ഗ്രോവാസുവിനെ നിരുപാധികം മോചിപ്പിക്കണം
മുഖ്യമന്ത്രിക്കയച്ച തുറന്ന കത്ത്
1950-കളുടെ തുടക്കം മുതല്‍ നമ്മുടെ രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന വ്യക്തി എന്ന നിലയിലാണ് ഞാന്‍ ഈ അഭ്യര്‍ത്ഥന താങ്കള്‍ക്ക് അയക്കുന്നത്. 1956ല്‍ എനിക്ക് സിപിഐ കാന്‍ഡിഡേറ്റ് അംഗത്വം ലഭിക്കുകയുണ്ടായി. ഞാന്‍ ഇപ്പോഴും പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. എനിക്ക് 86 വയസ്സായി, സഖാവ് എ വാസുവിനെതിരായ കുറ്റപത്രം പിന്‍വലിക്കണമെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് അദ്ദേഹത്തെ ഉടനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥനയാണ് ഞാന്‍ സമര്‍പ്പിക്കുന്നത്.
താങ്കള്‍ ഇപ്പോഴും വിളിക്കുന്ന ഇന്‍ക്വിലാബ് സിന്ദാബാദ്, രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന്റെ പേരില്‍ താങ്കളുടെ പോലീസ് സേന അദ്ദേഹത്തെ കൈകാര്യം ചെയ്ത രീതി എന്നെ വളരെയേറെ അസ്വസ്ഥനാക്കുന്നുണ്ട്. സഖാവ് വാസുവിന്റെ വായടച്ച് പോലീസ് വാനിലേക്ക് വലിച്ചിഴച്ച രീതി, വാസുവേട്ടന്‍ ചെയ്ത അതേ കുറ്റം ചെയ്തതിന് ആഭ്യന്തര അടിയന്തിരാവസ്ഥക്കാലത്ത് കരുണാകരന്റെ പോലീസില്‍ നിന്ന് എത്രയോ തവണ ഉണ്ടായ അനുഭവത്തെ ഓര്‍മ്മിപ്പിച്ചു കസ്റ്റഡിയിലിരിക്കെ മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമല്ലെന്ന് വിധിക്കുന്ന ഉയര്‍ന്ന കോടതികളില്‍ നിന്നുള്ള ഉത്തരവുകള്‍ താങ്കളുടെ നിയമ വകുപ്പിന് എളുപ്പത്തില്‍ കണ്ടെത്താനാകും.
95 വയസ്സുള്ള ഈ വയോധികനെ താങ്കളുടെ പോലീസ് ജയിലിലടച്ചത് എങ്ങനെ, എന്തിന് എന്ന് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ താങ്കള്‍ അന്വേഷിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഇത് ലോകത്ത് സമാനതകളില്ലാത്ത ഒരു കേസായിരിക്കും. സഖാവ് എ. വാസു ഒരു തൊഴിലാളി എന്ന നിലയില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, സഖാവ് കുന്നിക്കല്‍ നാരായണനൊപ്പം നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ചേരുന്നതിന് മുമ്പ് സിപിഐയിലും തുടര്‍ന്ന് സിപിഐ എമ്മിലും അംഗമായിരുന്നു. CPI(ML) പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്ന അദ്ദേഹം ഗ്വാളിയര്‍ റയോണ്‍സ് തൊഴിലാളി സമരമുള്‍പ്പെടെ നിരവധി തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്, അതിനാല്‍ GROW വാസു എന്നും അദ്ദേഹം അറിയപ്പെടുന്നു. ഇപ്പോള്‍ നിരവധി വര്‍ഷങ്ങളായി അദ്ദേഹം ജനാധിപത്യ അവകാശ പ്രസ്ഥാനനങ്ങളില്‍ സജീവമാണ്.
2016ല്‍ താങ്കള്‍ കേരള മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി അധികാരമേറ്റപ്പോള്‍, താങ്കളുടെ പോലീസ് സേനയുടെ തണ്ടര്‍ ബോള്‍ട്ട്, നിലമ്പൂര്‍ വനമേഖലയില്‍ വ്യാജ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിക്കുകയുണ്ടായി. എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ള പലരും ഇത് വ്യാജ ഏറ്റുമുട്ടല്‍ കേസാണെന്ന് വ്യക്തമാക്കിയിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ കൊണ്ടുവന്നപ്പോള്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധി പേര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയുണ്ടായി. ജനാധിപത്യ സംഘടനകളും ബന്ധുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും നടത്തുന്ന ഈ പ്രവൃത്തികളൊന്നും മേല്‍ക്കോടതിയുടെ ഉത്തരവുകള്‍ പ്രകാരം ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ താങ്കളുടെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല, പക്ഷേ താങ്കളുടെ പോലീസ് വാസുവേട്ടന്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുകയും കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുകയുമാണ് ഉണ്ടായത്. പിന്നീട് ജഡ്ജി എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചപ്പോള്‍ മറ്റുള്ളവരെല്ലാം ജാമ്യമെടുത്തു. എന്നാല്‍ കേസ് വ്യാജമാണെന്നും ഇത് പിന്‍വലിക്കണമെന്നും വ്യാജ ഏറ്റുമുട്ടലിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സഖാവ് വാസു ജാമ്യമെടുക്കാന്‍ വിസമ്മതിച്ചു. ഇന്നലെ മൂന്നാം തവണയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹംതന്റെ ന്യായമായ ആവശ്യം ആവര്‍ത്തിച്ച് ഉന്നയിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് സര്‍ക്കാര്‍ പ്രോസിക്യൂട്ടറുടെ ശുപാര്‍ശ പ്രകാരം അദ്ദേഹത്തെ വീണ്ടും 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകചെയ്യുകയുണ്ടായി.
വര്‍ഗീസ് വധക്കേസിലെ പ്രതികളായ മുന്‍ ഡി.വൈ.എസ്.പി ലക്ഷ്മണയുടെയും ഇടമലയാര്‍ അഴിമതിക്കേസിലെ എ.ബാലകൃഷ്ണ പിള്ളയുടെയും ജയില്‍ ശിക്ഷ താങ്കളുടെ സര്‍ക്കാര്‍ പിന്‍വലിക്കുകയും 75 വയസ്സിലേറെ പ്രായമുള്ളതിനാല്‍ അവരെ അനുകമ്പാ പൂര്‍വം വിട്ടയക്കുകയും ചെയ്തു. സഖാവ് എ വാസുവിനെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഞാന്‍ താങ്കളോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. ഒരു മാസത്തിലേറെയായി കോഴിക്കോട് ജില്ലാ ജയിലില്‍ അനധികൃതമായി റിമാന്‍ഡില്‍ കഴിയുന്ന 95 കാരനായ സഖാവ് എ വാസുവിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി താങ്കളും താങ്കളുടെ സര്‍ക്കാരും മാത്രമായിരിക്കും.
ഈ കേസില്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി താങ്കളോട് അപേക്ഷിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in