കിഴക്കമ്പലത്തെ സംഭവങ്ങളും ഇതരസംസ്ഥാനത്തൊഴിലാളികളും
കഴിഞ്ഞ ദിവസം ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ കിഴക്കമ്പലത്ത്് ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടിയതും സ്ഥലത്തെത്തിയ പോലീസിനെതിരെ അക്രമണം നടത്തിയതുമാണല്ലോ പ്രധാന ചര്‍ച്ചാവിഷയം. ഗൗരവമുള്ള ക്രിമിനല്‍ കുറ്റമാണിതെന്ന് ആര്‍ക്കും സംശയമുണ്ടാവില്ല. കുറ്റവാളികള്‍്കകെതിരെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നതിലും സംശയമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചില സാമൂഹ്യപ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാനാവില്ല.
അല്ലെങ്കില്‍ തന്നെ മലയാളികള്‍ വെറുപ്പോടേയും ഒരു വലിയവിഭാഗം വംശീയചിന്തകളോടെയുമാണ് ഇതരസംസാഥനത്തൊഴിലാളികളെ നോക്കികാണുന്നത്. എന്താണ് മലയാളികള്‍ ഞങ്ങളുടെ മുഖത്തുനോക്കാത്തത് എന്ന് ഒരു തൊഴിലാളി തന്നോട് ചോദിച്ചകാര്യം സി എസ് വെങ്കിടേശ്വരന്‍ എഴുതിയിരുന്നല്ലോ. ഈ വിഷയത്തിലാകട്ടെ അതോടൊപ്പം പുതിയ ഒന്നു കൂടിയുണ്ടല്ലോ. കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികളാണവര്‍ എന്നതാണത്. ജനാധിപത്യസംവിദാനം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയും പഞ്ചായത്ത് ഭരണം നേടുകയും ചെയ്തതിനുശേഷം ഇരുമുന്നണികളും ഒന്നായി അക്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണല്ലോ കിറ്റക്‌സ് ഉടമ സാബു. നിയമലംഘനങ്ങള്‍ നടത്തുന്ന എത്രയോ സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. അവിടെയൊന്നും വിരലനക്കാത്ത സര്‍ക്കാര്‍ പ്രതിപക്ഷപിന്തുണയോടെ കിറ്റക്‌സില്‍ നടത്തിയ റെയ്ഡുകള്‍ എത്രയായിരുന്നു. എന്നാല്‍ ഇതുവരേയും ഒരു നടപടിയുമുണ്ടായില്ല എന്നതാണ് വസ്തുത. അവസാനം താന്‍ സംസ്ഥാനം വിട്ടുപോകുകയാണെന്നു പോലും സാബു പറഞ്ഞു. അതിനിടയിലാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. തൊഴിലാളികള്‍ക്ക് മയക്കുമരുന്നു കൊടുക്കുന്നത് സാബുവാണെന്നു പോലും അധിക്ഷേപിക്കുന്നതു കേട്ടു. ശരിയാണെങ്കില്‍ നടപടിയെടുക്കണം. പക്ഷെ മിക്കവാറും ഇതും പതിവുപോലെയുള്ള ആരോപണം മാത്രമാകാനാണ് സാധ്യത. അതേസമയം തങ്ങളുടെ ജീവിതം അടിമസമാനമാക്കുന്ന കിറ്റക്‌സ് മുതലാളിക്കെതിരായ കലാപമാണോ ഇതെന്നതും പരിശോധിക്കണം.
സംഭവവുമായി ബന്ധപ്പെട്ട ഏറ്റവും ഹീനമായ ആരോപണം ഈ തൊഴിലാളികള്‍ മുതലാളിയുടെ ഗുണ്ടകളാണത്രെ. ട്രേഡ് യൂണിയന്‍ നേതാക്കള്‍ പോലും അത്തരത്തില്‍ ആരോപിക്കുന്നു. എങ്കില്‍ അവരോട് ചോദിക്കാനുള്ളത് ഇതാണ്. കേരളത്തില്‍ എത്രയോ വര്‍ഷങ്ങളായി ജോലിചെയ്യുന്ന ഈ തൊഴിലാളികള്‍ മുതലാളിയുടെ ഗുണ്ടകളാണെങ്കില്‍ നിങ്ങളൊക്കെ എന്തിനാണ് ട്രേഡ് യൂണിയന്‍ നേതാക്കളാണെന്നു പറഞ്ഞു നടക്കുന്നത്. ഒരര്‍ത്ഥത്തില്‍ അതിലും അല്‍ഭുതമില്ല. കേരളത്തിലെ എത്രയോ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നടത്തുന്ന പാരിസ്ഥിതിക നിയമലംഘനങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന നാട്ടുകാര്‍ക്കിതിരെ തൊഴിലാളികള്‍ മാനേജ്‌മെന്റിന്റെ ഗുണ്ടകളെപോലെ അക്രമങ്ങള്‍ അവിച്ചുവിട്ടിരിക്കുന്നു. അതിനെയെല്ലാം ന്യായീകരിക്കുന്ന നേതാക്കള്‍ ഇത്തരത്തില്‍ ചിന്തിക്കുമെന്നതില്‍ സംശയമില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇതരസംസ്ഥാനത്തൊഴിലാളികളെല്ലാം അക്രമകാരികളാണെന്ന ആരോപണം കൂടുതല്‍ ശക്തമാക്കാനാണ് പലരും ഈ അവസരം ഉപയോഗിക്കുന്നത്. സത്യമെന്താണ്? ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ ഉള്ള കേരളത്തില്‍ അവര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ എണ്ണം കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ 3650 മാത്രമാണ്. 2019 ല്‍ ഒരുലക്ഷത്തി എഴുപത്തയ്യായിരം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്താണ് ഇതെന്നോര്‍ക്കണം. അടച്ചു പൂട്ടി ഇരിന്ന കൊറോണ കാലത്തു പോലും 2021 ല്‍ ഒരു ലക്ഷത്തി പതിനാലായിരമാണ് നമ്മുടെ ക്രിമിനല്‍ കേസുകളുടെ എണ്ണം. അപ്പോഴാണ് ചെയ്ത കുറ്റകൃത്യത്തിനു ആനുപാതികമല്ലാത്ത രീതിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ അധിക്ഷേപിക്കുന്നത്. കേരളത്തില്‍ ജീവിക്കുന്ന മലയാളികള്‍ നടത്തുന്ന ഗുണ്ടാ അക്രമങ്ങളും രാഷ്ട്രീയ – വര്‍ഗ്ഗീയ കൊലകളും പാര്‍ട്ടിവിട്ടാല്‍ നടത്തുന്ന അക്രമങ്ങളും കൊലപാതകികളെ രക്ഷിക്കാനായി സുപ്രിംകോടതിവരെ പോകലും പോലീസിനെ അക്രമിക്കലും ഗുണ്ടാവിളയാട്ടം നടക്കുന്ന കലാലയങ്ങളും പ്രണയം നിരസിച്ചതിനു നടത്തുന്ന അറുംകൊലകളും ചോരക്കുഞ്ഞിനെ മുതല്‍ വന്ദ്യവയോധികരെവരെ പീഡിപ്പിക്കലും കൊല്ലലും പോലീസിന്റെ അതിക്രമങ്ങളും വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ദുരഭിമാനകൊലകളും ഹര്‍ത്താലിന്റേയും മറ്റും പേരിലുള്ള അതിക്രമങ്ങളും യുവതലമുറയില്‍ വ്യാപകമാകുന്നതായി പറയപ്പെടുന്ന മയക്കുമരുന്നുപയോഗവും മറ്റും മറ്റും മറ്റും മറ്റും മറച്ചുവെച്ചാണ് ഈ ആരോപണം. സംഭവത്തില്‍ ഉള്‍്പ്പെടാത്തവരെ കൂടി പോലീസ് കൊണ്ടുപോയിട്ടുണ്ടെന്നാണ് വാര്‍ത്ത. അവര്‍ക്കെല്ലാം നിയമപാലകരില്‍ നിന്ന് നിയമവിരുദ്ധമായ മര്‍ദ്ദനമേല്‍ക്കുമെന്നതില്‍ സംശയം വേണ്ട….
പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന മലയാളികളുടെ കാപട്യം ഏറ്റവും പ്രകടമായ മേഖലയാണ് ഇതര സംസ്ഥാനതൊഴിലാളികളോടുള്ള സമീപനം. ഗള്‍ഫില്‍ ലേബര്‍ ക്യാമ്പുകളിലെ മലയാളികളുടെ ജീവിതത്തേക്കാള്‍ മോശമായ അവസ്ഥയാണ് പെരുമ്പാവൂരടക്കമുള്ള പല പ്രദേശങ്ങളിലും നിലനില്‍ക്കുന്നത്. നിര്‍മ്മാണ മേഖലകളിലാണ് ഇവര്‍ കൂടുതലുള്ളത്. മിക്കവാറും പേര്‍ ജീവിക്കുന്നത് വര്‍ക്ക് സൈറ്റില്‍ തന്നെയുള്ള താല്‍ക്കാലിക ഷെഡ്ഡുകളില്‍. തീരെ സൗകര്യങ്ങളില്ലാത്തതും വൃത്തിഹീനവുമായ അന്തരീക്ഷത്തില്‍. കിറ്റക്‌സിലേയും അവസ്ഥ വ്യത്യസ്ഥമല്ല. കൂലിയില്‍ അസമത്വം വ്യാപകം. എന്നാലിതൊന്നും നമ്മുടെ സംഘടിത യൂണിയനുകളുടെ അജണ്ടയിലില്ല. സൈറ്റുകളില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ല. ശവശരീരം നാട്ടിലെത്തിക്കാന്‍ പോലും എളുപ്പമല്ല. മോഷണകുറ്റവും കുട്ടികളെ തട്ടിയെടുക്കുന്നു എന്നും മറ്റുപലതുമാരോപിച്ചും ഇവര്‍ ആക്രമിക്കപ്പെടുന്നു. പലപ്പോഴും പുറത്തിറങ്ങാനാകാതെ ജയിലുകളിലാകുന്നു. മാവോയിസ്റ്റ് സംശയങ്ങളുടെ പേരിലും പീഡിപ്പിക്കപ്പെടുന്നു. ഇവരില്‍ ഭൂരിഭാഗം പേരും പാവപ്പെട്ട ദളിതരും മുസ്ലിംകളും ആണെന്നുള്ളത് ഈ സാമൂഹ്യ വിവേചനത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. വേതനത്തില്‍ പോലും തട്ടിപ്പു നടത്തുന്നുണ്ടെങ്കിലും സ്വന്തം നാട്ടില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കിട്ടുന്നു എന്നതിനാലാണ് അവരിവിടെ തങ്ങുന്നത്.
സത്യത്തില്‍ ഇവരില്ലെങ്കില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കും. എല്ലാ മേഖലകളും നിലനില്‍ക്കുന്നത് ഇവരുള്ളതുകൊണ്ടാണ്. എന്നാല്‍ നാമവരോട് പെരുമാറുന്നത് ഒരിക്കലും തുല്ല്യനിലയിലുള്ള മനുഷ്യരോട് പെരുമാറുന്ന പോലെയല്ല. കൊവിഡ് കാലത്തു നാട്ടില്‍ പോകാനുള്ള അവരുടെ സ്വാഭാവികമായ ആവശ്യത്തോട് കേരളീയ മുഖ്യധാരാസമൂഹം എങ്ങനെയാണ് പ്രതികരിച്ചതെന്ന് മറക്കാറായിട്ടില്ലല്ലോ. ഇതരസംസ്ഥാനക്കാരെല്ലാം കള്ളന്മാരും കൊലപാതകികളും ബലാല്‍സംഗക്കാരും മയക്കുമരുന്നു കച്ചവടക്കാരമാണെന്ന പ്രചരണമാണ് വ്യാപകമായുള്ളത്. ഇവരുടെ കണക്കുകള്‍ പ്രത്യേകം ശേഖരിക്കണമെന്നും പ്രത്യേക കാര്‍ഡുകള്‍ നല്‍കണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു. ഒരാള്‍ കുറ്റവാളിയാണെങ്കില്‍ അയാളടങ്ങുന്ന സമൂഹം കുറ്റവാളികളാണോ? കേരളത്തിനു പുറത്ത് കുറ്റവാളികളായ എത്രയോ മലയാളികളുണ്ട്. അതിന്റെ പേരില്‍ ബാംഗ്ലൂരിലോ ചെന്നൈയിലോ മുംബൈയിലോ ഡല്‍ഹിയിലോ മലയാളികളുടെ കണക്കുകള്‍ പ്രത്യകം എടുക്കാനും നിയമവിരുദ്ധമായി പ്രത്യക ഐഡന്‍ന്റിറ്റി കാര്‍ഡ് നല്‍കാനും ആവശ്യപ്പെട്ടാല്‍ എങ്ങനെയായിരിക്കും നാം പ്രതികരിക്കുക? ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ ഫലത്തില്‍ നിഷേധിക്കുന്നത് ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്ല്യനീതി എന്ന സങ്കല്‍പ്പമാണ്. അപൂര്‍വ്വം ചില സംസ്ഥാനങ്ങളിലൊഴികെ ആര്‍ക്കും എവിടേയും പോയി ജീവിക്കാനുള്ള അവകാശമാണ്. ഇതെല്ലാം വിസ്മരിച്ചാണ് നാമവരെ അധജിക്ഷേപിക്കുന്നത്. നിരന്തരം നേരിടുന്ന അപമാനീകരണമാകാം വല്ലപ്പോഴും ഇത്തരത്തിലുള്ള പൊട്ടിത്തെറിയിലേക്ക് അവരെ നയിക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതരസംസ്ഥാനക്കാര്‍ക്കായി കോട്ടിഘോഷിച്ചു പ്രഖ്യാപിക്കപ്പെട്ട കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡിന്റെ കീഴിലെ ക്ഷേമപദ്ധതിയും ഇന്‍ഷ്വറന്‍സ് പദ്ധതിയും വന്‍പരാജയമാണ്. അടുത്തയിടെയാണ് മുവാറ്റുപുഴയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട കൂലിയുടെ കണക്കെഴുതിയ ബോര്‍ഡ് പ്രതക്ഷപ്പെട്ടത്. മലയാളിയുടെ കൂലിയേക്കാള്‍ തുലോം കുറവ്. അതനുസരിക്കാന്‍ തയ്യാറായവരെ മാത്രം ജോലിക്കു വിളിച്ചാല്‍ മതിയെന്ന മുന്നറിയിപ്പും. ഈ വിവരങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇവരുടെ വിഷയങ്ങളില്‍ കാര്യമായി ഒരു സംഘടനയും ട്രേഡ് യൂണിയനും ഇടപെടുന്നില്ല. ഇതരസംസ്ഥാനക്കാര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു ഗുരുതരമായ പ്രശ്‌നം യാത്രയുടേതാണ്. ഇവിടെനിന്ന് കല്‍ക്കത്തയിലേക്കും ആസാമിലേക്കുമൊക്കെ പോകുന്ന ട്രെയിനുകളിലെ അവസ്ഥ വളരെ കഷ്ടമാണ്. പലപ്പോഴും രണ്ടും മൂന്നും ദിവസം കിടക്കാനോ ചിലപ്പോള്‍ ഇരിക്കാനോ പോലും പറ്റാത്ത അവസ്ഥയാണ്. എന്നാല്‍ അങ്ങോട്ടുള്ള ട്രെയിന്‍ സൗകര്യം വര്‍ദ്ധിപ്പിക്കുന്നില്ല. വര്‍ദ്ധിപ്പിക്കാനാരും ആവശ്യപ്പെടുന്നില്ല. ആട്ടിത്തെളിയിക്കപ്പെടുന്ന കന്നുകാലി കൂട്ടങ്ങളെപോലെ അവരവരുടെ യാത്ര തുടരുകയാണ്. മറ്റൊന്ന് ഇവിടെ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകലാണ്. വന്‍ചിലവുമൂലം ആദ്യമൊന്നും അത് സാധ്യമായിരുന്നില്ല. പിന്നീട് നിരന്തര മായ ആവശ്യം മൂലം സര്‍ക്കാര്‍ അതിലിടപെട്ടു. ഇപ്പോള്‍ ഇടനിലക്കാരുടെ ചൂഷണം നിലനില്‍ക്കുമ്പോഴും സര്‍ക്കാരിന്റെ സഹായമുണ്ട്. അപ്പോഴും തങ്ങളുടെ നിയമലംഘനങ്ങള്‍ പുറത്താകുമെന്ന ആശങ്കയില്‍ മരണവിവരം കൃത്യമായി സക്കാര്‍ ഏജന്‍സികളെ അറിയിക്കാന്‍ തൊഴിലുടമകള്‍ തയ്യാറാ കാത്ത സാഹചര്യമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് കിഴക്കമ്പലത്തെ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്കുപോണം. ഒപ്പം ഇതരസംസ്ഥാനക്കാരെ അധിക്ഷേപിക്കാനും വംശീയവെറി പരത്താനും ഈയവസരം ഉപയോഗിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കാന്‍ ഭരണകൂടം തയ്യാറാകണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in