ഹിരോഷിമ നാഗസാക്കി ഓര്‍മ്മകളും ഓപ്പണ്‍ഹൈമര്‍ സിനിമയും
മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ഞെട്ടിപ്പിച്ച, വേദനിപ്പിച്ച ഹിരോഷിമ – നാഗസാക്കി ദിനങ്ങളുടെ ഒരു വാര്‍ഷികം കൂടി കടന്നുപോയിരിക്കുന്നു. ശാസ്ത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചുള്ള അപദാനങ്ങള്‍ എങ്ങും മുഴങ്ങുമ്പോഴാണ് ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ എന്തു ക്രൂരതക്കും ഉപയോഗിക്കാമെന്നതിന്റെ ഈ ഓര്‍മ്മപ്പെടുത്തലുകള്‍. അതേസമയത്താണ് ഓപ്പണ്‍ ഹൈമര്‍ എന്ന ഹോളിവുഡ് സിനിമയും അതിലുദ്ധരിക്കപ്പെടുന്ന ഭഗവത് ഗീതാ വചനങ്ങളും ലോകമാകെ ചര്‍ച്ച ചെയ്യപ്പടുന്നതും.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനി വീഴുകയും ഹിറ്റ്‌ലര്‍ മരണപ്പെടുകയും ചെയ്തശേഷം ജപ്പാന്‍ കീഴടങ്ങാന്‍ തയ്യാറായി നില്‍ക്കുമ്പോഴായിരുന്നു അമേരിക്കയുടെ ഈ അണുബോംബ് പ്രയോഗങ്ങള്‍ എന്നതൊരു ചരിത്ര സത്യമാണ്. വിജയത്തിന്റെ ക്രെഡിറ്റ് സോവിയറ്റ് യൂണിയനുപോകാതിരിക്കുക, യുദ്ധത്തിനുശേഷമുള്ള ലോകത്തിന്റെ അധിപനാകുക എന്ന അമേരിക്കയുടെ ലക്ഷ്യം തന്നെയായിരുന്നു അതിനു പുറകില്‍. 72 ദശലക്ഷം പേരാണ് യുദ്ധത്തില്‍ മരണമടഞ്ഞത്. 70-ലേറെ രാജ്യങ്ങള്‍ യുദ്ധത്തില്‍ പങ്കാളികളായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മ്മനി പിന്നീട് ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് നേതൃത്വത്തില്‍ വലിയ സൈനിക ശക്തിയാകുകയും ലോകത്തെ കൈപ്പിടിയിലൊതുക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ് രണ്ടാം ലോകമഹായുദ്ധത്തിനു കാരണമായത്. ജപ്പാനും ഇറ്റലിയുമൊക്കെ അവര്‍ക്കൊപ്പം ചേരുകയും ചെയ്തു. ആറുവര്‍ഷത്തോളമാണ് യുദ്ധം നീണ്ടുനിന്നത്. അതിനിടയില്‍ ജപ്പാനും ജര്‍മ്മനിയും റഷ്യയുമൊക്കെ ആണവായുധം നിര്‍മ്മിക്കാന്‍ പോകുന്നതായുള്ള വാര്‍ത്ത ലോകമാകെ പരന്നു. എന്നാലത് നടപ്പാക്കിയത് അമേരിക്കയായിരുന്നു എന്നു മാത്രം.
1945 ജൂലൈ 25-ന് അമേരിക്കന്‍ വ്യോമസേനയുടെ പസഫിക് മേഖലാ കമാന്‍ഡര്‍ ജനറലായ കാള്‍ സ്പാര്‍ട്‌സിന് ജപ്പാനിലെ രണ്ടു നഗരങ്ങളില്‍ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികര്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡ് ജനറല്‍ ആര്‍മിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിര്‍മ്മിച്ച ആ ബോംബിന് 12,500 ടണ്‍ ടി.എന്‍.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയര്‍ന്നുപൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ 40,000 അടി ഉയരത്തില്‍വരെ ഉയര്‍ന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു. കറുത്ത മഴ ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂര്‍ണ്ണമായും നശിപ്പിച്ചു. സ്‌ഫോടനത്തില്‍ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബോംബ് വര്‍ഷത്തിന്റെ റേഡിയേഷന്‍ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടിയതും ചരിത്രം. റേഡിയേഷന്‍ അതിപ്രസരത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് പില്‍ക്കാലത്ത് ജീവന്‍ നഷ്ടമായി. അതിലും ഇരട്ടിയാളുകള്‍ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു. പിന്നാലെ നാഗസാക്കിയിലും ഇതാവര്‍ത്തിച്ചു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അണുബോംബ് വികസിപ്പിച്ചെടുക്കുന്നതിനുള്ള അമേരിക്കയുടെ പദ്ധതിയായിരുന്നു’മന്‍ ഹാട്ടന്‍ പ്രോജക്ട്. അതിന്റെ തലവനായിരുന്നു റോബര്‍ട്ട് ഓപ്പണ്‍ ഹെയ്മറിനെ ‘ആറ്റം ബോംബിന്റെ പിതാവ് എന്ന് വിളിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ പ്രമേയമാക്കി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാന ംചെയ്ത ‘ഓപ്പണ്‍ഹൈമര്‍’ എന്ന പേരില്‍ തന്നെയുള്ള സിനിമ ലോകമാകെ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് ഇക്കുറി ഹിരോഷിമാ – നാഗസാക്കി ദിനാചരണത്തിലെ പ്രത്യേകത. ബോംബിങ്ങിന്റെ സമയത്തും രതിയുടേ വേളയിലും താന്‍ മരണമാണ്, ലോകങ്ങളെ നശിപ്പിക്കുന്നവനാണ് എന്ന ഭഗവദ് ഗീത സൂക്തം വായിക്കുന്നു നോളന്റെ ഓപ്പണ്‍ ഹൈമര്‍ എന്നതും വിവാദവും ചര്‍ച്ചയുമായിട്ടുണ്ട്.
ലോകം കണ്ട ഏറ്റവംു മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രശസ്തമായ E = mc2 എന്ന സമവാക്യമാണല്ലോ അണുബോംബിനു അടിത്തറയിട്ടത്. പിന്നീട് ഐന്‍സ്റ്റീന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ പ്രസിദ്ധമാണ്. സമാനമായിരുന്നു ഓപ്പണ്‍ ഹൈമറിന്റേയും അവസ്ഥ. തന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ആറ്റംബോംബ് സൃഷ്ടിച്ച ഭീകരത അദ്ദേഹത്തേയും ഞെട്ടിച്ചിരുന്നു. അതിനാല്‍ തന്നെ അണുവായുധങ്ങളുടെ നിയന്ത്രണത്തിനായും ഹൈഡ്രജന്‍ ബോംബ് സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരായും അദ്ദേഹം നിലപാടെടുത്തിരുന്നു. അതോടെ അമേരിക്കയിലെ ഏറ്റവും വലിയ സെലിബ്രേറ്റിയായിരുന്ന അദ്ദേഹം നോട്ടപ്പുള്ളിയാകുകയായിരുന്നു. അദ്ദേഹം വിചാരണയ്ക്കും അപമാനത്തിനും വിധേയമാകുന്നു. സുരക്ഷാസംവിധാനങ്ങള്‍ പിന്‍വലിക്കുപ്പെടുന്നു.
സത്യത്തില്‍ ഹിറ്റ്ലര്‍ അണുബോബംുണ്ടാക്കിയാല്‍ ഉണ്ടാകാവുന്ന ദുരന്തങ്ങളെ കുറിച്ചുള്ള ആശങ്കയായിരുന്നു അമേരിക്കയുടെ അണുബോംബ് നിര്‍മ്മാണത്തിന്റെ നേതൃത്വം ഏറ്റെടു്കകാന്‍ ഹൈമറെ നിര്‍ബന്ധിതനാക്കിയത്. യുദ്ധശേഷം തന്റെ കൈയില്‍ ചോരക്കറയുണ്ടെന്നു പറയുന്ന ഹൈമറിനു അതു തുടക്കാനായി ടവല്‍ നല്‍കുകയാണ് പ്രസിഡന്റ് ട്രൂമാന്‍ ചെയ്യുന്നത്. ഹൈമറിന്റെ കാമുകിക്കുണ്ടായിരുന്ന കമ്യൂണിസ്റ്റ് ബന്ധവും അദ്ദേഹത്തിനു കുരുക്കായി. പിന്നീട് ഏറെക്കുറെ ഒറ്റപ്പെട്ട ജീവിതമായിരുന്നു ഹൈമറിന്റേത്. രാഷ്ട്രീയവും ചരിത്രവും ശാസ്ത്രവും വൈയക്തികവികാരങ്ങളും രതിയും പ്രണയവുമെല്ലാം കൈകോര്‍ക്കുന്ന ഹൈമറുടെ ജീവിതം ആകര്‍ഷകമായി ആവിഷ്‌കരിക്കുന്നതില്‍ സിനിമ വിജയിച്ചിരിക്കുന്നു. അപ്പോഴും ഫാസിസത്തെ നേരിടാനെന്ന ന്യായീകരണമുണ്ടായിരുന്നെങ്കിലും ഹൈമര്‍ക്കും ശാസ്ത്രത്തിനും അമേരിക്കക്കും ലോകജനതക്കും തെറ്റുപറ്റിയോ, ജര്മ്മനി ബോംബുണ്ടാക്കുമായിരുന്നോ എന്ന ചോദ്യം സിനിമ അവശേഷിപ്പിക്കുന്നു. മാനവരാശിക്കും ഇനി ഒരു കാലത്തും ഇതിനു മറുപടി പറയാനാകുമെന്നു തോന്നുന്നില്ല. ഓപ്പണ്‍ഹൈമര്‍ 1954 ഒക്ടോബറില്‍ ഒരു പ്രസംഗത്തില്‍ പറഞ്ഞതും ഓര്‍ക്കാനുന്നതാണ്. ”അവ ഭീകരതയുടെ ആയുധങ്ങളായിരുന്നു, പ്രതിരോധ ആയുധങ്ങളായിരുന്നില്ല. അതിനകം പരാജയപ്പെട്ട ശത്രുവിന്റെ മേലാണ് അവ ഉപയോഗിച്ചത് ”.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹിരോഷിമ സംഭവത്തിനുശേഷം ഒരു അന്താരാഷ്ട്ര ആയുധ നിയന്ത്രണ ഭരണകൂടം സൃഷ്ടിക്കണമെന്ന് നയരൂപീകരണക്കാരെ പ്രേരിപ്പിക്കാനാണ് ഹൈമര്‍ തന്റെ പില്‍ക്കാലം ചെലവഴിച്ചത്. എന്നാല്‍ അതൊന്നും വിജയിച്ചില്ല എന്നതാണല്ലോ ലോകചരിത്രം. തീര്‍ച്ചയായും പിന്നീട് ഒരു രാജ്യവും അണുവായുധം പ്രയോഗിച്ചിട്ടില്ല. എന്നാല്‍ ലോകത്തെ എത്രയോ തവണ നശിപ്പിക്കാനുള്ള അണുവായുധങ്ങളാണ് ആണവരാജ്യങ്ങളുടെ ആയുധപുരകളില്‍ കാത്തിരിക്കുന്നത്. ഇനിയുമൊരു ആണവയുദ്ധമുണ്ടായാല്‍ വിജയിക്കാന്‍ ആരും അവശേഷിക്കില്ല എന്ന ഭയമാണ് ആദ്യം തങ്ങള്‍ അണുബോംബ് പ്രയോഗിക്കില്ല എന്നു പല രാജ്യങ്ങളേയും കൊണ്ട് പറയിച്ചത്. എന്നാല്‍ ഏതെങ്കിലുമൊരു യുദ്ധഭ്രാന്തന്‍ തലപ്പത്തുവന്നാല്‍ ഇല്ലാതാകുന്നതേയുള്ള ആ ഉറപ്പൊക്കെ. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കും ശീതയുദ്ധത്തിന്റെ അവസാനത്തിനുശേഷവും കാര്യങ്ങളില്‍ വലിയ മാറ്റമൊന്നുമില്ല. ആണവനിരായുധീകരണ ദിനമൊക്കെ ഐക്യരാഷ്ട്രസഭയും മറ്റും ആചരിക്കുന്നുണ്ടെങ്കിലും ആണവായുധങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ല. ശത്രു ആരായാലും ഉന്മൂലനം ചെയ്യുന്നത് ധര്‍മ്മമാണെന്ന ഗീതയുടെയും കൃഷ്ണന്റേയും സന്ദേശം തന്നെയാണ് അര്‍ജ്ജുനന്മാര്‍ ഏറ്റെടുക്കുന്നത്. ഞാന്‍ മരണമാണ്, ലോകങ്ങളെ നശിപ്പിക്കുന്നവനാണ് എന്ന സൂക്തം ഇനിയും ഉരിയാടപ്പെടാനുള്ള സാധ്യതകള്‍ നിലനിര്‍ത്തിതന്നെയാണ് ഈ വര്‍ഷത്തെ ഹിരോഷിമ – നാഗസാക്കി ദിനങ്ങള്‍ കടന്നുപോകുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആണവയുദ്ധം ഉണ്ടായാല്‍ എന്താണ് സംഭവിക്കുക എന്നതിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്റര്‍നാഷ്ണല്‍ ഫിസിഷ്യന്‍സ് ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് നൂക്ലിയര്‍ വാര്‍ നടത്തിയ പഠനത്തെ കൂടി പരാമര്‍ശിക്കട്ടെ. ആഗോള ക്ഷാമത്തിനും 200 കോടിയിലധികം ആളുകളുടെ മരണത്തിനും മനുഷ്യവംശത്തിന്റെ തന്നെ അന്ത്യത്തിനും അത് വഴിവെക്കുമെന്നാണ് പഠനം വ്യക്തമാക്കിയത്. ചെറിയ തോതിലുള്ള ആണവായുധ ഉപയോഗം പോലും അന്തരീക്ഷത്തെയും കാര്‍ഷിക ഉത്പാദനത്തെയും തകര്‍ത്ത് ലോകത്ത് ഭക്ഷ്യദാരിദ്ര്യത്തിന് വഴിവെക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആണവയുദ്ധത്തിന്റെ ഭീകരത ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക ജനസംഖ്യയില്‍ മുന്നിലുള്ള ഇന്ത്യയും ചൈനയായിരിക്കും. അതിഭയങ്കരമായ ഭക്ഷ്യക്ഷാമം അനുഭവിക്കേണ്ടി വരും. ചൈനയിലെ ഗോതമ്പ് ഉത്പാദനം 50 ശതമാനമായി കുറയും. അരി ഉത്പാദനത്തില്‍ നാല് വര്‍ഷം കൊണ്ട് 21 ശതമാനത്തിന്റെയും ഒരു ദശകം കൊണ്ട് 31 ശതമാനത്തിന്റെയും കുറവ് ഉണ്ടാകും. ദക്ഷിണേഷ്യയിലെ ആണവയുദ്ധം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ കണികള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും ഇതുമൂലം അമേരിക്കയിലെ ചോളം, സോയാബീന്‍ ഉത്പാദനത്തില്‍ ഒരു ദശകം കൊണ്ട് പത്ത് ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നും പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് പഠനം നടന്നത്. ആണവ ആയുധങ്ങളുടെ നശീകരണം മാത്രമാണ് ആണവ യുദ്ധത്തിന്റെ ഭീകരഫലത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാനുള്ള ഏക പോംവഴിയെന്നു തന്നെയാണ് പഠനം പറയുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in