ആര്‍ എസ് എസുമായി സംവാദം സാധ്യമാണോ?

ചര്‍ച്ചയുടെ നേട്ടം ആര്‍എസ്എസിന് മാത്രമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മുസ്ലിം നേതൃത്വം ചര്‍ച്ചയ്ക്ക് പോയത് ഗതികേടില്‍ നിന്നാണ്. ഈ ഗതികേടിനെ മറികടക്കാന്‍ ഇവിടുത്തെ മതേതര പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമല്ല. അഥവാ ഈ സമുദായത്തെ സംരക്ഷിക്കാന്‍ മതേതര കക്ഷികള്‍ക്കോ മുസ്ലിം സമുദായത്തിന് തന്നെയോ സാധ്യമല്ലാത്ത ഒരു സന്നിഗ്ദ ഘട്ടത്തില്‍ എത്തിപ്പെടുമ്പോള്‍ എടുത്തുപോകുന്ന അതിദയനീയ തീരുമാനമാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍.

ഗാന്ധിജിയെ വെടിവെച്ച് കൊന്ന ശേഷം വിചാരണ കോടതിയില്‍ ഗോഡ്‌സെയോട് എന്തിനാണ് ഗാന്ധിയെ കൊന്നത് എന്ന ചോദ്യം ഉന്നയിച്ചിരുന്നു. അതിന് ഗോഡ്‌സെ പറഞ്ഞ മറുപടി ഗാന്ധിജി മുസ്ലിങ്ങളെ തുല്യ പൗരന്മാരായി കാണുന്നു എന്നുള്ളതാണ്. അഥവാ ഇന്ത്യയിലെ മുസ്ലിംകള്‍ രണ്ടാംതരം പൗരന്മാരാണെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടിനെതിരെ നിന്ന ഗാന്ധിജി തങ്ങള്‍ക്ക് ഭീഷണിയാണ് എന്ന് മനസ്സിലാക്കിയിട്ടായിരുന്നു ഈ കൊലപാതകം നടത്തിയത് എന്നര്‍ത്ഥം. ഇതേ ഗോഡ്‌സെയുടെ പിന്‍മുറക്കാര്‍ രണ്ടുദിവസം മുമ്പ് പശുക്കടത്തിന്റെ പേരില്‍ ജുനൈദ് നാസര്‍ എന്ന രണ്ടു മുസ്ലിം ചെറുപ്പക്കാരെ ഹരിയാനയില്‍ ചുട്ടു കൊന്നു എന്ന വാര്‍ത്തയും നാം വായിച്ചു.

ആര്‍എസ്എസ് അതിന്റെ മുസ്ലിം അപരത്തവല്‍ക്കരണവും ഉന്മൂലനവും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വര്‍ത്തമാന ഇന്ത്യയിലാണ് നാം ജീവിക്കുന്നത്. ഏറ്റവും അവസാനം ആര്‍.എസ്.എസിന്റെ സര്‍സംഘ് ചാലക് മോഹന്‍ ഭഗവതിന്റെ പ്രസ്താവനയും ഈയര്‍ഥത്തിലുള്ളതായിരുന്നു.. മുസ്ലിംകള്‍ക്ക് ഇവിടെ ജീവിക്കാം പക്ഷെ വലിയ അവകാശവാദങ്ങള്‍ ഒന്നും നടത്തരുത് എന്നാണ് അദ്ദേഹം പറഞ്ഞു വെച്ചത്. അഥവാ രണ്ടാം തരം പൗരന്മാരായി ജീവിച്ചാല്‍ മതി എന്നര്‍ഥം.

ഗാന്ധിവധം മുതല്‍ ഇന്ത്യയില്‍ നടന്ന എല്ലാ മുസ്ലിം വംശീയ ഉന്മൂലന കലാപത്തിനും നേതൃത്വം കൊടുത്ത ഒരു പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസ് എന്നത് നമുക്കെല്ലാവര്‍ക്കും അനുഭവമാണ്. ഇത്തരത്തില്‍ ഹിംസാത്മകമായ ഉള്ളടക്കമുള്ള ഒരു പാരാമിലിറ്റന്റ് ഓര്‍ഗനൈസേഷനുമായിട്ടാണ് ഇന്ത്യയിലെ പ്രബല മുസ്ലിം സംഘടനകള്‍ ചര്‍ച്ച നടത്തിയത്. . ഒരു ജനാധിപത്യ രാജ്യത്ത് തുറന്ന വേദികളില്‍ സംവാദം നടത്തുന്നതിനെ നമുക്ക് അംഗീകരിക്കാം. അതിനുമപ്പുറം അടച്ചിട്ട റൂമുകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒരു ഹിംസാത്മക പ്രത്യയശാസ്ത്രത്തിന് അംഗീകാരം നല്‍കുന്ന ഏര്‍പ്പാടായി പരിണമിക്കുകയാണ് ചെയ്യുക. ഈ അംഗീകാരത്തെ ഒരു കവചമായി ഉപയോഗിച്ച് ആര്‍എസ്എസ് അതിന്റെ ഹിംസാത്മകത കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പകല്‍പോലെ വ്യക്തമാണ്. ആര്‍എസ്എസ് എന്ന ആക്രമമായ കൂട്ടത്തോട് രഹസ്യ റൂമുകളില്‍ ഇരുന്ന് ചര്‍ച്ച നടത്തേണ്ട ഒരു ഗതികേടില്‍ മുസ്ലിം സമൂഹം എത്തിപ്പെട്ടു എന്നുള്ള ഒരു യാഥാര്‍ത്ഥ്യമാണ് ഇവിടെ വെളിവാകുന്നത്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ട് സമുദായത്തിന് ഒരുതരത്തിലുള്ള ഗുണവും ലഭിക്കില്ല എന്ന് അറിയുന്നതോടൊപ്പം ലാഭം മുഴുവന്‍ ആര്‍എസ്എസു കൊണ്ടുപോകുമെന്നഒരു കാഴ്ചയും നാം കാണേണ്ടിവരും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സത്യത്തില്‍ ഇത്തരത്തിലുള്ള ഒരു ഗതികേടിലേക്ക് മുസ്ലിം സമുദായത്തെ എത്തിച്ചതില്‍ ആദ്യം പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത് ഇവിടുത്തെ മതേതര കക്ഷികളെ തന്നെയാണ്. ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദുത്വയ്ക്ക് മുന്നില്‍ കീഴ്‌പ്പെട്ട് ഒരുതരത്തിലുള്ള പ്രതിരോധത്തിലും സാധ്യമല്ലാത്ത വിധം ദുര്‍ബലമായ മതേതര കക്ഷികളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടത് കൊണ്ടായിരിക്കാം അവര്‍ ചര്‍ച്ചക്ക് പോയത് എന്ന് മനസ്സിലാവുന്നു. മുസ്ലീങ്ങള്‍ ആക്രമിക്കപ്പെടുന്നത് അവര്‍ മുസ്ലീങ്ങള്‍ ആയതുകൊണ്ടാണ് എന്ന് തിരിച്ചറിയുമ്പോള്‍ മുസ്ലിം സ്വത്വ രാഷ്ട്രീയത്തിന്റെ അനിവാര്യതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നുള്ള യാഥാര്‍ത്ഥ്യം നാം ഇവിടെ തിരിച്ചറിയുന്നു. പക്ഷേ ഈ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ മതേതരകക്ഷികള്‍ക്ക് സാധിക്കുന്നില്ല എന്നുള്ളതാണ് ദുരന്തം.

മുസ്ലിം സംഘടനകളുമായി ആര്‍എസ്എസ് നടത്തിയ ചര്‍ച്ചയെ ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസ് ചര്‍ച്ച എന്ന നിലയില്‍കൊണ്ടുവരാന്‍ മലയാളം മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നപ്രചരണത്തിന്റെ പിറകിലുള്ള രാഷ്ട്രീയം തിരിച്ചറിയാന്‍ സാധിക്കുന്നു. ആര്‍എസ്എസുമായി സംസാരിക്കാന്‍ മുസ്ലീങ്ങള്‍ക്ക്, മുസ്ലിംകള്‍ എന്ന നിലയില്‍ അര്‍ഹതയില്ല എന്നും അതിന് നിങ്ങള്‍ മതേതര ഏജന്‍സിയെ സമീപിക്കണം എന്നുമാണ് ഈ പ്രചാരണത്തിന് പിന്നിലുള്ള അജണ്ട. എന്നാല്‍ മതേതരകക്ഷികളും കേരളത്തിലെ മാധ്യമങ്ങളും മനസ്സിലാക്കേണ്ടുന്ന ഒരു വസ്തുത നിങ്ങളുടെ ഏജന്‍സി ഇല്ലാതെ സ്വന്തം നിലയില്‍ ചര്‍ച്ച നടത്താന്‍ അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് നിങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ്. നിങ്ങളുടെ അസാന്നിധ്യവും നിങ്ങള്‍ മുസ്ലിം സമുദായത്തിന് കൊടുത്ത സംരക്ഷണവും അങ്ങേയറ്റവും ദുര്‍ബലമാണെന്ന് തിരിച്ചറിവില്‍ നിന്നാണ് ഇത്തരത്തിലുള്ള ചര്‍ച്ചക്ക് വേദിയൊരുങ്ങുന്നത്.

പാര്‍ട്ടിയില്‍ അണിനിരന്ന പ്രവര്‍ത്തകരെ സിപിഎമ്മും ആര്‍എസ്എസും പരസ്പരം കൊന്നുതള്ളി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സന്ധി സംഭാഷണത്തിലൂടെ സിപിഎമ്മും ആര്‍എസ്എസുംനടത്തിയ രഹസ്യ ചര്‍ച്ചകള്‍ ചരിത്രമാണെങ്കില്‍ മുസ്ലിംങ്ങളും ആര്‍എസ്എസും ചര്‍ച്ച നടത്തുന്നതിനെ ചോദ്യം ചെയ്യാന്‍ സിപിഎമ്മിന് അവകാശമില്ല. സത്യത്തില്‍ സിപിഎം നടത്തിയ രഹസ്യ ചര്‍ച്ച ഇത്രയും കാലം തങ്ങള്‍ നടത്തിയത് ജനകീയ പ്രതിരോധമാണ് എന്ന പാര്‍ട്ടിയുടെ നിലപാടിനെ റദ്ദ് ചെയ്യുകയും ആര്‍എസ്എസിന്റെയും തങ്ങളുടെതും ഒരേ തോതിലുള്ള കൊലപാതകമാണ് എന്ന വെളിപ്പെടുത്തലും ആണ് ഇതിലൂടെ സംഭവിച്ചത്. അഥവാ ആര്‍എസ്എസിനെ വംശീയ ഉല്‍മൂലന പ്രത്യയശാസ്ത്രത്തെ മറ്റുള്ള ജനാധിപത്യ പാര്‍ട്ടിയായി സമീകരിക്കുന്ന ഒരു സമീപനമാണ് സി.പിഎമ്മില്‍ നിന്നും ഉണ്ടായിരിക്കുന്നത് എന്നര്‍ത്ഥം. ഇത്തരത്തില്‍ ആര്‍എസ്എസിനെ നോര്‍മലൈസ് ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടുവെങ്കിലും കൊലപാതകത്തിന് ശമനം സംഭവിച്ചതായി മനസ്സിലാക്കാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇവിടെ മുസ്ലീങ്ങള്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തുമ്പോള്‍ നേട്ടം ആര്‍എസ്എസിന് മാത്രമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആര്‍എസ്എസുമായി മുസ്ലിം നേതൃത്വം ചര്‍ച്ചയ്ക്ക് പോയത് നേരത്തെ പറഞ്ഞ ഗതികേടില്‍ നിന്നാണ്. ഈ ഗതികേടിനെ മറികടക്കാന്‍ ഇവിടുത്തെ മതേതര പ്രസ്ഥാനങ്ങള്‍ക്ക് സാധ്യമല്ല. അഥവാ ഈ സമുദായത്തെ സംരക്ഷിക്കാന്‍ മതേതര കക്ഷികള്‍ക്കോ മുസ്ലിം സമുദായത്തിന് തന്നെയോ സാധ്യമല്ലാത്ത ഒരു സന്നിഗ്ദ ഘട്ടത്തില്‍ എത്തിപ്പെടുമ്പോള്‍ എടുത്തുപോകുന്ന അതിദയനീയ തീരുമാനമാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍. ഒരുതരത്തിലുള്ള പ്രതിരോധവും സാധ്യമല്ലാത്ത വിധം സമുദായം എത്തിപ്പെട്ട നിസ്സഹായാവസ്ഥയില്‍ ചര്‍ച്ചകള്‍ക്ക് പോകുവാനുള്ള തീരുമാനത്തിന് സമുദായ നേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു എന്നര്‍ത്ഥം.

പ്രബലന്‍ ദുര്‍ബലനു നല്‍കുന്ന അപകടകരമായ ഒരു സമ്മാനമാണ് ആര്‍എസ്എസ് മുന്നോട്ടുവച്ച ചര്‍ച്ച സമ്മാനം. സ്വീകരിച്ചാലും നിരസിച്ചാലും അപകടം സംഭവിക്കുന്നത് മുസ്ലിം സമുദായത്തിനാണ്. നിരസിക്കാനും സ്വീകരിക്കാനും കഴിയാത്ത ഈ കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ മുസ്ലിം സമുദായത്തിന് കഴിയാതെ പോകുന്നത് സമുദായത്തിന്റെ ദൈന്യതയാണ് വിളിച്ചറിക്കുന്നത്.ഇത്തരത്തിലുള്ള അപകടകരമായ നിസ്സഹായതയിലാണ് മുസ്ലിം സമുദായം ഉള്ളത് എന്നര്‍ഥം. ആര്‍എസ്എസ് ഭരണകൂടത്തില്‍ നിന്ന് എന്തെങ്കിലും ആനുകൂല്യം പറ്റുന്നതിനൊ അല്ലെങ്കില്‍ മറ്റേതെങ്കിലും മുസ്ലിം സംഘടനയെ ഒറ്റുകൊടുക്കാനൊ അല്ല ചര്‍ച്ചക്ക് പോയത് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും ആര്‍എസ്എസ് എന്നത് അടച്ചിട്ട റൂമുകളില്‍ നിന്ന് ചര്‍ച്ച ചെയ്യാന്‍ കൊള്ളാവുന്ന ഒരു സംഘമാണോ എന്ന നൈതികമായ ചോദ്യം ബാക്കിയാവുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply