെ ഭാഗം കൂടിയാണ് ഈ സിബിഐ അന്വേഷണം..ഡിവൈഎസ്പി സോജനെക്കുറിച്ച് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് പെട്ടെന്നുണ്ടായ ഒരു ആശയ രൂപീകരണത്തിന്റെ ഭാഗമല്ല, മറിച്ച് ബഹിഷ്‌കൃതരായി കഴിയുന്ന ജനതക്കും അതില്‍ ജനിച്ച രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ നീതിക്കും വേണ്ടി സമൂഹത്തിലെ ഉന്നത ശീര്‍ഷര്‍ക്ക് അവര്‍ കുറ്റവാളികളാണെന്ന് മനസ്സിലായിട്ടും ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിക്കുന്നതിന്റെ ഭാഗമായീട്ടാണ്. അവരുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഉപജാപത്തിന്റെ ഗുഹകളില്‍ നിന്നും സാമൂഹ്യ രക്ഷകരുടെ രൂപത്തില്‍ ഇരകള്‍ക്കുവേണ്ടിയെന്ന പ്രച്ഛന്നത്തില്‍ ചാടിവീഴുന്നത്. പിന്നെ അവര്‍ കളിയരങ്ങ് കൈയ്യടക്കുന്നു..
ധാരണാപത്രങ്ങളില്‍ ഒപ്പിട്ടശേഷമാണ് ഈ പ്രൈവറ്റ് ലിമിറ്റഡ് ആക്ടിവിസ്റ്റുകള്‍ നീതിയുടെ സമവാക്യങ്ങള്‍ തയ്യാറാക്കുന്നത്. എന്നും ‘പുഷ്‌കല’ കാലമായിരിക്കില്ല എന്നവര്‍ മനസ്സിലാക്കുന്നത് നല്ലതാണ്..സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മറപിടിച്ചുള്ള നരവേട്ടയുടെ കഥകള്‍ നാളെ പുറത്തു വരാതിരിക്കില്ല..
DySP എം ജെ സോജനെതിരെയും ദളിത് കുഞ്ഞുങ്ങള്‍ക്ക് നീതിക്കുവേണ്ടിയും ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം തങ്ങളാല്‍ കഴിയുന്നത്ര ഉച്ചത്തില്‍ പറഞ്ഞുകൊണ്ടേയിരിക്കും…നീതിയില്ലാതെ മടക്കമില്ല..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in