കാലാവസ്ഥാ ഉച്ചകോടി ലക്ഷ്യത്തിലേക്ക് എത്രത്തോളം മുന്നേറും?

കാലാവസ്ഥ ഗ്‌ളാസ്‌ഗോ ഉച്ചകോടി സിഓപി 26 അവസാനിച്ചിരിക്കുന്നു. ഈജിപ്തിലെ ശര്‍മി എ ഷേക്കില്‍ വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ പതിമൂന്നു വരെ നീണ്ട സമ്മേളനത്തിന്റെ ബാക്കിപത്രം എന്താണ്?

സമ്മേളനഫലത്തില്‍ ഏറെ നിരാശരായ പലരും ഉണ്ട്. കാലാവസ്ഥാമാറ്റം തങ്ങളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കിയേക്കും എന്ന് ശരിയായി ഭയപ്പെടുന്ന യുവതലമുറയുടെ പ്രതിനിധിയായ ഗ്രീറ്റ തുന്‍ബെര്‍ഗിന്റെ പ്രതികരണം അത്തരത്തില്‍ ഒന്നാണ്. ‘ ഗ്ലാസ്ഗോ കാലാവസ്ഥാഉച്ചകോടി സമ്പൂര്‍ണ്ണപരാജയമാണെന്നത് ഇന്നൊരു രഹസ്യമല്ല. സാധാരണപോലെ തങ്ങളുടെ പരിപാടികള്‍ (ബിസിനസ് ആസ് യൂഷ്വല്‍ ) മുന്നോട്ടു കൊണ്ട് പോകാനുള്ള ബ്‌ളാ ബ്‌ളാ തന്നെയാണ് അവിടെയും നടന്നത് . സ്വയം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ രാഷ്ട്രത്തലവന്മാര്‍ പഴുതുകള്‍ തിരയുകയാണ്. നമ്മെ ഇത്തരം ഒരു ദുരിതാവസ്ഥയിലേക്കെത്തിച്ച അതീ വഴിയില്‍ക്കൂടി പോയാല്‍ ഈ ദുരിതം ഇല്ലാതാക്കാന്‍ കഴിയില്ല എന്നുറപ്പാണ്. കാര്‍ബണ്‍ അടക്കമുള്ള വാതകങ്ങളുടെ ബഹിര്‍ഗമനം എത്രയും വേഗം വെട്ടിക്കുറക്കുകയാണ് വേണ്ടത്. ലോകം എല്ലാ രീതിയിലും തീയില്‍ പൊള്ളുന്നു. നമ്മടെ ഭാവിയെ ഗൗരവതരമായി കാണുന്നു എന്ന് ലോകനേതാക്കള്‍ അഭിനയിക്കുകയാണ്. ‘ ആത്മാര്‍ത്ഥതയോടെ ചിന്തിക്കുന്ന ഒരു യുവതലമുറയുടെ ആത്മരോഷം മുഴുവന്‍ ഈ വരികളില്‍ ഉണ്ട്. ഇന്ത്യ, യു എസ, ജപ്പാന്‍, ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ് , ഇസ്രായേല്‍ തുടങ്ങി 120 രാജ്യങ്ങളിലെ തലവന്മാന്തര അടക്കം ഇരുനൂറു രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒരുമിച്ചു ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളില്‍ നിന്നും സ്വാഭാവികമായും ഏറെ പ്രതീക്ഷിച്ചിരിക്കും. എന്നാല്‍ മല എലിയെ പ്രസവിച്ച പോലെ ആയി ഈ സമ്മേളനം എന്ന് പ്രതീക്ഷിച്ചവരില്‍ ഗ്രീറ്റ എന്ന പെണ്‍കുട്ടി മാത്രമല്ല. ലോകത്തിലെ ഏറ്റവും പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞരില്‍ ഒരാളായ സാര്‍ ഡേവിഡ് ആറ്റന്‍ബറോ ഭയപ്പെടുന്നത് ഏറ്റവും മിടുക്കരെന്നു സ്വയം അഹങ്കരിക്കുന്ന മാനവരാശി അന്യം നിന്ന് പോകുന്നത് അവര്‍ സൃഷ്ടിച്ച നാഗരികതയുടെ തകര്‍ച്ചയില്‍ കൂടി തന്നെയാകും എന്നാണ്. നമുക്ക് ജീവിക്കാന്‍ ഈ ഭൂമി എന്ന ഒരൊറ്റ ഗ്രഹാം മാത്രമേയുള്ളു എന്നും അത് സംരക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും മുഴുവന്‍ ലോകത്തോടും തന്റെ ചാക്രികലേഖനത്തില്‍ കൂടി ഉത്‌ബോധിപ്പിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഏറെ അസന്തുഷ്ടനാണ്. മനുഷ്യന് ഭൂമിയെ രക്ഷിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാകുന്നു എന്നവര്‍ ഭയപ്പെടുന്നു.

കാലാവസ്ഥാ ഉച്ചകോടി പാരീസില്‍ (2015) നിന്ന് ഗ്ലാസ്ഗോയിലെത്തുന്നതിനിടയിലുള്ള ആറുവര്‍ഷം അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ പരമ്പരകളായിരുന്നു ലോകത്ത് നടമാടിക്കൊണ്ടിരുന്നത്. പാരീസ് ഉച്ചകോടിയില്‍ വെച്ച് പൊതുസമ്മതിയില്‍ എത്താന്‍ സാധിക്കാതിരുന്ന പല വിഷയങ്ങളിന്മേലും പ്രത്യേകിച്ചും കാലാവസ്ഥാ ദുരന്തങ്ങള്‍ കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നടക്കുന്ന, ഗ്ലാസ്ഗോ സമ്മേളനത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു.കാലാവസ്ഥാ ദുരന്തങ്ങള്‍ക്കിരയാക്കപ്പെടുന്ന, കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളല്‍ മാത്രം നടത്തുന്ന, രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് രാഷ്ട്രങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ‘പാരീസ് റൂള്‍ബുക്ക്’ അംഗീകരിക്കല്‍ തുടങ്ങിയ ഇവയില്‍ പ്രധാനപ്പെട്ടതായിരുന്നു. കാലാവസ്ഥാ ഉച്ചകോടിയുടെ അടിസ്ഥാനപ്രശ്‌നം രാഷ്ട്രങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥയാണ്. ഈ ഭൂമിയിലും അതിന്റെ വിഭവങ്ങളിലും എല്ലാ മനുഷ്യര്‍ക്കും (അത് വഴി എല്ലാ സസ്യ ജീവി വംശങ്ങള്‍ക്കും) അവകാശപ്പെട്ടതാണെന്നുള്ള സത്യം അംഗീകരിക്കാന്‍ വികസിതര്‍ എന്ന് വിളിക്കപ്പെടുന്ന രാഷ്ട്രങ്ങള്‍ തയ്യാറാകുന്നില്ല. കേവലം 12 ശതമാനം വരുന്ന ആ സമൂഹമാണ് കഴിഞ്ഞ 170 വര്‍ഷങ്ങളില്‍ ഭൂമിയുടെ താപനില ഉയര്‍ത്തുന്നതിനുള്ള ഹരിതഗൃഹ വാതകങ്ങളുടെ പാതിയിലേറെ പുറത്തുവിട്ടത് എന്ന് ശാസ്ത്രം കണക്കു കൂട്ടിയിട്ടുണ്ട്. വികസിതരാഷ്ട്രങ്ങളെ അവരുടെ ചരിത്രപരമായ കാര്‍ബണ്‍ പുറന്തള്ളലിന് ഉത്തരവാദികളാക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ ഗ്ലാസ്ഗോയിലെ ബ്ലൂ സോണിലും (യു.എന്നിന്റെ ആതിഥേയത്വത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്ന സ്ഥലം), ഗ്രീന്‍ സോണിലും (ബ്രിട്ടന്റെ ആതിഥേയത്വത്തില്‍ ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍, അക്കാദമിക്കുകള്‍, ക്ലൈമറ്റ് ആക്ടിവിസ്റ്റുകള്‍, എന്‍.ജി.ഒ.കള്‍ എന്നിവര്‍ ഒത്തുചേരുന്ന സ്ഥലം) ശക്തമായി മുഴങ്ങിക്കേള്‍ക്കുകയുണ്ടായി. അവര്‍ ഏറ്റവും വേഗത്തില്‍ തങ്ങളുടെ ഗതി മാറ്റണം. ബഹിര്‍ഗമനം ഏറെ കുറക്കണം. ഫോസില്‍ ഇന്ധങ്ങളുടെ ഉപഭോഗം ഒഴിവാക്കണം. കല്‍ക്കരി മുതലായവക്ക് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തിവെക്കണം. കൂടാതെ ഈ കാലാവസ്ഥാ മാറ്റത്തിന്റെ ഇരകളാക്കപ്പെടുന്നവരും ഇതിനു പ്രധാന കാരണക്കാര്‍ എന്ന് ഒരു തരത്തിലും പറയാന്‍ കഴിയാത്തവരുമായ രാജ്യങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ വേണ്ട സഹായങ്ങള്‍ നല്‍കാന്‍ മേല്പറഞ്ഞ രാജ്യങ്ങള്‍ തയ്യാറാകണം. പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ വന്നു ഇവരോടോപ്പമെത്താന്‍ കുറേക്കാലം കൂടി ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കേണ്ടിവരും. എന്ന രാജ്യങ്ങളുടെ ( സൗദി, റഷ്യ മുതലായവയുടെ ) കാര്യം കുറച്ചു കൂടി പരുങ്ങലില്‍ ആണ്. മറ്റു രാജ്യങ്ങള്‍ എന്ന ഉപഭോഗം കുറച്ചാല്‍ തന്നെ അവരുടെ സമ്പദ് വ്യവസ്ഥ തകരും. ഏറ്റവും ആദ്യം ഭീഷണി നേരിടുന്ന ദ്വീപു രാഷ്ട്രങ്ങളും ബംഗ്ലദേശും തുടങ്ങി കുട്ടനാട് വരെയുള്ള പ്രദേശങ്ങളിലെ ജനതയുടെ രോദനം വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാഷ്ട്രങ്ങള്‍ക്കകത്തെ ഭരണനേതൃത്വങ്ങള്‍ മാറിയതുകൊണ്ട് കാര്യമായ വ്യത്യാസം ഉണ്ടാകില്ലെന്ന സത്യം ബോധ്യപ്പെടുത്തുന്നതായിരുന്നു യു എസ പ്രസിഡന്റ് ജോ ബൈഡന്റെ നിലപാട്. കാലാവസ്ഥാമാറ്റം എന്ന സംജ്ഞക്ക് തന്നെ എതിരായിരുന്നല്ലോ മുന്‍ പ്രസിഡന്റ് ട്രംപ്. അദ്ദേഹം മാറിയപ്പോള്‍ , കാലാവസ്ഥാമാറ്റത്തെ അംഗീകരിക്കുന്ന , അതിനെ നേരിടാന്‍ വേണ്ട നായക പ്രഖ്യാപിച്ചിട്ടുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയാണല്ലോ ബൈഡന്‍. എന്നാല്‍ അന്താരഷ്ട്രവേദികളില്‍ രണ്ട് പേരും തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ല എന്നും നാം കണ്ടു. മുന്‍കാലത്തും തങ്ങള്‍ നടത്തിയ വികസനത്തിന്റെ ഇരകള്‍ അയക്കപ്പെട്ട സമൂഹങ്ങളെ സഹായിക്കാനുള്ള ഫണ്ട് മുന്നോട്ടു വെക്കുന്നതിനു യു എസ തയ്യാറായില്ല. എന്നാല്‍ ഏറെ ചെറിയ രാജ്യമായ സ്‌കോട് ലാന്‍ഡ് ഇക്കാര്യത്തില്‍ യു എസിനേക്കാള്‍ എത്രയോ മെച്ചമാണെന്നു തെളിയിച്ചു കൊണ്ട് 2 .6 ദശലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ചു. മൂന്നാം ലോകസമൂഹത്തെ സഹായിക്കാന്‍ വേണ്ടി സ്വകാര്യ ബാങ്കുകള്‍, വ്യവസായങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ മുതലായവയുടെ ഒരു സംയുക്ത സംരംഭം (ഗ്‌ളാസ്‌ഗോ ഫിനാന്‍സ് അലയന്‍സ് ഫോര്‍ നെറ്റ് സീറോ ) ആരംഭിച്ചു അത് വഴി 130 ട്രില്യണ്‍ ശേഖരിക്കാനും തീരുമാനിച്ചിരുന്നു. അതിനു തുടക്കമായി എങ്കിലും വികസ്വര അവികസിത രാഷ്ട്രങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ പ്രാതിനിധ്യം നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

കാര്‍ബണ്‍ പുറന്തള്ളലില്‍ ‘നെറ്റ് സീറോ’ ലക്ഷ്യത്തിലെത്താനുള്ള സമയപരിധിയായി 2050 നിശ്ചയിക്കുന്നതിലേക്ക് കൂടുതല്‍ രാജ്യങ്ങളെ പ്രതിബദ്ധരാക്കാന്‍ സാധിച്ചെന്നത് ഗ്ലാസ്ഗോ ഉച്ചകോടിയുടെ വിജയമായി കരുതാവുന്നതാണ്. ഇതിനുപുറമേ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ ഇരുപതോളം രാഷ്ട്രങ്ങള്‍ 2022-ഓടെ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് സാമ്പത്തികസഹായം നിര്‍ത്തിവെക്കുന്ന കാര്യത്തില്‍ പൊതുതീരുമാനത്തിലെത്തി. അടുത്ത ഒരു പതിറ്റാണ്ടിനകം കല്‍ക്കരി ഇന്ധനം പൂര്‍ണ്ണമായി ഉപേക്ഷിക്കും എന്ന് 190 രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. ആ കരാറില്‍ 46 രാഷ്ട്രങ്ങള്‍ ഒപ്പിടുകയും ചെയ്തു. ഇന്‍ഡൊനീഷ്യ, വിയറ്റ്നാം, പോളണ്ട്, യുക്രൈന്‍ എന്നിങ്ങനെ 23 രാജ്യങ്ങള്‍ പദ്ധതികളുടെ വലുപ്പമനുസരിച്ച് 2030 അല്ലെങ്കില്‍ 2040 കാലയളവിനുള്ളില്‍ കല്‍ക്കരിയെ അടിസ്ഥാനമാക്കിയുള്ള ഊര്‍ജപദ്ധതികളില്‍നിന്ന് പിന്‍വാങ്ങും. ലോകത്തിലെ 85 ശതമാനം വനങ്ങളും സ്ഥിതിചെയ്യുന്ന 110-ഓളം രാജ്യങ്ങള്‍ 2030-ഓടെ വനനശീകരണം അവസാനിപ്പിക്കുമെന്നു പ്രഖ്യാപിക്കുകയുണ്ടായി. വിനാശകാരിയായ ഹരിതഗൃഹവാതകങ്ങളില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന മീഥെയ്നിന്റെ പുറന്തള്ളലില്‍ 2030-ഓടെ 30 ശതമാനം വെട്ടിക്കുറവ് വരുത്തുമെന്ന പ്രതിജ്ഞയില്‍ ഒട്ടേറെ രാജ്യങ്ങള്‍ ഒപ്പുവെച്ചു. കാലാവസ്ഥാ ഫണ്ടിലേക്ക് അടുത്ത അഞ്ച് വര്‍ഷം പത്തു ബില്യണ്‍ ഡോളര്‍ അധികമായി നല്‍കുമെന്ന് ജാപ്പാന്‍ വാഗ്ദാനം ചെയ്തു. മലിനീകാരികളല്ലാത്ത സാങ്കേതികവിദ്യകളുടെ ആവിഷ്‌കാരത്തിനും വികസനത്തിനുംവേണ്ടി 2030-ഓടെ സാമ്പത്തിക സഹായം നല്‍കാന്‍ നാല്പതോളം രാഷ്ട്രങ്ങള്‍ ചേര്‍ന്ന് പദ്ധതി തയ്യാറാക്കുമെന്ന് ഉച്ചകോടിയില്‍ പ്രഖ്യാപനമുണ്ടായി.

സാന്നിധ്യത്തെക്കാള്‍ അസാന്നിധ്യംകൊണ്ട് ശ്രദ്ധനേടിയ രാഷ്ട്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചൈനയാണ്. നിലവില്‍ ആഗോള ഹരിതഗൃഹവാതക പുറന്തള്ളലിന്റെ 27 ശതമാനത്തിന് ഉത്തരവാദിയായ, ഒരു വളരുന്ന സാമ്പത്തിക ശക്തിയായ ചൈന ഗ്ലാസ്ഗോ ഉച്ചകോടിയില്‍ പങ്കെടുക്കുകയുണ്ടായില്ല. എങ്കില്‍ക്കൂടിയും 2060-ല്‍ തങ്ങള്‍ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പുനല്‍കിയതോടൊപ്പം വിദേശ കല്‍ക്കരി പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവെക്കുമെന്നും ചൈന പ്രഖ്യാപിച്ചു. അതുപോലെത്തന്നെ ഗ്ലാസ്ഗോ ഉച്ചകോടിയില്‍ പങ്കെടുക്കാതെ മാറിനിന്ന രണ്ട് സുപ്രധാന പെട്രോ രാഷ്ട്രങ്ങളായ റഷ്യയും സൗദി അറേബ്യയും 2060-ഓടെ തങ്ങള്‍ നെറ്റ് സീറോയിലെത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസ്താവിച്ചു. കല്‍ക്കരി ഖനനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഓസ്ട്രേലിയയും ഗ്ലാസ്ഗോ ഉച്ചകോടിയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു.

ഇന്ത്യന്‍ നിലപാട്

ഗ്ലാസ്ഗോ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് തൊട്ടുമുന്നെവരെ ഇന്ത്യയുടെ ഔദ്യോഗിക നിലപാടുകള്‍ സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. ഉച്ചകോടിയിലെ പൊതുവികാരത്തിന് വിരുദ്ധമായി 2070-ഓടെ ഇന്ത്യയെ നെറ്റ് സീറോ ലക്ഷ്യത്തിലെത്തിക്കുമെന്നായിരുന്നു പ്രധാനമന്ത്രി സൂചിപ്പിച്ചത്. ഇതിനു പുറമേ 2030-ഓടെ ഇന്ത്യയുടെ ഫോസിലിതര ഊര്‍ജോത്പാദനത്തില്‍ 50 ശതമാനം വര്‍ധന സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പുതുക്കാവുന്ന ഊര്‍ജ സ്രോതസ്സുകളില്‍നിന്ന് അടുത്ത ഒമ്പത് വര്‍ഷത്തിനുള്ളില്‍ 500 ഗിഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ കാതല്‍.

പ്രതിജ്ഞകളും പ്രഖ്യാപനങ്ങളുംകൊണ്ട് ആവേശഭരിതമായ അന്തരീക്ഷത്തിലാണ് ഗ്ലാസ്ഗോ ഉച്ചകോടി നടന്നതെങ്കിലും പ്രഖ്യാപനങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച് ഒട്ടേറെ ആശങ്കകളാണ് ഉയര്‍ന്നിട്ടുള്ളത്. രാഷ്ട്രനേതാക്കള്‍ ഉച്ചകോടിയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാവശ്യമായ നിയമനിര്‍മാണങ്ങള്‍ രൂപവത്കരിക്കാന്‍ അവരവരുടെ രാജ്യങ്ങളില്‍ തടസ്സങ്ങള്‍ ഏറെയുണ്ടായിരിക്കും എന്നതാണ് ഒരുകാര്യം. അമേരിക്കന്‍ സെനറ്റില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള ജോ ബൈഡന് കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്തുക ശ്രമകരമായിരിക്കും. നേരത്തേതന്നെ ആണവോര്‍ജ പദ്ധതികളിന്മേല്‍ പിന്‍വലിയല്‍ പ്രഖ്യാപിച്ച ജര്‍മനിക്ക് 2038-ഓടെ കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള പിന്മാറ്റം എളുപ്പമായിരിക്കില്ല.

2070-ല്‍ നെറ്റ് സീറോ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാട് പ്രായോഗികമെന്ന നിലയില്‍ വാഴ്ത്തപ്പെടുകയുണ്ടായെങ്കിലും ഫോസിലിതര വൈദ്യുതോത്പാദനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. 2022-ഓടെ പുതുക്കാവുന്ന ഊര്‍ജസ്രോതസ്സുകളില്‍ നിന്ന് 175 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യക്ക് 100 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂവെന്നത് വസ്തുതയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലാവസ്ഥാവ്യതിയാനം കണക്കിലെടുക്കാതെ ഇനി ഒരു തരം ആസൂത്രണവും സാദ്ധ്യമാകില്ല എന്ന സത്യം മടിയോടെ ആണെങ്കിലും അംഗീകരിക്കപ്പെട്ടു. സമ്മേളനവേദികള്‍ക്കു പുറത്തു വിദ്യാര്‍ത്ഥികളും യുവാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും ചേര്‍ന്നു നടത്തിയ കൂറ്റന്‍ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഗ്‌ളാസ്‌ഗോക്കു പുറത്തു പല രാജ്യങ്ങളിലും നഖങ്ങളില്‍ സമാനമായ പ്രകടനങ്ങള്‍ നടന്നു. എന്നാല്‍ ഈ കുഴപ്പങ്ങള്‍ക്കൊക്കെ കാരണമാകുന്ന മുതലാളിത്തവും അതിന്റെ കൊള്ളലാഭക്കൊതിയും അമിത ഉപഭോഗത്വരയും അതുവഴി ലോകത്തിനുണ്ടാകുന്ന നാശങ്ങളും സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നതേയില്ല. രോഗത്തിന്റെ അടിസ്ഥാനകാരണം കാണാതെ നടത്തുന്ന തൊലിപ്പുറമെയുള്ള ചികിത്സ മാത്രമാകും ഇപ്പോഴത്തെ നടപടികള്‍ എന്ന് വാദിക്കുന്നവരെ അവഗണിക്കാന്‍ കഴിയില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply