ഇന്ത്യന്‍ മുതലാളിത്തം ഉപരിഘടനയുമായി സന്ധി ചെയ്യുകയായിരുന്നു
ഇന്ത്യയിലും ഇന്ത്യന്‍ പരിസര പ്രദേശങ്ങളിലും വസ്തുക്കളുടെ കൈമാറ്റം ജാതീയവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫ്യൂഡല്‍ ഘടനയില്‍ നിന്നും മുതലാളിത്തം ഉത്പന്നത്തെയും ഉത്പാദനത്തെയും ജാതീയതയുടെ അഥവാ മറ്റു വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ നിന്നും സ്വതന്ത്രമാക്കി വെറും പണത്തിന്റെ അടിസ്ഥാനത്തിലേക്ക് കൊണ്ടുവന്നു എങ്കിലും മനുഷ്യന്റെ സാംസ്‌കാരിക ഘടനയെ സാമൂഹ്യ വികാസത്തിലേക്കു കൊണ്ടുവരാനുള്ള രീതികള്‍ അത് അനുവര്‍ത്തിക്കണമെന്നില്ല. ഉപരിഘടനയിലെ സാംസ്‌കാരികാവശിഷ്ടങ്ങള്‍ ധ്രുതഗതിയില്‍ കുഴിച്ചുമൂടാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം ഇന്ത്യന്‍ സാഹചര്യത്തില്‍ മുതലാളിത്തം അനുവദിച്ചില്ല.
ജീവന്‍ നിലനില്‍ക്കണമെങ്കില്‍ മനുഷ്യന് ഉത്പാദനം നടത്തിയേതീരൂ. ഇല്ലായ്മ വന്നാല്‍ ചെന്നെത്തുന്നിടം വരെ ഭക്ഷണം തേടിയലഞ്ഞു മൃഗങ്ങളെപ്പോലെ ചത്തുവീഴാന്‍ മനുഷ്യന്റെ ബോധം, മനുഷ്യന്റെ പ്രവണത, അനുവദിക്കില്ല. ചുറ്റുപാടും എന്തെല്ലാം വസ്തുക്കളുണ്ടോ അവയെ ആശ്രയിക്കുക എന്നതുമാത്രമാണ് മൃഗബോധം. പക്ഷെ മനുഷ്യനാകട്ടെ അവ വിവിധ രൂപത്തില്‍ തന്റെ ആവശ്യകതയെ തൃപ്തിപ്പെടുത്താന്‍ കഴിയും വിധം ഉത്പാദിപ്പിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. ജീവിവര്‍ഗ്ഗമെന്ന നിലയില്‍ മനുഷ്യന്റെ സ്വഭാവമാണിത്. ഈ ഉത്പാദനം നടത്താന്‍ സാധിക്കാതാകുമ്പോള്‍ ഒരു ജീവിവര്‍ഗ്ഗമെന്ന നിലയില്‍ മനുഷ്യനില്‍ അസ്വസ്ഥത കടന്നുകയറാന്‍ അധികനേരം വേണ്ടിവരില്ല. കാരണം മനുഷ്യന്റെ ജീവിതമെന്നു പറയുന്നതുതന്നെ, നിലനില്‍പ്പ് എന്ന് പറയുന്നതുതന്നെ മനുഷ്യന്റെ ഈ സ്വതന്ത്രമായ ഭാവനകളും ഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ടാണ് നില്കുന്നത്. പൊതുവില്‍ പറഞ്ഞാല്‍ ഓരോ കാലഘട്ടങ്ങളിലെയും ഉത്പാദനരീതികളാണ് മനുഷ്യസ്വഭാവത്തെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നതില്‍ സ്വാധീനിക്കുക.
ഉത്പാദനത്തിന്മേലുള്ള ഈ ബന്ധം എങ്ങിനെയാണോ മനുഷ്യന് ചുറ്റും നിലനില്‍ക്കുന്നത് – സാമൂഹ്യ ബന്ധങ്ങള്‍, സാമൂഹ്യ ഘടനയിലെ ഉത്പാദനത്തിന്മേലുള്ള പ്രയോഗങ്ങള്‍, വിതരണ രീതികള്‍, ഉപഭോഗം നടത്താനുള്ള വഴികള്‍, വസ്തുക്കളുടെ സ്വതന്ത്രമായ ലഭ്യതകള്‍, ചുരുക്കി പറഞ്ഞാല്‍ പ്രകൃതിയുമായുള്ള ബന്ധം – എന്നതിനെ ആശ്രയിച്ചിരിക്കും മനുഷ്യന്റെ ഭാവനകളും പ്രവര്‍ത്തന മികവുകളുടെയും അടിസ്ഥാനം. സാമൂഹ്യ വളര്‍ച്ചയുടെയും അതിലൂടെ ഓരോ വ്യക്തിയുടെയും മാനസികവും ശാരീരികവുമായ എല്ലാ വളര്‍ച്ചയുടെയും വികാസത്തിന്റെയും അടിസ്ഥാനഘടകമായി (തൊഴില്‍, എങ്ങിനെ വസ്തുക്കള്‍ ശേഖരിക്കാം, ഉത്പാദിപ്പിക്കാം, വ്യക്തികള്‍ തമ്മില്‍ തമ്മിലുള്ള ബന്ധം, വ്യക്തിയും സമൂഹവുമായുള്ള ബന്ധം, വ്യക്തിയും പ്രകൃതിയുമായുള്ള ബന്ധം, എന്നൊക്കെയുള്ള base structure) പ്രവര്‍ത്തിക്കുന്നത്. ഈ ഭാവനകളും മികവുകളും വളരുന്നതില്‍ അതതു ഘട്ടങ്ങളിലെ ഉത്പാദന വ്യവസ്ഥാ സമ്പ്രദായം തടസ്സപ്പെടുത്തുകയോ എതിരായി നില്‍ക്കുകയോ ചെയ്താല്‍ സാമൂഹ്യ വികാസം സുസാദ്ധ്യമായെന്നു വരില്ല.
അടിസ്ഥാന ഘടനയിലെ പരിസ്ഥിതിയാണ്, ഉത്പാദനത്തിലെ ഈ പരിസ്ഥിതിയാണ്, ഉത്പാദനത്തിലെയും വിതരണത്തിലെയും ഈ ബന്ധങ്ങളിലൂടെ വളരുന്ന ശീലങ്ങളും സ്വഭാവങ്ങളുമാണ് ഉപരിഘടനയായി – ഉത്പാദിപ്പിച്ച വസ്തുക്കള്‍ ഏതുതരത്തില്‍ എങ്ങിനെ വിതരണം ചെയ്യണമെന്നുള്ള ഘടനയായി (super structure) വളരുന്നത്. നിയമം, നിയമപരിപാലനം, പരമ്പരാഗത നിയമങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ അതിന്റേതായ സംസ്‌കാരം കുടുംബ ബന്ധം, സ്ത്രീ പുരുഷ ബന്ധം, കല, സാഹിത്യം, രാഷ്ട്രീയം വിദ്യാഭ്യാസം എന്നിവ സാവധാനം രൂപപ്പെട്ടുവരുന്ന ഉപഭോഗ രീതികള്‍ നിശ്ചയിക്കപ്പെടുന്നത് ഈ ഉപരിഘടനയിലാണ്. അടിസ്ഥാന ഘടന നിരന്തരമായ മാറ്റങ്ങള്‍ ദ്രുതഗതിയില്‍ വളര്‍ത്തുമ്പോള്‍ പോലും ഉപരിഘടന അതിവേഗതയില്‍ വളരണമെന്നില്ല. അതേപോലെതന്നെ അടിസ്ഥാന ഘടന പുതിയ ഘട്ടങ്ങളിലേക്കു വളരുമ്പോള്‍ അതോടൊപ്പം ഉപരിഘടന പഴയതെല്ലാം ഉപേക്ഷിക്കണമെന്നുമില്ല. ഉപരിഘടന കാലങ്ങളെടുത്തുള്ള മാറ്റങ്ങളിലൂടെയാണ്, സാമൂഹ്യ വളര്‍ച്ചയുടെ ഭാഗമായാണ് രൂപപ്പെടുന്നത്. ചിലപ്പോള്‍ അഞ്ചും പത്തും തലമുറകളുടെ ജീവിതചക്രങ്ങളില്‍ വളരെ സാവധാനത്തില്‍ സംഭവിക്കുന്നതായതുകൊണ്ട് ഒരു പ്രത്യേക സമയത്തെ കാലയളവില്‍ ഒരു വ്യക്തിക്ക് ഈ രൂപപ്പെടലിന്റെ ചരിത്രം പ്രത്യക്ഷത്തില്‍ അടിസ്ഥാന ഘടന മാറുന്ന വേഗതയില്‍ മനസ്സിലാക്കാന്‍ കഴിയുന്നപോലെ മനസ്സിലായെന്നു വരില്ല. കാരണം അയാള്‍ക്ക് മുന്‍പേ അയാള്‍ വളര്‍ന്നു വന്നപ്പോള്‍ തന്നെ അയാളുടെ ചുറ്റും ഈ ഘടനകള്‍ രൂപപ്പെട്ടു കഴിയുകയും അതിന്റെ സ്വാധീനത്തിലുമായിരിക്കും തുടര്‍ന്നുള്ള ജീവിതം.
ഒന്നുകൂടി ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയിലും ഇന്ത്യന്‍ പരിസര പ്രദേശങ്ങളിലും വസ്തുക്കളുടെ കൈമാറ്റം ജാതീയവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫ്യൂഡല്‍ ഘടനയില്‍ നിന്നും മുതലാളിത്തം ഉത്പന്നത്തെയും ഉത്പാദനത്തെയും ജാതീയതയുടെ അഥവാ മറ്റു വിഭാഗീയതയുടെ അടിസ്ഥാനത്തില്‍ നിന്നും സ്വതന്ത്രമാക്കി വെറും പണത്തിന്റെ അടിസ്ഥാനത്തിലേക്ക് കൊണ്ടുവന്നു എങ്കിലും മനുഷ്യന്റെ സാംസ്‌കാരിക ഘടനയെ സാമൂഹ്യ വികാസത്തിലേക്കു കൊണ്ടുവരാനുള്ള രീതികള്‍ അത് അനുവര്‍ത്തിക്കണമെന്നില്ല. സാമൂഹ്യ ജീവിതത്തിന്റെ സകലമാന ഇടങ്ങളിലുമുള്ള സര്‍വ്വവിധ നിയന്ത്രങ്ങളും മുതലാളിത്ത ഉത്പാദന രീതികളും വിതരണവും അതിന്റെ നിയമങ്ങളും നടത്തിയെടുക്കാനുള്ള സാമ്പത്തിക പദ്ധതികള്‍ മാത്രമാണ് അത് കൊണ്ടുവരിക. ഉപരിഘടനയിലെ സാംസ്‌കാരികാവശിഷ്ടങ്ങള്‍ ധ്രുതഗതിയില്‍ കുഴിച്ചുമൂടാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം ഇന്ത്യന്‍ സാഹചര്യത്തില്‍ മുതലാളിത്തം അനുവദിച്ചില്ല. ഇന്ത്യന്‍ മുതലാളിത്തത്തിന്റെ ബാഹ്യ വൈരുദ്ധ്യം അനുവദിച്ചില്ല. ഇന്ത്യന്‍ മുതലാളിത്തത്തിന് ലോക ശാക്തിക മത്സരങ്ങളില്‍ അതിവേഗം വളരാന്‍ ഇന്ത്യയിലെ സാംസ്‌കാരികമായ പിന്നോക്കാവസ്ഥ ഒരു സഹായകമായിരുന്നു. അഥവാ സഹായകമാക്കാനുള്ള വിധത്തില്‍ അതിനെ ഉപയോഗിക്കുകയും ചെയ്തു. ലോക മുതലാളിത്തം അതിന്റെ പ്രാരംഭഘട്ടത്തില്‍ പരസ്പര ശത്രുത നിലവില്ലാതിരുന്നപ്പോള്‍ മേല്‍പറഞ്ഞ ഉപരിഘടനയിലെ സാംസ്‌കാരികമായ പിന്നോക്കാവസ്ഥ അതിവേഗം മാറ്റുകയും സാമൂഹ്യ വളര്‍ച്ച അതിന്റെ പാരമ്യത്തില്‍ എത്തിക്കുകയും ശാസ്ത്രമേഖലകളില്‍ ഏവരുടെയും കൂട്ടായ്മയുടെ ഫലമായി വന്‍ വിസ്ഫോടനങ്ങള്‍ നടത്തിയെടുക്കുകയും ചെയ്തിരുന്നു. ആ സമൂഹങ്ങള്‍ അതിവേഗം ഫ്യൂഡല്‍ അവശിഷ്ടങ്ങളെ സ്ഫുടം ചെയ്‌തെടുക്കുകയും ചെയ്തിരുന്നു. അങ്ങിനെ ലോകം മുഴുവന്‍ സാമ്പത്തിക ശക്തികള്‍ കുത്തകവത്കരണം നടത്തി അജയ്യരായി മുന്നോട്ടു നീങ്ങുമ്പോഴാണ് ഇന്ത്യന്‍ മുതലാളിത്തം ഇന്ത്യയില്‍ അവരുടെ സ്വതന്ത്ര വിപണി കരസ്ഥമാക്കുന്നത്. തുടര്‍ന്ന് ലോകശാക്തിക മത്സരങ്ങളില്‍ തങ്ങള്‍ക്കുള്ള മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള അടിസ്ഥാന ഘടനയുടെ വളര്‍ത്തിയെടുക്കലില്‍ മാത്രമായിരുന്നു ഇന്ത്യന്‍ കുത്തകകളുടെ ശ്രദ്ധ. ഉത്പാദനത്തിനുവേണ്ടിയുള്ള എല്ലാ സാങ്കേതിക വിദ്യകളും ലോക മുതലാളിത്തം വളര്‍ത്തിയത് ഇന്ത്യന്‍ ഉത്പാദന രംഗത്ത് സ്ഥാപിക്കുകയും അതിനു ഉതകുന്ന രീതിയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും പ്രകൃതി സ്രോതസുകളുടെയും നിര്‍മ്മിതികളിലും സംസ്‌കരണത്തിലുമായിരുന്നു മുഴുവന്‍ ശ്രദ്ധയും തുടര്‍ച്ചയായി നടത്തിയത്, ഇന്നും നടത്തുന്നത്. ഈ സമയത്ത്, ഫ്യൂഡല്‍ ഭരണത്തിന്റേതായ സര്‍വ്വതും ഇല്ലാതായ സമയത്ത്, ഫ്യൂഡല്‍ ഭരണത്തിന്റെ ഒരു ഭരണപരമായ സംവിധാനങ്ങള്‍ ഒന്നുമില്ലാതിരിക്കുന്ന സമയത്ത്, ഇന്ത്യന്‍ മുതലാളിത്ത ഭരണം എല്ലാ അതിരുകളും നിശ്ചയിച്ചു സിവില്‍ നിയമവും ക്രിമിനല്‍ നിയമവും സമ്പദ് വ്യവസ്ഥയും അതിന്റെ വിളനിലവാരങ്ങളുമെല്ലാം നിശ്ചയിച്ചുറപ്പിച്ചുകഴിഞ്ഞ സമയത്ത് ജാതിവ്യവസ്ഥക്കെതിരെ എന്നുള്ള മുദ്രാവാക്യവും മറ്റും ആരോട് വിലപോകും? ജാതിവ്യവസ്ഥ കഥകളിലെപോലെ ഒരു പ്രേതബാധപോലെ നിലനിന്നെങ്കിലും ഇന്ത്യന്‍ മുതലാളിത്തവും ഈ പ്രേതബാധ മാറ്റാനുള്ള മന്ത്രവാദികളുടെ രൂപത്തിലും മുന്നോട്ടുവന്നു എന്നതാണ് രസകരം. അതോടെ സാമൂഹ്യ വളര്‍ച്ചക്ക് നോക്കുന്ന ഇന്ത്യന്‍ മുതലാളിത്തത്തിന് നേരെ വളരാന്‍ പോകുന്ന ജനങ്ങളുടെ ഐക്യത്തെ കൂടുതല്‍ ഭിന്നതകളിലേക്കു ദിശതിരിച്ചുകൊണ്ടു മന്ത്രവാദികളുടെ പ്രേതബാധാ പൂജാകര്‍മ്മങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ടു ജാതിവ്യവസ്ഥയാണ് ഭരിക്കുന്നതെന്ന ഒരു മായാ സാങ്കല്‍പിക ഭരണകൂടപ്രതിമയെ അവര്‍ക്കു മുന്നില്‍ സ്ഥാപിച്ചു കൊടുത്തു. അന്നുതൊട്ടിന്നുവരേയും ബ്രാഹ്മണനാണ് സവര്‍ണ്ണനാണ് ഇന്ത്യ ഭരിക്കുന്നതെന്ന സാങ്കല്പിക ഭ്രമത്തില്‍ തന്നെയാണ് ഇന്നും ആ പ്രേതം പോകുമെന്ന് കരുതികൊണ്ടുള്ള മന്ത്രങ്ങളും പൂജകളും നടത്തികൊണ്ടിരിക്കുന്നത്. മറുഭാഗത്ത് കഴിഞ്ഞ എഴുപതു വര്ഷം കൊണ്ട് ലോക സാമ്പത്തിക മേല്‍ക്കോയ്മയില്‍ ഒന്നുമില്ലാതിരുന്ന ഇന്ത്യന്‍ മുതലാളിത്തം ഇന്ന് ഏറ്റവും പ്രബലമായ സ്ഥാനത്തേക്ക് എത്തുകയും ചെയ്തുകൊണ്ട് ഇന്ത്യയുടെ മുഴുവന്‍ സമ്പത്തും അവരുടെ കൈകളിലേക്ക് ഭദ്രമായി ഒഴുക്കിയെടുത്തു.
ഈ ഇന്ത്യന്‍ മുതലാളിത്ത സ്ഥാപനത്തിന്റെയും ഭരണഘടനാ ശില്പിയായിരുന്നു ശ്രീ അംബേദ്കര്‍ എന്നത് ഒരു വിരോധാഭാസമായാണ് എനിക്ക് തോന്നാറുള്ളത്. അദ്ദേഹമാകട്ടെ സാമൂഹ്യ വളര്‍ച്ചയുടെ ഭാഗമായി വളര്‍ന്നുവന്ന എല്ലാ ഇസങ്ങളും പഠിക്കാന്‍ ശ്രമിക്കുകയും ലോക സാമ്പത്തിക ശാസ്ത്രത്തിന്റെ നാനാ ഭാഗങ്ങളിലൂടെയും അരിച്ചു പരിശോധന നടത്തിയിട്ടും ഒരു വൈകാരിക സമീപനമെന്ന രീതിയില്‍ ബുദ്ധിസത്തിലേക്ക് ശരണം പ്രാപിക്കുകയും ബുദ്ധ സിദ്ധാന്തങ്ങളെ കാറല്‍ മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങളുമായി ബന്ധപ്പെടുത്തി ആശ്വാസം കൊള്ളാനുമാണ് ശ്രമിച്ചത്. അതിനു കാരണമായി കണ്ടത് ഇന്ത്യയിലെ ജാതിവ്യവസ്ഥക്ക് രക്ഷപ്പെടണമെങ്കില്‍ ഹിന്ദു വര്‍ഗ്ഗീയതക്കെതിരെയും ജാതി സംസസ്‌കാരത്തിനെതിരെയും പോരാടാന്‍ ബുദ്ധമതമാണ് നല്ലതെന്ന വിവരണമായിരുന്നു. എന്നിട്ടു ബുദ്ധമതം വളര്‍ന്നോ? ജാതീയത ഇല്ലാതായോ എന്ന് ചോദിച്ചാല്‍ അതുമില്ല. ഇന്ത്യന്‍ ജനങ്ങളില്‍ ജാതീയതയും വര്‍ഗ്ഗീയതയും അതിശക്തമായി വളര്‍ന്നു എന്നതല്ലാതെ അവയ്ക്കു തളര്‍ച്ചയുണ്ടായില്ല. കാരണം ഈ ജാതീയതയും വര്‍ഗ്ഗീയതയും ഇന്ത്യന്‍ ജനങ്ങളിലെ സാംസ്‌കാരികമായ അന്തരീക്ഷത്തിലായിരുന്നു നിലനിന്നിരുന്നത്, ഇന്നും നിലനില്‍ക്കുന്നതും അവിടെത്തന്നെ. ജാതീയതയെയും വര്‍ഗ്ഗീയതയെയും വളര്‍ത്തുന്ന ഈ സാംസ്‌കാരിക വൈകാരികാന്തരീക്ഷമായ ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ട്ഠാനങ്ങളും സാധാരണക്കാരായ ഏവരുടെയും വിവാഹം, സ്ത്രീപുരുഷ ബന്ധം, ജനനം, മരണം മറ്റു വിവിധങ്ങളായ അബദ്ധങ്ങളിലും ധാരമുറിയാതെ ഇന്നും ഒഴുകുകയാണ്. അവയില്‍ നിന്നും മോചനം നേടാതെ ജാതീയതയും വര്‍ഗ്ഗീയതയും ഇന്ത്യയില്‍ അവസാനിക്കാന്‍ പോകുന്നില്ല. അവയാണ് ജാതീയതയും വര്‍ഗ്ഗീയതയും ഊട്ടിയുറപ്പിക്കുന്നതിന്റെ വളം. ഇന്ന് ബിജെപി സംഘപരിവാര്‍ പോലുള്ള പ്രതോലോമസംഘങ്ങള്‍ വളരുന്നതുപോലും ഈയിടങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ്. ബ്രാഹ്മണരുടെയോ സവര്‍ണ്ണരുടെയോ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടോ അവരുടെ വോട്ടുകൊണ്ടോ മാത്രം വളര്‍ന്നതാണെന്നു കരുതിയോ സംഘപരിവാറിന്റെ വളര്‍ച്ചയുടെ കാരണം? അവര്‍ എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ജനങ്ങളുടെ ശ്രദ്ധ നേടിയിട്ടാണോ വളര്‍ന്നത്? അല്ലേയല്ല. മറിച്ച് അവര്‍ പ്രവര്‍ത്തിച്ചത് നേരത്തെ പറഞ്ഞ ആചാരങ്ങളിലും വിശ്വാസങ്ങളിലുമാണ്. അവര്‍ക്ക് വളരാന്‍ മറ്റൊന്നും ചെയ്യേണ്ടതില്ല പകരം അവരുടെ രാഷ്ട്രീയ ചിഹ്നവുമായി ഈ വിശ്വാസങ്ങളിലും ആചാരാനുഷ്ട്ടാനങ്ങളിലും വെറുതെ നിന്നുകൊടുത്താല്‍ മതി.. സ്വതന്ത്ര ഭാരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും പ്രത്യക്ഷമായും പരോക്ഷമായും നടത്തിയെടുത്തത് ഇതുതന്നെ… എന്തിനധികം പറയുന്നു.. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോലും ഈ ഇടങ്ങളില്‍ അവരുടെയും സ്ഥാനത്തിന് വേണ്ടി പലവിധ കോപ്രായങ്ങളും നടത്തിയെടുക്കുന്നുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ സമൂഹം വളരണമെന്നുണ്ടെങ്കില്‍, അവരുടെ ദുരിതങ്ങള്‍ക്കൊരു പരിഹാരം വേണമെന്നുണ്ടെങ്കില്‍ ഈ പറന്നുവന്ന സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ബോധ മണ്ഡലങ്ങളിലെ ശാസ്ത്രീയ മനോഭാവങ്ങളുടെ സമീപനത്തിലും പ്രയോഗങ്ങളിലുമുള്ള വളര്‍ച്ചയാണ്. ശരിയായ ജനാധിപത്യ മതേതര സമര മുഖങ്ങള്‍ തുറക്കുകയാണ് വേണ്ടത്.
ഫ്യൂഡല്‍ ഭരണത്തെ തുടര്‍ന്ന് പുതിയ ഘടന സമൂഹത്തില്‍ നിലവില്‍ വന്നതോടെ അതിന്റേതായ ഉത്പാദന വിതരണ സമ്പ്രദായവും അതിന്റെ സാമ്പത്തിക ബന്ധങ്ങളുമായിരിക്കും സ്ഥാപിച്ചെടുക്കുക. തുടര്‍ന്ന് പുതിയ ഉത്പാദന ബന്ധത്തിന്റെ സംസ്‌കാരമായിരിക്കും സാമൂഹ്യ ജീവിതത്തിന്റെ നാനാവശങ്ങളിലും പ്രമുഖ സ്വാധീനമായി മാറുക. ഈ പുതിയ ഉത്പാദന വിതരണ സമ്പ്രദായമാകട്ടെ മുന്‍കാലങ്ങളില്‍ തുടര്‍ന്നുപോന്നിരുന്ന തരത്തിലുള്ള ജാതീയമായ ആചാരാനുഷ്ടാന രീതികളെ അടിസ്ഥാനമാക്കിയല്ല ഉത്പാദനവും വിതരണവും ശേഖരണവുമൊക്കെ നടത്തുക. അതോടെ സാമൂഹ്യ ജീവിതം പുതിയൊരു ഘടനയിലേക്ക് സ്വാഭാവികമായും മാറും. അപ്പോള്‍പോലും മുന്‍ കാലങ്ങളിലെ ശേഷിച്ച ജാതീയ അനുഷ്ട്ടാനങ്ങള്‍ മാറ്റിയെടുക്കാന്‍ ആ സമൂഹം അപ്പാടെയും ശ്രമിക്കുകയാണ് വേണ്ടത്. ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയുമെല്ലാം അങ്ങനെ പ്രവര്‍ത്തിച്ചു വിജയിച്ചവരാണ്. ഒരു പരിധിവരെ അവരുടെ പ്രവര്‍ത്തനം തന്നെയാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ചെറിയ തോതിലെങ്കിലും സാംസ്‌കാരികമായി മുന്നിലേക്ക് നീങ്ങിയിട്ടുള്ളത്. ആ അര്‍ത്ഥത്തില്‍ അംബേദ്കര്‍ പരാജയമായിരുന്നു. ജാതിവ്യവസ്ഥക്കെതിരെ പൊരുതാന്‍ ജനങ്ങളോട് പറഞ്ഞപ്പോള്‍ ഭരണ വ്യവസ്ഥ മാറിയ സാഹചര്യത്തില്‍ ആര്‍ക്കെതിരെ പൊരുതുമെന്ന ചോദ്യത്തിന് ഉത്തരം അദ്ദേഹം നല്‍കിയില്ല. പകരം പുതിയ ഭരണ സംവിധാനത്തില്‍ നിന്നുകൊണ്ട് 25 നൂറ്റാണ്ടു മുന്‍പത്തെ ഒരു മതത്തെ ആശ്ലേഷിച്ചുകൊണ്ട് പുതിയ ഭരണകൂടത്തിന്റെ കേവല വ്യാഖ്യാനങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. അപ്പോള്‍ പോലും പുതിയ കാലഘട്ടത്തില്‍ നടത്തിയെടുക്കേണ്ടിയിരുന്ന സാംസ്‌കാരിക സമരത്തെ തുറന്നില്ല. അവിടെയാണ് ശ്രീ അംബേദ്ക്കറുടെ വിദ്യാഭ്യാസ പാണ്ഡിത്യത്തിനുമുന്നില്‍ യാതൊരു പാണ്ഡിത്യകലകളും വശമില്ലാതിരുന്ന മഹാനായ അയ്യന്‍കാളിയെ ഓര്‍ക്കേണ്ടി വരുന്നത്.. രണ്ടു സീസണ്‍ കൃഷി ചെയ്യാതെ നെല്‍വയലുകള്‍ വെറുതെയിട്ടപ്പോള്‍ അന്നത്തെ ഭരണാധികാരികളെ വലിയ വിദ്യാഭ്യാസത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാത്ത അയ്യങ്കാളി താന്‍ വരച്ച വരയിലേക്കു കൊണ്ടുവന്നു. അതും വിപ്ലവ സമരങ്ങളെ കുറിച്ച് കേരളം കേട്ടിട്ടുപോലുമില്ലാത്ത സമയത്ത്. മനുഷ്യവിരുദ്ധത കാണിക്കാതെ ഒരു സിസ്റ്റത്തിനെതിരെ ഒരു പുതിയ സമര രീതി കൊണ്ടുവന്നു വിറപ്പിച്ചത്. പുതുതായി സ്ഥാപിക്കപ്പെട്ട അടിസ്ഥാന ഘടനയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും പഴയ അടിസ്ഥാന ഘടനയുടെ സാംസ്‌കാരിക ശേഷിപ്പുകള്‍ സാമൂഹ്യബോധത്തില്‍ നിന്നും തുടച്ചുമാറ്റിയും ഉപരിഘടന മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ അത് സാധിക്കൂ. അവിടെ ഗതകാലത്തില്‍ മരണപ്പെട്ട ഒരു ശത്രുവിന്റെ ബിംബം പ്രതിഷ്ഠിച്ചു വാസ്തവമല്ലാത്ത അതിന്റെ പ്രേതസങ്കല്പത്തിനെതിരെ പടയൊരുക്കം നടത്തിയിട്ടു കാര്യമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in