തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ – ഭാഗം 1
ഐക്യരാഷ്ട്ര സംഘടനയുടെ പ്രമാണപത്രത്തില്‍ (Charter) അതിന്റെ സ്ഥാപകലക്ഷ്യമായി രേഖപ്പുടുത്തിയ ഒരു പ്രധാന കാര്യം സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും മനുഷ്യത്വപരവുമായി മാനവരാശി നേരിടുന്ന ആഗോള പ്രശ്‌നങ്ങള്‍ക്ക് അന്തര്‍ദേശീയ സഹകരണത്തിലൂടെ പരിഹാരം കാണുക എന്നതാണ്. കൂടാതെ, ജാതി, മത, വംശ വ്യത്യാസങ്ങള്‍ക്ക് ഉപരിയായി സര്‍വ്വരുടെയും മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും ബഹുമാനിക്കാനും അവ പരിപോഷിപ്പിക്കാനും മാനവരാശിയെ പ്രപ്തമാക്കുക എന്നതും ലക്ഷ്യമാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനു സാമൂഹിക രൂപഘടനയിലും സാംസ്‌കാരിക വൈവിധ്യത്തിലും വ്യതിരിക്തത പുലര്‍ത്തുന്ന ലോകമെമ്പാടുമുള്ള തദ്ദേശീയ ജനതയുടെ സാമൂഹിക മൂലധനത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതു സുപ്രധാനമാണെന്ന് ആഗോള സമൂഹം ഇന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ 1993 ഡിസംബര്‍ 21 ലെ 48/163 -ാം നമ്പര്‍ പ്രമേയത്തിലൂടെ പ്രഖ്യാപിച്ച ലോക തദ്ദേശീയ ജനതയ്ക്കായുള്ള അന്താരാഷ്ട്ര ദശകം 1994 ഡിസംബര്‍ 10 മുതല്‍ ആചരിച്ചു.
തദ്ദേശീയരുടെ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ വികാസത്തില്‍ അവരുടെ സാംസ്‌കാരിക സവിശേഷത അംഗീകരിക്കുകയും അവര്‍ക്കു വികസന മാര്‍ഗ്ഗങ്ങള്‍ സ്വയം തിരഞ്ഞെടുക്കാന്‍ അവകാശം നല്കുകയും ചെയ്യുക എന്നതും പ്രധാനമാണെന്നു ആഗോള സമൂഹം തിരിച്ചറിഞ്ഞു. പ്രകൃതി, വികസനം, വിദ്യാഭ്യാസം, ആരോഗ്യം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം തദ്ദേശീയ ജനത തനതു പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും അവ പരിഹരിക്കാന്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നുമുള്ള ചിന്ത തദ്ദേശീയ ജനതയ്ക്കായുള്ള ദശകം ആചരിക്കുന്നതിനു പിന്നിലുണ്ടായിരുന്നു. തദ്ദേശീയ ജനതയ്ക്കായുള്ള അന്താരാഷ്ട്ര ദശകം ആഘോഷിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഒരു ദിവസം ലോക തദ്ദേശീയ ജനതയ്ക്കായുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കണമന്നും ആഗോള സമൂഹം തീരുമാനിച്ചു (1). യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ കീഴിലുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും അവര്‍ക്കെതിരായ വിവേചനം തടയുന്നതിനുമുള്ള ഉപസമിതിയുടെ ഭാഗമായ തദ്ദേശീയ ജനതയ്ക്കായുള്ള വര്‍ക്കിങ് ഗ്രൂപ്പിന്റെ ശുപാര്‍ശ അംഗീകരിച്ചാണു തദ്ദേശീയ ജനതയ്ക്കായുള്ള അന്താരാഷ്ട്ര ദിനം എല്ലാ വര്‍ഷവും ആചരിക്കാന്‍ തീരുമാനിച്ചത്. പ്രസ്തുത വര്‍ക്കിങ് ഗ്രൂപ്പിന്റെ ആദ്യ യോഗം 1982 ഓഗസ്റ്റ് 9 നു കൂടിയതിന്റെ വാര്‍ഷികമായാണ് ഈ ദിനം തിരഞ്ഞെടുത്തത്.
തദ്ദേശീയ ജനതയെ വികസനപാതയില്‍ എത്തിക്കാന്‍ അന്താരാഷ്ട്ര സംഘടനകളുടെയും ദേശീയ സര്‍ക്കാരുകളുടെയും സാമൂഹിക സംഘടനകളുടെയും എല്ലാം ആത്മാര്‍ത്ഥസഹകരണം ആവശ്യമാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞു. തദ്ദേശീയ ജനതയുടെ വികാസം ലക്ഷ്യമിട്ടു നിയമപരമായി കൂടുതല്‍ അധികാരങ്ങളുള്ള സ്ഥിരം സംവിധാനം യുഎന്നില്‍ ഒരുക്കേണ്ടതാണെന്നും മനസ്സിലാക്കി. ലോകത്തിന്റെ സമഗ്ര വികസനത്തിനു തദ്ദേശീയ ജനതയുടെ വികസനം അത്യന്താപേക്ഷിതമണെന്നും മാനവരാശിയുടെ പൊതുവായ പുരോഗതിയ്ക്കു ക്രിയാത്മക സംഭാവനകള്‍ നല്കാന്‍ അവര്‍ക്കു സാധിക്കുമെന്നും ദശകം ആഘോഷിക്കുന്നതിന്റെ ഭാഗമായി അംഗീകരിച്ചു. ഈ ആഘോഷങ്ങള്‍ ‘തദ്ദേശീയ ജനത : പങ്കാളിത്തത്തില്‍ ഊന്നിയ പ്രവര്‍ത്തനം’ (Indigenous People : Participation in Action) എന്ന പ്രമേയത്തെ അസ്പദമാക്കി നടത്താനും തീുമാനിച്ചു.
അന്താരാഷ്ട്ര സമൂഹം തദ്ദേശീയ ജനതയുടെ ജനതയുടെ വികാസത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ തദ്ദേശീയരുടെ താല്‍പര്യങ്ങളും ആവശ്യകതകളും നിര്‍ദ്ദേശങ്ങളും പ്രത്യേകമായി അന്വേഷിക്കണം. അതിനെക്കുറിച്ചു അവരോട് ചോദിച്ച ശേഷം മാത്രമേ പരിപാടികള്‍ ആസൂത്രണം ചെയ്യാവൂ. തദ്ദേശീയ ജനവിഭാഗങ്ങള്‍ തങ്ങളുടെ സ്വത്വത്തില്‍ അധിഷ്ഠിതമായ പ്രത്യേകാവകാശങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിച്ചതു നിരന്തര പോരാട്ടങ്ങളിലൂടെയാണ്. ആഗോള തലത്തില്‍ നിയമവ്യവസ്ഥയിലും സാമൂഹിക ചിന്തയിലും ഗോത്രജനതയ്ക്ക് അനുകൂലമായി ഇത്തരമൊരു മാറ്റം ഉണ്ടായതില്‍ യുണൈറ്റഡ് നേഷന്റെ പങ്കും സുപ്രധാനമായിരുന്നു. ഇന്നു യുഎന്നിന്റെ ഒരു നിര്‍ണ്ണായക പ്രവര്‍ത്തന മേഖല തദ്ദേശീയ ജനതയെ കേന്ദ്രീകരിച്ചാണ്.
തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഒരുപക്ഷേ ആദ്യമായി അന്താരാഷ്ട്ര സമൂഹത്തോടു വിളിച്ചു പറഞ്ഞത് 1923 ല്‍ ലീഗ് ഓഫ് നേഷന്‍സ് യോഗം ജനീവയില്‍ ചേര്‍ന്നപ്പോള്‍ അവിടെയെത്തി തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ചു, സ്വനിയമങ്ങളാല്‍ ഭരിക്കപ്പെട്ടു, സ്വന്തം ദേശത്തുതന്നെ അധിവസിക്കാനുള്ള എല്ലാ അവകാശവും തങ്ങള്‍ക്കും ഉണ്ടെന്നു വാദിച്ച ഇന്നത്തെ ന്യൂയോര്‍ക്ക് ഉള്‍പ്പെട്ട വടക്കുകിഴക്കന്‍ അമേരിക്കയിലെ ഹോഡിനോഷോണി കോണ്‍ഫിഡറസിയുടെ തലവന്‍ ഡിസ്‌കെഹായിരുന്നു. അന്നു ലീഗില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളാണ് ഇന്നത്തെ തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനത്തിലും മുഴങ്ങുന്നതെന്നു കാണാം (2).
മാവോറി ഗോത്രമതനേതാവ് ടി. ഡബ്ല്യു. റെറ്റാന 1925 ല്‍ നടത്തിയ ശ്രമവും ശ്രദ്ധേയമാണ്. മാവോറി വംശം അവരുടെ ഭൂവവകാശങ്ങള്‍ സംബന്ധിച്ചു ന്യൂസിലാന്‍ഡുമായി ഉണ്ടാക്കിയ ‘വെയ്റ്റാങി ഉടമ്പടിയുടെ’ ലംഘനം സംബന്ധിച്ച് ആഗോള സമൂഹത്തെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം യാത്ര നടത്തിയത്. ആദ്യം ലണ്ടനില്‍ ജോര്‍ജ്ജ് രാജാവിന്റെ പക്കല്‍ പരാതി നല്കാനാണ് ഉദ്ദേശിച്ചതെങ്കിലും അദ്ദേഹത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന്, ജനീവയില്‍ ലീഗ് ഓഫ് നേഷന്‍സിനു മുമ്പില്‍ വിഷയം അവതരിപ്പിക്കാന്‍ അവിടെയെത്തി. അപ്പോഴും അദ്ദേഹത്തിന് അനുമതി നിഷേധിക്കപ്പെട്ടു.
തദ്ദേശീയ ജനതയുമായി ബന്ധപ്പെട്ട യുഎന്നിലെ ചര്‍ച്ചകളിലെയൊരു പ്രധാനവശം ‘തദ്ദേശീയ ജനത’ ആരാണെന്നതിനു കൃത്യമായൊരു നിര്‍വ്വചനം രൂപീകരിക്കുക എന്നതായിരുന്നു. ഇതുവരെ, വിഷയത്തിന്റെ സങ്കീര്‍ണ്ണതയാല്‍ ഈ കാര്യത്തില്‍ ഒരു ധാരണയെത്താന്‍ യുഎന്നിനോ അനുബന്ധ ഘടക സംഘടനകള്‍ക്കോ ആയിട്ടില്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനും അവര്‍ക്കെതിരെയുള്ള വിവേചനം തടയുന്നതിനുമുള്ള യുഎന്‍ സബ് കമ്മീഷന്റെ സ്‌പെഷ്യല്‍ റാപ്പോര്‍ട്ടര്‍ ജോസ് ആര്‍. മാര്‍ട്ടിനെസ് കോബോ നിര്‍ദേശിച്ചിരിക്കുന്ന നിര്‍വ്വചനം പലരും പിന്തുടരാറുണ്ട്. ‘തദ്ദേശീയ ജനസഞ്ചയത്തിന് എതിരായ വിവേചന പ്രശ്‌നങ്ങളെ’ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രശസ്ത പഠനത്തിലാണ് ഈ നിര്‍വ്വചനം ഉള്ളത്. ഇതിലൂടെ, തദ്ദേശീയ ജനതയെ സംബന്ധിച്ച്, അവരുടെ നിരവധി സവിശേഷതകള്‍ വ്യക്തമാക്കുന്ന ഒരു ‘വ്യാവഹാരിക നിര്‍വ്വചനം’ ലഭ്യമായി.
‘തദ്ദേശീയ സമുദായങ്ങള്‍, ജനതകള്‍, രാജ്യങ്ങള്‍ എന്നാല്‍, കൊളോണിയല്‍ കാലത്തിനോ അധിനിവേശത്തിനോ മുമ്പ് ഒരു പ്രത്യേക ഭൂപ്രദേശത്തു വികസിച്ച ജനതയുമായി ചരിത്രപരമായ പിന്തുടര്‍ച്ചയുള്ള, പ്രസ്തുത പ്രദേശത്തോ അതിന്റെയൊരു ഭാഗത്തോ ഇന്നു നിലനില്ക്കുന്ന മറ്റു സാമൂഹിക വിഭാഗങ്ങളുമായി വ്യതിരിക്തയുണ്ടെന്നു സ്വയം കണക്കാക്കുന്ന ജനതയാണ്. ഇന്നത്തെ സമൂഹത്തിലെ ആധിപത്യമില്ലാത്ത വിഭാഗങ്ങള്‍ അവരില്‍ നിന്നു രൂപപ്പെടുന്നു. ഒരു സമുദായമെന്ന നിലയില്‍ അവരുടെ നിലനില്പിന്റെ അടിസ്ഥാനമായി കരുതുന്ന; അവരുടെ സ്വന്തം സ്ഥാപനങ്ങളുടെയും നിയമവ്യവസ്ഥകളുടെയും സാംസ്‌കാരിക ക്രമങ്ങളുടെയും ആധാരത്തില്‍ നിലനില്ക്കുന്ന; തങ്ങളുടെ പരമ്പരാഗത ഭൂപ്രദേശവും വംശീയ സ്വത്വവും സംരക്ഷിക്കാനും വികസിപ്പിക്കാനും ഭാവി തലമുറയ്ക്കു കൈമാറ്റം ചെയ്യാനും നിശ്ചയിച്ചവരായിരിക്കും അവര്‍.
വര്‍ത്തമാന കാലത്തിലേക്ക് എത്തും വിധം സുദീര്‍ഘ സമയം നീണ്ടുനില്ക്കുന്ന ചരിത്രപരമായ ഈ പിന്തുടര്‍ച്ച തുടര്‍ന്നു വിവരിക്കുന്ന ഒന്നോ അതിലധികമോ ഘടകങ്ങളില്‍ കാണാം: 1. പരമ്പരാഗത ഭൂമിയിലോ അതിന്റെ ഭാഗങ്ങളിലോ ഉള്ള അധിവാസം; 2. ഈ ഭൂമിയിലുണ്ടായിരുന്ന ആദിമ കുടിപാര്‍പ്പുകാരുമായുള്ള പിന്തുടര്‍ച്ചാബന്ധം; 3. മതം, ഗോത്രങ്ങള്‍ക്കു കീഴിലെ ജീവിതം, തദ്ദേശീയ സമുദായങ്ങളിലെ അംഗത്വം, വേഷവിധാനങ്ങള്‍, ഉപജീവനമാര്‍ഗ്ഗം, ജീവിതശൈലി മുതലായവയില്‍ പ്രത്യേകമോ പൊതുവോ ആയ സാംസ്‌കാരിക ആവിഷ്‌കാരങ്ങള്‍; 4. ഭാഷ. അത് ഒരേയൊരു ഭാഷയായോ; മാതൃഭാഷയായോ; കുടുംബത്തിലോ സമൂഹത്തിലോ ആശയവിനിമയത്തിനുള്ള പതിവുപാധിയായ ഭാഷയായോ; മുഖ്യമായ, താല്‍പര്യമുള്ള, പതിവായ, പൊതുവാവശ്യത്തിന് ഉപയോഗിക്കുന്ന, സ്വാഭാവികമായ ഭാഷയായോ ഉപയോഗിക്കാം; 5. ഒരു രാജ്യത്തെ നിശ്ചിത പ്രദേശങ്ങളിലോ ലോകത്തിലെ ചില മേഖലകളിലോ ഉള്ള അധിവാസം; 6. മറ്റു പ്രസക്ത വിഷയങ്ങള്‍. വ്യക്തിയെന്ന നിലയില്‍, ഒരു തദ്ദേശീയ ജനസമൂഹത്തിലെ അംഗമെന്നു സ്വയം അടയാളപ്പെടുത്തുകയും അദ്ദേഹം, ആ സമൂഹത്താല്‍ തങ്ങളിലൊരംഗമായി അംഗീകരിക്കപ്പെടുകയും സ്വീകരിക്കുകപ്പെടുകയും വേണം. ബാഹ്യ ഇടപെടല്‍ കൂടാതെ തങ്ങളുടെ സമൂഹത്തിലെ അംഗത്വം ആര്‍ക്കെല്ലാമാണെന്നു നിശ്ചയിക്കാനുള്ള പരമാധികാരം തദ്ദേശീയ ജനതയില്‍ നിക്ഷിപ്തമാക്കുന്നു’.
തദ്ദേശീയ ജനത, മുമ്പേ അധിവസിക്കുന്നവര്‍, ആദിവാസികള്‍, പ്രാക്തന ജനത, ഗോത്രജനത തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു തദ്ദേശീയ ജനത. പലപ്പോഴും ഗോത്രജനത, മലവാസികള്‍, നാടോടികള്‍, നായാടികള്‍, ആദിവാസികള്‍ എന്നെല്ലാം നിത്യവ്യവഹാരത്തില്‍ അവര്‍ വിളിക്കപ്പെടാറുണ്ട്. അമേരിക്കയിലെ ലകോട്ടകള്‍, ബൊളീവിയയിലെ അയ്മാരകള്‍, ന്യൂസിലാന്‍ഡിലെ മാവോറികള്‍ ധ്രുവപ്രദേശങ്ങളിലെ ഇന്യുഅറ്റ് / അലൂഷന്‍ വിഭാഗങ്ങള്‍, ഓസ്േ്രടലിയയിലെ അബൊറിജിനുകള്‍, വടക്കന്‍ യൂറോപ്പിലെ സാമി വിഭാഗക്കാര്‍ തുടങ്ങിയവയൊക്കെ തദ്ദേശീയ ജനതയായി കരുതപ്പെടന്നു. ലോകത്താകമാനം 90 ഓളം രാജ്യങ്ങളിലായി 476 ദശലക്ഷം പ്രാക്തന ജനത ഉണ്ടെന്നാണു വിദഗ്ദ്ധാഭിപ്രായം. അവരില്‍ ഏകദേശം 70 % ഏഷ്യ പസഫിക് മേഖലയിലാണു ജീവിക്കുന്നത്. 16 % ആഫ്രിക്കയിലും 11.5 % ലാറ്റിനമേരിക്കയിലും കരീബിയനിലുമായും ബാക്കിയുള്ളവര്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലുമായി ജീവിക്കുന്നു (3).
ആധുനികതയുടെയും കൊളോണിയലിസത്തിന്റെയും സമ്മര്‍ദ്ദം മൂലം ഇന്ന് അവരുടെ തനിമ പലതും നഷ്ടപ്പെട്ടു. സാമൂഹിക വിവേചനവും പലപ്പോഴും സ്വയം വെളിപ്പെടുത്തുന്നതില്‍ നിന്ന് അവരെ തടയുന്നു. പല തനതു ജനവിഭാഗങ്ങളും ഒരു ചെറിയ പ്രദേശത്തു മാതം ഒതുങ്ങുന്നു. നാടോടികളായി വലിയൊരു കൂട്ടം ‘അലഞ്ഞു നടക്കുന്നതായും’ കണാം. അങ്ങനെയാണെങ്കിലും ഇവര്‍ക്കും ഏതെങ്കിലുമൊരു പ്രത്യേക വിഭാഗവുമായി ചരിത്രപരമായ ബന്ധമുണ്ടാകും. പൊതുവേ, പൊതു അധികാരവ്യവസ്ഥയുമായി കാര്യമായ ബന്ധം ഇല്ലാതിരിക്കുക, തങ്ങളുടെ ‘പഴമ’ പുനരുല്‍പാദിപ്പിക്കാനുമുള്ള കഠിനമായ ആഗ്രഹം ഇവയും അവരില്‍ കാണാം.
തദ്ദേശീയ ജനതയെ സൂചിപ്പിക്കുന്ന ഓരോ പദവും സങ്കീര്‍ണമായ സാമൂഹിക സാംസ്‌കാരിക വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ സങ്കീര്‍ണ്ണത വ്യക്തമായൊരു നിര്‍വ്വചനം തദ്ദേശീയ ജനസഞ്ചയത്തിനു നല്കുന്നതില്‍ നിന്നു സാമൂഹിക ശാസ്ത്രജ്ഞന്മാരെ അകറ്റുന്നു. അതിനാല്‍, ഇന്നു വികസിച്ചു വരുന്ന പ്രധാനചിന്ത ഗോത്രവിഭാഗത്തിന്റെ സ്വയം നിര്‍ണ്ണയാവകാശത്തെ ബഹുമാനിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ജോസ് മാര്‍ട്ടീനെസ് വിവരിക്കുന്നവയുടെ കൂടെ മറ്റു ഘടകങ്ങള്‍ കൂടി വിലയിരുത്തി അവരെ തദ്ദേശ ജനത ആണോ എന്ന് ‘തിരിച്ചറിയുക’ എന്നതാണ്. ഇവിടെ ‘നിര്‍വ്വചനത്തിനു’ കാര്യമായ പ്രസക്തിയില്ല (4).
തദ്ദേശീയ വംശങ്ങളുടെ അവകാശ പോരാട്ടങ്ങളിലെ ഒരു പ്രധാന ചുവടായ ‘തദ്ദേശീയ ജനതയ്ക്കായുള്ള വര്‍കിങ് ഗ്രൂപ്പ് ‘(Working Group on Indigenous Populations WGIP) 1982 ല്‍ സ്ഥാപിച്ചു. മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും പ്രചാരണത്തിനുമായുള്ള സബ് കമ്മീഷന്റെ കീഴിലാണിതു സ്ഥാപിച്ചത്. ഇതുവഴി തദ്ദേശീയ ജനതയ്ക്കു തങ്ങളുടെ ജീവിതാനുഭവങ്ങളും പ്രശ്‌നങ്ങളും അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കാനുള്ള ഒരു മാര്‍ഗ്ഗം തുറന്നു കിട്ടി. ഇവരുടെ പ്രവര്‍ത്തനഫലമായി കൂടിയാണ് 2007 ല്‍ തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിക്കുന്ന എക്‌സ്‌പെര്‍ട്ട് മെക്കാനിസം ഉണ്ടാക്കിയത്. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ തദ്ദേശീയ ജനതയുടെയും ഗോത്ര വിഭാഗങ്ങളുടെയും പ്രശ്‌നങ്ങളിലുള്ള ഇടപെടലുകളും ശ്രദ്ധനീയമാണ്. ഈ മേഖലയില്‍ 1920 മുതല്‍ തന്നെ അവര്‍ ഇടപെടുന്നു. അവരാണ് 1989 ലെ തദ്ദേശീയ ജനതയുടെയും ഗോത്രജനതയുടെയും കണ്‍വെന്‍ഷന്‍ (നമ്പര്‍ 169) സംഘടിപ്പിക്കുന്നതില്‍ മുന്‍കൈയെടുത്തത്. തദ്ദേശീയ ജനതയുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവര്‍ മുന്‍കൈ എടുക്കുന്നുണ്ട്.
യുഎന്‍ പൊതുസഭ 1993 ല്‍ A/RES/47/75 നമ്പര്‍ പ്രമേയത്തിലൂടെ ‘ലോകത്തിലെ തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര വര്‍ഷം’ പ്രഖ്യാപിച്ചതാണു മറ്റൊരു സുപ്രധാന സംഭവം. അന്താരാഷ്ട്ര സമൂഹവും രാജ്യങ്ങളും തമ്മിലുള്ള തദ്ദേശീയ ജനതയുടെ സഹകരണം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു വര്‍ഷാചരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി യുഎന്‍ സെക്രട്ടറി ജനറല്‍ ഒരു ‘വൊളണ്ടറി ഫണ്ട്’ ആരംഭിച്ചു. തദ്ദേശീയ ജനതയുടെ മുനേറ്റത്തിലെ വേറൊരു നിര്‍ണ്ണായക ഘട്ടമാണു യുഎന്‍ പൊതുസഭ 1994 ല്‍ A/RES/48/163 നമ്പര്‍ പ്രമേയത്തിലൂടെ ‘ലോകത്തിലെ തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദശകം’ പ്രഖ്യാപിച്ചത്. ഇത് 1995 മുതല്‍ 2004 വരെ ആചരിച്ചു. തദ്ദേശീയ ജനതയുടെ സംരക്ഷണത്തില്‍ യുഎന്നിന്റെ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുകയായിരുന്നു ഈ ദശകാചരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തദ്ദേശീയ ജനതയുടെ സമഗ്ര വികാസത്തിനു വിദ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം, വികസനം, പ്രകൃതി തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. തദ്ദേശീയ ജനതയുടെ പരമ്പരാഗത ആചാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കുക എന്നതും ഒരു പ്രധാന ലക്ഷ്യമായിരുന്നു.
യുഎന്നില്‍ 2000 ല്‍ ‘എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിന്റെ’ ഉപദേശക സമിതിയായി ‘ദ പെര്‍മനന്റ് ഫോറം ഓണ്‍ ഇന്‍ഡിജിനസ് ഇഷ്യൂസ്’ സ്ഥാപിച്ചതും സുപ്രധാനമാണ്. തദ്ദേശീയ ജനതയെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ കൗണ്‍സിലിനു വിദഗ്ദ്ധ ഉപദേശങ്ങള്‍ നല്കുക; ഈ മേഖലയില്‍ യുഎന്നിന്റെ വിവിധ പദ്ധതികള്‍ തമ്മിലുള്ള ഏകോപനം സാധ്യമാക്കുക; ഗോത്ര ജനതയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പൊതുസമൂഹത്തിനു നല്കുക തുടങ്ങിയവയാണ് ഈ ഫോറത്തിന്റെ ഉത്തരവാദിത്വം. തദ്ദേശീയ ജനതയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ വര്‍ദ്ധിച്ച പ്രാധാന്യം മനസ്സിലാക്കി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ 2001 ല്‍ ‘തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ റാപ്പോര്‍ട്ടറെ’ നിയമിച്ചതാണു ഈ രംഗത്തെ മറ്റൊരു ശ്രദ്ധനീയ കാല്വയ്പ്പ്. ഗോത്ര ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നയപരമായ പദ്ധതികള്‍ ആവിഷ്‌കരിക്കുക, പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുവാന്‍ ദേശീയ സര്‍ക്കാരുകളെ േ്രപരിപ്പിക്കുക, അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരുകളെ പ്രാപ്തരാക്കുക, തദ്ദേശീയ ജനതയുടെ പ്രത്യേക പ്രശ്‌നങ്ങള്‍ സംബന്ധിച്ചു സര്‍ക്കാരുകള്‍ വഴിയും മറ്റ് ഏജന്‍സികള്‍ വഴിയും അന്വേഷണങ്ങള്‍ നടത്തുക, അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചു വിവിധ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ പഠനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യങ്ങള്‍.
തദ്ദേശീയ ജനതയുടെ അവകാശ സംരക്ഷണ ചരിത്രത്തില്‍ സുപ്രധാനമായ ‘ലോകത്തിലെ തദ്ദേശീയ ജനതയുടെ രണ്ടാം അന്താരാഷ്ട്ര ദശകം’ 2005 മുതല്‍ 2015 വരെ ആചരിച്ചു. യുഎന്‍ പൊതുസഭ 59/174 നമ്പര്‍ പ്രമേയത്തിലൂടെയാണ് ഇതു പ്രഖ്യാപിച്ചത്. 60/142 പ്രമേയത്തിലൂടെ ഈ നിര്‍ദ്ദേശം സ്വീകരിക്കുകയും A/60/272 രേഖയില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. വിദ്യാഭ്യാസം, തൊഴില്‍, പരിസ്ഥിതി, സംസ്‌കാരം, സാമ്പത്തിക സാമുഹിക വികസനം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ മേഖലകളില്‍ തദ്ദേശീയ ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്താരാഷ്ട്ര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതായിരുന്നു ദശകാചരണത്തിന്റെ ലക്ഷ്യം.
അവകാശ സംരക്ഷണത്തില്‍ മറ്റൊരു കാല്‍വെ്പ്പായ ‘എക്‌സ്‌പെര്‍ട്ട് മെക്കാനിസം ഓണ്‍ ദ റൈറ്റ്‌സ് ഓഫ് ഇന്‍ഡിജെനസ് പീപ്പിള്‍സ്’ (EMRIP) ഉണ്ടാക്കിയതു യുഎന്‍ മനുഷ്യാവകാശ കമ്മീഷനാണ്. 2007ലെ 6/36 നമ്പര്‍ പ്രമേയത്തിനു ‘കീഴിലാണ്’ ഒരു അനുബന്ധ സമിതി എന്ന നിലയില്‍ ഈ സംവിധാനം ഉണ്ടാക്കിയത്. യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ഉപദേശം നല്കുക, ഗവേഷണത്തിന്റെയും പഠനത്തിന്റെയും രൂപത്തില്‍ തദ്ദേശീയ ജനത നേരിടുന്ന വിവിധ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു പ്രമേയപരമായ ഉപദേശങ്ങള്‍ നല്കുക തുടങ്ങിയവയാണ് ഈ സംവിധാനത്തിന്റെ കര്‍ത്തവ്യങ്ങള്‍.
തദ്ദേശീയ ജനതയുടെ അവകാശ സംരക്ഷണ ചരിത്രത്തില്‍ ഏറ്റവും പ്രധാനമായ ‘തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം’ (UNDRIP) 2007 സെപ്റ്റംബര്‍ 13 നു യുഎന്‍ പൊതുസഭ അംഗീകരിച്ചു. ഈ വിഷയത്തിലെ ഏറ്റവും സമഗ്രമായ രേഖയാണിത്. അന്താരാഷ്ട്ര അവകാശ ഉടമ്പടികള്‍ക്കു പരിചിതമല്ലാത്ത വിധം സമൂഹത്തിന്റെ കൂട്ടായ അവകാശങ്ങള്‍ക്കു അതിയായ പ്രാധാന്യം നല്കിയാണ് ഈ രേഖ എഴുതപ്പെട്ടത്. അന്താരാഷ്ട്ര സമൂഹം തദ്ദേശീയ ജനതയ്ക്കു ഇന്നു നല്കുന്ന പ്രാധാന്യമെത്ര വലുതാണെന്നു വിളിച്ചോതുന്നതാണ് ഈ പ്രമാണം. 1985 മുതല്‍ ഏകദേശം 20 വര്‍ഷത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇതു തയ്യാറാക്കപ്പെട്ടത്.
‘തദ്ദേശീയ ജനതയെ സംബന്ധിച്ച ലോക കോണ്‍ഫ്രന്‍സ്’ (WCIP) ആദ്യമായി 2014 സെപ്റ്റംബര്‍ 22 -23 തീയതികളില്‍ നടന്നു. തദ്ദേശീയ ജനതയുടെ അവകാശ പ്രഖ്യാപനത്തിലെ അവകാശങ്ങളും ഇതര മനുഷ്യാവകാശങ്ങളും എത്രമാത്രം അവര്‍ക്ക് അനുഭവവേദ്യമായി എന്ന കാര്യമടക്കം നിരവധി വിഷയങ്ങളിവിടെ ചര്‍ച്ച ചെയ്തു. ഈ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ ഉപയുക്തമായ ഏറ്റവും ഫലപ്രദമായ നയങ്ങള്‍ സംബന്ധിച്ചും ഇവിടെ ചര്‍ച്ചയുണ്ടായി.
തദ്ദേശീയ ജനതയുടെ സംരക്ഷണം ഇപ്പോള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ഒരു സുപ്രധാന താല്‍പര്യമാണ്. അവര്‍ക്കായി പ്രത്യേക അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ഈ നിയമങ്ങളില്‍ ഇന്നുണ്ട്. ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര തൊഴില്‍ സംഘടന തുടങ്ങിയ സുപ്രധാന ആഗോള പ്രസ്ഥാനങ്ങളും പ്രാക്തനരുടെ അവകാശങ്ങള്‍ പ്രത്യേകം പരിഗണിക്കുന്നു. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അംഗരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ 2007 ല്‍ യുഎന്‍ നേതൃത്വത്തില്‍ തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും അവരുടെ പ്രത്യേക അവകാശങ്ങള്‍ എല്ലാവരും അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ പ്രഖ്യാപനത്തിന്റെ ഒരു വിലയിരുത്തല്‍ ഇന്ത്യയില്‍ ഇന്നു നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതാണ്.
2007 ലെ തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം അവര്‍ക്കു നിരവധി അവകാശങ്ങള്‍ അനുവദിക്കുന്നു. 46 വകുപ്പുകളുള്ള സമഗ്രമായൊരു മനുഷ്യാവകാശ ദര്‍ശന രേഖയാണത്. തദ്ദേശീയ ജനതയുടെ സാംസ്‌കാരിക വൈവിധ്യങ്ങളും സാമൂഹിക വ്യതിരിക്തതകളും പ്രത്യേകം പരിഗണിക്കുന്നു ഈ പ്രഖ്യാപനം. ഗോത്രവിഭാഗത്തിന്റെ സ്വയം നിര്‍ണ്ണയാവകാശം, സ്വയംഭരണാവകാശങ്ങള്‍, ഭൂവവകാശങ്ങള്‍, സാമൂഹിക സാംസ്‌കാരിക സാമ്പത്തിക അവകാശങ്ങള്‍, കൂട്ടായ അവകാശങ്ങള്‍ മുതലായവ ഇതില്‍ വ്യക്തമായി പ്രതിപാദിക്കുന്നു.
പ്രഖ്യാപനത്തിലെ വകുപ്പ് 1, ‘യു എന്‍ ചാര്‍ട്ടറും ലോക മനുഷ്യാവകാശ പ്രഖ്യാപനങ്ങളും ഇതര അന്താരാഷ്ട്ര നിയമങ്ങളും പ്രഖ്യാപിച്ചിട്ടുള്ള എല്ലാ മനുഷ്യാവകാശങ്ങളും ഒരു കൂട്ടായ്മയെന്ന രീതിയിലോ വ്യക്തി എന്ന നിലയിലോ തദ്ദേശീയ ജനതയ്ക്ക് അവകാശപ്പെട്ടതാണ്’ എന്നു പയുന്നു.
തദ്ദേശീയ ജനതയ്ക്ക് എല്ലാ ജനങ്ങളെയും വ്യക്തികളെയും പോലെ സ്വാതന്ത്ര്യവും അവകാശങ്ങളും ഉണ്ടെന്നും അവരുടെ പ്രാക്തന ഉത്ഭവത്തിന്റെയും സ്വത്വത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ അവകാശങ്ങളും അനുഭവിക്കാനും എല്ലാവിധ വിവേചനങ്ങളില്‍ നിന്നും സ്വതന്ത്രരായിരിക്കാനും’ ഉള്ള അവകാശം ലഭിക്കണമെന്നും 2 -ാം വകുപ്പു വ്യക്തമാക്കുന്നു. മൂന്നാം വകുപ്പ് അവര്‍ക്കു സുപ്രധാനമായ സ്വയം നിര്‍ണ്ണയത്തിനുള്ള അവകാശം പ്രഖ്യാപിക്കുന്നു. ഇതുവഴി രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ വികസനത്തിനുള്ള വഴികള്‍ അവര്‍ക്കു നിശ്ചയിക്കാം. വകുപ്പ് 4 സ്വയം ഭരണത്തിനുള്ള അവകാശം വാഗ്ദാനം ചെയ്യുന്നു. ഇതുവഴി പ്രാദേശികവും അഭ്യന്തരവുമായ കാര്യങ്ങളെയും സ്യയംഭരണത്തിന്റെ സാമ്പത്തിക വശങ്ങളെയും കുറിച്ചു തീരുമാനമെടുക്കാം. ദേശരാഷ്ട്രത്തിന്റെ സാംസ്‌കാരികവും സാമൂഹികവും മറ്റുമായ ജീവിതത്തില്‍ സ്വയം ചേര്‍ന്നാല്‍ അതിനൊപ്പം തങ്ങളുടെ വ്യതിരിക്തമായ സാമൂഹികവും സാംസ്‌കാരികവും മറ്റുമായ സ്ഥാപനങ്ങള്‍ നിലനിര്‍ത്താനുള്ള അവകാശം 5 -ാം വകുപ്പിലൂടെ ലഭിക്കുന്നു.
പ്രഖ്യാപനത്തിലെ വകുപ്പ് 6 തദ്ദേശീയ ജനതയ്ക്കു പൗരത്വം ഉറപ്പു നല്കുന്നു. പ്രാക്തന വ്യകതിക്കു ശാരീരികവും മാനസികവുമായ സമഗ്രതയില്‍ സുരക്ഷയോടെ വസിക്കാനുള്ള അവകാശവും സ്വാതന്ത്ര്യം, സമാധാനം സുരക്ഷ ഇവയോടെ ഒരു വ്യതിരിക്ത സമൂഹമായി ജീവിക്കാനുള്ള അവകാശവും വകുപ്പ് 7 വാഗ്ദാനം ചെയ്യുന്നു. കൂടാതെ, വംശഹത്യ, പീഡനം, ഇതര വിഭാഗങ്ങളിലേക്കു അവരുടെ കുട്ടികളെ ഉള്‍ച്ചേര്‍ക്കല്‍ ഇവയില്‍ നിന്നുള്ള സംരക്ഷണവും ഈ വകുപ്പു പ്രഖ്യാപിക്കുന്നുണ്ട്. അവരെ നിര്‍ബന്ധമായി വേറെ സമൂഹത്തിലേക്കു ചേര്‍ക്കുന്നതിനെ വകുപ്പ് 8 തടയുന്നു. ഒരു വ്യതിരിക്ത സാമൂഹമെന്ന നിലയിലുള്ള സമഗ്രത നശിപ്പിക്കുക; അവര്‍ ബന്ധപ്പെട്ടിരിക്കുന്ന ഭൂപ്രദേശങ്ങളില്‍ നിന്നും മറ്റും ഒഴിപ്പിക്കുക; അവരെ ബലപ്രയോഗത്തിലൂടെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി പാര്‍പ്പിക്കുക തുടങ്ങിയവയും അവര്‍ക്കെതിരെയുണ്ടാകുന്ന വിവേചനപരമായ പ്രചാരണങ്ങള്‍ എന്നിവയും വകുപ്പ് 8 തടയുന്നു. വകുപ്പ് 9 ഒരു രാജ്യത്തോ തദ്ദേശീയ ജനസമൂഹത്തിലോ അംഗമാകാനുളള അവകാശം അവര്‍ക്ക് ഉറപ്പാക്കുന്നു. ബലപ്രയോഗത്തിലൂടെ അവരുടെ പ്രദേശത്തുനിന്നു കുടിയൊഴിപ്പിക്കുന്നതിനെതിരേ സംരക്ഷണവും അങ്ങനെ നടന്നാല്‍ ന്യായമായ നഷ്ടപരിഹാരവും വകുപ്പ് 10 വാഗ്ദാനം ചെയ്യുന്നു.
പ്രഖ്യാപനത്തിലെ വകുപ്പ് 11 പ്രാക്തന ജനതയ്ക്ക് ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരാനും പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള അവകാശവും പുരാവസ്തുപരമായും ചരിത്രപരമായും പ്രാധാന്യമുള്ള സ്ഥലങ്ങള്‍, സാങ്കേതികവിദ്യകള്‍, കലകള്‍, സാഹിത്യം തുടങ്ങിയവയുടെ സംരക്ഷണവും ഉറപ്പാക്കുന്നു. അവരില്‍ നിന്ന് ഏറ്റെടുത്ത സാംസ്‌കാരികവും മതപരവും സാമൂഹികവും ആത്മീയവും ആയ എല്ലാ ആസ്തികളും പുനഃസ്ഥാപിക്കാനുള്ള രാഷ്ട്രത്തിന്റെ ബാധ്യതയെക്കുറിച്ചും ഈ വകുപ്പു പറയുന്നു. ആത്മീയവും മതപരവുമായ തനത് ആചാരങ്ങളും ആഘോഷങ്ങളും ആവിഷ്‌കരിക്കാനും ആചരിക്കാനും വികസിപ്പിക്കാനും സാംസ്‌കാരികവും മതപരവുമായി പ്രധാനമെന്നു കരുതുന്ന സ്ഥലങ്ങളില്‍ വെച്ചു തികച്ചും സ്വകാര്യമായി അവ നടത്താനും അവര്‍ക്കുള്ള അവകാശം വകുപ്പ് 12 ഉറപ്പാക്കുന്നു. വകുപ്പ് 13 ഗോത്രവിഭാഗത്തിന്റെ ചരിത്രങ്ങള്‍ ഭാഷകള്‍, വാമൊഴി, പാരമ്പര്യങ്ങള്‍, തത്ത്വചിന്തകള്‍, എഴുത്ത്, സാഹിത്യം, തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പിക്കുന്നു. വകുപ്പ് 14 അവരുടെ തനതായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സംവിധാനങ്ങളും സ്ഥാപിക്കാനും നിയന്ത്രിക്കാനും അവകാശം ഉറപ്പാക്കുന്നു. തങ്ങളെക്കുറിച്ചുള്ള മുന്‍വിധികള്‍ക്കും വിവേചനങ്ങള്‍ക്കും എതിരേ പോരാടാനുള്ള അവകാശം വകുപ്പ് 15 വാഗ്ദാനം ചെയ്യുന്നു.
പ്രഖ്യാപനത്തിലെ വകുപ്പ് 16 സ്വഭാഷയില്‍ സ്വന്തം മാധ്യമങ്ങള്‍ക്കുള്ള അവകാശം ഗോത്രജനതയ്ക്കുണ്ടെന്നു പ്രഖ്യാപിക്കുന്നു. രാഷ്ട്രത്തിന്റെ മാധ്യമങ്ങളില്‍ തദ്ദേശീയ ജനതയുടെ സംസ്‌കാരികത പ്രതിഫലിപ്പിക്കാനുള്ള അവകാശവും ഈ വകുപ്പു നല്കുന്നു. എല്ലാ തൊഴില്‍നിയമങ്ങളും അനുശാസിക്കുന്ന അവകാശങ്ങള്‍; കുട്ടികളെ സാമ്പത്തിക ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നടപടികള്‍; വേതനം തുടങ്ങിയ കാര്യങ്ങളില്‍ വിവേചനം നേരിടുന്നതില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയവ വകുപ്പു 17 ഉറപ്പാക്കുന്നു. സ്വന്തം പ്രതിനിധികളിലൂടെ, അവരെ ബാധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പങ്കാളികളാകാനും; അതിനുള്ള സ്ഥാപനങ്ങള്‍ വികസിപ്പിക്കാനും തദ്ദേശീയ ജനതയ്ക്കുള്ള അവകാശം 18 -ാം വകുപ്പ് ഉറപ്പാക്കുന്നു. തദ്ദേശീയ ജനതയെ ബാധിക്കാവുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനു മുമ്പു അവരുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതും അവരോട് ആലോചിക്കേണ്ടതുമാണെന്നു വകുപ്പ് 19 സൂചിപ്പിക്കുന്നു. തദ്ദേശീയ ജനതയ്ക്കു അവരുടേതായ സാമൂഹികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ സ്ഥാപനങ്ങള്‍ വികസിപ്പിക്കാനുള്ള അവകാശം, ജീവസന്ധാരണത്തിനു സ്വന്തം വഴികള്‍ കണ്ടെത്താനുള്ള അവകാശം, അവരുടെ പരമ്പരാഗത സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സ്വതന്ത്രമായി ഏര്‍പ്പെടാനുള്ള അവകാശം തുടങ്ങിയവ വകുപ്പ് 20 ഉറപ്പാക്കുന്നു. കൂടാതെ, അതിജീവനത്തിനു ബുദ്ധിമുട്ടുന്നവര്‍ക്കു നീതിപൂര്‍വ്വമായ പരിഹാരവും ഈ വകുപ്പു വാഗ്ദാനം ചെയ്യുന്നു.
വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം/പുനര്‍പരിശീലനം, പാര്‍പ്പിടം, ശുചീകരണം, ആരോഗ്യപരിരക്ഷ, സാമൂഹിക സുരക്ഷിതത്വം തുടങ്ങിയ മേഖലകളില്‍ വിവേചന രഹിതമായി അഭിവൃദ്ധി പ്രാപിക്കുന്നതിനു തദ്ദേശീയ ജനതയുടെ അവകാശം വകുപ്പ് 21 പ്രഖ്യാപിക്കുന്നു. ഗോത്രവിഭാഗത്തിലെ വൃദ്ധര്‍, സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ പ്രത്യേക ആവശ്യങ്ങളെക്കുറിച്ചു 22 -ാം വകുപ്പു സൂചിപ്പിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വിവേചനങ്ങളിലും അതിക്രമങ്ങളിലും നിന്നുള്ള സമ്പൂര്‍ണ്ണ സംരക്ഷണത്തെ കുറിച്ചും ഇതു പറയുന്നു. തദ്ദേശീയ ജനതയെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക, ആരോഗ്യ, വികസന പ്രവര്‍ത്തനങ്ങളെ സംന്ധിച്ചു തീരുമാനമെടുത്തു നടപ്പാക്കാനുള്ള അവകാശത്തെക്കുറിച്ചാണു വകുപ്പ് 23 സൂചിപ്പിക്കുന്നത്. ഗോത്രവിഭാഗങ്ങളുടെ തനത് ആരോഗ്യ ചികിത്സാ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനൊപ്പം വിവേചനരഹിതമായി ഇതര ചികിത്സാ വ്യവസ്ഥകള്‍ കൂടി ഉപയോഗിക്കുന്നതിനുള്ള അവകാശത്തെയും ശാരീരികവും മാനസ്സികവുമായ ആരോഗ്യം ഉന്നത നിലവാരത്തില്‍ സംരക്ഷിക്കാനുള്ള അവകാശത്തെയും കുറിച്ചു വകുപ്പ് 24 വിശദമാക്കുന്നു. തദ്ദേശീയ ജനത ഉടമസ്ഥതയില്‍ ആക്കിയതോ, വസിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ ഭൂവിഭാഗങ്ങളും പ്രകൃതി വിഭവങ്ങളുമായി പ്രത്യേകമായ ആത്മീയബന്ധം പുലര്‍ത്താനുള്ള അവകാശത്തെക്കുറിച്ചു 25 -ാം വകുപ്പു സൂചിപ്പിക്കുന്നു.
പ്രാക്തന ജനത ഉപയോഗിക്കുന്ന ഭൂമിയും ഇതര വിഭവങ്ങളും ഉടമസ്ഥതയില്‍ ആക്കാനും വികസിപ്പിക്കാനും സംരക്ഷിക്കാനുള്ള അവകാശവും രാഷ്ട്രത്തില്‍ നിന്നു നിയമപരമായി ഭൂമിയുടെ ഉടമസ്ഥത അംഗീകരിച്ചു കിട്ടാനുള്ള അവകാശവും വകുപ്പ് 26 ഉറപ്പാക്കുന്നു. ഗോത്രജനതയുടെ ഭൂമിയുമായി ബന്ധപ്പെട്ടു പരമ്പരാഗതമായി നിലനില്ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയമങ്ങളും പിന്തുടരാനുള്ള അവകാശത്തെക്കുറിച്ചാണു വകുപ്പ് 27 സൂചിപ്പിക്കുന്നത്. പൊതുവാവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശം ഉണ്ടെന്നും സാധിക്കുമെങ്കില്‍ തദ്ദേശീയ ജനതയ്ക്ക് അവരുടെ പ്രദേശത്തേയ്ക്കു മടങ്ങാന്‍ അവസരം ഉണ്ടാക്കണമെന്നും നഷ്ടപരിഹാരം പണത്തിനുപരി ഭൂമിയായും മറ്റ് വിഭവങ്ങളായും ലഭിക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും വകുപ്പ് 28 വ്യക്തമാക്കുന്നു. അവര്‍ അധിവസിക്കുന്നതും ഉപയോഗിക്കുന്നതുമായ ഭൂപ്രദേശങ്ങളുടെയും ഇതര വിഭവങ്ങളുടെയും സംരക്ഷണത്തിനും അവയുടെ ഉല്‍പാദന മികവു വര്‍ദ്ധിപ്പിക്കുന്നതിനും ഗോത്ര വിഭാഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതിനു രാഷ്ട്രത്തിന്റെ സഹായത്തിനവര്‍ക്ക് അര്‍ഹതയുണ്ടെന്നും വകുപ്പ് 29 വ്യക്തമാക്കുന്നു. പരിസ്ഥിതിക്കു ദോഷമായ വസ്തുക്കള്‍ അവരുടെ അധിവാസ മേഖലകളില്‍ നിക്ഷേപിക്കാനോ ശേഖരിച്ചു വയ്ക്കാനോ പാടില്ലെന്നും അങ്ങനെ ചെയ്യണമെങ്കില്‍ അവരുടെ അനുമതി വാങ്ങണമെന്നും ഈ വകുപ്പു പറയുന്നു. കൂടാതെ അപകടകരമായ വിഷവസ്തുക്കള്‍ പരിസ്ഥിതിയില്‍ ഉണ്ടെങ്കില്‍ അവ മൂലമുള്ള ആരോഗ്യ പ്രതിസന്ധികള്‍ കര്‍ക്കശമായി നിരീക്ഷിക്കപ്പെടാനും ചികിത്സ ലഭിക്കാനുമൊക്കെയുള്ള അവകാശവും ഈ വകുപ്പു നല്കുന്നു. ഗോത്രവിഭാഗങ്ങളുടെ അധിവാസ മേഖലകളില്‍ തക്കതായ പൊതു ആവശ്യങ്ങള്‍ക്കല്ലാതെ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും അങ്ങനെ വേണമെങ്കില്‍ അവരുടെ അനുമതി വാങ്ങണമെന്നും 30 -ാം വകുപ്പു വ്യക്തമാക്കുന്നു. അവരുടെ ഭൂപ്രദേശം പട്ടാള നടപടികള്‍ക്ക് ഉപയോഗിക്കുമ്പോള്‍ പാലിക്കപ്പെടേണ്ട നടപടിക്രമങ്ങളും ഈ വകുപ്പില്‍ വിവരിക്കുന്നു.
തദ്ദേശീയ ജനതയുടെ തനതു സംസ്‌കാരവും ഭാഷയും സാഹിത്യവും ശാസ്ത്രവും ജനിതക വിഭവങ്ങളും സാങ്കേതികവിദ്യയും വിത്തുകളും അറിവുകളും ഔഷധങ്ങളും മറ്റും സംരക്ഷിക്കപ്പെടാനും അതിന്മേല്‍ നിയമപരമായ ബൗദ്ധിക സ്വത്തവകാശം സ്ഥാപിക്കാനുമുള്ള അര്‍ഹത 31-ാം വകുപ്പു നല്കുന്നു. തദ്ദേശീയ ജനത അവരുടെ ഭൂപ്രദേശം, മറ്റു പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതും വികസിപ്പിക്കുന്നതും സംബന്ധിച്ച മുന്‍ഗണനയും തന്ത്രങ്ങളും നിശ്ചയിക്കാന്‍ അവകാശമുണ്ടെന്നു വകുപ്പു 32 പറയുന്നു. ഗോത്രവിഭാഗത്തിന്റ പ്രദേശങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അവരുടെ അനുവാദം വാങ്ങിയിരിക്കണമെന്നും പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുമ്പോള്‍ ദോഷങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഈ വകുപ്പു വ്യക്തമാക്കുന്നു. തദ്ദേശിയ ജനതയുടെ സത്വവും ആചാരങ്ങളും പാരമ്പര്യങ്ങളും പരിഗണിച്ച് അവരുടെ സമൂഹത്തില്‍ അംഗത്വം നല്കുന്നതിനുള്ള അവകാശം വകുപ്പ് 33 നല്കുന്നു. അവരുടെ സ്ഥാപനങ്ങളിലെ അംഗത്വം എങ്ങനെയായിരിക്കണമെന്നു നിശ്ചയിക്കാനുള്ള അവകാശവും ഈ വകുപ്പു അനുവദിക്കുന്നുണ്ട്. ഗോത്രവിഭാഗങ്ങള്‍ക്ക് തനതു സംസ്‌കാരവും ആചാരങ്ങളും ആത്മീയ പാരമ്പര്യങ്ങളും മറ്റും അനുസരിച്ചു സ്വന്തം സ്ഥാപനങ്ങള്‍ വികസിപ്പിക്കുവാനും സംരക്ഷിക്കുവാനും ഉള്ള അവകാശം വകുപ്പ് 34 അംഗീകരിക്കുന്നു. തദ്ദേശീയ ജനതയ്ക്ക്, അവരുടെ സമൂഹത്തിലെ അംഗങ്ങള്‍ക്ക് ആ സമൂഹത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ എന്തായിരിക്കുമെന്നു നിശ്ചയിക്കാനുള്ള അവകാശം വകുപ്പ് 35 ഉറപ്പാക്കുന്നു.
രാഷ്ട്രാതിര്‍ത്തികളുടെ തടസ്സങ്ങളില്ലാതെ സ്വന്തം സമുദായത്തില്‍പ്പെട്ട ഇതര വ്യക്തികളുമായി സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ക്കായും മറ്റും ബന്ധങ്ങള്‍ പുലര്‍ത്താനും സഹകരണത്തിനുമുള്ള അവകാശം വകുപ്പ് 36 ഉറപ്പാക്കുന്നു. രാഷ്ട്രവും മറ്റിതര കക്ഷികളുമായി തദ്ദേശീയ ജനത ഉണ്ടാക്കിയിട്ടുള്ള കരാറുകളും മറ്റു വ്യവസ്ഥകളും പാലിക്കപ്പെടാനുള്ള അവകാശം വകുപ്പ് 37 ഉറപ്പു നല്കുന്നു. രാഷ്ട്രം തദ്ദേശീയ ജനതയുമായി സഹകരിച്ചുകൊണ്ട് ഈ പ്രഖ്യാപനത്തിലെ അവകാശങ്ങള്‍ നടപ്പില്‍ വരുത്താനുള്ള നിയമപരമായതുള്‍പ്പെടെയുള്ള നടപടികള്‍ കൈകൊള്ളണമെന്നു 38-ാം വകുപ്പു പറയുന്നു. പ്രഖ്യാപനത്തിലെ അവകാശങ്ങള്‍ സാക്ഷാത്കരിക്കാനുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായം രാഷ്ട്രത്തില്‍ നിന്നു ലഭ്യമാകാനുള്ള അവകാശം വകുപ്പ് 39 നല്കുന്നു. രാഷ്ട്രവുമായോ ഇതര കക്ഷികളുമായോ ഉണ്ടാകുന്ന വ്യവഹാരങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കാനുള്ള ന്യായമായ നടപടിക്രമങ്ങള്‍ക്കുള്ള അവകാശം വകുപ്പ് 40 ഉറപ്പു നല്കുന്നു. ഈ നടപടിക്രമങ്ങള്‍ നീതിയുക്തവും പ്രാക്തനരുടെ പാരമ്പര്യങ്ങളും മറ്റും പരിഗണിച്ചുള്ളത് ആയിരിക്കണം എന്നും ഈ വകുപ്പ് അനുശാസിക്കുന്നു.
ഈ പ്രഖ്യാപനത്തിലെ അവകാശങ്ങള്‍ തദ്ദേശീയ ജനതയ്ക്കു ലഭ്യമാക്കുന്നതിനായി യുഎന്നിലെ വ്യത്യസ്ത ഘടകങ്ങളും വിവിധ ദേശീയ സര്‍ക്കാരുകളും സാങ്കേതികവും സാമ്പത്തികവുമായ സംഭാവനകളും സഹകരണവും നല്‌കേണ്ടതാണെന്നു വകുപ്പ് 41 വ്യക്തമാക്കുന്നു.
തദ്ദേശീയ ജനതയുടെ പങ്കാളിത്തം അവരെ ബാധിക്കുന്ന വിഷയങ്ങളില്‍ ഉറപ്പാക്കണമെന്നും ഈ വകുപ്പു പറയുന്നു. ഈ പ്രഖ്യാപനത്തിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പ്രയോഗത്തില്‍ വരുത്താന്‍ ഇതിനോടു ബഹുമാനം വളര്‍ത്താനുള്ള നടപടികള്‍ യുഎന്നും ഘടകങ്ങളും രാഷ്ട്രങ്ങളും കൈക്കൊള്ളണമെന്നു വകുപ്പ് 42 ആവശ്യപ്പെടുന്നു. ഈ പ്രഖ്യാപനത്തിലൂടെ തദ്ദേശീയ ജനതയ്ക്കായി അംഗീകരിച്ച അവകാശങ്ങള്‍ അവരുടെ നിലനില്പനും അന്തസ്സിനും സുസ്ഥിതിക്കും വേണ്ടി പാലിക്കേണ്ട കാര്യങ്ങളിലെ ഏറ്റവും ചെറിയ മാനദണ്ഡങ്ങളാണെന്നു വകുപ്പ് 43 പറയുന്നു. തദ്ദേശീയ ജനതയില്‍പ്പെട്ട സ്ത്രീപുരുഷന്മാര്‍ക്ക് ഈ പ്രഖ്യാപനം അംഗീകരിച്ച അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഒരേ നിലവാരത്തില്‍ ഉറപ്പു നല്കുന്നതായി വകുപ്പ് 44 സൂചിപ്പിക്കുന്നു. തദ്ദേശീയ ജനത ഭാവിയില്‍ നേടാന്‍ സാധ്യതയുള്ളതോ ഇപ്പോള്‍ അനുഭവിക്കുന്നതോ ആയ അവകാശങ്ങളെ കുറയ്ക്കുന്നതോ ഇല്ലാതാക്കുന്നതോ ആയ രീതിയില്‍ വ്യാഖ്യാന സാധ്യതയുള്ള ഒന്നും തന്നെ ഈ പ്രഖ്യാപനത്തില്‍ ഇല്ല എന്നു വകുപ്പ് 45 വ്യക്തമാക്കുന്നു.
യുഎന്‍ ചാര്‍ട്ടറിനു വിരുദ്ധമായ പ്രവര്‍ത്തി ചെയ്യാനോ ഏതെങ്കിലും സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ഐക്യം തകര്‍ക്കാനോ വ്യക്തികളെയോ ജനങ്ങളെയോ രാജ്യങ്ങളെയോ സഹായിക്കുന്ന വിധം വ്യാഖ്യാന സാധ്യതയുള്ള ഒന്നും തന്നെ ഈ പ്രഖ്യാപനത്തില്‍ ഇല്ലെന്നു വകുപ്പു 46 ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ, ഈ പ്രഖ്യാപനത്തില്‍ വിവരിച്ചിട്ടുള്ള അവകാശങ്ങള്‍ പ്രയോഗത്തില്‍ വരുത്തുമ്പോള്‍ എല്ലാ മനുഷ്യരുടെയും മൗലിക സ്വാതന്ത്ര്യങ്ങളെയും മനുഷ്യാവകാശങ്ങളെയും ബഹുമാനിക്കേണ്ടതാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ബാധ്യതപ്പെടുത്തുന്നതും നിയമം വഴി നിശ്ചയിച്ചിട്ടുള്ളതുമായ നിയന്ത്രണപരിധി മാത്രമാണ് ഈ പ്രഖ്യാപനത്തിലെ അവകാശങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഉള്ളതെന്നും. അത്തരം നിയന്ത്രണങ്ങള്‍ വിവേചനരഹിതവും മറ്റുള്ളവരുടെ മൗലിക സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അംഗീകരിക്കാനും ബഹുമാനിക്കാനും ഒരു ജനാധിപത്യ സമൂഹത്തിന് ഏറ്റവും ശ്രദ്ധേയമായ ആവശ്യങ്ങള്‍ നേടാനും മാത്രമുള്ളതുമാകണം എന്നും ഈ വകുപ്പു സൂചിപ്പിക്കുന്നു. മാത്രമല്ല, ഈ പ്രഖ്യാപനം മുന്നോട്ടു വെച്ചിട്ടുള്ള വ്യവസ്ഥകള്‍ ഉത്തമ വിശ്വാസം, സത്ഭരണം, വിവേചനരാഹിത്യം തുലകാകാല മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം, ജനാധിപത്യം, നീതി എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കേണ്ടത് എന്നും പ്രസ്തുത വകുപ്പു പറയുന്നുണ്ട്.
കഴിഞ്ഞ 20 വര്‍ഷങ്ങളിലധികമായുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ നിരന്തരമായ പരിശ്രമം വഴി തദ്ദേശീയ ജനത തങ്ങളുടെ അവകാശങ്ങളെയും നിയമപരമായ അധികാരങ്ങളെയും കുറിച്ചു കൂടുതല്‍ ബോധവാന്മാരായി. ഇതിന്റെ ഫലമായി അവര്‍ നിരവധിയായ മനുഷ്യാവകാശ പോരാട്ടങ്ങളിലൂടെ അവകാശ സംരക്ഷണത്തില്‍ നിര്‍ണ്ണായകമായ പല കുതിച്ചുചാട്ടവും നടത്തിയിട്ടുണ്ട്. തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച 2007 ലെ ഐക്യരാഷ്ട്രസംഘടനയുടെ പ്രഖ്യാപനം, തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച 2016 ലെ അമേരിക്കന്‍ പ്രഖ്യാപനം എന്നിവ ഇതില്‍ വളരെ പ്രാധാന്യമുള്ളതാണ്. ഇത്രയൊക്കെ മുന്നേറ്റങ്ങള്‍ തദ്ദേശീയ ജനത മനുഷ്യാവകാശങ്ങളില്‍ കൈവരിച്ചിട്ടുണ്ടെങ്കിലും സമഗ്രമായി വിലയിരുത്തിയാല്‍ അവരുടെ സ്ഥിതി ഇതര വംശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മോശമാണെന്നു കാണാം.
ലേഖനത്തിന്റെ ആദ്യ ഭാഗത്തു തദ്ദേശീയ ജനതയുടെ അവകാശങ്ങളെക്കുറിച്ചാണു നാം ചര്‍ച്ച ചെയ്തതെങ്കില്‍ രണ്ടാം ഭാഗത്തു ഈ അവകാശങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യയിലെ ഗോത്രവിഭാഗത്തിന്റെ പൊതുസ്ഥിതിയും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവര്‍ ലോകവ്യാപകമായി നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളും അതിനെതിരേ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ചും പരിശോധിക്കും.
റഫറന്‍സ്
1.https://www.un.org/en/observances/indigenous-day
2.https://www.un.org/development/desa/indigenouspeoples/about-us.html
3.https://www.worldbank.org/en/topic/indigenouspeoples
4.https://www.google.com/url?sa=t&source=web&rct=j&url=https://www.un.org/esa/socdev/unpfii/documents/5session_factsheet1.pdf&ved=2ahUKEwjkiMiE44_rAhURyDgGHdtEDwYQFjAAegQIBRAC&usg=AOvVaw3ZGa8trAwjTaPGinCY4F2y
(തുടരും)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in