ഇസ്ലാമോഫോബിയയെ രാഷ്ട്രീയ ആയുധമാക്കി സിപിഎം

ഇടത് എന്നവകാശപ്പെടുന്നവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അരാഷ്ട്രീയവത്ക്കരണം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും ഓഫീസുകള്‍പോലും സ്വര്‍ണ്ണക്കടത്തുകാരും ഹവാല കമ്മീഷന്‍, കൈക്കൂലി ഇടപാടുകാരും കണ്‍സള്‍ട്ടന്‍സി നോമിനികളുമെല്ലാം താവളമാക്കിയിരിക്കുന്നു. അപമാനകരമായ ഈ തുറന്നുകാട്ടപ്പെടലിന് അടിത്തറയൊരുക്കുന്ന നവലിബറലിസത്തിനും കോര്‍പ്പറേറ്റ് വത്ക്കരണത്തിനുമെതിരെ മികച്ചൊരു ബദലും മുന്നോട്ടുവെക്കാനില്ലാത്ത കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുഡിഎഫിനെ നിഷ്പ്രഭമാക്കുന്ന വിഷലിപ്തവും ഹീനവുമായ കാമ്പയിനാണ് സിപിഎം തദ്ദേശഭരണത്തില്‍ എടുത്തു പ്രയോഗിച്ചതും ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി വര്‍ദ്ധിത വീര്യത്തോടെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതും.

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത വിജയത്തിന്റെ ആവേശത്തില്‍ ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണല്ലോ സിപിഎം ഏര്‍പ്പെട്ടിരിക്കുന്നത്. കേരള ചരിത്രത്തിലെ ഒരു സര്‍ക്കാരും അഭിമുഖീകരിച്ചിട്ടില്ലാത്ത വിധം ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയമായിട്ടും, തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തള്ളി നേട്ടംകൊയ്യാന്‍ എല്‍ഡിഎഫിന് കഴിഞ്ഞത് തീര്‍ച്ചയായും അവഗണിച്ചു തള്ളാവുന്നതല്ല. ആഗോള കോര്‍പ്പറേറ്റുകളേയും അവരുടെ ഇടനിലക്കാരും ബിനാമികളുമായ ബഹുരാഷ്ട്ര – കണ്‍സള്‍ട്ടന്‍സികളേയും സംസ്ഥാനത്ത് കയറൂരിവിട്ട് ‘നവകേരള’ ത്തിന്റെ ആദ്യഘട്ടം പിന്നിട്ടുവെന്നാണ് സര്‍ക്കാരും സിപിഎം ഉം അവകാശപ്പെടുന്നത്. അതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട 600 പരിപാടികളില്‍ 570-ഉം പൂര്‍ത്തിയാക്കിയെന്നുമാണ് തദ്ദേശ തെരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് സംഘടിപ്പിച്ച ‘കേരള പര്യടന’ പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഊന്നിപ്പറഞ്ഞിട്ടുള്ളത്. അതിന്റെ ഭാഗമായി തുറമുഖങ്ങള്‍, വിമാനത്താവളം, നാഷണല്‍ ഹൈവേ, ഗെയ്ല്‍ പദ്ധതി, ഗതാഗതം, ഊര്‍ജ്ജം, വിദ്യാഭ്യാസം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം വന്‍കിട കോര്‍പ്പറേറ്റുകളില്‍ നിക്ഷിപ്തമാകുകയും മര്‍ദ്ദിതരായ ദളിത്-ആദിവാസി ജനവിഭാഗങ്ങള്‍, ഭൂരഹിതരും പാര്‍പ്പിടരഹിതരുമായ പാര്‍ശ്വവല്‍കൃതര്‍, അസംഘടിത തൊഴിലാളികള്‍ തുടങ്ങിയവര്‍ കൂടുതല്‍ കൂടുതലായി അന്യവത്ക്കരിക്കപ്പെടുന്ന വിഷയങ്ങള്‍ തമസ്‌കരിക്കുകയും ചെയ്തിരിക്കുന്നു.

തീര്‍ച്ചയായും, കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന തീവ്ര വലതു നയങ്ങള്‍ മാതൃകാപരമായി കേരളത്തില്‍ നടപ്പാക്കുന്ന പിണറായി സര്‍ക്കാര്‍ (ഇതിന് കേന്ദ്രത്തില്‍ നിന്നും സംഘി നേതാക്കളുടെ പ്രശംസ മുറപോലെ കിട്ടുന്നുണ്ട്), വമ്പിച്ച പ്രചരണ ഘോഷങ്ങളോടെ ക്ഷേമപെന്‍ഷനുകളും, ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തത് കോവിഡ് കാലത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റുന്നതില്‍ ഒരു ഘടകമായി എന്നത് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. എന്നാല്‍ ഇത് സര്‍ക്കാരില്‍ നിക്ഷിപ്തമായഒരു കടമ എന്നതിനു പകരം പിണറായി സര്‍ക്കാരിന്റെ മഹാമനസ്‌കതയുടെയും ഔദാര്യത്തിന്റെയും ഭാഗമായി ചിത്രീകരിക്കാനും അതുവഴി ജനങ്ങളെ അരാഷ്ട്രീയവത്ക്കരിച്ച് വിധേയരാക്കാനുമാണ് പ്രചരണം നടത്തുന്നത്. പിണറായി സര്‍ക്കാരിനേക്കാള്‍ മെച്ചപ്പെട്ട ‘കിറ്റുകള്‍’ വിതരണം ചെയ്ത കിഴക്കമ്പലത്തെ കിറ്റെക്‌സ് മുതലാളി ഒന്നിനു പകരം നാലു പഞ്ചായത്തുകളുടെ ഭരണം പിടിച്ചത് ‘കിറ്റി’ന്റെ രാഷ്ട്രീയം തിരിച്ചറിയുന്നതിനു സഹായകരമാകും. സമ്പദ്ഘടനയുടേയും ജനങ്ങളുടെ നികുതിപ്പണത്തിന്റെയും നിയന്ത്രണമുള്ള ഭരണകൂടത്തിന് വിതരണം ചെയ്യാന്‍ കഴിഞ്ഞതെക്കാള്‍ മെച്ചപ്പെട്ട ‘കിറ്റ് വിതരണ’ ത്തിനു കഴിയുമെന്നാണ് സര്‍ക്കാരിലേക്കു കൊടു ക്കേണ്ടതായിട്ടുള്ള നികുതിപ്പണം (സിഎസ്ആര്‍ ഫണ്ട്) നേരിട്ടു കൈകാര്യം ചെയ്യുന്ന കിറ്റക്‌സ് മുതലാളി തെളിയിക്കുന്നത്. ഇപ്രകാരം രാഷ്ട്രീയാധികാരം കോര്‍പറേറ്റുകള്‍ കൈയാളുന്ന ‘കോര്‍പ്പറേറ്റോക്രസി’യുടെ ഒരു സൂക്ഷ്മ രൂപമാണ് കിഴക്കമ്പലത്തേത്. ഇക്കാര്യത്തില്‍, കിറ്റെക്‌സ് മുതലാളിക്കൊപ്പം എത്താനാവാത്തതാണ് സംസ്ഥാന ഭരണം നയിക്കുന്നവര്‍ കിഴക്കമ്പലത്ത് പരാജയപ്പെടുന്നതിനു കാരണം. വാസ്തവത്തില്‍, സര്‍ക്കാര്‍ എന്ന ഇടനിലക്കാരന്‍ ആവശ്യമില്ലെന്നും ‘വികസനം’ കോര്‍പ്പറേറ്റുകളെ ഏല്പിച്ചാല്‍ മതിയെന്നുമുള്ള നവ ലിബറലിസത്തിന്റെ അടിസ്ഥാനമായ അരാഷ്ട്രീയവത്ക്കരണവും പ്രത്യയശാസ്ത്ര നിരപേക്ഷതയുമാണ് ട്വന്റി-20 മുന്നോട്ടുവെയ്ക്കുന്നത്. അതേസമയം, ‘കോര്‍പ്പറേറ്റ് സഹായി’ (corporate facilitator) എന്ന ഇടനിലക്കാരന്റെ പങ്ക് തങ്ങള്‍ നിര്‍വ്വഹിച്ചു കൊള്ളാമെന്നതാണ് മോദി -പിണറായി സര്‍ക്കാരുകള്‍ മുന്നോട്ട് വെയ്ക്കുന്ന നിലപാട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇപ്രകാരം, ഇടത് എന്നവകാശപ്പെടുന്നവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അരാഷ്ട്രീയവത്ക്കരണം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍, മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും ഓഫീസുകള്‍പോലും സ്വര്‍ണ്ണക്കടത്തുകാരും ഹവാല കമ്മീഷന്‍, കൈക്കൂലി ഇടപാടുകാരും കണ്‍സള്‍ട്ടന്‍സി നോമിനികളുമെല്ലാം താവളമാക്കിയിരിക്കുന്നു. അപമാനകരമായ ഈ തുറന്നുകാട്ടപ്പെടലിന് അടിത്തറയൊരുക്കുന്ന നവലിബറലിസത്തിനും കോര്‍പ്പറേറ്റ് വത്ക്കരണത്തിനുമെതിരെ മികച്ചൊരു ബദലും മുന്നോട്ടുവെക്കാനില്ലാത്ത കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുഡിഎഫിനെ നിഷ്പ്രഭമാക്കുന്ന വിഷലിപ്തവും ഹീനവുമായ കാമ്പയിനാണ് സിപിഎം തദ്ദേശഭരണത്തില്‍ എടുത്തു പ്രയോഗിച്ചതും ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി വര്‍ദ്ധിത വീര്യത്തോടെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നതും. അടിസ്ഥാന സാമ്പത്തിക നയങ്ങളിലോ, സാമൂഹിക നിലപാടുകളിലോ വിയോജിപ്പുകളില്ലാത്തതും സംസ്ഥാനഭരണം പിടിക്കാന്‍ സാദ്ധ്യതയുള്ളതുമായ കോണ്‍ഗ്രസ്സിനെ കേരളത്തില്‍ അപ്രസക്തമാക്കിക്കൊണ്ടേ ഭരണത്തുടര്‍ച്ചയെന്ന താല്‍ക്കാലിക ലക്ഷ്യം നേടാനാവൂ എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ബിജെപിയോട് സിപിഎം എടുത്തുപോരുന്ന മൃദുസമീപനവും തജ്ജന്യമായ സംഘിവല്‍കരണവും സുവ്യക്തമാണ്. ഇക്കാര്യത്തില്‍, രൂപത്തില്‍ വ്യത്യസ്തതകളുണ്ടെങ്കിലും, അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് തുടര്‍ന്നു പോന്നിട്ടുള്ള മൃദു ഹിന്ദുത്വ സമീപനമാണ് കേരളത്തിന്റെ സവിശേഷതകള്‍ക്കനുസൃതമായി സിപിഎം ഉം സ്വീകരിച്ചിട്ടുള്ളത്. അതായത്, ബംഗാളില്‍ മമതയെ മുഖ്യശത്രുവായി കാണുന്ന സിപിഎം അവിടെ .കോണ്‍ഗ്രസുമായി ഐക്യപ്പെട്ടും കേരളത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ത്തും ബിജെപിക്ക് രാജപാതയൊരുന്നതാണ് ഇപ്പോഴത്തെ കേരള യാഥാര്‍ത്ഥ്യം. ബംഗാളില്‍ മൂന്നര ദശാബ്ദക്കാലത്തെ സിപിഎം ഭരണമാണ് അവിടെ ബിജെപി യെ പ്രബല ശക്തിയാക്കിയതെങ്കില്‍, ഇപ്പോഴത്തെ പ്രവണതകള്‍ നിര്‍ബാധം തുടരുന്ന പക്ഷം, കേരളം ആ ദുരവസ്ഥയിലേക്കെത്താന്‍ അത്രയും കാലം വേണ്ടി വരില്ലെന്ന് കരുതാവുന്നതാണ്.

തദ്ദേശ തെരഞ്ഞെടുപ്പു കാമ്പയിനിലും അതിനുശേഷവും സിപിഎം എടുത്തുപോരുന്ന രാഷ്ട്രീയ കാമ്പയിനിന്റെ തനിനിറം പരിശോധിച്ചാല്‍ ഇതു ബോധ്യമാവും. കോണ്‍ഗ്രസ്സ് നയിക്കുന്ന മുന്നണി പ്രതിനിധീകരിക്കുന്നത് ഇസ്ലാമിക താല്പര്യങ്ങളെയാണ് എന്നര്‍ത്ഥം വരുന്നവിധം കേരളം ഭരിക്കാന്‍ പോകുന്നത് കുഞ്ഞാലിക്കുട്ടിയും, ഹസനും മറ്റു മുസ്ലീം നാമധാരികളുമാണെന്ന, അതുമല്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ മുസ്ലീംലീഗാണ് തീരുമാനിക്കുന്നതെന്ന തരത്തിലുള്ള പ്രസ്താവനകള്‍ മുസ്ലീവിരുദ്ധ വോട്ടുബാങ്കുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ള താല്കാലിക അജണ്ടയുടെ ഭാഗമാണെന്നു വ്യാഖ്യാനിക്കാമെങ്കിലും സ്ഥൂല (ആഗോള – അഖിലേന്ത്യാ ) തലത്തില്‍ പ്രക്ഷേപിക്കപ്പെടുന്ന ‘ഇസ്ലാമോഫോബിയ’ തന്നെയാണ് സിപിഎം ഏറ്റവും ഹീനമായി ഉപയോഗപ്പെടുത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട സുന്നി സമുദായ സംഘടനകള്‍ക്കിടയിലെ വൈരുദ്ധ്യങ്ങള്‍ കൊലപാതങ്ങളിലേക്കെത്തിയ വേളയില്‍, മുമ്പൊരിക്കലും വ്യാഖ്യാനിക്കാത്ത വിധം, അത് മുസ്ലീംലീഗിന്റെ ‘താലിബാനിസം’ ആണെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം വിശദീകരിക്കുമ്പോള്‍ ഇസ്ലാമോഫോബിയ തന്നെയാണ് അരക്കിട്ടുറപ്പിക്കുന്നത്.

വാസ്തവത്തില്‍, ബിജെപിയോടൊപ്പം ഹിന്ദുവോട്ടുകള്‍ സമാഹരിക്കുന്നതിനു മാത്രമല്ല, മധ്യതിരുവിതാംകൂറിലെ സവര്‍ണ്ണ ക്രിസ്ത്യന്‍ വോട്ടുകള്‍ അനുകൂലമാക്കുന്നതിന്റെ ഭാഗമായി മുമ്പു ‘അഴിമതിയുടെ ആള്‍രൂപ’മെന്നു വിശേഷിപ്പിച്ച ‘മാണി കേരള’യുമായി സിപിഎം ഉണ്ടാക്കിയിട്ടുള്ള ബാന്ധവത്തിലും ‘ഇസ്ലാമോഫോബിയ’ യുടെ അനുരണങ്ങള്‍ കാണാം. വസ്തുതകളുടെ യാതൊരു പിന്‍ബലവുമില്ലാത്ത’ലൗജിഹാദ്’ സവര്‍ണ്ണ കത്തോലിക്ക വിഭാഗം വീണ്ടും വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നത് കേന്ദ്രഭരണം നിയന്ത്രിക്കുന്ന ആര്‍എസ്എസ്സിനെ പ്രീണിപ്പിച്ച് സങ്കുചിത, നിക്ഷിപ്ത സാമ്പത്തിക താല്പര്യങ്ങള്‍ നേടിയെടുക്കുന്നതിനാണെന്ന് എടുത്തുപറയേണ്ടതില്ല. അടുത്ത കാലത്ത്, മുസ്ലീം സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ള സിപിഎംന്റെ പ്രസ്താവനകള്‍ പ്രധാനമായും സവര്‍ണ കത്തോലിക്കാ മത നേതൃത്വം ആത്മീയ ശക്തിയായിട്ടുള്ള കേരള കോണ്‍ഗ്രസുമായി ഉണ്ടാക്കിയിട്ടുള്ള അവിഹിത ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്. ഈ വിഭാഗത്തിന്റെ ഭൂമാഫിയ കച്ചവട താല്പര്യങ്ങള്‍ സേവിക്കുന്നതോടൊപ്പം എയ്ഡഡ് കോളേജുകളില്‍ വന്‍തോതില്‍ അധ്യാപക നിയമനത്തിനുള്ള അവസരവും തുറന്നുകൊടുത്തിരിക്കുന്നു. അതേസമയം സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ഈ മേഖലയില്‍ ഭരണഘടനാപരമായ പട്ടിക ജാതി സംവരണം നടപ്പാക്കാതിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ആദിവാസി – ദളിത് ജനവിഭാഗങ്ങളെ പാര്‍ശ്വവല്‍കരിച്ചതില്‍ നിര്‍ണായക പങ്കുള്ള കത്തോലിക്കാ മത നേതൃത്വത്തെയും അതുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് മാഫിയ ശക്തികളെയും കയ്യിലെടുക്കുന്നതിന്റെ ഭാഗമായാണ്, എല്ലാ സവര്‍ണ്ണ വിഭാഗങ്ങളും-കോണ്‍ഗ്രസ്, സിപിഎം, ബിജെപി ഭരണവര്‍ഗ്ഗ /മുന്നണികളും ഒന്നടങ്കം സ്വാഗതം ചെയ്ത സവര്‍ണ്ണ സംവരണം പിണറായി സര്‍ക്കാര്‍ നടപ്പാക്കി കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് തന്നെ മാതൃകയായത്. ചുരുക്കത്തില്‍, മര്‍ദ്ദിതരായ ദളിത് – മുസ്ലീം ജനതയോട് സംഘപരിവാറിനുള്ള സമീപനത്തില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല കേരളത്തില്‍ സിപിഎമ്മിന്റെ സമീപനവും.

അപ്രകാരം, കേരളത്തില്‍ ഭരണതുടര്‍ച്ച ഉറപ്പാക്കുന്ന പ്രക്രിയയില്‍ എല്ലാ പിന്തിരിപ്പന്‍ ശക്തികളെയും പ്രോത്സാഹിപ്പിക്കുയും കോണ്‍ഗ്രസ്സിനെക്കാള്‍ പ്രാമുഖ്യം ബിജെപിക്കു നല്‍കി കുറഞ്ഞ പക്ഷം ബംഗാളിലും ത്രിപുരയിലും അരങ്ങേറിയ പ്രതിലോമ പ്രവണത കേരളത്തില്‍ ഒരുക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട ഏതാനും ഘടകങ്ങളാണ് മേല്‍സൂചിപ്പിച്ചത്. മോദി നയിക്കുന്ന കോര്‍പ്പറേറ്റ്-ഫാസിസ്റ്റ് ഭരണം രാജ്യത്തിന്റെ സമസ്ത മേഖലകളും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ തുടര്‍ച്ചയായി കേരളത്തില്‍ വിശ്വസ്തതയോടെ പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന കാര്യം ആമുഖമായി സൂചിപ്പിക്കുകയുണ്ടായി. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കാന്‍ ഉദ്ദേശിക്കുന്നില്ല, മേല്‍ സൂചിപ്പിച്ചതു പോലെ, സവര്‍ണ്ണ ക്രിസ്ത്യന്‍-നായര്‍ പ്രമാണിമാര്‍ നടത്തുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ ഭരണാഘടനാപരമായ ജാതി സംവരണം നടപ്പാക്കാതിരിക്കല്‍, ജാതി സംവരണത്തിന്റെ അന്തഃസത്തക്കെതിരായ സവര്‍ണ്ണസംവരണം അടിച്ചേല്‍പ്പിക്കല്‍, വ്യാജരേഖ ചമച്ച് സംസ്ഥാനത്തെ അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന വിദേശ ഭൂമാഫിയക്ക് വിടുപണി ചെയ്യല്‍, മുസ്ലീം ജനവിഭാഗത്തെ അപരവല്‍ക്കരിക്കും വിധം വിദഗ്ധമായി ഇസ്ലാമോഫോബിയ പ്രയോഗിക്കല്‍, ദളിത്-മര്‍ദ്ദിത വിഭാഗങ്ങളിലെ കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസുകളില്‍ തെളിവു നശിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റം നല്‍കി ആദരിക്കല്‍, നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ പോലും പരിസ്ഥിതി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് കോര്‍പ്പറേറ്റ് ക്വാറി മാഫിയകള്‍ക്ക് പ്രോത്സാഹനം നല്‍കല്‍, സിപിഎം കേന്ദ്ര നേതൃത്വം എതിര്‍ക്കുന്ന യുഎപിഎ കരിനിയമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും മേല്‍ പ്രയോഗിക്കല്‍, സംഘപരിവാര്‍ ശക്തികള്‍ പ്രതിസ്ഥാനത്ത് വരുന്ന രാജ്യദ്രോഹ സ്വഭാവമുള്ള കേസുകളില്‍ (ഉദാഹരണം കള്ളനോട്ടടി) പോലും അന്വേഷണം നടത്താതിരിക്കല്‍, ‘മാവോയിസ്റ്റ് ഭീഷണി’ ആരോപിച്ചുള്ള തുടര്‍ച്ചയായ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, പോലീസിന്റേയും ഭരണത്തിന്റേയും ഒട്ടുമൊത്തത്തിലുള്ള സംഘിവല്‍ക്കരണം തുടങ്ങി പിണറായി സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളും നടപടികളും കോര്‍പ്പറേറ്റ് വല്‍ക്കരണത്തോടൊപ്പം കേരളത്തിന്റെ സംഘിവല്‍ക്കരണത്തിന് ഗതിവേഗം നല്‍കുന്നതാണ്.

ഇതിന്റെ ഭാഗമായി ഇപ്പോള്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിന്റെ കാര്യത്തിലടക്കം മോദി സര്‍ക്കാരിന്റെ തീവ്ര വലതു-കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ ചില ചിട്ടപ്പടി സമരമൊഴിച്ചാല്‍, ഫലപ്രദമായ ഒരു പ്രതിഷേധവും സിപിഎം കേരളത്തില്‍ നടപ്പാക്കുന്നില്ല. തീര്‍ച്ചയായും, മോദി സര്‍ക്കാരിനെതിരായ സമരം അംബാനിക്കും അദാനിക്കും എതിരായി കര്‍ഷകര്‍ തിരിച്ചുവിട്ടിരിക്കുമ്പോള്‍, വികസനത്തിന്റെ പേരില്‍ കേരളത്തില്‍ ഇവര്‍ക്ക് ചുവപ്പു പരവതാനി വിരിച്ചുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിന് കര്‍ഷകനിലപാടിനൊപ്പം നില്‍ക്കാനാവില്ലെന്നു വ്യക്തമാണ്. ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിലേക്കുള്ള സിപിഎം ന്റെ പതനവും അതുമായി ബന്ധപ്പെട്ട ജീര്‍ണ്ണതയും സ്വര്‍ണ്ണക്കടത്ത്, ഹവാല സംഘങ്ങള്‍ വരെ ഭരണ സിരാകേന്ദ്രവുമായി ഇടപഴകുന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. തന്നിമിത്തം, കഴിഞ്ഞ നിരവധി മാസങ്ങളായി സംസ്ഥാനത്തെ ഉന്നത ബ്യൂറോക്രസിയും രാഷ്ട്രീയ നേതൃത്വവുമായി ബന്ധപ്പെട്ടവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരന്തരം അന്വേഷണത്തിനും ചോദ്യം ചെയ്യലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഭരണത്തുടര്‍ച്ച സ്വപ്നം കാണുന്ന സി പി എം നെ സംബന്ധിച്ചിടത്തോളം ആര്‍എസ് എസ് നയിക്കുന്ന കേന്ദ്ര ഭരണത്തെ അലോസരപ്പെടുത്തുന്ന സമര പരിപാടികളൊന്നും സാധ്യമല്ലെന്ന സ്ഥിതിയില്‍ എത്തിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ കര്‍ഷക മാരണ നിയമങ്ങള്‍ക്കെതിരെ ബദല്‍ നിയമം പാസ്സാക്കിയപ്പോള്‍, സംസ്ഥാന ലിസ്റ്റില്‍ പെട്ട ഈ വിഷയത്തില്‍ ഒരു പ്രമേയം പാസ്സാക്കുന്നതിനു പോലും മന്ത്രിമാര്‍ കേക്കുമായി പോയി ഗവര്‍ണ്ണറെ സുഖിപ്പിക്കേണ്ടി വരുന്ന അപമാനകരമായ അരാഷ്ട്രീയവല്‍ക്കരണമാണ് ഇന്ന് കേരളത്തില്‍ സിപിഎം നെ ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഫെഡറല്‍ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന ഭരണ സിരാകേന്ദ്രത്തെ വിടാതെ പിന്‍തുടരുകയും ചെയ്യുമ്പോഴും, കേന്ദ്രഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരെ ശക്തമായ ഒരു രാഷ്ട്രീയ വിമര്‍ശനവും ഉന്നയിക്കാനാവാത്ത മുഖ്യന്റെ ദയനീയ സ്ഥിതി ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രത്തിലെ കോര്‍പ്പറേറ്റ് ഫാസിസ്റ്റ് ഭരണം എല്ലാ തലങ്ങളിലും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ഇസ്ലാമോഫോബിയോ കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ പ്രയോഗിച്ച് ഹിന്ദു ക്രിസ്ത്യന്‍ വോട്ടുകള്‍ പരമാവധി ഉറപ്പിക്കാന്‍ ശ്രമിക്കുക, അതു വഴി മുസ്ലീം സംഘടനകള്‍ അപകടകാരികളാണെന്ന പ്രതീതി സൃഷ്ടിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ മര്‍ദ്ദിതരായ മുസ്ലീംങ്ങളെ അപരവല്‍കരിക്കുക തുടങ്ങിയ നീക്കങ്ങള്‍ക്കിടയിലും മുസ്ലീം സംഘടനകളുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക ധാരണകളുണ്ടാക്കുന്നതില്‍ സിപിഎം ഒട്ടും പിന്നിലായിരുന്നില്ല. 2015 ലെ തെരഞ്ഞെടുപ്പില്‍ 50ലധികം പഞ്ചായത്തുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സിപിഎം അധികാരം പങ്കിട്ടു വെങ്കില്‍, 2020ലെ തെരഞ്ഞെടുപ്പില്‍ 60- ഓളം പഞ്ചായത്തുകളില്‍ എസ്.ഡി.പി.ഐയുമായി ബാന്ധവത്തിലേര്‍പ്പെടുന്നതിന് സിപിഎംന് ഒരു തടസ്സവുമുണ്ടായില്ല. എന്നുമാത്രമല്ല, കാസര്‍കോഡ് ജില്ലയില്‍ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകളില്‍ ഭരണമുറപ്പിക്കാന്‍ സഖ്യകക്ഷിയായ സിപിഐയുടെ എതിര്‍പ്പിനെപോലും മറികടന്ന് ബിജെപിയുമായി സിപിഎം ബാന്ധവത്തിലേര്‍പ്പെട്ടിരിക്കുകയാണ്. അതേസമയം, ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മറ്റൊരു പ്രവണത സിപിഎം സ്വതന്ത്രര്‍ വ്യാപകമായി മത്സരിച്ചു ജയിച്ചതാണ് പലയിടങ്ങളിലും, ക്രിസ്ത്യന്‍ -ഹിന്ദുവോട്ടുകള്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ ചിഹ്നം യഥാക്രമം മെഴുകുതിരിയും ശംഖും ആയിരുന്നെന്ന അടക്കം പറച്ചില്‍ വ്യാപകമായുണ്ട്. ഈ കാപട്യത്തിന്റെ മറ്റൊരു മുഖമാണ് കുട്ടികളോടും യുവതയോടും ഉദാരത കാട്ടുന്നുവെന്ന കൊട്ടിഘോഷത്തോടെ ഒരു രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം മേയറാക്കിയതുവഴി പ്രകടമായത്! പീഡനത്തിനു വിധേയമായി കൊല ചെയ്യപ്പെട്ട 9ഉം 13ഉം വയസ്സുള്ള വാളയാറിലെ ദളിത് കുട്ടികള്‍ ലൈംഗീക സുഖം ആസ്വദിക്കുകയായിരുന്നുവെന്ന് പറഞ്ഞ നരാധമനെ പ്രൊമോട്ടു ചെയ്തപ്പോള്‍ കുട്ടികളോടുള്ള ഈ സവിശേഷ പരിഗണനയുടെ തനിനിറം വ്യക്തമായതാണ്. പാലത്തായിയിലെ കുട്ടിയെ അപമാനിച്ചിവനും കൊടുത്തു പ്രൊമോഷന്‍. വാസ്തവത്തില്‍, കൂടുതല്‍ അനുഭവ പരിചയവും നാലാം തവണ കൗണ്‍സിലറായി ജയിക്കുകയും മേയറുടെ ചുമതലകള്‍ നിറവേറ്റാന്‍ ആവശ്യത്തിന് സമയവുമുള്ള സിപിഎം മെമ്പറായ മുസ്ലീം വനിതയെ തഴഞ്ഞ് ഉന്നത ബ്യൂറോക്രറ്റാകണമെന്ന ജീവിതാഭിലാഷമള്ള കുട്ടിയെ മേയര്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിന്റെ അരാഷ്ട്രീയ മാനങ്ങള്‍ കാണാതിരുന്നുകൂടാ. ‘മര്‍ദ്ദിത സ്വത്വ’ ത്തെ അപേക്ഷിച്ച് ‘സവര്‍ണ്ണസ്വത്വ’ത്തിന് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ഭരണവര്‍ഗ്ഗരാഷ്ട്രീയ സമവാക്യ ത്തിലുള്ള പ്രാധാന്യം തന്നെയാണ് ഈ നീക്കത്തിനു പിന്നിലെന്നത് ഇതിനോടകം ചര്‍ച്ച ചെയ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

ഈ സന്ദര്‍ഭത്തില്‍, വിശദമായ ഒരു അപഗ്രഥനത്തിന് ഇവിടെ മുതിരുന്നില്ല. നവകേരളത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ച പശ്ചാത്തലത്തില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പു വിജയം സാധ്യമായെന്നും, തുടര്‍ന്ന് നവകേരളത്തിന്റെ രണ്ടാം ഘട്ടത്തിലേക്കും അതോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിലേക്കും നീങ്ങുന്നുവെന്നുമാണ് സിപിഎം പ്രഖ്യാപനം. ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ ഒന്നാം ഘട്ടത്തില്‍ 600 ഇനങ്ങളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയത് വിശദീകരിച്ചുകൊണ്ടും രണ്ടാം ഘട്ടത്തിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞുകൊണ്ടും ഡിസംബര്‍ 22 മുതല്‍ 30 വരെ മുഖ്യന്‍ ‘കേരള പര്യടനം’ നടത്തുകയുണ്ടായി. മേല്‍ സൂചിപ്പിച്ച കോര്‍പ്പറേറ്റ് – സംഘിവല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളായ വ്യാപാര -വ്യവസായ പ്രമുഖര്‍, ബുദ്ധിജീവികള്‍, സാംസ്‌കാരിക നായകര്‍, ജാതിമത ശക്തികള്‍, ഇതര പ്രമാണിമാര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരെല്ലാമായി വിവിധ ജില്ലകളില്‍ പര്യടനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ കേരളത്തിലെ പണിയെടുക്കുന്ന തൊഴിലാളികളുടെയോ മര്‍ദ്ദിത ജനതകളുടെയോ, അടിച്ചമര്‍ത്തപ്പെടുന്ന പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെയോ പ്രതിനിധികളെ കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. കോര്‍പ്പറേറ്റ്-നവമാധ്യമങ്ങളിലൂടെ പ്രചരണമാണ് ഈ പരിപാടികള്‍ക്കു നല്‍കപ്പെട്ടത്. പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് കൈകാര്യം ചെയ്ത് അടിച്ചേല്‍പ്പിച്ച (പ്രധാന മന്ത്രി കൂടി പങ്കെടുത്ത വേദിയില്‍ ‘ഗെയില്‍’ പൂര്‍ത്തിയാക്കുന്നതില്‍ പോലീസിനെ പ്രത്യേകമായി മുഖ്യന്‍ ശ്ലാഘിച്ചത് ശ്രദ്ധിക്കുമല്ലോ) ഒന്നാംഘട്ട കോര്‍പ്പറേറ്റ് വത്ക്കരണത്തിന്റെ വിനാശങ്ങള്‍ ഏറ്റുവാങ്ങുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം, പിണറായി ഭരണം തുടരുകയെന്നാല്‍ കോര്‍പ്പറേറ്റ് വത്ക്കരണത്തിന്റെയും സംഘിവല്‍ക്കരണത്തിന്റെയും കൂടുതല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരികയെന്നാണ് ഇപ്പോള്‍ അര്‍ത്ഥമാക്കേണ്ടത്. നവലിബറല്‍ കേന്ദ്രങ്ങള്‍ ആവശ്യപ്പെടുന്ന ‘നിക്ഷേപസൗഹൃദ’ സമീപനങ്ങള്‍ രാജ്യത്തെ പരിസ്ഥിതി ചട്ടങ്ങളും ജനാധിപത്യാവകാശങ്ങളും മറികടന്ന് കൈക്കൊള്ളുകയും കോര്‍പ്പറേറ്റ് മൂലധനത്തിന് കേരളത്തിലേക്ക് ചുവപ്പുപരവതാനി വിരിക്കുകയും ചെയ്യുന്നതിന്, ആരംഭത്തില്‍ സൂചിപ്പിച്ചതു പോലെ, അവസരം കിട്ടുമ്പോഴൊക്കെ കേന്ദ്രഭരണം പിണറായി സര്‍ക്കാരിനെ ശ്ലാഘിച്ചു കൊണ്ടാണിരിക്കുന്നത്. തീര്‍ച്ചയായും, എല്ലാ തലങ്ങളിലും ഒരു ജനപക്ഷ സമീപനം വളര്‍ന്നുവരണമെന്നും അതിന്‍പ്രകാരമുള്ള ഒരു രാഷ്ട്രീയബദല്‍ മുന്നോട്ടുവെയ്ക്കപ്പെടേണ്ടതുണ്ടെന്നും തിരിച്ചറിയുന്ന രാഷ്ട്രീയ ഇടതുപക്ഷവും ജനാധിപത്യശക്തികളും അവസരത്തിനൊത്ത് ഉയരേണ്ട അടിയന്തിര സന്ദര്‍ഭമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply