ചരിത്രഗതിയെ നിര്‍ണ്ണയിക്കുന്നത് വര്‍ഗ്ഗസമരമല്ല – കെ വേണു

സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവവും അതുമായി ബന്ധപ്പെട്ട വര്‍ഗ്ഗരൂപീകരണങ്ങളുമാണ് സംഘട്ടനങ്ങളിലേക്ക് വഴി തെളിയിച്ചതെന്നാണ്‌ മാര്‍ക്‌സിസ്റ്റുകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സ്വകാര്യസ്വത്തിനു മുമ്പുതന്നെ വിവിധസമൂഹങ്ങള്‍ തമ്മില്‍ സംഘട്ടനങ്ങള്‍ നടന്നിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭാഷകളിലൂടെ സാമൂഹ്യമായി ഐക്യപ്പെട്ട വിവിധ ഗോത്രങ്ങള്‍ തമ്മില്‍ നിരന്തരമായി സംഘട്ടനങ്ങള്‍ നടന്നിരുന്നതായാണ് നരവംശസാസ്ത്രജ്ഞന്മാരുടെ നിഗമനം. ഗോത്രങ്ങളുടെ സ്വത്വബോധമാണ് അതിന് കാരണമായതെന്നു കരുതാം. അക്കാലത്തുതന്നെ ഗോത്രങ്ങളുടെ സുരക്ഷക്കായി കോട്ടകള്‍ നിര്‍മ്മിച്ചിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. അതിനൊക്കെ ശേഷമാണ് സ്വകാര്യസ്വത്തും വര്‍ഗ്ഗങ്ങളുമെല്ലാം ഉടലെടുത്തത്.

ചരിത്രഗതിയെ നിര്‍ണ്ണയിക്കുന്ന ചാലകശക്തി വര്‍ഗ്ഗസമരമാണെന്ന മാര്‍ക്‌സിസ്റ്റ് നിലപാടിനെ ചോദ്യം ചെയ്ത് ചിന്തകന്‍ കെ വേണു. തൃശൂരില്‍ ഫ്രീ തോട്ട് സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിലാണ് കമ്യൂണിസ്റ്റുകാര്‍ ഏറ്റവുമധികം ഉയര്‍ത്തിപിടിക്കുന്ന വര്‍ഗ്ഗസമരസിദ്ധാന്തത്തിന്റെ അടിത്തറയെതന്നെ കെ വേണു ചോദ്യം ചെയ്തത്. താനീ വിഷയത്തില്‍ കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും താമസിയാതെ അതുമായി ബന്ധപ്പെട്ട നിഗമനങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നാളിതുവരെയുള്ള ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന് കമ്യൂണിസ്റ്റ് മാനിഫോസ്‌റ്റോ പറയുന്നു. അത്തരമൊരു നിഗമനം തന്റേതല്ല എന്നും തന്റെ സംഭാവന ഈ വര്‍ഗ്ഗസമരം സോഷ്യലിസം അഥവാ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലേക്ക് സമൂഹത്തെ നയിക്കുമെന്ന നിഗമനമാണെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്.  വളരെ കാല്‍പ്പനികമായ ധാരണകളാണ് ഇതുമായി ബന്ധപ്പെട്ട് കേരളം പോലെ ഇടതുപക്ഷ സ്വാധീനമുള്ള പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നതെന്ന് വേണു ചൂണ്ടികാട്ടി. നിരന്തരമായി നടക്കുന്ന വര്‍ഗ്ഗസമരമാണ് ചരിത്രത്തെ പരിണാമത്തെ നിയന്ത്രിക്കുന്നതെന്ന ധാരണയാണ് ഇവിടെ നിലനില്‍ക്കുന്നത്. വര്‍ഗ്ഗസമരമാണ് ചരിത്രത്തിന്റെ ചാലകശക്തി എന്ന മാര്‍ക്‌സിന്റെ വാചകം തന്നെയാണ് ഇത്തരമൊരു ധാരണ ശക്തമാക്കുന്നതിന് കാരണമായത്.

കാല്‍ നൂറ്റാണ്ടുകാലം നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച തന്നേയും അന്നു നയിച്ചിരുന്നത് ഈ വിശ്വാസം തന്നെയായിരുന്നു എന്ന് വേണു പറഞ്ഞു. പിന്നീട് മാര്‍ക്‌സിന്റേത് വര്‍ഗ്ഗന്യൂനീകരണമാണെന്ന നിലപാടിലെത്തുകയായിരുന്നു. വര്‍ഗ്ഗസമരത്തിനു നല്‍കിയ അമിതമായ പ്രാധാന്യം മൂലം ജാതി, ലിംഗ, ദേശീയത പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കമ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടു എന്നു ബോധ്യമായി. തുടര്‍ന്നാണ് താന്‍ ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ശ്രമിച്ചതെന്ന് വേണു പറഞ്ഞു. മാര്‍ക്‌സിസ്റ്റ് സമീപനത്തിന്റെ ഒരു പ്രധാന ഘടകം ചരിത്രത്തെ നിയന്ത്രിക്കുന്നത് ഉല്‍പ്പാദന പ്രക്രിയയാണെന്നാണ്. അതാണ് സാമ്പത്തിക അടിത്തറ. അതിനനുസൃതമായിരിക്കും ഉപരിഘടന രൂപം കൊള്ളുക. കമ്യൂണിസ്റ്റുകാര്‍ പാഠപുസ്തകം പോലെ കരുതുന്ന എംഗല്‍സിന്റെ കുടുംബം സ്വകാര്യസ്വത്ത് എന്നിവയുടെ ഉത്ഭവം എന്ന പ്രശസ്തകൃതിയില്‍ പറയുന്നത് നിവര്‍ന്നു നില്‍ക്കാനാരംഭിച്ച മനുഷ്യന്റെ രണ്ടു കൈകളും സ്വതന്ത്രമായപ്പോള്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാരംഭിച്ചു എന്നും അതാണ് മാറ്റത്തിനു പ്രേരകമായതുമെന്നാണ്. ഉല്‍പ്പാദനോപകരണങ്ങളും ഉല്‍പ്പാദനശക്തിയായ മനുഷ്യനുമാണ് പ്രധാനം. അതനിനുസൃതമായാണ് ഉല്‍പ്പാദന ബന്ധങ്ങള്‍ രൂപം കൊള്ളുന്നതെന്നതാണ് മാര്‍ക്‌സിസ്റ്റ് വീക്ഷണം. എന്നാല്‍ നരവംശശാസ്ത്രജ്ഞന്മാര്‍ ഈ നിഗമനങ്ങള്‍ തള്ളിക്കളയുകയാണ്. മനുഷ്യന്‍ രണ്ടുകാലില്‍ നടക്കാനാരംഭിച്ച് 35-40 ലക്ഷം വര്‍ഷമെങ്കിലും ആയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ ബുദ്ധിപരമായ എന്തെങ്കിലും മാറ്റം മനുഷ്യനില്‍ പ്രകടമാകാന്‍ തുടങ്ങിയിട്ട് രണ്ടു ലക്ഷം വര്‍ഷം പോലുമായിട്ടില്ല. കാര്യമായ എന്തെങ്കിലും മാറ്റം കണ്ടിട്ട് ഒരു ലക്ഷം വര്‍ഷമേ ആയിട്ടുള്ളു. അതിനുള്ള കാരണമാകട്ടെ കൈകള്‍ സ്വതന്ത്രമായതല്ല, ഭാഷയുടെ ആവിര്‍ഭാവത്തിന്റെ ആരംഭമാണ്. ആശയവിനിമയം പ്രാഥമികതലത്തില്‍ മൃഗങ്ങളിലെല്ലാം നടക്കുന്നുണ്ട്. എന്നാല്‍ പ്രാഥമിക സംജ്ഞകളെ വാക്കായി മാറ്റാനും മസ്തിഷ്‌കത്തില്‍ കോഡുചെയ്യാനും ആശയങ്ങള്‍ ക്രോഡീകരിക്കാനും പരസ്പരമുള്ള വിനിമയത്തിനും അടുത്ത തലമുറക്ക് കൈമാറാനും കഴിയുന്ന അവസ്ഥയിലേക്കു വികസിക്കുകയാണ് മനുഷ്യരിലുണ്ടായത്. ജനിതകമാറ്റത്തിലൂടെ പതിനായിരകണക്കിനു വര്‍ഷങ്ങളിലൂടെയാണ് ഈ കഴിവ് വികസിച്ചത്. ഇതുകാണാതെയാണ് മാര്‍ക്‌സ് ഭൗതികതക്ക് പ്രാധാന്യം നല്‍കുകയും ഉല്‍പ്പാദന ഉപകരണങ്ങളുടെ വളര്‍ച്ചയില്‍ ഊന്നുകയും ആശയത്തെ രണ്ടാമതായി കാണുകയും ചെയ്തത്. സത്യത്തില്‍ ആശയം ഭൗതികേതരമല്ല. ഭൗതികമായി ബന്ധപ്പെട്ടുതന്നെയാണ് അതിന്റെ വളര്‍ച്ച. ആശയങ്ങളിലൂടെ, അതിന്റെ തുടര്‍ച്ചയായ ഭാഷയിലൂടെയാണ് സാമൂഹ്യരൂപീകരണങ്ങള്‍ ആരംഭിച്ചത്. ഭാഷയാണ് സാമൂഹ്യകതയുടെ അടിസ്ഥാനമെന്നര്‍ത്ഥം. മനുഷ്യസമൂഹത്തെ മുന്നോട്ടു നയിച്ച ചാലകശക്തി. അതുപക്ഷെ മാര്‍ക്‌സിനു കാണാനായില്ലെന്നു വേണു ചൂണ്ടികാട്ടി.

സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവവും അതുമായി ബന്ധപ്പെട്ട വര്‍ഗ്ഗരൂപീകരണങ്ങളുമാണ് സംഘട്ടനങ്ങളിലേക്ക് വഴി തെളിയിച്ചതെന്നും മാര്‍ക്‌സിസ്റ്റുകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സ്വകാര്യസ്വത്തിനു മുമ്പുതന്നെ വിവിധസമൂഹങ്ങള്‍ തമ്മില്‍ സംഘട്ടനങ്ങള്‍ നടന്നിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി 14000 വര്‍ഷങ്ങള്‍ക്കുമുമ്പ് നെല്‍നദീതീരത്ത് ജീവിച്ചിരുന്നവരില്‍ ചിലരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയവയില്‍ 59 എണ്ണം ഒരുമിച്ചാണ് കണ്ടത്. അവയില്‍ 40 എണ്ണത്തിലും അമ്പുപോലെ കൂര്‍ത്ത ആയുധം പ്രയോഗിക്കപ്പെട്ടതിന്റെ സൂചനയുണ്ട്. ഭാഷകളിലൂടെ സാമൂഹ്യമായി ഐക്യപ്പെട്ട വിവിധ ഗോത്രങ്ങള്‍ തമ്മില്‍ നിരന്തരമായി സംഘട്ടനങ്ങള്‍ നടന്നിരുന്നതായാണ് നരവംശസാസ്ത്രജ്ഞന്മാരുടെ നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. ഗോത്രങ്ങളുടെ സ്വത്വബോധമാണ് അതിന് കാരണമായതെന്നു കരുതാം. അക്കാലത്തുതന്നെ ഗോത്രങ്ങളുടെ സുരക്ഷക്കായി കോട്ടകള്‍ നിര്‍മ്മിച്ചിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. അതിനൊക്കെ ശേഷമാണ് സ്വകാര്യസ്വത്തും വര്‍ഗ്ഗങ്ങളുമെല്ലാം ഉടലെടുത്തത്. ഒരേപോലുള്ള വസതികളുടെ അവശിഷ്ടങ്ങളില്‍ നിന്ന് വ്യത്യസ്ഥ വലുപ്പത്തിലുള്ള വസതികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാലയളവില്‍ നിന്നിത് വ്യക്തമാണ്. അപ്പോഴും വര്‍ഗ്ഗങ്ങള്‍ തമ്മില്‍ കാര്യമായ സംഘട്ടനങ്ങള്‍ നടന്നിരുന്നില്ല എന്നുമാത്രമല്ല, മറ്റു ഗോത്രങ്ങള്‍ക്കെതിരെ എല്ലാ വര്‍ഗ്ഗങ്ങളും ഒന്നിച്ചിരുന്നു. പിന്നീട് ഈ ഗോത്രങ്ങളുടെ വളര്‍ച്ചയുടെ ഭാഗമായാണ് ഗോത്രതലവന്മാരില്‍ അധികാരം കേന്ദ്രീകരിക്കുകയും രാജവംശങ്ങള്‍ രൂപം കൊള്ളുകയും ചെയ്തത്. തുടര്‍ന്നാണ് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ അടിമത്തവ്യവസ്ഥ രൂപം കൊണ്ടത്. പക്ഷെ അത് മാര്‍ക്‌സിസ്റ്റുകള്‍ കരുതുന്ന പോലെ അത് വ്യാപകമായിരുന്നില്ല. ഗ്രീസ്, റോം, ബാബിലോണിയ, ചൈനയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് അടിമത്തവ്യവസ്ഥ ശക്തമായത്. അതിനെതിരെ സ്പാര്‍ട്ടക്കസിന്റേയും മറ്റും നേതൃത്വത്തില്‍ കലാപങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ അത്തരം കലാപത്തിലൂടെ അടിമത്തം അവസാനിക്കുകയും ഫ്യൂഡലിസം രൂപം കൊള്ളുകയും അതിനകത്തെ വര്‍ഗ്ഗസമരത്തിലൂടെ മുതലാളിത്തം രൂപം കൊള്ളുകയും ചെയ്തു എന്ന നിരീക്ഷണം വസ്തുതാപരമായി ശരിയല്ല. ഫ്യൂഡല്‍ കാലത്തും മുതലാളിത്തത്തില്‍ പോലും പലയിടത്തും അടിമത്തം നിലനിന്നിരുന്നു.

ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്തത്തിലേക്കുള്ള മാറ്റവും ഉണ്ടായത് വര്‍ഗ്ഗസമരത്തിലൂടെയാണോ എന്ന ചോദ്യവും തന്റെ പ്രഭാഷണത്തില്‍ വേണു പരിശോധിച്ചു. അല്ലെന്നതാണ് വസ്തുത. 1000-1500 വര്‍ഷക്കാലം ലോകത്തു പലയിടത്തും ഫ്യൂഡലിസമെന്നു വിളിക്കാവുന്ന വ്യവസ്ഥ നിലനിന്നിരുന്നു. അതിനകത്ത് സംഘര്‍ഷങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അവയൊന്നും മാറ്റത്തിനുള്ള ചാലകശക്തിയായില്ല. മറിച്ച് അക്കാലത്ത് ആഗോളതലത്തില്‍ തന്നെ തൊഴില്‍ മേഖലകളിലുണ്ടായ മാറ്റങ്ങളാണ് മുതലാളിത്തത്തിന്റെ പിറവിക്കു ഹേതുമായത്. ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും ആയുധങ്ങളും വാഹനങ്ങളും മറ്റു ഉണ്ടാക്കുന്ന തൊഴില്‍ കേന്ദ്രങ്ങളുടെ ഉദയമായിരുന്നു തുടക്കം. അത് ചെറുപട്ടണങ്ങളുടെ ഉദയത്തിനു കാരണമായി. ഫ്യൂഡലിസത്തിനു കീഴില്‍ പീഡിപ്പിക്കപ്പെട്ടിരുന്ന കര്‍ഷകരടക്കമുള്ളവര്‍ ഈ ഗില്‍ഡുകളിലെത്തി തൊഴില്‍ ചെയ്യാനാരംഭിച്ചു. പിന്നീടവ വളര്‍ന്നു. ഒപ്പം കച്ചവടക്കാരുടെ ഗില്‍ഡുകളും രൂപം കൊണ്ടു. 12-ാം നൂറ്റാണ്ടോടെ വ്യാപാരം ലോകവ്യാപകമാകാന്‍ തുടങ്ങി. അതോടെ മാനുഫാക്ച്ചറിംഗ് യൂണിറ്റുകള്‍ രൂപം കൊള്ളാന്‍ തുടങ്ങി. ഭാഗങ്ങള്‍ പല സ്ഥലങ്ങലില്‍ ഉണ്ടാക്കി അവയെല്ലാം ക്രോഡീകരിച്ച് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. പിന്നീട് കൊളംബസും വാസ്‌കോഡഗാമയും മറ്റും ലോകവാതായനങ്ങള്‍ തുറന്നതോടെ മുതലാളിത്തത്തിന്റെ വളര്‍ച്ച ആരംഭിച്ചു.

ഇന്ത്യയിലും ബുദ്ധന്റെ കാലത്ത് തൊഴില്‍ ഗില്‍ഡുകള്‍ ഉണ്ടായിരുന്നതായും വേണു പറഞ്ഞു. എന്നാല്‍ പിന്നീടുണ്ടായ സവര്‍ണ്ണാധിപത്യവും മനുസ്മൃതിയും അര്‍ത്ഥസാസ്ത്രവും മറ്റും വളര്‍ച്ചയെ മുരടിപ്പിച്ചു. ഒരേ ജോലി ചെയ്യുന്നവരെ ഒരു ജാതിയാക്കുകയും അത് തലമുറകളിലേക്ക് കൈമാറുകയും ജാതീയമായ ഉച്ചനീചത്വം നിലവില്‍ വരുകയും ചെയത്‌പ്പോള്‍ ഇവിടെ മുതലാളിത്തവളര്‍ച്ച തടയപ്പെട്ടു. ഇറ്റലിയിലെ ഫ്‌ലോറന്‍സിന്റേയും മറ്റും നിലവാരമുള്ള പട്ടണങ്ങളായിരുന്നു സത്യത്തില്‍ കറാച്ചിയും ബനാറസും ധാക്കയും മറ്റും. എന്നാല്‍ ജാതിവ്യവസ്ഥ അതിനെയെല്ലാം മുരടിപ്പിച്ചു.

എന്തായാലും കര്‍ഷകസമരങ്ങളിലൂടെ ഫ്യൂഡലിസത്തെ തകര്‍ത്ത് മുതലാളിത്തം രൂപം കൊള്ളുകയല്ല ഉണ്ടായത്. നിരവധി ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനമായിരുന്നു അതിനു കാരണമായത്. എന്നാല്‍ മാര്‍ക്‌സ് ഏകപക്ഷീയമായി വര്‍ഗ്ഗസമരത്തില്‍ ഊന്നുകയായിരുന്നു. തുടര്‍ന്നദ്ദേഹം വര്‍ഗ്ഗപരമായി സ്വയം തിരിച്ചറിവുള്ള ആദ്യവര്‍ഗ്ഗമായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ സോഷ്യലിസം സ്ഥാപിക്കപ്പെടുന്നതിനെ കുറിച്ച് പ്രവചിച്ചു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ലോകത്തെവിടെയെങ്കിലും തൊഴിലാളി വര്‍ഗ്ഗം സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടോ? ഏതെങ്കിലും തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികളുണ്ടോ? മറിച്ച് ബൂര്‍ഷ്വാസിക്കും തൊഴിലാളിക്കുമിടയിലെ, തൊഴിലെടുക്കാതെ പങ്കുപറ്റുന്ന മധ്യവര്‍ഗ്ഗമാണ് തൊഴിലാളികളെ നയിക്കുന്നത്. സത്യത്തില്‍ ലോകത്തെ എല്ലാ മാറ്റങ്ങളിലും പ്രധാന പങ്കു വഹിച്ചത് മധ്യവര്‍ഗ്ഗക്കാരായിരുന്നു. അതില്‍ അസ്വാഭാവികതയുമില്ല. കാരണം അവര്‍ക്ക് നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ കുറവാണ്. അതേസമയം വിജ്ഞാനത്തിന്റെ ലോകത്തേക്ക് പ്രവേശിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. പക്ഷെ മധ്യവര്‍ഗ്ഗത്തെ മോശക്കാരായി ചിത്രീകരിക്കുകയായിരുന്നു മാര്‍ക്‌സിസ്റ്റുകള്‍ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ഉല്‍പാദനോപകരണങ്ങളും ഉല്‍പ്പാദനശക്തികളുമാണ് മുഖ്യമെന്ന നിലപാടില്‍ നിന്നു തന്നെയാണ് ആ നിഗമനവും രൂപം കൊണ്ടത്. ഭാഷയുടേയും ആശയങ്ങളുടേയും പ്രാധാന്യം തിരിച്ചറിഞ്ഞെങ്കില്‍ അതു സംഭവിക്കുമായിരുന്നില്ല. വിജ്ഞാനാധിഷ്ഠിതമായ ആധുനികകാലത്തും എങ്ങനെയാണ് സംഘടിത വ്യവസായ തൊഴിലാളികള്‍ സമൂഹത്തെ നയിക്കുന്നത്? മാത്രമല്ല, സാമൂഹ്യരൂപീകരണത്തിനു സഹായിക്കുന്ന സത്വബോധം എങ്ങനെയാണ് തൊഴിലാളികള്‍ക്കുണ്ടാകുക? പലരാജ്യങ്ങലില്‍ നിന്നുള്ള അടിമകളുടെ കലാപത്തെ പ്രഭുക്കന്മാര്‍ നേരിട്ടിരുന്നത് തങ്ങളുടെ നാട്ടിലെ അടിമകളെ ഉപയോഗിച്ചായിരുന്നല്ലോ. ദേശീയതയും ഭാഷയുമാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ നഗരങ്ങളില്‍ തൊഴിലാളികളുടെ സംഘടിത ശക്തിയെ തടഞ്ഞിരുന്നത് അവരുടെ ഗ്രാമങ്ങളില്‍ ശക്തമായിരുന്ന ജാതിബോധം സൃഷ്ടിച്ച അകല്‍ച്ചയായിരുന്നു എന്ന് അംബേദ്കര്‍ തന്നെ നിരീക്ഷിച്ചിട്ടുള്ളതായും വേണു ചൂണ്ടികാട്ടി. ചുരുക്കത്തില്‍ ചരിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മറ്റു പല ഘടകങ്ങളേയും പോലെ വര്‍ഗ്ഗസമരത്തിനും പങ്കുണ്ടെങ്കിലും അതാണ് ചരിത്രത്തിന്റെ ചാലകശക്തി എന്ന നിലപാട് ശരിയല്ലെന്നാണ് തന്റെ നിലപാടെന്ന് വേണു ക്രോഡീകരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

3 thoughts on “ചരിത്രഗതിയെ നിര്‍ണ്ണയിക്കുന്നത് വര്‍ഗ്ഗസമരമല്ല – കെ വേണു

  1. Avatar for കെ വേണു

    k.s.radhakrishnan

    മാര്‍ക്സിസം “തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം” ആഹ്വാനം ചെയ്തത്‌ എന്നതിനെ കുറിച്ച് എല്ലാ മൂന്നാം ഇന്റെര്‍ണഷണേല്‍ ബ്രാന്‍ഡ്‌ കമ്മ്യൂനസ്ടുകലും മനസിലാക്കേണ്ട ഒരുകാര്യം ഉണ്ട്. കപട അവബോധത്തില്‍ ആണ് എല്ലാ ബ്രാന്‍ഡ്‌ കമികളും! “സ്റ്റേറ്റ്” എന്ന വാക് negate ചെയാന്‍ ആണ് മാര്‍ക്സ് ആ പ്രയോഗം നടത്തിയത്. അല്ലാതെ നിങ്ങള്‍ ദ്യോതിപ്പികുന്ന അര്‍ഥം അല്ല അതിനു എന്ന് ആദ്യം മനസിലാകുക. ഇത് മനസിലായാല്‍ തന്നെ ഇന്ത്യയിലെ കംമുനിസ്ടുകള്‍ കപട അവബോധികള്‍ എന്ന് മനസിലാകും . ആ അര്‍ത്ഥതില്‍ ഇവിടെ ഉള്ള എക്ല്ല മാര്‍ക്സിസ്റ്റുകളും അയോഗ്യപയലുകള്‍ ആണ് . സാമൂഹ്യ രൂപീകരണം ഉണ്ടാകുന്നതു ഏതെങ്കിലും ഭൌതിക ഘടകം അനിവാര്യം ആണ് . അതിനെ ആണ് വര്‍ഗ സമരം എന്നു പറയുന്നത്. അതുകൊണ്ട് ചാലകശക്തി വര്‍ഗ സമരം തന്നെ ആണ് . എന്നാല്‍ എന്താണ് വര്‍ഗ സമരം , അത് സാമൂഹ്യ നിര്നീതം അല്ല ; സാമൂഹ്യ സ്ഥിത്വം ആണ് എന്നതാണ് വ്യത്യാസം.
    സ്റ്റേറ്റ്നു അടിച്ചമര്‍ത്തല്‍ അതിന്റെ ഒരു ഉദാത്ത കാര്യം ആണ്. പ്രോലെടെര്യന്‍ സര്‍വാധിപത്യം എന്നാല്‍ അത്തരം അടിച്ചമര്തലിനു സാധ്യത ഇല്ലാത്ത ഒരുഘടന ആയിരിക്കും എന്നാണു മാര്‍ക്സ് കണ്ടത്. നിങ്ങള്‍ മൂന്നാം ഇന്റര്‍നാഷനല്‍ കംമുനിസ്ടുകള്‍ അതിനു ഫാഷിസ്റ്റ്‌ ഉള്ളടക്കം നല്‍കി. മാര്‍ക്സിസം ബ്ലാന്കിസം ആക്കി. അതാണ്‌ ഉണ്ടായത്

    • Avatar for കെ വേണു

      k.sradhakrishnan

      ചരിത്രഗതിയെ നിര്‍ണ്ണയിക്കുന്നത് പിന്നെ ‘ധ്യാനം’ ആണോ ?
      നിവര്‍ന്നു നില്‍ക്കാനാരംഭിച്ച മനുഷ്യന്റെ രണ്ടു കൈകളും സ്വതന്ത്രമായപ്പോള്‍ മനുഷ്യന്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാരംഭിച്ചു അതാണ് മാറ്റത്തിനു പ്രേരകമായതു എന്ന് രാക്രിസവും കരുതുന്നു . തന്റെ സര്‍ഗതാമകമായ മനസു കൊണ്ട് ലോകത്തെ മാറ്റി മറിക്കാന്‍ ആകും എന്ന പാഠം മനസിലാക്കി മനുഷ്യന്‍ എന്ന മൃഗം. അങ്ങിനെ ഉല്‍പ്പാദനോപകരണങ്ങള്‍ അവനെ ലോകത്തിന്റെ സൃഷ്ടാവാക്കി . ശരി അല്ലെ.? മനുഷ്യന്‍ എന്നാല്‍ മൃഗം അല്ല . ഒരു സവിശേഷ അവബോധം തലച്ചോറില്‍ ഉണ്ടായ വികസിത മൃഗം ആണ്. ഭാഷ മനുഷ്യന് ജന്മജം ആണ് . ഭാഷ സാമൂഹ്യകതയേ കൂടുതല്‍ കരുത്തുള്ളത് ആക്കി എന്നത് വസ്തുത . മനുഷ്യന്റെ വേര് അവന്‍ തന്നെ എന്ന് മാര്‍ക്സ് അല്ലാതെ ഒരു കംമുനിസ്റ്റും ഇതുവരെ പരെഞ്ഞിട്ടില്ല. പല വ്യക്തിനിഷ്ടതയിലൂടെയും മനുഷ്യന്‍ കലഹിച്ചിരുന്നു. പെണ്ണിന് വേണ്ടി , ആഹാരത്തിനു വേണ്ടി , സ്വോത ബോധം തന്നെ ആയിരുന്നു കാരണം . അതു ദൈവവിശ്വാസം ആയി , ദേശീയത ആയി . ഉലപാദനത്തിലുള്ള മാന്ദ്യം അടിമത്തത്തില്‍ നിന്നും ഫ്യൂഡലിസത്തേക്കും അതില്‍ നിന്ന് മുതലാളിത്തത്തിലേക്കും ലോകതേ മാറ്റി. സ്വോകാര്യ ഉടമസ്തയില്‍ നിന്നും സാമൂഹ്യ ഉടമസ്തതിയിലെകുള്ള മാറ്റം അനിവാര്യമാണ് അതാണ്‌ socialism എന്നാല്‍ ബ്രയിനില്‍ കൂടുതല്‍ മെറ്റാ ചിന്തകള്‍ ഉള്ളവര്‍ ആണ് സമൂഹത്തിന്റെ നേതാവ് ആകുക . അല്ലാതെ ഇന്നവര്‍ഗം ആണ് എന്നത് നിര്നീത വാദം ആയി .ഉല്‍പാദനോപകരണങ്ങളും ഉല്‍പ്പാദനശക്തികളുമാണ് സാമൂഹ്യ ക്രമത്തെ ഉണ്ടാകുന്നതു . ആശയങ്ങളുടെ പ്രാധാന്യം ഈ മാക്രികള്‍ ഇവിടെ ചര്‍ച്ചയിലും തിരിച്ചരിയുനില്ല എന്നതു വ്യക്തം അല്ലെ ? ജിന്ഗോയിസം ആണ് കംമുനിസ്റ്റിനെ ബാധിക്കുന്ന മൌലിക സൂഖകേട്‌. കൂടുതല്‍ അറിയാന്‍ എന്‍റെപുസ്തകം തന്നെ വായിക്കണം.

  2. I have read with interest what is written by mr.venu, and very happy to note that I am completely floored by the in depth analysis explained in simple but clear vision.
    In spite of difference of opinion in certain points projected by him.some Grey areas exists in the world history. So keeping aside those I express my deep appreciation for your scholarly efforts in giving this condensed compendium.

Leave a Reply