മൃഗീയതയുടെയും അക്രമണോല്‍സുകതയുടെയും സംഘര്‍ഷങ്ങളുടെയും മാനിഫെസ്റ്റോയാണ് ജെല്ലിക്കെട്ട്…

ആളുകള്‍ അസ്വസ്ഥരായി മാറുന്ന.. പെരുമാറുന്ന ഓരോ രംഗത്തിലും വാക്കിലും…ഓരോ ഫ്രെയിമിലും, ഓരോ പശ്ചാത്തല സംഗീതത്തിലും ഞാന്‍ ഒരു മൃഗമാണെന്നു ആ സിനിമ എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു…. ഞാന്‍ കൂടി പങ്കാളിയായ ആള്‍ക്കൂട്ടമാണത്.. കൂട്ട ആഘോഷങ്ങള്‍.. കൂട്ടത്തല്ലുകള്‍… ഒരാളെയും ഒന്ന് ഒച്ചവെച്ചുപോലും വേദനിപ്പിക്കാന്‍ കഴിയാത്ത എനിക്ക് ആ ആള്‍ക്കൂട്ടത്തിനോടൊപ്പം ചേര്‍ന്നപ്പോള്‍ ലഭിച്ച രക്തക്കൊതി… മനസിന്റെ അടിത്തട്ടില്‍ ഞാന്‍ ഒളിപ്പിച്ചു വച്ച അതീവരഹസ്യമായ എന്റെ ആനന്ദങ്ങള്‍…ഇതെല്ലം ആ സിനിമ എന്നെ ഓര്‍മിപ്പിച്ചു.. മറ്റൊന്നും തന്നെയില്ല ഈ സിനിമ

ഏകദേശം ഉച്ചകഴിഞ്ഞു ഒരു മൂന്ന് മണിയായിക്കാണും….കോഹിനൂരങ്ങാടിയില്‍ നിന്നും അവര്‍ കൂട്ടം കൂട്ടമായി വരുന്നുണ്ട് എന്ന് അവിടെയുള്ള കൂട്ടുകാര്‍ വിളിച്ചുപറഞ്ഞു.. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഹോസ്റ്റലിനടുത്തേക്ക് അവര്‍ ഒരു വലിയ പ്രകടനമായി വരുന്നത് ഞങ്ങള്‍ക്ക് മുകള്‍ നിലയില്‍ നിന്നും കാണാമായിരുന്നു… എല്ലാവരും ഹോസ്റ്റലിനകത്തേക്ക് നോക്കുന്നുണ്ട്. ഹോസ്റ്റലിനകത്തുള്ള ഞങ്ങള്‍ പുറത്തേക്കും… ഞങ്ങള്‍ കുറച്ചു പേര്‍ മാത്രമേ ഉള്ളു… നാട്ടുകാര്‍ എണ്ണിയാലൊടുങ്ങാത്ത അത്രയുണ്ട്. ഞങ്ങള്‍ക്ക് കലി അടക്കാനാവുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ ഇടക്കിടക്ക് പല്ലിറുമ്മുകയും ഹോസ്റ്റലിനു പുറത്തേക്ക് നോക്കുകയും ചെയ്തു. പുറത്തുള്ളവര്‍ തിരിച്ചും നോക്കികൊണ്ടിരുന്നു. അവര്‍ക്കും കലിയടക്കാനാകുന്നില്ല. അവരുടെ കൂട്ടത്തില്‍ ആളുകളുടെ എണ്ണം കൂടി കൂടി വന്നു…മുറികളില്‍ നിന്ന് എല്ലാവരും പുറത്തേക്കിറങ്ങി ജനലിനകത്തുകൂടെ പുറത്തേക്ക് നോക്കികൊണ്ട് വരാന്തയില്‍ കൂട്ടം കൂട്ടമായി ഉലാത്തികൊണ്ടിരുന്നു… എല്ലാവര്‍ക്കും ദേഷ്യം…. ഞങ്ങളുടെ കൂട്ടത്തില്‍ ആളുകള്‍ കൂടുന്നതിനനുസരിച്ചു വല്ലാത്തൊരു അക്രമിം എന്റെ ഉള്ളിലും നുരഞ്ഞുപൊന്തി… ദൂരെ നിന്നും പ്രകടനമായി വന്ന അവര്‍ ജനലുകളിലേക്ക് കല്ലുകളെറിയന്‍ തുടങ്ങി…മുന്നിലുള്ളവര്‍ ഓടിയാണ് വരുന്നത്.. കല്ലുകള്‍ വന്നുകൊണ്ട് ചില്ലുകള്‍ പൊട്ടി താഴെ വീണു… ആദ്യമെത്തിയവര്‍ താഴെയുള്ള ഗ്രില്ലില്‍ അവരുടെ കൈയിലുണ്ടായിരുന്ന വടികളും കല്ലുകളും കൊണ്ട് അടിക്കാന്‍ തുടങ്ങി.. ഏറ്റവും മുകളില്‍ നിന്നും ഞങ്ങള്‍ ആ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി… ഗ്രില്ലുകലും ജനാലച്ചിലുകളൂം തകര്‍ന്നു വീഴുന്ന ശബ്ദം താഴെ നിന്നും കേട്ടു നില്ക്കുന്ന അനുഭവം പേടിപ്പിക്കുന്നതായിരുന്നു… ഡെസ്‌കുകളും കസേരകളും മുകള്‍ നിലയില്‍ സ്റ്റെപ്പിനടുത്ത് കൂട്ടിവച്ചിരുന്നു.. നാട്ടുകാര്‍ മുകളിലേക്ക് കയറുകയാണെങ്കില്‍ തട്ടിയിടാന്‍ എളുപ്പത്തിന്… അടിക്കെടാ… കൊല്ലെടാ.. എന്നീ ശബ്ദങ്ങള്‍ മാത്രമേ താഴെ നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നുള്ളു…അവര്‍ ഗ്രില്‍ പൊളിച്ചു അകത്തു കടന്നു… ഞങ്ങളുടെ കൂട്ടത്തില്‍ കലിയടക്കാനാകാതെ ചിലര്‍ താഴേക്കോടി… താഴെ ചെന്നപ്പോള്‍ അലര്‍ച്ചയുടെയും തകര്‍ക്കുന്നതിനെയും ശബ്ദങ്ങള്‍ കൂടി വന്നു.. ഞാന്‍ താഴെ എത്തുമ്പോള്‍ നാട്ടുകാര്‍ കൂട്ടം കൂടി വില്യമിനെ അടിച്ചുകൊണ്ടിരിക്കുകയാണ്.. അഖില്‍ ചന്ദ്രശ്രീ ഒരു ഡ്രാഫ്റ്റര്‍ കൊണ്ടാണ് വരാന്തയിലൂടെ ഓടുന്നത്… ഫിലോജ് എന്റെ ഒപ്പമുണ്ടായിരുന്നു.. ആരെയോ നാട്ടുകാര്‍ ഒരു മുറിയില്‍ കയറ്റി അടിക്കുന്നുണ്ട്.. കുറച്ചു പേര് മാത്രമേ താഴേക്ക് ഇറങ്ങിയുള്ളു.. നാട്ടുകാരെ ഓടിക്കാന്‍ അത്രയും ആളുകള്‍ മതിയായിരുന്നില്ല.. വരാന്തയില്‍ നിന്ന് മെസ് ഹാളിലേക്ക് സ്റ്റെപ് ഇറങ്ങിയാല്‍ ഒരു കൂളര്‍ ഉണ്ട്.. ഒരാള്‍ വടിയെടുത്തു എന്റെ നേരെ വീശി എനിക്കതു തടുക്കാന്‍ ഉള്ള ധൈര്യമൊന്നുമുണ്ടായിരുന്നില്ല.. എങ്കിലും കൈ വീശി… അപ്പുറത്തു ഫിലോജിനെ ആരോ അടിക്കുന്നുണ്ട്.. അവനും തിരിച്ചു അടിക്കുന്നുണ്ട്… എനിക്ക് അടികിട്ടി ഞാന്‍ വീണു.. തലക്കും ഷോള്‍ഡറിനും അടികിട്ടി… ഒന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല താഴെ വീണ എന്നെ ആരൊക്കെയോ അടിക്കുന്നുണ്ട്.. അടിച്ചവര്‍ മുകളിലേക്ക് ഓടിപോയി അവിടെ കുറച്ചു കുട്ടികള്‍ കൂടി ഉണ്ട്…

അപ്പോഴേക്കും താഴെ കൂട്ടത്തിലുള്ളവര്‍ക്ക് അടികിട്ടുന്നു എന്ന് കേട്ടു മുകളില്‍ നിന്നും കൂടുതല്‍ പേര്‍ താഴേക്കിറങ്ങി.. ഞങ്ങളല്ലാതെ വേറെ കുട്ടികളും താഴെ മുറികളില്‍ അടി കിട്ടി കിടക്കുന്നുണ്ടായിരുന്നു.. മുകളില്‍ നിന്നും വരുന്നവരുടെ അലര്‍ച്ചകള്‍ കേട്ടപ്പോള്‍ ഞങ്ങള്‍ക്കും എഴുേന്നല്‍ക്കാന്‍ ശക്തി കിട്ടി.. കൈയില്‍ കിട്ടിയതൊക്കെ എടുത്ത് ഞങ്ങള്‍ ഏല്ലാവരും അടിക്കാന്‍ തുടങ്ങി… ഓരോ തവണ ആ അലര്‍ച്ചകള്‍ കേള്‍ക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ ശക്തിയോടെ പുറത്തു നിന്ന ആളുകള്‍ അത്രയും അകത്തേക്ക് കയറുകയും കയ്യില്‍ കിട്ടിയവരെ ഒക്കെ അടിക്കുകയും ചെയ്തു.. ചോരപൊടിഞ്ഞു… നിലവിളികള്‍ …അലര്‍ച്ചകള്‍… ചില നാട്ടുകാര്‍ ജീവനും കൊണ്ടോടി… മേശകള്‍ക്കും കട്ടിലുകള്‍ക്കും മുകളിലൂടെ അലറിക്കൊണ്ട് ചിലര്‍ ചാടി നടന്നു, ശരീരങ്ങള്‍ കൂട്ടിയുരസി, തമ്മില്‍ കൂട്ടിയിടിച്ചു… അനേകം കൈകള്‍ക്കിടയിലൂടെ കൈകളും വടികളും ഞങ്ങളുടെ ശരീരത്തിലേക്ക് നീണ്ടുവന്നു… മാംസളമായ ശരീരങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമുണ്ടായി.. ഹോസ്റ്റലിനുള്ളിലെ കലാപച്ചൂടില്‍ രക്തവും വിയര്‍പ്പും പൊടിഞ്ഞു… കൂട്ടം കൂട്ടമായി ആളുകള്‍ കുഴഞ്ഞു മറിഞ്ഞു…. ഫിലോജിന്റെ കണങ്കാലില്‍ ആരോ എന്തോ വെച്ച് അടിച്ചു… അവന്റെ ലിഗ്മെന്റ് പൊട്ടി താഴെ വീണു.. നാട്ടുകാര്‍ അടികൊണ്ടു പിന്മാറാന്‍ തുടങ്ങി…ലിന്റോയും ഹബീബും സച്ചിനും കരിവാവയും ലാലപ്പനും എല്ലാമിറങ്ങി നാട്ടുകാരെ ഓടിക്കുന്നുണ്ടായിരുന്നു… നാട്ടുകാരെ മുഴുവനും ക്യാമ്പസിനു പുറത്തേക്ക് അടിച്ചോടിച്ചു ഞങ്ങള്‍ ഗേറ്റ് അടച്ചു.. അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഏതെങ്കിലും തരത്തില്‍ തൊട്ടുനോവിച്ചാല്‍ എന്ത് സംഭവിക്കും എന്ന് ആ നാട്ടുകാര്‍ക്ക് മുഴുവന്‍ കാട്ടിക്കൊടുത്തു…ഇഷ്ടികപ്പൊടിയുടെയും രക്തത്തിന്റെയും വിയര്‍പ്പിന്റെയും മണം അന്തരീക്ഷത്തില്‍ പടര്‍ന്നു…

[widgets_on_pages id=”wop-youtube-channel-link”]

സത്യത്തില്‍ അടിക്കാന്‍ വന്നവരും ഞങ്ങളും അത്രവലിയ അക്രമികള്‍ ഒന്നുമായിരുന്നില്ല.. പരസ്പരമുള്ള ദേഷ്യം വ്യക്തിപരവുമായിരുന്നില്ല… അനേകമനേകം കാരണങ്ങള്‍ കൊണ്ട് ജീവിതത്തില്‍ ഒരിക്കല്‍ പോലും പരിചയമില്ലാത്ത ഒരു കൂട്ടം നാട്ടുകാരും ഞങ്ങള്‍ വിദ്യാര്‍ത്ഥികളും പരസ്പരം കൂട്ടമായി ആക്രമിച്ചു… കാരണങ്ങള്‍ എന്ത് തന്നെയായിരുന്നാലും മനുഷ്യനിലെ മൃഗത്തിനെ ഉണര്‍ത്തിവിടാന്‍ വലിയ ആള്‍ക്കൂട്ടത്തിനു കഴിയുമെന്ന് എന്നെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു അത്… രക്തം പൊടിയുമ്പോഴും നമ്മള്‍ ആ ആള്‍ക്കൂട്ടത്തിനകത്തു നില്‍ക്കുകയാണെങ്കില്‍ ആക്രമണത്തില്‍ നിന്നും പിന്‍വാങ്ങില്ല… നിലവിളികള്‍ നമ്മെ ഭയപ്പെടുത്തുകയില്ല.. അപരന്റെ വേദനയോ അവന്റെ നെഞ്ചുനീറുന്ന അനുഭവങ്ങളോ നമ്മളുടെ മനസിനുള്ളിലേക്ക് കടക്കുകയില്ല.. അതിനെയെല്ലാം ഇരുട്ടിലാക്കികൊണ്ട് നമ്മള്‍ ഒരു രക്തദാഹിയായ സത്വമായി അപ്പോഴേക്കും മാറിയിട്ടുണ്ടാകും…പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്ന വയലന്‍്‌സിന്റെ മുഴുവന്‍ കൊതിയും നമ്മുടെ ചുണ്ടുകളില്‍ അപ്പോഴുണ്ടാകും..

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജോലിക്കെട്ടു ഈ സംഭവങ്ങള്‍ എന്നെ വീണ്ടും വീണ്ടും ഓര്മിപ്പിക്കുകയായിരുന്നു. മൃഗീയതയുടെയും അക്രമണോല്‍സുകതയുടെയും സംഘര്‍ഷങ്ങളുടെയും മാനിഫെസ്റ്റോയാണ് ജെല്ലിക്കെട്ട്. ലിജോ ജോസ് പെല്ലിശ്ശേരി അതിന്റെ അപോസ്തലനും… ആളുകള്‍ അസ്വസ്ഥരായി മാറുന്ന.. പെരുമാറുന്ന ഓരോ രംഗത്തിലും വാക്കിലും…ഓരോ ഫ്രെയിമിലും, ഓരോ പശ്ചാത്തല സംഗീതത്തിലും ഞാന്‍ ഒരു മൃഗമാണെന്നു ആ സിനിമ എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു…. ഞാന്‍ കൂടി പങ്കാളിയായ ആള്‍ക്കൂട്ടമാണത്.. കൂട്ട ആഘോഷങ്ങള്‍.. കൂട്ടത്തല്ലുകള്‍… ഒരാളെയും ഒന്ന് ഒച്ചവെച്ചുപോലും വേദനിപ്പിക്കാന്‍ കഴിയാത്ത എനിക്ക് ആ ആള്‍ക്കൂട്ടത്തിനോടൊപ്പം ചേര്‍ന്നപ്പോള്‍ ലഭിച്ച രക്തക്കൊതി… മനസിന്റെ അടിത്തട്ടില്‍ ഞാന്‍ ഒളിപ്പിച്ചു വച്ച അതീവരഹസ്യമായ എന്റെ ആനന്ദങ്ങള്‍…ഇതെല്ലം ആ സിനിമ എന്നെ ഓര്‍മിപ്പിച്ചു.. മറ്റൊന്നും തന്നെയില്ല ഈ സിനിമ നിങ്ങളിലെ മൃഗീയതയെയും സംഘര്‍ഷങ്ങളെയും ഓര്‍മിപ്പിക്കും… മറ്റൊന്നും തന്നെയില്ല.. തീര്‍ച്ചയായും ആണുങ്ങളുടെ അക്രമാഘോഷമാണിത്. അതു ദൃശ്യവല്‍ക്കരിക്കാന്‍ മലയോരമേഖല തെരഞ്ഞെടുത്തത്ിലും വിമര്‍ശനങ്ങളുണ്ട്. എന്നാലും ഇതൊരു ലോകസിനിമയാണ്…

ചിത്രത്തിന്റെ കഥാസന്ദര്‍ഭം എടുത്തിരിക്കുന്നത് എസ് ഹരീഷ് എഴുതിയ മാവോയിസ്‌റ് എന്ന കഥയില്‍ നിന്നുമാണ്. ഇടുക്കിയിലെ കുടിയേറ്റ മേഖലയിലേക്ക് വേട്ടക്കായി എത്തിക്കുന്ന പോത്ത് കയറുപൊട്ടിച്ചു ഓടുന്നതാണ് കഥാപരിസരം. തിരക്കഥ എഴുതിയത് ഹരീഷും ജയകുമാറും ചേര്‍ന്ന്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്.
സംഗീതം നിര്‍വഹിച്ച പ്രശാന്ത് പിള്ള, ചിത്രസംയോജനം ചെയ്ത ദീപു ജോസഫ് , ആര്‍ട് വര്‍ക്ക് ചെയ്ത ഗോകുല്‍ ദാസ്, VFX ചെയ്ത ജയദേവ് ,എല്ലാത്തിലുമുപരി സൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിച്ചത് കണ്ണന്‍ ഗണപത്, ബോണി, മുഹമ്മദ് ഇക്ബാല്‍, രംഗനാഥ്, അമന്‍ ദീപ് എന്നിവര്‍… ഈ സിനിമയിലൂടെ കയ്യടക്കത്തില്‍ ഇന്നു മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകന്‍ താന്‍ തന്നെ എന്ന് ലിജോ ഒരിക്കല്‍ കൂടി തെളിയിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply