മനുഷ്യ – വന്യജീവി സംഘര്‍ഷങ്ങള്‍ : വേണ്ടത് ശാസ്ത്രീയസമീപനം

എന്തുക്കൊണ്ടാണ് വന്യജീവികള്‍ കാടിറങ്ങുന്നത് എന്ന ചോദ്യത്തിന് പരമ്പരാഗതമായ ഒരുത്തരം കാട്ടിലെ വിഭവശോഷണമാണ്. വിഭവശോഷണത്തിന് കാരണം കാടിന്റെ ശോഷണമാണ്. കാടിന്റെ ശോഷണത്തിന് കാരണം കുടിയേറ്റമാണ്. മൃഗങ്ങള്‍ കാടിറങ്ങിയതല്ല മനുഷ്യന്‍ കാട് കയറിയതാണ് പ്രശ്‌നം. അതുകൊണ്ട് വന്യമൃഗശല്യം എന്ന പ്രയോഗം പോലും ശരിയല്ല. കേവലപരിസ്ഥിതി വാദികളും മൃഗസ്നേഹികളും ഈ നിലയിലാണ് ഈ പ്രശ്‌നത്തെ നോക്കി കാണുന്നത്. അവര്‍ പ്രശ്‌നത്തിന് ഒരു പരിഹാരം ആഗ്രഹിക്കുന്നവരല്ല. കാടിനും കാട്ടുമൃഗങ്ങള്‍ക്കുമൊപ്പം കര്‍ഷകനും അതിജീവിക്കേണ്ടതുണ്ട് എന്ന നിലപാടില്‍ നിന്ന് നോക്കിയാല്‍ മാത്രമേ ശാസ്ത്രീയമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയുള്ളൂ – ഗര്‍ഭിണിയായിരുന്ന കാട്ടാനയുടെ ദാരുണാന്ത്യത്തിന്റെയും പരിസ്ഥിതിദിനത്തിന്റേയും പശ്ചാത്തലത്തില്‍ വി എച്ച് ദിരാര്‍ എഴുതുന്നു

മുന്‍കുറിപ്പ്

ഒരു കാട്ടാനയുടെ ദാരുണമായ അന്ത്യമാണ് നമ്മുടെ ഹൃദയങ്ങളെ ഇപ്പോള്‍ ചുട്ടുപ്പൊള്ളിക്കുന്നത്. അവള്‍ ഗര്‍ഭിണിയായിരുന്നു എന്ന കാര്യം ആ വേദനയെ ഇരട്ടിപ്പിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനം ഡിവിഷന്റെ കീഴില്‍ വരുന്ന തിരുവിഴാംകുന്ന് വനമേഖലയിലാണ് ഈ സംഭവം നടന്നത്. മേയ് മാസം 23 ന് പുഴയില്‍ അവശയായി നില്ക്കുന്ന ഈ പിടിയാനയെ വനം വകുപ്പ് ജീവനക്കാര്‍ കാണുകയുണ്ടായി അവര്‍ അതിനെ കാട്ടിലേക്കയക്കാന്‍ വളരെ ശ്രമിച്ചെങ്കിലും നടന്നില്ല. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മുഖം തകര്‍ന്ന് അനങ്ങാനാവാതെ നില്ക്കുകയായിരുന്നു അത്. കുങ്കിയാനകളുടെ സഹായത്തോടെ കരയിലെത്തിച്ച് ചികിത്സനല്കാനായി പിന്നീട് ജീവനക്കാരുടെ പരിശ്രമം. ആ ശ്രമം വിജയിച്ചില്ല. ഈച്ചയാര്‍ക്കാന്‍ തുടങ്ങിയ അഴുകിയ മുഖം പുഴവെള്ളത്തില്‍ താഴ്ത്തി വെച്ച് നാല് ദിവസം നിന്നശേഷം മേയ് 27 ന് അത് ചെരിഞ്ഞു. വാസ്തവത്തില്‍ ആ ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണ്.കര്‍ഷകരും കാട്ടുമൃഗങ്ങളുമായുള്ള സംഘര്‍ഷത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ശാസ്ത്രീയമായ ഒരു പരിഹാരത്തിനും സര്‍ക്കാര്‍ ഇന്നുവരെ ശ്രമിച്ചിട്ടില്ല. കാടും കാട്ടുമൃഗങ്ങളും കര്‍ഷകരും ഒരുപോലെ സംരക്ഷിക്കപ്പെടണം. കാടും നാടും ദ്വന്ദങ്ങളല്ല, പൂരകങ്ങളാണ്.

ആനയെ രക്ഷിക്കാനുള്ള ഉദ്യമത്തിന് നേതൃത്വപരമായ പങ്കുവഹിച്ച സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. മോഹനകൃഷ്ണന്റെ സമൂഹമാധ്യമകുറിപ്പിലൂടെയാണ് ഈ സംഭവം ലോകമറിയുന്നത്. എന്നാല്‍ ആ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ കത്തിപ്പിടിച്ചത് കരുണയുടെ ഭാഷയിലല്ല, വെറുപ്പിന്റെ ഭാഷയിലാണ്. കൊറോണയിലെന്നപോലെ ഈ ദുരന്തവും സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ ഇസ്ലാമിനെതിരെയുള്ള ഇന്ധനമാക്കുകയായിരുന്നു. സംഭവം നടന്നത് ഇസ്ലാം ഭൂരിപക്ഷജില്ലയായ മലപ്പുറമാണെന്ന രീതിയില്‍ വളരെ ആസൂത്രിതമായി പ്രചരിപ്പക്കെട്ടു. മേനകഗാന്ധിയുള്‍പ്പടെയുള്ളവര്‍ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ എന്ന മട്ടില്‍ ഏറ്റെടുത്തു. പരിസ്ഥിതി വാദികളാവട്ടേ കാട് ശോഷിക്കുന്നു, കാട്ടില്‍ വെള്ളമില്ലാത്തതിനാല്‍ വന്യമൃഗങ്ങള്‍ നാടിറങ്ങുന്നു എന്ന പതിവ് ഗീര്‍വ്വാണ്ണങ്ങളുമായി മുന്നോട്ട് പോയി. ആനയുടേയും പന്നിയുടേയും അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന കാര്യം അവര്‍ കാണുന്നേയില്ല. കേരളത്തില്‍ വനവിസ്തൃതി കൂടുന്നുവെന്ന യാഥാര്‍ത്ഥ്യവും അവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല.

2010 ലെ കണക്ക് പ്രകാരം ഇന്തൃയിലെ ജനസാന്ദ്രതയേക്കാള്‍ ഏകദേശം ഇരട്ടിയോളം വരുന്ന കേരളത്തില്‍ 29 ശതമാനവും വനമാണ്. ഇന്ത്യയിലത് 22 ശതമാനമാണ്. വനശോഷണം എന്ന നിലവിളി അവസാനിപ്പിക്കാന്‍ കാലമായിരിക്കുന്നു. പരിസ്ഥിതിയെന്നാല്‍ മരമാണെന്ന അര്‍ദ്ധസത്യങ്ങളോട് വിട പറയേണ്ടിയിരിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന വന്യമൃഗങ്ങള്‍ക്ക് ഭക്ഷ്യലഭ്യത ഉറപ്പുവരുത്താന്‍ പറ്റുന്ന പ്ലാവ്, മാവ് ഉള്‍പ്പടെയുള്ള ഫലവൃക്ഷങ്ങള്‍ കാട്ടില്‍ നട്ടുപിടിപ്പിക്കാനുള്ള ആസൂത്രണവും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വനവൃക്ഷതൈകള്‍ വഴിയോരങ്ങളിലും നാമമാത്രമായ വീട്ടുപറമ്പുകളിലും നട്ടുപിടിപ്പിടിപ്പിക്കുന്ന ജൂണ്‍ 5 ലെ പരിസ്ഥിതിദിനത്തിലെ പരിഹാസ്യമായ പരിപാടികള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കുടിയേറ്റകര്‍ഷകര്‍ കാടിന്റെ ശത്രുക്കളാണെന്ന പൊതുധാരണ മാറ്റേണ്ടിയിരിക്കുന്നു. ഏതെങ്കിലും കൈയ്യേറ്റ കര്‍ഷകരുടെ പ്രകൃതിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കുടിയേറ്റകര്‍ഷകരുടെ പേരില്‍ ഇനിയെങ്കിലും വരവ് വെക്കാതിരിക്കുക.

അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ അതിപ്രശസ്തയായി തീര്‍ന്ന അട്ടപ്പാടിയിലെ നഞ്ചിയമ്മയെ ഇന്നലെ ഞാന്‍ കണ്ടിരുന്നു. അവര്‍ വളരെ നല്ല കര്‍ഷകയാണ്. വര്‍ഷങ്ങളായി റാഗിയും തിനയുും ചാമയും തുവരുയുമെല്ലാം അവരുടെ ഊരിന് മുകളിലെ സ്വന്തം സ്ഥലത്ത അവര്‍ കൃഷി ചെയ്തിരുന്നു. ഈയിടെ രാത്രി കാവല്‍കിടന്നിട്ടുപോലും അവര്‍ക്ക് അവിടെനിന്ന് കിട്ടിയത് പതിനഞ്ച് കിലൊ തുവരയാണ്. കുറച്ച് വര്‍ങ്ങളായി കൃഷി വളരെ പ്രതിസന്ധിയിലാണ്. കാട്ട് പന്നികളാണ് വിളവെടുക്കുന്നത് അത്രമാത്രം പന്നിശല്ല്യം വര്‍ദ്ധിച്ചിരിക്കുന്നു. വന്തവാസി കര്‍ഷക്ര്‍ക്ക് മാത്രമല്ല, ആദിവാസികര്‍ഷകര്‍ക്കും കൃഷി സാധ്യമല്ലാത്ത അവസ്ഥ വന്യമൃഗങ്ങള്‍ മൂലം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ അട്ടപ്പാടിയിലും വയനാട്ടിലും നിരവധി കര്‍ഷകരുടെ വിലാപങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. കഴിഞ്ഞ കാല്‍ ന്തൂറ്റാണ്ടുനുള്ളില്‍ അട്ടപ്പാടിയില്‍ മാത്രം അഹാഡ്‌സിന്റേയും നാട്ടുക്കാരുട്യേയും ശ്രമഫലമായി 15-20 ശതമാനം വനം വര്‍ദ്ധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് 2018ല്‍ എഴുതിയ ഈ ലേഖനം പുന:പ്രസിദ്ധീകരിക്കുന്നത്.

കര്‍ഷകര്‍ ഒരിക്കലും കാടിന്റെ ശത്രുക്കളല്ല

2018 ജനുവരി 18ന് 4 മണിയോടെ അതിരപ്പിള്ളിക്കടുത്ത് ആനമല റോഡില്‍ പതിന്നാല് ആനകളിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയതും ചാലക്കുടിയില്‍ മാനിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതുമാണ് വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത അവസാനത്തെ സംഭവങ്ങള്‍ (പൊതുവില്‍ സാധുമൃഗമായി അിറയപ്പെടുന്ന മാനിന്റെ ആക്രമണമെന്ന വാര്‍ത്തയുടെ നിജസ്ഥതി പരിശോധിക്കപ്പെടേണ്ടതുണ്ട്) വര്‍ഷങ്ങള്‍ പിന്നിടുന്തോറും വന്യമൃഗശല്ലൃം കൂടിവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വന്യമൃഗങ്ങള്‍ കാടിറങ്ങിയെന്ന വാര്‍ത്ത ഒരു കാലത്ത് വലിയ കൗതുകം മാത്രമാണ് ജനിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോളത് വലിയ ഭയാശങ്കകളാണ് ഉണ്ടാക്കുന്നത്. ആള്‍നാശവും കൃഷിനാശവും കൂടിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, വനാതിര്‍ത്തികളില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസം എന്ന നിലയും അത് ഉല്ലംങ്കിച്ചിരിക്കുന്നു. കാട്ടില്‍ നിന്ന് വളരെ ദൂരെ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും വന്യമൃഗങ്ങള്‍ കടന്നെത്തുന്നത് ഇന്ന് അസ്വാഭാവികമല്ല. കല്പറ്റമുന്‍സിപ്പല്‍ പ്രദേശം നേരിടുന്ന രൂക്ഷമായ കുരങ്ങ് ശല്ല്യവും പാലക്കാട് ജില്ലയിലെ നെന്മാറ, തിരുവില്ല്വാമല മേഖലകള്‍ നേരിടുന്ന ആനശല്ല്യവും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്. കല്പറ്റ മുനിസിപ്പാലിറ്റിയില്‍ കുരങ്ങുശല്ല്യ നിവാരണസമിതി എന്ന ഒരു സംഘടനപോലും നിലവിലുണ്ട്. ഈ സംഘടനയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്. 2013 ല്‍ സുല്‍ത്താന്‍ ബത്തേരി കോടതി കുരങ്ങന്മാരെ മുന്ന് മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കണമെന്നു നല്‍കിയ നിര്‍ദ്ദേശം ഇപ്പോഴും ഏട്ടിലെ പശുവാണ്. കല്പറ്റയിലെ പല വാര്‍ഡുകളിലും ഭക്ഷ്യവിളകള്‍ കൃഷിചെയ്യുക ഏറെകുറെ അസാധ്യമായിട്ടുണ്ട്. തെങ്ങില്‍നിന്ന് വിളവെടുക്കുന്നത് നരനല്ല, വാനരനാണ്. വീട്ടുസാധനങ്ങളൊ തുണികളൊ പുറത്ത് വെച്ചാല്‍ തിരിച്ചു കിട്ടണമെങ്കില്‍ പിന്നീട് മരം കയറേണ്ടിവരും. എന്നാലും പഴയരൂപത്തില്‍ കിട്ടിയെന്ന് വരില്ല. ഈ മേഖലയില്‍ 4000 ത്തോളം കുരങ്ങന്മാര്‍ വസിക്കുന്നുണ്ടെന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വെള്ളാറട എന്ന സ്ഥലത്ത് 2017ല്‍ പുഷ്പലത ( 52 വയസ്സ്) ആത്മഹത്യ ചെയ്തത് അസഹ്യമായ കുരങ്ങ് ശല്ല്യത്തിന്റെ ഫലമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നിരന്തരമായ കുരങ്ങ്ശല്ല്യത്തില്‍ മനംനൊന്താണ് അമ്മ ജീവനൊടുക്കിയതെന്ന് അവരുടെ മക്കള്‍ പരാതിപ്പെടുകയായിരുന്നു. ഭര്‍ത്താവിന്റെ മരണം ഏല്‍പ്പിച്ച മാനസികാഘാതമാണ് അതിന് കാരണമായതെന്ന നിരീക്ഷണവും നിലവിലുണ്ട്. എന്തായാലും കുരങ്ങ്ശല്ല്യം അവിടെ അതിരൂക്ഷമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാനാവില്ല.

വന്യമൃഗങ്ങളുടെ അക്രമണം മൂലം ഇന്ത്യയില്‍ പ്രതിവര്‍ഷം 400 പേര്‍ കൊല്ലപ്പെടുന്നുണ്ട്. ഏകദേശം നാല്പതിനായിരം ഏക്കറിലെ കൃഷിയും നശിപ്പിക്കപ്പെടുന്നു. ഈ നാശനഷ്ടങ്ങളുടെ പേരില്‍ മനുഷ്യന്‍ നടത്തുന്ന പ്രതികാരനടപടികളില്‍ ആന, പുലി ഉള്‍പ്പടെയുള്ള നിരവധി വന്യമൃഗങ്ങളും കൊല്ലപ്പെടുന്നുണ്ടെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡോ. പി.എസ്. ഈസ, എസ്.രാജു, ഗിരിജ.കെ.ജോസഫ് എന്നിവര്‍ തയ്യാറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2007- 2011 കാലത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇന്ത്യയില്‍ 888 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. 7381 പേര്‍ക്ക് പരിക്കേറ്റു. 14144 വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുകയും 81000 ആളുകളുടെ കൃഷി നശിക്കുകയും ചെയ്തു. ഈ കൃഷിനാശത്തിന് വനംവകുപ്പ് നഷ്ടപരിഹാരമായി 137.40 ദശലക്ഷം രൂപ വിതരണം ചെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്രപരിസ്ഥിതിവകുപ്പിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2009-2016 കാലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം 2804 ആണ്. കടുവയുടെ ആക്രമണത്തില്‍ 2013-2017 കാലത്ത് 98 പേരും കൊല്ലപ്പെടുകയുണ്ടായി. ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 400 പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നുവെന്ന വിലയിരുത്തലുകളുമായി ഈ റിപ്പോര്‍ട്ട് പൊരുത്തപ്പെടുന്നുണ്ട്.

കേരളത്തിലും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഗുരതരമാണെന്ന് ഡോ.ഈസ (മുന്‍ ഡയറക്ടര്‍, കെ.എഫ്.ആര്‍.ഐ) പറയുന്നു. 2002-2012 കാലത്ത് കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ 269 പേര്‍ കൊല്ലപ്പെടുകയും 505 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കൃഷിക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമുണ്ടായ നാശം ഇതിന് പുറമേയാണ്. കുടിയേറ്റക്കാര്‍ മാത്രമല്ല ഈ വന്യമൃഗശല്ല്യത്തിന്റെ ഇരകള്‍. കുടിയേറ്റക്കാരെ പോലെ തന്നെ ആദിവാസികള്‍ക്കും ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. അട്ടപ്പാടിയില്‍ കാടുകളില്‍ അധിവസിക്കുന്ന കുറുമ്പ ആദിവാസികളുടെ നിരവധി ഏക്കര്‍ കൃഷി ഓരോ വര്‍ഷവും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നുണ്ട്. സാംസ്‌ക്കാരികമാറ്റത്തോടൊപ്പം വര്‍ദ്ധിച്ചുവരുന്ന ഈ ഭീഷണിയും ആദിവാസികളെ കൃഷിയില്‍നിന്ന് പിന്തിരിപ്പിക്കുന്നു. 2008ല്‍ ഇ. എ. ജയിസന്‍, ജി. ക്രിസ്റ്റോഫര്‍ (കേരളഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പീച്ചി) എന്നിവര്‍ പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രത്തില്‍ വരുന്ന അഗസ്ത്യമല മേഖലയില്‍ നടത്തിയ പഠനപ്രകാരം അവിടെ അധിവസിക്കുന്ന 17 കാണി ഊരുകളിലെ അധികം കുടുംബങ്ങളും വന്യമൃഗശല്ലൃം മൂലം കൃഷി ചെയ്യുന്നില്ല നെല്ല്,വാഴ, മരച്ചീനി, തെങ്ങ്, റമ്പര്‍,പൈനാപ്പിള്‍,മധുരക്കിഴങ്ങ്,കൂവ,ഇഞ്ചി തുടങ്ങിയ പതിനെട്ട് വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നതായും ഈ പഠനം സൂചിപ്പിക്കുന്നു.. വളര്‍ത്തുമൃഗങ്ങളും അവിടെ അക്രമിക്കപ്പെടുന്നുണ്ടെന്ന് ഊരുക്കാര്‍. 1993-1996 കാലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ അവിടെ നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

വന്യമൃഗശല്യമെന്ന് കേട്ടാലുടനെ മനസ്സില്‍ പ്രത്യക്ഷപ്പെടുന്ന വില്ലന്‍ കാട്ടാനയാണ്. എന്നാല്‍ കാട്ടാനയില്‍ മാത്രമായി അത് ഒതുങ്ങില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 2009-2013 കാലത്ത് തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പഠനത്തില്‍ കൃഷിക്ക് നാശം വരുത്തുന്ന പത്ത് ജീവജാതികളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ആനകൂടാതെ പന്നി, മുള്ളന്‍പന്നി, മലയണ്ണാന്‍, കലമാന്‍, മയില്‍, പറക്കുന്ന അണ്ണാന്‍, പുള്ളിമാന്‍, നാട്ടുകുരങ്ങ് (Bonnet Macaque), തത്ത (Rose ringed Parakeet) എന്നിങ്ങനെ. അവയില്‍ കാട്ടുപന്നികള്‍ക്കാണ് യഥാത്ഥത്തില്‍ പ്രഥമസ്ഥാനം നല്‍കേണ്ടത്. ആനകള്‍ ഒരിറക്കത്തില്‍ ഒരുപാട് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നത് നേരാണ്. എന്നാല്‍ പൊതുവില്‍ ആനകളുടെ കാടിറക്കത്തിന് ചില കാലങ്ങളും സ്ഥിരം സഞ്ചാരപഥങ്ങളുമുണ്ട്. ജനിതകമായ സ്മൃതികളിലൂടെ തുടര്‍ന്നുപോരുന്ന ഈ സഞ്ചാരപഥങ്ങളെയാണ് ആനത്താരകള്‍ എന്ന് പറയുന്നത്. എന്നാല്‍ കാട്ടുപന്നികളുടെ കാര്യത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇരുട്ടിന്റെ മറവില്‍ അവ എവിടേയും ഏത് കാലത്തും എത്താമെന്ന സാഹചര്യം നിലവിലുണ്ട്. അവയുടെ പ്രത്യുല്പാദനക്ഷമതയും വളരെ കൂടുതലാണ്. ഒരു വയസ്സിനും ഒന്നര വയസ്സിനുമിടയില്‍ അവ പ്രജനനശേഷി കൈവരിക്കുന്നു. മൂന്നര മുതല്‍ നാലരമാസത്തിനുള്ളില്‍ പ്രജനനം നടക്കുന്നു. ഒരു പ്രസവത്തില്‍ ശരാശരി അഞ്ചും ആറും കുട്ടികളും ഉണ്ടാവുന്നു. പതിന്നാല് വര്‍ഷം വരെ ഈ പ്രജനനശേഷി തുടരുകയും ചെയ്യുന്നുണ്ട്. ഒരു ആണ്‍പന്നി 5-10 പെണ്‍പന്നികളുമായി ഇണച്ചേരുകയും ചെയ്യുന്നുണ്ട്. അതായത്, അനിയന്ത്രിതമായ രീതിയിലാണ് അവയുടെ വംശവര്‍ദ്ധന നടക്കുന്നത്. ഈ പെരുക്കത്തിന് മുഴുവന്‍ ആഹാരം നല്‍കാന്‍ ഒരു കാടും തികയില്ലെന്നത് കട്ടായം. കാട്ടില്‍നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍പോലും കാട്ടുപന്നികളുടെ ആക്രമണങ്ങള്‍ നേരിടുന്നുത് അതുകൊണ്ടാണ്. കാട്ടാനകളെ നേരിടാന്‍ വനം വകുപ്പിന്റെ സഹായമെങ്കിലും ലഭ്യമാണ്. എന്നാല്‍ കാട്ടുപന്നികളെ നേരിടാന്‍ കര്‍ഷകര്‍ക്ക് സ്വന്തം നിലയില്‍ വഴികള്‍ കണ്ടെത്തേണ്ടിവരുന്നു. പേപ്പാറയിലെ പഠനത്തില്‍ കാട്ടുപന്നികളുമായി ബന്ധപ്പെട്ട 172 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. കാട്ടാനകളുമായി ബന്ധപ്പെട്ട 60 സംഭവങ്ങളും. കാട്ടുപന്നികള്‍ വരുത്തുന്ന കൃഷിനാശത്തിന്റെ വലിപ്പം ഊഹിക്കാന്‍ ഈ കണക്കുകള്‍ ധാരാളമാണ്.

ആഹരിക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ നശിപ്പിക്കുകയെന്നതും കാട്ടുപന്നികളുടെ സ്വഭാവമാണ്.പന്നിശലൃം കാരണം കാടിന്റെ സാന്നിദ്ധ്യമില്ലാത്ത ഭാരതപുഴയുടെ തീരങ്ങളില്‍ പോലും ന്തൂറ്ക്കണക്കിന് ഏക്കറില്‍ കൃഷിയുപേക്ഷിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മയിലുകള്‍ വരുത്തുന്ന കൃഷിനാശം ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. ചൂലന്നൂര്‍ മയില്‍ സങ്കേതത്തിന് ചുറ്റുമുള്ള പതിനായിരത്തോളം ഏക്കര്‍ നെല്‍കൃഷിയിടങ്ങള്‍ മയിലുകളുടെ ഭക്ഷ്യസമ്പാദനമേഖലയായി തീര്‍ന്നിട്ടുണ്ട്. നെല്ലുല്പാദനത്തില്‍ 40 ശതമാനം വരെ കുറവ് തന്‍മൂലം സംഭവിച്ചതായി മൂന്ന് വര്‍ഷം നീണ്ട കേരള വനഗവേഷണകേന്ദ്രത്തിന്റെ (കെ. എഫ്.ആര്‍.ഐ) പഠനം വ്യക്തമാക്കുന്നു.നെല്ല് വിളയുന്ന സമയത്താണ് മയിലുകള്‍ വയലുകളില്‍ ഇരതേടുന്നത്. അത്‌കൊണ്ടാണ് നാശനഷ്ടങ്ങള്‍ ഇത്രയും കൂടുന്നത്. മാത്രമല്ല, മതപരമായ പരിഗണനമൂലം ആളുകള്‍ മയിലുകളെ ഉപദ്രവിക്കാറുമില്ല.

എന്തുക്കൊണ്ടാണ് വന്യജീവികള്‍ കാടിറങ്ങുന്നത് എന്ന ചോദ്യത്തിന് പരമ്പരാഗതമായ ഒരുത്തരം കാട്ടിലെ വിഭവശോഷണമാണ്. വിഭവശോഷണത്തിന് കാരണം കാടിന്റെ ശോഷണമാണ്. കാടിന്റെ ശോഷണത്തിന് കാരണം കുടിയേറ്റമാണ്. മൃഗങ്ങള്‍ കാടിറങ്ങിയതല്ല മനുഷ്യന്‍ കാട് കയറിയതാണ് പ്രശ്‌നം. അതുകൊണ്ട് വന്യമൃഗശല്യം എന്ന പ്രയോഗം പോലും ശരിയല്ല. കേവലപരിസ്ഥിതി വാദികളും മൃഗസ്നേഹികളും ഈ നിലയിലാണ് ഈ പ്രശ്‌നത്തെ നോക്കി കാണുന്നത്. അവര്‍ പ്രശ്‌നത്തിന് ഒരു പരിഹാരം ആഗ്രഹിക്കുന്നവരല്ല. കാടിനും കാട്ടുമൃഗങ്ങള്‍ക്കുമൊപ്പം കര്‍ഷകനും അതിജീവിക്കേണ്ടതുണ്ട് എന്ന നിലപാടില്‍ നിന്ന് നോക്കിയാല്‍ മാത്രമേ ശാസ്ത്രീയമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയുള്ളൂ. വനത്തിന്റെ വിസ്തൃതി കുറയുകയൊ വനത്തില്‍ മനുഷ്യന്റെ ഇടപ്പെടലുകള്‍ കൂടുകയൊ ചെയ്യുന്നത് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന് കാരണമായി തീരാവുന്നതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അത് മാത്രമാണ് കാരണമെന്ന് പറയുന്നത് ശരിയല്ല. 2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയുടേതിനേക്കാള്‍ ഇരട്ടിയിലേറെ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 382 ആണ്. കേരളത്തിലത് 860 ആണ്. എന്നാല്‍ ശരാശരി വനവിസ്തൃതിയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം.2010 ലെ കണക്ക് പ്രകാരം കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 29 ശതമാനത്തിലേറെ വനപ്രദേശമാണ്. ഇന്തൃയിലത് 22 ശതമാനം മാത്രമാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആനകള്‍ കാടിറങ്ങുന്നത് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണം ആനയുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. വനപരിപാലനകാര്യത്തില്‍ വനംവകുപ്പ് പുലര്‍ത്തുന്ന ജാഗ്രതക്ക് കിട്ടുന്ന പരോക്ഷമായ പാരിതോഷികം കൂടിയാണത്. കര്‍ണ്ണാടകയില്‍ 2012 ല്‍ നടത്തിയ സര്‍വ്വെ പ്രകാരം അവിടെ 6072 ആനകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2010ല്‍ അവയുടെ എണ്ണം 5800 ആയിരുന്നു. രണ്ട് വര്‍ഷം കൊണ്ട് അവിടെ 272 ആനകള്‍ കൂടിയെന്നര്‍ത്ഥം. തമിഴ്‌നാട് സര്‍ക്കാരും ആനകളുടെ കാര്യത്തില്‍ വരുന്ന മേയ്മാസത്തില്‍ ഒരു സെന്‍സസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അനുപാതം അടിക്കടി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം അവര്‍ കൈക്കൊണ്ടത്. ഇന്ത്യയിലെ ആനഗണത്തിന്റെ 40 ശതമാനവും കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക,ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്ന കാര്യവും വിസ്മരിച്ചുകൂടാ. കാട്ടുപന്നിയുടെ വംശവര്‍ദ്ധനവിന്റെ കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം ആന, പന്നി ഉള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ഭക്ഷണശീലമാണ്. കൃഷിയിടങ്ങളില്‍ നിന്ന് വളരെ എളുപ്പത്തില്‍ രുചികരമായ ആഹാരം സമ്പാദിക്കാന്‍ അവക്ക് സാധ്യമാവുന്നു. കാട്ടില്‍ ഒരുപാട് അലഞ്ഞാല്‍ മാത്രമാണ് അവക്ക് അത്രയും ആഹാരം ലഭ്യമാവുക. പഴവും തേങ്ങയും മരച്ചീനിയുമൊന്നും കാട്ടില്‍ ലഭിക്കുകയുമില്ല. സദ്യയുള്ളപ്പോള്‍ എന്തിനാണ് പഴഞ്ചോറ് കഴിക്കുന്നത് എന്നാണ് ഒരു കര്‍ഷകന്റെ ചോദ്യം. കര്‍ഷകരും നാട്ടുക്കാരും സ്വാനുഭവത്തിന്റെ ബലത്തില്‍ മുന്നോട്ട് വെക്കുന്ന ഈ നിരീക്ഷണത്തെ വിലക്കുറച്ച് കാണാന്‍ സാധിക്കില്ല. കാട്ടില്‍ സുലഭമായി വെള്ളം ലഭിക്കുന്ന മഴക്കാലങ്ങളില്‍ പോലും ആനകള്‍ കൃഷി നശിപ്പിച്ച നിരവധി സംഭവങ്ങളും അതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. താമരശ്ശേരി ചുരത്തിന്റെ വഴിവക്കുകളില്‍ ഇരതേടല്‍ നിര്‍ത്തി അലസരായി മനുഷ്യര്‍ നല്‍കുന്ന ഭക്ഷണത്തിനായി കാത്തിരിക്കുന്ന നാട്ടുക്കുരങ്ങന്മാര്‍ ഈ രീതിയില്‍ പാകപ്പെട്ടവരാണ്.

പരിഹാരം എന്ത്.

പണ്ട് കാട്ടില്‍ ആദിവാസികള്‍ ഏറുമാടങ്ങളില്‍ കാവല്‍ കിടന്നാണ് പുനംകൃഷിയെ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷിച്ചിരുന്നത്. തോല്‍വാദ്യങ്ങള്‍ കൊട്ടിയും ബഹളം വെച്ചും അവര്‍ വന്യജീവികളെ പ്രതിരോധിച്ചു. കുടിയേറ്റകര്‍ഷകരും ആദ്യകാലങ്ങളില്‍ ഈ രീതികള്‍ തന്നെയാണ് പിന്തുടര്‍ന്നിരുന്നത്. തുടര്‍ന്ന് പടക്കങ്ങള്‍ ഫലപ്രദമായ ഒരു പ്രതിവിധിയായി കുറെകാലം നിലനിന്നു. അന്ന് വനനിയമങ്ങള്‍ കര്‍ക്കശമല്ലാതിരുന്നതുകൊണ്ട് വേട്ടയാടലും അപൂര്‍വ്വമായിരുന്നില്ല. കാലം മാറിയപ്പോള്‍ രീതികളും മാറി. ഇപ്പോള്‍ ടയര്‍ കത്തിച്ച് എറിയുക, പന്തമെറിയുക, ബിയര്‍ കുപ്പിയില്‍ പെട്രോളൊഴിച്ച് കത്തിച്ച് എറിയുക തുടങ്ങിയ വളരെ അശാത്രീയവും ക്രൂരവുമായ രീതികളാണ് പലപ്പോഴും ആനകളെ നേരിടാന്‍ നാട്ടുക്കാര്‍ ഉപയോഗിക്കുന്നത്. കൃഷിനാശം നേരിട്ട കര്‍ഷകര്‍ ചെയ്യുന്ന പ്രതികാരസ്വഭാവമുള്ള നടപടിയാണത്. പടക്കം ഫലശൂന്യമായി തീര്‍ന്നു. അവ പൊട്ടിച്ചാല്‍ ആനകള്‍ അകന്ന് പോയിരുന്ന കാലം കഴിഞ്ഞ് പോയെന്ന് വനംവകുപ്പ് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പടക്കം പൊട്ടുന്നത് കണ്ടും കേട്ടും അവക്ക് വേണ്ടത്ര പരിചയമായി കഴിഞ്ഞു. ഉത്സവപറമ്പിലെ ആനയുടെ അവസ്ഥയിലായി കഴിഞ്ഞു കാട്ടാനകളും. ഇപ്പോള്‍ വനംവകുപ്പ് നിയോഗിച്ച ആനസ്‌കോഡ് പ്രയോഗിക്കുന്നത് കത്തിച്ച് വിടുന്ന വാണമാണ്. വാണത്തിന്റെ ചീറ്റല്‍ ശബ്ദവും തൊട്ടടുത്ത് വീണ് പൊട്ടുമ്പോഴുള്ള ശബ്ദവും കേള്‍ക്കുമ്പോള്‍ ആനകള്‍ ഭയപ്പെട്ട് ഓടിപോകുന്നുണ്ടെന്ന് വനംവകുപ്പിലെ ബന്ധപ്പെട്ട ജീവനക്കാര്‍ പറയുന്നു. നാശത്തിന്റെ വ്യാപ്തി കുറക്കാന്‍ സഹായിക്കുന്ന താല്‍ക്കാലികനടപടി മാത്രമാണിത്. രാത്രിയുടെ ഏതോ യാമത്തില്‍ കാടിറങ്ങുന്ന ആനകള്‍ മനുഷ്യന്റെ കണ്ണില്‍പെടുന്നത് പലപ്പോഴും കൃഷിനാശം വന്നതിന് ശേഷമാണ്. ആവശ്യത്തിന് വാഹനങ്ങളില്ലാത്ത, വാഹനങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഗതാഗതയോഗ്യമായ പാതകളില്ലാത്ത വനമേഖലകളില്‍ ആനസ്‌കോഡിന്റെ ദ്രുതനീക്കം സാധ്യമല്ലതന്നെ. അത്‌കൊണ്ട്, ആന ഇറങ്ങിയതിന് ശേഷം ഓടിക്കുന്ന പരിപാടിയേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ആനയിറക്കം ഇല്ലാതാക്കുന്നതിനാകണം.

ആനയെ കാട്ടില്‍ തന്നെ നിര്‍ത്തുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗങ്ങളാണ് ആവിഷ്‌ക്കരിക്കേണ്ടത്. അതിന് വേണ്ടി വൈദ്യുതി/സോളാര്‍ വേലികള്‍ നിര്‍മ്മിക്കുന്നതിനാണ് വനംവകുപ്പ് ഊന്നല്‍ നല്‍കുന്നത്. കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) യുടെ ധനസഹായത്തോടെ കേരളത്തിലെ വിവിധ വനമേഖലകളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. ഈ സംവിധാനങ്ങള്‍ ഫലപ്രദമാണെങ്കിലും അവക്ക് വേണ്ടി വരുന്ന ഭാരിച്ച സാമ്പത്തിക ചെലവുകള്‍ താങ്ങാന്‍ സര്‍ക്കാരിന് ശേഷിയുണ്ടാവില്ല. ലളിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ സങ്കേതങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ് നല്ലത്. അത്തരത്തില്‍ വിജയകരമെന്ന് തെളിയിച്ച ഒരു സംവിധാനമാണ് തേനിച്ചകൂട് വേലികള്‍. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈ സംവിധാനം നിലവിലുണ്ട്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ജന്തുശാസ്ത്രജ്ഞയായ ഡോ.ലൂസി കിംങ്ങാണ് 2002 ല്‍ ഈ ആശയം രൂപകല്പന ചെയ്തത്. 2008 ല്‍ കെനിയയില്‍ അത് പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു. തേനിച്ചകളുടെ മൂളല്‍ ശബ്ദം ദുരെ നിന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആനകള്‍ ഭയപ്പെടാന്‍ തുടങ്ങുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. കമ്പിയില്‍ തൊട്ടാല്‍ തേനിച്ചകള്‍ കൂട്ടത്തോടെ ഇളകിവരികയും അവയുടെ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ ആനകള്‍ ഓടിപ്പോവുകയും ചെയ്യുന്നു. ഈ വിജയത്തെ തുടര്‍ന്ന് നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സമാനമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയുണ്ടായി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ ഡോ. ലൂസി കിംങ്ങ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദഗ്‌ദോപദേശം ഇപ്പോഴും നല്‍കിവരുന്നുണ്ട്. ആനയെ അകറ്റുന്നതോടൊപ്പം കര്‍ഷകര്‍ക്ക് തേനുല്പാദനം വഴി കൂടുതല്‍ വരുമാനവും ലഭിക്കുന്നു എന്ന മെച്ചവുമുണ്ട് ഈ വിദ്യക്ക്. മാത്രമല്ല, കാര്‍ഷികവിളകളുടെ പരാഗണങ്ങള്‍ക്ക് വര്‍ദ്ധിച്ച സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തില്‍ വയനാട് ജില്ലയിലെ സുഗന്ധഗിരി വനമേഖലയോട് ചേര്‍ന്ന് വരുന്ന അമ്പ എന്ന സ്ഥലത്ത് തേനിച്ചകൂട് വേലികള്‍ പരീക്ഷിച്ച് വിജയകരമെന്ന് തെളിയിച്ചിരുന്നു..ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ ഫീല്‍ഡ് വര്‍ക്കറായ ശങ്കരന്‍കുട്ടിയുടെ നേതൃത്തത്തിലാണ് ഈ സംവിധാനം രൂപകല്പന ചെയ്തത്. ഡോ. ലൂസി കിംങ്ങിന്റെ വിദഗ്‌ദോപദേശവും സ്വീകരിച്ചിരുന്നു. തുടര്‍ന്ന് 2012ല്‍ ഖാദിബോര്‍ഡ് ആത്മ( അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി.)യുമായി ചേര്‍ന്ന് പൂതാടി പഞ്ചായത്തില്‍ 700 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒരു തേനീച്ചകൂട് വേലി സ്ഥാപിക്കുകയുണ്ടായി. എന്തുക്കൊണ്ടാണ് ഇത്തരം വിജയകരമായ മാതൃകകള്‍ക്ക് ആവശ്യമായ പ്രചാരം ലഭിക്കാത്തത് എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. അതുപോലെ കണ്ണൂര്‍ ജില്ലയിലെ ഒരു കര്‍ഷകന്‍ ഒരു ശബ്ദ-പ്രകാശവേലി പരീക്ഷിച്ചിരുന്നു. വേലിയില്‍ വന്യമൃഗങ്ങള്‍ സ്പര്‍ശിച്ചാല്‍ പലതരം ബള്‍ബുകള്‍ പ്രകാശിക്കുകയും വിവിധതരം ശബ്ദങ്ങള്‍ പുറപ്പെടുകയും ചെയ്യും. അത് സ്ഥാപിച്ച ശേഷം ആനശല്യം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഇത്തരത്തില്‍ കര്‍ഷകര്‍ സ്വമേധയാ പല പരീക്ഷണങ്ങളും നടത്തിവരുന്നുണ്ട്. ഈ പരീക്ഷണങ്ങളെ തുറന്നമനസ്സോടെ സമീപിക്കാനും പഠനവിധേയമാക്കാനും വനംവകുപ്പ് തയ്യാറാവണം.

വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് പറ്റിയ ശാസ്ത്രീയസങ്കേതകള്‍ വികസിപ്പിക്കുന്നവര്‍ക്ക് ഒരു പുരസ്‌ക്കാരം പ്രഖ്യാപിച്ചാല്‍ തന്നെ നല്ല പ്രതികരണമുണ്ടാവാതിരിക്കില്ല. കര്‍ഷകരും വിദ്യാര്‍ത്ഥകളും അഷറഫിനെ പോലുള്ള നാട്ടുശാസ്ത്രകാരന്മാരും തീര്‍ച്ചയായും മുന്നോട്ടുവരും , അക്കാദമിക്ക് ശാസ്ത്രകാരന്മാരുടെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസത്തിന് വകയില്ലെങ്കിലും. മാതൃകകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ധനസഹായം സര്‍ക്കാര്‍ നല്‍കണം. അതോടൊപ്പം വനത്തിനുള്ളില്‍ വനജന്യമായ മാവ്, പ്ലാവ് ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങള്‍ വെച്ച്പിടിപ്പിച്ച് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കൂട്ടുന്ന കാര്യവും എന്തുക്കൊണ്ട് ആലോചിച്ച് കൂടാ. പരിസ്ഥിതിദിനത്തിനും വനദിനത്തിനും വഴിയോരങ്ങളില്‍ വനവൃക്ഷങ്ങള്‍ നട്ട്‌നശിപ്പിക്കുന്ന ഹാസ്യപരിപാടി അവസാനിപ്പിച്ച് ഈ ദിശയില്‍ വനംവകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കട്ടേ.വന്യമൃഗങ്ങളില്‍ നിന്ന് കൃഷിയേയും കര്‍ഷകനേയും സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ ഇനിയും അമാന്തിച്ചു കൂടാ. ദയവായി കര്‍ഷകര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കരുത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply