കൊവിഡാനന്തരകാലത്തെ അതിജീവിക്കണമെങ്കില്‍

ആധുനികകാലത്ത് പൂര്‍ണ്ണമായും സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു സമൂഹത്തിനുമാകില്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നമ്മുടെ സാധ്യതകളെ പരമാവധി ഉപയോഗിച്ചാവണം മറ്റുള്ളവരെ ആശ്രയിക്കുന്നത്. അതുപോലെ പലതിനും അവര്‍ നമ്മളേയും ആശ്രയിക്കും. ഇപ്പോഴത്തെ പൂര്‍ണ്ണമായും ആശ്രിതമായ അവസ്ഥയില്‍ നിന്ന് നമുക്ക് കരകയറാനാകും. പക്ഷെ അതിനായി അന്ധമായ പ്രത്യയശാസ്ത്ര വിശ്വാസങ്ങള്‍ മാറ്റിവെച്ച് യാഥാര്‍ത്ഥ്യ ബോധ്യത്തോടെ വസ്തുതകള്‍ മനസ്സിലാക്കി അടിമുടി ഒരു പൊളിച്ചെഴുത്തിന് തയ്യാറാകണം. അതിനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാരും ജനങ്ങളും ഇനിയുള്ള കാലം പ്രകടമാക്കേണ്ടത്. അല്ലെങ്കില്‍ കൊവിഡാനന്തരകാലത്തെ അതിജീവിക്കാന്‍ കേരളസമൂഹത്തിനാകില്ല എന്നുറപ്പ്.

കൊവിഡാനന്തരകാലത്ത് വന്‍ പ്രതിസന്ധികളാണ് ലോകത്തെ മറ്റു പല ഭാഗങ്ങളേയുമെന്ന പോലെ കേരളത്തേയും കാത്തിരിക്കുന്നത്. അതേസമയം കേരളത്തിന്റെ സാമൂഹ്യ – സാമ്പത്തികാവസ്ഥയുടെ പ്രത്യേകതകള്‍ മൂലം ഇവിടെയത് കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പ്. അതിനുള്ള പ്രധാന കാരണം മറ്റൊന്നുമല്ല, ഭക്ഷണത്തിനടക്കം ഏതാണ്ടെല്ലാ നിത്യാപയോഗ സാധനങ്ങള്‍ക്കും പുറംലോകത്തെ ആശ്രയിക്കുന്നവരാണ് നാം. ഒപ്പം ദൈനം ദിന തൊഴിലുകള്‍ ചെയ്യാനും ഇതരനാടുകളില്‍ നിന്നുള്ളവര്‍ വേണം. മറുവശത്ത് വിദ്യാസമ്പന്നരായ ചെറുപ്പക്കാരും പല വ്യവസായങ്ങള്‍ക്കുമുള്ള അസംസ്‌കൃത വസ്തുക്കളായ കാര്‍ഷികോല്‍പ്പന്നങ്ങളടക്കം പലതും ഇവിടെ നിന്ന് പുറത്തേക്കും പോകുന്നു. ആഗോളവല്‍ക്കരണത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോഴും അതിന്റെ ഒരുപാട് ഗുണഫലങ്ങള്‍ അനുഭവിക്കുന്നവരാണ് നാം. എന്നാല്‍ ഇത്തരമൊരു സംവിധാനം തകരാനുള്ള സാധ്യതകളാണ് പല വിഗഗ്ധരും ചൂണ്ടികാട്ടുന്നത്. മനുഷ്യര്‍ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കുമൊക്കെ തിരിച്ചെത്തി ജോലി ചെയ്ത് ജീവിക്കേണ്ട ഒരു സംവിധാനത്തിലേക്ക് ലോകം നീങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ വലിയ തയ്യാറെടുപ്പുകള്‍ അനിവാര്യമാണ്.

ഭാഗ്യക്കുറി, ടൂറിസം, മദ്യം, സ്ഥലം – വാഹന രജിസ്‌ട്രേഷന്‍, ഇന്ധന ടാക്‌സ്, വില്‍പ്പന – വിനോദ നികുതികള്‍ തുടങ്ങിയ വിരലിലെണ്ണാവുന്ന മേഖലകളില്‍ നിന്നാണ് സര്‍ക്കാരിന്റെ പ്രധാന വരുമാനം. ഈ വരുമാനത്തിലാകട്ടെ വലിയൊരു ഭാഗം പോകുന്നത് വളരെ ന്യൂനപക്ഷമായ സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തിനും പെന്‍ഷനും വേണ്ടി. ഇത്തരമൊരു സാഹചര്യത്തിലും കേരളത്തെ പിടിച്ചുനിര്‍ത്തിയ പ്രവാസവരുമാനവും നിലക്കാന്‍ പോകുന്നു. നമ്മുടെ സാമൂഹ്യ – സാമ്പത്തിക സംവിധാനത്തെ അടിമുടി പൊളിച്ചെഴുതേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സര്‍ക്കാരിന്റെ വരുമാനം കൂട്ടുക, അവശ്യമേഖലകളില്‍ പൊതുനിയന്ത്രണം കൊണ്ടുവരിക, മറ്റു മേഖലകള്‍ നിയന്ത്രണങ്ങളോടെയാണെങ്കിലും സ്വകാര്യമേഖലയിലെ മത്സരങ്ങള്‍ക്ക് അനുമതി നല്‍കുക, ജനങ്ങളുടെ വരുമാനത്തില്‍ നിലവിലെ ഭീമമായ അന്തരം അവസാനിപ്പിക്കുക തുടങ്ങിയവയൊക്കെ ഈ പൊളിച്ചെഴുത്തിന്റെ ലക്ഷ്യമാകണം.

ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള വിതരണം, മാലിന്യസംസ്‌കരണം, ഗതാഗതം തുടങ്ങിയവയൊക്കെയാണ് അവശ്യമേഖലകളായി കണക്കാക്കാവുന്നത്. നിര്‍ഭാഗ്യവശാല്‍ ഇത്തരം മേഖലകളില്‍ സ്വകാര്യമാഖലയുടെ ആധിപത്യമാണ് കേരളത്തില്‍ കാണുന്നത്. അനാവശ്യമായ മറ്റു പല മേഖലകളിലുമാണ് സര്‍ക്കാര്‍ പണം ചിലവഴിക്കുന്നത്. ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണവും ചൂഷണവും എത്രമാത്രം ഭീകരമാണെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമാണല്ലോ. ആരോഗ്യവിദ്യാഭ്യാസം മുതല്‍ ഐ സി യു വരെ അതു നീളുന്നു. എന്നാല്‍ ഏറ്റവും നിര്‍ണ്ണായകമായ ഈയവസരത്തില്‍ കേരളം കാണുന്നതെന്താണ്? സാമാന്യം മികച്ച രീതിയില്‍ കൊവിഡിനെ കേരളം പ്രതിരോധിക്കുന്നത് പൊതുമേഖലയുടെ ശക്തിയിലാണല്ലോ. ഈ സാഹചര്യമാണ് ഇനിയുള്ള കാലം മുന്നോട്ടു കൊണ്ടുപോകേണ്ടത്. ആരോഗ്യവും ചികിത്സയും ഏതൊരു പൗരന്റേയും അവകാശമാകണം. അത് പൊതുമേഖലയിലായാലേ സാധിക്കൂ. തീര്‍ച്ചയായും പൊതുമേഖലയിലെ അഴിമതികളും ഉത്തരവാദിത്തമില്ലായ്മയും കാണാതിരിക്കുന്നില്ല. പക്ഷെ അവിടെ നിന്നേ നമുക്കാരംഭിക്കാന്‍ കഴിയൂ. പ്രതേകിച്ച് ജീവിതചര്യരോഗങ്ങളും പലവിധ പനികളും മലയാളികള്‍ക്ക് വന്‍ഭീഷണിയായി മാറിയിരിക്കുന്ന ഇക്കാലത്ത്.

വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തതായതിനാല്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല. അപ്പോഴും പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ ചൂണ്ടികാട്ടിയുള്ള അഹങ്കാരം മാറ്റി, വളരെ പിന്നോക്കമായ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ നടക്കുന്ന പോലെ പുറത്തുപോയ ഉന്നതവിദ്യാഭ്യാസം നേടല്‍ ഇനിയുള്ള കാലം എളുപ്പമല്ല. കേരളം നേരിടുന്ന ഒരു വലിയ വിഷയമായി കുടിവെള്ളം മാറിയ സാഹചര്യത്തിലാണ് അവിടേയും സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ നിയന്ത്രണം അനിവാര്യം എന്നു പറയുന്നത്. ചികിത്സയില്‍ പല നേട്ടങ്ങളുമുണ്ടെങ്കിലും രോഗം വരാതിരിക്കുന്നതില്‍ നമ്മള്‍ വളരെ പിന്നിലാവാന്‍ പ്രധാന കാരണം മാലിന്യങ്ങളാണ്. അതു തിരിച്ചറിഞ്ഞ് മാലിന്യസംസ്‌കരണത്തിലും സര്‍ക്കാര്‍ അടിയന്തിരശ്രദ്ധ ചെലുത്തണം. അതുപോലെ തന്നെയാണ് ഗതാഗതവിഷയവും. സാമൂഹ്യ അകലം പാലിക്കല്‍ നീണ്ടുപോകുന്തോറും പൊതുവാഹനങ്ങള്‍ വന്‍പ്രതിസന്ധിയെയാണ് നേരിടാന്‍ പോകുന്നത്. തീവണ്ടി ഗതാഗതത്തേയും ബസ് ഗതാഗതത്തേയും അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. സംസ്ഥാനത്തെ ഭൂരിഭാഗം ബസുകളും ഇനി നിരത്തിലിറങ്ങാനിടയില്ല. കെ എസ് ആര്‍ ടി സിയുടെ അവസ്ഥ എല്ലാവര്‍ക്കുമറിയാമല്ലോ. കാറുകളുടേയും ഇരുചക്രവാഹനങ്ങളുടേയും വേലിയേറ്റത്തിനാണ് നാമിനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ അതു നിയന്ത്രിക്കാനും എല്ലാ സാമൂഹ്യനിയന്ത്രണങ്ങളോടേയും പൊതുഗതാഗതം നിലനിര്‍ത്താനും ഹ്രസ്വകാല – ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.

ഇതെല്ലാം പറയുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ചോദ്യമാണ് എവിടെനിന്നാണ് സര്‍ക്കാരിനു പണമെന്നത്. തുടക്കത്തില്‍ പറഞ്ഞ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളില്‍ പലതും ഇനിയുള്ള കാലം കുറയുമെന്നുറപ്പ്. അപ്പോള്‍ പണത്തിന്റെ പുതിയ ഉറവിടങ്ങള്‍ കാണണം. തുടക്കത്തില്‍ ചെയ്യാവുന്ന ഒരു കാര്യം നമ്മുടെ സഹകരണ മേഖലയടക്കം ബാങ്കുകളിലും ഒഹരിവിപണിയിലും മറ്റും നിര്‍ജ്ജീവമനായി കിടക്കുന്ന പണം ഉല്‍പ്പാദനമാര്‍ഗ്ഗങ്ങളിലേക്ക് തിരിച്ചുവിടുക എന്നതാണ്. ്അതുപക്ഷെ ഇപ്പോള്‍ നിലനില്‍ക്കുന്ന പോലെ സര്‍ക്കാര്‍ നേരിട്ട് വ്യവസായങ്ങള്‍ നടത്തുകയല്ല. അതെല്ലാം സര്‍ക്കാരിന്റെ മിനിമം നിയന്ത്രണങ്ങളോടെ സ്വകാര്യ മേഖല നടത്തട്ടെ. അതിനനുസൃതമായ ഒരു അന്തരീക്ഷം ഒരുക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. പ്രവാസികളെ ഇതില്‍ സജീവമായി പങ്കാളികളാക്കണം. ഈ സംരംഭങ്ങളാകട്ടെ കേരളത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്നവയും നമ്മുടെ കാര്‍ഷികമേഖലയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കളും മാനവവിഭവശേഷിയും ഉപയോഗിക്കുന്നതായിരിക്കണം. തീര്‍ച്ചയായും അതിന് കാര്‍ഷിക മേഖലയിലെ ഉണര്‍വ്വ് അനിവാര്യമാണ്. ആ ദിശയിലും അനുയോജ്യമായ അന്തരീക്ഷമൊരുക്കി കൊടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അതേ കുറിച്ചുള്ള ചെറിയ ചര്‍ച്ചകളൊക്കെ ആരംഭിച്ചിട്ടുണ്ട്. അതേസമയം പലരും ചൂണ്ടികാണിച്ചപോലെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിരീക്ഷിക്കുമ്പോള്‍ രണ്ടാം ഭൂപരിഷ്‌കരണം അനിവാര്യമാണ്. മറുവശത്ത് പരമ്പരാഗത വ്യവസായങ്ങളും ആധുനികമായ ഐ ടി വ്യവസായവും വികസിപ്പിക്കാനും നടപടികളെടുക്കണം.

മറ്റൊരു പ്രധാന പ്രശ്‌നം തൊഴില്‍ ശക്തിയുടേതാണ്. കേരളത്തിന്റെ പ്രധാന തൊഴില്‍ ശക്തി മടങ്ങി പോകുകയാണ്. അവരിലെത്രപേര്‍ തിരിച്ചുവരുമെന്നുറപ്പില്ല. പകരം വരുന്ന പ്രവാസികളാകട്ടെ അവര്‍ക്കു പകരമാകില്ല. അവരുടെ ലോകം വേറെയാണ്. മാത്രമല്ല, പ്രവാസികള്‍ തിരിച്ചുവരുന്നേതോടെ വര്‍ഷം തോറും വരുന്ന കോടികള്‍ ഇല്ലാതാകും. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന നിര്‍മ്മാണമേഖലയും മറ്റും പ്രതിസന്ധി നേരിടും.

ആധുനികകാലത്ത് പൂര്‍ണ്ണമായും സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു സമൂഹത്തിനുമാകില്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നമ്മുടെ സാധ്യതകളെ പരമാവധി ഉപയോഗിച്ചാവണം മറ്റുള്ളവരെ ആശ്രയിക്കുന്നത്. അതുപോലെ പലതിനും അവര്‍ നമ്മളേയും ആശ്രയിക്കും. ഇപ്പോഴത്തെ പൂര്‍ണ്ണമായും ആശ്രിതമായ അവസ്ഥയില്‍ നിന്ന് നമുക്ക് കരകയറാനാകും. പക്ഷെ അതിനായി അന്ധമായ പ്രത്യയശാസ്ത്ര വിശ്വാസങ്ങള്‍ മാറ്റിവെച്ച് യാഥാര്‍ത്ഥ്യ ബോധ്യത്തോടെ വസ്തുതകള്‍ മനസ്സിലാക്കി അടിമുടി ഒരു പൊളിച്ചെഴുത്തിന് തയ്യാറാകണം. അതിനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാരും ജനങ്ങളും ഇനിയുള്ള കാലം പ്രകടമാക്കേണ്ടത്. അല്ലെങ്കില്‍ കൊവിഡാനന്തരകാലത്തെ അതിജീവിക്കാന്‍ കേരളസമൂഹത്തിനാകില്ല എന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply