സിപിഎം ഹിന്ദുത്വ പാര്‍ട്ടിയാകുന്നോ?
കേരളത്തിലെ സിപിഎം-ബിജെപി ബാന്ധവം വെറും ഒരു ആരോപണം മാത്രമല്ല എന്ന് വ്യക്തമാക്കുന്ന സംഭവ വികാസങ്ങള്‍ പലതും ഉണ്ടാവുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും യൂണിയന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികളില്‍ നിന്ന് പരിരക്ഷ ഉറപ്പു വരുത്തുന്നതിന് ബിജെപിയുടെ വളര്‍ച്ചക്കും പാര്‍ലമെന്ററി പ്രാതിനിധ്യത്തിനും കേരളത്തില്‍ സിപിഎം അരുനില്‍ക്കുന്നു എന്നാണ് പൊതുവെയുള്ള ആരോപണം. അതില്‍ എത്ര വാസ്തവമുണ്ട് എന്നതിനേക്കാള്‍ നമ്മളെ മഥിക്കേണ്ടത്; സിപിഎം-ബിജെപി ബാന്ധവത്തെക്കാള്‍ കേരളം കേവലാതിപ്പെടേണ്ടത്, സിപിഎം സ്വയം ഒരു ഹിന്ദുത്വ പാര്‍ട്ടിയായി മാറുന്നതിനെക്കുറിച്ചാണ്.
സ്വതന്ത്ര കേരളം സഞ്ചരിച്ചെത്തിയ വഴികളില്‍ സ്വാതന്ത്ര്യ സമര കാലത്തും അതിനു മുമ്പും ഉണ്ടായിരുന്ന സാമൂഹിക ചലനങ്ങളില്‍ നിര്‍ണ്ണായകമായ ചിലതിന്റെ തിരയടങ്ങലിനു കാരണം അന്വേഷിച്ചു പോകുമ്പോള്‍ ചെന്നെത്തുന്ന പ്രധാന തടയണയിലൊന്ന് കേരളത്തിലെ സവിശേഷമായ കമ്മ്യൂണിസ്റ്റ് പ്രാക്‌സിസ് ആണ്. കമ്യൂണിസ്റ്റ് രാഷ്ട്രീയമാണ് കേരളത്തിലെ പൊതുമണ്ഡലത്തെ സ്വതന്ത്ര കേരളത്തിന്റെ തുടക്കം മുതല്‍ ഈ അടുത്ത കാലം വരെ ശക്തമായി സ്വാധീനിച്ചത്. സാമൂഹികവും, സാഹിത്യവും സാംസ്‌കാരികവുമായ മണ്ഡലങ്ങളിലടക്കം ഈ സ്വാധീനം പ്രകടമാണ്. സ്വതന്ത്ര പൂര്‍വ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ- സാംസ്‌കാരിക മണ്ഡലങ്ങളെ സ്വാധീനിച്ചിരുന്നത് ജാതിക്കും ജാതി പീഡകള്‍ക്കും സവര്‍ണ മേധാവിത്വത്തിനും എതിരായിട്ടുള്ള ചലനങ്ങളായിരുന്നു. മലയാള സാഹിത്യ ശാഖയിലും കലയിലും അത് ഗുണപരമായ സ്വാധീനങ്ങള്‍ ചെലുത്തിയെന്നുള്ളതും പ്രകടമാണ്.
എന്നാല്‍ സ്വതന്ത്ര കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപ്രമാദിത്യം സ്ഥാപിക്കപ്പെട്ടതില്‍ പിന്നെ ഈ സാമൂഹ്യ ചലനങ്ങളുടെ സത്തയെ റദ്ദ് ചെയ്തു കൊണ്ട് അതിനെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വൈരുധ്യം മാത്രമാക്കി ജാതി അസമത്വത്തിനു മേല്‍ പ്രതിഷ്ഠിച്ചു. അതു കൊണ്ടാണ് ശരാശരി മലയാളി ആസ്വാദകന് ‘വാഴക്കുല ‘യിലെ സവര്‍ണനായ ജന്മിയെ സമ്പന്നനായ ജന്മിയായും പുലയനായ കുടിയാനെ ദരിദ്രനായ കുടിയാനായും മാത്രം കാണാന്‍ കഴിഞ്ഞത്. കേരളത്തിലെ സവര്‍ണ യഥാസ്ഥിതികതയിലധിഷ്ഠിതമായ വ്യവസ്ഥയെ പോറലേല്‍പ്പിക്കാതെ സംരക്ഷിക്കാനുള്ള ബ്രാഹ്മണിക ഹിന്ദുത്വത്തിന്റെ ശക്തമായ ഉപകരണമായി കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടി ഇ.എം.എസിന്റെ കാലം മുതല്‍ മാറിയിട്ടുണ്ട് എന്നത് കാണാതിരുന്നു കൂട.
അടുത്ത കാലത്തെ ശബരിമല സ്ത്രീ പ്രവേശ തര്‍ക്കത്തിലെയും സവര്‍ണ സംവരണത്തിലേയും സിപിഎം നിലപാടും ചെയ്തികളും ആ ഇ.എം.എസ് ലെഗസിയുടെ സ്വാഭാവിക തുടര്‍ച്ചയായി കാണണം. സ്ത്രീപുരുഷ തുല്യതയുടെ നീതി സങ്കല്പങ്ങളില്‍ നിന്നും ഭരണഘടനയുടെ ലിംഗനീതി ലക്ഷ്യങ്ങളില്‍ നിന്നുമാണ് ശബരിമല സ്ത്രീപ്രവേശനം എന്ന ആശയം രൂപപ്പെട്ടുവന്നത്. മതങ്ങളും ആചാരങ്ങളും കാലാകാലങ്ങളില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് കടന്നു വന്നിട്ടുള്ളത്. അത് സമൂഹത്തില്‍ ഉണ്ടായ വലിയ സ്വാധീനങ്ങളുടെ ഫലമാണ്. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലമായി കേരളത്തിലെ പിന്നാക്ക ഹിന്ദു സമൂഹങ്ങളും മുന്നാക്ക വിഭാഗങ്ങളിലെ ഉത്പതിഷ്ണു സമൂഹവും പ്രതികരിച്ചപ്പോള്‍, എല്ലാ പരസ്യപ്രഖ്യാപിത നിലപാടുകള്‍ക്കും അപ്പുറം എന്‍എസ്എസ് സവര്‍ണത്വത്തിന്റെയും ബ്രാഹ്മണിസത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് സിപിഎം ചെയ്തത്. സവര്‍ണവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എസ്എന്‍ഡിപി യുടെ പിന്തുണയും സിപിഎം ഇക്കാര്യത്തില്‍ സമാഹരിച്ചു. അങ്ങനെ ഹിന്ദു സമൂഹത്തില്‍ ഉണ്ടാകാനിടയുള്ള പരിഷ്‌കരണത്തിന്റെയും സ്വയം നവീകരണത്തിന്റെയും സാധ്യതകളെ സിപിഎം അതിന്റെ രാഷ്ട്രീയശക്തി ഉപയോഗിച്ച് അട്ടിമറിക്കുകയുണ്ടായി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സവര്‍ണ ജാതി സംവരണം സാധ്യമാക്കുന്ന 103-ാം ഭരണഘടനാ ഭേദഗതിയുടെ ലക്ഷ്യത്തെ ഇന്ത്യയില്‍ തിടുക്കത്തില്‍ പ്രാവര്‍ത്തികമാക്കിയത് സിപിഎം ആണെന്നു കാണാം. അതില്‍ സര്‍ക്കാര്‍ പണം പറ്റുന്ന ദേവസ്വം ബോര്‍ഡിലെയും ക്ഷേത്രങ്ങളിലെയും ജോലികളില്‍ നായര്‍-ബ്രാഹ്മണ ജാതികള്‍ക്ക് 90 ശതമാനത്തിലധികം ജോലികള്‍ക്കുള്ള സംവരണത്തിന് നിയമപരമായ പ്രാബല്യം തന്നെ സിപിഎം തിടുക്കത്തില്‍ നടത്തിക്കൊടുത്തു. ഇന്ത്യയില്‍ തന്നെ ആദ്യമായി സവര്‍ണ സംവരണത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയത് ഇ.എം.എസ്. ആയിരുന്നല്ലോ!
ഇതിനും പുറമെ അധികാര രാഷ്ട്രീയത്തിന്റെ സമവാക്യത്തില്‍ നേരത്തെ സിപിഎം സ്വീകരിച്ചിരുന്ന ഈഴവ-ദലിത് വോട്ടു ബാങ്കുകളുടെ സമാഹരണത്തിനുപരിയായി, നായര്‍-സുറിയാനി ക്രിസ്ത്യാനി വോട്ടു ബാങ്ക് എന്ന സമവാക്യം മുഖ്യമായി സ്വീകരിക്കുകയുണ്ടായി. ഇതിനെ വോട്ടു നേടാനുള്ള ഒരു വഴിയെന്നതിനുപരി കേരളത്തിന്റെ പൊതുമണ്ഡലത്തെ നിര്‍ണയിക്കാന്‍ കഴിയുന്ന അപ്രതിരോധ്യമായ ഒരു സഖ്യമാക്കി സ്ഥാപിക്കുക കൂടിയാണ് സിപിഎം ചെയ്തത്.
ഇത് ആദ്യമായല്ല തെരഞ്ഞെടുപ്പില്‍ സിപിഎം പ്രത്യക്ഷത്തില്‍ തന്നെ ഹിന്ദുത്വപക്ഷം ചേരുന്നത്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇ.എം.എസ്. ഉയര്‍ത്തിക്കൊണ്ടു വന്ന ശരി അത്ത് വിവാദം മുസ്ലീം മതത്തിലെ പരിഷ്‌കരണത്തിനുവേണ്ടിയുള്ള നിഷ്‌കളങ്കമായ പരിശ്രമമായിരുന്നില്ല എന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. കരുണാകരന്‍ സര്‍ക്കാറിന്റെ മുക്രി പെന്‍ഷന്‍ പദ്ധതിയെ എതിര്‍ക്കാന്‍ ഇ.എം.എസിന്റെ സവര്‍ണ ബുദ്ധിയില്‍ നിന്നു വന്നതായിരുന്നു അത്. സിപിഎം-ആര്‍എസ്എസ് ബന്ധം ആ തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷത്തില്‍ തന്നെ ഉണ്ടായിരുന്നു. ആ തെരഞ്ഞെടുപ്പിനു ശേഷം ജനതാ പാര്‍ട്ടിയുടെ ദേശീയ സമിതി ’87ലെ തെരഞ്ഞെടുപ്പ് വിജയത്തെ ഹിന്ദുരാഷ്ടീയത്തിന്റെ വിജയമാണെന്ന് വിലയിരുത്തിയത് മുന്നണിയില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിരുന്നു.
എന്നാല്‍ അതിനു ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ മുസ്ലീം വോട്ട് ബാങ്കിനെ സ്വാംശീകരിക്കാനുള്ള അടവുനയം സിപിഎം സ്വീകരിച്ചിട്ടുണ്ട്. ലീഗുമായി മാത്രമല്ല ജമാഅത്തെ ഇസ്ലാമി, പിഡിപി, പില്‍ക്കാലത്തെ എസ്ഡിപിഐ എന്നിവയുമായും സിപിഎം തെരഞ്ഞെടുപ്പില്‍ ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ ബാന്ധവം ഉണ്ടായിരിക്കുമ്പോള്‍ തന്നെ ഒരു സമുദായ പാര്‍ട്ടിയാണെങ്കിലും കേരളത്തിലെ ഇതര മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഭൂരിപക്ഷ മുസ്ലീംങ്ങളെ പ്രതിനിധാനം ചെയ്യുന്ന മുസ്ലീം ലീഗിനെ തകര്‍ക്കാനുള്ള പ്രചരണങ്ങളും സിപിഎം നടത്തിയിരുന്നു. ലീഗിനെ തകര്‍ത്ത് മുസ്ലീംങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്നതായിരിക്കാം തന്ത്രമെങ്കിലും ലീഗ് ദുര്‍ബലപ്പെടുന്നത് മുസ്ലീം വര്‍ഗീയ സംഘങ്ങള്‍ക്ക് ആണ് ഹിതകരമായത്. ആ അപകടത്തെ വോട്ട് ലാഭത്തിനു വേണ്ടി അവഗണിക്കുകയായിരുന്നു സിപിഎം.
ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂല സാഹചര്യം ഒരുക്കികൊടുക്കാന്‍ സിപിഎം തെരഞ്ഞെടുത്ത കാലം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതാണ്. ആര്‍എസ്എസ് ഉണ്ടായിട്ട് 2025ല്‍ നൂറ് വര്‍ഷമാവുകയാണ്. ആര്‍എസ്എസ് ബ്രാഹ്മണിക സവര്‍ണ രാഷ്ട്രീയമാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും അവര്‍ പറയുന്ന സനാതന ഹിന്ദു ധര്‍മ്മം ചാതുര്‍വര്‍ണ്യ വ്യവസ്ഥയാണെന്നുമുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവുകയില്ല. അവരുടെ ജാതി ഹിന്ദുരാഷ്ട്ര (ഹിന്ദുരാഷ്ട്രമല്ല) മെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അഖിലേന്ത്യ സ്വഭാവമുള്ള കോണ്‍ഗ്രസ്സിനെ അപ്രസക്തമാക്കണം. ആര്‍എസ്എസ് ഇന്ദിരാഗാന്ധി വധത്തിനു ശേഷം കോണ്‍ഗ്രസ്സിനെ തങ്ങളുടെ ഉപകരണമായി കണ്ടുവെന്നത് ഇവിടെ ഓര്‍ക്കാവുന്നതാണ്. കോണ്‍ഗ്രസ് സവര്‍ണ യാഥാസ്ഥിതികതയെ പരിപോഷിപ്പിച്ചാണ് ഇതുവരെയും നിലനിന്നത് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍, അതിലെ സവര്‍ണ ഹിന്ദുത്വ ഘടകങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഇന്ത്യന്‍ ഭരണഘടനയെയും റിപ്പബ്ലിക്കിനെയും സംരക്ഷിക്കാനുള്ള ഏക അഖിലേന്ത്യ പാര്‍ട്ടിയായി കോണ്‍ഗ്രസ്സാണുള്ളത് എന്ന് വിസ്മരിക്കാവുന്നതല്ല. കോണ്‍ഗ്രസ് രാഷ്ട്രീയമായി ദുര്‍ബ്ബലപ്പെടുന്നത്, തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സിപിഎമ്മിന് ആവശ്യമാണ്. പക്ഷെ അത് മതേതരത്വത്തെ എത്ര കണ്ട് അപകടത്തിലാക്കുമെന്നത് സിപിഎം നേതൃത്വത്തിന് പ്രധാന വേവലാതിയല്ല. പക്ഷെ സിപിഎം അണികളില്‍ ഈ വേവലാതിയുള്ളവര്‍ ഏറെയുണ്ടെന്നത് കോണ്‍ഗ്രസ്സിന് തെരഞ്ഞെടുപ്പ് വിജയം സമ്മാനിക്കുന്ന ഘടകമാണ്. എന്നാല്‍ ഈ ഘടകത്തെ തിരിച്ചറിയാന്‍ സിപിഎം നേതൃത്വത്തിന് കഴിയുന്നില്ല എന്നു മാത്രമല്ല ഈ ഘടകത്തെയും ദുര്‍ബ്ബലമാക്കി തങ്ങളുടെ ഹിന്ദുത്വ നിയോജകമണ്ഡലത്തിനു ഹിതകരമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയാണ് സിപിഎംചെയ്യുന്നത്.
ഹിന്ദുത്വ അനുകൂല രാഷ്ട്രീയത്തിലേക്ക് ചുവട് മാറുന്നതുമായി ബന്ധപ്പെട്ട് വേണം പി.ജയരാജന്‍ മുന്‍കൈയ്യെടുത്ത് കണ്ണൂര്‍ ജില്ലയിലെ പ്രധാന ആര്‍എസ്എസ് നേതാക്കളെ സിപിഎമ്മില്‍ എത്തിച്ചതിനെ കാണാന്‍. സിപിഎം-ആര്‍എസ്സ്എസ് സംഘട്ടനത്തില്‍ ഹിന്ദുക്കള്‍ മാത്രമാണ് കൊല്ലപ്പെടുന്നത് എന്ന പരാതി ഈ കാലത്ത് സംഘ പരിവാര്‍ ശക്തമായി ഉന്നയിച്ചിരുന്നു. അതേ കാലത്താണ് ഗുരുതരമായ സംഘര്‍ഷസാഹചര്യമില്ലാതിരുന്നിട്ടു പോലും ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബും കൊല്ലപ്പെടുന്നത്. ആര്‍എസ്എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകാര്യമായ പാര്‍ട്ടിയായി സിപിഎം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടി വരും. ഈ പുതിയ നിയോജക മണ്ഡലത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള ന്യായവാദങ്ങള്‍ ഇതോടൊപ്പം ഉയര്‍ത്തി കൊണ്ടുവരുന്നതായും കാണാം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്താന്‍ ബിജെപിക്ക് സിപിഎമ്മിന്റെ സഹായം വേണമെന്നതോ, നിലനില്‍പ്പിന് വേണ്ടി സിപിഎം, ബിജെപിക്ക് ഒത്താശ ചെയ്യുന്നുവെന്നതോ അല്ല നിര്‍ണായക കാര്യം. സിപിഎം അതിന്റെ വിശ്വാസയോഗ്യമായ നിയോജകമണ്ഡലമായി ഹിന്ദു സ്വത്വത്തെ തിരിച്ചറിയുന്നു, ആ നിയോജക മണ്ഡലത്തിന് സ്വീകാര്യമാം വിധം സ്വയം പുനര്‍വിഭാവനം ചെയ്യുന്നു എന്നതാണ്. ആര്‍എസ്എസ് അഥവാ ബ്രാഹ്മണിക (സവര്‍ണ) ഹിന്ദുത്വത്തിന് ബിജെപിയെക്കാള്‍ അവലംബിക്കാവുന്ന കേരളത്തില്‍ നിലവിലുള്ള ഏറ്റവും സുസംഘടിതമായ പാര്‍ട്ടി സിപിഎമ്മാണെന്ന് അവര്‍ തന്നെയും തിരിച്ചറിയുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ സിപിഎം-ബിജെപി തെരഞ്ഞെടുപ്പ് ബാന്ധവത്തേക്കാള്‍ കേരളത്തിലെ ജനാധിപത്യ, മതേതര സമൂഹത്തെ മഥിക്കേണ്ട കാര്യം ഇതാണ്.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in