ചോദ്യം ചെയ്യപ്പെടേണ്ടത് പൗരോഹിത്യമാണ്, കലയല്ല
. തുല്ല്യനീതിക്കായുള്ള മുസ്ലിം സ്ത്രീയുടെ പോരാട്ടം നടന്ന് കൊണ്ടിരിക്കുമ്പോള്‍ പൗരോഹിത്യത്തിന് പാദസേവ ചെയ്യാന്‍ രാഷ്ട്രീയക്കാര്‍ മുന്നോട്ട് വരുന്നത് വലിയ ദുരന്തം തന്നെയാണ്. ഇസ്ലാമിക ഫെമിനിസത്തെ കുറിച്ച് വലിയ സംവാദങ്ങളും അന്വേഷണങ്ങളും നടന്ന് കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തില്‍ മുസ്ലിം സ്ത്രീയെ വീണ്ടും പഴയ അദൃശ്യപരതയിലേക്ക് പറഞ്ഞയക്കാനുള്ള പൗരോഹിത്യ ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കേണ്ടത് രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗമാണ്. അതിന് പകരം അവര്‍ക്ക് വേണ്ടി കുഴലൂതുന്നത് അങ്ങേയറ്റം അരോചകമാണ് എന്ന് പറയാതെ വയ്യ
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുകുമാര കലയ്ക്ക് തിരശ്ശീല വീഴുന്നത് ഒരു പാട് ചോദ്യങ്ങളും വിമര്‍ശനങ്ങളും ബാക്കിവെച്ച് തന്നെയാണ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഭക്ഷണത്തില്‍ വംശീയതയുടെ ഉപ്പ് കലര്‍ത്താതെ വിളമ്പാന്‍ സാധ്യമല്ലാത്ത വിധം വര്‍ണ്ണാശ്രമ ബോധത്തില്‍ കഴിയുന്നവരാണ് നാം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. അവസാനം ശുദ്ധമായ വെജും അശുദ്ധമായ നോണ്‍ വെജും എന്ന വര്‍ഗ്ഗീകരണ ഭക്ഷണ ജാതി ബോധത്തെ ചോദ്യം ചെയ്യാന്‍ സാധിച്ചു എന്നതും ഈ കലോല്‍സവത്തില്‍ എടുത്ത് പറയേണ്ടതാണ്. സ്വാഗതഗാനത്തില്‍ ആവിഷ്‌കരിച്ച സംഘി ആഖ്യാനങ്ങളെ ചോദ്യം ചെയ്യാന്‍ എല്ലാവരും മുന്നോട്ട് വന്നു എന്നത് ശുഭസൂചകമാണ്. ബൗണ്ടറി എന്ന നാടകത്തിന് ലഭിച്ച കൈയടിയും ഇത്തരത്തില്‍ എടുത്ത് പറയേണ്ടതാണ്.
അതുപോലെ മുസ്ലിം മത പൗരോഹിത്യത്തെ വിമര്‍ശന വിധേയമാക്കുന്ന ഒരു മോണോ ആക്ട് ഒരു പെണ്‍കുട്ടി അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ മുസ്ലിം മത പൗരോഹിത്യവും മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയും ഉറഞ്ഞ് തുള്ളുന്നത് കാണാമായിരുന്നു. മത പൗരോഹിത്യം ഉറഞ്ഞ് തുള്ളുന്നതിന്റെ ലോജിക്ക് നമുക്ക് മനസ്സിലാക്കാം. പക്ഷെ കെ.എം ഷാജി എന്തിനാണ് പൗരോഹിത്യത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത് മുന്നോട്ട് വരുന്നത് എന്ന് മനസ്സിലാവുന്നില്ല. ഒരു പെണ്‍കുട്ടി തനിക്ക് ലഭിച്ച പ്രൈസ് വാങ്ങാന്‍ എത്തിയപ്പോള്‍ ആക്രോശിച്ച് പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറാന്‍ പാടില്ല എന്ന അട്ടഹാസമാണ് പണ്ഡിത വേഷത്തിലുള്ള ഒരു പുരോഹിതന്‍ നടത്തിയത്. പെണ്‍കുട്ടി ഏറ്റ അപമാനത്തിന് കേരളീയ സമൂഹം പ്രതികരിച്ചിട്ടുണ്ട്. ഇനിയും ചോദ്യങ്ങളും പ്രതികരണങ്ങളും വന്ന് കൊണ്ടിരിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കലോല്‍സവങ്ങളില്‍ ഇത്തരം സാമൂഹ്യ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നത് രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു സമൂഹത്തില്‍ സ്വാഭാവികമായും സംഭവിക്കുക തന്നെ ചെയ്യും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇത്തരം സാമൂഹ്യ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ പൗരോഹിത്യത്തെ വിളറിപിടിപ്പിക്കും എന്നത് മനസ്സിലാക്കാം. പക്ഷെ ഈ രാഷ്ട്രീയനേതാവ് എന്തിനാണ് പൗരോഹിത്യത്തിന് വേണ്ടി അട്ടഹസിക്കുന്നത്. കാലാ കാലങ്ങളായി പുരുഷാധിപത്യ പൗരോഹിത്യ പട സ്ത്രീസമൂഹത്തെ അടിച്ചമര്‍ത്താനും അദൃശ്യവല്‍ക്കരിക്കാനും നടത്തിയ ശ്രമങ്ങള്‍ക്കെതിരെ പൊരുതി കൊണ്ട് തന്നെയാണ് സ്ത്രീകള്‍ ദൃശ്യതയിലേക്ക് വന്നത്. ഇത്തരത്തില്‍ ജീവിതത്തിന്റെ തുറസ്സിലേക്ക് വന്ന മുസ്ലിം പെണ്‍കുട്ടികളെ വീണ്ടും അദൃശ്യതയിലേക്ക് തള്ളി വിടാനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കലയില്‍ ഉപയോഗിച്ച ഭാഷയെയാണ് ഈ തീപ്പൊരി പ്രഭാഷകന്‍ ചോദ്യം ചെയ്തത്. ഇത്തരത്തിലുളള ഭാഷ ഇപ്പോള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ, നിങ്ങള്‍ക്ക് എവിടുന്ന് കിട്ടി ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉപയോഗിച്ച ഭാഷാപ്രയോഗം തന്നെ ഇതില്‍ ഉപയോഗിച്ച് കൊണ്ട് സമുദായത്തെ അവഹേളിക്കുന്നു എന്ന് വിലപിക്കുന്നതിന് പകരം പൗരോഹിത്യത്തെ തിരുത്താനായിരുന്നു രാഷ്ട്രീയ നേതാവ് ശ്രമിക്കേണ്ടിയിരുന്നത്. സവര്‍ണ ഹിന്ദുത്വ ദേശീയബോധത്തിന്റെ കേരളീയ പരിസരത്ത് നിന്ന് ഇത്തരം ധാരാളം പ്രയോഗങ്ങള്‍ നാം കണ്ട് കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നില നില്‍ക്കുമ്പോള്‍ തന്നെ, ഉന്നയിക്കുന്ന പ്രമേയത്തിന്റെ കഠിനതയില്‍ അതെല്ലാം മാറ്റി നിര്‍ത്തേണ്ടതാണ്. അഥവാ ഭാഷയിലെ അസൗന്ദര്യവും ദഹനക്കേടും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ റദ്ദ് ചെയ്യപ്പെടേണ്ടതല്ല എന്നര്‍ഥം.
ആണ്‍കോയ്മയുടെ അധീശലോകത്ത് നിന്ന് വിടുതല്‍ നേടാനുള്ള മൊത്തം സ്ത്രീസമൂഹം നടത്തുന്ന പോരാട്ടത്തിന്റെ ഭൂമികയില്‍ തന്നെയാണ് ഇത്തരം കലാവിഷ്‌കാരങ്ങളും അരങ്ങേറുന്നത്. തുല്ല്യനീതിക്കായുള്ള മുസ്ലിം സ്ത്രീയുടെ പോരാട്ടം നടന്ന് കൊണ്ടിരിക്കുമ്പോള്‍ പൗരോഹിത്യത്തിന് പാദസേവ ചെയ്യാന്‍ ഇത്തരത്തിലുള്ള രാഷ്ട്രീയക്കാര്‍ മുന്നോട്ട് വരുന്നത് വലിയ ദുരന്തം തന്നെയാണ്. ഇസ്ലാമിക ഫെമിനിസത്തെ കുറിച്ച് വലിയ സംവാദങ്ങളും അന്വേഷണങ്ങളും നടന്ന് കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തില്‍ മുസ്ലിം സ്ത്രീയെ വീണ്ടും പഴയ അദൃശ്യപരതയിലേക്ക് പറഞ്ഞയക്കാനുള്ള പൗരോഹിത്യ ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കേണ്ടത് രാഷ്ട്രീയ പ്രബുദ്ധതയുടെ ഭാഗമാണ്. അതിന് പകരം അവര്‍ക്ക് വേണ്ടി കുഴലൂതുന്നത് അങ്ങേയറ്റം അരോചകമാണ് എന്ന് പറയാതെ വയ്യ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വളരെ വിദൂര ഭൂതകാലത്തില്‍ പുരോഹിതന്മാര്‍ നടത്തിയ ആക്രോശമല്ല ഇവിടെ വിഷയീഭവിച്ചത് മറിച്ച് മാസങ്ങള്‍ക്ക് മുമ്പ് പൊതുസമൂഹത്തില്‍ നിന്ന് അപമാനിതയായി ഇറക്കി വിടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ദീന രോദനമായിരുന്നു ആ കലയില്‍ ആവിഷ്‌കരിച്ചത്. പൊള്ളുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ കലയിലെങ്കിലും സാധ്യമാവുന്ന ഒരു ലോകത്തിന് വേണ്ടിയാണ് നാം ശബ്ദിക്കേണ്ടത്. അല്ലാതെ പൗരോഹിത്യത്തിന് വേണ്ടി കലയെ തന്നെ റദ്ദ് ചെയ്യുകയല്ല വേണ്ടത്. സ്വതന്ത്രമായ കലാവിഷ്‌കാരങ്ങള്‍ നടത്താനുള്ള ഇടങ്ങള്‍ ചുരുങ്ങി കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ പൗരോഹിത്യത്തോട് രാജിയാവുന്നത് ഒട്ടും ഗുണപരമല്ല. മുസ്ലിം പെണ്‍കുട്ടികളുടെ ഹിജാബ് നിരോധിച്ച് കൊണ്ട് ഭരണകൂടം തന്നെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് അരികുവല്‍കരിക്കാനുള്ളശ്രമങ്ങള്‍ നടക്കുമ്പോള്‍ സമുദായത്തില്‍ നിന്നുള്ള പൗരോഹിത്യത്തിന്റെ ആട്ടും അവള്‍ കേള്‍ക്കേണ്ടി വരുന്നു. മുസ്ലിം സ്ത്രീയെ സാമൂഹ്യ പരിസരത്ത് നിന്ന് എല്ലാ അര്‍ഥത്തിലും പുറം തള്ളാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ സ്വയം പ്രതിരോധം തീര്‍ത്ത് അവള്‍ തന്നെ മുന്നോട്ട് വരുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യേണ്ടത്.
മുസ്ലിം സ്ത്രീയുടെ സാമൂഹ്യ കര്‍തൃത്വത്തെ ഒരിക്കലും അംഗീകരിക്കാത്തവര്‍ തന്നെയാണ് കേരളത്തിലെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ എന്ന് പറയുന്നവര്‍. എന്‍.ആര്‍.സി. സി.എ.എ പ്രക്ഷോഭ സന്ദര്‍ഭത്തില്‍ പോലും മുസ്ലിം സ്ത്രീയുടെ സാന്നിധ്യം സംശയത്തോടെ നോക്കി കാണുകയും അവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തവരാണ് ഈ പണ്ഡിതന്മാര്‍ എന്ന് വിളിക്കപ്പെടു നവര്‍ ചെയ്തത്. പക്ഷെ രാഷ്ട്രീയക്കാര്‍ ഇവര്‍ക്ക് വേണ്ടി വാദിക്കുന്നതിന്റെ േേചതാവികാരം സമൂഹത്തിന് മനസ്സിലാവായിട്ടുണ്ട്. കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറം വികസിക്കാത്ത പുരോഗമന കാഴ്ചപ്പാടെ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കുള്ളൂ എന്ന് നാം തിരിച്ചറിയുന്നു. പക്ഷെ രാഷ്ട്രീയക്കാരും പൗരോഹിത്യവും എത്ര എതിര്‍ത്താലും കല അതിന്‍െ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കും. കാരണം മുസ്ലിം സ്ത്രീക്ക് രക്ഷപ്പെടാനും മുന്നോട്ട് പോവാനുമുള്ള ഭാവനാലോകം സാധ്യമാക്കുന്നത് കലയുടെ ലോകമാണെന്ന് അവളും തിരിച്ചുറിഞ്ഞിരിക്കുന്നു എന്നര്‍ഥം. സ്ത്രീയുടെ വിമോചനം മതേതര സമൂഹത്തിന്റെ ആവശ്യം മാത്രമല്ല മതസമൂഹത്തിന്റേത് കൂടിയാണ്. അതിനാല്‍ കലയോടൊപ്പം നിന്ന് മതപൗരോഹിത്യത്തെ മാറ്റി നിര്‍ത്തുക എന്നത് ഒരു രാഷ്ട്രീയ ജാഗ്രതയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in