തൃപ്തി ത്യാഗി ഒരു മിത്തല്ല : കെ.പി ഹാരിസ്

ആ കുട്ടിയുടെ കണ്ണുനീര്‍ത്തുള്ളികള്‍ ഒരു അഗ്‌നിഗോളമായി ആ അധ്യാപികയെ വിഴുങ്ങിയാല്‍ അത്ഭുതപ്പെടാന്‍ കഴിയാത്ത വിധം പ്രകൃതി പോലും കോപിച്ചിട്ടുണ്ടാവില്ലേ? അക്ഷരം പകര്‍ന്നു കൊടുക്കേണ്ട സ്‌നേഹത്തിന്റെ സൗഹാര്‍ദത്തിന്റെ വരികള്‍ ചൊല്ലി പഠിപ്പിക്കേണ്ട നാവിന്‍ തുമ്പില്‍ നിന്ന് അപരവിദ്വോശത്തിന്റെ വായ്‌മൊഴികള്‍ പ്രസരിക്കുന്നത് എന്തുകൊണ്ടാണ്?.

തൃപ്തി ത്യാഗി എന്ന സ്ത്രീ അധ്യാപിക തന്റെ ക്ലാസ് റൂമില്‍ ഇരുന്നുകൊണ്ട് ഒരു മുസ്ലിം വിദ്യാര്‍ഥിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുന്നു. സഹ വിദ്യാര്‍ത്ഥികളായ ഹിന്ദു കുട്ടികളെക്കൊണ്ട് മുസ്ലിമായ ആ വിദ്യാര്‍ത്ഥിയുടെ മുഖത്തടിക്കാന്‍ പറയുന്നു. തന്റെ കൂട്ടുകാരന്റെ മുഖത്തടിക്കുന്നതില്‍ പ്രയാസം അനുഭവിക്കുന്നത് കൊണ്ടോ എന്തോ ചില കുട്ടികളുടെ അടികള്‍ക്ക് ശക്തി ഉണ്ടായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ അധ്യാപിക ആക്രോശിക്കുന്നു. അടിയുടെ ശക്തി പോരാ കുറച്ചു കൂടി ശക്തിയില്‍ ആഞ്ഞടിക്കുക. വിദ്യാര്‍ഥികള്‍ അനുസരിക്കുന്നു. തന്റെ ക്ലാസിലുള്ള കുട്ടികള്‍ ഓരോരുത്തരായി വന്ന് ആ മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്തടിക്കുന്നു. അധ്യാപിക ആനന്ദനൃത്തം ചവിട്ടുന്നു. വീണ്ടും ആ സ്ത്രീ അധ്യാപിക ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇങ്ങനെ നിങ്ങളുടെ സുഹൃത്തുക്കളായ മുസ്ലിം കുട്ടികളെ അടിക്കണമെന്ന് അതാണ് സനാതനധര്‍മ്മം എന്ന് അവരെ പഠിപ്പിക്കുന്നു.

യോഗി ആദിത്യ നാഥിന്റെ യുപിയിലെ നോഹ എന്ന ഗ്രാമപഞ്ചായത്തിലെ ഒരു പബ്ലിക് സ്‌കൂളില്‍ നടന്ന ദുരന്തത്തിന്റെ വാര്‍ത്തയാണ് നാം അറിഞ്ഞത്. അക്ഷരം പഠിക്കാന്‍ വന്ന ആ മുസ്ലിം വിദ്യാര്‍ഥിക്ക് ഏല്‍ക്കേണ്ടിവന്ന അപമാനത്തിന്റെ ഭാരം അധ്യാപിക മനസ്സിലാകുമോ? ആ കുട്ടിയുടെ കണ്ണുനീര്‍ത്തുള്ളികള്‍ ഒരു അഗ്‌നിഗോളമായി ആ അധ്യാപികയെ വിഴുങ്ങിയാല്‍ അത്ഭുതപ്പെടാന്‍ കഴിയാത്ത വിധം പ്രകൃതി പോലും കോപിച്ചിട്ടുണ്ടാവില്ലേ? അക്ഷരം പകര്‍ന്നു കൊടുക്കേണ്ട സ്‌നേഹത്തിന്റെ സൗഹാര്‍ദത്തിന്റെ വരികള്‍ ചൊല്ലി പഠിപ്പിക്കേണ്ട നാവിന്‍ തുമ്പില്‍ നിന്ന് അപരവിദ്വോശത്തിന്റെ വായ്‌മൊഴികള്‍ പ്രസരിക്കുന്നത് എന്തുകൊണ്ടാണ്?. ഈ അധ്യാപിക പഠിപ്പിച്ചു പുറത്തുവിടുന്ന വിദ്യാര്‍ത്ഥികള്‍ ഈ നാട്ടിലുള്ള മനുഷ്യരെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ? മണിപ്പൂരില്‍ യുവതികളെ നഗ്‌നയാക്കി നടത്തിച്ചത് ഇത്തരം അധ്യാപികമാരുടെ ക്ലാസ്സില്‍ ഇരുന്ന വിദ്യാര്‍ഥികള്‍ ആയിരിക്കുമല്ലോ?.

കാല്‍പ്പാദം മുതല്‍ മൂര്‍ദ്ധാവ് വരെ വിദ്വേഷം പേറുന്ന ഒരു ജന്മം അധ്യാപികയുടെ കുപ്പായം ധരിച്ച് വിദ്യാര്‍ഥികള്‍ക്ക് വിഷം പകര്‍ന്നു നല്‍കുന്നു. വെറുപ്പിന്റെ വൃണം പൊട്ടിയൊലിച്ച് കുട്ടികളിലേക്ക് വ്യാപിക്കുന്നു. പുതിയ ഇന്ത്യയിലെ ഹനുമാന്‍ രാക്ഷസസേനകളെ സൃഷ്ടിക്കാന്‍ ഈ അധ്യാപികക്ക് പ്രചോദനം എന്താണ്? പ്രചോദനം മറ്റൊന്നുമല്ല, ഹിന്ദുത്വ ഭീകര പ്രത്യയശാസ്ത്രത്തിന്റെ പാഠശാലയില്‍ നിന്ന് പുറത്തിറങ്ങുന്ന ഏതു മനുഷ്യനും എത്തിപ്പെടുന്ന ഒരു മാനസികാവസ്ഥയ്ക്ക് അപ്പുറം ഒന്നും ഈ അധ്യാപിക എത്തിയിട്ടില്ല എന്ന് നമുക്കറിയാം. അവര്‍ ഒരു സ്ത്രീയാണ് അതോടൊപ്പം അധ്യാപികയുമാണ്, പക്ഷേ അതെല്ലാം റദ്ദ് ചെയ്യപ്പെടും നിങ്ങള്‍ ഒരു ഹിന്ദുത്വയുടെ വക്താവ് ആവുകയാണെങ്കില്‍. കാരണം നിങ്ങളിലെ മനുഷ്യന്‍ മരിക്കുകയും മനുവിലെ പുതിയ രാക്ഷസന്‍ ജന്മംകൊള്ളുകയും ചെയ്യും എന്നര്‍ഥം.

ഹിന്ദുത്വ ഭീകര പ്രത്യയശാസ്ത്രം ഒരു അധ്യാപികയായ സ്ത്രീയെ ഇത്രമാത്രം മാറ്റി തീര്‍ക്കുന്നുവെങ്കില്‍ ആ പ്രത്യയശാസ്ത്രത്തിന്റെ ശക്തി നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ഗാലന്‍ കണക്കിന് വെറുപ്പു ഉല്‍പാദിപ്പിച്ച് അപര മനുഷ്യരെ കൊന്ന് തള്ളുന്ന ഒരു പ്രത്യയശാസ്ത്രം പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടില്ല എന്നര്‍ത്ഥം. ചന്ദ്രയാന്‍ ദൗത്യത്തില്‍ ഒറ്റ ജനതയായി നാം അഭിമാനിക്കുമ്പോഴും ഒരു നാട്ടിലെ ചില ജന്മങ്ങള്‍ ഈ രാജ്യത്തില്‍ ജീവിക്കേണ്ടവരല്ല എന്ന ആക്രോശമാണ് നാം കേള്‍ക്കുന്നത്. മുഖത്തടിയേറ്റ ആ വിദ്യാര്‍ത്ഥി ഏത് ചന്ദ്രനെ നോക്കിയാണ്, ഏത് ആകാശത്തെ നോക്കിയാണ് ഭാവിയിലേക്ക് യാത്ര ചെയ്യേണ്ടത്. അപമാനഭാരത്താല്‍ മുഖം താണുപോയ ആ വിദ്യാര്‍ത്ഥിയോട് നാം എങ്ങനെയാണ് ക്ഷമ ചോദിക്കുക? അടിക്കാന്‍ നിര്‍ബന്ധിതരായ ആ വിദ്യാര്‍ത്ഥികളില്‍ കുത്തിവെച്ച വിഷം ഏത് വിഷ സംഹാരി കൊണ്ടാണ് നമുക്ക് നീക്കം ചെയ്യാന്‍ സാധിക്കുക?

അല്ലെങ്കിലും നമ്മള്‍ എന്തിനാണ് ഇത്ര ആത്മരോഷം കൊള്ളുന്നത്. ഹിംസ നമ്മുടെ രാജ്യത്തിന്റെ പൈതൃകമായി മാറിയിരിക്കുന്നു. വെറുപ്പ് ദേശീയ മുദ്രാവാക്യമായി മാറിയിട്ട് വര്‍ഷങ്ങളായി. ഇവിടെ കാശ്മീര്‍ ഫയല്‍സ് എന്ന നാലാംകിട വിദ്വേഷ സിനിമക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുന്നു. നാളെ രാഷ്ട്രപതിയുടെ ഏറ്റവും നല്ല അധ്യാപികക്കുള്ള ദേശീയ അവാര്‍ഡിന് ഈ സ്ത്രീയും അര്‍ഹയാവില്ല എന്ന് നമുക്ക് പറയാന്‍ കഴിയില്ല .ഇത്തരത്തിലുള്ള ഒരു ദുരന്തത്തിന് നാളെ സാക്ഷിയാ വേണ്ടിവരും എന്നുള്ള യാഥാര്‍ത്യമാണ് പുതിയ ഇന്ത്യയുടെ യാത്ര നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അതാണ് പുതിയ ഇന്ത്യ എന്നര്‍ഥം. ഉയര്‍ന്ന ജാതിക്കാരന്റെ കിണറില്‍ നിന്ന് വെള്ളം കോരി കുടിച്ചതിന് ദളിതനായ ഒരു ബാലനെ തല്ലിക്കൊന്ന നാട്, ദളിതനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബ്രാഹ്മണന്‍ നീണാള്‍ വാഴുന്ന നാട്. സവര്‍ണ്ണ ബ്രാഹ്മണ്യത്തിന്റെ പുഴുത്ത് നാറിയ ജാതിബോധത്തില്‍ അപര ജന്മങ്ങളായ മുസ്ലിം വിദ്യാര്‍ത്ഥിക്കും മറ്റൊരു ജീവിതവും പ്രതീക്ഷിക്കേണ്ടതില്ല എന്നര്‍ത്ഥം. കേരളീയരായ നാമെല്ലാവരുംഓണം ആഘോഷിക്കുകയാണ്.

ചവിട്ടിത്താഴ്ത്തിയവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും തിരിച്ചുവരവ് സ്വപ്നം കാണുന്ന പ്രതീക്ഷയാണ് ഓണം പങ്കുവെക്കുന്ന സങ്കല്പം. ആ സങ്കല്പത്തിലേക്ക് എത്താന്‍ ഇനിയും എത്ര കാതം ദൂരത്താണ് നാം ഉള്ളത്? അല്ല നാം പിറകോട്ടാണോ സഞ്ചരിക്കുന്നത് എന്ന ചോദ്യമാണ് യുപിയില്‍നിന്നുംകേള്‍ക്കുന്ന വാര്‍ത്തകള്‍.കേരളത്തിലെ ഒരു സ്ത്രീ അധ്യാപിക ക്ലാസ്സ് റൂമില്‍ നിന്ന് വിഷം ചീറ്റാന്‍ കഴിയാത്തതിനാല്‍ പുറത്ത് വന്ന് വിഷം ചീറ്റിയപ്പോള്‍ ഫഹദ് എന്ന പിഞ്ചു ബാലനെ കഴുത്തറത്ത് കൊന്നിരുന്നു എന്ന വാര്‍ത്ത നാം മറന്നിട്ടില്ല എങ്കില്‍ കേരളത്തിലെയും യു.പിയിലെയും ഈ രണ്ട് ടീച്ചര്‍മാരും മിത്തല്ല എന്നെങ്കിലും നാം അറിയേണ്ടതാണ്. അതിനാല്‍ ഇത്തരം വിഷപാമ്പുകള്‍ ഇനിയും മാളത്തില്‍ ഒളിച്ചിരിപ്പുണ്ട് എന്ന പാഠമെങ്കിലും തിരിച്ചറിയാന്‍ സാധിക്കുന്നിടത്ത് മാത്രമെ നമ്മുടെ രോഷത്തിന് പോലും പ്രസക്തിയുള്ളൂ

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply