മനുഷ്യാവകാശദിനം : ഉയര്‍ത്തിപിടിക്കുക ഭരണഘടനയെ
തീര്‍ച്ചയായും ഇതിനോടുള്ള പ്രതിരോധമെങ്ങിനെ എന്ന ചോദ്യം പ്രസക്തം തന്നെയാണ്. അതൊരിക്കലും ഹൈദരാബാദ് മോഡലോ വാളയാറില്‍ പ്രതികളെ മര്‍ദ്ദിച്ച ആള്‍കൂട്ട നീതിയുടെ മോഡലോ മാവോയിസ്റ്റ് മോഡലോ അല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഭരണഘടനയുടേയും പ്രസക്തി നഷ്ടപ്പെട്ടു എന്ന് ഇനിയും പറയാറായിട്ടില്ല.
രാജ്യം ലജ്ജിച്ചു തലതാഴ്ത്തി നില്‍ക്കുമ്പോഴാണ് ഒരു മനുഷ്യാവകാശദിനം കൂടി കടന്നുവന്നിരിക്കുന്നത്. ജനസംഖ്യയില്‍ പകുതിവരുന്ന സ്ത്രീകളും ദളിതരും ആദിവാസികളും മുസ്ലിംവിഭാഗങ്ങളുമടക്കമുള്ളവര്‍ എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് നിസ്സഹായരായി പോകുന്ന കാഴ്ചയാണ് കാണുന്നത്. മനുഷ്യാവകാശദിനം മുന്നോട്ടുവെക്കുന്ന എല്ലാവിധ ആശയങ്ങളും അനുദിനം ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യവും സംസ്ഥാനവും വിവിധപരിപാടികളോടെ മനുഷ്യാവകാശദിനം ആഘോഷിക്കുന്നത്.
1948ലാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശപ്രഖ്യാപനം നടത്തിയത്. മനുഷ്യരായി പിറന്നാല്‍ സ്വാഭാവികമായും ലഭിക്കേണ്ടതായ അവകാശങ്ങളെ കുറിച്ചുള്ള വിശദമായ പ്രഖ്യാപനമായിരുന്നു അത്. അതനുസരിച്ച് ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ ജാതിയിലോ വിഭാഗത്തിലോ ഉള്‍പ്പെട്ട ഒരാള്‍ക്ക്, ഒരു സാധാരണ പൗരനു ലഭിക്കേണ്ടതായ പരിഗണനകളില്‍ ഏതെങ്കിലും ഒന്നെങ്കിലും ലഭിക്കാത്ത അവസ്ഥ, സ്ത്രീയെയും പുരുഷനെയും തുല്യരായി കാണാതിരിക്കുക, വര്‍ഗ്ഗപരമോ മതപരമോ ആയി വ്യത്യസ്തത പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്കു തുല്യ പരിഗണന കൊടുക്കാതിരിക്കുക, ഒരു മനുഷ്യനെ വില്‍ക്കുകയോ, അടിമയായി ഉപയോഗിക്കുകയോ ചെയ്യുക, ക്രൂരവും അസാധാരണവുമായ ശിക്ഷകള്‍ (ക്രൂരമായ മര്‍ദ്ദനം, വധശിക്ഷ മുതലായവ), നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്യല്‍ (ന്യായമായ വാദപ്രതിവാദം കൂടാതെ തന്നെ), വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്കുള്ള കടന്നു കയറ്റം (ഭരണ യന്ത്രത്തിന്റെ), രാജ്യാന്തരഗമനസ്വാതന്ത്ര്യനിഷേധം, അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുക, യൂണിയനില്‍ ചേര്‍ന്നു പ്രവൃത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക, വിദ്യാഭ്യാസം നിഷേധിക്കപ്പെടുക എന്നിവയെല്ലാം മനുഷ്യാവകാശ ലംഘനങ്ങളാണ്. ഇവയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി ഇന്നു നാം എവിടെയെത്തി എന്നു ബോധ്യമാകാന്‍.
ഉന്നാവും ഹൈദരാബാദുമാണ് വാര്‍ത്തകളില്‍ ഏറ്റവും ഇടം പിടിച്ചിരിക്കുന്നതെങ്കിലും കേരളമടക്കം പല സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സ്ത്രീപീഡനവാര്‍ത്തകള്‍ക്കിടയിലാണ് ഇക്കുറി മനുഷ്യാവകാശദിവം കടന്നുവരുന്നത്. പീഡിപ്പിക്കപ്പെടുന്നവരില്‍ മിക്കവാറും പേര്‍ കുട്ടികളാണ്. പിതാവടക്കമുള്ള ബന്ധുക്കളും അയല്‍പക്കക്കാരും അധ്യാപകരുമടക്കമമുള്ളവര്‍ ഏതു നിമിഷവും പീഡകരാകുന്ന അവസ്ഥ. അവരാണ് കൂടുതല്‍ കേസുകളിലും പ്രതികള്‍. അതിനാലാണ് മിക്കപ്പോഴും കുട്ടികള്‍ക്ക് നീതികിട്ടാത്തത്. പീഡനത്തിനുശേഷം ഇരകളെ കൊന്നുകളയുന്ന പ്രവണതയും രൂക്ഷമായിരിക്കുകയാണ്. പോക്‌സോ പോലുള്ള നിയമങ്ങളുണ്ടായിട്ടും കുറ്റകൃത്യങ്ങള്‍ കുറയുന്നില്ല. കേസുകള്‍ അനന്തമായി നീളുന്നു. കുറ്റവാളികള്‍ പലരും രക്ഷപ്പെടുന്നു.
നിര്‍ഭാഗ്യവശാല്‍ ഈ സാഹചര്യത്തില്‍ പോലീസ് നിയമം കയ്യിലെടുക്കുന്നതിനെ പിന്തുണക്കുന്ന അവസ്ഥയിലേക്ക് നാം എത്തുന്നു എന്നത് മറ്റൊരു ദുരന്തമാണ്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും നീതിനല്‍കാനും പോലീസിനെ ആശ്രയിക്കുന്നതുതന്നെ അപകടകരമായ പ്രവണതയാണ്. ഏറ്റവുമധികം മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുന്നത് പോലീസല്ലാതെ മറ്റാരാണ്. ഹൈദരബാദ് വ്യാജകൊലയുടെ പോലീസിനു കയ്യടിക്കുന്നവര്‍ ഉന്നാവ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത് കേട്ടോ ആവോ? പോലീസ് തങ്ങളുടെ പക്ഷം കേട്ടില്ലെന്നും സ്റ്റേഷനില്‍ നിന്ന് ആട്ടിയിറക്കിയെന്നുമാണ് ആ പിതാവ് പറഞ്ഞത്. രാജ്യത്തെങ്ങും നടക്കുന്ന സ്ത്രീപീഡനങ്ങളോട് പോലീസ് സ്വീകരിക്കുന്ന സമീപനം കാണുന്ന ആര്‍ക്കും അങ്ങനെ കയ്യടിക്കാനാവില്ല. കൃത്യമായ ഗൂഢാലോചനയാണ് ഹൈദരാബാദില്‍ നടന്നതെന്നു വ്യക്തം. പോലീസ് ചെയ്യേണ്ടത് അവരുടെ തൊഴിലാണ്. നിയമം കയ്യിലെടുക്കലല്ല.
ഏറ്റവും രൂക്ഷമായ രീതിയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുന്ന മറ്റൊരു വിഭാഗം ദളിതരും ആദിവാസികളും തന്നെ. കേരളമടക്കം രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ദളിത് – ആദിവാസി വിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വാളയാര്‍ പെണ്‍കുട്ടികള്‍ തന്നെ സമീപകാല ഉദാഹരണം. അതുപോലെ തന്നെയാണ് മുസ്ലിംവിഭാഗങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ വെല്ലുവിളികളും. കാശ്മീരില്‍ ഒരു ജനതയുടെ മുഴുവന്‍ മനുഷ്യാവകാശങ്ങളും നാലുമാസമായി ചങ്ങലയിലാണ്. മുസ്ലിം ജനതക്ക് പൗരത്വം പോലും നിഷേധിക്കുന്ന ബില്ലിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നു. ലോകസഭയും ബില്‍ പാസാക്കി. ബീഫിന്റേയും ശ്രീറാംവിളിയുടേയും പേരിലുള്ള കൊലകള്‍ക്കും അവസാനമില്ല. യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ ഏറ്റവുമധികം ചുമത്തപ്പെടുന്നതും ദളിത് – മുസ്ലിംവിഭാഗങ്ങള്‍ക്കു നേരെതന്നെ.
തീര്‍ച്ചയായും ഈ മനുഷ്യാവകാശലംഘനങ്ങള്‍ ഒറ്റപ്പെട്ട വിഷയങ്ങളല്ല. കൃത്യമായ രാഷ്ട്രീയം ഇതിനു പുറകിലുണ്ട്. അതു സംഘപരിവാര്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നല്ല. 2025നകം ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്നുള്ള അജണ്ടയിലാണ് അവര്‍ മുന്നോട്ടുപോകുന്നത്. അതിനേറ്റവും തടസ്സം ഇന്ത്യന്‍ ഭരണ ഘടനാമൂല്യങ്ങളാണ്. അതിനാലാണ് അതെല്ലാം തകര്‍ത്ത് മനുസ്മൃതി മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് മേല്‍സൂചിപ്പിച്ച മനുഷ്യാവകാശ ധ്വംസനങ്ങളും അരങ്ങേറുന്നത്. രോഹിത് വെമുല മുതല്‍ ഫാത്തിമ വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും വിനായകന് മുടി വളര്‍ത്താനും മധുവിന് ഭക്ഷണം കഴിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതും ഹാദിയ മുതല്‍ കെവിന്‍ വരെയുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട വിവാഹംപോലും നിഷേധിക്കുന്നതും ഉന്നാവിലെ സവര്‍ണ്ണ പ്രതികളെ സംരക്ഷിച്ച് ഹൈദരാബാദിലെ പുറമ്പോക്ക് പ്രതികളെ നിയമവിരുദ്ധമായി വെടി വെച്ചുകൊല്ലുന്നതും കാശ്മീരിനെ തടവറയിലിട്ടിരിക്കുന്നതും മുസ്ലിമുകള്‍ക്ക് പൗരത്വം നിഷേധിക്കുന്നതുമെല്ലാം ഭരണഘടനാമൂല്യങ്ങള്‍ തകര്‍ത്ത് മനുസ്മൃതി മൂല്യങ്ങള്‍ സംരക്ഷിക്കലല്ലേ? അതിനാല്‍ തന്നെ ഭരണഘടനാ സംരക്ഷണം തന്നെയാണ് ഈ മനുഷ്യാവകാശ ദിനത്തിന്റെ പ്രധാന സന്ദേശം.
തീര്‍ച്ചയായും ഇതിനോടുള്ള പ്രതിരോധമെങ്ങിനെ എന്ന ചോദ്യം പ്രസക്തം തന്നെയാണ്. അതൊരിക്കലും ഹൈദരാബാദ് മോഡലോ വാളയാറില്‍ പ്രതികളെ മര്‍ദ്ദിച്ച ആള്‍കൂട്ട നീതിയുടെ മോഡലോ മാവോയിസ്റ്റ് മോഡലോ അല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഭരണഘടനയുടേയും പ്രസക്തി നഷ്ടപ്പെട്ടു എന്ന് ഇനിയും പറയാറായിട്ടില്ല. അടിയന്തരാവസ്ഥയെ വലിച്ചെറിഞ്ഞതും മായാവതിയെ മുഖ്യമന്ത്രിയാക്കിയതും ഹാദിയക്കു നീതി ലഭിച്ചതും ആദിവാസി സ്വയം ഭരണം പലയിടത്തും നടപ്പായതുമൊക്കെ ഈ സംവിധാനത്തില്‍ തന്നെയാണ്. ഇത്രമാത്രം അനന്തമായ സംസ്‌കാരങ്ങളും ഭാഷകളും ജനവിഭാഗങ്ങളുമെല്ലാമടങ്ങുന്ന ഇന്ത്യ എന്ന രാജ്യം എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ജനാധിപത്യ – മതേതരമൂല്യങ്ങളും മനുഷ്യാവകാശ സങ്കല്‍പ്പങ്ങളും പൂര്‍ണ്ണമായി കയ്യൊഴിഞ്ഞിട്ടില്ല എന്നത് ചെറിയ കാര്യമല്ല. രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ ഭരിക്കുന്ന പ്രദേശങ്ങളുടെ എണ്ണം കുറഞ്ഞുവരുകയാണെന്നതും മോശപ്പെട്ട കാര്യമല്ല. അതിനാല്‍ തന്നെ എന്തൊക്കെ പരിമിതിയിലും ഈ സംവിധാനത്തെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനും മുന്‍സൂചിപ്പിച്ചപോലെ മനുസ്മൃതിക്കുമീതെ ഭരണഘടനയെ പ്രതിഷ്ഠിക്കാനുമാണ് ഈ മനുഷ്യാവകാശ ദിനത്തില്‍ നമുക്കെടുക്കാവുന്ന രാഷ്ട്രീയമായ പ്രതിജ്ഞ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in