ഇന്ത്യ-ചൈന തര്‍ക്കം: ഒരു ‘ബയോപ്‌സി’ വിശകലനം

അന്താരാഷ്ട്ര നദീബന്ധങ്ങള്‍ കൂടുതല്‍ സംയമനത്തോടും ദീര്‍ഘവീക്ഷണത്തോടും കൂടി കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ്. പ്രത്യേകിച്ചും കാലാവസ്ഥാ പ്രതിസന്ധികള്‍ പോലുള്ള ഒരു ഭീഷണ യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നില്‍ അവതരിച്ചിരിക്കുമ്പോള്‍. ആഗോളതലത്തില്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്ന പ്രധാന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയും പാകിസ്ഥാനും അടങ്ങുന്ന ഏഷ്യന്‍ മേഖലയിലാണെന്ന വസ്തുത, ഈ വിഷയത്തെ കൂടുതല്‍ ഗൗരവത്തോടെയും വിവേകത്തോടെയും സമീപിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

യുദ്ധങ്ങളെ നാം മനസ്സിലാക്കുന്നത് വെടിയൊച്ചകളിലൂടെയും ജവാന്മാരുടെ ചേതനയറ്റ ശരീരങ്ങളിലൂടെയുമാണ്. മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരണങ്ങളും ദേശസ്‌നേഹം പൊലിപ്പിച്ച ‘ഗ്വാഗ്വാ’ വിളികള്‍ക്കും അപ്പുറത്ത് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുമായി സംസാരിച്ചാല്‍ യുദ്ധത്തിന്റെ പല മുഖങ്ങളും തെളിഞ്ഞുവരും. യുദ്ധം ചിലപ്പോള്‍ മിന്നല്‍ പ്രളയത്തിന്റെ രൂപത്തിലാകാം. മറ്റു ചിലപ്പോള്‍ കടും വരള്‍ച്ചയുടെ രൂപത്തില്‍! ഇത് പ്രകൃതി മനുഷ്യന് നേരെ പ്രയോഗിക്കുന്ന യുദ്ധമുറകളല്ല. ഭരണാധികാരികള്‍ തീരുമാനിച്ചുറപ്പിച്ച് നടത്തുന്ന പാരിസ്ഥിതികാക്രമണങ്ങള്‍!

2012 ഫെബ്രുവരി 12ന് അരുണാചല്‍ പ്രദേശിലെ ഈസ്റ്റ് സിയാംഗ് ജില്ലയിലെ പാസിഘാട്ട് ടൗണില്‍ താമസിക്കുന്ന ജനങ്ങള്‍ അമ്പരപ്പിക്കുന്ന ഒരു കാഴ്ച കണ്ടാണ് ഉണര്‍ന്നത്. പാസിഘാട്ടിലൂടെ കടന്നുപോകുന്ന സിയാംഗ് നദി (ബ്രഹ്മപുത്രയ്ക്ക് അരുണാചലില്‍ വിളിക്കുന്ന പേര്) പൂര്‍ണ്ണമായും വരണ്ടിരിക്കുന്നു! ജില്ലാ അധികൃതര്‍ നടത്തിയ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലായത് ചൈനീസ് അധികൃതര്‍ യാര്‍ലാംഗ് സാംഗ്‌പോ (ബ്രഹ്മപുത്രയുടെ ചൈനയിലെ വിളിപ്പേര്) നദിയില്‍ കെട്ടിയ അണക്കെട്ട് രാത്രിക്ക് രാത്രി അടച്ചതിനാലാണ് സിയാംഗ് നദി വരണ്ടതെന്നാണ്. പിന്നീട് നയതന്ത്ര ഇടപെടലുകളും മറ്റും നടത്തിയാണ് ചൈന ഇന്ത്യയ്ക്ക് വെള്ളം വിട്ടുനല്‍കിയത്!

2000 ജൂണ്‍ മാസത്തില്‍ നടന്ന മറ്റൊരു സംഭവം ബ്രഹ്മപുത്ര നദിക്കരയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വിസ്മരിക്കാന്‍ പറ്റുന്നതല്ല. ബ്രഹ്മപുത്രയുടെ ഉപരിതട (Upper Ripparian) മേഖലയില്‍ നടന്ന ഒരു അണക്കെട്ട് പൊട്ടിത്തെറിയില്‍ ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുകയും നൂറ് കണക്കിന് ആളുകള്‍ക്ക് നിമിഷാര്‍ദ്ധ നേരത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഈയൊരു പൊട്ടിത്തെറി ചൈനീസ് അധികൃതര്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവെങ്കിലും സാറ്റലൈറ്റ് ഇമേജുകളില്‍ നിന്ന് ഇതൊരു സ്വാഭാവിക പൊട്ടിത്തെറി (Natural Dam Burst) മാത്രമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.

ഈ രണ്ട് സംഭവങ്ങളിലും അവിശ്വാസം, അപകടസാധ്യത, ജലത്തെ ഒരു യുദ്ധോപകരണമാക്കി മാറ്റാമെന്നുള്ള ആശങ്ക എന്നിവ കാണാവുന്നതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായെങ്കിലും ഹിന്ദുക്കുഷ് ഹിമാലയന്‍ മേഖല ഇത്തരം ആശങ്കകളിലും അവിശ്വാസങ്ങളിലും ആണ്ട് കിടക്കുകയാണ്. മേഖലയില്‍ നടക്കുന്ന ജല സംഘര്‍ഷങ്ങള്‍ വെടിയൊച്ചകളായി പരിണമിക്കുമ്പോള്‍ മാത്രമേ അത് ദേശീയ-അന്തര്‍ദ്ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നുള്ളൂ എന്നതാണ് വസ്തുത.

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പ്രദായിക അതിര്‍ത്തി തര്‍ക്കം എന്ന നിലയില്‍ നിന്നും സങ്കീര്‍ണ്ണവും അപരിഹാര്യവുമായ പാരിസ്ഥിതിക പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണമെങ്കില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായെങ്കിലും ഈ മേഖലയില്‍ ഇരുരാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവ ഹിമാലയന്‍ ഇക്കോളജിയില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തേണ്ടതുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പിന്നില്‍ പുതുതായി ഉടലെടുത്തിരിക്കുന്ന പാരിസ്ഥിതിക കാരണങ്ങളെക്കുറിച്ചുള്ള വിശകലനമാണ് ഇവിടെ നടത്തുന്നത്.

ജലം: ആഘോഷങ്ങള്‍ അവസാനിക്കുന്നു

പുതു സഹസ്രാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ സംഘര്‍ഷത്തിന് കാരണമാകുന്നത് ജലം ആയിരിക്കുമെന്നത് പല രീതിയില്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ‘നീലഗ്രഹ’ (Blue Planet) മെന്ന വിശേഷണത്തിന് ഇനി അധികനാള്‍ ആയുസ്സില്ലെന്ന് തെളിയിക്കുന്നതാണ് ഭൂമിയിലെ ശുദ്ധജലത്തിന്റെ ലഭ്യത സംബന്ധിച്ച കണക്കുകള്‍. വരാനിരിക്കുന്ന ജല സംഘര്‍ഷങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ക്ക് ഏതാണ്ട് ആറ് പതിറ്റാണ്ട് കാലത്തെയെങ്കിലും ചരിത്രമുണ്ട്. ഐക്യരാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സമിതികള്‍ ഭാവിയിലെ ജലദൗര്‍ലഭ്യത്തെക്കുറിച്ച് അംഗരാഷ്ട്രങ്ങള്‍ക്ക് ദീര്‍ഘകാലമായി മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. എന്നാല്‍ തൊട്ടുമുന്നിലുള്ള ജല സമൃദ്ധിയെ മാത്രം കണ്ടറിഞ്ഞ രാഷ്ട്രീയ നേതൃത്വങ്ങള്‍ എല്ലാ മുന്നറിയിപ്പുകളെയും അവഗണിക്കുകയായിരുന്നു. ഭൗമ രാഷ്ട്രീയ ചര്‍ച്ചകളില്‍ ജലത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്തകാലം വരെ അന്യമായിരുന്നു. വികസനാസൂത്രണങ്ങളിലും രാഷ്ട്രീയ അജണ്ടകളിലും ജല സംരക്ഷണത്തിന് വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ലെന്ന് കാണാം.

ജീവജാലങ്ങളുടെ ദൈനംദിന നിലനില്‍പ് തൊട്ട് മനുഷ്യന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വരെ അടിസ്ഥാന വിഭവമായി നിലകൊള്ളുന്ന ജലം ഇന്ന് നിരന്തര സംഘര്‍ഷങ്ങളുടെ മൂലകാരണമായി പരിവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നമ്മുടെ രാഷ്ട്രീയ-ആസൂത്രണ നേതൃത്വങ്ങളുടെ ദീര്‍ഘവീക്ഷണമില്ലായ്മ ഒന്നുകൊണ്ടുമാത്രമാണ്. ആഗോളതലത്തിലെ ജലദൗര്‍ലഭ്യം ഇന്ന് മൂന്നില്‍ രണ്ട് ഭാഗം ജനങ്ങളെയും ബാധിക്കുന്ന ഒരു പ്രശ്‌നമായി ഉയര്‍ന്നുകഴിഞ്ഞു. ജല സമൃദ്ധി സംബന്ധിച്ചുള്ള ആഘോഷങ്ങള്‍ അവസാനിച്ചുകഴിഞ്ഞെന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുമ്പോഴേക്കും അത് പ്രാദേശിക ജനവിഭാഗങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള നിരന്തര സംഘര്‍ഷങ്ങളുടെ തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ആഗോള ജനസംഖ്യയുടെ പാതിയിലധികം പേര്‍ ജീവിക്കുന്ന ഏഷ്യാ വന്‍കര പല കാരണങ്ങള്‍ കൊണ്ടും ഭൗമ രാഷ്ട്രീയത്തിലെ പുതിയ സംഘര്‍ഷ മേഖലയായി പരിണമിക്കുകയാണ്. അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് നയിക്കുന്ന പല ഘടകങ്ങളില്‍ സുപ്രധാനമായ ഒന്ന് മേഖല നേരിടുന്ന ജല ദൗര്‍ലഭ്യമാണെന്നത് ഇനിയും ഒളിപ്പിച്ചുവെക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്. കലുഷിതമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ-ചൈന ബന്ധത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ജല വിഷയത്തെ കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ ശ്രമിക്കാം. ലോകത്തിലെ തന്നെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ചൈനയും ലോകത്തെ ‘എമേര്‍ജിംഗ് ഇക്കണോമി’കളില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം ഏഷ്യന്‍ മേഖലകളില്‍ സൃഷ്ടിക്കാനിരിക്കുന്ന സംഘര്‍ഷങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ളതാണ്. പ്രത്യേകിച്ചും ആണവായുധങ്ങള്‍ കൈവശമുള്ള, സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭരിക്കുന്ന മൂന്ന് രാഷ്ട്രങ്ങള്‍ ഈ പ്രതിസന്ധികളില്‍ ഭാഗഭാക്കാണ് എന്നതുകൊണ്ടുതന്നെ.

ചൈന: വളരുന്ന സമ്പദ്‌വ്യവസ്ഥ, വരളുന്ന ജലസ്രോതസ്സുകള്‍

139 കോടി ജനസംഖ്യയും 14 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയും ഉള്ള ജനകീയ പരമാധികാര ചൈന പവര്‍ പര്‍ച്ചേസിംഗ് പാരിറ്റിയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഒന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി പരിഗണിക്കപ്പെടുന്ന (2020) രാജ്യമാണ്. കുറഞ്ഞ ഉത്പാദനച്ചെലവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചൈനീസ് ഉത്പന്നങ്ങള്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന അമേരിക്ക അടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും വിപണി കയ്യടക്കി വെച്ചിരിക്കുന്ന അവസ്ഥയാണുള്ളത്. ഈയൊറ്റ കാരണം കൊണ്ടുതന്നെ ചൈനയുടെ നിലവിലുള്ള സാമ്പത്തിക മുന്നേറ്റത്തിന് തടയിടാന്‍ അമേരിക്ക അടക്കമുള്ള ഭരണനേതൃത്വങ്ങളുടെ ഇടപെടലുകള്‍ക്ക് കഴിയാതെ വന്നിട്ടുണ്ട്. ഉയര്‍ന്ന ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയുടെ വലുപ്പവും വിഭവ വിനിയോഗത്തെ അതിന്റെ പാരമ്യതയിലേക്ക് ഉയര്‍ത്താന്‍ ചൈനയെ നിര്‍ബന്ധമാക്കുന്നുണ്ട്. 70ലധികം രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്, 1 ട്രില്യണ്‍ ഡോളര്‍ ചെലവഴിച്ച്, ചൈന ആസൂത്രണം ചെയ്തിട്ടുള്ള ‘ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ്’ (Belt & Road Initiative-BRI), കരയും കടലും വഴിയുള്ള ചൈനീസ് വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കുന്നതാണ്. അടുത്ത ഒരു ദശാബ്ദക്കാലയളവില്‍ പൂര്‍ത്തിയാക്കാനുദ്ദേശിച്ചുകൊണ്ട് ചൈന ആസൂത്രണം ചെയ്തിരിക്കുന്ന നിരവധി ബൃഹദ് പദ്ധതികള്‍, ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (China-Pakistan Economic Corridor-CPEC) അടക്കം, വലിയ തോതിലുള്ള വിഭവ വിനിയോഗം ആവശ്യപ്പെടുന്നതാണ്. അതില്‍ ഏറ്റവും സുപ്രധാനമായിരിക്കുന്നതും അങ്ങേയറ്റം ദൗര്‍ലഭ്യം നേരിടുന്നതുമായ ഒരു വിഭവം ജലം ആണ്.

ആഗോള ജനസംഖ്യയുടെ 20%ത്തോളം പേര്‍ അധിവസിക്കുന്നത് ചൈനയിലാണ്. എന്നാല്‍ ആഗോള ജല വിഭവത്തില്‍ കേവലം 7% (FAO, Aquastat, Online Data, 2011) മാത്രമേ ചൈനയുടെ അധീനതയിലുള്ളൂ എന്നത് ആ രാജ്യം അനുഭവിക്കുന്ന ജല ദൗര്‍ലഭ്യത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്. വേള്‍ഡ് റിസോര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ അക്വഡക്ട് വാട്ടര്‍ റിസ്‌ക് അറ്റ്‌ലസ് (Aquaduct water Risk Atlas) ചൈനയിലെ ഭൗമോപരിതലത്തിന്റെ 30ശതമാനത്തോളം പ്രദേശം കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തുന്നു. ഇതിനര്‍ത്ഥം ചൈനീസ് ജനസംഖ്യയില്‍ ഏതാണ്ട് 67.8 കോടി ജനങ്ങള്‍ ജല പ്രതിസന്ധിയുടെ ഇരകളാണ് എന്നതാണ്. ജനസംഖ്യയുടെ 48ശതമാനത്തിലധികം വരും ഇത്. 2001 മുതല്‍ 2010വരെ ലഭ്യമായ ഡാറ്റകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള കണക്കാണിത്. കഴിഞ്ഞ ഒരു ദശകക്കാലത്തിനിടയില്‍ വരള്‍ച്ച അനുഭവിക്കുന്ന ചൈനീസ് ഭൂപ്രദേശത്തിന്റെ വ്യാപ്തി 57%ആയി ഉയര്‍ന്നിരിക്കുന്നുവെന്ന് ജല വിഭവ വിദഗ്ദ്ധയായ ജിയാവോ വാംഗിന്റെ പഠനം വിശദീകരിക്കുന്നു. (Drop by Drop, Better Management Makes Dents in China’s Water Stress, Jiao Wang, April, 2018, W-RI).

ചൈനയുടെ ജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒരു പ്രതിഭാസത്തെക്കുറിച്ച്, രാജ്യം ആദ്യമായി നടത്തിയ ദേശീയ ജല സെന്‍സസ് (National Census of Water- 2013) വഴി, പുറംലോകം അറിയുകയുണ്ടായി. ഏകദേശം 20 വര്‍ഷങ്ങള്‍ മുമ്പുവരെ ഉണ്ടായിരുന്ന 50,000ത്തോളം നദികളില്‍ 28,000ത്തോളം നദികള്‍ അപ്രത്യക്ഷമായി എന്നതായിരുന്നു സെന്‍സസില്‍ വെളിപ്പെട്ട കാര്യം. നദികള്‍ അപ്രത്യക്ഷമായി എന്ന സെന്‍സസ് റിപ്പോര്‍ട്ടിനെ “statistical error’ ആയിട്ടാണ് ചൈനീസ് അധികൃതര്‍ വ്യാഖ്യാനിച്ചതെങ്കിലും കാലാവസ്ഥാ വിദഗ്ദ്ധരും പരിസ്ഥിതി ശാസ്ത്രജ്ഞരും അടങ്ങുന്ന വലിയൊരു വിഭാഗം കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ചൈന നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധിയാണിതെന്ന് ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും കയറ്റുമതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഉത്പാദന മേഖലയും വന്‍തോതിലുള്ള ജലചൂഷണത്തിന് കാരണമായി മാറുന്നുണ്ട്. ഭൂഗര്‍ഭ ജലസ്രോതസ്സുകളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടയില്‍ സംഭവിച്ച മാറ്റം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെടുത്തി വേണം മനസ്സിലാക്കാന്‍. ഉത്പാദന ചെലവ് കുറയ്ക്കാനുള്ള ചൈനീസ് നടപടികളിലൊന്ന് പ്രകൃതി വിഭവങ്ങളുടെ ദീര്‍ഘവീക്ഷണമില്ലാത്ത ചൂഷണമാണെന്നതും ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ അതിന്റെ ഏറ്റവും അടുത്ത ഇരയാണെന്നതും വസ്തുതയാണ്.

വര്‍ദ്ധിച്ച ജനസംഖ്യയും ഉയര്‍ന്ന ഭൗതിക ജീവിത നിലവാരവും ഗാര്‍ഹിക ജല വിനിയോഗത്തിലും വമ്പിച്ച മാറ്റങ്ങളാണ് കഴിഞ്ഞ ഏതാനും ദശകക്കാലം കൊണ്ട് ചൈനയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഭൂഗര്‍ഭ ജല സ്രോതസ്സുകളുടെ അമിത ചൂഷണത്തിന് ഇവ കാരണമാകുന്നുണ്ടെന്നത് പരക്കെ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 2030 ആകുമ്പോഴേക്കും ചൈനയുടെ ജലാവശ്യം 818 ബില്യണ്‍ (1 ബില്യണ്‍ = 100 കോടി) ഘന മീറ്റര്‍ ആയിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. നിലവിലുള്ള ജലവിതരണം 618 ബില്യണ്‍ ഘന മീറ്റരര്‍ ആണ്. ആവശ്യവും വിതരണവും തമ്മിലുള്ള 24%ത്തോളം വരുന്ന വിടവ് നികത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ചൈന ഇന്ന് വിഭാവനം ചെയ്തിട്ടുള്ള സാമ്പത്തിക വളര്‍ച്ച മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം. സാമ്പത്തിക വളര്‍ച്ചാ സംവാദങ്ങളില്‍ ഇടംപിടിക്കാതെ മറഞ്ഞുനില്‍ക്കുന്ന ഈ ‘ബാഹ്യഘടകങ്ങള്‍’ പല രാജ്യാന്തര സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും മറഞ്ഞിരിപ്പുണ്ടെന്നതാണ് വസ്തുത. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മ്മാണക്കാര്‍ എന്ന പദവി ചൈനയ്ക്ക് അവകാശപ്പെട്ടതാണ്. ചൈനയുടെ ത്രീ ഗോര്‍ജസ് അണക്കെട്ട് പ്രതിഷ്ഠാപിത ശേഷിയുടെ കാര്യത്തില്‍ ലോകത്തിലെ മറ്റെല്ലാ അണക്കെട്ടുകളെയും പിന്നിലാക്കുന്നതാണ്. വരാനിരിക്കുന്ന ജലപ്രതിസന്ധിയെ മറികടക്കാന്‍ അതിവിപുലമായ ജലപദ്ധതികള്‍ക്കുള്ള ആസൂത്രണമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യാര്‍ലംഗ് സാങ്‌പോ (ബ്രഹ്മപുത്ര) നദീതടത്തില്‍ ത്രീ ഗോര്‍ജസിന്റെ ഇരട്ടി വലുപ്പമുള്ള ‘ഗ്രേറ്റ് ബെന്‍ഡ്’ (The Great Bend) പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനായി 2006ല്‍ 35 അംഗങ്ങളുള്ള സ്റ്റേറ്റ് കൗണ്‍സിലിനെ ഏല്‍പ്പിച്ചിരിക്കുകയാണ് (Brahma Chellaney, “China’s New War Front,” Times of India, April 23, 2013.).

‘ഇന്ത്യ-ചീനി ഭായ് ഭായ്’: വരള്‍ച്ചാ ഭൂപടത്തിലെ ഇരട്ടകള്‍

ആഗോള ജനസംഖ്യയുടെ 17% ആളുകളും അധിവസിക്കുന്നത് ഇന്ത്യയിലാണ്. അതേസമയം ആഗോള ജല വിഭവത്തിന്റെ കാര്യത്തില്‍ 4% മാത്രമാണ് ഇന്ത്യയുടെ കൈവശമുള്ളത് (FAO, Aquastat, Online Data, 2011).. ജന-ജല അനുപാതത്തിലെ ഈ ഭീമമായ വിള്ളല്‍ ഇന്ത്യയുടെ വികസന ഭാവിയെ സംബന്ധിച്ച് വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ഉപദേശീയതകള്‍ തമ്മിലുള്ള ജല സംഘര്‍ഷങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദൈനംദിന വ്യവഹാരങ്ങളായി മാറിക്കഴിഞ്ഞിട്ട് ഏതാണ്ട് മൂന്ന് ദശകങ്ങളെങ്കിലും ആയിക്കാണും. കാവേരി, കൃഷ്ണ, മഹാനദി, ദാമോദര്‍, യമുന തുടങ്ങി ഇന്ത്യയിലെ വലുതും ചെറുതുമായ എല്ലാ നദികളിലെയും ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വലിയ സംഘട്ടനങ്ങളിലേക്കും രക്തച്ചൊരിച്ചിലുകളിലേക്കും വഴി മാറിക്കൊണ്ടിരിക്കുകയാണ്. ജലം ഒരു സമരായുധമായി ഉപയോഗപ്പെടുത്താമെന്ന അവസ്ഥപോലും ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 2016 ജൂണ്‍ മാസത്തില്‍ ഹരിയാനയിലെ ജാട്ട് വിഭാഗം സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെ സ്വീകരിച്ച ഒരു സമരായുധം ദില്ലിയിലേക്കുള്ള ജല വിതരണം സ്തംഭിപ്പിക്കുക എന്നതായിരുന്നു. ദില്ലിയിലെ 1 കോടിയോളം വരുന്ന ജനങ്ങളുടെ കുടിവെള്ള വിതരണമാണ് പ്രതിഷേധക്കാര്‍ മുനാക് കനാല്‍ അടച്ചിട്ടതോടെ അവതാളത്തിലായത്. പിന്നീട് കനാലിന്റെ നിയന്ത്രണം പട്ടാളം ഏറ്റെടുക്കുകയും അതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 18ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ജലം ഒരു മൂര്‍ച്ചയേറിയ സമരായുധമാണെന്ന തിരിച്ചറിവ് പ്രാദേശിക സമൂഹങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്നു എന്നതാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്. വര്‍ദ്ധിച്ചുവരുന്ന അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ നിലനില്‍പിനെ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കുന്നതായിരിക്കും എന്ന സൂചനയും ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തില്‍ ആരംഭിക്കേണ്ടതുണ്ടെന്ന പ്രാഥമിക ധാരണപോലുമില്ലാത്ത സാമ്പത്തിക വിദഗ്ദ്ധന്മാരാല്‍ നയിക്കപ്പെടുന്ന വികസന ആസൂത്രണങ്ങളാണ് ഇന്ത്യയെ ഒരു ജലദുര്‍ല്ലഭ രാഷ്ട്രമാക്കി മാറ്റിയിരിക്കുന്നതെന്ന് നമ്മുടെ വികസന ചരിത്രം പരിശോധിച്ചാല്‍ മതിയാകും. 2030 ആകുമ്പോഴേക്കും രാജ്യത്തിന്റെ പ്രതിശീര്‍ഷ ജലലഭ്യതയും (Supply 765 km3) ആവശ്യവും (Demand 1498 km3)) തമ്മിലുള്ള വിടവ് ഏതാണ്ട് ഇരട്ടിയോളമാകുമെന്ന് നീതി ആയോഗ് തയ്യാറാക്കിയ ‘കോംപസിറ്റ് വാട്ടര്‍ മാനേജ്‌മെന്റ് സൂചിക’ (CWMI 2019) സൂചിപ്പിക്കുന്നു. ഇന്ത്യയിലെ 739 ജില്ലകളില്‍ 100എണ്ണം (13.5%) അതിഗുരുതരമായ ജലദൗര്‍ലഭ്യം അനുഭവിക്കുന്നവയാണെന്ന് 2020ലെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രസ്താവിക്കുകയുണ്ടായി. ഇന്ത്യന്‍ ജനസംഖ്യയില്‍ 66 കോടിയോളം വരുന്ന ജനങ്ങള്‍ ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തവരാണെന്നതാണ് വസ്തുത. രാജ്യത്തിന്റെ ഭൂജലക്ഷയ നിരക്ക് (ground water depletion rate) 2000ത്തിനും 2010നുമിടയില്‍ 23% ആയി ഉയര്‍ന്നിരിക്കുന്നതും, ഈയൊരു പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നതും ആശങ്കപ്പെടുത്തുന്ന സംഗതിയാണ്. 2025 ആകുമ്പോഴേക്കും 5 ട്രില്യണ്‍ ഇക്കണോമിയായി ഇന്ത്യ വളരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിന് തടയിടുന്ന മുഖ്യഘടകങ്ങളിലൊന്ന് മേല്‍ സൂചിപ്പിച്ച തരത്തിലുള്ള ജലക്ഷാമമായിരിക്കും. ജല ദൗര്‍ലഭ്യം കാര്‍ഷിക-വ്യാവസായിക ഉത്പാദന മേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതും ഇന്ത്യയുടെ ആഭ്യന്തര മൊത്തല്‍പാദനത്തില്‍ 6% വരെ കുറവിന് കാരണമാകുന്നതും ആയിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ജലക്ഷാമം പ്രതിസന്ധികള്‍ തീര്‍ക്കുമ്പോള്‍ ഉപദേശീയതകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കൂടുതല്‍ വിശാലമായ ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയും സംജാതമാകുന്നുണ്ട്. ആന്ധ്ര-തെലങ്കാന സംസ്ഥാനത്തിന്റെ വിഭജനത്തിന് പിന്നിലെ പ്രധാന കാരണം കൃഷ്ണ നദിയിലെ ജലവിനിയോഗവുമായി ബന്ധപ്പെട്ടതാണ് എന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. കാവേരി നദിയുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയും തമിഴ്‌നാടുമായി നിലനില്‍ക്കുന്ന തര്‍ക്കം നിരവധി തവണ കലാപത്തിലേക്ക് വഴിതിരിഞ്ഞിട്ടുണ്ട്. മഹാനദിയിലെ ജലം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ഒഡീഷയും ഛത്തീസ്ഗഢുമായും തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മഹാനദിയില്‍ 13ഓളം ബാര്‍ജുകള്‍ നിര്‍മ്മിക്കുവാനുള്ള ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനമൊട്ടാകെ ഹര്‍ത്താല്‍ ആചരിച്ചായിരുന്നു ഒഡീഷ പ്രതികരിച്ചത്. രവി, ബിയാസ് നദികളിലെ ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും, നര്‍മ്മദാ നദീജലം വിനിയോഗിക്കുന്നത് സംബന്ധിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇന്ന് സജീവമാണ്. കേരളത്തില്‍ മുല്ലപ്പെരിയാര്‍, പറമ്പികുളം-ആളിയാര്‍ അണക്കെട്ടുകളിലെ ജലവിനിയോഗവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കൂടുതല്‍ രൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. മേല്‍പ്പറഞ്ഞ ജല തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ ട്രൈബ്യൂണലുകള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് നാളിതുവരെയും കഴിഞ്ഞിട്ടില്ല. നാളുകള്‍ ചെല്ലുന്തോറും പ്രശ്‌നങ്ങളുടെ സങ്കീര്‍ണ്ണതകള്‍ വര്‍ദ്ധിക്കുകയും സംഘര്‍ഷങ്ങള്‍ കലാപങ്ങളിലേക്ക് വഴിതിരിഞ്ഞുപോകുകയും ചെയ്യുന്നു.

അതിര്‍ത്തി തര്‍ക്കങ്ങളില്‍ മറഞ്ഞിരിക്കുന്ന ജലസംഘര്‍ഷങ്ങള്‍

സ്വതന്ത്ര ഭാരതത്തിന്റെ പിറവിക്ക് മുന്നെ തന്നെ നിരവധി സന്ദേഹങ്ങള്‍ നിറഞ്ഞുനിന്നിരുന്ന അതിര്‍ത്തി പ്രദേശങ്ങളാണ് ഇന്ത്യ-ചൈന-തിബത്തന്‍ മേഖലകള്‍. ഇരുഭാഗത്തും വലിയ ആള്‍നാശങ്ങള്‍ക്ക് കാരണമായ 1962ലെ യുദ്ധത്തിനും നിരവധി സൈനിക സംഘര്‍ഷങ്ങള്‍ക്കും നയതന്ത്ര ഇടപെടലുകള്‍ക്കും ‘യഥാര്‍ത്ഥ നിയന്ത്രണ രേഖ’ (Line of Actual Control-LoAC) അംഗീകരിച്ചുകൊണ്ട് 1996ല്‍ ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെക്കുന്നതുവരെയുള്ള കാലയളവില്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സാധാരണ അതിര്‍ത്തര്‍ക്കങ്ങളുടെ നിലയില്‍ നിന്നും അവ വികസിച്ചിരുന്നില്ല. എന്നാല്‍ പുതുസഹസ്രാബ്ദം തൊട്ടിങ്ങോട്ട് ഹിമാലയന്‍ നീര്‍ത്തട മേഖലയില്‍ അണക്കെട്ട് നിര്‍മ്മാണങ്ങളും ഖനന പ്രവര്‍ത്തനങ്ങളുമായി ചൈനയും അരുണാചല്‍ പ്രദേശില്‍ അണക്കെട്ട് ശൃംഖലകളുമായി ഇന്ത്യന്‍ ഭരണകൂടവും മുന്നോട്ടു നീങ്ങിയതോടെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ വരാനിരിക്കുന്ന ജലയുദ്ധങ്ങളുടെ സൂചകങ്ങളായി മാറാന്‍ തുടങ്ങിയിരുന്നു.

യാര്‍ലംഗ്-ബ്രഹ്മപുത്ര-ജമുന

ഇന്ത്യയും മറ്റ് അയല്‍രാജ്യങ്ങളുമായി നാല് പ്രധാന നദികളാണ് ചൈന പങ്കിടുന്നതെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ട നദി ഇന്ത്യയില്‍ ബ്രഹ്മപുത്രയെന്നും ബംഗ്ലാദേശില്‍ ജമുനയെന്നും (യമുന നദിയല്ല) വിളിക്കപ്പെടുന്ന യാര്‍ലംഗ് സാങ്‌പോ-യാണ്. തിബറ്റന്‍ മേഖലയില്‍ നിന്നുത്ഭവിച്ച് ഇന്ത്യയില്‍ അരുണാചല്‍, അസം എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി ഗംഗാനദിയുമായി ചേര്‍ന്ന് മേഘാലയ വഴി ബംഗ്ലാദേശിലൂടെ ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നു പതിക്കുന്ന ബ്രഹ്മപുത്ര നദി 2880 കിലോമീറ്റര്‍ നീളമുള്ള, ലോകത്തിലെ തന്നെ ഏറ്റവും വിശാലമായ നദികളിലൊന്നാണ്. ബ്രഹ്മപുത്ര റിവര്‍ ബേസിന്റെ 50% (2,70,900 ചതുരശ്ര കി.മീറ്റര്‍) ചൈനയിലും 36% (1,95,000 ചതുരശ്ര കി.മീറ്റര്‍) ഇന്ത്യയും ബാക്കി ഭാഗം മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പങ്കിടുന്നു. മേല്‍പ്പറഞ്ഞ നാല് രാജ്യങ്ങളിലുമായി ഏതാണ്ട് 63 കോടി ജനങ്ങളാണ് ബ്രഹ്മപുത്ര നദീ തടത്തെ ആശ്രയിച്ച് ജീവിക്കുന്നത്.

ചൈന ആസൂത്രണം ചെയ്തിരിക്കുന്ന വ്യാവസായിക വളര്‍ച്ചയില്‍ ജലം ഒരു സുപ്രധാന ഘടകമാണ് എന്നത് കാണാവുന്നതാണ്. ചൈനീസ് വ്യവസായ മേഖല പ്രതിവര്‍ഷം 120 ബില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് വിനിയോഗിക്കുന്നത്. രാജ്യത്തെ കല്‍ക്കരി ഖനന മേഖലയും സമാനമായ രീതിയില്‍ ജല വിനിയോഗം ആവശ്യപ്പെടുന്നതാണ്. രാഷ്ട്രത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജലാവശ്യവും വ്യാവസായിക വളര്‍ച്ചയും ലക്ഷ്യം വെച്ചുകൊണ്ട് ചൈനീസ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്ന ‘വെസ്റ്റേണ്‍ ചൈന ഡെവലപ്പ്‌മെന്റ് സ്ട്രാറ്റജി’ തിബറ്റന്‍ മേഖലയിലെ പ്രകൃതി വിഭവങ്ങള്‍ -പ്രധാനമായും ധാതുക്കള്‍, ജലം- വന്‍തോതിലുള്ള ചൂഷണത്തിന് വിധേയമാക്കുന്നതാണ്. യാര്‍ലംഗ് സാങ്‌പോ നദീ തടത്തില്‍ നിന്നുള്ള വൈദ്യുതോത്പാദന സാധ്യത ചൈനീസ് വിദഗ്ദ്ധര്‍ കണക്കാക്കിയിരിക്കുന്നത് 114 ഗിഗാവാട്ടാണ് (Managing the Rise of a Hydro-Hegemon: China’s Strategic Interests in the Yarlung-Tsngpo river, Jesper Svensson, IDSA Occassional Paper, No-23) ഇതില്‍ 550 മെഗാവാട്ടിന്റെ സാങ്മു (Zangmu) പ്രൊജക്ടിന്റെ പണി ആരംഭിച്ചിരിക്കുകയാണ്. ഈ പദ്ധതി കൂടാതെ ഏതാണ്ട് 20ഓളം ജല വൈദ്യുത പദ്ധതികള്‍ കൂടി യാര്‍ലംഗ് നദീതടത്തില്‍ ചൈന ആസൂത്രണം ചെയ്തിട്ടുണ്ട്. തിബറ്റന്‍ ഓട്ടോണമസ് റീജ്യണിന്റെ വികസനവുമായി ബന്ധപ്പെട്ട് 700 ദശലക്ഷം ഘനമീറ്റര്‍ ജലവിതരണം സാധ്യമാകുന്ന തരത്തിലുള്ള പദ്ധതികളാണ് ഇവയെന്ന് ചൈനീസ് ഔദ്യോഗിക പത്രമായ ‘പീപ്പ്ള്‍സ് ഡെയ്‌ലി’ 2011 മാര്‍ച്ച് 28ന് റിപ്പോര്‍ട്ട് ചെയ്തതായി ജെസ്പര്‍ സ്വെന്‍സന്‍ രേഖപ്പെടുത്തുന്നു.

”ഉപരി നദീതട രാജ്യമെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടെന്ന്” വിവിധ നയതന്ത്ര ചര്‍ച്ചകള്‍ക്കിടയില്‍ ചൈനീസ് ഭരണകൂടം ഇന്ത്യന്‍ അധികൃതര്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പുനല്‍കാറുള്ളതാണ്. സാങ്‌പോ നദിയിലെ തങ്ങളുടെ പദ്ധതികള്‍ ‘റണ്‍ ഓഫ് ദ റിവര്‍’ (നദികളുടെ ഒഴുക്ക് തടസ്സപ്പെടുത്താതെ പ്രത്യേകതരം ടര്‍ബൈനുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനെയാണ് റണ്‍ ഓഫ് ദ റിവര്‍ പ്രൊജക്ട് എന്ന് വിശേഷിപ്പിക്കുന്നത്) പദ്ധതികളാണ് എന്ന് ചൈനീസ് വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. എന്നാല്‍ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച്’ പ്രൊഫസറും ജല സുരക്ഷാ വിദഗ്ദ്ധനുമായ ബ്രഹ്മ ചെല്ലാനി ചൈനയുടെ ജല വിനിയോഗ- അണക്കെട്ട് നിര്‍മ്മാണ രീതികളെ വിലയിരുത്തിക്കൊണ്ട് ചൈനയുടെ അവകാശവാദങ്ങളെ ഖണ്ഡിക്കുന്നുണ്ട്. ”യാങ്ട്‌സെ (Yangtze) മുതല്‍ മെകോംഗ് (Mekong)വരെ, ഇപ്പോള്‍ ബ്രഹ്മപുത്രയിലും ചൈനയുടെ അണക്കെട്ട് നിര്‍മ്മാണ രീതി വളരെ കൃത്യമായൊരു മാതൃക പിന്തുടരുന്നുണ്ട്. 12ഓളം അണക്കെട്ടുകള്‍ ബ്രഹ്മപുത്രയുടെ ഉപരിതടത്തില്‍ പണിയാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്. മധ്യനിരയിലുള്ള ഒരെണ്ണത്തിന്റെ പണി ആരംഭിച്ചിരിക്കുകയാണ്. ഈ അണക്കെട്ടുകള്‍ ജലപ്രവാഹത്തെ ബാധിക്കുമെന്ന് മാത്രമല്ല, താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന പോഷകാംശങ്ങളെ തടയുകയും ചെയ്യും. ഇത് കീഴ് നദീതട മേഖലയിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലമായി ഭവിക്കും” (Simon Denyer, ‘Chinese Dams in Tibet Raise Hackles in India,’Washington Post, February 7, 2013).

ഹിമാലയന്‍ നീര്‍ത്തട മേഖലയിലെ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കത്തോടൊപ്പം തന്നെ തിബറ്റന്‍ മേഖലയില്‍ സമൃദ്ധമായി നിലനില്‍ക്കുന്ന വിവിധതരം വിലപിടിപ്പുള്ള ധാതുക്കള്‍ ഖനനം ചെയ്യാനുള്ള പദ്ധതികളും ചൈനീസ് ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള, സ്വര്‍ണ്ണം, വെള്ളി, ഇലക്‌ട്രോണിക് വ്യവസായങ്ങള്‍ക്കാവശ്യമുള്ള മറ്റ് വിലപിടിപ്പുള്ള ധാതുക്കള്‍ എന്നിവ ഈ മേഖലയിലുണ്ടെന്ന് ചൈനീസ് ജിയോളജിസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ട് ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു (How Chinese mining in the Himalayas may create a new military flashpoint with India, Stephen Chen, South China Morning Post, 20 May 2018).. തിബറ്റന്‍ മേഖലയില്‍ വന്‍തോതിലുള്ള ധാതുനിക്ഷേപം കണ്ടെത്തിയതോടെ മേഖലയിലെ ജനസംഖ്യയില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ് സംഭവിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ സുപ്രധാന നദികളിലൊന്നായി പരിഗണിക്കപ്പെടുന്ന ബ്രഹ്മപുത്ര ഏതാണ്ട് 918 കിലോമീറ്റര്‍ താണ്ടിയാണ് ബംഗ്ലാദേശില്‍ എത്തുന്നത്. അരുണാചല്‍, ആസം എന്നീ സംസ്ഥാനങ്ങളിലായി പ്രധാനപ്പെട്ട എട്ടോളം ജലവൈദ്യുത പദ്ധതികള്‍ ബ്രഹ്മപുത്രയിലും കൈവഴികളിലുമായി ഇന്ത്യ പണിതിട്ടുണ്ട്. രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ജലപ്രശ്‌നം പരിഹരിക്കുന്നതോടൊപ്പം തന്നെ ഹിമാലയന്‍ മേഖലയിലെ ചൈനീസ് സാന്നിദ്ധ്യത്തോടുള്ള പ്രതികരണം എന്ന നിലയിലും നൂറുകണക്കായ ജലവൈദ്യുത പദ്ധതികള്‍ ബ്രഹ്മപുത്ര നദീതടത്തില്‍ പണിയുന്നതിനുള്ള അനുമതി സംസ്ഥാന ഭരണകൂടങ്ങള്‍ നല്‍കിയിരിക്കുകയാണ്. 2000 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 153 ജല പദ്ധതികള്‍ക്കാണ് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ലാഭകരമാകുന്ന നിരക്കിലുള്ള ധാതു നിക്ഷേപങ്ങള്‍ ഈ മേഖലയില്‍ കണ്ടെത്താന്‍ ഇന്ത്യന്‍ പര്യവേക്ഷണ സംഘത്തിന് സാധിക്കാത്തതുകൊണ്ടുതന്നെ ഇന്ത്യയുടെ ഭാഗത്തുനിന്നും അത്തരത്തിലുള്ള കാര്യമായ നീക്കങ്ങളൊന്നും തന്നെ നാളിതുവരെ ഉണ്ടായിട്ടില്ല. എന്നാലതേ സമയം അതിര്‍ത്തി പ്രദേശങ്ങളോട് ചേര്‍ന്നുള്ള, പ്രത്യേകിച്ചും തിബറ്റന്‍ മേഖലയിലെ, ചൈനീസ് വികസന പ്രവര്‍ത്തനങ്ങളെ സംശയദൃഷ്ടിയോടെയാണ് നോക്കിക്കാണുന്നത് എന്നതുകൊണ്ടുതന്നെ ഈ മേഖലയിലെ സൈനിക സാന്നിദ്ധ്യം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റ്. വിമാനത്താവളങ്ങള്‍, മിസൈല്‍ ലോഞ്ചിംഗ് പാഡുകള്‍, മറ്റ് സൈനിക താവളങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം ഈ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമായി നടക്കുന്നു.

അന്തര്‍ദ്ദേശീയ നദീതട ബന്ധങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ കീഴ് നദീതട(Lower Ripparian) രാജ്യങ്ങള്‍ ഒരു ഉപരി നദീതട രാജ്യങ്ങളെ സംശയ ദൃഷ്ടിയോടെയാണ് നോക്കിക്കാണാറുള്ളതെന്നത് ആഗോള തലത്തില്‍ നിലനില്‍ക്കുന്ന നദീജല തര്‍ക്കങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ബോദ്ധ്യമാകുന്ന കാര്യമാണ്. ബ്രഹ്മപുത്രയുടെ കാര്യത്തിലും ഇത് വളരെ സുപ്രധാന ഘടകമായി വര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര നദീ ജല വിനിയോഗ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പല ജല പദ്ധതികളും ചൈന നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണം ഇന്ത്യന്‍ അധികൃതര്‍ ഉന്നയിക്കാറുണ്ട്. അനുവദനീയമായ ‘റണ്‍ ഓഫ് റിവര്‍’ പദ്ധതികള്‍ കൂടാതെയുള്ള പദ്ധതികളെക്കുറിച്ചാണ് ഇന്ത്യയുടെ പരാതികള്‍. അന്തര്‍ദ്ദേശീയ നദികള്‍ സംബന്ധിച്ച 2006ലെ ഇന്ത്യ-ചൈന എക്‌സപേര്‍ട്ട് ലെവല്‍ മെക്കാനിസം(Expert Level Mechanism-ELM) അനുസരിച്ച് എല്ലാ വര്‍ഷവും മെയ് 15 മുതല്‍ ഒക്‌ടോബര്‍ 15 വരെയുള്ള ജലസംബന്ധിയായ വിവരങ്ങള്‍ (Hydrological Data)  ഇന്ത്യയ്ക്ക് കൈമാറാന്‍ ചൈന ബാദ്ധ്യസ്ഥരാണ്. 2017ലെ ഡോക്‌ലാം പ്രതിസന്ധിക്ക് ശേഷം ഈയൊരു ഡാറ്റ കൈമാറുന്നതില്‍ നിന്ന് ചൈന പിന്മാറുകയാണ് ചെയ്തത്. കീഴ് നദീതടങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കാന്‍ പോകുന്ന നീക്കമായിരുന്നു അത്. ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്ക സാധ്യതയും മുന്നൊരുക്കങ്ങളും നടത്താന്‍ അധികാരികളെ പ്രാപ്തരാക്കുന്നത് മണ്‍സൂണ്‍ കാലയളവില്‍ ലഭിക്കുന്ന ഹൈഡ്രോളജിക്കല്‍ ഡാറ്റയാണ്. ഈ അവശ്യ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നാണ് ചൈനീസ് ഭരണാധികാരികള്‍ ഏകപക്ഷീയമായി പിന്മാറിയത്.

തകര്‍ന്നുകൊണ്ടിരിക്കുന്ന ഹിമാലയന്‍ പരിസ്ഥിതി

ഏഷ്യന്‍ മേഖലയിലെ സൂപ്പര്‍ പവര്‍ ആകാന്‍ കൊതിക്കുന്ന, ഉത്തരവാദിത്തബോധമുള്ള രാഷ്ട്രങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന രണ്ട് സുപ്രധാന രാജ്യങ്ങളുടെ ഹിന്ദുക്കുഷ് ഹിമാലയന്‍ മേഖലയിലെ ഇടപെടല്‍ ദക്ഷിണേഷ്യയിലെ സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കുന്നതെങ്ങിനെയെന്നതിന്റെ ഉദാഹരണങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വന്‍തോതിലുള്ള പാരിസ്ഥിതിക പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന, ദുര്‍ബല ആവാസ വ്യവസ്ഥയായ, ഹിമാലയന്‍ ഇക്കോളജിയില്‍ ഈ രണ്ടു രാജ്യങ്ങളുടെയും ഇടപെടലുകള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്‌നങ്ങള്‍ ഹിമാലയന്‍ പരിസ്ഥിതിയുടെ നിലനില്‍പിനെ കൂടുതല്‍ ഗുരുതരാവസ്ഥയിലെത്തിച്ചിരിക്കുന്നു. അന്തരീക്ഷ താപത്തില്‍ സംഭവിക്കുന്ന നേരിയ വ്യതിയാനം പോലും ഹിമാലയത്തിലെ മഞ്ഞുരുകലിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് അടിക്കടിയുള്ള വെള്ളപ്പൊക്കത്തോടൊപ്പം ഹിമതടാക സ്‌ഫോടന പ്രളയ(Glacial Lake Outburst Floods-GLOF’s) ങ്ങള്‍ക്കും കാരണമായിത്തീരുന്നുണ്ട്. ഹിമാലയന്‍ താഴ്‌വര പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് നിരന്തരമായ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിലേക്കാണ് ഇത് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രളയം, ഉരുള്‍പൊട്ടല്‍, മേഘവിസ്‌ഫോടനം, വരള്‍ച്ച തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ പ്രതിസന്ധി ഈ മേഖലകളില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതായി കാണാന്‍ സാധിക്കും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഭാഗത്ത് വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ മറുഭാഗത്ത് സമ്പദ്ഘടനയില്‍ വലിയ നഷ്ടങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തെ അവധാനതയോടുകൂടി വിശകലനം ചെയ്യാന്‍ നാം സന്നദ്ധരാകേണ്ടതുണ്ട്.

ഉപരി നദീതട മേഖലയില്‍ ചൈന നടത്തുന്ന വന്‍തോതിലുള്ള നിര്‍മ്മാണ-ഖനന പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ തന്നെ വിശാലമായ നദീതടങ്ങളിലൊന്നായ ബ്രഹ്മപുത്ര തടത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനുതകുന്നവയാണ്. ഏഷ്യന്‍ മേഖലയിലെ തന്ത്രപ്രധാനമായ (Strategic) ഒരു പ്രദേശമെന്ന നിലയിലാണ് ചൈനയും ഇന്ത്യയും തിബറ്റന്‍ പീഠഭൂമിയെ കാണുന്നത്. ഇരു രാഷ്ട്രങ്ങളും തങ്ങളുടെ സൈനിക സാന്നിദ്ധ്യം മേഖലയില്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നതും ഹിമാലയന്‍ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ സ്ഥിതിവിവരക്കണക്കുകള്‍ മേഖലയിലെ പ്രകൃതി ദുരന്തങ്ങളുടെ ആവര്‍ത്തന സ്വഭാവത്തെയും ബാധിച്ച ആളുകളുടെ എണ്ണത്തെയും അടിസ്ഥാനപ്പെടുത്തി പരിഗണിക്കുകയാണെങ്കില്‍ വെള്ളപ്പൊക്ക ദുരിതങ്ങളാണ് സുപ്രധാനമായി നില്‍ക്കുന്നത്. അതേസമയം ആള്‍നാശത്തെയും ക്ഷാമത്തെയും പരിഗണിക്കുമ്പോള്‍ വരള്‍ച്ചയാണ് പ്രധാന വില്ലനെന്ന് കാണാം. കഴിഞ്ഞ മുപ്പത് കൊല്ലക്കാലയളവില്‍ ഇതില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആള്‍നാശത്തിന് കാരണമായി വര്‍ത്തിക്കുന്നത് ഭൂകമ്പങ്ങളും മണ്ണിടിച്ചിലുമാണെന്നതാണ് ആ മാറ്റം. ഈയൊരു മാറ്റത്തിന് മൂലകാരണമായി വര്‍ത്തിക്കുന്നത് മേഖലയിലെ വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

എഷ്യന്‍ മേഖലയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ എട്ടോളം രാത്യങ്ങളിലെ 100 കോടിയോളം ജനങ്ങളുടെ ജീവിതത്തെ നേരിട്ടു സ്വാധീനിക്കുന്ന ഹിമാലയന്‍ ഇക്കോളജിയില്‍ സംഭവിക്കുന്ന എന്ത് വ്യതിയാനവും വന്‍തോതിലുള്ള ആള്‍നാശത്തിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും നയിക്കുമെന്നത് വസ്തുതയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹിമശേഖരങ്ങളിലൊന്നായ ഹിന്ദുക്കുഷ് ഹിമാലയന്‍ മേഖല അത്തരമൊരു ഭീഷണിയെ അഭിമുഖീകരിക്കുകയാണ് എന്ന് ശാസ്ത്ര സമൂഹം മുന്നറിയിപ്പ് നല്‍കുന്നു. ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്(Strategic) ചെയ്ഞ്ച് അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ പ്രശ്‌നത്തിന്റെ തീവ്രതയെയും ഗൗരവസ്വഭാവത്തെയും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ലോക കാലാവസ്ഥാ പഠനകേന്ദ്രം (World Meteorological Organisation) നല്‍കുന്ന സൂചനയനുസരിച്ച് ഹിന്ദുക്കുഷ് ഹിമാലയന്‍ മേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കെങ്കിലും ശരാശരി താപനിലയിലെ വര്‍ദ്ധനവ് 1.8ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്ന് കണക്കാക്കുന്നു. ഹിന്ദുക്കുഷ് ഹിമാലയന്‍ അസസ്സ്‌മെന്റ് (Hindu-Kush-Himalayan Assessment Report) റിപ്പോര്‍ട്ട് നല്‍കുന്ന മറ്റൊരു സൂചന, ഭൂതകാലത്ത് നാം തയ്യാറാക്കിയ എല്ലാ കരാറുകളും നടപ്പിലാക്കിയാല്‍ തന്നെയും മേഖലയിലെ ശരാശരി താപനിലയിലെ വര്‍ദ്ധനവ് 2.1 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നാണ്. ഇവയെല്ലാം സൂചിപ്പിക്കുന്നത് 2050 ആകുമ്പോഴേക്കും ഹിമാലയന്‍ പര്‍വ്വതനിരകളിലെ മഞ്ഞുപാളികളില്‍ മൂന്നിലൊന്ന് ഭാഗവും അപ്രത്യക്ഷമാകാന്‍ പോകുന്നുവെന്നാണ്. ഹിമാലയന്‍ നദികളിലെ ജലത്തിന്റെ വലിയൊരളവ് മഞ്ഞുരുകി രൂപപ്പെടുന്നതാണ് എന്നതുകൊണ്ടുതന്നെ താപനിലയിലെ വര്‍ദ്ധനവ് മഞ്ഞുരുകലിന് ആക്കം കൂട്ടുകയും ചെറിയൊരു കാലയളവിനുള്ളില്‍ തന്നെ രൂക്ഷമായ ജലക്ഷാമത്തിലേക്ക് മേഖലയെ കൊണ്ടുചെന്നെത്തിക്കുമെന്നും വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നു.

3500 കിലോമീറ്റര്‍ നീളമുള്ള ഹിന്ദുക്കുഷ് ഹിമാലയന്‍ മേഖലയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. വ്യത്യസ്ത കാലാവസ്ഥാ സവിശേഷതകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നിലനില്‍ക്കുന്ന ഈ മേഖലയില്‍ പര്‍വ്വതമേഖലയെയും താഴ്‌വാര പ്രദേശങ്ങളെയും കീഴ്‌നദീതട പ്രദേശങ്ങളെയും വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതിസന്ധികള്‍ ബാധിക്കുക. തീവ്ര വെള്ളപ്പൊക്കവും കടുത്ത വരള്‍ച്ചയും കീഴ്‌നദീതട-താഴ്‌വാര മേഖലയ്ക്ക് ഭീഷണിയാകുമ്പോള്‍, ഭൂചലനവും മണ്ണിടിച്ചിലും പര്‍വ്വതമേഖലയിലെ ജീവനും സ്വത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്നു.

കാലാവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഹിമാലയന്‍ മേഖലയിലെ കാര്‍ഷിക രീതികളില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഉത്തരാഖണ്ഡ് മേഖലയില്‍ 30ഓളം വിളകള്‍ കൃഷി ചെയ്യുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ഭാഗമായ സന്‍സ്‌കാര്‍ താഴ്‌വരയിലെ കുമിക് ഗ്രാമത്തിലെ ജനങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാമമെന്നറിയപ്പെടുന്ന കുമിക് ഇന്ന് രൂക്ഷമായ ജലക്ഷാമത്തെ അഭിമുഖീകരിക്കുകയാണ്. നൂറ്റാണ്ടുകളായി ഹിമാലയന്‍ മേഖലയില്‍ കാര്‍ഷിക ജോലികളില്‍ ഏര്‍പ്പെട്ട് ജീവിക്കുന്ന കുമിക് നിവാസികള്‍ക്ക് തങ്ങളുടെ ഗ്രാമം ഉപേക്ഷിച്ച് മറ്റ് പല സ്ഥലങ്ങളിലേക്കായി കുടിയേറേണ്ടിവന്നു. ഒരു പക്ഷേ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പലായനം ചെയ്യേണ്ടിവന്ന ഇന്ത്യയിലെ ആദ്യ പാരിസ്ഥിതിക അഭയാര്‍ത്ഥികള്‍ കുമിക് നിവാസികള്‍ ആയിരിക്കാം. മഞ്ഞ് പാളികളില്‍ നിന്ന് ഉറവെടുക്കുന്ന നീരരുവികളെ ആശ്രയിച്ച് കഴിയുന്ന ഇവര്‍ക്ക് മഞ്ഞുപാളികളിലെ ശോഷണം തിരിച്ചടിയായി മാറി. ഗ്രാമം ഉപേക്ഷിക്കുകയല്ലാതെ അവരുടെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും തന്നെയില്ല. ഇത് കേവലം ഒരു ഗ്രാമത്തിന്റെ മാത്രം കഥയല്ലാതായിരിക്കുന്നു. ഹിമാലയന്‍ മേഖലയിലെ ആയിരക്കണക്കിന് ഗ്രാമങ്ങള്‍ സമാനമായ അവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ കാര്‍ബണ്‍ പാദമുദ്ര(carbon footprint) എത്രയും വേഗത്തില്‍ കുറച്ചുകൊണ്ടുവരിക മാത്രമേ ഇതിന് പ്രതിവിധിയായുള്ളൂ.

ജലയുദ്ധങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നുവോ?

ഇന്ത്യന്‍ കരസേന മേധാവിയായിരുന്ന എസ്.പത്മനാഭന്‍ 2014ല്‍ ഒരു പുസ്തകം രചിക്കുകയുണ്ടായി. ഫിക്ഷന്‍ സ്വഭാവത്തോടുകൂടിയ ഈ പുസ്തകത്തിന്റെ തലക്കുറിപ്പ് “Next China-India War: World’s First Water War-2029” എന്നാണ്. ഈ പുസ്തകത്തില്‍ ദശാബ്ദത്തിന്റെ അന്ത്യത്തോടെ ചൈന അനുഭവിക്കാന്‍ പോകുന്ന ഗുരുതരമായ ജലദൗര്‍ലഭ്യം ബ്രഹ്മപുത്രയിലെ വെള്ളത്തിലേക്ക് കണ്ണ്പായിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുമെന്നും അത് അനിവാര്യമായ ഒരു ജലയുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ഇന്ത്യ-ചൈന ബന്ധങ്ങളില്‍ ബ്രഹ്മപുത്ര നദീജലം സൃഷ്ടിക്കാന്‍ പോകുന്ന വിള്ളലുകള്‍ സംബന്ധിച്ച് കഴിഞ്ഞ ഒരു ദശകക്കാലമായി ആഗോള മാധ്യമങ്ങള്‍ വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യാനാരംഭിച്ചിട്ടുണ്ട്. ഹഫിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍, സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ്, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നീ പത്രങ്ങളും വേള്‍ഡ് അഫയേര്‍സ്, പ്രൊജക്ട് സിന്‍ഡിക്കേറ്റ്, വേള്‍ഡ് റിവ്യൂ, ജിയോപൊളിറ്റിക്കല്‍ മോണിറ്റര്‍ തുടങ്ങിയ ജേര്‍ണലുകളും നൂറുകണക്കായ ലേഖനങ്ങളും ഉപന്യാസങ്ങളും ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും ഇതേ വിഷയത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത്, ഇന്ത്യ-ചൈന ബന്ധങ്ങള്‍ പരമ്പരാഗത അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കപ്പുറത്തേക്ക് അതീവ ഗൗരവമായ ജലയുദ്ധമായി മാറാനുള്ള സാധ്യതകളാണ് എന്നതാണ്. കഴിഞ്ഞ രണ്ട് ദശകക്കാലമായെങ്കിലും ഇന്ത്യ-ചൈന നയതന്ത്ര ചര്‍ച്ചകളിലെ സുപ്രധാന വിഷയം ബ്രഹ്മപുത്രയിലെ ജലവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് കാണാന്‍ സാധിക്കും. കീഴ് നദീതട (Lower Ripparian) രാജ്യങ്ങളുമായി നിയമപരമായി ബാദ്ധ്യതപ്പെട്ടു നില്‍ക്കുന്ന കരാറുകള്‍(Binding Agreements) ഒപ്പുവെക്കുന്നതില്‍ ചൈനീസ് ഭരണാധികാരികള്‍ എക്കാലവും മടികാണിക്കാറുണ്ട്. ഇത് അവരുടെ ഏത് നീക്കങ്ങളെയും സംശയദൃഷ്ടിയോടെ കാണാന്‍ ഇടയാക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ബ്രഹ്മപുത്രയിലെ വെള്ളം ചൈനയുടെ ഹൃദയഭൂമിയിലേക്ക് എത്തിക്കുന്നതിനായി 1000 കിലോമീറ്റര്‍ നീളമുള്ള ഭൂഗര്‍ഭ തുരങ്കം നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിരിക്കുകയാണെന്ന വാര്‍ത്തകളും പ്രചാരണത്തിലുണ്ട്. എന്നാല്‍ ചൈനയുടെ ജലപദ്ധതികള്‍ ബ്രഹ്മപുത്രയെ ആശ്രയിച്ചുള്ളതല്ലെന്നും അവ പ്രധാനമായും യാങ്ട്‌സെ (Yangtze) യെല്ലോ (Yellow) എന്നീ നദികളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണെന്നും ഉള്ള അഭിപ്രായങ്ങളും പ്രബലമാണ് (Sino-Indian water disputes: the coming water wars?, Hongzhou Zhang, WIREs Water 2016, 3:155–166).

നദീതട മേഖലകളില്‍ ഉപരിതടങ്ങളിലെ രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന സ്വാഭാവിക മേല്‍ക്കൈ ആ രാജ്യം എങ്ങിനെ വിനിയോഗിക്കണം എന്നത് സംബന്ധിച്ച് വളരെ വ്യക്തമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മാറിവരുന്ന ഭൗമരാഷ്ട്രീയ ഗതിവിഗതികള്‍ക്കനുസരിച്ച് ഈ മേല്‍ക്കൈ കീഴ്തടങ്ങളിലെ രാജ്യങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നതിനുള്ള ഉപാധിയായി മാറ്റുന്നത് ചൈന മാത്രമല്ല. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധങ്ങളിലും സമാനമായ ഇടപെടല്‍ കാണാന്‍ സാധിക്കും.”Blood and water cannot flow together” എന്ന് കശ്മീരിലെ പാക് ഇടപെടലുകള്‍ക്ക് മറുപടിയെന്ന നിലയില്‍, 2016 സെപ്തംബര്‍ 26ന് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന നാളതുവരെ ഇന്ത്യയിലെ ഒരു ഭരണാധികാരിയും നടത്തിയില്ലാത്ത വിധത്തിലുള്ള ഒന്നായിരുന്നു. സിന്ധുനദീതടത്തില്‍ ഡസന്‍കണക്കായ അണക്കെട്ടുകള്‍ നിര്‍മ്മിച്ചുകൊണ്ട് പാകിസ്ഥാന്റെ ആശങ്കകളെ വര്‍ദ്ധിപ്പിക്കുന്നതില്‍ ഇന്ത്യന്‍ അധികൃതരും ഒട്ടും പിറകിലല്ല എന്നതാണ് വസ്തുത.

അന്താരാഷ്ട്ര നദീബന്ധങ്ങള്‍ കൂടുതല്‍ സംയമനത്തോടും ദീര്‍ഘവീക്ഷണത്തോടും കൂടി കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നാണ്. പ്രത്യേകിച്ചും കാലാവസ്ഥാ പ്രതിസന്ധികള്‍ പോലുള്ള ഒരു ഭീഷണ യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നില്‍ അവതരിച്ചിരിക്കുമ്പോള്‍. ആഗോളതലത്തില്‍ ജലദൗര്‍ലഭ്യം അനുഭവിക്കുന്ന പ്രധാന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയും പാകിസ്ഥാനും അടങ്ങുന്ന ഏഷ്യന്‍ മേഖലയിലാണെന്ന വസ്തുത, ഈ വിഷയത്തെ കൂടുതല്‍ ഗൗരവത്തോടെയും വിവേകത്തോടെയും സമീപിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ആണവായുധങ്ങള്‍ കാട്ടിയും സൈനിക ശക്തിതെളിയിച്ചും വളര്‍ന്നുവരുന്ന പാരിസ്ഥിതിക ഭീഷണികളെ നേരിടാമെന്നത് മൗഢ്യം നിറഞ്ഞ വ്യാമോഹം മാത്രമാണ്. ഒരു യുദ്ധംപോലും ആവശ്യമില്ലാത്ത വിധത്തിലുള്ള കൂട്ടപലായനങ്ങളും നിത്യദുരിതങ്ങളുമാണ് അതിന്റെ പരിണതഫലം.

2020 മെയ് 5 മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തികളില്‍ ആരംഭിച്ച്, 20ഓളം ഇന്ത്യന്‍ സൈനികരുടെയും അത്രയോ അതിലിരട്ടിയോ ചൈനീസ് സൈനികരുടെയും മൃത്യുവിലേക്ക് എത്തിനില്‍ക്കുന്ന, ഇപ്പോഴും തുടരുന്ന സംഘര്‍ങ്ങള്‍ക്കിടയില്‍ മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങളൊന്നും തന്നെ ചര്‍ച്ച ചെയ്യപ്പെടാതെ നില്‍ക്കുകയാണ്. വ്യാജ ദേശസ്‌നേഹം കൊണ്ടും വൈകാരിക പ്രകടനങ്ങള്‍ കൊണ്ടും മൂടിവെക്കാവുന്നതല്ല ഇവയൊന്നും എന്ന കാര്യം എത്ര നേരത്തെ തിരിച്ചറിയുന്നുവോ അത്രയും നന്ന്.

(കടപ്പാട് മറുവാക്ക്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply