കേരള രാഷ്ട്രീയം ഭീതിയുടെ, ഭീകരതയുടെ, അരങ്ങാകുന്നോ?

ജീവിതത്തെ, സഹജീവിയെ, ജീവിവംശത്തെ, പരിസ്ഥിതിയെ, നിഹനിക്കുന്ന ഒരു ”മരണ”രാഷ്ട്രീയ പ്രസ്ഥാനത്തെ തള്ളി ജീവിതത്തെ കെട്ടിപ്പുണരുന്ന ഒരു നൈതിക ജീവരാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഉന്മുഖമാക്കുക. അക്രമത്തിലേക്ക് വഴുതാതെ നൈതികതയെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ജനകീയമായ പ്രതിഷേധങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുക. രാഷ്ട്രീയത്തിന്റെ രീതീ ശാസ്ത്രം മാറ്റുക. യുദ്ധരാഷ്ട്രീയത്തില്‍ നിന്ന് കേളീരാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയത്തിന്റെ കേളീ നിയമം മാറ്റുക.

ജീവിതത്തിന് ഭീഷണിയുണ്ടെന്നും, തന്നെ ജീവിക്കുവാനനുവദിക്കണമെന്നും അധികാരികളാല്‍ ദ്രോഹിക്കപ്പെട്ട ഒരു സ്ത്രീ പൊതു സമൂഹത്തിനു മുന്നില്‍ കേണു പറയുന്നു. ഭരണാധികാരികള്‍ തന്നെ നിരന്തരം വേട്ടയാടുന്നുവെന്നും അവരുടെ ഭീഷണിയും സമ്മര്‍ദ്ദതന്ത്രങ്ങളുമാണ് തന്നെ അപസ്മാര രോഗിയും ദീനയുമാക്കിയതെന്നും. അടുത്ത പത്രസമ്മേളനത്തില്‍ വീണ്ടും ഭീഷണിയുണ്ടായതായി വെളിപ്പെടുത്തവേ ദുഃഖവും സമ്മര്‍ദ്ദവും താങ്ങാനാവാതെ പത്രക്കാര്‍ക്കു മുമ്പില്‍ അവര്‍ ചുഴലി ബാധിച്ച് താഴെ വീണ് കയ്യും കാലും വിറച്ച് പിടയുന്നു. ഭയ ചകിതനായ പത്തു വയസ്സുകാരന്‍ മകന്‍ അമ്മയുടെ കൈകള്‍ തടവി ഉണര്‍ത്താന്‍ ശ്രമിക്കുന്നു.

നൊമ്പരപ്പെടുത്തുന്ന രംഗങ്ങള്‍. കേരള രാഷ്ട്രീയത്തിന്റെ പൈശാചിക മലീമസ അവസ്ഥയെ വെളിവാക്കുന്നവ. രാഷ്ട്രീയം വ്യക്തി ജീവിതത്തില്‍ ആപന്നിപാതമാവുന്ന അവസ്ഥ. പ്രതിയോഗികളെ നിര്‍ദ്ദാക്ഷിണ്യം ഉന്മൂലനം ചെയ്യുന്ന, കിറ്റിനൊപ്പം ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ചിലവില്‍, മരണം, മര്‍ദ്ദനം, പീഡനം, തടവറ, അപസ്മാരം, ഉന്മാദം രക്തസമ്മര്‍ദ്ദം എന്നിവ വിതരണം ചെയ്യുന്ന മരണത്തിന്റെ ഒരു ഏജന്‍സിയായി ഭരണകൂടം മാറിയിരിക്കുന്നു എന്ന ക്രൂരസത്യത്തിന്റെ തല്‍സമയ സംപ്രേഷണം.. കുറ്റവാളിയെങ്കിലും ആ അമ്മയെ വേട്ടയാടുന്ന, അവരെ ജീവിക്കാനനുവദിക്കാത്ത, അവരെക്കാള്‍ കുറ്റവാളിയായ ഒരു അധികാരി മണ്ഡലത്തിനെതിരേ ജനമനസ്സുകളില്‍ ധര്‍മ്മരോഷമിരമ്പി.

ജീവിക്കാനനുവദിക്കൂ എന്ന അപേക്ഷയാണ്, രോദനമാണ് ജനമണ്ഡലത്തില്‍ നിന്ന് ഭരണകൂട സമക്ഷത്തിലേക്ക് ഇന്നുയരുന്നത്. രണ്ടു രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ നടക്കുന്ന അധികാര മല്‍സരത്തിലേക്ക് ജനകീയ പ്രതിഷേധത്തെ വഴിതിരിച്ചു വിടാനും യഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റുവാനുമുള്ള നീച ശ്രമമായി വേണം കലാപാന്തരീക്ഷം സൃഷ്ടിക്കുവാനുള്ള ഭരണകക്ഷിയുടെ നീക്കത്തെ കാണുവാന്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആഭ്യന്തരകലാപത്തിലേക്ക് നയിക്കാവുന്ന അക്രമസംഭവങ്ങളാണ് ഇന്ന് കേരളത്തില്‍ അരങ്ങേറുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗര്‍വ്വിഷ്ഠരായി തെരുവിലിറങ്ങുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിലും പ്രതിപക്ഷപ്പാര്‍ട്ടിയുടെ ഓഫീസ്സുകളും പ്രവര്‍ത്തകരും അക്രമിക്കപ്പെടുന്നു. ബോംബെറിയുന്നു. കോണ്‍ഗ്രസ്സുകാരും സി.പി.എം കാരുമായി തെരുവില്‍ ഏറ്റു മുട്ടുവാന്‍ കച്ചകെട്ടി നില്‍ക്കുന്നു.പോലീസ്സുകാരും ”പാര്‍ട്ടി”-പോലീസ്സുകാരും പ്രതിഷേധിക്കുന്നവരെ ഒന്നിച്ച് വേട്ടയാടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കുടിലമാവുന്നു. ജനജീവിതം, ക്രമസമാധാനം, സൈ്വര്യം, എല്ലാം കേരളത്തില്‍ ഇന്ന് സ്തംഭനാവസ്ഥയില്‍. വടക്കന്‍ കേരളത്തിലെ രാത്രി റാലികളില്‍ പഴയ കൊലവിളികള്‍ ഉയരുന്നു. പഴയ കണ്ണൂരിന്റെ അവസ്ഥയിലേക്ക് കേരളമാകമാനം പരുവപ്പെടുന്നു. ജനാധിപത്യ വാദികളെല്ലാം ഭയന്നിരുന്ന ആ ഭീകരനിമിഷം ഇതാ ഇവിടെ വന്നണഞ്ഞു: കേരളം ഒരു പാര്‍ട്ടി രാജായി പാര്‍ട്ടി-പോലീസ് രാജായി, ഒരു സ്വേഛാധിപത്യ വാഴ്ചയിലമരുന്ന ആപല്‍ നേരം.പക്ഷേ ഇത്തരമൊരു അപവാദാവസ്ഥക്ക് അധികനാള്‍ തുടരാനാവില്ല എന്നത് മറ്റൊരു കാര്യം.

പൊതു സമൂഹത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോള്‍ സമാധാനം വീണ്ടെടുക്കുവാനും, ജനാധിപത്യ സംവിധാനം പുനഃസ്ഥാപിക്കുവാനുമുള്ള മാര്‍ഗ്ഗങ്ങള്‍ എന്ത്? കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുക, കൂടുതല്‍ ആര്‍ദ്രരാകുക. കൂടുതല്‍ വിവേകികളാവുക. കൂടുതല്‍ ഉദാരരാവുക, ജനാധിപത്യ മൂല്യങ്ങള്‍ മുറുകിപ്പിടിക്കുക. മനുഷ്യ ബന്ധങ്ങളുടെ ആഴമാണ് ജനാധിപത്യത്തിന്റെ ആഴമെന്നറിയുക. ഇതൊന്നു മാത്രമാണ് അടിയന്തിരവും ദീര്‍ഘകാലികവുമായ പരിഹാരം, ചികില്‍സ.

ജീവിതത്തെ, സഹജീവിയെ, ജീവിവംശത്തെ, പരിസ്ഥിതിയെ, നിഹനിക്കുന്ന ഒരു ”മരണ”രാഷ്ട്രീയ പ്രസ്ഥാനത്തെ തള്ളി ജീവിതത്തെ കെട്ടിപ്പുണരുന്ന ഒരു നൈതിക ജീവരാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഉന്മുഖമാക്കുക. അക്രമത്തിലേക്ക് വഴുതാതെ നൈതികതയെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ജനകീയമായ പ്രതിഷേധങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുക. രാഷ്ട്രീയത്തിന്റെ രീതീ ശാസ്ത്രം മാറ്റുക. യുദ്ധരാഷ്ട്രീയത്തില്‍ നിന്ന് കേളീരാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയത്തിന്റെ കേളീ നിയമം മാറ്റുക.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സി.പി.എം ഇന്ന് ആഘോഷിക്കുന്ന ”മരണ” രാഷ്ട്രീയത്തിന്റെ കെണിയില്‍ പ്രതിപക്ഷ പ്രതിഷേധകര്‍ വീണു പോകരുത്. യുദ്ധശാസ്ത്രത്തെ അഹിംസാത്മകമായ ഒരു സമരശാസ്ത്രം കൊണ്ട്, ദയാപൂര്‍ണ്ണമായ ഒരു കേളീ ശാസ്ത്രം കൊണ്ട് വെല്ലാനാവുമോ എന്നതാണ് ജനാധിപത്യരാഷ്ട്രീയം ഈ പ്രതിസന്ധിയില്‍ ഉന്നയിക്കുന്ന സുപ്രധാനമായ ചോദ്യം.

കൊലവിളികളുയര്‍ത്തിക്കൊണ്ട്, വിനിമയത്തിന്റെയും സംവേദനത്തിന്റെയും മൈത്രിയുടെയും ആശ്ലേഷണത്തിന്റെയും വാതിലുകള്‍ കൊട്ടിയടച്ച് കൊണ്ട് പരസ്പരം വെട്ടി മരിക്കുക എന്ന യുദ്ധ മരണ ഓപ്ഷനിലേക്ക് രാഷ്ട്രീയത്തെ വെട്ടിച്ചുരുക്കുവാനുള്ള നീക്കങ്ങളില്‍ നിന്ന് ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും പിന്മാറേണ്ടതാണ്. സഹജീവികളുമായുള്ള പാവനവും നൈതികവുമായ സ്‌നേഹ ഉടമ്പടികള്‍ ഒരിക്കലും ലംഘിക്കപ്പെടരുത്. ഹീനമായ അധികാര താല്പര്യങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഒരു സ്‌നേഹമണ്ഡലമുണ്ട് ഏതൊരാളുടെയും ഉള്ളില്‍, ഏത് നാടിന്റെയുമുള്ളില്‍. അതിനെ തകര്‍ക്കുവാന്‍ ഒരു രാഷ്ട്രീയ കക്ഷിയേയും, അധികാരകേന്ദ്രത്തെയും അനുവദിച്ചു കൂടാ എന്നതാണ് (കക്ഷിയോ, നേതാവോ, ഓഫിസോ കൊടിയോ പാര്‍ട്ടിയോ ഇല്ലാത്ത) ഒരു നൈതിക ജീവ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് നിര്‍ദ്ദേശിക്കുവാനുള്ളത്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply