ഇന്ത്യ ഒരു വംശഹത്യാ മുനമ്പില്‍ തന്നെ
പാലക്കാട്ടെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കേരളമാകെ ചര്‍ച്ച ചെയ്യുന്ന വിഷയം ഭൂരിപക്ഷ വര്‍ഗ്ഗീയതയോ ന്യൂനപക്ഷ വര്‍ഗ്ഗീയതയോ കൂടുതല്‍ അപകടം എന്നതാണ്. മന്ത്രി ഗോവിന്ദന്‍ മാഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കോഴിയോ മുട്ടയോ എതാണ് ആദ്യമുണ്ടായത് എന്ന സമസ്യ. ഒറ്റക്കേള്‍വിയ്ക്ക് ഈ ഉപമ വളരെ കൃത്യമാണെന്ന് തോന്നാമെങ്കിലും അതില്‍ വലിയൊരു ശരികേടുണ്ട്. പരുന്ത് റാഞ്ചാന്‍ വന്നാല്‍ കോഴിയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയെങ്കിലും ചെയ്യാം, പാവം മുട്ടയ്ക്ക് അതിന് പോലുമുള്ള സാഹചര്യമില്ല എന്ന സാമാന്യതത്വം നാം മനസ്സിലാക്കുമ്പോഴേ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതയില്‍ കൂടുതല്‍ വിനാശകാരി ആരാണ് എന്ന് നമുക്ക് കൃത്യമായി തിരിച്ചറിയാന്‍ സാധിയ്ക്കൂ.
ഇന്നത്തെ ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ എത്രയൊക്കെ തലകുത്തി മറിഞ്ഞാലും പ്രഹരശേഷിയില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയയ്ക്ക് ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഏഴയലത്തെത്താന്‍ സാധിയ്ക്കില്ല എന്ന സത്യം കണ്ണും കാതുമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ തീരെ പ്രയാസമുള്ളതല്ല. എന്നിട്ടും പാര്‍ട്ടി ഭേദമെന്യേ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വമെന്തേ ഇങ്ങനെ ഇരുട്ടില്‍ തപ്പുന്നു?
രാഷ്ട്രപതി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെയുള്ള അധികാരക്കസേരകളിലെ 80%വും കൈപ്പിടിയില്‍ ഒതുക്കിക്കഴിഞ്ഞ ആര്‍.എസ്.എസ്സും അതിന്റെ ഉപഗ്രഹങ്ങളും ഒന്ന് മനസ്സ് വെച്ചാല്‍ നടക്കാത്തതായി ഇന്നത്തെ ഇന്ത്യയില്‍ എന്തുണ്ട്? മൊത്തം ജനസംഖ്യയില്‍ ന്യൂനപക്ഷമെങ്കിലും മഹാഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ ശക്തമായ വോട്ടു സ്വാധീനവും അനല്പമായ രാഷ്ട്രീയ ബോധവും കാത്തുസൂക്ഷിയ്ക്കുന്ന പ്രബലമായ മുസ്ലിം ജനസാമാന്യവും ഭരണഘടന ഒന്നൊരു പ്രതിബന്ധവും ഇല്ലായിരുന്നുവെങ്കില്‍ സംഘ് പരിവാര്‍ ഇതിനോടകം ഇന്ത്യയുടെ വര്‍ത്തമാനകാല ചിത്രം തന്നെ മാറ്റിമറിയ്ക്കുമായിരുന്നു എന്നൂഹിയ്ക്കാന്‍ സാമാന്യബുദ്ധി മാത്രം മതി.
ഹലാല്‍, ഹിജാബ്, ബാങ്ക് വിളി, ജുമാ നിസ്‌കാരം എന്ന് വേണ്ട പരിശുദ്ധ ഖുര്‍ആനെ തന്നെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി അപരാധികളെപ്പോലെ വിസ്തരിച്ച് കോടതികളില്‍ നിന്ന് തങ്ങള്‍ക്ക് ഉതകുന്ന വിധത്തിലുള്ള വിധി സമ്പാദിയ്ക്കാനൊക്കെ സംഘ് പരിവാറിന് ഇന്ന് നിഷ്പ്രയാസം സാധിയ്ക്കുന്നത് എന്ത് കൊണ്ടാണ് നമ്മുടെ മതേതര രാഷ്ട്രീയക്കാര്‍ കാണാതെ പോവുന്നത്? ഇപ്പറഞ്ഞ ഓരോ ഇസ്ലാമിക വിശ്വാസപ്രതീകത്തെയും വക്രീകരിച്ച് അതിന് രാജ്യദ്രോഹത്തിന്റെ നിറവും ദുസ്സൂചനയും നല്‍കാനുമെല്ലാം ആര്‍.എസ്.എസ്സിനും പരിവാരങ്ങള്‍ക്കും എത്ര നിഷ്പ്രയാസം സാധിയ്ക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മുസ്ലീമുകളെ മാത്രം തപ്പിയെടുത്ത് കള്ളക്കേസില്‍ കുടുക്കി ആയുഷ്‌കാലം ജയിലില്‍ തള്ളാനും കോടതികളെ നോക്കുകുത്തികളാക്കി അവരുടെ വീടുകള്‍ മാത്രം തിരഞ്ഞു പിടിച്ച് ബുള്‍ഡോസര്‍ കൊണ്ടിടിച്ചു നിരത്താനും പോലീസിന്റെ ഒത്താശയോടെ സാമുദായിക കലാപങ്ങള്‍ ഉണ്ടാക്കാനുമെല്ലാം ഇന്നത്തെ ഇന്ത്യയില്‍ സംഘികള്‍ക്ക് യാതൊരു പ്രയാസവുമില്ല. വംശീയവിവേചനത്തില്‍ അടിമുടി മുങ്ങിക്കുളിച്ച ഈ അനീതികള്‍ക്കെല്ലാം മതേതര-പുരോഗമനവാദികളുടെ പോലും അംഗീകാരം നേടിയെടുക്കാന്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് കഴിയുന്നു എന്നതാണ് ഏറ്റവും ആശങ്കയുണ്ടാക്കുന്ന സംഗതി.
പക്ഷേ രാഷ്ട്രീയനേതൃത്വത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അധികാരക്കസേരയെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒരു സത്യവും അറിഞ്ഞോ അറിയാതെയോ പറയരുത് എന്ന നിര്‍ബന്ധമുണ്ട്. ആവശ്യാനുസരണം ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകളെ താലോലിയ്ക്കുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ തലയില്‍ മുണ്ടിട്ട് ഇരുകൂട്ടരുമായി ഡീല്‍ ഉറപ്പിച്ച് വോട്ടും കീശയിലാക്കി വീണ്ടും സിംഹാസനത്തില്‍ ഇരിപ്പുറപ്പിയ്ക്കുകയും ചെയ്യുന്ന അവര്‍ക്ക് തൂക്കമൊപ്പിച്ചും ഇരുവരെയും സുഖിപ്പിച്ചും മാത്രമേ സംസാരിയ്ക്കാനാവൂ.
രണ്ട് കൊലപാതകങ്ങള്‍ നടന്നാല്‍ രണ്ടിനെയും അപലപിച്ചു മാതൃക കാട്ടുന്ന ഇവര്‍ പക്ഷേ അടിച്ചാല്‍ ഇരുട്ടി വെളുക്കും മുന്‍പ് തിരിച്ചടിയ്ക്കാനുള്ള രണ്ടാം വിഭാഗത്തിന്റെ ഭീകരസന്നാഹങ്ങളെപ്പറ്റി കൂടുതല്‍ ആശങ്കാകുലരാകും. ആദ്യത്തേത് തടയാന്‍ സാധിച്ചിരുന്നെങ്കില്‍ രണ്ട് കുടുംബങ്ങളും അനാഥമാകില്ലായിരുന്നു എന്ന പരാമര്‍ത്ഥത്തിന്റെ എതിര്‍ദിശയിലേക്ക് തിരിഞ്ഞു നിന്ന് ചര്‍ച്ച ചെയ്യുന്ന ഇക്കൂട്ടര്‍ അതിലെ തങ്ങളുടെ വീഴ്ചയെ വാചാടോപത്തിലൂടെ മൂടിവെച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടും.
ഇങ്ങനെ ആത്മാര്‍ത്ഥത തരിമ്പിനു പോലുമില്ലാത്ത രാഷ്ട്രീയനേതൃത്വങ്ങള്‍ തകര്‍ത്താടുന്ന കപടനാടകങ്ങളെക്കാള്‍ അരോചകവും അപകടകരവുമാവുന്നത് ഇതേക്കുറിച്ച് നടത്തുന്ന ചാനല്‍ ചര്‍ച്ചകളാണ്. പ്രശ്‌നപരിഹാരത്തിന് എന്ന മറവില്‍ നടത്തുന്ന ചര്‍ച്ചകള്‍ പലപ്പോഴും ഉള്ള പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. സമാധാനത്തിന്റെ അവധൂതന്മാരായി വന്നിരുന്ന് വേദമോതുന്ന രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍ എന്നാല്‍ പലപ്പോഴും ചര്‍ച്ചയ്ക്കിടയില്‍ തന്നെ അസഹിഷ്ണുതയുടെയും അഹന്തയുടെയും ദുര്‍മൂര്‍ത്തികളായി മാറുന്നത് നാം എത്രയോ കണ്ടിരിയ്ക്കുന്നു. വഴിയില്‍ വെട്ടിച്ചാവുന്നവന് ശാന്തിമന്ത്രമോതിക്കൊണ്ട് ചര്‍ച്ച തുടങ്ങുന്ന ഇക്കൂട്ടരുടെ കൈയില്‍ ആയുധമുണ്ടായിരുന്നെങ്കില്‍ ചര്‍ച്ച തീരും മുന്‍പേ അവര്‍ ചാനല്‍ ഫ്‌ലോറുകളില്‍ തന്നെ പരസ്പരം വെട്ടി മരിയ്ക്കുമായിരുന്നു എന്ന് പോലും ചിലപ്പോള്‍ തോന്നിപ്പോകാറുണ്ട്. അതിവൈകാരികമായ വാദങ്ങളുയര്‍ത്തി കൊലയാളികളുടെ രക്തദാഹത്തെ കൂടുതല്‍ പ്രകോപിപ്പിച്ചു വഷളാക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന മാപ്പര്‍ഹിയ്ക്കാത്ത അപരാധമാണ് നമ്മുടെ ചാനലുകള്‍ സ്ഥിരമായി ചെയ്തുകൊണ്ടിരിയ്ക്കുന്നത്.
വിഷയം ഏതായാലും ആധികാരികതയുടെ അവസാനവാക്കായി ചര്‍ച്ചകളില്‍ ഏഷ്യാനെറ്റ് സ്ഥിരമായി അവതരിപ്പിയ്ക്കുന്ന ഒരു കപടജ്ഞാനിയാണ് ശ്രീജിത്ത് പണിയ്ക്കര്‍. മോദി സര്‍ക്കാരിന്റെ വംശീയായുധങ്ങളിലെ ബ്രഹ്മാസ്ത്രമായ പൗരത്വബില്ലിന്റെ ചര്‍ച്ചകള്‍ നാടാകെ കൊഴുത്ത കാലത്ത് സംഘ് പരിവാറിനെ വെള്ളപൂശാനായി പ്രത്യേകം ഇറക്കുമതി ചെയ്യപ്പെട്ട ഒരു കുബുദ്ധിജീവിയാണ് ഇദ്ദേഹം.
ചരിത്രരേഖകള്‍, പത്രത്താളുകള്‍ തുടങ്ങിയ രേഖകളുടെ സഹായത്തോടെ കണക്കുകള്‍ നിരത്താറുള്ള ഇദ്ദേഹത്തിന്റെ കണക്കു പുസ്തകത്തിന് പക്ഷേ ഒരു തകരാറുണ്ട്. സംഘ് പരിവാറിന്റെ വംശീയ പദ്ധതികള്‍ക്ക് ഉപകരിയ്ക്കുന്ന കണക്കുകള്‍ മാത്രമേ മാന്യദേഹത്തിന്റെ പുസ്തകത്തില്‍ കാണൂ. തന്റെ ‘ശാസ്ത്രീയ’നിരീക്ഷണങ്ങള്‍ പലപ്പോഴും വലത്തോട്ട് ചാഞ്ഞ് സംഘികളുടെ കാല്‍ക്കല്‍ കിടന്നിഴയുമ്പോഴും താനൊരു നിക്ഷ്പക്ഷനാണെന്ന് പണിയ്ക്കര്‍ മറ്റുള്ളവരുടെ അവസരത്തില്‍ അലമുറയിട്ടുകൊണ്ടേയിരിയ്ക്കും.
കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ചര്‍ച്ചയിലും പണിയ്ക്കര്‍ തീരെ അത്ഭുതപ്പെടുത്തിയില്ല. ഇന്ത്യ ഒരു വംശഹത്യാ മുനമ്പിലാണ് എന്ന പച്ചസത്യം പറഞ്ഞ സണ്ണി കപിക്കാടിനോട് പണിയ്ക്കര്‍ പറഞ്ഞ മറുപടി കേട്ടാല്‍ നരേന്ദ്രമോദി വരെ നാണിച്ചു പോകും. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ശേഷം മോദി നിരവധി തവണ അവിടെ ഭരിച്ചിട്ടും പിന്നെ ഒരൊറ്റ കൂട്ടക്കൊല പോലും നടന്നില്ലത്രേ. മോദി പ്രധാനമന്ത്രി ആയശേഷം ഇന്ത്യയിലാകെയുള്ള സ്ഥിതിയും മറിച്ചല്ല എന്നും പണിയ്ക്കര്‍ മൊഴിയുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പിന്നെ മുസ്ലീമുകളെ നിരത്തി നിര്‍ത്തി വെടിവെച്ചു കൊല്ലുകയോ കൂട്ടത്തോടെ ഗ്യാസ് ചേംബറിലിട്ടു വിഷവാതകം ശ്വസിപ്പിച്ചു കൊല്ലുകയോ ചെയ്യാത്തിടത്തോളം അവരോട് സംഘികള്‍ ചെയ്യുന്ന തെമ്മാടിത്തരത്തെ വംശഹത്യ എന്ന് പറയാനാവില്ല പോലും. മുസ്ലിം ആയിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഒറ്റയ്ക്കും തെറ്റയ്ക്കും തല്ലും വെട്ടും കൊണ്ട് മരിയ്‌ക്കേണ്ടി വരുന്നതും സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി കേട്ട് പകച്ചു നില്‍ക്കേണ്ടി വരുന്നതും പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ചിത്രവും മാനത്തിന് സംഘികള്‍ ഇട്ട വിലയും സഹിതം സുള്ളി ഡീല്‍ ആപ്പില്‍ പ്രത്യക്ഷപ്പെടേണ്ടി വരുന്നതും കുഞ്ഞുങ്ങള്‍ക്ക് ഹിജാബില്‍ കൈവെയ്ക്കാന്‍ പാഞ്ഞടുക്കുന്ന ഭ്രാന്തന്‍ സംഘികള്‍ക്ക് മുന്നില്‍ ദൈവത്തെ വിളിച്ചു കൊണ്ട് പൊരുതേണ്ടി വരുന്നതുമൊന്നും സന്ഘിപ്പണിയ്ക്കരുടെ പുത്തകത്തില്‍ വംശീയാതിക്രമങ്ങളേയല്ല.
തങ്ങളുടെ മുസ്ലിം വിരുദ്ധതയ്ക്ക് ശാസ്ത്രീയ പരിവേഷം നല്‍കുവാനായി ശ്രീജിത് പണിയ്ക്കരെപ്പോലുള്ള ചെന്നായ്ക്കളെ ആട്ടിന്‍ തോലുടുപ്പിച്ച് ചാനലുകളില്‍ പ്രതിഷ്ഠിയ്ക്കുന്ന സംഘ് പരിവാറിന്റെ വംശഹത്യാ പദ്ധതികള്‍ക്ക് യഥേഷ്ടം വേദിയൊരുക്കുകയാണ് ഏഷ്യാനെറ്റ് പോലുള്ള ചാനലുകള്‍ ചെയ്യുന്നത്. സമൂഹത്തില്‍ ക്യാന്‍സര്‍ പോലെ പടര്‍ന്ന് കഴിഞ്ഞ ഇസ്ലാമോഫോബിയ എന്ന വിനാശകാരിയായ വൈറസ് വെറും മിഥ്യയാണെന്ന് സ്ഥാപിയ്ക്കാനായി മനസ്സാക്ഷി പോലും സംഘ പരിവാറിന്റെ കാല്‍ക്കല്‍ പണയം വെച്ചിട്ടു ചാനലുകള്‍ തോറും കയറിയിറങ്ങി നടന്ന് പച്ചക്കള്ളം പറയുന്ന കൂലി ‘പണിക്കാരെ’ നേരോടെ നിര്‍ഭയം എന്ന് നാണമില്ലാതെ തള്ളുന്ന ചാനലുകളെങ്കിലും അകറ്റി നിര്‍ത്തണം.
എതിരഭിപ്രായത്തിനുള്ള ജനാധിപത്യ സ്‌പേസ്, പ്രതിപക്ഷ ബഹുമാനം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ ഒരു ആനുകൂല്യവും മാന്യതയോ മനുഷ്യത്വമോ ഇല്ലാത്ത ഇത്തരം നുണപ്രചാരകര്‍ അര്‍ഹിയ്ക്കുന്നില്ല. ഇന്ത്യന്‍ മുസ്ലീമുകള്‍ നേരിടുന്ന ഉന്മൂലനഭീഷണിയെ ചെറുതായിപ്പോലും നിസ്സാരവല്‍ക്കരിയ്ക്കുകയോ അവഹേളിയ്ക്കുകയോ ചെയ്യുന്ന ഒരു നിഷ്ഠുരനിരീക്ഷകനും പരിഷ്‌കൃത സമൂഹത്തിന്റെ യാതൊരു വിധ ആനുകൂല്യത്തിനോ പരിഗണനയ്ക്കോ അര്‍ഹനല്ല.
നിക്ഷ്പക്ഷം, മതേതരം എന്നൊക്കെ പരക്കെ അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ചാനലുകളില്‍ പോലും ഭൂരിപക്ഷ വര്‍ഗ്ഗീയ – ന്യൂനപക്ഷ വിരുദ്ധ ആശയങ്ങളുടെ ഇത്തരം പ്രയോക്താക്കള്‍ക്ക് കിട്ടുന്ന ചുവപ്പ് പരവതാനിയില്‍ നിന്ന് തന്നെ അവയ്ക്ക് ഇന്നത്തെ ഇന്ത്യയില്‍ ന്യൂനപക്ഷവര്‍ഗ്ഗീയതയെക്കാള്‍ എത്രയോ ഇരട്ടിയാണ് പ്രഹരശേഷിയും പൊതുസ്വീകാര്യതയുമെന്ന് മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in